Saturday, May 29, 2010

ആദരാഞ്ജലികള്‍

ഇന്നലെ ആകെ അസ്വസ്ഥമായിരുന്നു മനസ്സ്.
പതിവിലും വിപരീതമായി എന്‍റെ ഫോണ്‍ കുറെ നേരം ബെല്‍ അടിക്കുന്നത് കണ്ടപ്പോള്‍ എടുത്തു നോക്കി.
ഹംസ.. പതിവ് മിസ്സ്‌ കാള്‍ അടി വീരനാ...... അല്ലെങ്കിലും ചിലരെ കണ്ടാല്‍ തന്നെ തോന്നും മിസ്സ്‌ കാള്‍ അടിക്കാനായി ജനിച്ചതാണോ എന്ന്.
ഇതെന്തു മറിമായം. ഇവന് ലോട്ടറി വല്ലതും അടിച്ചോ? അല്ലെങ്കില്‍ ഒരു മുപ്പതു 'ഫില്‍‌സ്നു വേണ്ടി ജീവ ത്യാഗം ചെയ്യുന്നവനാ.
അങ്ങിനെ നീട്ടി അടിച്ചാല്‍ തന്നെ അത് കട്ട്‌ ചെയ്തു വിളിക്കാനാ ഉത്തരവ്. ഇനി അഥവാ എടുത്തു പോയാലോ തെറി ഉറപ്പാ. തെറി പ്രതീക്ഷിച്ചു കൊണ്ട് ഫോണ്‍ എടുത്തു.
"നമ്മുടെ പി. സി. ക്ക" മരിച്ചു"
ഫോണിലൂടെ വന്ന വാര്‍ത്ത കേട്ടതും ഞാനൊരു നിമിഷം നിശബ്ദനായി. പ്രതീക്ഷിച്ചിരുന്നു എങ്കിലും മനസിനിഷ്ടമില്ലായിരുന്നു ഇത് കേള്‍ക്കാന്‍.
"ഇന്ന് രാവിലെ ആയിരുന്നു". മറ്റൊന്നും പറയാതെ ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു.

പാവം മനുഷ്യന്‍. പ്രതാപ കാലത്ത് ഐശ്വര്യത്തോടെ ജീവിച്ചു ഒടുക്കം ഇങ്ങിനെ.....

വെറുതെ ഞാനദ്ദേഹത്തെ കുറിച്ചൊന്നു ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു നോക്കി. എന്‍റെ ചെറുപ്പ കാലം മുഴുവന്‍ അദ്ദേഹത്തെ ചുറ്റി പറ്റിയുള്ളതായിരുന്നു എന്ന് പറഞ്ഞാല്‍ ഒരു പക്ഷെ അതൊരു വെറും വാക്കാവില്ല.

എന്‍റെ ചെറുപ്പ കാലം. ഉപ്പ രാവിലെ കാട്ടിലേക്ക് പണിയന്മാരെയും (ആദിവാസികള്‍ക്ക് ഞങ്ങളുടെ നാട്ടില്‍ പറയുന്ന മറ്റൊരു പേര്) കൂട്ടി കാട്ടിലേക്ക് പോകും. ചിലപ്പോള്‍ ഒന്നും രണ്ടും ആഴ്ച കഴിഞ്ഞാണ് വരിക. ചൂരല്‍, കാട്ടില്‍ നിന്ന് വെട്ടിക്കൊണ്ടു വന്നു അത് കൊണ്ട് "കുട്ട" ഉണ്ടാക്കി അത് പട്ടണത്തില്‍ കൊണ്ട് പോയി വിറ്റാണ് ജീവിതം കഴിയുന്നത്‌. ഒരു പ്രാവശ്യം കാട്ടിലേക്ക് കയറിയാല്‍, ഉപ്പയും മൂന്നു നാല് പേരും ഉണ്ടാവും, അരിയും സാധനങ്ങളും പാത്രങ്ങളും എല്ലാം കൊണ്ടാണ് പോക്ക്. കയറിയാല്‍ പിന്നെ കാടടച്ചു തിരച്ചിലാണ്. (കാട്ടില്‍ നിന്ന് ചൂരല്‍ വെട്ടാന്‍ സ്ഥലം ഫോറെസ്റ്റ്‌ റേഞ്ച് ഓഫീസറുടെ അടുത്ത് നിന്നും നേരത്തെ "അനുമതി" വാങ്ങിയിട്ടുണ്ടാവും ചൂരല്‍ വെട്ടാനും തിരയാനും എല്ലാം) പിന്നെ തിരിച്ചു വരുവോളം ഞങ്ങള്‍ക്കും പേടിയാണ്. വന്യ മൃഗങ്ങളുള്ള കാടാണ്. പടച്ചോനെ വല്ലതും പറ്റിയാല്‍?!

ഞങ്ങളുടെ നാട്ടിലെ ഏക പലചരക്ക് കട അന്ന് പി. സി ക്കയുടെതാണ്. ഞങ്ങള്‍ക്കവിടെ "പറ്റു" ഏല്‍പ്പിച്ചതായിരുന്നു ഉപ്പ. പലചരക്ക് സാധനങ്ങള്‍ എന്ത് വേണമെങ്കിലും വാങ്ങിക്കാം.
പൊതുവേ എല്ലാവരോടും കര്‍ക്കശക്കാരനായിരുന്നു എങ്കിലും ഒരുപാട് പാവങ്ങള്‍ അദ്ദേഹത്തെ കൊണ്ട് കഴിഞ്ഞു പോയിരുന്നു എന്നതാണ് സത്യം.
എല്ലാവരും കൂലി പണിക്കാര്‍. എല്ലാവര്ക്കും അദ്ദേഹം ആശ്രയമായിരുന്നു എന്നതാണ് സത്യം. വൈകിട്ട് കടയില്‍ പോയാല്‍ നല്ല തിരക്കായിരിക്കും. അതിനാല്‍ തന്നെ പറ്റു ബുക്കില്‍ സാധനങ്ങളുടെ ലിസ്റ്റ് എഴുതി കൊണ്ട് പോയി ഉച്ചക്ക് കൊടുക്കും. തിരക്കൊഴിഞ്ഞു അദ്ദേഹം എടുത്തു വെച്ചിരിക്കും. ഞങ്ങള്‍ രാത്രി പോയി എടുത്തു കൊണ്ട് വരും.

"വാപ്പ വന്നെടോ?" എപ്പോള്‍ കണ്ടാലും ആദ്യം ചോദിക്കുന്ന ചോദ്യം ഇതായിരിക്കും. ആ മുഴക്കമുള്ള ശബ്ദം ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നു.
"പേടിക്കേണ്ട കേട്ടോ. ഇങ്ങു വരും, ആരൊക്കെയാ 'കണ്ടനും' 'മാണി'യുമൊക്കെ ഇല്ലേ കൂടെ". ഇത് കേള്‍കുമ്പോള്‍ തന്നെ പകുതി ആശ്വാസമാകുമായിരുന്നു. കൂടെ അദ്ദേഹത്തിന്റെ വക ഒരു മിഠായിയും കിട്ടും (ഇത് കണക്കില്‍ എഴുതില്ല കേട്ടോ) അതിനാല്‍ തന്നെയാവും ചെറുപ്പം മുതലേ എനിക്ക് അദേഹത്തെ വലിയ ഇഷ്ടമായിരുന്നു. അദേഹത്തിന് എന്നെയും.

ചില സമയങ്ങളില്‍ ഉപ്പ കാട്ടില്‍ നിന്ന് വെറും കയ്യോടെ മടങ്ങി വരും. പോയ ഭാഗങ്ങളില്‍ ചൂരല്‍ ഉണ്ടാവില്ല. കയ്യില്‍ കരുതിയിരുന്ന ഭക്ഷണവും തീര്‍ന്നിട്ടുണ്ടാവും. പിന്നെന്തു ചെയ്യും? തിരിച്ചു വരിക തന്നെ. വെറും കയ്യോടെ വരുമ്പോഴും ഞങ്ങള്‍ക്ക് പലചരക്ക് സാധനങ്ങള്‍ മുടങ്ങാതെ അദ്ദേഹത്തിന്റെ കടയില്‍ നിന്ന് കിട്ടുമായിരുന്നു.

ഞങ്ങളുടെ നാട്ടില്‍ പത്രം വരുന്ന ഏക സ്ഥലവും ഇദ്ദേഹത്തിന്‍റെ കടയായിരുന്നു. മലയാള മനോരമ ആയിരുന്നു അവിടെ വരിക. പലപ്പോഴും ക്യു നിന്ന് വായിച്ചിട്ടുണ്ട് ഞാന്‍ പത്രം.
വൈകുന്നേരമായാല്‍ കടയുടെ മുമ്പില്‍ ഉള്ള രണ്ടു ബഞ്ചിലും പിന്നെ "ഉപ്പു പെട്ടി"യിലും (ഇന്ന് എവിടെയും കാണ്മാനില്ല ഈ പെട്ടി. പണ്ട് എല്ലാ പലചരക്ക് കടയിലും ഉപ്പു ഇട്ടു വെക്കാന്‍ ഒരു പെട്ടി ഉണ്ടാവുമായിരുന്നു. ഉപ്പു അളന്നു കൊടുക്കുന്നതും "സേര്‍" അളവിലായിരുന്നു.) നിറയെ ആളുണ്ടാവും. കൂലിപ്പണി കഴിഞ്ഞു വരുന്ന എല്ലാവരും ഒത്തു കൂടും. പിന്നെ ഒരു രസമാ. കളിയും ചിരിയും ബഹളവും.
ഒരു കൂട്ടര്‍ ഉപ്പും പെട്ടിയില്‍ കള്ളി വരച്ചു കല്ല്‌ വെട്ടിക്കളിക്കും. (അങ്ങിനെ ഒരു കളി ഉണ്ടായിരുന്നു. ഇന്നും ചിലയിടങ്ങളില്‍ കാണുന്നുണ്ട്) ജയിക്കുന്നയാള്‍ക്ക് തോല്‍ക്കുന്നയാല്‍ കടയില്‍ നിന്നും പഴം വാങ്ങി കൊടുക്കും. ഈരണ്ടു പേര്‍ വീതം കളിക്കും. രാത്രിയാവുംബോഴെക്കും കടയിലെ പഴത്തിന്‍റെ പകുതി തീരും. വൈദ്യുതി ഉള്ള അപൂര്‍വ്വം കടകളിലോന്നായിരുന്നു ഇത്.

