Saturday, May 29, 2010

ആദരാഞ്ജലികള്‍

ഇന്നലെ ആകെ അസ്വസ്ഥമായിരുന്നു മനസ്സ്.
പതിവിലും വിപരീതമായി എന്‍റെ ഫോണ്‍ കുറെ നേരം ബെല്‍ അടിക്കുന്നത് കണ്ടപ്പോള്‍ എടുത്തു നോക്കി.
ഹംസ.. പതിവ് മിസ്സ്‌ കാള്‍ അടി വീരനാ...... അല്ലെങ്കിലും ചിലരെ കണ്ടാല്‍ തന്നെ തോന്നും മിസ്സ്‌ കാള്‍ അടിക്കാനായി ജനിച്ചതാണോ എന്ന്.
ഇതെന്തു മറിമായം. ഇവന് ലോട്ടറി വല്ലതും അടിച്ചോ? അല്ലെങ്കില്‍ ഒരു മുപ്പതു 'ഫില്‍‌സ്നു വേണ്ടി ജീവ ത്യാഗം ചെയ്യുന്നവനാ.
അങ്ങിനെ നീട്ടി അടിച്ചാല്‍ തന്നെ അത് കട്ട്‌ ചെയ്തു വിളിക്കാനാ ഉത്തരവ്. ഇനി അഥവാ എടുത്തു പോയാലോ തെറി ഉറപ്പാ. തെറി പ്രതീക്ഷിച്ചു കൊണ്ട് ഫോണ്‍ എടുത്തു.
"നമ്മുടെ പി. സി. ക്ക" മരിച്ചു"
ഫോണിലൂടെ വന്ന വാര്‍ത്ത കേട്ടതും ഞാനൊരു നിമിഷം നിശബ്ദനായി. പ്രതീക്ഷിച്ചിരുന്നു എങ്കിലും മനസിനിഷ്ടമില്ലായിരുന്നു ഇത് കേള്‍ക്കാന്‍.
"ഇന്ന് രാവിലെ ആയിരുന്നു". മറ്റൊന്നും പറയാതെ ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു.

പാവം മനുഷ്യന്‍. പ്രതാപ കാലത്ത് ഐശ്വര്യത്തോടെ ജീവിച്ചു ഒടുക്കം ഇങ്ങിനെ.....

വെറുതെ ഞാനദ്ദേഹത്തെ കുറിച്ചൊന്നു ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു നോക്കി. എന്‍റെ ചെറുപ്പ കാലം മുഴുവന്‍ അദ്ദേഹത്തെ ചുറ്റി പറ്റിയുള്ളതായിരുന്നു എന്ന് പറഞ്ഞാല്‍ ഒരു പക്ഷെ അതൊരു വെറും വാക്കാവില്ല.

എന്‍റെ ചെറുപ്പ കാലം. ഉപ്പ രാവിലെ കാട്ടിലേക്ക് പണിയന്മാരെയും (ആദിവാസികള്‍ക്ക് ഞങ്ങളുടെ നാട്ടില്‍ പറയുന്ന മറ്റൊരു പേര്) കൂട്ടി കാട്ടിലേക്ക് പോകും. ചിലപ്പോള്‍ ഒന്നും രണ്ടും ആഴ്ച കഴിഞ്ഞാണ് വരിക. ചൂരല്‍, കാട്ടില്‍ നിന്ന് വെട്ടിക്കൊണ്ടു വന്നു അത് കൊണ്ട് "കുട്ട" ഉണ്ടാക്കി അത് പട്ടണത്തില്‍ കൊണ്ട് പോയി വിറ്റാണ് ജീവിതം കഴിയുന്നത്‌. ഒരു പ്രാവശ്യം കാട്ടിലേക്ക് കയറിയാല്‍, ഉപ്പയും മൂന്നു നാല് പേരും ഉണ്ടാവും, അരിയും സാധനങ്ങളും പാത്രങ്ങളും എല്ലാം കൊണ്ടാണ് പോക്ക്. കയറിയാല്‍ പിന്നെ കാടടച്ചു തിരച്ചിലാണ്. (കാട്ടില്‍ നിന്ന് ചൂരല്‍ വെട്ടാന്‍ സ്ഥലം ഫോറെസ്റ്റ്‌ റേഞ്ച് ഓഫീസറുടെ അടുത്ത് നിന്നും നേരത്തെ "അനുമതി" വാങ്ങിയിട്ടുണ്ടാവും ചൂരല്‍ വെട്ടാനും തിരയാനും എല്ലാം) പിന്നെ തിരിച്ചു വരുവോളം ഞങ്ങള്‍ക്കും പേടിയാണ്. വന്യ മൃഗങ്ങളുള്ള കാടാണ്. പടച്ചോനെ വല്ലതും പറ്റിയാല്‍?!

ഞങ്ങളുടെ നാട്ടിലെ ഏക പലചരക്ക് കട അന്ന് പി. സി ക്കയുടെതാണ്. ഞങ്ങള്‍ക്കവിടെ "പറ്റു" ഏല്‍പ്പിച്ചതായിരുന്നു ഉപ്പ. പലചരക്ക് സാധനങ്ങള്‍ എന്ത് വേണമെങ്കിലും വാങ്ങിക്കാം.
പൊതുവേ എല്ലാവരോടും കര്‍ക്കശക്കാരനായിരുന്നു എങ്കിലും ഒരുപാട് പാവങ്ങള്‍ അദ്ദേഹത്തെ കൊണ്ട് കഴിഞ്ഞു പോയിരുന്നു എന്നതാണ് സത്യം.
എല്ലാവരും കൂലി പണിക്കാര്‍. എല്ലാവര്ക്കും അദ്ദേഹം ആശ്രയമായിരുന്നു എന്നതാണ് സത്യം. വൈകിട്ട് കടയില്‍ പോയാല്‍ നല്ല തിരക്കായിരിക്കും. അതിനാല്‍ തന്നെ പറ്റു ബുക്കില്‍ സാധനങ്ങളുടെ ലിസ്റ്റ് എഴുതി കൊണ്ട് പോയി ഉച്ചക്ക് കൊടുക്കും. തിരക്കൊഴിഞ്ഞു അദ്ദേഹം എടുത്തു വെച്ചിരിക്കും. ഞങ്ങള്‍ രാത്രി പോയി എടുത്തു കൊണ്ട് വരും.

"വാപ്പ വന്നെടോ?" എപ്പോള്‍ കണ്ടാലും ആദ്യം ചോദിക്കുന്ന ചോദ്യം ഇതായിരിക്കും. ആ മുഴക്കമുള്ള ശബ്ദം ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നു.
"പേടിക്കേണ്ട കേട്ടോ. ഇങ്ങു വരും, ആരൊക്കെയാ 'കണ്ടനും' 'മാണി'യുമൊക്കെ ഇല്ലേ കൂടെ". ഇത് കേള്‍കുമ്പോള്‍ തന്നെ പകുതി ആശ്വാസമാകുമായിരുന്നു. കൂടെ അദ്ദേഹത്തിന്റെ വക ഒരു മിഠായിയും കിട്ടും (ഇത് കണക്കില്‍ എഴുതില്ല കേട്ടോ) അതിനാല്‍ തന്നെയാവും ചെറുപ്പം മുതലേ എനിക്ക് അദേഹത്തെ വലിയ ഇഷ്ടമായിരുന്നു. അദേഹത്തിന് എന്നെയും.

ചില സമയങ്ങളില്‍ ഉപ്പ കാട്ടില്‍ നിന്ന് വെറും കയ്യോടെ മടങ്ങി വരും. പോയ ഭാഗങ്ങളില്‍ ചൂരല്‍ ഉണ്ടാവില്ല. കയ്യില്‍ കരുതിയിരുന്ന ഭക്ഷണവും തീര്‍ന്നിട്ടുണ്ടാവും. പിന്നെന്തു ചെയ്യും? തിരിച്ചു വരിക തന്നെ. വെറും കയ്യോടെ വരുമ്പോഴും ഞങ്ങള്‍ക്ക് പലചരക്ക് സാധനങ്ങള്‍ മുടങ്ങാതെ അദ്ദേഹത്തിന്റെ കടയില്‍ നിന്ന് കിട്ടുമായിരുന്നു.

ഞങ്ങളുടെ നാട്ടില്‍ പത്രം വരുന്ന ഏക സ്ഥലവും ഇദ്ദേഹത്തിന്‍റെ കടയായിരുന്നു. മലയാള മനോരമ ആയിരുന്നു അവിടെ വരിക. പലപ്പോഴും ക്യു നിന്ന് വായിച്ചിട്ടുണ്ട് ഞാന്‍ പത്രം.
വൈകുന്നേരമായാല്‍ കടയുടെ മുമ്പില്‍ ഉള്ള രണ്ടു ബഞ്ചിലും പിന്നെ "ഉപ്പു പെട്ടി"യിലും (ഇന്ന് എവിടെയും കാണ്മാനില്ല ഈ പെട്ടി. പണ്ട് എല്ലാ പലചരക്ക് കടയിലും ഉപ്പു ഇട്ടു വെക്കാന്‍ ഒരു പെട്ടി ഉണ്ടാവുമായിരുന്നു. ഉപ്പു അളന്നു കൊടുക്കുന്നതും "സേര്‍" അളവിലായിരുന്നു.) നിറയെ ആളുണ്ടാവും. കൂലിപ്പണി കഴിഞ്ഞു വരുന്ന എല്ലാവരും ഒത്തു കൂടും. പിന്നെ ഒരു രസമാ. കളിയും ചിരിയും ബഹളവും.
ഒരു കൂട്ടര്‍ ഉപ്പും പെട്ടിയില്‍ കള്ളി വരച്ചു കല്ല്‌ വെട്ടിക്കളിക്കും. (അങ്ങിനെ ഒരു കളി ഉണ്ടായിരുന്നു. ഇന്നും ചിലയിടങ്ങളില്‍ കാണുന്നുണ്ട്) ജയിക്കുന്നയാള്‍ക്ക് തോല്‍ക്കുന്നയാല്‍ കടയില്‍ നിന്നും പഴം വാങ്ങി കൊടുക്കും. ഈരണ്ടു പേര്‍ വീതം കളിക്കും. രാത്രിയാവുംബോഴെക്കും കടയിലെ പഴത്തിന്‍റെ പകുതി തീരും. വൈദ്യുതി ഉള്ള അപൂര്‍വ്വം കടകളിലോന്നായിരുന്നു ഇത്.

ഞങ്ങള്‍ കുട്ടികള്‍ വെറുതെ പോയി ഈ കളികളും നോക്കിയിരിക്കും ഒരാള്‍ തന്നെ കൂടുതല്‍ ജയിച്ചാല്‍ ചിലപ്പോള്‍ അവര്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് പഴം തരുമായിരുന്നു. ഒരു പഴത്തിനു പതിനഞ്ചു പൈസ വിലയാ അന്ന്. വെറുതെ കിട്ടുന്ന പഴം ഞങ്ങള്‍ക്കെന്താ പുളിക്കുമോ?
ഉപ്പ വന്നാല്‍ പിന്നെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവാദമില്ല. അല്ലാത്തപ്പോള്‍ പി. സി. ക്കയുടെ കടയില്‍ പോയിരിക്കാന്‍ മാത്രമേ അനുവാദം ഉണ്ടായിരുന്നുള്ളൂ.

