Wednesday, July 21, 2010

ഓട്ടോഗ്രാഫ്

കോളേജ് പഠന കാലം. ക്ലാസില്‍ കയറുന്നതിനെക്കാള്‍ 'പുറംലോകത്താ'യിരുന്നു താല്പര്യം.
പഠിക്കേണ്ട വിഷയം അറബി ആയിരുന്നെങ്കിലും മനസിലെന്നും മലയാളമായിരുന്നു. അക്ഷരങ്ങളും വാക്കുകളും എന്നും എനിക്ക് ഇഷ്ടമായിരുന്നു.
ഓട്ടോഗ്രാഫ് ചോദിച്ചു പ്രീഡിഗ്രി കുട്ടികള്‍ വന്നാല്‍ മനസില്‍ തോന്നിയത് എഴുതികൊടുക്കുകയായിരുന്നു പതിവ്. നല്ല വാക്കുകള്‍ കിട്ടുന്ന കാരണം പലരും വാചകങ്ങള്‍ അന്വേഷിച്ച്, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ തേടി വരുമായിരുന്നു.
യാദൃശ്ചികമായി പ്രിയ സുഹുര്‍ത്ത് ജമാലിന്റെ പുസ്തകതാളുകള്‍ക്കിടയില്‍ കണ്ട കുറച്ചു വാക്കുകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു
പൊതുവേ മറ്റൊരാളുടെ വാക്കുകള്‍ കടമെടുക്കുന്നത് എനിക്കിഷ്ടമായിരുന്നില്ല..
പക്ഷേ ഇതേന്നെ വല്ലാതെ ആകര്‍ഷിച്ചു. അവനറിയാതെ ഞാനത് അടിച്ചു മാറ്റി.

കോളേജില്‍ പ്രീ ഡിഗ്രീ സയന്‍സ് ഗ്രൂപ്പില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി. പണക്കാരി. ഡ്രൈവര്‍ കാറില്‍ കോളേങ്ങില്‍ കൊണ്ടാക്കും . വൈകീട്ട് അങ്ങിനെ തന്നെ തിരിച്ചു പോക്കും. അതിന്റെ അഹങ്കാരവും പത്രാസും അവള്‍ക്കുണ്ടായിരുന്നു താനും. പലരും ശ്രമിച്ചിട്ടും 'വളയാത്ത' കുട്ടി.
'ലോലിസത്തില്‍' ഗവേഷണം നടത്തി കൊണ്ടിരുന്ന ഞാന്‍ ഒരിക്കല്‍ ഈ പെണ്‍കുട്ടിയെ വെറുതെ ഒരു രസം, എന്തായാലും വീഴില്ല, എന്നാല്‍ പിന്നെ കമ്പനി എങ്കിലും ആക്കാം എന്ന് കരുതി ചെന്നു പരിചയപ്പെട്ടു.
പേരൊന്നും പറഞ്ഞില്ല. ജാട കാരണം അവള്‍ക്കു എന്റെ നേരെ നോക്കാന്‍ തന്നെ മടി.
ഏതായാലും കുറച്ചു ദിവസങ്ങള്‍ക്കകം, എന്റെ വാചകമടിയില്‍ വീണ് ഞങ്ങള്‍ സുഹൂര്‍ത്തുക്കളായി.
ഒരിക്കല്‍ സംസാരത്തിനിടയില്‍ അവളുടെ നോട്ട് ബുക്ക് വാങ്ങി അവളുടെ മുമ്പില്‍ വെച്ച് തന്നെ അതിലൊരു പേജില്‍ വെറുതെ ഞാനെഴുതി.
ജമാലില്‍ നിന്നും കട്ടെടുത്ത ആ വരികള്‍. എനിക്കൊരുപാട് ഇഷ്ട്ടപ്പെട്ട , പല പ്രാവശ്യം ഞാന്‍ വായിച്ചു പഠിച്ച ആ വരികള്‍.

"നക്ഷത്രങ്ങളെ എനിക്കിഷ്ടമാണ്.
തണുപ്പുള്ള രാത്രികളില്‍, എന്റെ കൊച്ചു കുടിലിന്റെ തിണ്ണയില്‍ പാല്‍ പുഞ്ചിരി തൂകുന്ന പൂര്‍ണ്ണ ചന്ദ്രനെയും നോക്കി ഞാന്‍ കിടക്കാറുണ്ട്.
പലപ്പോഴും എന്നെ ആകര്‍ഷിച്ചിരുന്നത്, അതിന് ചുറ്റും മുത്തുകള്‍ വാരി വിതറിയ പോലെ തിളങ്ങിക്കൊണ്ടിരിക്കുന്ന നക്ഷത്രങ്ങളായിരുന്നു.
ലഭിക്കില്ല എന്നും, അതെന്റെ കൈപിടിയില്‍ ഒതുങ്ങില്ല എന്നും അറിയാവുന്ന മനസ് തന്നെയാണ് അതിനെ അറിയാതെ ആഗ്രഹിച്ചു പോവാറ്. .
അത് പോലെ മാനത്ത് മിണി തിളങ്ങുന്ന നക്ഷത്രങ്ങളില്‍ ഒന്നായി നീയും………"

എഴുതി തിരിച്ചു കൊടുക്കുമ്പോള്‍ ഒരു കാര്യം കൂടെ ഞാന്‍ പറഞ്ഞു.
"ഇപ്പോള്‍ തുറന്നു വായിക്കരുത്. രാത്രി അത്താഴമൊക്കെ കഴിച്ചു, എല്ലാ പണിയും കഴിയും സ്വസ്ഥമായി ഇരുന്നു വായിക്കുക"
അങ്ങിനെ ഒന്നും പറയാന്‍ തോന്നിയതല്ല. വെറുതെ പറഞ്ഞതാ. അതും പറഞ്ഞു ഞാനവിടെ നിന്നും നീങ്ങി. പതിവ് 'കലാ പരിപാടികളില്‍' മുഴുകി.
അതോടെ അത് മറന്ന് പോവുകയും ചെയ്തു. അല്ലെങ്കിലും കോളേജിലെ മുഴുവന്‍ പെണ്‍കുട്ടികളുടെയും 'കാര്യങ്ങള്‍' ശ്രദ്ധിക്കേണ്ട എനിക്ക് ഇതിനു മാത്രം എവിടെ നേരം.
പിറ്റേന്നു പതിവിലും വൈകിയാണ് കോളേങ്ങില്‍ എത്തിയത്.
ക്ലാസില്‍ കയറുന്ന പതിവില്ലാത്തത് കൊണ്ട്, ക്ലാസിന്റെ മുമ്പില്‍ നിന്ന് എല്ലാവരെയും ഒന്ന് എത്തി നോക്കി.
"എടാ.. നിന്നെ തിരക്കി ആ സയന്‍സ് ഗ്രൂപ്പിലെ കുട്ടി വന്നിരുന്നു. രണ്ട് പ്രാവശ്യം. എന്താ കാര്യം? അതും വീണോ?" കൂട്ടുകാരന്‍ അസീസ്.
"എയ്... അതങ്ങിനെ ഒന്നും വീഴുന്ന ടൈപ് അല്ല മോനേ"
എനിക്കും ആശ്ചര്യമായി. ഒന്ന് കത്തി വെക്കണമെങ്കില്‍ ഞാനങ്ങോട്ട് പോകണം.അല്ലാതെ അവളിങ്ങോട്ട് വരാറേ ഇല്ല.
എനിക്ക് പിന്നെ എല്ലാ ജാടയും കണക്കായത് കാരണം ഇതൊന്നും പ്രശ്നവുമായിരുന്നില്ല.
തലേന്നത്തെ ആ എഴുത്തിന്റെ കാര്യം എന്തോ എന്റെ ഓര്‍മയില്‍ വന്നതുമില്ല.
ദൂരെ നിന്നെ എന്നെ കണ്ടതും അവള്‍ അവിടെ തന്നെ നില്‍ക്കാന്‍ ആംഗ്യം കാണിച്ചു. വരാന്തയില്‍ ഒരു അവളെയും കാത്തു ഞാന്‍ നിന്നു. അവള്‍ കൂട്ടുകാരികളുടെ അടുത്തു നിന്നും എന്റ ടുത്തേക്ക് വന്നു.
അടുത്തെത്തിയതും ഒറ്റ ചോദ്യം.
"ആര് പറഞ്ഞു കൈപിടിയിലൊതുങ്ങില്ല എന്ന്?"
ചോദ്യം കേട്ട് ഞാനൊന്നു ഞെട്ടി. പിന്നെ ഞാന്‍ നോക്കിയത് പെട്ടെന്ന് അവള്‍ പറഞ്ഞ " കൈപിടിയിലൊതുങ്ങില്ല" എന്ന ഇടത്തേക്കായിരുന്നു. അത് ഇത്തിരി കാര്യമായിരുന്നു താനും.
"എന്ത്?" അറിയാതെ എന്നില്‍ നിന്നും വന്നത് ഈ ചോദ്യമായിരുന്നു.
"അതല്ല, ഇന്നലത്തെ എഴുത്തിന്റെ കാര്യമാ ഞാന്‍ പറഞ്ഞത്"
എന്റെ നോട്ടം മനസിലാക്കിയ അവള്‍ പെട്ടെന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഹോ രക്ഷപ്പെട്ടു. ഞാനാകേ തെറ്റി ധരിച്ചു" ഞാനൊന്ന് ആശ്വസിച്ചു.
അപ്പോഴാ എനിക്കും കാര്യം മനസിലായത്.
"അത്രയ്ക്ക് ഇളിക്കേണ്ട ട്ടോ" എന്നെ കൊഞ്ജനം കുത്തി കാണിച്ചു അവള്‍.
ദൈവമേ. ഇവള്‍ക്കിതെന്തു പറ്റി. ഇങ്ങനെയൊന്നും സംസാരിക്കാത്തതാണല്ലോ ഇവള്‍.
"അത്രയ്ക്ക് ഇഷ്ട്ടാണോ എന്നെ?" അടുത്ത ചോദ്യം.
കുടുങ്ങിയോ? വെറുതെ ഒന്ന് 'വീശി' നോക്കിയതാ. ഏറ്റെന്നാ തോന്നുന്നത്.
പക്ഷേ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവളുടെ സംസാരവും രീതിയും സംഗതി അവളുടെ അസ്ഥിക്ക് പിടിക്കുന്ന നിലയിലേക്കാ പോവുന്നതെന്ന് മനസിലായ ഞാന്‍ മെല്ലെ അവളില്‍ നിന്നും വലിഞ്ഞു തുടങ്ങി.
കാരണം അതോടെ അവള്‍ എനിക്ക് ചുറ്റും മതിലുകള്‍ തീര്‍ക്കാന്‍ തുടങ്ങി അവള്‍. എവിടെയും പോവാന്‍ പാടില്ല, ആരെയും നോക്കാന്‍ പാടില്ല.
തമാശക്കുള്ള സൌഹൃദങ്ങളില്‍ നിന്നും സീരിയസായ ഒരു അവസ്ഥയിലേക്ക് നീങ്ങുന്നതിനോട് എനിക്കൊട്ടും താല്‍പര്യമില്ലായിരുന്നു. ഞാന്‍ മെല്ലെ വലിഞ്ഞു തുടങ്ങി.