ഞങ്ങള്‍ കുട്ടികള്‍ വെറുതെ പോയി ഈ കളികളും നോക്കിയിരിക്കും ഒരാള്‍ തന്നെ കൂടുതല്‍ ജയിച്ചാല്‍ ചിലപ്പോള്‍ അവര്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് പഴം തരുമായിരുന്നു. ഒരു പഴത്തിനു പതിനഞ്ചു പൈസ വിലയാ അന്ന്. വെറുതെ കിട്ടുന്ന പഴം ഞങ്ങള്‍ക്കെന്താ പുളിക്കുമോ?
ഉപ്പ വന്നാല്‍ പിന്നെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവാദമില്ല. അല്ലാത്തപ്പോള്‍ പി. സി. ക്കയുടെ കടയില്‍ പോയിരിക്കാന്‍ മാത്രമേ അനുവാദം ഉണ്ടായിരുന്നുള്ളൂ.

ഒരിക്കല്‍ ഉപ്പയെ കാട്ടില്‍ നിന്ന് ഒറ്റയാന്‍ ഓടിച്ചു. രക്ഷപെടാന്‍ ഒരു പാറക്കെട്ടിന്റെ മുകളില്‍ നിന്ന് എടുത്തു ചാടി. കൂടെയുള്ളവര്‍ ഭക്ഷണം ഉണ്ടാക്കുകയായിരുന്നു. രാത്രി ആയപ്പോള്‍ ഉപ്പ ഒന്ന് "വെളിക്കിരിക്കാന്‍" കുറച്ചു ദൂരെ മാറി പോയതാ. ആനയില്‍ നിന്ന് രക്ഷപെട്ടെങ്കിലും. കഷ്ടകാലം ഉപ്പയുടെ കൂടെയുണ്ടായിരുന്നു. ഒരു കയ്യിന്റെ എല്ല് പൊട്ടി.
അന്ന് രാത്രി മുഴുവന്‍ കാട്ടില്‍ വേദന സഹിച്ചു കിടന്നു. പിറ്റേന്ന് രാവിലെ തിരിച്ചു കൂടെയുള്ളവരോടൊപ്പം വീട്ടിലെത്തി. പിന്നീടത്‌ മാറാന്‍ കുറെ കാലമെടുത്തു. ജോലിക്ക് പോകാന്‍ പറ്റാതെ ഉപ്പ വീട്ടില്‍ കിടന്നു. അന്നെല്ലാം മുടങ്ങാതെ യാതൊരു മുഷിപ്പും പറയാതെ ഞങ്ങള്‍ക്കുള്ള എല്ലാ സാധനങ്ങളും കടയില്‍ നിന്ന് കിട്ടുമായിരുന്നു.
(ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നുണ്ട് അതെല്ലാം. ആ നല്ല മനുഷ്യനാ ഇന്നലെ പൊലിഞ്ഞത്.)

മഴക്കാലം എല്ലാവരെയും പോലെ ഞങ്ങള്‍ക്കും പട്ടിണിയുടേത് ആയിരുന്നു. മണ്ണിന്റെ കട്ട കൊണ്ടുണ്ടാക്കിയ ഓല മേഞ്ഞ വീട്. വെയിലു കൊണ്ട് നുരുമ്പി പോയിട്ടുണ്ടാവും മിക്കതും. മഴക്കാലം വന്നാല്‍ പ്രശ്നങ്ങള്‍ പലതാണ്. ഉപ്പാക്ക് കാട്ടില്‍ പോവാന്‍ പറ്റില്ല. കാട് നിറയെ അട്ടകളായിരിക്കും. എന്നാലും ചില സമയത്ത് അതൊന്നും വക വെക്കാതെ പോവുമായിരുന്നു. "നമ്മള്‍ക്ക് പി. സി. ക്കായിയുടെ കടയില്‍ നിന്നും കടം കിട്ടും. പാവം പണിയന്മാര്‍ എന്ത് ചെയ്യും? അവര്‍ക്കും വേണ്ടേ വല്ലതും തിന്നാന്‍?" . അവര്‍ വന്നു സങ്കടം പരയുംബോഴായിരുന്നു ഇങ്ങിനെ ഇറങ്ങി തിരിക്കുക. ഉപ്പും പിന്നെ മറ്റെന്തൊക്കെയോ കൂട്ടി "കിഴി"യുണ്ടാക്കി അതുമായി കാട്ടിലേക്ക് പോകും. അട്ടയുടെ കടിയില്‍ നിന്നും രക്ഷപെടാന്‍ വേണ്ടി അത് ഇടയ്ക്കിടെ കാലില്‍ തേക്കും.

വീട്ടിലെ നുരുംബിയിരിക്കുന്ന ഓലകളിലേക്ക് ശക്തിയില്‍ മഴത്തുള്ളികള്‍ വീഴുമ്പോള്‍ പലയിടത്തും ഓട്ടകള്‍ വീഴും. അത് വഴി വെള്ളം താഴേക്കു വീഴും. മഴ പെയ്താല്‍ പിന്നെ അതായി ജോലി. അടുക്കളയിലുള്ള സകല പാത്രങ്ങളും വെള്ളം ഇറ്റുന്ന ഓരോ ഓട്ടയ്ക്ക് താഴെയും വെക്കും. ചിലപ്പോള്‍ പാത്രങ്ങള്‍ തികയാതെ കരി കൊണ്ട് മെഴുകിയ നിലത്തു മുഴുവന്‍ വെള്ളം ആവാറുണ്ട്.
"പടച്ചോനെ എന്നാണു നമ്മുടെ ഈ കഷ്ട്ടപ്പാട് ഒക്കെ ഒന്നി മാറി ഒരു ഓടിട്ട വീട്ടില്‍ കഴിയാന്‍ പറ്റുക" പലപ്പോഴും ഉമ്മ കരഞ്ഞു കൊണ്ട് ഉപ്പയോട്‌ സങ്കടം പറയുന്നത് ഞാന്‍ കേട്ടിട്ടുന്ന്ട്.
(ഇന്ന് ഓല വീടിനു പകരം വാര്‍പ്പിട്ട, കരി മെഴുകിയതിനു പകരം മാര്‍ബിള്‍ പാകിയ എല്ലാ സൌകര്യത്തോടും കൂടിയ വീട്ടില്‍ കഴിയുമ്പോള്‍, (അതിനു ഭാഗ്യം തന്ന ദൈവത്തിനു സ്തുതി) ഞാനീ വാക്ക് പലപ്പോഴും ഉമ്മയോട് പറയാറുണ്ട്‌)

പറമ്പില്‍ കാശു മാവിന്‍ തൈ ഉണ്ടായിരുന്നു, പിന്നെ കുറച്ചു കുരുമുളക് വള്ളികളും, കവുങ്ങിന്‍ തൈകളും. കുരുമുളക് പറിച്ചു ഉണക്കി ചാക്കില്‍ ആക്കി വെക്കും. രണ്ടു കാര്യങ്ങളാ അതിലുള്ളത്. നല്ല വില വരുമ്പോള്‍ വില്‍ക്കാം. ഇനി വില കൂടിയില്ലെങ്കില്‍ മഴക്കാലത്ത് വീടിന്റെ ഓല മേയാന്‍ ഇത് വിറ്റു കിട്ടുന്ന തുക ഉപയോഗിക്കാം. അത് പോലെ തന്നെ കശുവണ്ടിയും.

അത്യാവശ്യം എന്‍റെ അല്ലറ ചില്ലറ തരികിട ചിലവുകള്‍ക്ക് (അന്നേ ഈ സ്വഭാവമുണ്ടായിരുന്നു. ഉം..) ഒപ്പിക്കുന്നത് ഇത്തരം വേലകളിലൂടെയായിരുന്നു. ബാല്യ കാലത്തെ ഓരോ വിവരമില്ലായ്മകളെ...
ഉപ്പ കാട്ടില്‍ പോകുന്ന സമയങ്ങളില്‍ മാത്രമേ ഇത്തരം കള്ളത്തരങ്ങള്‍ നടക്കുമായിരുന്നുള്ളൂ. വീട്ടില്‍ കോഴികള്‍ ഉണ്ടായിരുന്നു. ഇടയ്ക്കിടെ രാവിലെ കോഴിമുട്ട കാണാതാവും.
മിക്കവാറും കോഴി രാവിലെ കൂട്ടില്‍ മുട്ടയിട്ടു എഴുന്നേറ്റു പോകും. എനിക്ക് മിഠായി, ഐസ്, പെന്‍സില്‍ (ആവശ്യത്തിനുള്ളത് വീട്ടില്‍ നിന്ന് കിട്ടും, ദിവസവും കളഞ്ഞു പോകും. പിന്നെ ചോദിച്ചാല്‍ അടി കിട്ടും) എന്നിത്യാതി സാധനങ്ങള്‍ അത്യാവശ്യമുള്ള ദിവസങ്ങളില്‍ കോഴി, മുട്ട എവിടെയാ ഇട്ടതെന്ന് ഉമ്മ തിരഞ്ഞു നടക്കുന്നത് കാണാം.
ഞാന്‍ പറയും ഉമ്മാ ചിലപ്പോള്‍ പറമ്പില്‍ എവിടെയെങ്കിലും ഇട്ടിട്ടുണ്ടാവും. പാവം കോഴി.. അത് അതിന്റെ "കൃത്യം" ഭംഗിയായി നിര്‍വഹിച്ചു പോയിട്ടിണ്ടാവും. അതിനു കോഴിയെ ചീത്ത പറയും ഉമ്മ.
അല്ലെങ്കിലും ഈ കോഴികള്‍ക്കൊന്നും ഒരു ഉത്തരവാദിത്വവും ഇല്ലെന്നെ. ഞാനും കൂടെ കൂടും.
അന്ന് രാവിലെ തന്നെ പി. സി ക്കയുടെ കടയില്‍ കൊണ്ട് പോയി വിറ്റു പൈസ വാങ്ങി കീശയിലിട്ടിടുണ്ടാവും ഞാന്‍.
"അത്യാവശ്യമായി കുറച്ചു പൈസ വേണം അതിനാല്‍ ഉമ്മ പറഞ്ഞതാ വില്‍ക്കാന്‍". പാവം. ഉപ്പ വീട്ടില്‍ ഇല്ലാത്തതല്ലേ. പോരാത്തതിനു എന്നെ നല്ല വിശ്വാസവും. വാങ്ങി വെച്ച് പൈസ തരും.
അത് പോലെ തന്നെ കുരുമുളകും, കശുവണ്ടിയും, അടക്കയും (ഇതിനൊന്നും വീട്ടില്‍ കണക്കു വെക്കാതിരുന്നതിനാല്‍ രക്ഷപെട്ടു) എല്ലാം അദ്ദേഹത്തിന്റെ കടയിലേക്ക് പൊയ്ക്കൊണ്ടിരുന്നു.