ഒരിക്കല്‍ ഉപ്പയെ കാട്ടില്‍ നിന്ന് ഒറ്റയാന്‍ ഓടിച്ചു. രക്ഷപെടാന്‍ ഒരു പാറക്കെട്ടിന്റെ മുകളില്‍ നിന്ന് എടുത്തു ചാടി. കൂടെയുള്ളവര്‍ ഭക്ഷണം ഉണ്ടാക്കുകയായിരുന്നു. രാത്രി ആയപ്പോള്‍ ഉപ്പ ഒന്ന് "വെളിക്കിരിക്കാന്‍" കുറച്ചു ദൂരെ മാറി പോയതാ. ആനയില്‍ നിന്ന് രക്ഷപെട്ടെങ്കിലും. കഷ്ടകാലം ഉപ്പയുടെ കൂടെയുണ്ടായിരുന്നു. ഒരു കയ്യിന്റെ എല്ല് പൊട്ടി.
അന്ന് രാത്രി മുഴുവന്‍ കാട്ടില്‍ വേദന സഹിച്ചു കിടന്നു. പിറ്റേന്ന് രാവിലെ തിരിച്ചു കൂടെയുള്ളവരോടൊപ്പം വീട്ടിലെത്തി. പിന്നീടത്‌ മാറാന്‍ കുറെ കാലമെടുത്തു. ജോലിക്ക് പോകാന്‍ പറ്റാതെ ഉപ്പ വീട്ടില്‍ കിടന്നു. അന്നെല്ലാം മുടങ്ങാതെ യാതൊരു മുഷിപ്പും പറയാതെ ഞങ്ങള്‍ക്കുള്ള എല്ലാ സാധനങ്ങളും കടയില്‍ നിന്ന് കിട്ടുമായിരുന്നു.
(ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നുണ്ട് അതെല്ലാം. ആ നല്ല മനുഷ്യനാ ഇന്നലെ പൊലിഞ്ഞത്.)

മഴക്കാലം എല്ലാവരെയും പോലെ ഞങ്ങള്‍ക്കും പട്ടിണിയുടേത് ആയിരുന്നു. മണ്ണിന്റെ കട്ട കൊണ്ടുണ്ടാക്കിയ ഓല മേഞ്ഞ വീട്. വെയിലു കൊണ്ട് നുരുമ്പി പോയിട്ടുണ്ടാവും മിക്കതും. മഴക്കാലം വന്നാല്‍ പ്രശ്നങ്ങള്‍ പലതാണ്. ഉപ്പാക്ക് കാട്ടില്‍ പോവാന്‍ പറ്റില്ല. കാട് നിറയെ അട്ടകളായിരിക്കും. എന്നാലും ചില സമയത്ത് അതൊന്നും വക വെക്കാതെ പോവുമായിരുന്നു. "നമ്മള്‍ക്ക് പി. സി. ക്കായിയുടെ കടയില്‍ നിന്നും കടം കിട്ടും. പാവം പണിയന്മാര്‍ എന്ത് ചെയ്യും? അവര്‍ക്കും വേണ്ടേ വല്ലതും തിന്നാന്‍?" . അവര്‍ വന്നു സങ്കടം പരയുംബോഴായിരുന്നു ഇങ്ങിനെ ഇറങ്ങി തിരിക്കുക. ഉപ്പും പിന്നെ മറ്റെന്തൊക്കെയോ കൂട്ടി "കിഴി"യുണ്ടാക്കി അതുമായി കാട്ടിലേക്ക് പോകും. അട്ടയുടെ കടിയില്‍ നിന്നും രക്ഷപെടാന്‍ വേണ്ടി അത് ഇടയ്ക്കിടെ കാലില്‍ തേക്കും.

വീട്ടിലെ നുരുംബിയിരിക്കുന്ന ഓലകളിലേക്ക് ശക്തിയില്‍ മഴത്തുള്ളികള്‍ വീഴുമ്പോള്‍ പലയിടത്തും ഓട്ടകള്‍ വീഴും. അത് വഴി വെള്ളം താഴേക്കു വീഴും. മഴ പെയ്താല്‍ പിന്നെ അതായി ജോലി. അടുക്കളയിലുള്ള സകല പാത്രങ്ങളും വെള്ളം ഇറ്റുന്ന ഓരോ ഓട്ടയ്ക്ക് താഴെയും വെക്കും. ചിലപ്പോള്‍ പാത്രങ്ങള്‍ തികയാതെ കരി കൊണ്ട് മെഴുകിയ നിലത്തു മുഴുവന്‍ വെള്ളം ആവാറുണ്ട്.
"പടച്ചോനെ എന്നാണു നമ്മുടെ ഈ കഷ്ട്ടപ്പാട് ഒക്കെ ഒന്നി മാറി ഒരു ഓടിട്ട വീട്ടില്‍ കഴിയാന്‍ പറ്റുക" പലപ്പോഴും ഉമ്മ കരഞ്ഞു കൊണ്ട് ഉപ്പയോട്‌ സങ്കടം പറയുന്നത് ഞാന്‍ കേട്ടിട്ടുന്ന്ട്.
(ഇന്ന് ഓല വീടിനു പകരം വാര്‍പ്പിട്ട, കരി മെഴുകിയതിനു പകരം മാര്‍ബിള്‍ പാകിയ എല്ലാ സൌകര്യത്തോടും കൂടിയ വീട്ടില്‍ കഴിയുമ്പോള്‍, (അതിനു ഭാഗ്യം തന്ന ദൈവത്തിനു സ്തുതി) ഞാനീ വാക്ക് പലപ്പോഴും ഉമ്മയോട് പറയാറുണ്ട്‌)

പറമ്പില്‍ കാശു മാവിന്‍ തൈ ഉണ്ടായിരുന്നു, പിന്നെ കുറച്ചു കുരുമുളക് വള്ളികളും, കവുങ്ങിന്‍ തൈകളും. കുരുമുളക് പറിച്ചു ഉണക്കി ചാക്കില്‍ ആക്കി വെക്കും. രണ്ടു കാര്യങ്ങളാ അതിലുള്ളത്. നല്ല വില വരുമ്പോള്‍ വില്‍ക്കാം. ഇനി വില കൂടിയില്ലെങ്കില്‍ മഴക്കാലത്ത് വീടിന്റെ ഓല മേയാന്‍ ഇത് വിറ്റു കിട്ടുന്ന തുക ഉപയോഗിക്കാം. അത് പോലെ തന്നെ കശുവണ്ടിയും.

അത്യാവശ്യം എന്‍റെ അല്ലറ ചില്ലറ തരികിട ചിലവുകള്‍ക്ക് (അന്നേ ഈ സ്വഭാവമുണ്ടായിരുന്നു. ഉം..) ഒപ്പിക്കുന്നത് ഇത്തരം വേലകളിലൂടെയായിരുന്നു. ബാല്യ കാലത്തെ ഓരോ വിവരമില്ലായ്മകളെ...
ഉപ്പ കാട്ടില്‍ പോകുന്ന സമയങ്ങളില്‍ മാത്രമേ ഇത്തരം കള്ളത്തരങ്ങള്‍ നടക്കുമായിരുന്നുള്ളൂ. വീട്ടില്‍ കോഴികള്‍ ഉണ്ടായിരുന്നു. ഇടയ്ക്കിടെ രാവിലെ കോഴിമുട്ട കാണാതാവും.
മിക്കവാറും കോഴി രാവിലെ കൂട്ടില്‍ മുട്ടയിട്ടു എഴുന്നേറ്റു പോകും. എനിക്ക് മിഠായി, ഐസ്, പെന്‍സില്‍ (ആവശ്യത്തിനുള്ളത് വീട്ടില്‍ നിന്ന് കിട്ടും, ദിവസവും കളഞ്ഞു പോകും. പിന്നെ ചോദിച്ചാല്‍ അടി കിട്ടും) എന്നിത്യാതി സാധനങ്ങള്‍ അത്യാവശ്യമുള്ള ദിവസങ്ങളില്‍ കോഴി, മുട്ട എവിടെയാ ഇട്ടതെന്ന് ഉമ്മ തിരഞ്ഞു നടക്കുന്നത് കാണാം.
ഞാന്‍ പറയും ഉമ്മാ ചിലപ്പോള്‍ പറമ്പില്‍ എവിടെയെങ്കിലും ഇട്ടിട്ടുണ്ടാവും. പാവം കോഴി.. അത് അതിന്റെ "കൃത്യം" ഭംഗിയായി നിര്‍വഹിച്ചു പോയിട്ടിണ്ടാവും. അതിനു കോഴിയെ ചീത്ത പറയും ഉമ്മ.
അല്ലെങ്കിലും ഈ കോഴികള്‍ക്കൊന്നും ഒരു ഉത്തരവാദിത്വവും ഇല്ലെന്നെ. ഞാനും കൂടെ കൂടും.
അന്ന് രാവിലെ തന്നെ പി. സി ക്കയുടെ കടയില്‍ കൊണ്ട് പോയി വിറ്റു പൈസ വാങ്ങി കീശയിലിട്ടിടുണ്ടാവും ഞാന്‍.
"അത്യാവശ്യമായി കുറച്ചു പൈസ വേണം അതിനാല്‍ ഉമ്മ പറഞ്ഞതാ വില്‍ക്കാന്‍". പാവം. ഉപ്പ വീട്ടില്‍ ഇല്ലാത്തതല്ലേ. പോരാത്തതിനു എന്നെ നല്ല വിശ്വാസവും. വാങ്ങി വെച്ച് പൈസ തരും.
അത് പോലെ തന്നെ കുരുമുളകും, കശുവണ്ടിയും, അടക്കയും (ഇതിനൊന്നും വീട്ടില്‍ കണക്കു വെക്കാതിരുന്നതിനാല്‍ രക്ഷപെട്ടു) എല്ലാം അദ്ദേഹത്തിന്റെ കടയിലേക്ക് പൊയ്ക്കൊണ്ടിരുന്നു.