പിന്നെ ഈ വാചകം പല പെണ്‍കുട്ടികളുടെയും നോട്ടുകളിലും, പുസ്തകങ്ങളിലും 'പരീക്ഷിച്ചു വിജയിപ്പിച്ച്' പോന്നു ഞാന്‍

ഒടുവില്‍ മറ്റാരുടെയോ പുസ്തകത്തില്‍ ഞാന്‍ തന്നെ എഴുതിയ ഇതേ വാക്കുകള്‍ കണ്ട അവളെന്‍റെ മുമ്പില്‍ പൊട്ടി തെറിച്ചു.
"എന്നെ പറ്റിക്കുകയായിരുന്നല്ലേ"
ഒന്നും മിണ്ടാതെ ഇരുന്നു ഞാന്‍.

ദിവസേന അവളില്‍ നിന്നും ഒഴിഞ്ഞു മാറി നടന്നു. അവളും അങ്ങിനെ തന്നെ ആയി എന്ന് തോന്നി. പിന്നെ കാണാറില്ല. അവളും മറന്ന് എന്ന് കരുതി.
അത് വെറുതെ ആയിരുന്നെന്നു പിന്നെ മനസിലായി.

അവസാന പരീക്ഷ കഴിഞ്ഞു പോകുമ്പോള്‍, വെറുതെ ക്യാമ്പസിലെ മരത്തിനു ചുവട്ടില്‍ കൂട്ടുകാരോടൊത്ത് കത്തി വെച്ചിരുന്ന എന്റെ അടുത്തേക്ക് അവള്‍ വന്നു.
"അളിയാ അതാ വരുന്നു നിന്റെ പഴയ......."

"ഒരു രണ്ടു മിനിട്ട് തരുമോ? പ്ലീസ്."
ആ അപേക്ഷ എനിക്ക് നിരസിക്കാന്‍ സാധിക്കുമായിരുന്നില്ല.
അടുത്ത മരച്ചുവട്ടിലേക്ക് നീങ്ങി ഞങ്ങള്‍.
കയ്യിലിരുന്ന ഓട്ടോ ഗ്രാഫ് നീട്ടി മെല്ലെ അവള്‍ പറഞ്ഞു.
"ആ വാക്കുകള്‍ ഈ ഓട്ടോഗ്രാഫില്‍ ഒന്നെഴുതി തരുമോ?
എന്നെന്നും എനിക്ക് വായിക്കാലോ? ഇനി നമ്മള്‍ തമ്മില്‍ കാണില്ല. ഡിഗ്രീക്ക് ഞാനീ കോളേജില്‍ വരില്ല,
ഡാഡിയുടെ കൂടെ ഡെല്‍ഹിക്ക് പോകുന്നു. എന്നാലും എന്റെ മനസില്‍ സൂക്ഷിക്കാന്‍, എന്നെന്നും കണ്ടു കൊണ്ടിരിക്കാന്‍ എന്നിക്കീ വാക്കുകള്‍ എങ്കിലും ഉണ്ടാവുമല്ലോ"

ഒന്നും എഴുതി കൊടുക്കാനാവാതെ തരിച്ചിരുന്നു ഞാന്‍.
കുറച്ചു കാത്തിരുന്നിട്ടും ഒന്നും എഴുതാത്തത് കണ്ട്, നിറകണ്ണുകളോടെ ആ ഓട്ടോഗ്രാഫും വാങ്ങി അവള്‍ നടന്നകന്നു.
ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ.

പിന്നെ തോന്നി. ശെ. ചുരുങ്ങിയത് ആ ഓട്ടോ ഗ്രാഫേങ്കിലും എഴുതി കൊടുക്കാമായിരുന്നു. കുറച്ചു കഴിഞ്ഞു ഓടി അവളുടെ അടുത്തേക്ക് ചെന്നെങ്കിലും അവള്‍ കാറില്‍ കയറി യാത്ര ആയിരുന്നു.\
മനസിലിന്നും നൊമ്പരമായി അവളുണ്ട്. ആ വാക്കുകളുണ്ട്.

ഇത്ര ശക്തി ഉണ്ടായിരുണോ ആ വാക്കുകള്‍ക്കു. ജമാലെ നന്ദി. അല്ല സോറി.
അതൊരു പാവം പെണ്‍കുട്ടിയുടെ മനസിനെ മുറിപ്പെടുത്തി. അവളെന്നോട് പൊറുക്കുമായിരിക്കും അല്ലേ. ചില വാക്കുകളങ്ങിനെയാ. മനസിന്റെ ഉള്ളറകളിലേക്ക് അരിച്ചിറങ്ങും. ഒടുവില്‍ വിട്ടു പിരിയാന്‍ പറ്റാതെ ശരീരമാസകലം പടരും.

(ഈ കഥ എഴുതാന്‍ പ്രചോദനം ആയ, ആ 'വാക്കുകള്‍' എനിക്ക് നല്‍കിയ, എന്റെ പ്രിയ സുഹുര്‍ത്ത് ജമാലിന് സമര്‍പ്പിക്കുന്നു.ഇനി എന്റെ പ്രിയ വായനക്കാരോട്, മുത്തുമാല പോലെ ഇതിന്റെ പുറകെയും കൂടല്ലേ എന്റെ ഇഷ്ടന്മാരെ)

69 comments:

  1. സിയ കുട്ടിടെ തന്നെ തേങ്ങ ...............ഒന്ന് ഓടിച്ചു വായിച്ചു ....ഒരു രണ്ടു മിനിട്ട് തരുമോ? പ്ലീസ്."
    എന്താണാവോ എഴുതി വച്ചിരിക്കുന്നതും .???

    ReplyDelete
  2. ഞാനും ഒന്നു പോയിട്ടു വരാം കെട്ടോ..

    വരും..
    ഉറപ്പായും..:)

    ReplyDelete
  3. കൊള്ളാം.
    നനു നനുത്ത കൌമാര ഓർമ്മകൾ!

    ReplyDelete
  4. പ്രേമത്തില്‍ ഇത്ര കുലീനത നിനക്ക് ഉള്ളതായി ആദ്യമായാണ് ഞാന്‍ അറിയുന്നത്....
    "പഠിക്കേണ്ട വിഷയം അറബി ആയിരുന്നെങ്കിലും മനസിലെന്നും മലയാളമായിരുന്നു.
    അക്ഷരങ്ങളും വാക്കുകളും എന്നും എനിക്ക് ഇഷ്ടമായിരുന്നു. "... ഇതാണ് എനിക്ക് മനസ്സിലാവാത്ത ഒരു കാര്യം...

    അറബിയില്‍ അക്ഷരങ്ങളും വാക്കുകള്‍ ഒന്നും ഇല്ലെ...

    ReplyDelete
  5. ഒരു വാക്കിന് പല അര്‍ത്ഥവും സാഹചര്യം പോലെ മാറി വരും. ആ വാക്ക്‌ മാത്രമായി പറയുമ്പോള്‍ അതിനു ആദ്യം ഉദേശിച്ച അര്‍ത്ഥം വരണമെന്നില്ല.
    ഞാന്‍ ഒരു സംഭവം ഓര്‍ക്കുകയാണ്. ഒരു വില്ലന്‍ എഴുതിക്കൊടുത്ത വരികള്‍.
    ഓമന എന്ന പെണ്‍കുട്ടിക്ക്.
    "കേട്ടിപ്പിടിച്ചുകൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങളെല്ലാം സമ്മതിക്കാം" എന്ന്.
    എങ്ങിനെ?
    പക്ഷെ അതോടെ ആ കുട്ടി ഓട്ടോഗ്രാഫ് എഴുതിപ്പിക്കല്‍ നിര്‍ത്തി.

    ReplyDelete
  6. സുൽഫീ ദുഷ്ടാ...
    ഈ കോപ്പിയടി ചെറുപ്പം മുതലെ തുടങ്ങി അല്ലേ!
    നിനക്ക് ഒന്നു തരട്ടെ.. ഒരു മെംബർഷിപ്പ്!
    ഞാനിന്ന് കോപ്പിയടിക്കാർക്കായി ഒരു സംഘടന
    ഉണ്ടാക്കിയതേയുള്ളു... അനോണിയായി വന്ന് ഭീഷണിപ്പെടുത്തിയ കോപ്പിയൻ നീയെങ്ങുമാണോ?

    കഥയും എഴുത്തും കൊള്ളാം!

    (അവസാനം ബ്രാക്കറ്റിലെഴുതിയത് വായിച്ചിട്ടുമില്ല. വിശ്വസിച്ചിട്ടുമില്ല.)

    ReplyDelete
  7. സുല്‍ഫി ഓട്ടോഗ്രാഫ് നന്നായി എന്ന് ആണ് ഞാന്‍ പറഞ്ഞതും കേട്ടോ .തിരക്കില്‍ തേങ്ങ ഒടച്ചു പോകേണ്ടിയും വന്നു .
    ''മനസിലിന്നും നൊമ്പരമായി അവളുണ്ട്. ആ വാക്കുകളുണ്ട്...ആ കുട്ടി ഇത് വല്ലതും ഓര്‍ക്കുനുവോ? ആവോ?''സാരമില്ല സുല്‍ഫി വിഷമിക്കാതെ ..ഇതൊക്കെ എല്ലാവരുടെയും ജീവിതത്തില്‍ ഉള്ളത് തന്നെ ..അത് ഓര്‍ത്തു വിഷമിച്ചിരിക്കാതെ അടുത്ത പോസ്റ്റ്‌ എളുപ്പം എഴുതി തീര്‍ക്കണം ട്ടോ .

    ഇതിനു മുകളില്‍ മുഹമ്മദ്‌ എഴുതിയ കമന്റ്‌ വായിച്ചു .ഞാന്‍ ഒന്ന് ചിരിച്ചു പോയി .ഇത്രയും നല്ല ഒരു കമന്റ്‌ അടുത്ത് വായിച്ചതും ഇല്ലാട്ടോ .നമ്മള്‍ മലയാളം എഴുതുമ്പോള്‍ ആണ് പലരും പലതും അറിയുന്നതും അല്ലേ?കുലീനതയോടെ മൂന്ന് വിഷയം ആണ് സുല്‍ഫി കൈകാര്യം ചെയ്തതും ,അറബി,മലയാളം ,ഇപ്പോള്‍ പ്രേമം ...കൊള്ളാം സുല്‍ഫി .നമ്മുടെ ഇംഗ്ലീഷ് ക്ലാസ്സിന്റെ വക എന്‍റെ അഭിനന്ദനം .

