Thursday, June 24, 2010

സ്വിമ്മിംഗ് പൂള്‍

ഒരു ഫ്ലാഷ് ബാക്ക്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്.
രംഗം ഒന്ന് : ഞങ്ങളുടെ റൂം.
"എനിക്കിനി ഇവിടെയും നില്‍ക്കാന്‍ പറ്റൂലല്ലോ..."
കൂട്ടുകാരന്റെ ഓടിയുള്ള വരവും കരച്ചിലും കേട്ടാണ് തിരിഞ്ഞു നോക്കിയത്.
നെറ്റിലും, ചാറ്റിങ്ങിലും ശ്രദ്ധിച്ചിരുന്ന ഞാന്‍ മെല്ലെ കമ്പ്യുടറിന്റെ മുമ്പില്‍ നിന്ന് മാറി പുറകോട്ടു നോക്കി.
ഓടി വന്നു കമഴ്ന്നു കിടന്നു കരയുകയാണ് കക്ഷി.
"എന്താടാ പ്രശ്നം?"
"ആകെ പ്രശനമാണ്, എനിക്കിനി ഇവിടെയും ജീവിക്കാന്‍ പറ്റുകേല"
"എന്താ സൈദെ പ്രശ്നം, നീ അത് പറ"
ആള്‍ വിസിറ്റില്‍ ദുബൈയില്‍ എത്തിയിട്ട് ഒരാഴ്ച ആയതേ ഉളളൂ. സൈദ്‌, എന്റെ അടുത്ത കൂട്ടുകാരനാണ്.
നാട്ടില്‍ തന്നെ അടിപിടിയും പ്രശ്നങ്ങളുമായിട്ടാ ഇങ്ങോട്ട് കയറ്റിയത്. ഒരു അടിപിടി കേസില്‍ നിന്നും അവിടെ നിന്നും ഇങ്ങോട്ട് മുങ്ങിയതാ ആള്‍.
ഇനി ഇവിടെ വന്നും തുടങ്ങിയോ?
ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ കാര്യം പറഞ്ഞു.
ഞാനിപ്പോള്‍ ടി. വി. യില്‍ കണ്ടു എന്റെ ഫോട്ടോ. നാട്ടില്‍ നിന്നും പോലീസുകാര്‍ എത്തി ഇവിടെയും ന്യൂസ്‌ കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നു.
ആള്‍ പേടിച്ചു വിറക്കാന്‍ തുടങ്ങി.
"ഇല്ലെടാ, നീ ഏതു ചാനലില്‍ ആണ് കണ്ടത്?"
ഉടന്‍ തന്നെ റൂമിലുള്ള എല്ലാ അറബി ചാനലുകളും മാറി മാറി ഇട്ടു നോക്കി ഞാന്‍.
"അതൊന്നും അറിയില്ല, ആ ടി. വി. കടക്കു മുമ്പിലൂടെ നടക്കുമ്പോഴാ കണ്ടത്. ഇനിയിപ്പോള്‍ നമ്മളെന്താ ചെയ്യുക".
ങേ. സംഗതി പുലിവാലായോ. ഈ കുരിശിനെ കൊണ്ട് ഞാന്‍ പെട്ടോ?
ഞാന്‍ കൂട്ടുകാരെ പലരെയും വിളിച്ചു. ആരും അങ്ങിനെ ഒരു ന്യൂസ്‌ കണ്ടതായി ഓര്‍ക്കുന്നില്ല. ഏതു ചാനല്‍ ആണ് ഭഗവാനെ?
'ഏതായാലും വാ. നമ്മള്‍ക്ക് കടക്കാരോട് തന്നെ ചോതിക്കാം, തൊട്ടു മുമ്പ് അവര്‍ ഏതു ചാനല്‍ ആയിരുന്നു ഇട്ടതെന്ന്'
'ഞാനില്ല, ഇനി പോലീസുകാര്‍ കണ്ടാല്‍ എന്നെ അവരങ്ങ് കൊണ്ട് പോകും'. ആള്‍ കിടന്നിടത്ത് നിന്നും അനങ്ങുന്നില്ല.
'ഇല്ലെടോ, നീ പേടിക്കേണ്ട, ദുബായ് പോലീസിലെ മുദീറിന്റെ (മാനേജര്‍, ചീഫ്) മകന്‍ എന്റെ കൂട്ടുകാരന്‍ ആണ്'. പുതിയ ആളല്ലേ, ഞാനങ്ങു കാച്ചി.
'എന്നാല്‍ നീ ഇപ്പോള്‍ തന്നെ വിളിച്ചു വല്ലതും ചെയ്യാന്‍ പറ്റുമോന്നു നോക്ക്. ചില്ലറ വല്ലതും കൊടുത്തു ഒതുക്കാമോന്നു'.
ആഹാ, ഇവനാള് കൊള്ളാമല്ലോ. വന്നതിന്റെ ആറാം ദിവസം കൈക്കൂലി കൊടുക്കാന്‍ ഉപദേശിക്കുന്നോ? അതും ദുബായ് പോലീസ് ചീഫിന്. അവന്റെ പൈസ ഒന്നുമല്ല അതും എന്റേത് തന്നെ. എങ്ങിനെ കക്ഷി? നീയൊക്കെ എന്റെ കൂട്ടുകാരനായി തന്നെ വരണം. ഞാന്‍ മനസ്സില്‍ ഓര്‍ത്തു.
'നമ്മള്‍ക്ക് ശരിയാക്കാം, ആദ്യം ഏതു ചാനലിലാ വന്നതെന്ന് നോക്കാം. നീ വാ, കണ്ട സ്ഥലം പറ'
അവനതു വിശ്വസിച്ചു എന്ന് തോന്നി, മെല്ലെ എഴുന്നേറ്റു പുറകെ വന്നു.
കുറച്ചു നടന്നപ്പോള്‍ ഒരു ഇലക്ട്രോണിക്സ് കടയുടെ മുമ്പില്‍ എത്തി. ഇതാ കട.
ഞങ്ങള്‍ കയറിയതും വീണ്ടും അവിടെ നിരത്തി വെച്ചിരിക്കുന്ന എല്ലാ ടി. വി. യിലും കാണിച്ചു, ഇപ്രാവശ്യം അവനെ മാത്രമല്ല. കൂടെ ഞാനുമുണ്ടായിരുന്നു.
'ഓടിക്കോ മോനെ. ഇപ്പോള്‍ ഞാന്‍ മാത്രമല്ല. നീയും ഉണ്ട് കൂടെ, നോക്ക്'
ടി. വി. യിലേക്ക് നോക്കിയ ഞാന്‍ തലയില്‍ കൈ വെച്ച് അവിടെ ഇരുന്നു പോയി.
എന്തെന്നോ? കടയുടെ മുമ്പില്‍ ഫിറ്റ്‌ ചെയ്ത കാമറയിലൂടെ, അവിടെ പോകുന്ന എല്ലാവരെയും ടിവിയില്‍ ഡിസ്പ്ലേ ചെയ്യുന്നുണ്ടായിരുന്നു.
ഇതാ സംഭവം. ചിരിച്ചു ചിരിച്ചു മണ്ണ് കപ്പിയ ഞാന്‍ ഒടുവില്‍ വിശദീകരിച്ചു കൊടുക്കേണ്ടി വന്നു.
ഇടി വെട്ടിയവനെ പോലെ ഇരുന്ന അവനെ. അതോ ചമ്മിയതോ, ഒന്ന് കാണേണ്ടതായിരുന്നു അപ്പോള്‍.
(അടുത്ത ദിവസം ദുബായ് ഏഷ്യാനെറ്റ്‌ റേഡിയോയില്‍ ഈ സംഭവം വിവരിച്ചിരുന്നു ഞങ്ങള്‍ കൂട്ടുകാര്‍)