പക്ഷെ ഒരിക്കല്‍ ഉപ്പ കാട്ടില്‍ നിന്ന് തിരിച്ചു വന്നപ്പോള്‍ എന്തോ കാര്യം പറഞ്ഞ കൂട്ടത്തില്‍ ഞാന്‍ കശുവണ്ടി വിറ്റ കാര്യം അദ്ദേഹം ഉപ്പയോട്‌ പറഞ്ഞു. ഒന്നും മിണ്ടാതെ വീട്ടില്‍ വന്നു. അന്ന് പിന്നെ എന്‍റെ വീട്ടിലുള്ള എല്ലാ ചീരക്കൊമ്പുകള്‍ക്കും , പിന്നെ രണ്ടു 'കണ്ണിചൂരല്‍' വടികള്‍ക്കും വിശ്രമം ഇല്ലാത്ത ജോലി ആയിരുന്നു. എന്‍റെ ദേഹത്ത് ഓരോന്നും പൊട്ടും വരെ പ്രയോഗിച്ചു. ഒരു പാട് തവണ. ദേഹമാസകലം ചുവന്ന അടയാളം വന്നു. ചിലയിടത്ത് പൊട്ടി. കഷ്ട്ടപ്പെട്ടു വളര്‍ത്തുന്ന മോന്‍ "കള്ളന്‍" ആകുന്നതു എന്‍റെ ഉപ്പാക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. (അതോടെ ജീവിതത്തില്‍ ആ പരിപാടി നിര്‍ത്തി. ഭാഗ്യം. ഇല്ലെങ്കില്‍ ഇപ്പോള്‍.......???
പക്ഷെ ഒരു പാട് അടിച്ചപ്പോള്‍ പാവം ഉപ്പാക്ക് തന്നെ സങ്കടം തോന്നിക്കാണും. വൈകിട്ട് തൈലമുപയോഗിച്ചു ദേഹമാസകലം തടവി എന്നെ കുളിപ്പിച്ച് തന്നു.
അന്ന് രാത്രി പി. സി. ക്കായി വീട്ടില്‍ വന്നു. എന്നെ കണ്ടതും ഉപ്പയോട്‌ ചോദിച്ചു. "നിങ്ങള്‍ എന്ത് പണിയാ ചെയ്തത്. കുട്ടികള്‍ വിവരമില്ലായ്മ കാണിച്ചാല്‍ ഇങ്ങനെ അവരെ തല്ലുകയാണോ വേണ്ടത്? പറഞ്ഞു മനസിലാക്കെണ്ടതിനു പകരം ഇങ്ങിനെ, നിനക്കെന്താ വിവരം കൂടിപ്പോയോ"? ഉപ്പയോട്‌ ദേഷ്യം പിടിച്ചു അദ്ദേഹം.
(എനിക്കായി ഉയര്‍ന്ന ആദ്യ ശബ്ദം! എന്‍റെ ഉമ്മ പോലും ഈ കാര്യത്തിനു എനിക്ക് വക്കാലത്ത് പിടിക്കാന്‍ വന്നിരുന്നില്ല) അത് കേട്ടതോടെ എനിക്ക് സങ്കടം വന്നു. ഞാന്‍ പൊട്ടിക്കരഞ്ഞു പോയി. പക്ഷെ എന്നെ ചേര്‍ത്ത് പിടിച്ചു അദേഹം കൊണ്ട് വന്ന മിഠായി തിന്നു. അന്നാദ്യമായി ഞാനാ മിഠായി വാങ്ങിയില്ല. പക്ഷെ അദ്ദേഹം അതെന്റെ വായില്‍ വെച്ച് തന്നു. ഇനി ഇങ്ങിനെ ഒന്നും ചെയ്യരുതെന്ന ഉപദേശവും തന്നു. ഞാന്‍ ഇല്ലെന്നു തലയാട്ടി.
**************************************************
എനിക്ക് ഓര്‍മയുള്ള കാലം മുതല്‍ കുറച്ചു കാലം മുമ്പ് വരെ അദ്ദേഹം വളരെ അന്തസ്സോടെ ആയിരുന്നു ജീവിച്ചിരുന്നത്. പ്രതാപതോടെയും. വളരെ വൃത്തിയായി ഡ്രസ്സ്‌ ചെയ്തു, പൌഡര്‍ ഒക്കെ ഇട്ടു. (ഒരു പക്ഷെ അന്നൊക്കെ പൌഡര്‍ ഇടുന്ന ഞങ്ങളുടെ നാട്ടിലെ അപൂര്‍വ്വം വ്യക്തികളില്‍ ഒരാളായിരിക്കാം അദ്ദേഹം. വെള്ള വസ്ത്രം ധരിച്ചേ ഇപ്പോഴും അദ്ദേഹത്തെ കണ്ടിട്ടുള്ളൂ.. ഒരു പാട് കാലം പള്ളി കമ്മറ്റി പ്രസിഡന്റ്‌ ആയിരുന്നു അദ്ദേഹം.
കാലം കുറെ കഴിഞ്ഞു. ഞങ്ങള്‍ അവിടെ നിന്നും സ്ഥലം മാറി. ഉപ്പ ഗള്‍ഫില്‍ പോയി. ഞാനും പ്രവാസിയായി. ഇടയ്ക്കു നാട്ടിലെത്തുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോകുമായിരുന്നു. എന്നെ ഇരുത്തി ഒരുപാട് കഥകള്‍ പറയും. പഴയതും പുതിയതും എല്ലാം. പിന്നെ പ്രവാസവും എന്‍റെ തിരക്കുകളും എന്നെയും ഇത്തിരി അദ്ദേഹത്തില്‍ നിന്നും പുറകോട്ടു വലിച്ചോ എന്നെനിക്കിപോള്‍ സംശയം തോന്നുന്നു.

അതിനിടയില്‍ നാട് മാറി. നാട്ടില്‍ ഒരുപാട് കടകളും മറ്റും വന്നു. ആധുനിക സൌകര്യത്തോടു കൂടെയുള്ളത്. അതോടെ അദേഹത്തിന്റെ പഴയ കട എല്ലാവരും മറന്നു. പല ദിവസങ്ങളിലും ഒരു രൂപയ്ക്ക് പോലും കച്ചവടം നടക്കാത്ത അവസ്ഥയായി. ഒടുവില്‍ കടം വന്നു കയറി ആകെ ബുദ്ധിമുട്ടായി.

പലപ്പോഴും മനസ്സില്‍ തോന്നിയിട്ടുണ്ട്. അദ്ദേഹം പണ്ട് കടം കൊടുത്തിരുന്ന ആളുകളെങ്കിലും അദ്ദേഹത്തിന്‍റെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയിരുന്നെങ്കില്‍ രക്ഷപെട്ടു പോയേനെ എന്ന്.
പണ്ടു കടത്തിന് വേണ്ടി കടയില്‍ കാത്തിരുന്നവര്‍ ഇന്ന് പണവും പത്രാസുമായപ്പോള്‍ അദ്ദേഹത്തെ ഒഴിവാക്കി സൂപ്പര്‍ മാര്‍ക്കറ്റ്‌കളിലേക്ക് തിരിഞ്ഞു. (കാലം വരുത്തിയ വിന... കഷ്ട്ടം.. ഇങ്ങിനെയും വേണോ വികസനം) എന്‍റെ ഒരു സുഹുര്തിനോട് ഇതേ പറ്റി ഒരിക്കല്‍ നാട്ടില്‍ വെച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത് "അവിടെ സാധനങ്ങള്‍ വളരെ കുറവാ. പിന്നെ എങ്ങിനെയാ പോവുക" എന്ന്.

കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ഉമ്മ പറഞ്ഞു, പി. സി. ക്കായി പറ്റെ ബുദ്ധിമുട്ടിലാണ് നീ ഒന്ന് പോയി കാണണം. പിറ്റേന്ന് രാവിലെ പോയി അദ്ദേഹത്തെ പോയി കണ്ടു.
ഒരു വാടക വീട്ടില്‍, കട്ടിലില്‍ കിടക്കുന്നു. എഴുന്നേറ്റു നടക്കാന്‍ പരസഹായം വേണം. സ്വന്തമായി മലമൂത്ര വിസര്‍ജനം പോലും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ഒരു പാട് വിഷമം തോന്നി.
ചെന്നപ്പോള്‍ ഒന്നും മിണ്ടാതെ ഇരിക്കുന്നു. കണ്ണുകള്‍ നിറഞ്ഞു എന്നെ കണ്ടപ്പോള്‍. എന്‍റെ കണ്ണുകളിലും നനവ്‌ പടര്‍ന്നോ എന്നെനിക് തോന്നി. എന്നെ കണ്ടപ്പോള്‍ കൈ പിടിച്ചു എഴുന്നെല്കണമെന്നു ആങ്ങ്യം കാണിച്ചു. ഞാന്‍ പിടിച്ചു മെല്ലെ എഴുന്നെല്പിച്ചപ്പോള്‍ വീടിന്റെ വരാന്തയില്‍ ഇരിക്കണമെന്ന് പറഞ്ഞു. ഞാന്‍ അവിടെ പിടിച്ചിരുത്തി. അദ്ദേഹം എന്‍റെ കൈ വിടാതെ എന്‍റെ കണ്ണുകളില്‍ മാത്രം നോക്കി ഇരുന്നു. ഒന്നും മിണ്ടിയില്ല. ഞാനും. എന്‍റെ മനസ്സും കണ്ണും നിറഞ്ഞു പോയിരുന്നു അദ്ദേഹത്തിന്റെ അവസ്ഥ കണ്ടിട്ട്. കുറെ സമയം അവിടിരുന്നു ഞാന്‍. ഞാനെന്‍റെ വിശേഷങ്ങളൊക്കെ പറഞ്ഞു. അദ്ദേഹം കുറച്ചു സന്തോഷവാനായി കണ്ടു. ഒടുവില്‍ പോരുമ്പോള്‍ കുറച്ചു രൂപ കയ്യില്‍ പിടിപ്പിച്ചു ഞാന്‍. (എന്‍റെ അഹങ്കാരത്തിന്റെ ഗര്‍വു. ഞാനും മറ്റുള്ളവരെ പോലെ ആയിപ്പോയില്ലേ എന്നെനിക്കു തോന്നിപ്പോയി. കാരണം അദ്ദേഹത്തിന് വേണ്ടിയിരുന്നത് ഇത്തിരി സാമീപ്യമായിരുന്നിരിക്കണം) പക്ഷെ അദ്ദേഹം അത് വാങ്ങാന്‍ കൂട്ടാക്കിയില്ല. ഞാനത് കൊടുത്തപ്പോള്‍ വാങ്ങാതെ എന്‍റെ കൈ പിടിച്ചു പൊട്ടി പൊട്ടി കരഞ്ഞു അദ്ദേഹം. ഉറക്കെ ശബ്ദമുണ്ടാക്കി കൊണ്ട്. കൊച്ചു കുഞ്ഞുങ്ങളെ പോലെ. (കൂടെ ഞാനും കരഞ്ഞു പോയി) ഒരു പക്ഷെ തന്റെ ഇന്നത്തെ ദുരവസ്ഥ ഓര്‍ത്തു കരഞ്ഞതാവം അദ്ദേഹം . (ഒരു കാലത്ത് ഒരു നാടിനെ മുഴുവന്‍ ഊട്ടിയിരുന്ന ആള്‍. എന്‍റെ മനസിലൂടെ പഴയ ഒരുപാട് കാര്യങ്ങള്‍ മിന്നി മറഞ്ഞു)

പോരുമ്പോള്‍ ഞാന്‍ പോകട്ടെ എന്ന് ചോദിച്ചിട്ടും ഒന്നും മിണ്ടാതെ എന്‍റെ കൈ പിടിച്ചിരുന്നു അദ്ദേഹം. എന്‍റെ കൈ വിട്ടിരുന്നില്ല. ഒടുവില്‍ എനിക്ക് മനമില്ലാ മനസോടെ പോരേണ്ടി വന്നു. അതായിരുന്നു അവസാന കാഴ്ച. ഒരു പക്ഷെ അദ്ദേഹത്തിനറിയാമായിരുന്നോ ഇനി കാണില്ലെന്ന്. അതിനാലായിരുന്നോ കൈ വിടാതെ എന്നോട് ഇനിയും ഇരിക്കാന്‍ ആങ്ങ്യം കാണിച്ചത്?

അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുമ്പില്‍ ഒരായിരം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കൂടെ ആത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

(ഇതെന്‍റെ വെറുമൊരു ഓര്‍മ്മക്കുറിപ്പ് മാത്രമല്ല.
എന്റെ സങ്കടം നിങ്ങളുമായി പങ്കു വെക്കുകയാണ്. പറഞ്ഞു കഴിഞ്ഞപ്പോള്‍ ഒരു സമാധാനം.
അല്ലെങ്കിലും അങ്ങിനെ അല്ലെ. ആരോടെങ്കിലും നമ്മുടെ വിഷമങ്ങള്‍ പറയുമ്പോള്‍ ഒരു ആശ്വാസമാണ് മനസ്സിന്.
ഇത്രയും എങ്കിലും അദ്ദേഹത്തിന് വേണ്ടി ചെയ്തില്ലെങ്കില്‍ ഞാനെന്റെ മനസ്സിനോട് ചെയ്യുന്ന ക്രൂരത ആവും അതെന്നു തോന്നി.
കൂടെ എന്റെ ബാല്യ കാലത്തേക്കുള്ള ഒരു ഓട്ടവും. അദ്ദേഹത്തിന്റെ മഗ്ഫിറതിനായി (ആത്മാവിന്റെ ശാന്തിക്കായി പ്രാര്‍ഥിക്കുന്നു) നിങ്ങളും പ്രാര്‍ഥിക്കുക.)

Tuesday, May 18, 2010

"പെന്‍ ഫ്രെണ്ട്സ് "

പത്തു പതിനാറു വര്ഷം മുമ്പ് കോഴിക്കോട് ഒരു മാസികയില്‍ ജോലി ചെയ്യുന്ന കാലം.
ഡിഗ്രി കഴിഞ്ഞു റിസള്‍ട്ട്‌ പോലും വരുന്നതിനു മുമ്പ് ജോലിക്ക് കയറിയതിനാല്‍ കോളേജിലെ ഹാങ്ങ്‌ ഓവര്‍ വിട്ടു മാറിയിട്ടുണ്ടായിരുന്നില്ല.
മനസിലെപ്പോഴും പാറിപ്പറന്നു നടക്കുന്ന തരുണീ മണികളും പിന്നെ.. പിന്നെ..... ഒരുപാട് മറക്കാന്‍ കഴിയാത്ത ഓര്‍മകളും.......
ഇഷ്ടമുണ്ടായിരുന്നില്ല ഇത്ര പെട്ടെന്ന് ജോലി.... പക്ഷെ അതത്യാവശ്യവുമായിരുന്നു.
മാസികയില്‍ ജോലി ആയിരുന്നതിനാല്‍ എഴുത്തുകളുടെ ലോകത്തായിരുന്നു. (തെറ്റിദ്ധരിക്കണ്ട. എഴുത്തുകാരനല്ല.. സര്‍കുലേഷന്‍ വിഭാഗം ആയിരുന്നു)
മാസികക്ക് വരുന്ന എല്ലാ കത്തുകളും ആദ്യം എന്റെ കയ്യിലായിരുന്നു എത്തിയിരുന്നത്.... "സോര്‍ട്ട്" ചെയ്തു ഓരോ വിഭാഗത്തിനും കൊടുക്കേണ്ട ജോലിയും എനിക്കായിരുന്നു..
അങ്ങിനെയാണ് യാതുര്‍ശ്ചികമായി ആ കത്ത് കണ്ണില്‍ പെട്ടത്....
വിലാസം : എഡിറ്റര്‍ എന്നാണെങ്കിലും, കൂടെ "പെന്‍ ഫ്രണ്ട്സ് ഇഷ്ട്ടപ്പെടുന്ന ആര്‍ക്കും" എന്ന് കൂടെ എഴുതിയിരുന്നു.... ഞാനാ കത്ത് മാറ്റി വെച്ചു.
എല്ലാ ചപ്പും ചവറുമൊന്നും ഇങ്ങോട്ട് കയറ്റി വിടരുതെന്ന് പ്രത്യേക നിര്‍ദേശം ഉള്ളത് കാരണം എല്ലാ കത്തുകളും ചെക്ക്‌ ചെയ്തിട്ടേ എഡിറ്റര്‍ക്ക് വിടൂ .
(നല്ലതല്ലെന്ന് എഴുത്തിന്‍റെ ഒരു കുന്തവുമറിയാത്ത എനിക്കെങ്ങിനെ അറിയാം എന്ന് അന്വേഷിച്ചപ്പോള്‍ അത് തന്നെയാ അതിന്‍റെ യോഗ്യത എന്ന് പറഞ്ഞു എഡിറ്റര്‍. അതായത് ഒന്നുമറിയാത്ത നിനക്ക് പോലും നല്ലതല്ല എന്ന് തോന്നിയാല്‍ പിന്നെ അത് പ്രസിദ്ധീകരിക്കാന്‍ പോയിട്ട് വായിച്ചു സമയം വരെ കളയാന്‍ പറ്റുമോ എന്ന് മറു ചോദ്യം വന്നു. അത് ശരിയെന്നു എനിക്കും തോന്നി. ഞാന്‍ കുറച്ചൊക്കെ വായിക്കാറുണ്ട് എന്നറിയുന്ന എഡിറ്റര്‍ എനിക്ക് തന്ന ആദ്യ ബാല പാഠം അതായിരുന്നെന്നു നന്നായി ഞാനിപ്പോള്‍ മനസിലാക്കുന്നു. പക്ഷെ അദ്ദേഹം അറിയുന്നുണ്ടോ ഞാനിപ്പോഴും അതെ സ്റ്റേജില്‍ തന്നെയാണെന്ന്? )
തിരക്കൊഴിഞ്ഞപ്പോള്‍ കത്ത് തുറന്നു..
'പ്രിയമുള്ള എഡിറ്റര്‍. കത്തെഴുത്ത് കൂട്ടായ്മ ഇഷ്ടപെടുന്ന ഒരാളാണ് ഞാന്‍.
അതിനാല്‍ എഴുത്ത് സുഹുരതുക്കളെ ആവശ്യമുണ്ടെന്നു കാണിച്ചു എന്റെ വിലാസം കൊടുക്കണം.
എന്ന് രാജി .. .. (വിലാസം)
മറക്കാതെ പറയേണ്ട ഒരു കാര്യമുണ്ട്.. പെണ്ണാണ്‌ കേട്ടോ.... ഞാനത് വായിച്ചു കോള്‍മയിര്‍ കൊണ്ടു.
ഹാവൂ രക്ഷപെട്ടു ....... ഈ കത്തെങ്ങാനും എഡിറ്റര്‍ടെ മേശപ്പുറത്തു എത്തിയിരുന്നെങ്കില്‍ എനിക്ക് കേള്‍കേണ്ടി വരുന്ന ചീത്ത ഓര്‍ത്തു സമാധാനിച്ചു ഞാന്‍.
മറ്റുള്ളവരെ കൊണ്ടു തന്നെ സ്ഥലമില്ല. പിന്നെയാ കത്തെഴുത്ത് കൂട്ടായ്മ..
ഏതായാലും പെണ്ണല്ലേ... കോളേജ് കഴിഞ്ഞ ഹാങ്ങ്‌ ഓവര്‍..... ഞാന്‍ നേരത്തെ പറഞ്ഞില്ലേ....

ഞാനെഴുതി..
പ്രിയപ്പെട്ട രാജീ ..........
.......................
അങ്ങിനെ അതിനു മറുകുറി വരും.... പിന്നെ ഞാനെഴുതും...
മൂന്നു നാല് കത്തുകളിലൂടെ തന്നെ ഒരു സംഗതി എനിക്ക് മനസിലായി....
രാജി പെണ്ണല്ല എന്നും, മുഴുവന്‍ പേര്‍ രാജീവ്‌ എന്നാണെന്നും....
കാരണം ഞാനൊരു മാസികയിലാ ജോലി എന്ന് പറഞ്ഞപ്പോള്‍ പത്രത്തിലൊക്കെ വരുമെന്ന് പേടിച്ചു കക്ഷി സത്യം പറഞ്ഞു......
ഏതായാലും മറ നീങ്ങി ഞങ്ങള്‍ നല്ല കൂട്ടുകാര്‍ ആയി. തൃശൂര്‍ ആയിരുന്നു കക്ഷിയുടെ വീട്.. എഴുത്തുകളിലൂടെ ഞാനറിഞ്ഞു അദ്ദേഹത്തിന്റെ സുഹുര്തുക്കളെയും എല്ലാവരെയും...
"പക്ഷെ വീട്ടുകാരെ കുറിച്ച് മാത്രം പറഞ്ഞില്ല" പിന്നെ സൌഹൃതത്തിനിടയില്‍ എന്ത് വീട്ടുകാര്‍. അതൊട്ട്‌ ചോദിച്ചതുമില്ല..
അങ്ങിനെ ഒരിക്കല്‍ രാജീവും കൂട്ടുകാരും എന്റെ ഓഫീസില്‍ വന്നു.. വന്നപ്പോള്‍ നല്ല ഒരു പേന കൊണ്ടു വന്നിരുന്നു എനിക്ക് സമ്മാനമായി തരാന്‍....
(ഞാനൊന്നും കൊടുത്തിരുന്നില്ല)
ഉച്ച കഴിഞ്ഞു ലീവ് എടുത്തു പട്ടണത്തില്‍ കറങ്ങി നടന്നു ഞങ്ങള്‍. ഭക്ഷണം കഴിച്ചു വെടി തമാശകള്‍ പൊട്ടിച്ചും നഗരം മുഴുവന്‍ കറങ്ങി നടന്നു ഞങ്ങള്‍ .
രാത്രി ബീച്ചില്‍ പോയി ഇരുന്നു..... ആകപ്പാടെ നല്ല ഒരു രസം.....
ആള്‍ വളരെ മാന്യനായിരുന്നു. നാട്ടില്‍ രാത്രി തട്ട് കട നടത്തുന്നെന്നും പറഞ്ഞു... ഇത്ര നല്ല സുഹുര്ത്തിനെ കിട്ടിയതില്‍ അഭിമാനിച്ചു ഞാന്‍. ആദ്യമായി പെന്‍ ഫ്രണ്ട് കണ്ടു പിടിച്ച ആള്‍ക്ക് മനസ്സില്‍ ഒരായിരം നന്ദി നേര്‍ന്നു ഞാന്‍.
രാത്രി ഒരു പാട് താമസിച്ചതിനാല്‍, പട്ടണത്തില്‍ നിന്നും എന്റെ വീട്ടിലേക്കു ഒരുപാട് ദൂരം ഉള്ളതിനാലും ഞാന്‍ ഹോട്ടലില്‍ റൂം എടുത്തു. പിറ്റേന്ന് രാവിലെ രാജീവും കൂട്ടുകാരും തിരിച്ചു പോയി.
എനിക്കും ആകെ ഒരു ഉഷാര്‍ തോന്നി... ഞാന്‍ തീരുമാനിച്ചു ഇനിയും വേണം ഒരു പാട് പെന്‍ ഫ്രെണ്ട്സ്.
കുറച്ചു ദിവസത്തിന് ശേഷം വൈകിട്ട് ആറു മണിക്ക് എന്റെ ഓഫീസിലേക്ക് രാജീവിന്റെ ഫോണ്‍.
ഞാനും അത്ബുധപ്പെട്ടു.. കാര്യം ആദ്യമായിട്ടായിരുന്നു അവന്‍ ഫോണ്‍ ചെയ്തിരുന്നത്.
അവന്റെ ഒന്ന് രണ്ടു സ്ത്രീ സുഹുര്‍തുക്കള്‍ (അവരും പെന്‍ ഫ്രെണ്ട്സ് തന്നെ എന്നവന്‍ പറഞ്ഞു) കണ്ണൂരില്‍ നിന്ന് തിരുവനതപുരതെക്കുള്ള ട്രെയിന്‍ യാത്രക്കിടയില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടെന്നും ട്രെയിന്‍ എന്തോ കാരണത്താല്‍ എട്ടു മണിക്കൂര്‍ വൈകിയേ പോകുകയുള്ളൂ എന്നും പറഞ്ഞു. അവര്‍ക്ക് വേണ്ട സഹായം ചെയ്തു കൊടുക്കണം. ഞാനേറ്റു.