    ReplyDelete
  8. മുത്തുമാല പോലെ ഇതിന്‍റെ പിറകെ ഞാന്‍ കൂടില്ല കാരണം അതില്‍ ഒരു സുല്‍ഫി സ്വഭാവം ഉണ്ടായിരുന്നു. ഇതിനു ഒരൊറ്റചോദ്യം മാത്രം ഏത് സിനിമയിലെ കഥയാ അതുകൂടി പറഞ്ഞ് തന്നാല്‍ ആ സിനിമ കാണാതിരിക്കാനാ... പോഡാ ഹംക്കെ.. അന്‍റെ ഒരു ഓട്ടീഗ്രാഫ്.... ഹിഹിഹി....... :)

    ReplyDelete
  9. മോനേ സുൾഫി..!!
    കശ്മലാ..!!

    കാറിലും മറ്റും പത്രാസും കാട്ടി വരുന്ന കുട്ടികളായിരിക്കും ഏറ്റവും പാവങ്ങൾ..
    കൂട്ടിലടക്കപ്പെട്ട പഞ്ചവർണ്ണകിളികൾ..
    ഒരിറ്റു സ്നേഹത്തിനായി, ഒരു നോട്ടത്തിനായി ദാഹിക്കുന്നവർ..
    ആ സ്നേഹം കിട്ടുമെന്നുറപ്പായാൽ അവരുടെ ജാടയൊക്കെ മഞ്ഞുരുകും പോലെ ഉരുകിപ്പോകും..
    ആ ജാടയൊക്കെ പിടിച്ചവർ മസിൽ പിടിച്ചു നിൽക്കുന്നതെന്താന്നറിയോ..?
    പരിമിതമായ മോഹങ്ങളെല്ലാം ഉള്ളിലടക്കിപ്പിടിച്ചു നിൽക്കാൻ വിധിക്കപ്പെട്ടവരായതു കൊണ്ടാണ്..

    ഏതായാലും താങ്കൾ ഭാഗ്യംകെട്ടവൻ തന്നെ..
    ആ മുതലിനെ ഏതെങ്കിലും ഭാഗ്യവാൻ കൊണ്ടോയിക്കാണും..:)

    ReplyDelete
  10. ദൈവമേ...ഞാനെന്തൊക്കെ പുളുസ് കേള്‍ക്കണം. ഉം..പിന്നെ....ആ കട്ടെടുത്ത വരികള്‍ വായിച്ചിട്ടവള്‍ക്ക് പിറ്റേ ദിവസം താങ്കളോട് മുടിഞ്ഞ പ്രേമം! എന്നിട്ടാ ആ പ്രേമം വേണ്ടാന്നു വെയ്ക്കുന്ന മ്മടെ നായകന്‍ സുള്‍ഫി!! ഇത് ഞാന്‍ വിശ്വസിക്കില്യ..വിശ്വസിക്കില്യ..വിശ്വസിക്കില്യ.

    ReplyDelete
  11. സുല്‍ഫിയേ, ആ വായാടി പറഞ്ഞപോലെ വിശ്വസിക്കാമോ ഇതൊക്കെ? ആ, എന്തിനാ കഥയുടെ കുഴിയെണ്ണുന്നേ? നല്ല നെയ്യപ്പക്കഥ തിന്നാല്‍ പോരെ? ആ കൊച്ച് അങ്ങനെ തിരിച്ചു പോയപ്പോ ഒരു വിഷമം (ദുഷ്ടന്‍!)‌ പുളുവാണെന്കിലും കേള്‍ക്കാന്‍ നല്ല ചേല്!

    ReplyDelete
  12. @ശ്രീനാഥന്‍-
    അതുശരിയാ ശ്രീമാഷേ, പുളുവാണെങ്കിലും വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു. നല്ല ഭാവന! അതു പറയാതിരിക്കാന്‍ പറ്റില്ല. പിന്നെ "ആ കൊച്ച് അങ്ങനെ തിരിച്ചു പോയപ്പോ ഒരു വിഷമം (ദുഷ്ടന്‍!)" എന്നു പറഞ്ഞില്ലേ? ഹും! ആ കൊച്ച് വല്യ ആപത്തില്‍ നിന്നും രക്ഷപ്പെട്ടുന്നേ ഞാന്‍ പറയൂ..:D

    ReplyDelete
  13. സുല്ഫിക്കാ,
    ഒരു സംശയം.
    ആ കൊച്ച് ഡല്‍ഹിക്കല്ല അമേരിക്കേല്‍ അല്ലെ പോയെ?
    പിച്ചും പേയും പറയാതെ, ജാഡയുള്ള അന്നത്തെ കുട്ടിയിപ്പോള്‍ പിച്ചും പേയും എഴുതാറില്ലേ?
    ആ ചെറിയ വലിയ കുട്ടിക്ക് സ്വന്തമായി ബ്ലോഗ്‌ ഇല്ലേ? അവര്‍ ഒരു പെണ്പുലിയല്ലേ?

    ഹും.. ദുഷ്ട്ടന്മാര്‍..

    ReplyDelete
  14. "ചോദ്യം കേട്ട് ഞാനൊന്നു ഞെട്ടി. പിന്നെ ഞാന്‍ നോക്കിയത് പെട്ടെന്ന് അവള്‍ പറഞ്ഞ " കൈപിടിയിലൊതുങ്ങില്ല" എന്ന ഇടത്തേക്കായിരുന്നു. അത് ഇത്തിരി കാര്യമായിരുന്നു താനും"

    അദ്ദാണ് കലക്കിയത്. അവസാനം ഇച്ചിരി വിഷമം ആകുകയും ചെയ്തു. നല്ല എഴുത്ത്. പിന്നെ കണ്ണൂരാന്‍ പറഞ്ഞപ്പോള്‍ ആ കാര്യത്തില്‍ ആകെ ഒരു സംശയം.!!!

    ReplyDelete
  15. ഒന്നു പോ മാഷേ...നേരം പരപരാന്നു വെളുക്കുമ്പോളേയ്ക്കും നട്ടാല്‍കുരുക്കാത്ത പുളുകളുമായി ഇറങ്ങിക്കോളും.ബല്യ കാമദേവനാണെന്നാ ബിജാരം.എന്നാലല്ല.ആ മത്തങ്ങാക്കവിളും ഉണ്ടന്‍പൊരിപോലത്തെ കണ്ണുകളും വഴുതനങ്ങായുടെ കൂട്ടുള്ള മൂക്കും മൊത്തത്തി അമ്പാസ്സഡറിന്റെ ബോഡീ ഷേപ്പുമുള്ള സുള്‍ഫീടെ പൊറകേ നടക്കേല്ലേ പെമ്പുള്ളരായ പെമ്പുള്ളേരെല്ലാം.അല്ല അറിയാമ്മേലാഞ്ഞിട്ടു ചോദിക്കുവാ ആ കോളേജില്‍ വേറെ ആമ്പിള്ളേരൊന്നുമില്ലായിരുന്നോ.നക്ഷത്രോം ചന്ദ്രനും സയന്‍സ് ക്ലാസ്സിലെ കൊച്ചും പുളുവിനൊക്കെ ഒരു പരിധിയില്ലേ..
    ആ പാവം പെങ്കൊച്ചിനെ കരയിപ്പിച്ചല്ലേ.അതൊക്കെപ്പോട്ടെ..

    എന്തിനാ സുള്‍ഫീ എന്നെയിങ്ങനെയിട്ടു കരയിക്കുന്നത്....

    ReplyDelete
  16. ‘പുറം ലോകത്തിന്റെ‘ അകം ഇപ്പോൾ പിടികിട്ടി....!
    കേട്ടൊ സുൾഫി....

    “നക്ഷത്രങ്ങളെ എനിക്കിഷ്ടമാണ്.
    തണുപ്പുള്ള രാത്രികളില്‍, എന്റെ കൊച്ചു കുടിലിന്റെ തിണ്ണയില്‍ പാല്‍ പുഞ്ചിരി തൂകുന്ന പൂര്‍ണ്ണ ചന്ദ്രനെയും നോക്കി ഞാന്‍ കിടക്കാറുണ്ട്.
    പലപ്പോഴും എന്നെ ആകര്‍ഷിച്ചിരുന്നത്, അതിന് ചുറ്റും മുത്തുകള്‍ വാരി വിതറിയ പോലെ തിളങ്ങിക്കൊണ്ടിരിക്കുന്ന നക്ഷത്രങ്ങളായിരുന്നു.
    ലഭിക്കില്ല എന്നും, അതെന്റെ കൈപിടിയില്‍ ഒതുങ്ങില്ല എന്നും അറിയാവുന്ന മനസ് തന്നെയാണ് അതിനെ അറിയാതെ ആഗ്രഹിച്ചു പോവാറ്. .
    അത് പോലെ മാനത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളില്‍ ഒന്നായി നീയും……‘

    എന്നിട്ടിപ്പോൾ ഇത്ര നന്നായി സാഹിത്യം എഴുതിയിരുന്ന ആ ജമാൽ എവിടെ ?
    ബൂലോഗത്തുണ്ടൊ ? എങ്കിൽ പരിചയപ്പെടുത്തണം..കേട്ടൊ

    ReplyDelete
  17. നല്ല കഥ.... ഇഷ്ട്ടായി....
    ബ്രാക്കറ്റില്‍ എഴുതിയത് ഞാന്‍ വിശ്വസിക്കുന്നു....

    ReplyDelete
  18. ചില വാക്കുകളങ്ങിനെയാ മനസിന്റെ ഉള്ളറകളിലേക്ക് അരിച്ചിറങ്ങും. ചില എഴുത്തും...!
    എന്റെ ഓട്ടൊഗ്രാഫ് എവിടെയാണാവോ...?

    ReplyDelete
  19. കഥയോ അനുഭവമോ?ആ വരികള്‍ ശരിക്കും മനോഹരമാണ്-
    വളരെ നന്നായിരിക്കുന്നു.