രംഗം രണ്ടു :
വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇതേ കക്ഷി.
സ്വന്തമായി ബിസിനസ്‌ ഒക്കെ ആയി. പച്ച പിടിച്ചു തുടങ്ങി.
സ്വന്തമായി കാര്‍ വാങ്ങി. പിന്നെ അവന്റെ ചിരകാല അഭിലാഷമായ കൂളിംഗ് ഗ്ലാസും. ഡ്രൈവ് ചെയ്യുമ്പോള്‍ ഇടാനാണ് കേട്ടോ (അവന്‍ പറഞ്ഞ അറിവ്)
പക്ഷെ ഒരു കുഴപ്പം, സമയം കിട്ടിയാല്‍ ഗ്ലാസ്‌ എടുത്തു മുഖത്ത് വെച്ച് കളയും ആശാന്‍.
ഇവനെന്താ കൂളിംഗ് ഗ്ലാസില്‍ ആരോ കൂടോത്രം ചെയ്തിട്ടുണ്ടോ എന്ന് പറയാറുണ്ട്‌ ഞങ്ങള്‍.
ഏതായാലും, വ്യാഴാഴ്ചയിലെ വൈകുന്നേരങ്ങളില്‍ റൂമില്‍ മുഴുവന്‍ തിരക്കാണ്. അല്ലെങ്കില്‍ തന്നെ മൂന്നു പേര്‍ കഷ്ട്ടിച്ചു കിടക്കാവുന്നിടത് അഞ്ചു പേരാ കിടക്കുന്നത്.
വ്യാഴാഴ്ച ആയാല്‍ രാത്രി മറ്റു കൂട്ടുകാര്‍ കൂടെ എത്തും. പിന്നെ ആകെ ബഹളമാ. രാത്രി പത്തു മണിയോടെ എല്ലാവരും എത്തും റൂമില്‍, ഏകദേശം 10 പെരോളമുണ്ടാവും.
ഒരുമിച്ചു നടക്കാനിറങ്ങും. കാണുന്ന എവിടെയും കയറും. എന്തും കഴിക്കും. അങ്ങിനെ അടിച്ചു പൊളിച്ചു പാതിരാ വരെ കറങ്ങി, തിരിച്ചു റൂമില്‍ വന്നു 'കടപ്പുറത്ത് മത്തി ഉണങ്ങാനിട്ട പോലെ' തലങ്ങും വിലങ്ങും കിടക്കും.
അത് പോലെ ഒരു ദിവസം. പതിവ് നടത്തത്തിനിടയില്‍ , 'തറവാട് ബാര്‍' എന്ന് കണ്ടപ്പോള്‍ ഒരുവന് ആഗ്രഹം. കയറി നോക്കിയാലോ? ഒന്നുമില്ലെങ്കിലും നല്ല കപ്പയും മത്തിയും കിട്ടും. കൂടെ മിനുങ്ങണം എന്നുള്ളവര്‍ക്ക് അതുമാവാം. ഞങ്ങള്‍ ചിലര്‍ മടിച്ചു നിന്നെങ്കിലും ഭൂരിപക്ഷത്തിന്റെ മൃഗീയ അഭിപ്രായത്തിനു മുമ്പില്‍ പിന്നെ മറ്റൊന്നും പറയാനില്ലായിരുന്നു.
കയറിയപ്പോള്‍ തന്നെ കണ്ടു, അരണ്ട വെളിച്ചത്തില്‍, തുറസ്സായ സ്ഥലം. ഇടയ്ക്കു കൃത്രിമമായി പുല്‍മേടും, മരങ്ങളും. ഒരു സ്വിമ്മിംഗ് പൂള്‍. അതിനു ചുറ്റും കസേര സജ്ജീകരിച്ചിരിക്കുന്നു. കൊള്ളാം.
നമ്മുടെ കക്ഷി, കയറുന്നതിനു മുമ്പേ അങ്ങേരുടെ 'സ്ഥിരം ഗ്ലാസ്സ്‌' ഫിറ്റ്‌ ചെയ്തിരുന്നു. ഞങ്ങള്‍ എല്ലാവരും മെല്ലെ നടന്നു ഒരു ഒഴിഞ്ഞ സ്ഥലത്ത് ഇരുന്നു.
കക്ഷി ഒന്ന് മൂത്രം ഒഴിച്ച് വരാം എന്ന് പറഞ്ഞു എഴുന്നേറ്റു ബാത്രൂമിന്റെ ഭാഗത്തേക്ക് നടന്നു.
നേര്‍ത്ത വെളിച്ചമായതിനാലും, ഗ്ലാസ്സ്‌ വെച്ചതിനാലും, പിന്നെ തറയും 'പൂളും' ഒരേ ലെവല്‍ ആയതിനാലും, കക്ഷിക്ക് സംഗതി മനസിലായില്ല. നേരെ നടന്നത് പൂളിലെക്കായിരുന്നു.
പിന്നെ ഞങ്ങള്‍ കണ്ടത്, ഓടിക്കൂടുന്ന ആളുകളും സെക്യുരിറ്റി ഗാര്‍ഡും കൂടെ കൈ പിടിച്ചു കയറ്റുന്നതാണ്.
ചിരിക്കണോ അതോ വേറെന്താ വേണ്ടതെന്നറിയാതെ തരിച്ചിരുന്ന ഞങ്ങളുടെ അടുക്കലേക്കു, ആകെ വെള്ളത്തില്‍ കുളിച്ചു കയറി വന്ന അവനെ കണ്ടപ്പോള്‍ എനിക്കോര്‍മ വന്നത്, പണ്ട് ടി. വി. ഷോപിന്റെ മുമ്പില്‍ അവന്‍ ഇരുന്ന ആ ഭാവമായിരുന്നു.

(പ്രിയ സുഹുര്‍തെ, ഈ രക്തത്തില്‍ എനിക്ക് പങ്കില്ല)

68 comments:

  1. (((((ഠേ))))))
    തേങ്ങാ എന്റെ വക!

    ReplyDelete
  2. അലി വായിക്കാതെ തേങ്ങ ഉടച്ചോ?
    നാളയെ വായിക്കൂ എന്ന് കരുതിയതാ.. പിന്നെ എന്‍റെ ഹബീബായ സുല്‍ഫി ഒരു പോസ്റ്റിട്ടാല്‍ അപ്പോള്‍ തന്നെ വായിച്ചില്ലാ എങ്കില്‍ ഇന്നുകിടന്നാല്‍ ഉറക്കം വരില്ലെ എന്നൊരു തോന്നല്‍ അതുകൊണ്ട് ആ കര്‍മ്മം ഞാന്‍ ഇപ്പഴെ അങ്ങ് നിര്‍വഹിച്ചു.
    അപ്പോള്‍ പോസ്റ്റിന്‍റെ കാര്യം ഒന്നാം ഭാഗം കുടുകുടെ ചിരിപ്പിച്ചു. നിന്നെയും കണ്ടു എന്നുപറഞ്ഞപ്പോള്‍ തന്നെ കാര്യം പിടികിട്ടി.
    അടിപിടികേസില്‍ എല്ലാം പെട്ട് നാട്ടില്‍ നിന്നും മുങ്ങിയ ഗുണ്ടകളാണോടാ നിന്‍റെ ഫ്രന്‍റ്സ്?
    ആദ്യഭാഗത്തിന്‍റെ അത്രക്കില്ലാ എങ്കിലും രണ്ടാം ഭാഗവും ഒരു ചെറുചിരിക്കുള്ള വകയുണ്ട്.
    അപ്പോള്‍ ഇനി ഞാന്‍ പോയി ഉറങ്ങട്ടെ ...? സമാധാനമായില്ലെ.. നിനക്കല്ല എനിക്ക്. :)

    ReplyDelete
  3. സുള്‍ഫിയുടെ സ്വഭാവവും കയ്യിലിരിപ്പും വെച്ച് നോക്കുമ്പോള്‍ സ്വന്തം മുഖം റ്റി. വിയില്‍ കണ്ടിട്ട് പേടിച്ചോടിയതും, സ്വിമ്മിംഗ് പൂളില്‍ വീണതും സുള്‍ഫിതന്നെ ആയിരിക്കാനാണ്‌ സാധ്യത. എന്തിനാ സുള്‍ഫി ഇങ്ങിനെ കല്ലുവെച്ച നുണപറയണേ? :)

    ReplyDelete
  4. നമ്മുടെ പ്രവാസ ജീവിതത്തിൽ ഇത്തരം സൈദുമാരാണല്ലോ ,കൊച്ചുകൊച്ചു കളിവിളയാട്ടങ്ങളിലൂടെ നമ്മൾക്ക് സന്തോഷം പകർന്നുകൊണ്ടിരിക്കുന്നത്...
    ഈ സന്തോഷം ബൂലോകത്തിനകം മുഴുവൻ പങ്കുവെച്ചതിൽ ഞങ്ങൾക്കും പെരുത്ത് സന്തോഷം കേട്ടൊ...ഗെഡീ

    ReplyDelete
  5. ഹ..ഹ..ഹ
    എനിക്ക് സംശയം ഈ സൈദ് നമ്മുടെ ബ്ലോഗർ സുൽഫി തന്നെയാണോ എന്നാണു..
    ഹ..ഹ..ഹ
    എന്തായാലും നല്ല ചിരിമരുന്നായി ഈ പോസ്റ്റ്, അഭിനന്ദനങ്ങൾ ഇക്കാ..ഇനിയും പോരട്ടേ,
    സൈദിനെ വിടണ്ട, ഇനിയും ചിരിക്കാനുള്ള വകകൾ കിട്ടും നിങ്ങൾക്കും ഞങ്ങൾ വായനക്കാർക്കും..