(പെണ്ണുങ്ങളല്ലേ എന്നിലെ ഉറങ്ങിക്കിടന്ന സൗഹൃദം സട കുടഞ്ഞെഴുന്നേറ്റു. ഹി ഹി)

അവര്‍ മൂന്നു പേരുണ്ടായിരുന്നു. ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ പോയി. ഫറോകില്‍ പാളം എന്തോ തകരാര്‍ കാരണം ട്രെയിന്‍ പിടിച്ചിട്ടതായിരുന്നു അവിടെ. പുലര്‍ച്ചെ അഞ്ചു മണിയാകും ശരിയാകാന്‍.
രാവിലെയെ പുറപ്പെടൂ.... (നമ്മുടെ റെയില്‍വേ അല്ലെ. രാവിലെ തന്നെ ഒത്തു കിട്ടിയാല്‍ ഭാഗ്യം)

ഞാന്‍ പോയി അവന്‍ പറഞ്ഞ അടയാളം വെച്ചു ബോഗി നമ്പറും നോക്കി അവരെ കണ്ടെത്തി..... ഞാനാകെ സന്തോഷം കൊണ്ടു തുള്ളി ചാടി.. (സത്യം പറയുമ്പോള്‍ നിങ്ങള്‍ മൂക്കത്ത് വിരല്‍ വെക്കരുതുട്ടോ)

മൂന്നു പെണ്‍ കുട്ടികള്‍. തിരുവനന്തപുരം യുനിവേര്‍സിടി കാമ്പസില്‍ പഠിക്കുന്നത്. കണ്ണൂരില്‍ പ്രൊഫസറുടെ മകളുടെ കല്യാണം കഴിഞ്ഞു തിരിച്ചു പോകുകയാണ്. അതിനിടക്കാണീ സംഭവം.

റെയില്‍വേ സ്റ്റേനിലെ ക്ലോക്ക് റൂമില്‍ അവരുടെ ബാഗുകള്‍ സൂക്ഷിക്കാന്‍ കൊടുത്തു പുറത്തിറങ്ങി
.
അങ്ങിനെ അന്ന് രാത്രി ഞാനവര്‍ക്ക് രക്ഷാധികാരിയായി. അവരുടെ കൂടെ ടൌണ്‍ നടന്നു കാണിച്ചു കൊടുത്തു. നല്ലൊരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു. ബീചിലൂടെ ഒന്ന് നടന്നു.....
(പാതിരാത്രിക്ക്‌ മൂന്നു പെണ്ണുങ്ങളെയും കൊണ്ടു ചുറ്റുന്ന ഈ ശ്രീ കൃഷ്നാരാ എന്ന് പലരും നോക്കുന്നത് കണ്ടപ്പോള്‍ മനസ്സില്‍ ഇത്തിരി പേടി തോന്നിയെങ്കിലും, ധൈര്യം ഭാവിച്ചു സിറ്റി കുറെ ഭാഗങ്ങള്‍ കാണിച്ചു കൊടുത്തു)
മാനാഞ്ചിറ കുളം, മൈതാനം... പിന്നെ കടലോരം..... അങ്ങിനെ എല്ലായിടത്തും....
ഒരു സിനിമ കാണാന്‍ പോയാലോ എന്ന് ഒരുവള്‍ ചോദിക്കുകയും ചെയ്തു. പക്ഷെ ഞാന്‍ നേരത്തെ പറഞ്ഞ കാര്യം, മൂന്നു പെണ്ണുങ്ങളെയും കൊണ്ടൊരുവാന്‍...... ആ പേടി കാരണം ഞാന്‍ അതിനെ ശക്തി യുക്തം എതിര്‍ത്തു. രാത്രി ഇവിടെ വിശ്വസിച്ചു പെണ്ണുങ്ങള്‍ക്ക്‌ സിനിമ കാണാന്‍ പറ്റില്ലെന്നും സെക്കന്റ്‌ ഷോക്ക് വരുന്നവന്മാര്‍ തെമ്മാടികള്‍ ആണ് എന്നൊക്കെ പറഞ്ഞതോടെ അവര്‍ ആ ആഗ്രഹം ഉപേക്ഷിച്ചു..... ഭാഗ്യം.

എനിക്കും കുറേശെ പേടി തോന്നി തുടങ്ങിയിരുന്നു. അത്യാവശ്യം തരികിട കയ്യിലുണ്ടെങ്കിലും സ്ത്രീ വിഷയങ്ങളില്‍ ഇത്തിരി പുറകോട്ടുള്ള ഞാന്‍, എന്‍റെ മാന്യത....
ആരെങ്കിലും അറിയുന്നവര്‍ രാത്രി പെണ്‍ കുട്ടികളുടെ കൂടെ.... അയ്യോ ഓര്‍ക്കാനും വയ്യ..... "മധുരിച്ചിട്ട് (എന്തെന്ന് ഞാന്‍ പറയണോ)ഇറക്കാനും വയ്യ, കൈച്ചിട്ടു തുപ്പാനും വയ്യ" എന്ന സ്ഥിതി.

ഒടുവില്‍ രണ്ടു മണിക്ക് റെയില്‍വേ സ്റ്റേഷനില്‍ എത്തി.. നടന്നു നടന്നു ക്ഷീണിച്ചിരുന്നു. പ്ലാറ്റ് ഫോം ടിക്കറ്റ്‌ എടുത്തു ഞാനും കയറി.

ക്ലോക്ക് റൂമില്‍ പോയി സാധങ്ങള്‍ തിരിച്ചു വാങ്ങിയപ്പോള്‍ ആണ് ശ്രദ്ധിച്ചത് ഒരുത്തിയുടെ കയ്യിലുള്ള പേഴ്സ് കാണാനില്ല. (ആകെ പണം ഉണ്ടായിരുന്നതവളുടെ കയ്യിലായിരുന്നു പോലും, അവളായിരുന്നു യാത്ര ചിലവുകള്‍ നിയന്ത്രിച്ചിരുന്നത്. )
ഒരുപാട് കറങ്ങിയതല്ലേ. ഇടക്കെപ്പോഴോ ഒരിക്കല്‍ അവള്‍ പേഴ്സ് എന്റടുത്ത്‌ തന്നിരുന്നു. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു കൈ കഴുകാന്‍ പോയപ്പോള്‍ ആണെന്നാണ്‌ എന്‍റെ ഓര്‍മ.
പക്ഷെ ഞാനത് ഉടനെ തിരിച്ചു കൊടുക്കുകയും ചെയ്തു. പക്ഷെ അവള്‍ പറഞ്ഞത് തന്നില്ലെന്നാണ്. പക്ഷെ എനിക്ക് നല്ല ഓര്‍മയുണ്ട്.. തിരിച്ചു കൊടുത്തത്. ഞാനത് പറഞ്ഞിട്ടും അവര്‍ സമ്മതിച്ചില്ല.
"നീ എവിടെയോ വെച്ചു മറന്നു കാണും" മൂവരും ഒരുമിച്ചു പറഞ്ഞു.
ഏതായാലും അഞ്ഞൂറ് രൂപയുണ്ടായിരുന്നു അതില്‍ . യാത്രയിലെ ഭക്ഷണത്തിനും പിന്നെ സ്റ്റേഷനില്‍ നിന്നും താമസ സ്ഥലത്തേക്കുള്ള യാത്രക്കുമായിരുന്നു ആ തുക ...

അവര്‍ കരയാന്‍ തുടങ്ങി.... ഞാന്‍ ഒരു വിധത്തിലവരെ പറഞ്ഞു സമാധാനിപ്പിച്ചു. അത്രയും നേരം ഉണ്ടായിരുന്ന എല്ലാ സന്തോഷവും എങ്ങോ പോയൊളിച്ചു.

ഞാനെന്‍റെ കീശ തപ്പി.. അതില്‍ ആകെ ഉണ്ടായിരുന്നത് 15 രൂപ. ഇവര്‍ക്ക് ഭക്ഷണവും ഓട്ടോ കൂലിയും എല്ലാം കൊടുത്തു വന്നപ്പോഴേക്കും അതെ ബാലന്‍സ് ഉണ്ടായിരുന്നുള്ളൂ.

ആദ്യമായി "പെന്‍ ഫ്രെണ്ട്സ്" (അല്ല പെണ്‍ ഫ്രെണ്ട്സ്) കണ്ടു പിടിച്ചവരെ ശപിച്ചു. ആദ്യമായി വന്ന കത്തും എല്ലാം എന്‍റെ മനസിലൂടെ ഓടി വന്നു. ഏതു നേരത്താ എനിക്കീ കത്തെഴുതാന്‍ തോന്നിയത്. രാജീവിനോട്‌ സൗഹൃദം തോന്നിയത്.

അവരെ സ്റ്റേഷനില്‍ ഇരുത്തി ഞാന്‍ പുറത്തിറങ്ങി.

എന്ത് ചെയ്യും ഈ പാതിരാത്രിക്ക്‌ ആരെ പോയി വിളിക്കാനാ. എവിടുന്നു കിട്ടും ഇത്തിരി പണം. തീവണ്ടിയാണെങ്കില്‍ കൃത്യം അഞ്ചു മണിക്ക് സ്റ്റേഷന്‍ വിടുമെന്ന് വിവരവും കിട്ടി.