    ReplyDelete
  20. അളിയാ നല്ല വരികള്‍, ഞാനും അത് കട്ടു.
    ഇനി നോട്ട്ബുക്ക് തേടി പോകട്ടെ

    ReplyDelete
  21. അപ്പോള്‍ ഒന്ന് മനസിലായി. ആരും ഈ കഥയിലെ അവസാന വരികള്‍ വായിച്ചില്ല. ഇനി വായിചിട്ടുണ്ടെങ്കില്‍ അത് മനസിലാക്കിയില്ല.
    ഇതും ഒരു കഥയല്ലേ. അപ്പോഴേക്കും തെറ്റി ധരിച്ചോ. എനിക്ക് അറിയുന്ന കൊല്ലെഗെ ക്യന്വാസിലേക്ക് പകര്‍ത്തി എന്നേയുള്ളൂ.
    (ഈ കഥ എഴുതാന്‍ പ്രചോദനം ആയ, ആ 'വാക്കുകള്‍' എനിക്ക് നല്‍കിയ, എന്‍റെ പ്രിയ സുഹുര്‍ത്ത് ജമാലിന് സമര്‍പ്പിക്കുന്നു)
    ഇതില്‍ ആകെ സത്യമായുള്ളത് ആ വാക്കുകള്‍ മാത്രമാ. ബാക്കി എല്ലാം എന്‍റെ ഭാവന. നമ്മള്‍ക്കൊക്കെ അതിനു മാത്രമേ പറ്റൂ. അല്ലാതെ ശ്രീക്കുട്ടന്‍ പറഞ്ഞ പോലെ.. ... ആയ
    എന്നെയൊക്കെ പ്രേമിക്കാന്‍ ഏതു പെണ്‍കുട്ടിയാ വരിക. അല്ല പിന്നെ.
    (ദൈവമേ.. ആ കാലഖട്ടത്തില്‍ (1996 ) കോഴിക്കോട് ഗവണ്മെന്റ് ആര്‍ട്സ് കോളേജില്‍ പഠിച്ച ആരും ഇത് വായിക്കാതിരുന്നാല്‍ മതിയായിരുന്നു)
    പറ്റാത്ത കാര്യങ്ങള്‍ ഇങ്ങിനെ ഭാവനയില്‍ എങ്കിലും എഴുതി സായൂജ്യമടയട്ടെ എന്‍റെ കൂട്ടുകാരെ.. ഞാന്‍ വെറും പാവമല്ലേ.

    സിയാ : തേങ്ങ വെറുതെ ആയില്ല. ഇതാ കല്ലേറ് തുടങ്ങി.
    ജയന്‍ ഭായ് : നനുത്ത ഓര്‍മകളില്‍ ചാലിച്ചെടുത്ത കഥ എന്ന് പറയൂ.
    മുഹമ്മദ്‌ ശഫിക് : അതെനിക്കിഷ്ടായി. അവിടെ എന്തോ ഒരു ചേരായ്ക ഉണ്ട്‌. അതെങ്ങിനെ ആ വാക്കുകള്‍ കൈകാര്യം ചെയ്യും എന്നാ സംശയത്തിലാ ഞാനും. ആരെങ്കിലും ഒന്ന് സഹായിക്കൂ.
    പിന്നെ അറബിയിലും ഒരുപാടുണ്ട് കേട്ടോ. ഒരു പക്ഷെ മലയാളത്തെക്കാള്‍ സുന്ദരമായ ഒരുപാട് വാക്കുകളും, അക്ഷരങ്ങളും അറബിയില്‍ ഉണ്ടെന്നതാ സത്യം. നന്ദി. തെറ്റ് ചൂണ്ടിക്കാട്ടിയതിനു.
    റാംജി : കമന്‍റ് ഓഫ് ദിസ്‌ പോസ്റ്റ്‌ : കെട്ടിപ്പിടിച്ചു കൊണ്ടോമാലെ ഞാനെന്റെ കുറ്റങ്ങള്‍ സമ്മതിക്കാം. ആരെങ്കിലും ഒന്ന് ചെല്ലൂ. ഇവിടൊരാള്‍ കുട്ടാ സമ്മതത്തിനായി തയാറായി നില്‍ക്കുന്നു.
    അലി : വായിച്ചു ഞാന്‍. കോപ്പിയടിയല്ലോ ജീവിതം. ഇതൊന്നുമില്ലാതെ എങ്ങിനെയാ പിടിച്ചു നില്‍ക്കുക?
    ഹംസ : "മാണ്ടട്ടോ.. അടി .... " സിനിമ ഏതാണെന്ന് ഞാനോര്‍ക്കുന്നില്ല. ആരോടും പറയല്ലേ. ഒറ്റയ്ക്ക് പറഞ്ഞു തരുന്നുണ്ട്.
    ഹരീഷ് ഭായ് : എന്നെ കഷ്മലാന്നു വിളിച്ചില്ലേ. മിണ്ടില്ല ഞാന്‍. തത്തമ്മ ചുണ്ടന്‍. നോക്കുന്ന നോട്ടം കണ്ടില്ലേ. ഹും.
    വായാടി : സമാധാനമായി. ഒരാളെങ്കിലും ഉണ്ടല്ലോ. മറ്റെല്ലാവരും സത്യമാണെന്നും കരുതി ഇരിക്കുകയാ. അല്ലേലും ഈ തത്തമ്മ ഇങ്ങിനെയാ. ആ റാം കേക്ക് തിന്നതില്‍ പിന്നെ ഇത്തിരി വെളിവ് വന്നു തുടങ്ങിയിട്ടുണ്ട്. നന്ദി മഹളെ നന്ദി.
    ശ്രീ മാഷെ : ഹാവൂ. എന്‍റെ പുളു ഇഷ്ടായല്ലോ അത് മതി എനിക്ക്. പിന്നെ ആ കൊച്ചിനെ അങ്ങിനെ തിരിച്ചയചില്ലെങ്കില്‍ പിന്നെ അത് വെറും പ്രേമം ആയി പോയില്ലേ. അതിലെന്താ ഒരു ത്രില്ല്.
    ദേ പിന്നേം വന്നു വായാടി : അത് കാര്യം. ആ കൊച്ചിനെ ആപത്തില്‍ നിന്ന് രക്ഷിച്ചതിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവ മെഡല്‍ വാങ്ങിച്ചു തരുമോ?
    കണ്ണൂരാന്‍ : ഈ കണ്ണൂരാനെ കൊണ്ട് തോറ്റു ഞാന്‍. പുതിയ ഓരോ ഗവേഷണങ്ങളുമായി ഇറങ്ങി തിരിക്കും. കണ്ടുപിടുത്തം കൊള്ളാം. ആള്‍ കേള്‍ക്കേണ്ട. തല്ലു കിട്ടും. നിന്റെ തിരക്കൊക്കെ കഴിഞ്ഞോ?
    ശ്രീക്കുട്ടാ : നീ വന്നു അല്ലെ. എന്‍റെ പോന്നു മോനെ. എന്‍റെ യഥാര്‍ത്ഥ "ജീവ ശാസ്ത്രം" ഇങ്ങനെ പബ്ലിഷ് ആക്കണമായിരുന്നോ? ശേ. ഇനി പെണ്ണായി പിറന്ന ആരെങ്കിലും എങ്കിലും കമന്ടുമോ?
    കരയിച്ചോ ഞാനോ? ദേ നാട്ടാരെ ഒരു പൊട്ടന്‍ ഇവിടെ ഒറ്റക്കിരുന്നു കരയുന്നു. ഹി ഹി ഹി.
    ബിലാതീ : ജമാല്‍ നാട്ടില്‍ ബിസിനസുമായി കഴിയുന്നു. ഇതറിഞ്ഞോ ആവൊ? അവന്‍ എഴുതിയത് തന്നെ ആണോ എന്നുമറിയില്ല. എന്തായാലും സംഗതി കൊള്ളാം അല്ലെ.
    നൌഷു : ആദ്യമായി ഞാന്‍ ബ്രാകറ്റില്‍ എഴുതിയത് വിശ്വസിച്ച ഒരാളിതാ. നന്ദി. കൂടെ ഒരു "സ്വഭാവ സര്‍ടിഫികാറ്റും" തരുന്നു. മോനെ നൌഷു.. മുത്തെ.. ചക്കരെ.. പൊന്നിന്‍ കുടമേ... നീ ആണെടാ നല്ല കുട്ടി.
    ഫൈസലേ : ഓടോഗ്രഫോക്കെ ഇങ്ങിനെ കളഞ്ഞാലോ. വേഗം തപ്പി നോക്ക് വല്ലതുമൊക്കെ കിട്ടും. നന്ദി ഇവിടതെക്കുള്ള ഈ വരവിനു.
    ജിയോ : ഇനി ഇപ്പോള്‍ പറയണോ? എന്തായാലും ആ വരികള്‍ സൂപ്പര്‍ ഹിറ്റ്‌.
    കൂതറ ഹാഷിം : നോക്ക് ഇനി നാടിലുള്ള സകല അനിയത്തിമാര്‍ക്കും കൊടുക്ക്‌ ഈ വരികള്‍. വീണാലോ?
    വായിച്ച എല്ലാവര്ക്കും എന്‍റെ അകമഴിഞ്ഞ നന്ദി.

    ReplyDelete
  22. "ആര് പറഞ്ഞു കൈപിടിയിലൊതുങ്ങില്ല എന്ന്?"
    ചോദ്യം കേട്ട് ഞാനൊന്നു ഞെട്ടി. പിന്നെ ഞാന്‍ നോക്കിയത് പെട്ടെന്ന് അവള്‍ പറഞ്ഞ " കൈപിടിയിലൊതുങ്ങില്ല" എന്ന ഇടത്തേക്കായിരുന്നു. അത് ഇത്തിരി കാര്യമായിരുന്നു താനും.
    "എന്ത്?" അറിയാതെ എന്നില്‍ നിന്നും വന്നത് ഈ ചോദ്യമായിരുന്നു.
    "അതല്ല, ഇന്നലത്തെ എഴുത്തിന്റെ കാര്യമാ ഞാന്‍ പറഞ്ഞത്"
    എന്റെ നോട്ടം മനസിലാക്കിയ അവള്‍ പെട്ടെന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.
    "ഹോ രക്ഷപ്പെട്ടു. ഞാനാകേ തെറ്റി ധരിച്ചു" ഞാനൊന്ന് ആശ്വസിച്ചു.
    അപ്പോഴാ എനിക്കും കാര്യം മനസിലായത്.

    ReplyDelete
  23. പോസ്റ്റും മുഴുവൻ കമന്റുകളും വായിച്ച് അന്തം വിട്ടിരിക്ക്യാണ്. എന്താ വാക്കുകളുടെ ഒരു ശക്തി!
    എന്തായാലും എഴുത്ത് ഉഷാറായിട്ടുണ്ട്.

    ReplyDelete
  24. സുല്ഫീ....
    തകര്‍ത്തു.....
    നന്നായിരിക്കുന്നു കുട്ട്യേയ്‌ ....