    ReplyDelete
  6. സൈദ്‌ ഇത്രേം 'ബുദ്ധി'ഉള്ളവനാനെന്കില്‍ കൂട്ടുകാരന്റെ ബുദ്ധിയും ഒന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു...
    ഒപ്പം നാട്ടില്‍ മൊത്തം എത്ര കേസുകെട്ടുകള്‍ ഉണ്ടെന്നും..

    ReplyDelete
  7. കൂളിംഗ് ഗ്ലാസും വെച്ച് സെക്കന്റ് ഷോ കാണാനെത്തുന്ന പരിഷ്കാരികളെ കണ്ടിട്ടുണ്ട്. അവരു ദുഫായിൽ വന്നാൽ ഉറക്കത്തിലും കണ്ണട വെയ്ക്കും. ചങ്ങാതി കൊള്ളാം.
    പ്രൊഫൈലിലെ ഫോട്ടോയിൽ പഴയ കറുത്ത കണ്ണാടിമാറ്റിയതെന്തിനാ സൈദേ!

    ഹംസാക്കാ...
    ഒരു തേങ്ങയുമായി നടക്കുവായിരുന്നു.
    ഏറുകൊണ്ട് സുൽഫി സോറി സൈദ് കുളത്തിൽ വീണു.

    ReplyDelete
  8. സുള്‍ഫീ, കഥ വായിച്ച് ശരിക്കും ചിരിവന്നു. ടീവിയില്‍ ഫോട്ടോവന്നത് എങ്ങിനെ പറഞ്ഞൊപ്പിക്കും എന്ന് ആകാംക്ഷാപൂര്‍വ്വം വായിക്കുകയായിരുന്നു. എന്തായലും സംഗതി വിറ്റായി. കൂട്ടുകാരന്‍ ഇപ്പോഴും കൂടെയുണ്ടോ?
    രണ്ടാം ഭാഗം വായിക്കുമ്പോള്‍ കക്ഷി കൂളിങ്ങ് ഗ്ലാസ്സിട്ട് ഹോട്ടലില്‍ കയറി, മുള്ളന്‍ പൊരിച്ചത് കണ്ട് കരിമ്പൂട്ടയാണന്ന് പറഞ്ഞ് വഴക്കടിക്കുമോ എന്ന് സംശയിച്ചിരുന്നു, എന്തായാലും അതും വിരസമാക്കാതെ പറഞ്ഞൊപ്പിച്ചു. ഈ കൂട്ടുകാരന്റെ കഥകള്‍ ഇനിയും സ്റ്റോക്ക് കാണുമോ?

    ReplyDelete
  9. നല്ല രസം. സുൾഫിയുടെ ഇത്തരം കൂട്ടുകാരെക്കുറിച്ച് ഇനിയും എഴുതണം. കൂട്ടുകാരോട് സുൾഫിയെക്കുറിച്ചും. ആട്ടേ, സുൾഫിടെ കേസ് ന്തായിരുന്നു?

    ReplyDelete
  10. എന്തായാലും സുൾഫിയുടെയും കൂട്ടുകാരന്റെയും കഥയൊക്കെ അന്താരാഷ്ട്രപ്രസസ്തി നേടിയ സ്ഥിതിയ്ക്ക് ഇനി അവിടെ നിൽക്കണ്ട!
    നമ്മുടെ സെബാസ്റ്റ്യൻ പോളിന്റെ മൂത്ത ചേട്ടൻ ഇന്റർപോൾ ഉടൻ അങ്ങെത്തും!തച്ചങ്കരി പോലല്ല, ആളു പുലിയാ!

    ശൂശിച്ചോ!

    ReplyDelete
  11. എന്റെ സുള്‍ഫീ...എന്തിനാ കള്ളം പറയുന്നെ...നായകന്‍ സുള്‍ഫി തന്നെ..സംശയമുണ്ടോ...ചത്തതു ഭീമനെങ്കില്‍ കൊന്നതു കീചകന്‍ തന്നെ ..(..തിരിഞ്ഞുപോയോ..) എന്തായാലും വീണതു സുള്‍ഫി തന്നെ...

    ReplyDelete
  12. njaan sulfi ezhutheeth muzhuvan viswasichu. ennaalum abhipraayangal kandppo oru samsayam.

    sathyaavum , abaddam patteeth koottukaranaavum.

    vaichu chirichu, abhinandanagal

    ReplyDelete
  13. അറിയാത്ത കാര്യങ്ങള്‍ അല്ലെങ്കില്‍ സംഭവിച്ച് നേരില്‍ കാണാത്ത സംഗതികള്‍ എല്ലാം ആദ്യമായി അനുഭവിക്കുമ്പോള്‍ ഉണ്ടാകുന്ന മനസ്സിന്റെ സംശയങ്ങള്‍ നന്നായി പറഞ്ഞു.
    ഒരു കഥ പോലെ സസ്പെന്‍സ് നിലനിര്‍ത്തി ആദ്യം തുടങ്ങിയപ്പോള്‍ വേറെ എന്തോ സംഭവം എന്നാണ് ധരിച്ചത്‌. ശരിക്കും ചിരിപ്പിച്ചു.
    ചിരിക്കുമ്പോഴും ഇത്തരം സംഭവം നേരിടാത്ത ആരെങ്കിലും ഉണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു.
    നന്നായി സുല്‍ഫി.

    ReplyDelete
  14. ഇത് വായിച്ചപ്പോ എനിക്കോര്‍മ്മ വന്നത്,ഞങ്ങളുടെ നാട്ടില്‍ നിന്നും ഒരാള്‍ ദുബായിക്ക് പോയി.വിമാനത്താവളത്തില്‍ കമ്പനിയുടെ ആള്‍ പേര് എഴുതിയ ബോര്‍ഡുമായി സ്വീകരിക്കാന്‍ നില്‍ക്കാമെന്ന് പറഞ്ഞിരുന്നു..പക്ഷെ ഒരേ പേരിലുള്ള രണ്ടു ആളുകള്‍ ഉണ്ടായിരുന്നത് കൊണ്ടോ എങ്ങനെയോ ആളു തെറ്റി,ഇവിടുന്നു പോയ ആളെ കൂട്ടികൊണ്ടു പോയത് ഒരു അറബി ആയിരുന്നു...കാര്‍ കുറെ നേരം ഓടി..പുള്ളിക്ക് ആകെ പേടി ആയി..ഒടുവില്‍ ഒരിടത്തു കാര്‍ നിര്‍ത്തി..അറബി അയാള്‍ക്ക് കൊടുത്ത പണി എന്തായിരുന്നു എന്നോ അറബിയുടെ വീട്ടിലെ ആടിനെ നോക്കുക.പാവം..പ്ലംബിങ്‌ ജോലിക്ക് വന്നതായിരുന്നു..ഭക്ഷണം പോലും സമയത്ത് കിട്ടാതെ,ശരിക്കും കഷ്ടപ്പെട്ടു..കൂടെ വേറെ ആരുമില്ല.പുറത്തു കടക്കാനും പറ്റില്ലായിരുന്നു..ഒരാഴ്ച അങ്ങനെ പോയി..ഒരു ദിവസം രാവിലെ നേരം വെളുക്കുന്നതിനും മുന്‍പ്‌ ഇയാള്‍ അവിടുന്നു ഓടി രക്ഷപ്പെട്ടു...ഓടുന്നത് കണ്ടു കുറെ പേര് പുറകെയും ഓടി പോലും..ഒടുവില്‍ ഒരു വാഹനത്തിനു കൈ നീട്ടി..അതില്‍ ഒരു കോഴിക്കോട്ട്കാരന്‍ ഉണ്ടായിരുന്നു.തുടര്‍ന്നു എംബസിയിലും മറ്റും ബന്ധപ്പെട്ട് ശരിയായ കമ്പനിയില്‍ തന്നെ ചേര്‍ന്നു..പുള്ളി ഇപ്പോള്‍ നാട്ടില്‍ വന്നപ്പോള്‍ പറഞ്ഞതാ..
    പോസ്റ്റ്‌ നന്നായിരുന്നു..