പക്ഷെ ഒരിക്കല്‍ ഉപ്പ കാട്ടില്‍ നിന്ന് തിരിച്ചു വന്നപ്പോള്‍ എന്തോ കാര്യം പറഞ്ഞ കൂട്ടത്തില്‍ ഞാന്‍ കശുവണ്ടി വിറ്റ കാര്യം അദ്ദേഹം ഉപ്പയോട്‌ പറഞ്ഞു. ഒന്നും മിണ്ടാതെ വീട്ടില്‍ വന്നു. അന്ന് പിന്നെ എന്‍റെ വീട്ടിലുള്ള എല്ലാ ചീരക്കൊമ്പുകള്‍ക്കും , പിന്നെ രണ്ടു 'കണ്ണിചൂരല്‍' വടികള്‍ക്കും വിശ്രമം ഇല്ലാത്ത ജോലി ആയിരുന്നു. എന്‍റെ ദേഹത്ത് ഓരോന്നും പൊട്ടും വരെ പ്രയോഗിച്ചു. ഒരു പാട് തവണ. ദേഹമാസകലം ചുവന്ന അടയാളം വന്നു. ചിലയിടത്ത് പൊട്ടി. കഷ്ട്ടപ്പെട്ടു വളര്‍ത്തുന്ന മോന്‍ "കള്ളന്‍" ആകുന്നതു എന്‍റെ ഉപ്പാക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. (അതോടെ ജീവിതത്തില്‍ ആ പരിപാടി നിര്‍ത്തി. ഭാഗ്യം. ഇല്ലെങ്കില്‍ ഇപ്പോള്‍.......???
പക്ഷെ ഒരു പാട് അടിച്ചപ്പോള്‍ പാവം ഉപ്പാക്ക് തന്നെ സങ്കടം തോന്നിക്കാണും. വൈകിട്ട് തൈലമുപയോഗിച്ചു ദേഹമാസകലം തടവി എന്നെ കുളിപ്പിച്ച് തന്നു.
അന്ന് രാത്രി പി. സി. ക്കായി വീട്ടില്‍ വന്നു. എന്നെ കണ്ടതും ഉപ്പയോട്‌ ചോദിച്ചു. "നിങ്ങള്‍ എന്ത് പണിയാ ചെയ്തത്. കുട്ടികള്‍ വിവരമില്ലായ്മ കാണിച്ചാല്‍ ഇങ്ങനെ അവരെ തല്ലുകയാണോ വേണ്ടത്? പറഞ്ഞു മനസിലാക്കെണ്ടതിനു പകരം ഇങ്ങിനെ, നിനക്കെന്താ വിവരം കൂടിപ്പോയോ"? ഉപ്പയോട്‌ ദേഷ്യം പിടിച്ചു അദ്ദേഹം.
(എനിക്കായി ഉയര്‍ന്ന ആദ്യ ശബ്ദം! എന്‍റെ ഉമ്മ പോലും ഈ കാര്യത്തിനു എനിക്ക് വക്കാലത്ത് പിടിക്കാന്‍ വന്നിരുന്നില്ല) അത് കേട്ടതോടെ എനിക്ക് സങ്കടം വന്നു. ഞാന്‍ പൊട്ടിക്കരഞ്ഞു പോയി. പക്ഷെ എന്നെ ചേര്‍ത്ത് പിടിച്ചു അദേഹം കൊണ്ട് വന്ന മിഠായി തിന്നു. അന്നാദ്യമായി ഞാനാ മിഠായി വാങ്ങിയില്ല. പക്ഷെ അദ്ദേഹം അതെന്റെ വായില്‍ വെച്ച് തന്നു. ഇനി ഇങ്ങിനെ ഒന്നും ചെയ്യരുതെന്ന ഉപദേശവും തന്നു. ഞാന്‍ ഇല്ലെന്നു തലയാട്ടി.
**************************************************
എനിക്ക് ഓര്‍മയുള്ള കാലം മുതല്‍ കുറച്ചു കാലം മുമ്പ് വരെ അദ്ദേഹം വളരെ അന്തസ്സോടെ ആയിരുന്നു ജീവിച്ചിരുന്നത്. പ്രതാപതോടെയും. വളരെ വൃത്തിയായി ഡ്രസ്സ്‌ ചെയ്തു, പൌഡര്‍ ഒക്കെ ഇട്ടു. (ഒരു പക്ഷെ അന്നൊക്കെ പൌഡര്‍ ഇടുന്ന ഞങ്ങളുടെ നാട്ടിലെ അപൂര്‍വ്വം വ്യക്തികളില്‍ ഒരാളായിരിക്കാം അദ്ദേഹം. വെള്ള വസ്ത്രം ധരിച്ചേ ഇപ്പോഴും അദ്ദേഹത്തെ കണ്ടിട്ടുള്ളൂ.. ഒരു പാട് കാലം പള്ളി കമ്മറ്റി പ്രസിഡന്റ്‌ ആയിരുന്നു അദ്ദേഹം.
കാലം കുറെ കഴിഞ്ഞു. ഞങ്ങള്‍ അവിടെ നിന്നും സ്ഥലം മാറി. ഉപ്പ ഗള്‍ഫില്‍ പോയി. ഞാനും പ്രവാസിയായി. ഇടയ്ക്കു നാട്ടിലെത്തുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോകുമായിരുന്നു. എന്നെ ഇരുത്തി ഒരുപാട് കഥകള്‍ പറയും. പഴയതും പുതിയതും എല്ലാം. പിന്നെ പ്രവാസവും എന്‍റെ തിരക്കുകളും എന്നെയും ഇത്തിരി അദ്ദേഹത്തില്‍ നിന്നും പുറകോട്ടു വലിച്ചോ എന്നെനിക്കിപോള്‍ സംശയം തോന്നുന്നു.

അതിനിടയില്‍ നാട് മാറി. നാട്ടില്‍ ഒരുപാട് കടകളും മറ്റും വന്നു. ആധുനിക സൌകര്യത്തോടു കൂടെയുള്ളത്. അതോടെ അദേഹത്തിന്റെ പഴയ കട എല്ലാവരും മറന്നു. പല ദിവസങ്ങളിലും ഒരു രൂപയ്ക്ക് പോലും കച്ചവടം നടക്കാത്ത അവസ്ഥയായി. ഒടുവില്‍ കടം വന്നു കയറി ആകെ ബുദ്ധിമുട്ടായി.

പലപ്പോഴും മനസ്സില്‍ തോന്നിയിട്ടുണ്ട്. അദ്ദേഹം പണ്ട് കടം കൊടുത്തിരുന്ന ആളുകളെങ്കിലും അദ്ദേഹത്തിന്‍റെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയിരുന്നെങ്കില്‍ രക്ഷപെട്ടു പോയേനെ എന്ന്.
പണ്ടു കടത്തിന് വേണ്ടി കടയില്‍ കാത്തിരുന്നവര്‍ ഇന്ന് പണവും പത്രാസുമായപ്പോള്‍ അദ്ദേഹത്തെ ഒഴിവാക്കി സൂപ്പര്‍ മാര്‍ക്കറ്റ്‌കളിലേക്ക് തിരിഞ്ഞു. (കാലം വരുത്തിയ വിന... കഷ്ട്ടം.. ഇങ്ങിനെയും വേണോ വികസനം) എന്‍റെ ഒരു സുഹുര്തിനോട് ഇതേ പറ്റി ഒരിക്കല്‍ നാട്ടില്‍ വെച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത് "അവിടെ സാധനങ്ങള്‍ വളരെ കുറവാ. പിന്നെ എങ്ങിനെയാ പോവുക" എന്ന്.

കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ഉമ്മ പറഞ്ഞു, പി. സി. ക്കായി പറ്റെ ബുദ്ധിമുട്ടിലാണ് നീ ഒന്ന് പോയി കാണണം. പിറ്റേന്ന് രാവിലെ പോയി അദ്ദേഹത്തെ പോയി കണ്ടു.
ഒരു വാടക വീട്ടില്‍, കട്ടിലില്‍ കിടക്കുന്നു. എഴുന്നേറ്റു നടക്കാന്‍ പരസഹായം വേണം. സ്വന്തമായി മലമൂത്ര വിസര്‍ജനം പോലും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ഒരു പാട് വിഷമം തോന്നി.
ചെന്നപ്പോള്‍ ഒന്നും മിണ്ടാതെ ഇരിക്കുന്നു. കണ്ണുകള്‍ നിറഞ്ഞു എന്നെ കണ്ടപ്പോള്‍. എന്‍റെ കണ്ണുകളിലും നനവ്‌ പടര്‍ന്നോ എന്നെനിക് തോന്നി. എന്നെ കണ്ടപ്പോള്‍ കൈ പിടിച്ചു എഴുന്നെല്കണമെന്നു ആങ്ങ്യം കാണിച്ചു. ഞാന്‍ പിടിച്ചു മെല്ലെ എഴുന്നെല്പിച്ചപ്പോള്‍ വീടിന്റെ വരാന്തയില്‍ ഇരിക്കണമെന്ന് പറഞ്ഞു. ഞാന്‍ അവിടെ പിടിച്ചിരുത്തി. അദ്ദേഹം എന്‍റെ കൈ വിടാതെ എന്‍റെ കണ്ണുകളില്‍ മാത്രം നോക്കി ഇരുന്നു. ഒന്നും മിണ്ടിയില്ല. ഞാനും. എന്‍റെ മനസ്സും കണ്ണും നിറഞ്ഞു പോയിരുന്നു അദ്ദേഹത്തിന്റെ അവസ്ഥ കണ്ടിട്ട്. കുറെ സമയം അവിടിരുന്നു ഞാന്‍. ഞാനെന്‍റെ വിശേഷങ്ങളൊക്കെ പറഞ്ഞു. അദ്ദേഹം കുറച്ചു സന്തോഷവാനായി കണ്ടു. ഒടുവില്‍ പോരുമ്പോള്‍ കുറച്ചു രൂപ കയ്യില്‍ പിടിപ്പിച്ചു ഞാന്‍. (എന്‍റെ അഹങ്കാരത്തിന്റെ ഗര്‍വു. ഞാനും മറ്റുള്ളവരെ പോലെ ആയിപ്പോയില്ലേ എന്നെനിക്കു തോന്നിപ്പോയി. കാരണം അദ്ദേഹത്തിന് വേണ്ടിയിരുന്നത് ഇത്തിരി സാമീപ്യമായിരുന്നിരിക്കണം) പക്ഷെ അദ്ദേഹം അത് വാങ്ങാന്‍ കൂട്ടാക്കിയില്ല. ഞാനത് കൊടുത്തപ്പോള്‍ വാങ്ങാതെ എന്‍റെ കൈ പിടിച്ചു പൊട്ടി പൊട്ടി കരഞ്ഞു അദ്ദേഹം. ഉറക്കെ ശബ്ദമുണ്ടാക്കി കൊണ്ട്. കൊച്ചു കുഞ്ഞുങ്ങളെ പോലെ. (കൂടെ ഞാനും കരഞ്ഞു പോയി) ഒരു പക്ഷെ തന്റെ ഇന്നത്തെ ദുരവസ്ഥ ഓര്‍ത്തു കരഞ്ഞതാവം അദ്ദേഹം . (ഒരു കാലത്ത് ഒരു നാടിനെ മുഴുവന്‍ ഊട്ടിയിരുന്ന ആള്‍. എന്‍റെ മനസിലൂടെ പഴയ ഒരുപാട് കാര്യങ്ങള്‍ മിന്നി മറഞ്ഞു)

പോരുമ്പോള്‍ ഞാന്‍ പോകട്ടെ എന്ന് ചോദിച്ചിട്ടും ഒന്നും മിണ്ടാതെ എന്‍റെ കൈ പിടിച്ചിരുന്നു അദ്ദേഹം. എന്‍റെ കൈ വിട്ടിരുന്നില്ല. ഒടുവില്‍ എനിക്ക് മനമില്ലാ മനസോടെ പോരേണ്ടി വന്നു. അതായിരുന്നു അവസാന കാഴ്ച. ഒരു പക്ഷെ അദ്ദേഹത്തിനറിയാമായിരുന്നോ ഇനി കാണില്ലെന്ന്. അതിനാലായിരുന്നോ കൈ വിടാതെ എന്നോട് ഇനിയും ഇരിക്കാന്‍ ആങ്ങ്യം കാണിച്ചത്?

അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുമ്പില്‍ ഒരായിരം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കൂടെ ആത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

(ഇതെന്‍റെ വെറുമൊരു ഓര്‍മ്മക്കുറിപ്പ് മാത്രമല്ല.
എന്റെ സങ്കടം നിങ്ങളുമായി പങ്കു വെക്കുകയാണ്. പറഞ്ഞു കഴിഞ്ഞപ്പോള്‍ ഒരു സമാധാനം.
അല്ലെങ്കിലും അങ്ങിനെ അല്ലെ. ആരോടെങ്കിലും നമ്മുടെ വിഷമങ്ങള്‍ പറയുമ്പോള്‍ ഒരു ആശ്വാസമാണ് മനസ്സിന്.
ഇത്രയും എങ്കിലും അദ്ദേഹത്തിന് വേണ്ടി ചെയ്തില്ലെങ്കില്‍ ഞാനെന്റെ മനസ്സിനോട് ചെയ്യുന്ന ക്രൂരത ആവും അതെന്നു തോന്നി.
കൂടെ എന്റെ ബാല്യ കാലത്തേക്കുള്ള ഒരു ഓട്ടവും. അദ്ദേഹത്തിന്റെ മഗ്ഫിറതിനായി (ആത്മാവിന്റെ ശാന്തിക്കായി പ്രാര്‍ഥിക്കുന്നു) നിങ്ങളും പ്രാര്‍ഥിക്കുക.)

59 comments:

  1. സുല്‍ഫി...
    എനിക്കിപ്പോള്‍ ഒന്നും ടൈപ്പുചെയ്യാന്‍ വയ്യാ...
    ..കണ്ണില്‍ വെള്ളം ഒഴിഞ്ഞാലേ കമന്റെഴുതാനാവൂ..കുറെ കഴിയട്ടെ..

    ReplyDelete
  2. മനസ്സിലെ നന്മകള്‍ എന്നും നിറഞ്ഞു നില്‍ക്കട്ടെ....

    ReplyDelete
  3. ഇതാണു സുല്‍ഫീ ജീവിതം..........

    ReplyDelete
  4. കണ്ണുകള്‍ നിറഞ്ഞു പോയി...ആ മഹാനായ മനുഷ്യന് എല്ലാ ആദരാജ്ഞലികളും...

    ReplyDelete
  5. മാഷെ എന്തെഴുതണം എന്നറിയില്ല....ഒന്നും എഴുതാതെ പോവാനും മന്സൂവരുന്നില്ല....ഞാനും പ്രാര്‍ത്ഥിക്കുന്നു.....സസ്നേഹം

    ReplyDelete
  6. ഇന്ന് ഓല വീടിനു പകരം വാര്‍പ്പിട്ട, കരി മെഴുകിയതിനു പകരം മാര്‍ബിള്‍ പാകിയ എല്ലാ സൌകര്യത്തോടും കൂടിയ വീട്ടില്‍ കഴിയുമ്പോള്‍, (അതിനു ഭാഗ്യം തന്ന ദൈവത്തിനു സ്തുതി) ഞാനീ വാക്ക് പലപ്പോഴും ഉമ്മയോട് പറയാറുണ്ട്‌

    ഞാനും..!!!

    സുല്‍ഫീ വല്ലാത്ത ഒരു വിഷമത്തോടെയാണിത് വായിച്ചത് ഇതില്‍ പലതും എന്‍റെ അനുഭവങ്ങളാണ് നിനക്കിതെങ്ങനെ മനസ്സിലായി എന്നാണ് ഞാന്‍ ചിന്തിച്ചത് . വല്ലാത്ത ഒരു ഒഴുക്കോടെ എഴുതി.! കണ്ണുകള്‍ നിറയെ വെള്ളമാണ് നിന്‍റെ ഒരു പോസ്റ്റിനും ഞാന്‍ ഇത്രമാത്രം ആത്മാര്‍ത്ഥതയോടെ കമന്‍റെഴുതിയിട്ടില്ല. സത്യം വല്ലാതെ സങ്കടപ്പെട്ടു ഞാന്‍ .!!

    ReplyDelete
  7. ശരിക്കും കണ്ണ് നിരഞ്ഞൂട്ടോ...
    പ്രാര്‍ഥിക്കാം...

    ReplyDelete
  8. ഡോ കുറേക്കാലം കൂടി നിലവാരമുള്ള ഒരു പോസ്റ്റ്‌ വായിച്ചു . വെറും പോസ്റ്റ്‌ എന്ന് പറഞ്ഞതില്‍ ക്ഷമിക്കുക . തന്‍റെ ജീവിതത്തിന്റെ ഒരു ഏട് താന്‍ നന്നായി എഴുതി വച്ചിട്ടുണ്ട് . ആ നല്ല മനുഷ്യന്റെ മക്കള്‍ ഒക്കെ എവിടെയാ ? അവരെ ഒന്ന് വിദേശത്തു കൊണ്ട് പോകാന്‍ ശ്രമിച്ചു കൂടെ ?