    ReplyDelete
  25. കണ്ണൂരാന്‍-"ആ കൊച്ച് ഡല്‍ഹിക്കല്ല അമേരിക്കേല്‍ അല്ലെ പോയെ? പിച്ചും പേയും പറയാതെ, ജാഡയുള്ള അന്നത്തെ കുട്ടിയിപ്പോള്‍ പിച്ചും പേയും എഴുതാറില്ലേ?"

    പിന്നെ... എവിടെന്നോ മോഷ്ടിച്ച നാലുവരി കവിത കൊണ്ടൊന്നും എന്നെ വീഴത്താന്‍ പറ്റില്യ. വല്യ വല്യ സിനിമാനടന്മാര്‌ പുറകെ നടന്നിട്ട് ഞാനവരെ തിരിഞ്ഞു നോക്കിയിട്ടില്യ..പിന്നല്ലേ സുള്‍ഫൂ :)

    ReplyDelete
  26. “നക്ഷത്രങ്ങളെ എനിക്കിഷ്ടമാണ്.
    തണുപ്പുള്ള രാത്രികളില്‍, എന്റെ കൊച്ചു കുടിലിന്റെ തിണ്ണയില്‍ പാല്‍ പുഞ്ചിരി തൂകുന്ന പൂര്‍ണ്ണ ചന്ദ്രനെയും നോക്കി ഞാന്‍ കിടക്കാറുണ്ട്.
    പലപ്പോഴും എന്നെ ആകര്‍ഷിച്ചിരുന്നത്, അതിന് ചുറ്റും മുത്തുകള്‍ വാരി വിതറിയ പോലെ തിളങ്ങിക്കൊണ്ടിരിക്കുന്ന നക്ഷത്രങ്ങളായിരുന്നു.
    ലഭിക്കില്ല എന്നും, അതെന്റെ കൈപിടിയില്‍ ഒതുങ്ങില്ല എന്നും അറിയാവുന്ന മനസ് തന്നെയാണ് അതിനെ അറിയാതെ ആഗ്രഹിച്ചു പോവാറ്. .
    അത് പോലെ മാനത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളില്‍ ഒന്നായി നീയും……‘

    സുല്‍ഫീ...ഒരു സത്യം പറയട്ടെ..സുല്‍ഫിയുടെ പോസ്റ്റുകള്‍ വായിക്കാന്‍ നല്ല രസമാണ്. അതില്‍ പനിനീര്‍പ്പൂവിന്റെ പരിമളം ഉണ്ടാവും, പ്രേമത്തിന്റെ പരിലാളനം ഉണ്ടാവും, നിഷ്കളങ്കതയുടെ നൈര്‍മ്മല്യം ഉണ്ടാവും...ശരിക്കും....

    ReplyDelete
  27. നല്ല കലക്കന്‍ പോസ്റ്റ്.

    ReplyDelete
  28. ഒരു കളവ് തന്മയത്ത്വത്തോടെ പറയുമ്പോളാണ് ഒരു നല്ല കഥാകാരനാകുന്നത്. താങ്കളുടെ മനസ്സ് ഇപ്പോഴും പഴയ കാമ്പസ്സില്‍ കിടന്ന് കറങ്ങുകയാണ് അല്ലേ? നല്ല കഥ. ആശംസകള്‍.

    ReplyDelete
  29. സുല്‍ഫി ...എന്‍റെ തേങ്ങ കൊണ്ട് കല്ലേറ് ആയോ ...അത് പറയല്ലേ അത് കേട്ടു വിഷമം ആയി ...നോക്കു എല്ലാവരും എന്ത് നല്ല വാക്കുകള്‍ ആണ് എഴുതിയിരിക്കുന്നതും ..നമ്മുടെ ''പൊട്ടിച്ചിരി മാഷ് ''തന്നെ പറഞ്ഞത് ഒന്ന് വായിച്ചു നോക്കണം .എന്താ മാഷ് ടെ ഭാവന !!!.

    പിന്നെ ഇതിനു മുന്‍പ് എഴുതിയിരിക്കുന്ന ആ നല്ല വാക്കുകള്‍ ഒന്ന് കൂടി വായിച്ചു പറയുന്നു . .''ഈ കഥയിലെ സത്യവും അത് തന്നെ'' .മുത്ത്‌ മാല പോലെ എന്‍റെ മൂന്ന് കമന്റുകളും ഇതിനു എഴുതിയിട്ടും ഉണ്ട് ..ഓട്ടോഗ്രാഫ് പടം എളുപ്പം തന്നെ പുറത്തു വരണം ട്ടോ .

    ReplyDelete
  30. ഹും, എന്റെ വരികള്‍ കടമെടുത്തു ഷൈന്‍ ചെയ്തു അല്ലെ?
    ഒരൊറ്റ പെണ്ണ് പോലും തിരഞ്ഞു നോക്കാതെ ഞാന്‍ ഇങ്ങനെ തെക്കു വടക്കു നടന്നപ്പോള്‍, കള്ളന്‍ കേറി ഗോളടിച്ചു. അവള് വിട്ടേച്ചു പോയല്ലോ... അങ്ങനെ തന്നെ വേണം, ഗുരു ശാപമാ ഗുരു ശാപം...

    ReplyDelete
  31. അങ്ങനെതന്നെ വേണം. എന്തിനാ ആളെപ്പറ്റിക്കാന്‍ പോയെ?
    ഇഷ്ട്ടായി കേട്ടോ.

    ReplyDelete
  32. നല്ല അവതരണം സുല്‍ഫീ ... ആശംസകള്‍

    ReplyDelete
  33. സിജു : വളരെ നന്ദി. ആദ്യായിട്ട് വരികയല്ലേ ചായ കുടിച്ചിട്ട് പോയാല്‍ മതി കേട്ടോ. പിന്നെ നിന്‍റെ കണ്ണ് അത്ര ശരിയല്ലല്ലോ മോനെ. സാരല്യ. ഒക്കെ ശരിയാവും. ഹി ഹി.
    എച്മുക്കുട്ടീ.. : ഇങ്ങിനെ അന്തം വിടല്ലേ. ഇന്ത്യ വിട്ട റോക്കറ്റ് പോലെ തിരിച്ചു കടലില്‍ വീഴും. ഏതായാലും ഉഷാര്‍ ആയല്ലോ. സമാധാനമായി.
    മഴപ്പക്ഷീ : നന്നായി ചേട്ടാ... സന്തോഷായി.
    വായാടി : ഞാനപ്പോഴേ കരുതിയതാ ഈ പെണ്ണ് ചാടി വീഴുമെന്നു. കണ്ണൂരാനോടത് പറയുകയും ചെയ്യും. പാവം വായടിയെ പേടിച്ചു ബ്ലാക്ക്‌ ക്യാറ്റ് സെക്യുരിടിയും ആയി നടക്കുന്നെന്ന് കേട്ടു. പാവല്ലേ വിട്ടേക്ക്. പിന്നെ എന്നെ വെല്ലാന്‍ പോന്ന നടനോന്നും ഈ ഭൂലോകത്തില്‍ ജനിച്ചിട്ടില്ല. അത് കള. ആരൊക്കെയാ ഈ വല്യ വല്യ നടന്‍മാര്‍? ആലുംമൂടന്‍, മാമുക്കോയ ഇവര്‍ പോലും തത്തമ്മയെ കണ്ട്‌ ഓടി ഒളിച്ചു എന്നാ സിനിമാ ലോകത്തെ സംസാരം. പിന്നെ നാല് വരി കവിത. അത് സത്യം, അങ്ങിനെയൊന്നും എളുപ്പം വീഴില്ലെന്ന് പണ്ടേ തെളിയിച്ചില്ലേ. ഇനി നിന്‍റെ 'കണവനെ' ഒന്ന് കാണട്ടെ. എന്ത് മഹാ പാപമാ അദ്ദേഹം കഴിഞ്ഞ ജന്‍മത്തില്‍ ചെയ്തു പോയതെന്ന് ചോദിക്കണം.
    പരമു സാറേ : ഇംഗ്ലീഷ് ക്ലാസ് പോലെ തന്നെ സുന്ദരമായ വരികള്‍. "അതില്‍ പനിനീര്‍പ്പൂവിന്റെ പരിമളം ഉണ്ടാവും, പ്രേമത്തിന്റെ പരിലാളനം ഉണ്ടാവും, നിഷ്കളങ്കതയുടെ നൈര്‍മ്മല്യം ഉണ്ടാവും" എവിടുന്നു അടിച്ചു മാറ്റി ഈ വരികള്‍? ഇത് നേരത്തെ കിട്ടിയിരുന്നെങ്കില്‍ ഏതെങ്കിലും ഒരു കുട്ടിയുടെ ഓടോഗ്രഫില്‍ എഴുതാമായിരുന്നു. അടി പൊളി കേട്ടോ. കൂടെ ഈ നല്ല അഭിപ്രായത്തിനു ഒരുപാട് നന്ദി.
    ഹെന്‍റെ കുരാമേട്ടാ. അല്ല കുമാരേട്ടാ.. നന്‍ട്രി ടൂ. ഹല്ല പിന്നെ.
    ബാലുവേട്ടാ ഒരുപാട് നന്ദി ഈ ആശംസകള്‍ക്ക്. എന്ത് ചെയ്യാം ഇപ്പോഴും ആ ക്യാമ്പസ് മറക്കാന്‍ പറ്റുമോ?
    സിയക്കുട്ടീ : യ്യോ ഞാന്‍ വെറുതെ പറഞ്ഞതാട്ടോ. വിഷമിക്കെണ്ടട്ടോ. സിയെടെ അഭിപ്രായങ്ങള്‍ എനിക്കിഷ്ടായി. പോരെ.
    വാഷ് അല്ലെങ്കില്‍ ജെ കെ. (എനിക്കാ പഴയ വഷളന്‍ തന്നെ മതി) : എന്‍റെ ഗുരോ ഇതൊന്നും പുറത്തു പറയല്ലേ . എന്‍റെ മാനം കപ്പല് കയറി പോകും. സത്യായിട്ടും അവള് വിട്ടേച്ചു പോയതല്ല. വിടുവിച്ചതാ. ഇല്ലെങ്കില്‍ അങ്ങയുടെ ശാപം. പോകുമ്പോള്‍ ഒരു വാക്ക് കൂടെ പറഞ്ഞു, സുല്‍ഫി എന്‍റെ മനസേ അപഹരിച്ചുള്ളൂ. പക്ഷെ ആ വഷളന്‍ എന്‍റെ 'മാനവും'. അതും പറഞ്ഞു ഒറ്റ കരച്ചിലായിരുന്നു ആ കുട്ടി. എങ്ങിനെയാ പറഞ്ഞു വിട്ടതെന്ന് എനിക്കെ അറിയൂ. എന്തിനായിരുന്നു ആ പാവതോടീ ചതി. എന്നിട്ടിപ്പോള്‍ എന്നെ കുറ്റപ്പെടുത്തുന്നു. വേണ്ട ട്ടോ.
    കൊലുസുട്ട്യെ.. : ആളെ പറ്റിച്ചു ഒടുവില്‍ ഞാന്‍ വടിയായെന്നു പറഞ്ഞാല്‍ മതിയല്ലോ. ഇഷ്ടായല്ലോ അല്ലെ. ഹാവൂ..
    രസികാ : അതെനിക്കും രസിച്ചു ട്ടോ. നന്ദി.