    ReplyDelete
  15. ആദ്യ സംഭവം വായിച്ചപ്പോള്‍, തലയറഞ്ഞു ചിരിച്ചു പോയീ, സുള്‍ഫീ....അപ്പോ നര്‍മവും താങ്കള്‍ക്കു നന്നായി വഴങ്ങും അല്ലേ....ഞങ്ങളൊക്കെ ഇനി എന്തു ചെയ്യും!!!

    ReplyDelete
  16. തനിക്ക് പറ്റുന്ന അബദ്ധങ്ങൾ കൂട്ടുകാരന്റെ മേൽ വെച്ചു തടി രക്ഷിക്കാനും വേണം ഒരു മിടുക്ക് അല്ലെ.. അതിൽ താങ്കൾക്കു തന്നെ ഫുൾ മാർക്ക് .. രണ്ടാമത്തെ കാര്യം ആദ്യം പറഞ്ഞിട്ട് ഒന്നാമതു പറഞ്ഞത് ഓർത്തെടുക്കുകയാണെങ്കിൽ ഒന്നു കൂടി നന്നാകുമായിരുന്നു. ഇതു നന്നായില്ല എന്നതിനർഥമില്ല കേട്ടൊ.. നർമ്മം വായനക്കാരിൽ എത്തിക്കുന്നതിൽ വിജയിച്ചിരിക്കുന്നു.... (കൂട്ടുകാരെ തെരഞ്ഞെടുക്കുമ്പോൾ ഒരേപോലെയുള്ളതു തന്നെ വേണമെന്ന് വാശി വേണൊ ?)ആശംസകൾ ധാരാളം എഴുതാൻ കഴിയട്ടെ ..

    ReplyDelete
  17. പുതുമകള്‍ നിറഞ്ഞ സുള്‍ഫിയുടെ ബ്ലോഗുകള്‍ തീര്‍ത്തും അനിര്‍വചനീയമാണ്...സുള്‍ഫിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു...അലി സൈദ്‌ എന്നാ കഥാപാത്രം ഗംഭീരമായിരിക്കുന്നു...

    ReplyDelete
  18. ശെഫി പറഞ്ഞ പോലെ ഇതില്‍ പുതുമകള്‍ നിറയുന്നോന്നുമില്ല. പഴയ ഓര്‍മകളും മറ്റും. പക്ഷെ, ഇതിങ്ങനെ അവതരിപ്പിക്കാനുള്ള ചങ്കൂറ്റമുണ്ടല്ലോ. അതിനെ പൂവിട്ടു പൂജിക്കണം.
    പിന്നെ, കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ളത് ഓര്മ കുറിപ്പുകള്‍ക്കും അനുഭവ കഥകള്ക്കുമാണ്.
    അത് ബ്ലോഗ്‌ ഉണ്ടാക്കിയ വിപ്ലവമാണ്. മലയാളത്തിലെ മുത്തശ്ശി, വരേണ്യ സാഹിത്യ വാരികയില്‍ പോലും ഇന്ന് ആഴ്ചയില്‍ രണ്ടു പേജ് ബ്ലോഗിലെ മികച്ച സൃഷ്ട്ടികല്‍ക്കുള്ളതാണ്.
    ശുദ്ധ മലയാളത്തില്‍ തെളിമയുള്ള ഈ എഴുത്ത് കൊള്ളാം.

    ReplyDelete
  19. ഹും...പേര് മാറ്റിയാല്‍ ആളറിയില്ലെന്നു വിചാരിച്ചോ മനുഷ്യാ? കാമറയുടെ മുമ്പില്‍ നിന്ന് ഗോഷ്ടി കാണിക്കുന്ന സുള്‍ഫിയുടെ ടേപ്പ് ഞാന്‍ പുറത്തെടുക്കും. അന്ധക്കണ്ണാടി വച്ച് സുള്‍ഫിക്കര്‍ എന്നാ ഒരു ജാഡക്കാരന്‍ പൂളില്‍ നീന്തിത്തുടിച്ചത് കണ്ടോരുണ്ട്....

    പിന്നെ സത്യം പറയണമല്ലോ...പോസ്റ്റ് അസ്സലായി. അപാര നര്‍മ്മം.

    ReplyDelete
  20. അതു ശരി നാട്ടില്‍
    കുഴപ്പം
    കാണിക്കുന്നവരൊക്കെ ഇപ്പം അങ്ങോട്ടാ ഓടിവരുന്നേ അല്ലേ .

    സൈദ് ആളുകൊള്ളാമല്ലോ

    ReplyDelete
  21. ആദി ഭാഗം മാത്രം മതിയായിരുന്നു...സംഭവം സൂപ്പര്‍ ....പാവം സൈദ്‌

    ReplyDelete
  22. This comment has been removed by the author.

    ReplyDelete
  23. നന്ദി എല്ലാവര്‍ക്കും. കമന്റ് ബോക്സിനു എന്തോ ഒരു പണിമുടക്ക്‌. ഒന്ന് പരീക്ഷിച്ചതാ.