ഞാന്‍ സമയം നോക്കി...... അപ്പോഴാ എനിക്ക് എന്‍റെ വാച്ചിന്റെ കാര്യം ഓര്‍മ വന്നത്.. എന്‍റെ "കാരണവര്‍" ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച പുതു പുത്തന്‍ വാച്ച് ആണ് കൈയിലിരിക്കുന്നത്. "വെസ്ടാര്‍"
മിനിമം 2500 രൂപ വില വരുമെന്ന് പറഞ്ഞതെനിക്കൊര്‍മ വന്നു. അതാര്‍കെങ്കിലും വില്‍ക്കുക തന്നെ.
റെയില്‍വേ സ്റ്റേഷനില്‍ പലരോടും പറഞ്ഞു .. എനിക്കൊരു 500 രൂപ കിട്ടിയാല്‍ മതി.

"വല്ലവരുടെയും കട്ട് കൊണ്ടു വന്നതല്ലേന്നാര് കണ്ടു" ഒരാളുടെ അഭിപ്രായം.
"എവിടുന്നു അടിച്ചു മാറ്റിയെടെയ് " വേറൊരുത്തന്‍. അവിടെയും രക്ഷയില്ല ആരും വാങ്ങുന്നില്ല.
അവരെയും പറഞ്ഞിട്ട് കാര്യമില്ല. പാതിരാത്രിക്ക്‌ ഒരുവന്‍ വന്നു ചോദിച്ചാല്‍ സ്വാഭാവികമായും സംശയിക്കാവുന്നതെ ഉള്ളൂ.

ഒടുവില്‍ ക്ലോക്ക് റൂമില്‍ പോയി ഞാന്‍ അവിടെയിരിക്കുന്ന വയസായ ആളോട് കാര്യം പറഞ്ഞു. ഇവരുടെ സാധനം എടുക്കാനും കൊടുക്കാനും ഒക്കെ പോയി അദ്ദേഹത്തിനെന്നെ കണ്ടു പരിജയമുണ്ടല്ലോ.
എനിക്കൊരു അഞ്ഞൂറ് രൂപ വേണം. പകരം ഈ വാച്ച് പണയമായി വെച്ചോളൂ. നാളെ ഞാന്‍ വന്നു തിരിച്ചു തരാം....
പക്ഷെ അയാളുടെ കയ്യില്‍ അത്ര തുകയില്ലായിരുന്നു. (ഇനി ഉണ്ടെങ്കില്‍ തന്നെ തരുമായിരുന്നെന്നും എനിക്ക് തോന്നുന്നില്ല) 150 രൂപ തന്നു. അതുമായി ഞാനവരുടെ അടുത്ത് ചെന്നു..

വാച്ച് വില്കാന്‍ പോയ കഥയോ, പണയം വെച്ചതോ ഒന്നും അവരോടു പറഞ്ഞില്ല. ഈ തുക കയ്യില്‍ കൊടുത്തു.. അവരത് വാങ്ങി... ഒന്നും മിണ്ടാതെ ഇരുന്നു.
പക്ഷെ മൂവരുടെയും മുഖം കടന്നല് കുത്തിയത് പോലെ, ഞാനെന്തോ വലിയ തെറ്റ് ചെയ്തത് പോലെ തോന്നി.

പുലര്‍ച്ചെ അഞ്ചു മണിയോടെ അവര്‍ തിരിച്ചു പോയി.
എന്നോട് ഒരക്ഷരം മിണ്ടാതെ. അതിലോന്നുമെനിക്ക് സങ്കടമുണ്ടായിരുന്നില്ല പോകുമ്പോള്‍ പോവുകയാണെന്ന് ഒരു വാക്ക് പോലും മിണ്ടാതെ.

ഒരു പക്ഷെ ഞാനതെടുത്ത് മാറ്റി വെച്ചെന്നോ, അതോ എന്റടുത്ത് നിന്നാണ് പോയതെന്നോ കരുതിയിരിക്കും അവര്‍.... ഇന്നുമെന്‍റെ മനസ്സില്‍ മായാതെ ഉണ്ടവര്‍.......
എവിടെക്കോ പോയ എന്‍റെ അപ്രതീക്ഷിത അതിഥികള്‍.

ഇന്നവര്‍ എവിടെയെന്നോ എങ്ങിനെയെന്നോ അറിയില്ല. അവരെങ്ങാനും ഇത് വായിക്കുന്നുണ്ടെങ്കില്‍ എന്‍റെ നിരപരാധിത്വം അവരറിയട്ടെ.

ചെറു കുറിപ്പ് : ഒരു പക്ഷെ പുതിയ തലമുറയ്കു ഈ പെന്‍ ഫ്രണ്ട് എന്ന സംഭവം പിടി കിട്ടിയിട്ടുണ്ടാവില്ല. ഇന്നത്തെ പോലെ, ഇന്റര്‍നെറ്റും മെയിലും ഒന്നും അന്നത്ര പ്രചാരതിലില്ലായിരുന്നല്ലോ.
പകരം ഇത്തരം എഴുത്ത് കൂട്ടയ്മകളുണ്ടായിരുന്നു അന്ന്. പത്രങ്ങളിലെല്ലാം പരസ്യങ്ങള്‍ ഉണ്ടാകുമായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും അറിയാത്തവര്‍ തമ്മില്‍ കത്തെഴുതി സൗഹൃദം ഉണ്ടാക്കുന്ന പരിപാടി ആയിരുന്നു ഇത്.

Sunday, May 16, 2010

ഇതോ ആധുനിക സാഹിത്യം?

സങ്കടം കൊണ്ടെഴുതി പോകുന്നതാ.... നാം ഇത്തിരി മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... ബുദ്ധി ജീവികള്‍ എന്നാ പേരിലുള്ള കുറെ 'പെക്കൊലങ്ങളെ' അടിച്ചു തളിച്ച് പിണ്ഡം വെക്കെണ്ടിയിരിക്കുന്നു. കുറ്റിത്താടിയും, പാറിപ്പറന്ന മുടിയും, കുളിക്കാതെ, പോടീ പിടിച്ച വസ്ത്രങ്ങളും , ദിനേശ് ബീഡിയുമായി ഇപ്പോഴുമുണ്ട് നമുക്കിടയില്‍ ഇവര്‍. (സുന്ദരന്മാരായ ഒരുപാട് എഴുത്തുകാരെ മറന്നതല്ല, അവര്‍ ക്ഷമിക്കണം) അവര്‍ കരുതുന്നത് അതാണ്‌ സാഹിത്യമെന്നാ...
സാഹിത്യം അത് ചില പ്രത്യേക സമൂഹത്തിനു മാത്രമാണെന്നാ ഇക്കൂട്ടരുടെ ധാരണ. അവര്‍ പടച്ചു വിടുന്ന കടിച്ചാല്‍ പൊട്ടാത്ത വാക്യ പ്രയോഗങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങാന്‍ കുറെ 'കിഴങ്ങന്മാരും'.

നമ്മളെന്തേ ഇതൊന്നും തിരിച്ചറിയപ്പെടാതെ പോകുന്നത്.... സാഹിത്യം അത് എല്ലാവരിലേക്കും ഇറങ്ങി ചൊല്ലുതായിരിക്കണം... ലളിത സുന്ദരവും സരസവുമായ അവതരണം അത് കൂടുതല്‍ തലങ്ങളില്‍ വായനക്കാരെ ആകര്‍ഷിക്കും.. സാധാരണക്കാരെ സാഹിത്യത്തിലേക്ക് അടുപ്പിക്കും. അതിനു പകരം, ഈ 'ബു. ജീ.' എന്ന വര്‍ഗ്ഗം കാണിക്കുന്ന ചെയ്തികളുടെ പിറകെ പോകാതെ...

ജനങ്ങള്‍... എന്തിനു നാം സാധാരണക്കാര്‍ എങ്കിലും അതിനെതിരെ പ്രതികരിച്ചേ തീരൂ......... നമുക്കും കൂടെ അവകാശപ്പെട്ടതാണീ അവര്‍ മാത്രമൊതുക്കി വെക്കുന്നത്.....
ജന മനസുകളിലെക്കിറങ്ങി ചെല്ലുന്നതാവട്ടെ കൃതികള്‍. അതിനു പറ്റിയ പോംവഴി അവരെ അവഗണിക്കുക എന്നത് മാത്രമാ...

'ശ്രീനിവാസന്റെ ഏതോ ഒരു സിനിമയില്‍ പാര്‍ടി തോറ്റതിന്റെ വിശദീകരണമായി പറയുന്ന വാചകങ്ങള്‍ "ബൂര്‍ഷ്വകളും പാമരങ്ങളും തമ്മിലുള്ള മത്സരത്തില്‍, ഇടിവ് വന്ന മൂല്യച്ചുദിയില്‍, ചിന്തകള്‍ നഷ്ടപ്പെട്ടു പോയ ജനങളുടെ വികാര പ്രകടനമാണ് ഈ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്'.... (ജനങ്ങള്‍ വോട്ടു ചെയ്തില്ല, അതിനാല്‍ തോറ്റെന്നു പറഞ്ഞാല്‍ കാര്യം തീര്‍ന്നില്ലേ) ആര്‍കെങ്കിലും വല്ലതും മനസിലായോ. ഇതായിരിക്കരുത് സാഹിത്യം.. "അഴീക്കോടിന്‍റെ വാചക കസര്‍ത്തുകള്‍ മിമിക്രിക്കാര്‍ ഉപയോഗിക്കാന്‍ തുടങ്ങിയതെന്തേ, ആലോചിച്ചിട്ടുണ്ടോ? .... ഇതേ 'മൂല്യ ചുതി' തന്നെ പ്രശ്നം....

പണ്ട് നമ്മുടെ നാട്ടില്‍ വേദം കേള്‍കാന്‍ പോലും അവകാശമില്ലാതിരുന്ന ഒരു വിഭാഗമുണ്ടായിരുന്നു. പൂജയും, വേദങ്ങളും, ആരാധനയുമെല്ലാം തങ്ങളുടെ മാത്രമാണെന്ന ഗര്‍വായിരുന്നു അതിനു പിന്നില്‍.
പിന്നെ പിന്നെ കാലം മാറി.
ആ പഴയ കാല അവസ്ഥയില്‍ നിന്ന് നമ്മുടെ പുരോഗമന സാഹിത്യകാരന്മാര്‍ മാറേണ്ടിയിരിക്കുന്നു. നിങ്ങളുടെ എഴുത്തുകള്‍ സമൂഹത്തിലെ നാനാ വിധ ആളുകള്‍ക്ക് വേണ്ടിയാകട്ടെ. ...

എന്‍റെ ഒരു സുഹുര്‍ത്തിന്റെ വാക്കുകള്‍ (ഇത്തിരി തമാശയാണേ) , ലേഖനമെഴുതി വാരികയ്ക്ക് അയച്ചു കൊടുത്തു കാത്തിരിക്കുകയായിരുന്നു. പോയതിനെക്കാള്‍ വേഗത്തില്‍ തിരിച്ചെത്തി. സാഹിത്യ ഗുണമില്ല പോലും... ആശാനൊരു ചിന്ത..... കത്രികയെടുത്ത് എഴുതിയ കടലാസിന്റെ രണ്ട് വശവും (വലതു വശവും ഇടതു വശവും) വെട്ടി മാറ്റി ഫോടോസ്ടാറ്റ് എടുത്തു അയച്ചു കൊടുത്തു ആശാന്‍. പിറ്റേ ലക്കം അതാ വരുന്നു വാരികയില്‍ കവിത. കൂടെ നിരൂപണവും. ഇത്രയും ആശയ സമ്പുഷ്ടവും നൈസര്‍ഗികവുമായ കവിത ഈ അടുത്ത കാലത്തൊന്നും ഇറങ്ങിയില്ല പോലും. എഴുത്ത് കാരന്‍റെ ഭാവന ചിന്തകള്‍ക്കുമതീതമാണ് പോലും. പ്രത്യേക അഭിനന്ദനങ്ങള്‍. എങ്ങിനെയുണ്ട്..