    ReplyDelete
  34. നമ്പൂരാര് വെടിവട്ടം എന്നു പറയാറുള്ള പോലെ രസകരമായ കമെന്റുകളുടെ വെടിക്കെട്ട്, ചെനക്കത്തൂർ പൂരം പോലെ. കണ്ണൂരാനെ, ആ തത്ത മഹാജഗജില്ലിയാന്നാ, തോന്നുന്നേ, വെറുതേ കോർത്തു മാനം കളയണ്ടാ (പിന്നെ പൊറകെ നടന്നത് യാതോ കൊടക്കമ്പിയാ), സുൽഫീ, അൽമകഥയുടെ ഒരേടായിരിക്കും ഇത് അല്ലേ? കെട്ട്യോളെപ്പേടിച്ചാ, ‘ഗദ’ എന്നൊക്കെ പറയുന്നത്? പിന്നെ, ജെകെ, മ്മക്കൊന്നും ഇത് വിധിച്ചിട്ടില്ല, അത്ര തന്നെ.

    ReplyDelete
  35. കഥയും എഴുത്തും കൊള്ളാം

    ReplyDelete
  36. സുള്‍ഫീ.... കോളേജ്കാലത്തേ മധുരിക്കുന്ന ഓര്‍മകളിലേക്ക് കൂട്ടി കൊണ്ട് പോയി ഈ പോസ്റ്റ്‌. മനസ്സിന്റെ ഉള്ളിലേക്കിറങ്ങി ചെല്ലുന്ന വാക്കുകള്‍.
    ആ വരികളുടെ വശ്യത ആരെയും ആകര്‍ഷിക്കുന്നതാണ്.
    ഇനിയൊരു സ്വകാര്യം പറയട്ടെ, എന്റെ പ്രീഡിഗ്രീ കാലത്തേ ഓട്ടോഗ്രാഫ് ഞാനിന്നും ഒരു നിധിപോലെ സൂക്ഷിക്കുന്നുണ്ട്.

    ReplyDelete
  37. @ശ്രീനാഥന്‍ said.-"കണ്ണൂരാനെ, ആ തത്ത മഹാജഗജില്ലിയാന്നാ, തോന്നുന്നേ, വെറുതേ കോർത്തു മാനം കളയണ്ടാ"
    ഹ..ഹ..ഹ മാഷേ, എനിക്കിത് "ശ്ശ" ബോധിച്ചൂട്ടോ..:)

    ReplyDelete
  38. ആളെപ്പറ്റിക്കല്‍ ഇന്നും ഇന്നലയും തുടങ്ങിയതല്ല ല്ലേ...?
    കഥ എനിക്കിഷ്ടായി....
    വൈകി വന്നതിനാല്‍ മനസ്സിരുത്തി വായിക്കാനായി

    ReplyDelete
  39. നേരത്തെ വായിച്ചിരുന്നു സുല്‍ഫി..കമന്റ് പിന്നെ എന്നു മാറ്റി. കഥ ഇഷ്ടപ്പെട്ടു. കഥ തന്നെ എന്ന് ഉറപ്പ് കാരണം, ആ വരികളില്‍ പെണ്‍കുട്ടി വീണു എന്നല്ലേ എഴുതിയത്."ഞാന്‍ ഞാന്‍" എന്നെഴുതുന്നതുകൊണ്ടല്ലേ എല്ലാവരും അനുഭവം എന്നു വിചാരിക്കുന്നത്? പക്ഷേ 3rd person ല്‍ ആലോചിച്ചു നോക്കി, അപ്പോള്‍ കഥ വല്ലാതെ ഗൗരവമായി പോകുന്നു.... ഇനിയും തുടരുക കഥാശ്രമങ്ങള്‍...

    ReplyDelete
  40. @ @ശ്രീനാഥന്‍:
    ഇതിലെ പെണ്ണ് വായാടിയല്ല. അക്ഷരത്തിന്റെ പോസ്റ്റില്‍ വായാടി പറഞ്ഞത് കേട്ടോ?
    പ്രേമിക്കാന്‍ ആരെയും കിട്ടീലാന്നു!
    (എന്നിട്ട് വീമ്ബിലക്കുന്നു, സിനിമേല് മാമുക്കോയയും ഇന്ദ്രന്‍സും പിറകെ നടന്നൂന്നു!)

    ജിമെയില്‍ യാഹൂ സ്വാഹ സ്വാഹ..

    ReplyDelete
  41. വളരെ നന്ദി, കണ്ണേ, ഞാന്‍ അത്ര ചേര്‍ത്തു വെച്ചു വായിച്ചില്ല! ഈ സുല്‍ഫിയെവിടെ? വീട്ടുകാരാ, ഏയ് വീട്ടുകാരാ!

    ReplyDelete
  42. ശ്രീ മാഷെ.. ഒരു പാട് തിരക്ക് കൂടി, നെറ്റിലും ബ്ലോഗിലും കയറാന്‍ വരെ സമയം കിട്ടാത്ത സ്തിഥി ആയി.
    കഴിഞ്ഞ കുറെ കാലം വെറുതെ ഇരുന്ന എനിക്ക് ദൈവം തന്ന "പണി" കുറച്ചു ഓടെടാ.. എന്ന്. അതാ സമയത്തിന് വന്നു ആരുടേയും ബ്ലോഗ്‌ പോലും വായിക്കാന്‍ ഒക്കുന്നില്ല. സങ്കടമുന്ടത്തില്‍. എന്ത് ചെയ്യാം എല്ലാം കുറച്ചു ദിവസം കൂടെ ക്ഷമിക്കൂ. ഞാന്‍ പഴയ പോലെ തിരിച്ചു വരും. പിന്നെ മ്മക്കൊന്നും വിധിചില്ലെന്നു പറഞ്ഞു ഒഴിഞ്ഞു മാറുകയാ അല്ലെ . ആര്‍ക്കറിയാം എന്തായിരുന്നു ആ കാലത്തെ സ്തിഥി എന്ന്. കമന്റുകള്‍ ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം കേട്ടോ.
    ജീ കെ. : ഇങ്ങിനെയാ അഭിപ്രായം പറയേണ്ടത് കഥയും കൊള്ളാം, എഴുത്തും കൊള്ളാം. (ഇളക്കും മുള്ളിനും കേടില്ലാതെ രക്ഷപെട്ടു അല്ലെ) ഇനിയും വരണം ട്ടോ.
    കുഞ്ഞൂസേ : ഇത്തരം രഹസ്യമൊക്കെ ആരോടെങ്കിലും പറയാമോ? എന്നാലും രഹസ്യമല്ലേ ഞാന്‍ നമ്മള്‍ പത്തു നാല്പതു പേരല്ലാതെ വേറാരും അറിയില്ല കേട്ടോ. എന്നിട്ടിപ്പോള്‍ ആ ഓട്ടോ ഗ്രാഫില്‍ ആരൊക്കെ എന്തൊക്കെയാ എഴുതിയത്? ഉം. എനിക്കത് വായിക്കാന്‍ കൊതിയാവുന്നു. വേണ്ടല്ലേ. എന്നാല്‍ പോട്ടെ.
    വായാടി : ആ പാവം കണ്ണൂരാനേ ഇങ്ങിനെ.. എന്നിട്ടത് ബോധിച്ചു പോലും. ഹും. (ദുഷ്ട)
    വഴിപോക്കന്‍ : ഈ പരിപാടി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മിനിഞ്ഞാന്ന് തുടങ്ങിയതാ. ഇതൊക്കെ അല്ലെ ഒരു രസം. മനസ്സിരുത്തി വയിചൂലോ. സന്തോഷായി. കൂടെ നന്ദിയും.
    മൈത്രേയി : കഥയില്‍ ഞാന്‍ കഥാ പാത്രമാവുമ്പോള്‍ തെറ്റിദ്ധരിക്കപെടുന്ന ഒരു വേദിയാണ് പ്രത്യേകിച്ച് ഈ ബ്ലോഗ്‌. "എന്ത് ചെയ്യാം ഇതെല്ലാം അനുഭവിക്കാനും കേള്‍കാനും 'ചന്തുവിന്‍റെ' ജീവിതം ഇനിയും ബാക്കി". 3rd person ലേക്ക് കഥ മാറുമ്പോള്‍ അതിന്റെ തീവ്രത നഷ്ടമാകുമോ എന്ന് തോന്നി അതാ ഈ രീതി പരീക്ഷിച്ചത്. എന്‍റെ എല്ലാ കഥകളും അങ്ങിനെയാ ഞാന്‍ ചെയ്തത്. കൂടെ എന്‍റെ ചുറ്റുപാടും, ഞാനറിയുന്ന, എന്‍റെ ഓര്‍മകളിലുള്ള ക്യാന്‍വാസും ആകുമ്പോള്‍ എഴുതിനിത്തിരി ആയാസവും സത്യാ സന്ധതയും കൂടുമല്ലോ. ഗൌരവം കൂടിപ്പോയോ? വായിച്ചു വേണ്ട മാറ്റങ്ങളും അഭിപ്രായങ്ങളും വ്യക്തമായി പറഞ്ഞാല്‍ ഞങ്ങളെ പോലെയുള്ള പുതിയ ആളുകള്‍ക്ക് അതൊരു പ്രചോദനമാവും. തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
    കണ്ണൂരാനെ : അത് നന്നായി അല്ലെങ്കിലും 'വായാടി'ക്കിട്ടു ഒന്ന് കൊട്ടിയിട്ടു കുറച്ചു ദിവസമായി.
    ശ്രീ മാഷെ ഞാന്‍ ഇവിടുണ്ട്. വീണ്ടും പാക്കലാം.