    ReplyDelete
  24. അലി : തേങ്ങ ഗംഭീരമായല്ലോ. എന്റെ പരീക്ഷണം വിജയിച്ചു.
    ഹംസ : എന്റെ ഹബീബിന്റെ കമന്റ് കിട്ടിയപ്പഴാ എനിക്കും സമാധാനമായത്. ബ്ലോഗു നമ്മെ ഇത്ര അടുപ്പിക്കുമെന്നു കരുതിയില്ല. ഇതാ അതിന്റെ ഒരു ശക്തി അല്ലെ, ഒരുപാട് നല്ല കൂട്ടുകാര്‍.
    ഞാന്‍ പോസ്റ്റ്‌ ഇടാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോഴേക്കും അലിക്ക കടയില്‍ തേങ്ങ വാങ്ങാന്‍ ഓടിയിരുന്നു. അതാ സംഭവം. പിന്നെ എന്നോട് കളിക്കല്ലേ, ഗുണ്ടകളാ എന്റെ ഫ്രെണ്ട്സ് അറിയാല്ലോ. ഹും.
    വായാടി : ഇവിടെയും വേണോ അടി, അതാ ഇംഗ്ലീഷ് ക്ലാസ്സില്‍ പോരെ? ഇനി സംഗതി മനസിലായല്ലോ അല്ലെ. ആരോടും പറയല്ലേ. 'കല്ല്‌ വെച്ച നുണ'യൊക്കെ ഔട്ട്‌ ഓഫ് ഫാഷന്‍ ആയി ഇപ്പോള്‍. 'ഡയമണ്ട്' വെച്ച നുണക്കാ ഇപ്പോള്‍ ഡിമാണ്ട്.
    ബിലതിപട്ടണം : അങ്ങയെ പോലെയുള്ള സീനിയേര്‍സ് വരുമ്പോഴാണ് ഈ ബ്ലോഗെന്നത് വെറും തമാശയല്ല കാര്യമാണ് എന്ന് തോന്നുന്നത് തന്നെ. വളരെ സന്തോഷം, ഇനിയും ഇതിലെയൊക്കെ കറങ്ങി പോകണേ.
    കമ്പര്‍ : മോനെ, സൈദിനെ വിടണ്ട അല്ലെ. അവനിപ്പോള്‍ എന്റെ മടിക്കുതിനാ വിടാതെ പിടിച്ചിരിക്കുന്നത്. ഇനി ചിരിക്കുള്ള വകയല്ല, എന്നെ കരയിപ്പിക്കാനുള്ള വകയുമായി വരാമെന്ന് പറഞ്ഞാ പോയത്.
    തണല്‍ : ഇതെന്ന് തുടങ്ങി, കേസ് അന്വേഷണം? അല്ല ഇനി ശരിക്കും സി. ബി. ഐ. എങ്ങാനും ആണോ?
    അലി : എന്നോടിത് വേണോ? നമുക്കൊരു ധാരണയില്‍ അങ്ങ് നീങ്ങിയാല്‍ പോരെ.
    ഗ്രാമീണം : ആദ്യ വരവല്ലേ, നന്ദി. അതിലേറെ അഭിപ്രായത്തിനും. കൂട്ടുകാരന്‍ സകുടുംബം ഇവിടെ വാഴുന്നു. (ഇപ്പോള്‍ പഴയ ആളൊന്നും അല്ല കേട്ടോ)
    ശ്രീനാഥന്‍ : അത് വേണോ? അവര്‍ ഇനി എങ്ങാനും എന്നെ പറ്റി എഴുതിയാല്‍? എന്റമ്മോ അതോര്‍ക്കാനും കൂടെ വയ്യ.
    ജയെട്ടാ : നന്ദി കേട്ടോ മുന്നറിയിപ്പിന്. 'പോളേട്ടന്‍' വരുന്നതിനു മുമ്പ് "ദുബൈയിലെ മുദീറിന്റെ മോന്" 'കായി' കൊടുത്തു ഞാനതങ്ങു തീര്‍ക്കും. ഹും. കളി എന്നോടോ?
    പരമു സാറേ : നായകന്‍ ആരെന്നു ഞാന്‍ ക്ലാസ്സില്‍ വന്നു പറയാം കേട്ടോ. ഇനിയും വരണേ.

    ReplyDelete
  25. എച്ച്മുക്കുട്ടീ : സമാധാനമായി, ഞാനെഴുതിയത് വിശ്വസിക്കാന്‍ ഒരാളെങ്കിലും ഉണ്ടായല്ലോ. എന്റെ വക ഒരു നാരങ്ങ മിഠായി തരാം കേട്ടോ. സംശയിച്ചത് കൊണ്ട് മിഠായി ക്യാന്‍സല്‍.
    റാംജി : ജീവിതത്തില്‍ ഇതരന്‍ അനുഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് മറ്റുള്ളവരുമായി പങ്കു വെക്കുംബോഴാനല്ലോ അതിന്റെ രസം. വിലയേറിയ അഭിപ്രായത്തിനു നന്ദി
    നിരാശ കാമുകന്‍ : നിരാശയോക്കെ മാറി സീരിയസ് ആയി കാര്യങ്ങള്‍ പറയാന്‍ തുടങ്ങിയല്ലോ. നന്നായി, ഒരുപാട് പേരുണ്ട് അങ്ങിനെ അബദ്ധങ്ങളില്‍ പെടുന്നവര്‍. എന്ത് ചെയ്യാം?
    ചാണ്ടി ചേട്ടായി : അങ്ങിനെയൊക്കെ ആയോ? നിങ്ങളൊക്കെ എന്നും ഇവിടെ ഉണ്ടാവണം. രസിപ്പിച്ചു എന്നറിഞ്ഞതില്‍ സതോഷം. ഞാന്‍ താങ്കളുടെ ഒരു ഫാന്‍ ആണ്. പരിപാടി നിര്‍ത്തിക്കളയല്ലേ ആശാനെ. നിങ്ങളൊക്കെയല്ലേ നമ്മള്‍കൊക്കെ പ്രചോദനം.
    ഉമ്മു അമ്മാര്‍ : ശരിക്കും അങ്ങിനെ തന്നെയാണ് എഴുതിയതും, പിന്നെ എന്റെ എല്ലാ പോസ്റ്റുകളും ഫ്ലാഷ് ബാക്ക് ആയതിനാല്‍ ഒരു മാറ്റം നല്ലതെന്ന് തോന്നി. അതാ അങ്ങിനെ ചെയ്തത്. പിന്നെ മിടുക്കിന്റെ കാര്യം. ഉം. വെച്ചിട്ടുണ്ട് ഞാന്‍. അങ്ങ് വരാം കേട്ടോ. റെഡി ആയി ഇരുന്നോളൂ.
    മുഹമ്മദ്‌ ശഫിക് : എനിക്കേറ്റവും സന്തോഷം തന്ന കമന്റാണിത്. ഒരു പാട് വര്‍ഷം എന്റെ കൂടെ ഉണ്ടും, ഉറങ്ങിയും ജീവിതതിലുണ്ടായിരുന നിന്നില്‍ നിന്ന് തന്നെ കേള്‍കുന്ന വാക്കുകള്‍ ആരെയാ പുളകം കൊള്ളിക്കാത്തത്. നന്ദി ഷെഫീ. ഒരുപാടൊരുപാട്. ശരിക്കും മനസ് നിറഞ്ഞു.
    റഷീദ് : അഭിപ്രായത്തിനു വളരെ നന്ദി. മേല്‍ പറഞ്ഞ പോലെ എന്റെ അടുത്ത സുഹുര്തുക്കളില്‍ ഒരാളായ നിന്നില്‍ നിന്നും കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. എന്റെ എഴുത്ത് ശ്രദ്ധിക്കാനും നന്നാക്കാനും ശ്രമിക്കുന്നെ എന്നതില്‍ സന്തോഷം ഉണ്ട്. പറഞ്ഞ കാര്യങ്ങള്‍ ഉള്‍ക്കൊണ്ട്‌, തെറ്റുകള്‍ തിരുത്തി ഇനിയും മുമ്പോട്ടു പോവാം. അത് ഒരു പത്ര പ്രവര്തകനായ് നിന്നില്‍ നിന്ന് ആവുമ്പോള്‍ വാക്കുകള്‍ക്കു ആധികാരികതയും ഉണ്ട്.
    വഷളന്‍ : അന്ധ കണ്ണാടി വെച്ച് ഇത്രയും കാലം നടന്നത് ആരെന്നു എല്ലാവര്‍ക്കും അറിയാം കേട്ടോ. ഹും. ഇത് ചതിയല്ലേ. ആ ടേപ്പ് ആരെയും കാണിക്കില്ല എന്ന് പറഞ്ഞു എന്നില്‍ നിന്നും പിടുങ്ങിയ പൈസ ഞാന്‍ മറന്നിട്ടില്ല. ഇനി എന്റെ കരളേ. പ്രശ്നമുണ്ടാക്കല്ലേ. അതിന്റെ കോപ്പി എടുത്തു വെച്ച് എന്നെ പറ്റിച്ച ദുഷ്ടാ, എന്നോടിത് വേണമായിരുന്നോ?
    നന്ദി വായനക്കും അഭിപ്രായത്തിനും.
    ജീവി : അറിഞ്ഞില്ലേ സാക്ഷാല്‍ സുകുമാര കുറുപ്പ് വരെ വന്ന സ്ഥലമാ ഇത് പിന്നല്ലേ.
    ഏറക്കാടന്‍ : എനിക്കും തോന്നി. രണ്ടാം ഭാഗം ഉദ്ദേശിച്ച അത്ര വന്നില്ല. ചീട്ടിപോയോ എന്നൊരു സംശയം. സാരമില്ല അല്ലെ.

    സൈദെ : നല്ല ഒന്നാന്തരം ബിരിയാണി ഓഫര്‍ ചെയ്‌താല്‍ ഞാനെന്തോ ചെയ്യും. നീ ക്ഷമി. എന്റെ വീക്നെസ്സില്‍ അല്ലെ അവന്മാര്‍ കയറിപ്പിടിച്ചത്‌. (ഇത് വായനക്കാര്‍കല്ല കേട്ടോ)

    ReplyDelete
  26. പാവം സെയ്ദ്....
    അല്ലാതെന്താ പറയാ....