    ReplyDelete
  9. പ്രിയമുള്ളവരേ.....
    ശരിക്കും കമെന്റിനു വേണ്ടിയുള്ള ഒരു എഴുത്തായിരുന്നില്ല ഇത്.
    മനസ്സില്‍ തട്ടിയ അദ്ദേഹത്തിന്റെ മരണം. അത് വരുത്തിയ എന്‍റെ സങ്കടങ്ങള്‍.. അനുഭവങ്ങള്‍... അത് നിങ്ങളുമായി പങ്കു വെച്ച് എന്നേയുള്ളൂ.
    അതിനാല്‍ തന്നെ ആരുടെ കമെന്റിനും നന്ദി പറയുന്നില്ല. കാരണം ഇത് ഒരു നന്ദി വാക്ക് പറയാനുള്ള വേദിയും അല്ല.
    നിങ്ങളുടെ കണ്ണ് നനഞ്ഞെങ്കില്‍ അത് അദേഹത്തിന് വേണ്ടിയാണല്ലോ എന്നോര്‍ത്ത് ആശ്വസിക്കുന്നു ഞാന്‍. കൂടെ നന്മ വറ്റാത്ത ഒരുപാട് പേര്‍ ഇന്നും ഉണ്ടെന്ന ആശ്വാസവും.
    പക്ഷെ.. എന്‍റെ വേദന നെഞ്ചില്‍ ഏറ്റിയ നിങ്ങള്‍ക്കെല്ലാവര്‍ക്കും .... കൂടെ അദ്ദേഹത്തെ മനസ്സില്‍ ഉള്‍കൊണ്ട നിങ്ങള്ക്ക്. എന്താ പറയുക..
    ഒന്നും പറയാനില്ല എനിക്കും... പ്രാര്‍ഥിക്കാം അത്ര തന്നെ.
    പ്രദീപിനുള്ള മറുപടി മെയില്‍ ചെയ്തിട്ടുണ്ട് ഞാന്‍. (അദ്ദേഹത്തിന്റെ ഒരു മകനിപ്പോള്‍ പ്രവാസിയാണ്)
    പോസ്റ്റില്‍ ചില വിട്ടു പോയ ഭാഗങ്ങള്‍ ചേര്‍ത്തിട്ടുണ്ട് ഞാന്‍.

    ReplyDelete
  10. സുള്‍ഫി, ഈ നൊമ്പരം ഞങ്ങളുമായി പങ്കുവെച്ചതിന്‌ നന്ദി. ആ നല്ലവനായ മനുഷ്യന്റെ വേര്‍പാട് സൃഷ്ടിച്ച ദു:ഖത്തില്‍ ഞാനും പങ്കുചേരുന്നു.

    ReplyDelete
  11. എന്ത് എഴുതണമെന്ന് ഒരു പിടിയും കിട്ടുന്നില്ല മാഷേ...
    അഭിപ്രായത്തിനു വേണ്ടി ഒരഭിപ്രായം പറയേണ്ട കാര്യമില്ല ..ഈ പോസ്റ്റിനു..ആശംസകള്‍.

    ReplyDelete
  12. സുല്‍ഫി പങ്കു വെച്ച പി സി ക്കയുടെ പഴയ ഓര്‍മ്മകള്‍ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു
    വായിച്ചു തീര്‍ന്നപ്പോള്‍ കണ്ണു നിറഞ്ഞു
    എനിക്കൊന്നും എഴുതാന്‍ കഴിയുന്നില്ല.......
    പ്രാര്‍ഥനയോടെ....

    ReplyDelete
  13. സുല്ഫിയുറെ പോസ്റ്റു വായിക്കും മുന്‍പേ ഞാനൊരു ആശയം എഴുതാന്‍ തുടങ്ങിയിരുന്നു.നാട്ടിന്പുരത്ത്തിന്റെ ചില പഴയ ഓര്‍മ്മകള്‍..അത് കുറച്ചുകൂടി പരുവപ്പെടുത്തി എഴുതുകയാണ്.
    സുല്ഫിയുറെ പീസീക്കയെ ഒര്മിച്ച്ചുകൊന്ടു.''സുല്‍ഫി മറക്കാത്ത മിട്ടായിമധുരങ്ങള്‍''എന്ന പേരില്‍.
    വായിക്കുമല്ലോ.

    ReplyDelete
  14. പ്രാര്‍ത്ഥനയോടെ...

    ReplyDelete
  15. സുള്‍ഫീ, ആത്മാര്‍ത്ഥയോടുള്ള ഈ കുറിപ്പ് മനസ്സില്‍ നൊമ്പരമുണ്ടാക്കി.
    പി. സി. ക്കയുടെ വേര്‍പാടില്‍ ദുഃഖിക്കുന്നു.

    പിന്നെ, എന്‍റെ പഴയ പോസ്റ്റുകള്‍ വായിച്ചു കമന്റിട്ടതിനു വളരെ നന്ദി.

    ReplyDelete
  16. സുൽഫി...
    ഞാനിത് സുൽഫിയുടെ ഓർമ്മകൾ വായിക്കുകയല്ല, എന്റെ കുട്ടിക്കാലത്തിലൂടെ അനുഭവിക്കുകയായിരുന്നു. ഒരുപാട് നന്മകൾ ചെയ്തവർക്ക് അതിന്റെ പ്രതിഫലം ഈലോകത്ത് കിട്ടാതെപോയിട്ടുണ്ട്. അത് മറ്റൊരുലോകത്ത് അവർക്ക് തിരിച്ചുകിട്ടും.
    പിസിക്കയുടെ വേർപാടിലുള്ള സങ്കടത്തോടൊപ്പം പ്രാർത്ഥനയും.
    നന്ദി, ഈ നന്മയുള്ള വരികൾക്ക്.

    ReplyDelete
  17. ശരിക്കും കണ്ണ് നിരഞ്ഞൂട്ടോ...
    പ്രാര്‍ഥിക്കാം...

    ReplyDelete
  18. പഴയത് പലതും മറന്നുപോകുന്ന 'പുതിയ തലമുറക്ക്‌' അപവാദമാണ് ഈ പോസ്റ്റ്‌.
    നല്ല ഓര്‍മപ്പെടുത്തലുകള്‍ ,നമുക്കും പീസിക്കയുടെ ഗതി വരില്ലെന്ന് വല്ല ഉറപ്പുമുണ്ടോ കൂട്ടരേ...
    (പോസ്റ്റിനു നീട്ടംവളരെ കൂടിയോ എന്ന് സംശയം..ഒന്നു കൂടി ചുരുക്കാമായിരുന്നു ).

    ReplyDelete
  19. സുൽഫിയുടെ എഴുത്തിൽ നാട്ടിൻപുറത്തിന്റെ നന്മ നിറഞ്ഞിരിക്കുന്നു. സുൾഫി മൈ ഫ്രെണ്ട് ...

    ReplyDelete
  20. ഇത് പോലെ എത്രയോ ജന്മങ്ങൾ നമുക്ക് ചുറ്റും ജീവിക്കുന്നുണ്ടാവാം...കൂടുതൽ ഒന്നും എഴുതുന്നില്ല, കണ്ണും മൻസ്സും നിറയിച്ച എഴുത്ത്, ഞാനും പങ്ക് ചേരുന്നു പ്രാർത്ഥനയിൽ..,

    ReplyDelete
  21. സത്യം പറഞ്ഞാല്‍ വസന്തലതിക എന്ന സുഹൃത്തിന്റെ കമന്റ് വഴിയാണ് ഞാന്‍ ഇവിടെ എത്തി പെട്ടത് .ഗ്രാമത്തിന്റെ വിശുദ്ധി നിറഞ്ഞ എഴുത്ത് ശൈലി ....വായിച്ചു ..ഓരോ വാക്കും അതുള്‍കൊള്ളുന്ന ഹൃദയതുടിപ്പോടെ വായിച്ചു ...ഇന്നത്തെ എന്‍റെ ആദ്യത്തെ വായന ....കണ്ണുകള്‍ നീര്‍ചാലിട്ടു ഒഴുക്കുന്നു മനസ്സിന്റെ വിങ്ങല്‍ ...തൊണ്ടയില്‍ എന്തൊ ഒരു വേദനയുടെ കനം....നിങ്ങളുടെ പഴമയും പുതുമയും അവ നല്‍കിയ നന്മയും എല്ലാം ആണ് കാരണം ...അതിലുപരി പി സി ക്കാന്‍റെ വിയോഗവും ...മനുഷ്യര്‍ ഇന്ന് മനുഷ്യരായി കാണുക പ്രയാസം ആണ് ..നന്മയുടെ ഉറവും , സ്നേഹത്തിന്റെ തെളിമയും , അലിവിന്റെ വിങ്ങലും അങ്ങിനെ അങ്ങിനെ ഒരു മനുഷ്യന്റെ സത്തുള്ള മനുഷ്യരെ കാണുക പ്രയാസം .....അവസാന ഭാഗം ശരിക്കും ഹൃദയത്തെ കീറി മുറിച്ചു ...ഈ ബ്ലോഗ്‌ ഇല്ലായിരുന്നെങ്കില്‍ paper ലെയും ടി വി യിലെയും അങ്ങിനെ ഉള്ളതിലെ എല്ലാ പുളിച്ച രാഷ്ട്രീയവും വെട്ടും കൊലയും മാത്രം വായിച്ചു നമ്മള്‍ പലരും മൃഗീയമായി പോകുമായിരുന്നു ....അതെ താങ്കള്‍ പറഞ്ഞ കാര്യം എത്ര സത്യം " പലപ്പോഴും മനസ്സില്‍ തോന്നിയിട്ടുണ്ട്. അദ്ദേഹം പണ്ട് കടം കൊടുത്തിരുന്ന ആളുകളെങ്കിലും അദ്ദേഹത്തിന്‍റെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയിരുന്നെങ്കില്‍ രക്ഷപെട്ടു പോയേനെ എന്ന്.
    പണ്ടു കടത്തിന് വേണ്ടി കടയില്‍ കാത്തിരുന്നവര്‍ ഇന്ന് പണവും പത്രാസുമായപ്പോള്‍ അദ്ദേഹത്തെ ഒഴിവാക്കി സൂപ്പര്‍ മാര്‍ക്കറ്റ്‌കളിലേക്ക് തിരിഞ്ഞു. (കാലം വരുത്തിയ വിന... കഷ്ട്ടം.. ഇങ്ങിനെയും വേണോ വികസനം) എന്‍റെ ഒരു സുഹുര്തിനോട് ഇതേ പറ്റി ഒരിക്കല്‍ നാട്ടില്‍ വെച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത് "അവിടെ സാധനങ്ങള്‍ വളരെ കുറവാ. പിന്നെ എങ്ങിനെയാ പോവുക" എന്ന്. "
    നിങ്ങളെങ്കിലും അങ്ങിനെ ചിന്തിച്ചല്ലോ ...ഈ മനസ്സ് കാത്തു സൂക്ഷിക്കുക ...എന്നും എപ്പോഴും ....അല്ലാഹു അദേഹത്തിന്റെ ഖബറിടം വിശാലമാക്ക്ട്ടെ ....അദ്ദേഹത്തിന് സ്വര്‍ഗം നല്‍കി അനുഗ്രഹികട്ടെ...മനസ്സുതട്ടിയുള്ള എന്‍റെ ഈ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കുമാരാകട്ടെ ...ആമീന്‍!!