    ReplyDelete
  43. പഴയ കഥകള്‍ ഇനിയും വരട്ടെ

    ReplyDelete
  44. സുല്‍ഫീക്കാ..........സൂപ്പര്‍ ആയിട്ടുണ്ട്‌ പോസ്‌റ്റ്‌....
    ഒരു റിയല്‍ടെച്ച്‌ ഉണ്ട്‌....
    പിന്നെ മറ്റൊരു കാര്യം........നമ്മുടെ സിനിമയിലൊക്കെ കാണുന്നതോ പോലെ പണക്കാരി പാവപ്പെട്ടവനെ സ്‌നേഹിക്കുന്ന സ്വഭാവം........
    ഭാവുകങ്ങള്‍ നേരുന്നു

    ReplyDelete
  45. സുല്‍ഫി, സന്തോഷം, പണിയെല്ലാം തീര്‍ത്ത് സമാധാനായി വരൂ! i missed you a lot!അതുകൊണ്ട് അങ്ങനെ എഴുതിയെന്നേ ഉള്ളു

    ReplyDelete
  46. ഹാ.. ആ‍ കൊച്ചിന്റെ ഭാഗ്യം... അല്ലേല്‍ നിങ്ങളെ കെട്ടി അതിന്റെ ജീവിതം പോയേനെ.. ഹാ.ഹാ.ഹാ.. എന്തായാലും കുറെ ആളുകള്‍ ഈ വരികള്‍ പരീക്ഷികും ... ആ‍ കൂതറയെ സൂക്ഷിച്ചോ....

    ReplyDelete
  47. പ്രേമിക്കാനെങ്കിലും ഒരു പ്രേമ ലേഖനം സ്വന്തമായി എഴിതിക്കൂടെ സുല്‍ഫി. കൈ നനയാതെ മീന്‍ പിടിച്ചു ശീലിച്ചു. എന്താ ചെയ്യാ. പോസ്റ്റ് നനായി ട്ടോ.

    (ആ വഴി പിന്നെ കണ്ടില്ല.)

    ReplyDelete
  48. എത്താന്‍ വൈകിയതില്‍ ഇപ്പോള്‍ വിഷമം തോന്നുന്നു

    ReplyDelete
  49. പതുങ്ങി വന്ന് വായിച്ച് ഒന്നും മിണ്ടാതെ പോകണമെന്ന് വിജാരിച്ചതാ.. പക്കേങ്കില് പറയാതിരിക്കാന്‍ പറ്റീലാ.. ഞമ്മളും ആ പെണ്ണിനെ പോലെ ഒരു മണുങ്ങൂസാ, വാക്കുകള്‍ക്ക് മുന്നില് മൂക്കും കുത്തി വീഴുന്ന സൈസ്!

    ReplyDelete
  50. ആയിരത്തൊന്നു രാവ് : കൊച്ചു കള്ളന്‍ എന്റെ പഴയ കഥയൊക്കെ കേട്ട് എന്റെ കേട്യോളോട് പോയി പറഞ്ഞു കൊടുക്കാനല്ലേ. വേണ്ടാട്ടോ.
    അക്ബര്‍ അലി : റിയാല്‍ ടച് ഇല്ലെങ്കില്‍ പിന്നെ എന്തോന്ന് കഥ? വളരെ നന്ദി വന്നതിനും അഭ്ഹിപ്രായത്തിനും.
    ജിഷാദ് : ആ വരി പ്രയോഗിച്ചു വിജയിച്ച ഒന്ന് രണ്ടു പേര്‍ ഇതിനകം മെയില്‍ അയച്ചു കഴിഞ്ഞു. എന്തായാലും ആ വരികള്‍ കൊണ്ട് ഇങ്ങിനെ ഒരു ഉപകാരമെങ്കിലും ഉണ്ടാവുമല്ലോ. പിന്നെ ആ കൊച്ചിന്റെ കാര്യം. അത് പിന്നെ പറയാനുണ്ടോ?
    അക്ബര്‍ : സ്വന്തമായി ഒരു വരി എങ്കിലും കണ്ടു പിടിച്ചു എഴുതാന്‍ കഴിയുമായിരുന്നെങ്കില്‍ അന്ന് ഞാന്‍ ശ്രീ കൃഷ്ണന്‍ ആയേനെ. അല്ലാതെ തന്നെ ഒഴിവുണ്ടായിട്ടില്ല. ഹി ഹി. ക്ഷമിക്കണം തിരക്കിലായ കാരണമാ ആ വഴി വരാന്‍ സമയമെടുക്കുന്നത്. ഉടന്‍ വരും
    ഏറക്കാടന്‍ : വൈകി എങ്കിലും എത്തിയല്ലോ അത് മതി.
    ഐസിബി : പതുങ്ങി വന്നു പുറകില്‍ നിന്ന് "ട്ടോ" എന്ന് ചൊല്ലി എന്നെ പേടിപ്പിക്കാനുള്ള പരിപാടി ആയിരുന്നല്ലേ. ഇങ്ങിനെ വാക്കുകള്‍ക്ക് പിന്നില്‍ മൂക്കും കുത്തി വീഴാത്തെ അതിന് മുമ്പില്‍ തലയും കുത്തി വീഴാന്‍ നോക്കൂ മണ്ഡൂസെ.... ഒരു പാട് സന്തോഷം. ഈ വഴിക്ക് വന്നതില്‍. എന്നാലും അങ്ങിനെ വീഴെണ്ടായിരുന്നു അല്ലേ.

    ReplyDelete
  51. ഓര്മകള്ക്കെന്തു സുഗന്ധം

    ReplyDelete
  52. "ഓരോ യുവാവും തന്റെ ആദ്യാനുരാഗം ഓര്‍ത്തു വെക്കുന്നു..
    ആ ഓര്‍മ്മകള്‍ അവന്റെ വികാരങ്ങളെ മാറ്റി മറിക്കുന്നു...
    അതിന്റെ നിഗൂഡതയില്‍ കയ്പ്പുണ്ടാകാമെങ്കില്‍ തന്നെ ആ ഓര്‍മ്മകള്‍
    അവനെ ആഹ്ലാദം കൊള്ളിക്കുന്നു..."
    ഇതെന്റെ വരികളല്ല..ഖലീല്‍ ജിബ്രാന്റെ വരികളാണ്...
    സുല്‍ഫി എന്തായാലും കൂട്ടുകാരന്റെ ബുക്കില്‍ നിന്നും അടിച്ചു മാറ്റിയ
    വാക്കുകള്‍ കൊണ്ട് നല്ലൊരു പോസ്റ്റുണ്ടാക്കിയില്ലെ...?
    അപ്പൊ നമ്മള്‍ ഒരു കമന്റെങ്കിലും അടിച്ചു മാറ്റിയ വരികള്‍ കൊണ്ട് എഴുതണ്ടേ...?
    പിന്നെ ഇതു കഥയോ അനുഭവമോ..?എനിക്കങ്ങട് വിശ്വാസമായിട്ടില്ല...
    പിന്നെ പരസ്യത്തില്‍ പറഞ്ഞ പോലെ..
    വിശ്വാസം അതല്ലേ എല്ലാം...എന്തായാലും നന്നായി എഴുതി...

    ReplyDelete
  53. "ഹോ രക്ഷപ്പെട്ടു. ഞാനാകേ തെറ്റി ധരിച്ചു"
    അപ്പൊ ഇതായിരുന്നല്ലേ മനസ്സിലിരിപ്പ്...കൊള്ളാം...

    അതൊക്കെ പോട്ടെ....ആ കൂട്ടുകാരി ഇപ്പോ എവിടുണ്ട്???

    ReplyDelete
  54. അപ്പൊ ഇനി ഈ വാക്കുകള്‍ വച്ച് ഒരു അലക്ക് അലക്കണം


    അവളുമാര്‍ ഇതൊന്നും വായിചിട്ടുണ്ടാവരുതെ ൈദവമേ

    ReplyDelete
  55. സലാഹെ : ചില ഓര്‍മ്മകള്‍ അങ്ങിനെയാ.
    റിയാസ് : നല്ല വരികള്‍ ഇനി അത് എവിടെയെങ്കിലും പ്രയോഗിക്കാന്‍ പറ്റുമോ? പിന്നെ "വിശ്വാസം അതല്ലേ എല്ലാം"
    എന്റെ ചാണ്ടീ : അവളുടെ അഡ്രസ്സും വാങ്ങി തേടിപ്പിടിച്ചു പോവാനുള്ള പരിപാടി ആണല്ലേ. പിന്നെ എന്നെ തെറ്റി ധരിക്കാതെ ശരിയായി ധരിക്കൂ. ഞാന്‍ നല്ല കുട്ടി അല്ലെ.
    nambiyar : ആ വാക്കുകള്‍ വെച്ചൊന്നു ശ്രമിച്ചു നോക്ക്. ഫലം കണ്ടാല്‍ എനിക്ക് ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മരണ എന്നൊരു പരസ്യം പത്രത്തിലിടാന്‍ മറക്കല്ലേ.

    ReplyDelete
  56. This comment has been removed by the author.

    ReplyDelete
  57. ബൂലോകം മൊത്തം തെണ്ടിനടന്നു കമന്‍റടിച്ചിട്ടും ഒരാളെങ്കിലും ഒന്ന് തിരിഞ്ഞു നോക്കിയോ?..അല്ലെങ്കിലേ പേടിച്ച് പേടിച്ച് വന്നതാണ്. വന്ന ഉടെന്‍ ചിലരൊക്കെ ഉശിരന്‍ കമന്‍റൊക്കെ കാചിയിട്ടു പോയി.അതില്‍ മതി മറന്ന് ഉറക്കമൊഴിച്ച് ഞാനെന്തൊക്കെയോ എഴുതിക്കൂട്ടി.എല്ലാം വെറുതെ... ബൂലോകത്ത് ഒരുകൊച്ചു കൂര! അത്രയുമേ ഞാനാഗ്രഹിച്ചുള്ളു..എന്തിന്..എല്ലാം വെറുതെ എന്നിപ്പോള്‍ തോന്നുന്നു.
    കണ്ടവന്മാരൊക്കെ കണ്ട പെണ്ണുങ്ങള്‍ക്കൊക്കെ കത്തെഴുതിയതും ഓട്ടോഗ്രാഫെഴുതിയതും ഒക്കെ വായിക്കാന്‍ എന്താ ഉഷാ...റ്.!! ഇനി ഞാനൊരു നിമിഷം ഈ ബൂലോകത്ത് നില്‍ക്കുന്നില്ല. പോകാണ് ബ്ലോഗുട്ടികളേ ...പോകാണ്..!! വിധിണ്ടെങ്കില്‍ ഇനീം കാണാം. അത്രത്തന്നെ..ഹല്ല പിന്നെ..

    ReplyDelete
  58. This comment has been removed by the author.

    ReplyDelete
  59. This comment has been removed by the author.