    ReplyDelete
  27. സുള്‍ഫി തമാശയും തുടങ്ങി അല്ലെ :)

    ReplyDelete
  28. എല്ലാം കഴിഞ്ഞിട്ട് എനിക്കീ രക്തത്തിൽ പങ്കില്ലെന്നോ? സത്യം പറ സുൽഫീ വായാടി പറഞ്ഞപോലെ സുൽഫി തന്നെയാണൊ അത്?

    പിന്നെ ബ്ലോഗിലേക്ക് മന:പൂർവ്വം വരാത്തതല്ല കേട്ടോ. പലപ്പോഴും എന്റെ സമയകുറവ് കാരണമാണ്.ഒപ്പം പോസ്റ്റ് അപ് ഡേറ്റാവുന്നത് അറിയാത്തതും. കാണാം ഇനിയും. നന്ദി

    ReplyDelete
  29. സുള്‍ഫിക്ക് ഏറ്റവും കൂടുതല്‍ വഴങ്ങുന്നത് തമാശയാണ്. ഒരുപാടു കഥകള്‍ ഇനിയുമുണ്ട്. അത് ഇനി ഞാന്‍ എഴുതണോ അതോ സുള്‍ഫി എഴുതണോ എന്നാ ഒറ്റ സംശയം മാത്രമേ ഉള്ളൂ .... സോറി റഷീ ഞാന്‍ പുതുമകള്‍ എന്നുദ്ദേശിച്ചത് സുള്‍ഫിയുടെ ബ്ലോഗിലെ മാറ്റത്തെയാണ്...

    ReplyDelete
  30. ninte open nature..athu kathayikum elkkunnundu..ethaayaalum munnottu thanne pokoo..negatives kettu nirtharuthu..we r with u always..

    ReplyDelete
  31. സുഹൃത്തുക്കളില്‍ ഒരു മണ്ടന്‍ വേണം. എന്നാലേ സൌഹൃദത്തിനു ഒഴുക്ക് ഉണ്ടാകൂ. ഞങ്ങള്‍ കൂട്ടുകാര്‍ക്കിടയില്‍ ഒരു മുസ്തഫ ഉണ്ടായിരുന്നു. തടിച്ചു കറുത്ത്.. രാത്രി ഇരുളില്‍ അവനെ കണ്ടെത്താന്‍ തന്നെ പ്രയാസം. ഒരു രാത്രി നടത്തത്തിനിടയില്‍ അവന്‍ മൂത്രിക്കാന്‍ പോയതാ. അരമണിക്കൂര്‍ കഴിഞ്ഞിട്ടും കാണുന്നില്ല. പിന്നെ ഫോണ്‍ വന്നു. അറബി വീടിന്റെ സൈഡില്‍ മൂത്രിക്കുന്നത് കണ്ട പോലീസുകാര്‍ പൊക്കി. മുസ്തഫ വിളിച്ചത് സ്റ്റേഷനില്‍ നിന്ന്.പിറ്റേന്ന് ഞങ്ങള്‍ ചെന്ന് ഇറക്കിക്കൊണ്ടു വന്നു. അവന്റെ കഥ മാത്രം മതി, കണ്ണൂരാന് 12 മാസം ബ്ലോഗ്‌ എഴുതാന്‍!

    സുല്ഫിക്കാ, നന്നായി. അമിട്ടുകള്‍ ഇനിയും വരട്ടെ.





    (ങ്ഹും.. ചതിയന്‍. പാരയാകുമോന്നാ തോന്നുന്നേ.. ഇയാള്ക്കൊക്കെ ആരാ ബ്ലോഗ്‌ പരിചയപ്പെടുത്തിയത്!)



    @@

    ReplyDelete
  32. പൊറലോകത്തിത്റ ബല്യകാഴ്ചകളുണ്ടെന്നതിപ്പളാ അറിഞ്ഞത്. ന്റമ്മോ, ഇങ്ങള് കോഴിക്കോട്ടൊന്നു ജനിക്കേണ്ട ആളല്ലേയ്,
    ദുബായ് പോലീസിലെ മുദീറിന്റെ ആരാന്നാ പറഞ്ഞത്.

    :)

    ReplyDelete
  33. sulfiyeee aaa kootukaran biriyani vangithannille.
    allenikilum nattil criminal aayi nadannal evideyum ninakku pattiyad pole pattum. annu ninte face onnu kanendathu thanneyayirunnu

    ReplyDelete
  34. നല്ല പോസ്റ്റ്‌...
    മലയാളിത്തമുള്ള മനോഹരമായ പോസ്റ്റുകള്‍.
    ഇനിയും ഇതു പോലുള്ള കഥകളും, പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
    ആശംസകള്‍ നേര്‍ന്നുകൊണ്ട്...
    സസ്നേഹം...
    അനിത
    JunctionKerala.com

    ReplyDelete
  35. ഹഹഹ - ഒരു മിനിറ്റേ ഇപ്പോ വരാം നാട്ടിലേക്ക് ഒന്നു വിളിക്കട്ടെ കുറ്റവാളികളെ സഹായിക്കണത് ഐപീസി പ്രകാരം ശിക്ഷാര്ഹമായ തെറ്റാന്ന് വായിച്ചിട്ടുണ്ട്

    ReplyDelete
  36. ഇങ്ങനെ ഒരാൾ ഇവിടെവന്നിരുന്നു! ഒരു ചിരിയരങ്ങാണല്ലോ!
    ആ‍ദ്യമായാണിവിടെ വരണത്. വന്നപ്പം കൊള്ളാം. ഇനി ഇടയ്ക്ക് വരാതിരിക്കാൻ കശിയില്ല. ആശംസകൾ!

    ReplyDelete
  37. രസകരമായി അവതരിപ്പിച്ചിരിയ്ക്കുന്നു

    ReplyDelete
  38. എഴുതി തകര്‍ക്കുകയാണല്ലൊ മച്ചാ... തുടരൂ..

    -സുല്‍

    ReplyDelete
  39. This comment has been removed by a blog administrator.

    ReplyDelete
  40. ഹ..ഹ..ഹ...ആ ഫസ്റ്റ് പാര്‍ട്ട് കലക്കി !!!!

    ReplyDelete
  41. സുള്‍ഫിയോടു എന്‍റെ
    ഒരു മാപ്പ് കേട്ടോ .എന്‍റെ ബ്ലോഗ്‌ ഒക്കെ വായിച്ചു കമന്റ്‌ ചെയ്തിട്ടും ഉണ്ടല്ലേ?ഞാന്‍ മൈത്രിയുടെ കമന്റ്‌ തപ്പി പോയതും ആണ് .എന്‍റെ ബ്ലോഗ്‌ സെറ്റിംഗ്സ് ഒക്കെ വളരെ മോശം ആണ് ..അത് കൊണ്ട് പുതിയ കമന്റ്‌ വന്നാല്‍ ഒന്നും ഞാന്‍ അറിയില്ല ..ഇന്ന് ആണ് എല്ലാം കണ്ടതും,വായിച്ചതും . .സന്തോഷം .ഇനി ഇത് വഴി ഞാന്‍ തീര്‍ച്ചയായും വരാം...''കുട്ടിമിയ'' സുള്‍ഫിയോടു മാപ്പ് പറഞ്ഞു എന്ന് പറഞ്ഞു അടുത്ത പോസ്റ്റ്‌ വരും .കാത്തിരിക്കാം .മൈത്രി പറഞ്ഞപോലെ ബ്ലോഗിങ്ങ് ,ബ്ലോഗിങ് തന്നെ .....