ഇനി മറ്റൊരു തരക്കാര്‍.... ആധുനിക ചിത്രകാരന്മാര്‍. നമ്മുടെ പൂര്‍വികരായ ചിത്രകാരന്മാര്‍ വരച്ച ജീവസുറ്റ ചിത്രങ്ങളെ സ്മരിക്കാതിരിക്കാന്‍ വയ്യ.. ഓരോ ചിത്രങ്ങളും ഓരോ ആശയങ്ങളായിരുന്നു. ആര്‍ക്കും എളുപ്പത്തില്‍ മനസിലാക്കാവുന്ന, നമ്മോടു നേരിട്ട് സംവതിക്കുന്ന ചിത്രങ്ങള്‍. ഇന്നോ, കുറെ കുത്തിവരകള്‍, അതിനു ഉദാത്തമായ അഭിപ്രായങ്ങളും നിരൂപണങ്ങളും... നാം ഇതെല്ലാം മനസിലാക്കി തുടങ്ങേണ്ടിയിരിക്കുന്നു..

അടിക്കുറിപ്പ് : പ്രിയ സാഹിത്യകാരന്മാരെ. നിങ്ങളെയീ വാക് നോവിച്ചെങ്കില്‍ ക്ഷമിക്കുക.. പക്ഷെ നിങ്ങള്‍കുള്ള ഒരു തിരിച്ചറിവാകട്ടെ ഇത്.

Thursday, May 13, 2010

എന്‍റെ ചില നുറുങ്ങു ചിന്തകള്‍.....

എന്റെ പ്രിയ കൂട്ടുകാരാ...
ഉപചാര വാക്കുകളില്‍ ഒതുക്കാന്‍ തുടങ്ങിയിരിക്കുന്നു മലയാളികള്‍ സ്നേഹാന്വേഷണങ്ങള്‍ .........
ഒരു ഹായ്....... അല്ലെങ്കില്‍ 'ഹൌ ആര്‍ യു'? ......... എന്ത് പറ്റി നാം മലയാളികള്‍ക്ക്? ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് എത്തുന്ന സ്നേഹ വാക്കുകളാവട്ടെ നമ്മുടെ വാക്കുകള്‍.......
എന്തുണ്ട് സുഹുര്‍തെ നിന്‍റെ വിശേഷങ്ങള്‍? ............. അതെ വാക്കുകള്‍ തന്നെയാണ് 'ഹൌ ആര്‍ യു' എന്നും........ പക്ഷെ ഇംഗ്ലീഷ് ആകുമ്പോള്‍ അത് വെറുമൊരു ഉപചാരം ആയിപ്പോകുന്നു.. സ്വന്തം ഭാഷയില്‍ സംവദിക്കൂ.......... അതും വശ്യ സുന്ദരമായ നമ്മുടെ സ്വന്ത ഭാഷ ഉപയോഗിച്ച്.........

ഒരു പുഞ്ചിരി......... അത് നമ്മള്‍ക്ക് ഒന്നും നഷ്ട്ടപ്പെടുതുന്നില്ല. പക്ഷെ നേടിതരുന്നതോ വലിയ ഒരു സൌഹൃദ ലോകം. സംസാരിക്കുമ്പോള്‍ ചിരിക്കുന്ന മുഖത്തോടെ, സന്തോഷത്തോടെ സംസാരിച്ചു നോക്കൂ......... കേള്‍ക്കുന്നയാള്‍ക്ക് എന്തിഷ്ടമാകുമെന്നോ? കൂടാതെ അയാള്‍ പിന്നെ നിങ്ങളെ മറക്കുകയുമില്ല. അതിലുപരി ഇനിയും നിങ്ങളോട് സംസാരിക്കാന്‍ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്യും..........

തിരക്കുകള്‍ക്കിടയില്‍ വീര്‍പ്പു മുട്ടുന്ന പുതിയ സാംസ്കാരിക ലോകത്തിനു..... ഇതൊക്കെ നോക്കാന്‍ എവിടെ നേരം അല്ലെ........
സാരമില്ല...... എന്നാലും എപ്പോഴെങ്കിലും കണ്ടു മുട്ടുമ്പോള്‍ ഒരു പുഞ്ചിരി...... കൂടെ ഇത്തിരി നല്ല വാക്കുകള്‍ അത് മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ സമയം ഇല്ലെങ്കിലും ഞാനെങ്കിലും പ്രതീക്ഷിച്ചോട്ടെ ...............

നിങ്ങള്‍ ശ്രധിച്ചുട്ടുണ്ടോന്നറിയില്ല .. പാശ്ചാത്യന്മാര്‍ ഒരു ചെറിയ കാര്യം നാം ചെയ്‌താല്‍ പോലും നന്ദി എന്ന് തിരിച്ചു പറയും...... എന്തെങ്കിലും ആവശ്യപ്പെടുമ്പോള്‍ എക്സ്ക്യുസ് കൊണ്ടേ തുടങ്ങൂ....
നമുക്കും ചെയ്തുകൂടെ ഇതൊക്കെ. അവരുടെ മാത്രം കുത്തകയാണോ ഇതെല്ലാം...... നമ്മള്‍ മലയാളികള്‍ ഇതൊക്കെ പറയുന്നതില്‍ പിശുക്കന്മാരാണെന്നു തോന്നുന്നു.... (നാമിപ്പോള്‍ കുറേശെയായി പഠിച്ചു തുടങ്ങിയിട്ടുണ്ട്...... ദൈവത്തിനു നന്ദി)
അത് പോലെ തെറ്റ് ചെയ്‌താല്‍ (അത് നമ്മുടെ തെറ്റല്ലെങ്കില്‍ പോലും)"ക്ഷമിക്കണം" എന്ന് പറഞ്ഞു നോക്കൂ. കേള്‍ക്കുന്നവന്‍ എത്ര ചൂടനാനെങ്കിലും അതൊക്കെ പമ്പ കടക്കും. ഇനി അയാളുടെ തെറ്റാണെങ്കിലും നിങ്ങളുടെ ക്ഷമാപണം കേട്ടാല്‍ മനസ്സില്‍ ചെറിയ ഒരു കുറ്റ ബോധമെങ്കിലും തോന്നും. (പുറത്തു കാണിച്ചില്ലെങ്കിലും)

ഈയിടെ കഴിഞ്ഞല്ലോ ലോക മാതൃ ദിനം...... ആരെങ്കിലും ഓര്‍ത്തോ എന്തെങ്കിലും ?
ഓര്‍ക്കുക നമ്മെ നാമാക്കിയ, ഇന്നത്തെ നാമാക്കിയ.. നമ്മുടെ സ്വന്തം അമ്മയെ.....
ഒന്നുമില്ലായ്മയില്‍ നിന്നും കൂട്ടിപ്പിടിച്ച കൈകളുമായി ഈ ലോകത്തേക്ക് പിറന്നു വീണ നമ്മെ .......
കരയാന്‍ മാത്രമറിയാവുന്ന ...... സ്വന്തമായിട്ടും ഒന്നും ചെയ്യാനറിയാത്ത ........ എന്തിനു... അമ്മയുടെ മുലപ്പാല്‍ പോലും അമ്മ വായില്‍ വെച്ച് തന്നാലെ നമുക്ക് കുടിക്കാന്‍ കഴിയുമായിരുന്നുള്ളൂ ..... (ഹാ കഷ്ടം.... ഇത്രയും ബാലഹീനനാണോ നാം
മനുഷ്യര്‍, മറ്റു ജീവികള്‍ പ്രസവിച്ച ഉടനെ ആരും പറയാതെ തന്നെ അവര്‍ അമ്മയുടെ
അടുത്ത് പോയി പാല്‍ കുടിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? എന്നിട്ടും നടക്കുന്നു ലോകത്തിലെ ഉദാത്തന്മാര്‍ എന്നും പറഞ്ഞു....)
നല്‍കുക അവര്‍ക്കായി ഒരിത്തിരി നല്ല വാക്കെങ്കിലും..........
പരിചരിക്കുക, എപ്പോഴുമില്ലെങ്കിലും ഇടക്കെങ്കിലും ... ഒന്നുമില്ലെങ്കില്‍ അവരുടെ വാര്‍ധക്യ കാലത്തെങ്കിലും ......
കാരണം അവര്‍ ഇത്തിരി സ്നേഹം, സാന്ത്വനം എല്ലാം കൊതിക്കുന്ന സമയമാണ് അത്. പണ്ട് ചെറുപ്പത്തില്‍ നാം കൊതിച്ചത് പോലെ....... അതായിരിക്കട്ടെ നമ്മുടെ അവര്‍ക്കായുള്ള സമ്മാനം.

ക്ഷമിക്കണം..... എന്റെ ചില ചിന്തകളുടെ ഒരു കൂട്ടമാണിത്..... നിങ്ങോട് പറയണം എന്ന് തോന്നി.... പറഞ്ഞു... ചിലത് സ്ഥാനതാവം... ചിലത് അസ്ഥാനതാവാം. ക്ഷമിക്കുക....... നിങ്ങളെ അലോസരപ്പെടുതിയെങ്കില്‍ .... എനിക്കെന്‍റെ വീര്‍പുമുട്ടല്‍ മാറി.. എനിക്കത് മതി.......

ഇത് നിങ്ങള്‍ക്കൊരു പുതിയ ചിന്തക്ക് ...... അല്ലെങ്കില്‍ പുതിയ തുടക്കത്തിനു നിമിത്തമായെങ്കില്‍ ......... ഞാന്‍ ധന്യവാനായി....

Monday, May 10, 2010

എങ്കിലും എന്റെ സുഡാനീ ........