    ReplyDelete
  22. നന്മ നിറഞ്ഞവര്‍. അവരെന്നും ഓര്‍മിക്കപെടെണ്ടാവര്‍ ആണ് . ആ ഓര്‍മ്മകള്‍ എങ്കിലും സമൂഹത്തിനു ഒരു തിരിച്ചരിവാകട്ടെ എന്നെ ഞാന്‍ ഉദ്ദേശിച്ചുള്ളൂ .
    അതിനുള്ള ഒരു ശ്രമമായിരുന്നു "അലിക്ക" ഇത്. ഒരു പരിധി വരെ വിജയിച്ചെന്നു സമാധാനിക്കുന്നു ഞാന്‍.
    ഇവിടെത്തിയ ഏല്ലാവര്‍ക്കും നന്ദി.
    വസന്തലതിക : തീര്‍ച്ചയായും വായിക്കും. അത്തരം ഒന്നെഴുതിയാല്‍. കാത്തിരിക്കുന്നു. ബാല്യകാല ഓര്‍മ്മകള്‍ക്കായി.
    കൃഷ്ണന്‍ , എന്‍. പി. ടി., ചാണ്ടി, യാത്രികന്‍ എല്ലാവര്ക്കും നന്ദി.
    ഹംസക്ക : നമ്മുടെ ബാല്യ കാലമെങ്കിലും ഓര്‍ത്തില്ല എങ്കില്‍ നമ്മളൊക്കെ അഹങ്കരിച്ചു എവിടെയെത്തും. ഞാനെന്തായിരുന്നു എന്ന് എന്നെ ഓര്‍മിപ്പിക്കാനും കൂടി ആയിരുന്നു ഇത്. ഇല്ലെങ്കില്‍ നമ്മളൊക്കെ "ജാഡ" കാണിച്ചു എവിടെയെതിയേനെ അല്ലെ.
    നൌഷു, ജയരാജ്, പ്രദീപ്‌, വായാടി, സിദ്ധിക്ക്, സിനു, മയൂര, വഷളന്‍, ജിഷാദ്, ശ്രീനാഥന്‍, കമ്പര്‍ എല്ലാവര്ക്കും നന്ദി. എന്നോടൊപ്പം എന്റെ ബാല്യകാലത്തേക്ക് സഞ്ചരിച്ചതിനു.
    തണല്‍ : പോസ്റ്റ്‌ നീളം ഇനിയും കൂടിയിരുന്നു. വെട്ടിച്ചുരുക്കിയതാ. ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ അദ്ദേഹം എവിടെയുമെതില്ല എന്ന് തോന്നി.
    ആദില : എന്റെ ഓര്‍മകളേക്കാള്‍ നല്ല കുറിപ്പ്. മുഴുവന്‍ വായിച്ചു അതിലെ നൊമ്പരങ്ങള്‍ അങ്ങിനെ തന്നെ ഏറ്റെടുത്തു കുറിച്ചതിന് നന്ദി.

    നമുക്കെല്ലാവര്‍ക്കും പ്രാര്‍ഥിക്കാം അദ്ദേഹത്തിന് വേണ്ടി മാത്രമല്ല. എല്ലാവര്ക്കും.
    കൂടെ സഹതപിക്കാം ആധുനികതയ്ക് പുറകിലോടുന്ന മലയാളിയുടെ നഷ്ടമാകുന്ന നന്മ ഓര്‍ത്തു.
    നിങ്ങളെങ്കിലും കണ്ടെത്തിയല്ലോ അത്. അത് മതി എനിക്കും. അദ്ദേഹം ഇപ്പോള്‍ ഇതെല്ലാം അറിഞ്ഞു സന്തോഷിക്കുന്നുണ്ടാവാം. മരണ ശേഷമെങ്കിലും അദ്ദേഹത്തെ കുറച്ചു പേര്‍ ഓര്‍ത്തല്ലോ എന്ന്.

    ReplyDelete
  23. വായിച്ചു കഴിഞ്ഞപ്പോൾ കണ്ണു നിറഞ്ഞു പോയി ..എല്ലാവരിലും ഉണ്ടാകും ഇങ്ങനെ പല അനുഭവങ്ങളും ... നമ്മളുടെ അന്ത്യം എങ്ങിനെയെന്നാർക്കറിയാം അല്ലെ... പ്രാർഥിക്കാം.. അവർക്കു വേണ്ടി..

    ReplyDelete
  24. സുല്‍ഫീ... ഞാന്‍ താങ്കളുടെ പോസ്റ്റ് വായിക്കാന്‍ ഇതിനു മുന്‍പു വന്നിരുന്നു ... എന്തോ തിരക്കു കാരണം പിന്നീടുവായിക്കാമെന്നു കരുതി പിന്നെ ഇപ്പഴാ വായിക്കാന്‍ കഴിഞ്ഞത് .... ആ നന്മ നിറഞ്ഞ മനുഷ്യനെപറ്റിയുള്ള ഓര്‍മ്മകള്‍ നന്നായിരുന്നു .. വായനക്കാരന്റെ മനസ്സിലേക്കിറങ്ങുന്ന വരികളെപ്പറ്റി പ്രത്യേകം പറയുന്നില്ല നല്ല ശൈലി .... ആശംസകള്‍

    ReplyDelete
  25. ഒഴുക്കുള്ള വാക്കുകള്‍ ....വീണ്ടും കാണാം

    ReplyDelete
  26. ഒന്നുകുടെ വരേണ്ടിവരും

    ReplyDelete
  27. പരേതാത്മാവിന്റെ ഓർമ്മക്കോപ്പം പ്രാരാബ്ദവും നോവും നിറഞ്ഞ സ്വന്തം കുടും‌മ്പ ജീവിതം. അതോടൊപ്പം ആകാലഘട്ടത്തിന്റെ ഒരു നേർകാഴ്ചയും തന്നു ഈ ഓർമക്കുറിപ്പ്...... ആശംസകൾ

    ReplyDelete
  28. ശരിക്കും മനസ്സിന്റെ ഉള്ളിൽനിന്നും വന്ന നൊമ്പരത്തിന്റെ ഓർമ്മകുറിപ്പുകൾ കേട്ടൊ സുൽഫി
    വളരെ ടച്ചിങ് ആയ എഴുത്ത്.....

    ReplyDelete
  29. ഓര്‍മ്മകള്‍ ഒന്ന് നാട്ടിലേക്കു പോയി...!!
    കടന്നു പോയ ഒരുപാടു ഇക്കമാരെ ഓര്‍മിപ്പിച്ചു..
    ഓരോ തവണ നാട്ടില്‍ പോവുമ്പോഴും കുട്ടിക്കാലം കടന്നു പോയ ചില ഇടങ്ങള്‍ ശുന്യമായിരിക്കും.
    അനിവാര്യവും ആരാലും തടുക്കാന്‍ ആവത്തതുമായ ഒന്ന്..മരണം.
    നമുക്ക് പ്രാര്‍ത്ഥിക്കാം.

    ReplyDelete
  30. നല്ല encourage തരുന്ന uncleന്റെ ഈ post കണ്ണ് നനച്ചല്ലോ.. പ്രാര്‍ഥിക്കുന്നു.

    ReplyDelete
  31. പതിനഞ്ച് പൈസയ്ക് പഴം കിട്ടിയിരുന്ന മദ്രസ്സക്കാലം തൊട്ട് ഉപ്പ് പെട്ടിവരെ ഒരു പാടോര്‍മ്മകള്‍ ഉണര്‍ത്തിയ പോസ്റ്റ്.

    പ്രാര്‍ത്ഥനകള്‍.....

    ReplyDelete
  32. എന്റ്റെ പ്രാറ്ത്ഥനയും ആദരാഞ്ജലികളും നേരുന്നു

    ReplyDelete
  33. പി.സി.കാക്കയെപ്പോലെ എല്ലായിടത്തും പലരെയും നമുക്ക് കാണാം. ഇന്ന് കാണാന്‍ കഴിയാത്തതും. ചിലപ്പോഴൊക്കെ അവരെ നമ്മള്‍ മറക്കുന്നു എന്നതും ഒരു വസ്തുതയാണ്. പ്രതീക്ഷിക്കാത്ത ഓരോന്ന് മനസ്സിലേക്ക് കയറിക്കൂടുന്ന ഒരു വല്ലാത്ത അവസ്ഥയിലാണ് ലോകത്തിന്റെ ഇപ്പോഴത്തെ ഗതി.
    സംഭവങ്ങള്‍ വളരെ തന്മയത്തമായി അവതരിപ്പിച്ചു. മുഷിവില്ലാതെ വായിക്കാനാകുന്ന ശൈലി.
    അഭിനന്ദനങ്ങള്‍...