    ReplyDelete
  42. നൌഷു : സൈദ്‌ മാത്രം പാവം അല്ലെ. അവനെ സഹിച്ച ഞങ്ങളുടെ കാര്യമോ?
    ഒഴാക്കാന്‍ : എല്ലാവരും കൂടെ എന്നെ കൊണ്ട് ആ കടും കൈ ചെയ്യിച്ചു എന്നതാ ശരി.
    മനോരാജ് : സന്തോഷായി, ഇവിടെത്തിയല്ലോ. ഒത്തിരി നന്ദി കേട്ടോ. (ഒടുവില്‍ സത്യം അന്വേഷിച്ചു അല്ലെ)
    shafeeq : ഇനി നീ എഴുത് മോനെ. ഒരുപാടില്ലേ നമ്മുടെ കഥകള്‍. എന്താ മടിച്ചു നില്‍ക്കുന്നത്. പ്രതീക്ഷിക്കുന്നു ഉടന്‍.
    സ്മിത : എന്റെ പ്രിയ കൂട്ടുകാരിയില്‍ നിന്ന് കിട്ടിയ ഈ കമന്റ് ഞാന്‍ അങ്ങേയറ്റം വിലമതിക്കുന്നു. നന്ദി, വരവിനും, കൂടെ ഈ അഭിപ്രായത്തിനും.
    കണ്ണൂരാന്‍ : ഇയാള്‍ ഒറ്റയാള്‍ കാരണമാ എന്നെക്കൊണ്ട് ഇതെഴുതിച്ചത്. നാട്ടുകാര്‍ മുഴുവന്‍ അവിടെ കയറി ഇറങ്ങുകയല്ലേ. ഇനിയും സെന്റിയും ആയി ഇരുന്നാല്‍ ഈച്ചയെ ആട്ടി ഇരിക്കേണ്ടി വരുമെന്ന് തോന്നി. പിന്നെ എടുത്തങ്ങു അലക്കിയതാ. പേടിക്കേണ്ട, നീ കോമഡിയിലെ പുലിയല്ലേ കുട്ടാ. എനിക്ക് ഒത്തിരി ഇഷ്ടാണ്‌ട്ടോ നിന്റെ പോസ്റ്റുകള്‍.
    സലാഹ് : അതാ ഞാന്‍ പറഞ്ഞത്, ഞാനങ്ങു വല്ല അമേരിക്കയിലും ബുഷോ, ഒബാമയോ ഒക്കെ ആവേണ്ട ആളായിരുന്നു.
    കൂതറ : ഒരു ചിരിയില്‍ ഒതുക്കി അല്ലെ.
    വാരം : ഉം. ഇതൊക്കെ നമ്മള്‍ മാത്രമറിയേണ്ട രഹസ്യമല്ലേ. ഇങ്ങിനെ പറയാതെ. നിനക്ക് ഞാനൊരു സ്പെഷ്യല്‍ ബിരിയാണി വാങ്ങി തരാം കേട്ടോ.
    അനിത : വന്നതിനും അഭിപ്രായത്തിനും നന്ദി. ഇനിയും കാണുമല്ലോ അല്ലെ.
    പി. ഡി. : ചതിക്കല്ലേ കുട്ടാ.
    സജീം : വഴി ചോതിച്ചു ഇങ്ങെത്തിയോ ? ഞാനങ്ങു വരുന്നു കേട്ടോ.
    ശ്രീ : വായന ഗൌരവമായി കാണുന്ന താങ്കളുടെ അഭിപ്രായം അത് എനിക്ക് വിലപ്പെട്ടത്‌ തന്നെ.
    സുല്‍ : ജീവിക്കേണ്ടേ. അങ്ങ് എഴുതുക തന്നെ.
    ക്യാപ്റ്റന്‍ : അതായത് രണ്ടാം പാര്‍ട് ചീറ്റിയെന്നു. എനിക്കും തോന്നി. എന്നാലും ആദ്യ ഭാഗം ഏറ്റല്ലോ. സന്തോഷം.
    സിയാ : അയ്യോ , നിങ്ങളെ പോലെയുള്ള വലിയ എഴുത്തുകാര്‍ എന്നോട് മാപ്പ് പറയുകയോ?!! തിരക്കിലായിരിക്കുമെന്നറിയാം. അതായിരിക്കും എന്നും കരുതി. എന്തായാലും തപ്പി പിടിച്ചു ഇങ്ങെത്തിയല്ലോ. സന്തോഷമായി.

    ReplyDelete
  43. സൈദ് ആളുകൊള്ളാമല്ലോ ..

    ReplyDelete
  44. സംഗതിയൊക്കെ ഗംഭീരം.
    പിന്നവസാനം പറഞ്ഞ കാര്യം വായിച്ചപ്പോൾ എല്ലാം മനസ്സിലായി.

    ReplyDelete
  45. നമുക്കു പറ്റുന്ന അബദ്ധങ്ങള്‍ മറ്റൊരാളിന്റെ പേരില്‍ അതും വിശ്വസനീയമായ രീതിയില്‍ എഴുതിപിടിപ്പിക്കണമെങ്കില്‍ അസാമാന്യ കഴിവു തന്നെ വേണം.സൈദിലും ഉണ്ടൊരു "എസ്" സുള്‍ഫിയിലുമുണ്ടൊരു "എസ്".

    തകര്‍പ്പന്‍ എന്നു വെറുതെ പറഞ്ഞാല്‍പ്പോര തകതകര്‍പ്പന്‍ സുല്‍ഫി സോറി സൈദ്.

    ReplyDelete
  46. നന്നായിരിക്കുന്നു സുല്ഫീ..ഇങ്ങനെ സ്വന്തം അബദ്ധങ്ങള്‍ മറ്റുള്ളവരുടെ പേരില്‍ എഴുതുന്നതിനായി കാത്തിരിക്കുന്നു.ഇനിയും പണ്ടത്തെ മണ്ടത്തരങ്ങള്‍ ഓര്‍ത്തെടുക്കുക.എല്ലാ ആശംസകളും..പിന്നെ...എന്റെ ബ്ലോഗില്‍ ഫോളോ ഗാട്ജെട്ടു ചേര്‍ത്തിട്ടുണ്ട്.ആ വഴിക്ക് പിന്നെ വന്നില്ലേ?
    ഔദ്യോഗി കതിരക്കു കാരണം ഞാനും കുറച്ചുനാള്‍ ഇല്ലായിരുന്നു.

    ReplyDelete
  47. വൃന്ദാവന വേണു ഗോപാലനെ കണ്ടില്ലേ?പ്രതികരണമില്ലല്ലോ..

    ReplyDelete
  48. ഇതൊരു കഥയാക്കിയിരുന്നെങ്കിൽ ഒന്നുകൂടി രസിച്ചേനെ.
    ഒരു ശ്രീനിവാസൻ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നു ഈ സ്ഥിരം അബദ്ധപഞ്ചാംഗം. അല്ല അതു പോട്ടെ ഇത് ആത്മകഥയുടെ ഒരു ഭാഗമാണോ.

    വീണാൽ ചിരിക്കാത്ത കൂറ്റാരുണ്ടോ എന്ന ചൊല്ലിനെ ഓർമ്മിപ്പിക്കുന്നതായി നിങ്ങൾ കൂട്ടുകാർ.
    എഴുത്തിലെ ലാഘവം നന്ന്.

    ReplyDelete
  49. അല്‍പ്പം വൈകിപ്പോയി. ഏതായാലും സംഗതി കൊള്ളാം. സംഭവിച്ചതോ ഇല്ലായോ എന്നുള്ളതല്ല, സംഗതി എങ്ങനെ പറയുന്നു എന്നതാണ് കാര്യം. ഗള്‍ഫ് തമാശകള്‍ എന്ന പേരില്‍ നമ്പൂതിരി ഫലിതം പോലെ ഒന്ന് ഇറക്ക്.

    ReplyDelete
  50. എനിക്കപ്പഴെ തോന്നി,
    ക്യാമറയില്‍ കുടുങ്ങിയതായിരിക്കുമെന്നു..

    നന്നായി അവതരിപ്പിച്ചു. ആസ്വദിച്ചു.

    ഇനിയും ഈ വഴി വരാം...
    .

    ReplyDelete
  51. ഹ ഹ ഹ
    കൊള്ളാം മാഷെ ഇഷ്ടമായി .... കൂട്ടുകാരന്‍ ആളു കൊള്ളാലോ

    ReplyDelete
  52. കൊള്ളാ‍ാലോ കൂട്ടുകാർ :) അത്മകഥകൾ ഇനിയും വരട്ടെ..