    ReplyDelete
  60. ബൂലോകം മൊത്തം തെണ്ടിനടന്നു കമന്‍റടിച്ചിട്ടും ഒരാളെങ്കിലും ഒന്ന് തിരിഞ്ഞു നോക്കിയോ?..അല്ലെങ്കിലേ പേടിച്ച് പേടിച്ച് വന്നതാണ്. വന്ന ഉടെന്‍ ചിലരൊക്കെ ഉശിരന്‍ കമന്‍റൊക്കെ കാചിയിട്ടു പോയി.അതില്‍ മതി മറന്ന് ഉറക്കമൊഴിച്ച് ഞാനെന്തൊക്കെയോ എഴുതിക്കൂട്ടി.എല്ലാം വെറുതെ... ബൂലോകത്ത് ഒരുകൊച്ചു കൂര! അത്രയുമേ ഞാനാഗ്രഹിച്ചുള്ളു..എന്തിന്..എല്ലാം വെറുതെ എന്നിപ്പോള്‍ തോന്നുന്നു.
    കണ്ടവന്മാരൊക്കെ കണ്ട പെണ്ണുങ്ങള്‍ക്കൊക്കെ കത്തെഴുതിയതും ഓട്ടോഗ്രാഫെഴുതിയതും ഒക്കെ വായിക്കാന്‍ എന്താ ഉഷാ...റ്.!! ഇനി ഞാനൊരു നിമിഷം ഈ ബൂലോകത്ത് നില്‍ക്കുന്നില്ല. പോകാണ് ബ്ലോഗുട്ടികളേ ...പോകാണ്..!! വിധിണ്ടെങ്കില്‍ ഇനീം കാണാം. അത്രത്തന്നെ..ഹല്ല പിന്നെ..

    ReplyDelete
  61. സുല്ഫിക്കാടെ ബ്ലോഗില്‍ ഈയിടെ ആണ് വരാന്‍ പറ്റിയത്..ലുലുമോല്ടെ ഫോട്ടോയും വേറൊരു പോസ്റ്റും വായിച്ചു..പിന്നെ ഇപ്പോഴാണിത് വായിക്കുന്നേ..

    കഥ ആണേലും അനുഭവം ആണേലും സങ്കതി ഉഷാര്‍!

    ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ സ്ഥിരമായി ഞങ്ങള്‍ പെണ്‍കുട്ടികളെ ഉറ്റു നോക്കിയിരിക്കുന്ന ആരു ആണ്കുട്ടിയുണ്ടായിരുന്നു;അവനു കുറുക്കന്‍ എന്ന് ഞങ്ങള്‍ പേര് നല്‍കി. ഒരു ദിവസം രാവിലെ പത്രത്തില്‍ ഞങ്ങളുടെ കോളേജിലെ ഒരു കുട്ടി പുഴയില്‍ മുങ്ങി മരിച്ചെന്ന വാര്‍ത്ത‍ കണ്ടു.ക്ലാസിലെതിയപ്പോഴാനു

    അത് ഈ കുട്ടിയാണെന്ന് മനസ്സിലായത്‌ .വല്ലാത്ത ഞെട്ടല്‍ സമ്മാനിച്ചു കൊണ്ട്

    പെട്ടന്നൊരു ദിവസം കോളെജിനു അവധി നല്‍കി അവന്‍ കടന്നു കളഞ്ഞത് മറക്കാനാവാത്ത അനുഭവമായിരുന്നു...(സുല്ഫിക്കാടെ ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ ഇത് മനസ്സില്‍ വന്നു)

    ReplyDelete
  62. ഹായ് നെന : എക്സ് പ്രവാസിനിയും നേനയും ഒരാളാണെന്ന വിശ്വസിച്ചോട്ടെ, ഏതായാലും എനിക്കിഷ്ടായി ആ പറഞ്ഞത്. ഇവിടെ ഇതിനൊക്കെയെ ഇപ്പോള്‍ ആവശ്യക്കാര്‍ ഉള്ളൂട്ടോ. വായനക്കാരുടെ മനസറിഞ്ഞു കൊടുക്കുക. (ഒരു രഹസ്യം പറഞ്ഞോട്ടെ, ഇത്തിരി മസാല കൂടെ ചേര്‍ത്ത് കൊടുത്തു നോക്കിയേ, ഗംഭീരം, ഉച്ചിസരം, ഖോരം, കലക്കന്‍ എന്നിങ്ങനെയുള്ള കടിച്ചാല്‍ പൊട്ടാത്ത കമന്റ് കിട്ടും)
    പിന്നെ ഇതൊക്കെ ചിലവുള്ള കാര്യമാണ് കേട്ടോ. കമന്റൊന്നിന് പത്തു രൂപ കൊടുത്ത് കമന്ടടിപ്പിക്കുന്ന കഷ്ട്ടപ്പാട് ഞങ്ങളെ പോലെയുള്ള പുതു മുഖങ്ങല്‍ക്കെ അറിയൂ. ആഹ. ഞാനുമൊന്നു വലിയ ബ്ലോഗ്ഗര്‍ ആവട്ടെ, ബെര്‍ളി ഒക്കെ ആയാല്‍ എന്റെ പുറകെ നടക്കും ഞാന്‍ പൈസ കൊടുത്ത എല്ലാരും, ഹി ഹി ഹി.
    അങ്ങിനങ്ങു പോവാതെ, തുടരട്ടെ എഴുത്തും കൂടെ നല്ല കമന്റുകളും. പേടിക്കെണ്ടാട്ടോ, ഞങ്ങളൊക്കെ, അല്ല ഞാനുണ്ടിവിടെ.
    ജസ്മിക്കുട്ടി : പഴയ കാല കോളേജ് ഓര്‍മകളിലേക്ക് എന്റെ പോസ്റ്റ്‌ നടത്തിചെങ്കില്‍ എനിക്ക് സന്തോഷായി. ഇത്രയൊക്കെ എന്നെ കൊണ്ട് പറ്റൂ. മറ്റു പോസ്റ്റുകള്‍ വായിച്ചത് കണ്ടു. ഇനിയും മറക്കാതെ ഇവിടെ വരുമല്ലോ അല്ലെ. നിങ്ങളെ പോലെയുള്ള നല്ല കമന്റുകളാണ് എന്നും എന്‍റെ പ്രചോദനം.

    ReplyDelete
  63. ഹും, ഇതൊക്കെയാണല്ലേ നേരത്തെ പറഞ്ഞ അടുപ്പമുള്ള പെണ്‍ സൌഹൃദങ്ങള്‍.. ഇനി ഞാന്‍ എന്‍റെ ഒരു കണ്ണ് നിങ്ങളുടെ അടുത്തേക്ക് വക്കുന്നുണ്ട്...

    ReplyDelete
  64. ബിജിത്തെ, വെറുതെ കണ്ണ് കേട് വരുത്തല്ലെ.
    ഏതായാലും വന്നല്ലോ. സന്തോഷായി.

    ReplyDelete
  65. സുല്ഫീ... ഈ പോസ്റ്റ്‌ ആ ദുബായ് മീറ്റിന്റെ മുന്പ് എഴുതുയിരുന്നെങ്കില്‍ ...
    എനിക്ക് നിങ്ങളുടെ ബീടരുടെ അടുത്തു രണ്ടു വാക്ക് പറയാനുണ്ടായിരുന്നു. ഛെ.. നശിപ്പിച്ചു..
    എന്തായാലും നന്നായി എഴുതി ... മരിക്കാത്ത ഓര്‍മ്മകള്‍ ...
    ഇതൊക്കെ വായിച്ചപ്പോള്‍ മനസ് പഴയ കൌമാരത്തില്‍ എത്തി നില്‍ക്കുന്നുണ്ടായിരുന്നു............
    ആശംസകള്‍

    ReplyDelete
  66. ഓട്ടോഗ്രാഫ് ഒന്നു നോക്കട്ടേട്ടോ!!!
    എന്നാലും ഇക്കാ അമ്മാതിരി പാഐണ്‍ക്കീളീ ഡായ്യാളോഗ്ഗീള്‍
    ആ കുട്ടിയും പിന്നെയും കുട്ടികളും വീണ സ്ഥിതിക്ക് മനോരമയിലോ മംഗളത്തിലോ
    ഒന്നു നോക്കയിരുന്നില്ലേ.
    ചുമ്മാ പറഞ്ഞതാണ്‌. രസായിട്ടുണ്ട്.

    ReplyDelete
  67. നല്ല കളര്‍ഫുള്‍ ഓട്ടോഗ്രാഫ് .. :)

    ReplyDelete
  68. ഇസ്മയില്‍ : ഭാഗ്യം അന്ന് നീ ഇത് വായിക്കാതിരുന്നതു.
    പിന്നെയെ എന്റെ പഴയ പ്രേമ ലേഖനങ്ങള്‍ എന്നാ പേരില്‍ ഒരു പുസ്തകം ഇറക്കിയാലോ എന്നാ ആലോചനയിലാ ഞാന്‍. എഡിറ്റര്‍ ആയി ന്റെ കെട്ട്യോളെ തന്നെ കൂട്ടാം.
    ന്തേ. ന്റെ കുടുംബം കലക്കിയെ അടങ്ങൂ അല്ലെ.
    ഫൌസീ : എന്ത് ചെയ്യാം... മനോരമയിലും മംഗളത്തിലും ഒക്കെ നമ്മെക്കാള്‍ സൂപ്പര്‍ ആണ്‍ കുട്ടികള്‍ ഇരിക്കുന്നുണ്ട്‌. രസായല്ലോ അല്ലെ. സമാധാനം.
    ജെഫു : കളര്‍ഫുള്‍ മാത്രമല്ലെടാ. വേദനാജനകവും. പിന്നെ അവളുടെ തന്ത കൊടുത്ത ക്വട്ടെഷന്‍ ഫലം അനുഭവിച്ചവര്‍ക്കല്ലേ അതറിയൂ. ഉം...

    ReplyDelete
  69. ഇതു മുഴുവൻ സത്യമാണെന്ന് വിശ്വസിക്കാൻ വയ്യ. ഇത് മുഴുവൻ നുണയാണെന്ന് ആലോചിക്കാനേ വയ്യ.. ഇതിലെ ചെറിയ അംശമെങ്കിലും സുൽഫി അനുഭവിക്കാതെ ഇതു ഭാവനയിൽ വിരിയുകയുമില്ല.. ആദ്യമായിട്ടാ വരുന്നത്.. നല്ല ഐശ്വര്യം...!

    ReplyDelete

വല്ലതും പറയാന്‍ തോന്നുന്നുണ്ടോ... എന്നാലത് വേഗമാവട്ടെ. ഇവിടെ...
I am waiting for your comments