    ReplyDelete
  34. മരിച്ച വ്യക്തിക്ക് ആത്മശാന്തി നേരുന്നു.
    താങ്കളെ അങ്ങോട്ടെക്കും ക്ഷണിക്കുന്നു.

    ReplyDelete
  35. വൈകി പോയി എത്താന്‍ ആത്മശാന്തി നേരുന്നു

    ReplyDelete
  36. ഹൃദയം കൊണ്ടാണ് ഞാൻ ഈ ഓർമ്മക്കുറിപ്പ് വായിച്ചത്. സുൾഫിയുടെ ഗ്രാമജീവിതത്തിൽ എനിക്ക് ഒരുപാടിടങ്ങളിൽ എന്നെ കണ്ടെത്താൻ കഴിഞ്ഞു.. കാട് അതെന്റെയും ഹൃദയത്തിൽ പൂത്തും ഇലകൊഴിച്ചും കരിഞ്ഞുണങ്ങിയും മഴക്കാറ്റിൽ തുള്ളിയും പിന്നെ പട്ടിണിക്കാലത്തിൽ അന്നം തന്നും പോറ്റിയ ഒന്നാണ്. ഓർമ്മയിൽ കാടുള്ള ഒരു മൃഗമാണ് ഞാൻ.

    പിന്നെ പലചരക്കുകടയിലെ ഉപ്പുപെട്ടി. പിന്നെ പിസിക്കയെപ്പോലുള്ള കച്ചവടക്കാർ. സ്നേഹവും അന്നവും കൂട്ടിക്കലർത്തി വരുന്ന്നവർക്കു കൊറ്റുക്കുന്നവർ.

    ഈ കാലത്ത് അവരെല്ലാം ഔട്ട് ഓഫ് ഡേറ്റഡ് ആയി.ആർക്കുവേണം
    നാട്ടിൻപുറത്തെ ചായക്കടകളും ചെറിയ പീടികകളും അവിടുത്തെ മനുഷ്യരുടെ സ്നേഹവും ഒക്കെ.

    മനുഷ്യത്വവും കാരുണ്യവും സ്നേഹവും ഗൃഹാതുരത്വവും, കുറ്റബോധവും
    ഒക്കെ നിറഞ്ഞു നിൽക്കുന്ന എഴുത്ത്.
    നാം ജീവിക്കുന്ന ജീവിതം തെറ്റാണെന്ന് നമ്മെ വീണ്ടും വേണ്ടും ഓർമ്മിപ്പിക്കാൻ ഇത്തരം എഴുത്തുകൾ ആവശ്യമുണ്ട്.

    പിന്നെ ഓരോ കുറിപ്പുകൾക്കും ഓരോ സ്വഭാവമാണ്. അതിനനുസരിച്ച് എഴുത്തിലും വരണം മാറ്റം. കുറച്ചുകൂടി നീളം കുറച്ച്
    വൈകാരികമാക്കാമായിരുന്നു.

    അക്ഷരത്തെറ്റുകൾ തിരുത്തുക. പ്രൊഫൈലിലുമുണ്ട് ഒന്നു രണ്ട് തെറ്റുകൾ. സംവദിക്കുക എന്നതാണ് ശരി.

    ReplyDelete
  37. ഉമ്മു അമ്മര്‍ : വന്നന്തിലും അഭിപ്രായത്തിനും നന്ദി.
    മരഞ്ചാടി : ഇത്രടം പിന്നെയും വന്നൂലോ അത് മതി.
    ആയിരത്തൊന്നു റാവു : വീണ്ടും കാണണം എന്ന് പറഞ്ഞിട്ട് പിന്നെ കണ്ടില്ലല്ലോ. ക്ഷമിക്കണം. അവിടെ വന്നിരുന്നു. കവിത ആയതിനാല്‍ മെല്ലെ തിരിച്ചു പോന്നു.
    പാലക്കുഴി : നന്ദി. ഇനിയും വരണേ.
    ബിലതീ : വന്നനുഗ്രഹിച്ചല്ലോ അത് മതി.
    ഫൈസല്‍ :അതെ നമുക്ക് പ്രാര്‍ഥിക്കാം. എന്നല്ല അതിനെ നമുക്ക് പറ്റൂ.
    ($nOwf@ll) : കണ്ണ് നനയിക്കാന്‍ മാത്രം ഞാനെന്തെങ്കിലും എഴുതിയോ മോളൂ. വന്നതില്‍ സന്തോഷം.

    വല്യമ്മായി : നിങ്ങളെ പോലെ പയറ്റി തെളിഞ്ഞവര്‍ വന്നു നിന്നാല്‍ തന്നെ ഒരു ധൈര്യമാ കേട്ടോ. ഇടയ്ക്കിടെ ഈ വഴിയൊന്നു വരണം. (അവിടെ വന്നു അബദ്ധങ്ങള്‍ കുറിച്ചിട്ടുണ്ട്)

    Pd : നന്ദി പ്രാര്‍ത്ഥിച്ചതിനു.

    റാംജി : ഇപ്പോള്‍ കമന്റാന്‍ പറ്റുന്നല്ലോ അല്ലെ. വന്നു ഫോളോ ചെയ്തനുഗ്രഹിച്ചതിനു നന്ദി.

    കണ്ണൂരാന്‍ : അവിടെയും വന്നല്ലോ.

    ഏറക്കാടന്‍ : വൈകി വരുന്ന വണ്ടി എന്നും നമുക്ക് ഉപകാരമല്ലേ. അതിനാല്‍ തന്നെ എനിക്ക് നല്ലൊരു കൂടുകാരനെ കിട്ടിയില്ലേ. അതും ലൈവ് ആയി.

    സുരേഷ് അണ്ണാ : എന്റെ പോസ്ടിനെക്കാള്‍ ഗംഭീരമായ വരികള്‍. തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി. നേരത്തെ കണ്ടിരുന്നു. ടൈപ്പ് ചെയ്യുമ്പോള്‍ ചില അക്ഷരങ്ങള്‍ കിട്ടുന്നില്ല. അത് ശരിയാക്കിയിട്ട് ശരിയാവുന്നുമില്ല. ടൈപ്പിംഗ്‌ പഠിച്ചെടുക്കാന്‍ കുറച്ചു സമയമെടുത്തെ. ഏതായാലും തുറന്നു പറഞ്ഞതില്‍ നന്ദി. (എനിക്കും അത്തരം ആളുകലെയാനിഷ്ടം) നമ്മുടെ തെറ്റുകള്‍ ചൂണ്ടി കാണിചാലല്ലേ നമ്മള്‍ ഇനിയും മുമ്പോട്ടു നീങ്ങു. ഒരു പാട് നന്ദി. ഇനിയും വന്നു എന്നെ നേര്‍വഴിക്കു നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

    പ്രിയമുള്ളവരേ : വായിച്ച ഏല്ലാവര്‍ക്കും നന്ദി. ഇനിയും വരിക ഈ വഴിയരികില്‍ ഞാനുണ്ടാവും. എന്നും.

    ReplyDelete
  38. കൊള്ളാം മോനേ. ഇങ്ങനെ വേണം. നമ്മള് വന്ന വഴി മറക്കരുത്...

    ReplyDelete
  39. മാഷിന് കത്തെഴുതണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഒന്ന് ഇത്രടം വരെ വരാന്‍.
    വന്നൂലോ. ഈ ശിഷ്യന് സന്തോഷായി.
    ഇനിയും ഈ വഴി വരുംന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  40. പ്രിയ സുല്‍ഫി...
    ഞാന്‍ കളര്‍ മാറ്റിയല്ലോ.കെ.പീ.എസ്സും സുള്‍ഫിയും വായാടിയും പറഞ്ഞതുകന്ടു.അത് ഒരബദ്ധം [അല്ലെങ്കില്‍ വലിയ കേമി..]
    പറ്റിയതാണ്.ഇനി വായിച്ചുനോക്കൂ...സസ്നേഹം..

    ReplyDelete
  41. This comment has been removed by the author.

    ReplyDelete
  42. പാവം. ആദരാഞ്ജലികള്‍.

    ReplyDelete
  43. ജീവിതത്തില്‍ നമ്മള്‍ സഞ്ചരിച്ച വഴിയും അതില്‍ നമ്മളെ സ്വാധീനിച്ച വ്യക്തികളേയും ഇന്നും സ്നേഹത്തോടെ സ്മരിക്കുന്ന സുള്‍ഫിക്ക് എന്റെ അഭിനന്ദനം

    ReplyDelete
  44. നമുക്കു വളരെ വേണ്ടപ്പെട്ടവരുടെ വിയോഗം വരുത്തുന്ന വിടവുകള്‍ അവര്‍ണ്ണനീയമാണ്.എനിക്കുമുണ്ട് ഇതു പോലത്തെ അനുഭവങ്ങള്‍.

    ReplyDelete
  45. സുല്‍ഫീ .....
    ഈ വഴികളില്‍ മടങ്ങിവരാന്‍ അല്പം ഒന്ന് താമസിച്ചപ്പോഴേക്കും എനിക്ക് ഒരുപാട് നഷ്ടം വന്നല്ലോ.....
    ഈ നന്മകള്‍ മനസ്സില്‍ എന്നും ഉണ്ടാവട്ടെ....
    പിന്നെ പി .സി ക്കയെ പറ്റി...
    ജീവിതം ഒരു അരങ്ങു മാത്രമാണ്....
    നമ്മുടെ ഭാഗം കഴിഞ്ഞാല്‍ ഒഴിഞ്ഞു കൊടുക്കണം ...അടുത്ത ആളിന് വേണ്ടി...\
    ഈ അരങ്ങില്‍ അദ്ദേഹത്തിന്റെ ഭാഗം ഇക്ക ഭംഗിയായി തീര്‍ത്തു....
    ഇനി നാളെ ഞാന്‍ ആവാം...നിങ്ങള്‍ ആവാം...
    എന്നാലും ഒരു ഇല കൊഴിയുന്നതില്‍ പോലും പഠിക്കാന്‍ ഒരുപാടുണ്ട്...
    നന്ദി ..കണ്ണീരിന്റെ നനവുള്ള ഒരു പോസ്റ്റിനു.......
    വിമര്‍ശിക്കാന്‍ ഞാന്‍ ആളല്ല ..
    എന്നാലും...
    അല്പം കൂടി ചുരുക്കുക...