    ReplyDelete
  53. സുല്‍ഫിയും കൂട്ടുകാരനും ഒരാള്‍ തന്നെയാണോ. തുടരുക. ആശംസകള്‍

    ReplyDelete
  54. ജിഷാദ്, അഭി : വന്നതിനും അഭിപ്രായത്തിനും നന്ദി.
    കലാ വല്ലഭന്‍ : ഇതാണ് കുഴപ്പം പെട്ടെന്ന് കാര്യം മനസിലാവും. ഹി ഹി .
    ശ്രീക്കുട്ടന്‍ : പേരിലൊരു ഗവേഷണം തന്നെ നടത്തിയല്ലോ. കൊച്ചു കള്ളന്‍.
    വസന്ത ലതിക : വന്നു ചേച്ചി, വായിച്ചു, പിന്തുടരുകയും ചെയ്തു. പിന്നെ അബദ്ധങ്ങളുടെ കാര്യം. ഹും, ഈ വിഷയത്തില്‍ പി എച്. ഡി എടുത്ത ആളാ ഞാന്‍.
    സുരേഷ് ഭായീ : നിങ്ങളുടെ കമന്റ് എന്താകുമെന്നു പേടിച്ചിരിക്കുകയായിരുന്നു ഞാന്‍. എനിക്കൊരുപാട് ഇഷ്ടമാ കേട്ടോ താങ്കളെ. എഴുത്ത് നന്നാവണം എന്നാ ഉദ്ദേശത്തോടെ ഓരോ ബ്ലോഗിലും കയറി ഇറങ്ങി അവരുടെ കൊച്ചു കുറവുകളും തെറ്റുകളും കണ്ടെത്തി കൊടുക്കുന്നത് അഭിനന്ദനീയം തന്നെ. ഇനിയും തുടരുക. കൂടെ ഞങ്ങളെ ഒക്കെ ഒന്ന് വാര്‍ത്തെടുക്കുക. ആത്മ കഥകളല്ലേ എല്ലാം. ഒടുവില്‍ താങ്കളും... എന്നെ സംശയിച്ചു തുടങ്ങി അല്ലെ. നന്ദി വിലയേറിയ അഭിപ്രായത്തിനു.
    ബാലു : ഒടുവില്‍ ഗള്‍ഫു തല്ലുകള്‍ എന്ന ഒരു സാധനം എന്‍റെ കൂട്ടുകാരും ഇറക്കും. അത് വേണോ?
    ബദര്‍ : ഈ ബദര്‍ ആള് കൊള്ളാമല്ലോ. എല്ലാം നേരത്തെ ഗണിച്ചു വെച്ചിരിക്കുന്നു. നല്ല ഫുത്തി. (ചുമ്മാ പറഞ്ഞതാ കേട്ടോ) നന്ദി വന്നതിനും അഭിപ്രായത്തിനും.
    അക്ബര്‍ : താങ്കളുടെ ഇവിടേക്കുള്ള വരവ് തന്നെ എന്നെ സന്തോഷവാനാക്കിയിരിക്കുന്നു. പിന്നെ സംശയം അത് അങ്ങിനെ തന്നെ കിടന്നോട്ടെ. ഇനിയും ഇടയ്ക്കിടെ വന്നു അനുഗ്രഹിക്കുമെന്നു കരുതുന്നു.

    ReplyDelete
  55. ..
    സുള്‍ഫീം കഥാനായകനും ഒരാളെന്നെയെന്ന് എന്തിനാ സംശ്യം ;)

    അപ്പൊ ഞാനും കൂടി അങ്ങട്ട് കൂടുകാ ട്ടൊ..
    ..

    ReplyDelete
  56. പോസ്റ്റിനു താഴെ ഇടാനുള്ള തേങ്ങയും കൊണ്ട് നടക്കുന്ന അലിഭായി പെട്ടെന്ന് പൊട്ടിച്ചത് സ്പോന്‍സറുടെ തലയില്‍!
    ഹംസക്ക എറിഞ്ഞത് കൂടെപ്പണിയെടുക്കുന്ന അറബിന്റെ നെഞ്ചത്തും..!
    പോരെ പൂരം!
    രണ്ടെണ്ണത്തിനെയും നാടുകടത്തുമെന്നാ കേള്‍ക്കുന്നേ..
    പാവങ്ങള്‍!

    ReplyDelete
  57. ഞാൻ ചുമ്മാ രസത്തിനു സംശയിച്ചതാ. കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽചട്ടി എന്ന ഫിലോസഫി ആണ് അതിന്റെ പിന്നിൽ പ്രവർത്തിച്ചത്.

    ReplyDelete
  58. എന്താണ്..സുല്ഫീ...കാണാനില്ലല്ലോ..

    ReplyDelete
  59. Repeatation of mahabharatha,then it was Duryodhana...

    ReplyDelete
  60. പുള്ളി മമ്മൂട്ടിയുടെ ഫാന്‍ ആയിരിക്കും.

    ReplyDelete
  61. സുല്ഫി ..ഇത് എവിടെ പോയി ?ഇംഗ്ലീഷ് ക്ലാസ്സിലും കണ്ടില്ലല്ലോ ?

    ReplyDelete
  62. രവീ കൊച്ചു കള്ളാ. ഇതൊക്കെ മനസിലാക്കി വെച്ചിട്ടു. ഉം... ഒരടി വെച്ച് തരും ഞാന്‍. തത്തമ്മ ചുണ്ടന്‍.
    ഡോക്ടര്‍ക്കെന്താ ഒരു ഗൌരവം. ഓകെ. നോക്കാം ട്ടോ.
    ഈ സുരേഷ് ഭയിയുടെ ഓരോ ഫിലോസെഫി.
    വസന്തേചീ.. ക്ഷമിക്കുക കുറെ തിരക്കിലായിപ്പോയി. ഉടന്‍ വരും എല്ലായിടത്തും.
    പാവം ഞാനെന്നും പറഞ്ഞാ നടപ്പ്. മഹാഭാരതത്തിലൊക്കെയാ കളി അല്ലേ. (ശരിക്കും എനിക്കൊ ഒന്നും മനസിലായില്ല. എന്താ ഉദേശിച്ചത്)
    കുമാരെട്ടാ .. മമ്മൂട്ടി ഫാന്‍ എന്നും പറഞ്ഞങ് ചെല്ല് കിട്ടും കയ്യോടെ. ആല്‍ മാമുക്കോയ ഫാന്‍ ആന് മാഷെ...

    ReplyDelete
  63. സുല്‍ഫി ഭായ്...
    നന്നായി എഴുതി...ഇതുപോലെ രണ്ടു കഥാപാത്രങ്ങള്‍ (ചേട്ടനും അനിയനും) എന്റെ വീടിനടുത്തുണ്ട്..രണ്ട് പേരും ഇപ്പൊ ദുബായിലുണ്ട്.. രണ്ടും ഒന്നിനൊന്നു മെച്ചം..
    അനിയനെ കുറിച്ചു അറിയണമെങ്കില്‍ ദാ ഇവിടെ ഒന്നു ക്ലിക്കൂ
    ഇവിടെ നോക്കൂ

    ReplyDelete
  64. റിയാസേ : വളരെ വൈകിയാ ഞാന്‍ മറുപടി എഴുതുന്നത്‌. ഏതായാലും അനിയനെ കുറിച്ച് വായിക്കാന്‍ തന്നെ തീരുമാനിച്ചു.

    ReplyDelete
  65. എല്ലാവര്‍ക്കുമുണ്ടല്ലോ ഈ കോമഡി സുഹൃത്തുക്കള്‍. എന്നാണാവോ
    സ്വന്തം കോമഡിയുമായി ഈ ടിയാന്മാറ് പുറത്തിറങ്ങുക:)
    അവസാനം രക്തത്തില്‍ പങ്കില്ലാന്നെഴുതിയിട്ടുണ്ടെങ്കിലും അതത്രക്കങ്ങു ഞാന്‍
    വിശ്വസിക്കുന്നില്ല:)

    ReplyDelete

വല്ലതും പറയാന്‍ തോന്നുന്നുണ്ടോ... എന്നാലത് വേഗമാവട്ടെ. ഇവിടെ...
I am waiting for your comments