    ReplyDelete
  46. ക്ഷമിക്കുക ഒരുപാട് വൈകി ഇവിടെ എത്താന്‍ ഞാനും.
    കുമാരേട്ടാ : നന്ദി കേട്ടോ ഇവിടെ വന്നതിനു.
    വായാടി : ഇത്രക്കൊകെ ഉണ്ടോ? നന്ദി വീണ്ടും അഭിനന്ദിച്ചതിനു. (ഇനിയും വേണ്ടാട്ടോ.. ഞാന്‍ അങ്ങ് ചെറുതായി പോകുന്ന പോലെ തോന്നുന്നു)
    മുഹമ്മദ്‌ കുട്ടി ഇക്ക : നമ്മുടെ വേണ്ടപ്പെട്ടവരുടെ വിയോഗം, അതല്ലേ എന്നും ഓര്‍ക്കേണ്ടതും, ഓര്മിപ്പിക്കപെടെണ്ടതും.
    മഴപ്പക്ഷി : എനിക്ക് താങ്കളെ ഒരിക്കലും മറക്കാന്‍ പറ്റില്ല. എന്റെ ആദ്യ ബ്ലോഗിന് ആദ്യ കമന്റ് ഇട്ട ആളല്ലേ. വൈകിയിട്ടോന്നുമില്ല. സമയ കുറവ് മൂലം എത്താന്‍ വൈകിയെന്നെയുള്ളൂ അല്ലെ. എല്ലാവര്ക്കും പറ്റുന്ന കാര്യം. മറ്റാരെകാലും എന്റെ എല്ലാ പോസ്റ്റിനും താങ്കളുടെ അഭിപ്രായത്തിനു ഞാന്‍ വില കല്പിക്കുന്നതും എന്നെ അറിഞ്ഞ ആദ്യ ആള്‍ എന്നാ നിലക്കാന്.
    ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി വന്നതിനു.

    ReplyDelete
  47. ..
    അന്നെന്നെയും ഉണര്‍ത്തിയത്
    ഇറകള്‍ക്കിടയിലൂടൊളിഞ്ഞെത്തിയ
    സൂര്യകണമായിരുന്നു
    എന്നത്തെയും പോലെ..

    തൊടിയില്‍ പൊഴിഞ്ഞ
    കണ്ണിമാങ്ങ പെറുക്കിയും

    അമ്മിണിപ്പൈയ്യില്‍ ചുരന്ന പാല്‍
    അങ്ങാടിയില്‍ കൊടുത്തും

    അച്ഛനെ “ഇസ്കിയ” തുട്ടിനാല്‍
    കപ്പലണ്ടി തിന്നും

    കാറ്റിനൊപ്പം
    ചൂളമടിച്ചും

    വഴിയിറമ്പിലെ
    പുല്‍നാമ്പില്‍ തഴുകിയും

    ആകാശ വെണ്‍നുരയില്‍
    കണ്ണയച്ചും

    വീണ്ടുമാ കുടിയില്‍
    സന്ധ്യയില്‍, മടക്കം..

    വീണ്ടുമതേ മണ്ണെണ്ണവിളക്കിന്‍
    ചോട്ടില്‍,

    ചിതലുകള്‍ അരിച്ച
    കശുമാവിന്‍ മേശയില്‍

    ഞാനും
    എന്‍ പാഠങ്ങളും

    പ്രത്യാശതന്‍
    തിരയിളക്കത്താല്‍
    എന്നെ നോക്കി
    നാലു കണ്ണുകളും..
    ..
    ഓര്‍മ്മകള്‍ക്ക് മരണമില്ലാതാവട്ടെ,
    ആശംസകളോടെ..
    ..

    ReplyDelete
  48. This comment has been removed by the author.

    ReplyDelete
  49. സുല്‍ഫി,
    ഓര്‍മ്മക്കുറിപ്പ്‌ ഹൃദയ സ്പര്‍ശിയായി എഴുതി. പി സി ക്ക മനസ്സില്‍ നൊമ്പരമുണര്‍ത്തുന്ന കാഥാപാത്രമായി. ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും. കരയുമ്പോള്‍....എന്ന പാട്ടാണ് ഓര്‍മ വരുന്നത്. പോസ്റ്റ് അല്പം ദീര്‍ഘിച്ചു പോയില്ലേ എന്നൊരു സംശയം. ധാരാളം എഴുതുക. എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  50. ഭായ്...മിഴിനീര്‍ത്തുള്ളിയുടെ മിഴികള്‍ നിറഞ്ഞിരിക്കുന്നു...
    ഒന്നും എഴുതാന്‍ പറ്റുന്നില്ല...
    അള്ളാഹു അദ്ദേഹത്തിന്റെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ(ആമീന്‍)

    ReplyDelete
  51. രവി : കവിതയ്ക്ക് എന്റെ വക ഒരു പ്രണാമം. ഗംഭീരം. എന്റെ എഴുത്തിനു കിട്ടിയ ആദ്യ അംഗീകാരമായി ഈ കവിത ഞാന്‍ സ്വീകരിക്കുന്നു.
    അക്ബര്‍ ഭായ് : ഈ വരവ് എന്നെ സന്തോഷവാനാക്കുന്നു. കൂടെ നിര്‍ദെശങ്ങള്‍കായി കാത്തിരിക്കുന്നു. എഴുത്തില്‍ തെറ്റുകളും അബദ്ധങ്ങളും വന്നു ചാടിയാല്‍ മടിക്കാതെ പറയണേ.
    റിയാസ് : മനസിലേറ്റിയതിനു നന്ദി.

    ReplyDelete
  52. എന്റെയും കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു... ഇഹലോകത്തും പരലോകത്തും വിജയം വരിച്ചവരില്‍ അദ്ദേഹത്തെ അല്ലാഹു ഉള്‍പ്പെടുത്തുമാറാവട്ടെ.. ആമീന്‍...

    ReplyDelete
  53. ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു..അനുഭവങ്ങള്‍
    എഴുതുമ്പോള്‍ അതിഭാവുകത്വങ്ങളോ കൂട്ടിച്ചേര്‍ക്കലുകളോ
    ഇല്ലാതെ തന്നെ എഴുതുന്നതാണ് അതിന്റെ ഒരു ശരി..
    വായിക്കുന്നവരുടെ മനസ്സില്‍ തട്ടാതെ പോകില്ല .അത്രക്കും
    അത്മാര്‍ത്ഥതയോടെ എഴുതിയിരിക്കുന്നു..പിന്നിട്ട
    പാതകളിലേക്കുള്ള തിരിച്ചു നോട്ടാം ജീവിക്കാനുള്ള്
    ഒരു ആവേശമാകും..

    ReplyDelete
  54. നന്ദി ഷബീര്‍.
    മുനീര്‍ : അന്ന് മനസില്‍ തോന്നിയത് അത് പോലെ കുറിച്ചിട്ടു.
    സന്തോഷായി. ഇഷ്ടായല്ലോ. നന്ദി.

    ReplyDelete
  55. ശരിക്കും നമ്മള്‍ക്കെന്താ സംഭവിച്ചത്. കുടുംബ ബന്ധങ്ങളും സ്നേഹവും എല്ലാം എവിടെ പോയി? മലയാളി ഇന്ന് തിരക്കുകളുടെ ലോകത്തായി മാറിയിരിക്കുന്നു.
    കുടുംബങ്ങള്‍ ചെറു കുടുംബങ്ങളായി മാറി ഫ്ലാറ്റുകള്‍ക്ക് അകത്തേക്ക് ഒതുങ്ങിയിരിക്കുന്നു. അടുത്ത വീട്ടിലുള്ളവര്‍ ആരെന്നു പോലും അറിയാത്ത വിധം നാം മാറിയിരിക്കുന്നു,,ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സത്യങ്ങള്‍..നന്നായിരിക്കുന്നു.സുല്‍ഫി

    ReplyDelete
  56. കണ്ണുകള്‍ നിറഞ്ഞു സുല്‍ഫിക്കാ..
    അവരുടെ മഗ്ഫിറത്തിനായുള്ള പ്രാര്‍ത്ഥനയോടെ...
    :(

    ReplyDelete
  57. ഒരു വര്‍ഷത്തിനു ശേഷം, എന്റെ പഴയ പോസ്റ്റുകളിലേക്ക് തിരിഞ്ഞു നോട്ടം.
    സുഹാസ്‌ : ബന്ധങ്ങള്‍ നമ്മെ നല്ല വഴിക്ക് ആണ് നടത്തിച്ചതെന്കില്‍ അത് നല്ലത് തന്നെ.
    ഈ വരവിനു ഒരുപാട് നന്ദി.

    റിയാസ്‌ : സന്തോഷായി. ഇനിയും കാണാം.

    ReplyDelete
  58. ഹംസക്കയുടെ പോസ്റ്റിലെ കമന്റിലൂടെ വന്നു. സുല്‍ഫീക്ക...വേദനക്കുറിപ്പുകള്‍ വല്ലാതെ നോവിച്ചു...

    ReplyDelete

വല്ലതും പറയാന്‍ തോന്നുന്നുണ്ടോ... എന്നാലത് വേഗമാവട്ടെ. ഇവിടെ...
I am waiting for your comments