അബുദാബിയില്‍ ആദ്യമായി വന്ന കാലം. ഏഴു വര്‍ഷത്തെ ഒമാന്‍ ജീവിതതിനോടുവില്‍, അവിടുത്തെ സ്വദേശി വല്‍ക്കരണം, എന്നെ ചവിട്ടിപ്പുരതാക്കിയപ്പോള്‍ രക്ഷ നേടാന്‍ ആത്മ സുഹുര്തിനെ വിളിച്ചപെക്ഷിക്കുകയെ രക്ഷയുള്ളൂ.. അവനയച്ചു തന്ന വിസിറ്റ് വിസയില്‍ ദുബൈയിലെത്തി... ജോലി തേടി.. കുറെ.... ദുബൈയുടെ യഥാര്‍ത്ഥ മുഖം ആ ദിവസങ്ങളില്‍ കണ്ടു.. എല്ലാം കൂടെ ഒടുവില്‍ അബുദാബിയില്‍ നിന്ന് കുറെ ഉള്ളിലായി "തവീല" എന്ന സ്ഥലത്ത് ജോലി കിട്ടിയപ്പോള്‍ ആശ്വാസമായി... വിസിറ്റ് വിസയിലാണ്. കൊറിയന്‍ കമ്പനിയാണ്. എന്നാലും കുഴപ്പമില്ല.... വിസിറ്റ് തീരുമ്പോഴേക്കും വിസ എടുക്കാമെന്ന ധാരണയില്‍ കയറിക്കൂടി..... വളരെ സുഖം......
ഇതൊരു ആമുഖം മാത്രം.... എന്തിനിത്ര പറഞ്ഞെന്നോ... തുടക്കക്കാരനാനെന്നു മനസിലാക്കാന്‍....
ഒരിക്കല്‍ ജോലി സ്ഥലത്ത് നിന്നും അബുദാബി പോകാന്‍ ടാക്സി കാത്തിരിക്കുകയായിരുന്നു. ദുബായ് അബുദാബി ഹൈവേ റോഡ്‌.. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു കൊറോള കാര്‍ വന്നു നിര്‍ത്തി. സുഡാനി ഡ്രൈവര്‍ അറബിയില്‍ ചോദിച്ചു. "എങ്ങോട്ടാ"? ഒമാന്‍ വാസം പഠിപ്പിച്ച പാടതാല്‍ അറബിയില്‍ തന്നെ പറഞ്ഞു 'അബുദാബിയിലേക്ക്'.
'എന്നാല്‍ കയറിക്കോ'. കയറി ഇരുന്നു. അപ്പോഴാണ് കണ്ടത് ഉള്ളില്‍ ആളുണ്ടെന്നു..... കറുത്ത ഗ്ലാസ്‌ ആയിരുന്നതിനാല്‍ മുമ്പിലുള്ള ആളെ മാത്രമേ കണ്ടിരുന്നുള്ളൂ.
കുറച്ചു ദൂരം പോയതെ ഉള്ളൂ ഡ്രൈവര്‍ വണ്ടി നിര്‍ത്തി.. തന്റെ പേഴ്സ് എടുത്തു ഡ്രൈവിംഗ് സീറ്റില്‍ വെച്ച്..(പിന്നീടാനെനിക്ക് മനസിലായത്, അതെന്തിനായിരുന്നെന്നു... നിങ്ങള്‍കും വൈകാതെ മനസിലാകും) അയാള്‍ പുറത്തിറങ്ങി.. ബോനെറ്റ് തുറന്നു എന്തൊക്കെയോ ശരിയാക്കി തിരിച്ചു വന്നു...
അതിനിടയില്‍ ഇവിടെ ഉള്ളില്‍ ചിലത് സംഭവിച്ചിരുന്നു.... ഉള്ളിലുള്ളത് മുമ്പിലും പുറകിലുമായി മൂന്നു കരുംബന്മാര്‍. എല്ലാവരും സുടാനികലാനെന്നു അവര്‍ അറബി സംസാരിക്കുന്നത് കേട്ടപ്പോള്‍ തോന്നി.
മുമ്പിലുള്ള ആള്‍ ഡ്രൈവിംഗ് സീടിലുണ്ടായിരുന്ന പേഴ്സ് എടുത്തു പുറകിലുള്ള ആള്‍ക്ക് കൈമാറി... അവനതു ചിരിച്ചു കൊണ്ട് സ്വന്തം കീശയില്‍ വച്ചു.
ഇവര്‍ കൂട്ടുകാരായിരിക്കുമെന്നു കരുതി, തമാശക്ക് എടുത്തു വെച്ചതായിരിക്കുമെന്നു കരുതി ഞാനും ഒരു ഇളം ചിരി ചിരിച്ചു..
തിരിച്ചു വന്ന ഡ്രൈവര്‍ നേരെ സീറ്റില്‍ ഇരുന്നു വണ്ടി എടുത്തു... കുറച്ചു ദൂരം പോയപ്പോള്‍ അയാള്‍ സീറ്റിലിരുന്ന പേഴ്സ് തിരഞ്ഞു... എങ്ങും കണ്ടില്ല.....
അയാള്‍ ചോദിച്ചു; 'ആരാ എന്റെ പേഴ്സ് എടുത്തത്‌'...... ആദ്യമൊന്നും പറഞ്ഞില്ലെങ്കിലും ഡ്രൈവറുടെ ശബ്ദം കൂടി കൂടി വന്നു...
ആദ്യം തമാശ ആയിരിക്കുമെന്ന് കരുതി ഞാനുമൊന്നും മിണ്ടിയില്ല..... ഒടുവില്‍ ഗത്യന്തരമില്ലാതെ ഞാന്‍ പറഞ്ഞു..... ഇതാ ഇയാളുടെ കൈവശമുണ്ടെന്നു.....
എന്നെ രൂക്ഷമായൊന്നു നോക്കി അയാളാ പേഴ്സ് തിരിച്ചു കൊടുത്തു.....
ഉടനെ ഡ്രൈവര്‍ പേഴ്സ് തുറന്നു പണം എന്നി നോക്കി.... "അയാള്‍ വീണ്ടും ഒച്ച വെച്ചു.
'ഇതില്‍ ആയിരം ദിര്‍ഹം കുറവുണ്ട് ' ... അത് വരെയുള്ളതെല്ലാം മറന്നു ഞാനും സത്യം മനസിലാക്കി തുടങ്ങി.. സംഗതി കളി കാര്യമാവുകയാനല്ലോ......
ഡ്രൈവര്‍ എല്ലാവരോടും ചോദിച്ചു, ആരും ഞങ്ങള്‍ കണ്ടില്ല . പേഴ്സ് എടുത്തു എന്ന് മാത്രം അയാള്‍ പറഞ്ഞു..... ഒടുവില്‍ അയാള്‍ പറഞ്ഞു ഒരു കാര്യം ചെയ്യൂ.. എല്ലാവരും നിങ്ങളുടെ പേഴ്സ് എടുത്തു തരൂ... ഞാന്‍ ചെക്ക്‌ ചെയ്യട്ടെ.... എല്ലാവരുടെയും പേഴ്സ് ചെക്ക്‌ ചെയ്തു...... കൂടെ ഞാനെന്‍റെ പേഴ്സ് ഉം കൊടുത്തു... അയാളത് ചെക്ക്‌ ചെയ്തു തിരിച്ചും തന്നു...... നഷ്ടപ്പെട്ട തുക കണ്ടെത്താനായില്ല.
അയാള്‍ പിന്നെയും പറഞ്ഞു " ആരോ എടുത്തു ഒളിപ്പിച്ചു വെച്ചിരിക്കുകയാ..... ഇപ്പോള്‍ പറഞ്ഞോ ഞാനിപ്പോള്‍ പോലീസിനെ വിളിക്കും"....
എനിക്കും പേടി തുടങ്ങി. ഒന്നാമത് വിസയില്ല.... വിസിറ്റ് ആണ്. അതും പേപ്പര്‍ ഒന്നും കയ്യിലില്ല. തിരക്കിട്ട് വരുന്നതാകയാല്‍ പാസ്പോര്‍ട്ടും വിസ പേപ്പറും ഓഫീസില്‍ വെച്ചു പോരുകയായിരുന്നു.
പിന്നീട് ഡ്രൈവര്‍ ഉടെ അടുത്ത വാക്ക് . അതെന്നെ സമാശ്വസിപ്പിക്കുന്നതായിരുന്നു......" നിങ്ങള്‍ ഇവിടെ അടുത്ത് നിന്ന് കയറിയതല്ലേ.... എനിക്കറിയാം നിങ്ങള്‍ എടുക്കില്ലെന്ന്...... നിങ്ങള്‍ ഒരു കാര്യം ചെയ്യൂ.....ഞാനിവരെയും കൊണ്ട് ശഹാമ പോലീസ് സ്റ്റേഷനില്‍ കയറുകയാണ്. ഞാന്‍ റോഡരുകില്‍ വണ്ടിയൊന്നു ചവിട്ടാം . നിങ്ങള്‍ ഡോര്‍ തുറന്നു ചാടി ഇറങ്ങണം... പെട്ടെന്ന് വേണം, ഇല്ലെങ്കില്‍ ഇവര്‍ ഇറങ്ങി ഓടും..."
ഞാനും മറ്റൊന്നും ആലോചിച്ചില്ല..... രക്ഷപെട്ട സന്തോഷത്തില്‍ അയാള്‍ പറഞ്ഞ പോലെ ചെയ്തു...... കാര്‍ സ്പീഡില്‍ പോയി.......
രക്ഷപെട്ടു...... ഹാവൂ....... എന്നെല്ലാം കരുതി വെറുതെ ഞാനെന്‍റെ പേഴ്സ് തുറന്നു നോക്കി... അതില്‍ പത്തിന്റെ അഞ്ചു നോട്ടുകലാനുണ്ടായിരുന്നത്. സമാധാനമായി. അതവിടെ തന്നെയുണ്ട്‌..... പിന്നെ ഒരു ചെറു പുഞ്ചിരിയോടെ ഞാന്‍ അതിന്റെ ഉള്ളിലെ മറ്റൊരു അറയിലുണ്ടായിരുന്ന 500 ദിര്‍ഹത്തിന്റെ നോട്ടു അവിടെ തന്നെയുണ്ടോ എന്ന് വെറുതെ നോക്കി. മുകളിലത്തെ നോട്ടു അവിടെയുണ്ടല്ലോ. അപ്പോള്‍ പിന്നെ നോക്കണ്ടല്ലോ. എന്തായാലും നോക്കാം....... പക്ഷെ ... അതെന്നെ വിറപ്പിച്ചു കഴിഞ്ഞിരുന്നു......
അവിടം ശൂന്യമായിരുന്നു........ പെട്ടെന്ന് ഞാന്‍ കാര്‍ തിരഞ്ഞു നോക്കി... അതിന്റെ പോടീ പോലും കാണാനുണ്ടായിരുന്നില്ല..
ഞാനെന്‍റെ സുഹുര്തിനെ വിളിച്ചു കാര്യം പറഞ്ഞു.... അവന്‍ പറഞു തന്നു .. ദുബായ് അബുദാബി റൂട്ടില്‍ ഇത്തരത്തില്‍ ആളുകളെ പറ്റിക്കുന്ന കഥ.........
ജീവിതത്തില്‍ ആദ്യമായി ഞാന്‍ പറ്റിക്കപ്പെട്ടു.... പത്രങ്ങളിലൊക്കെ ഒരുപാട് വന്ന തട്ടിപ്പാണ്. നീ ഇതൊന്നും അറിഞ്ഞിരുന്നില്ലേ......
അവനതു പറയുമ്പോഴും....... എന്റുമ്മ തലേന്ന് ഫോണില്‍ പറഞ്ഞ വാക്കുകളായിരുന്നു മനസ്സില്‍... മോനെ.... നമ്മള്‍ സാധനം വാങ്ങുന്ന കടയില്‍ പൈസ കൊടുത്തില്ലെങ്കില്‍ ഇനി തരില്ല എന്ന് പറഞ്ഞിട്ടുണ്ടുട്ടോ..
ന്റെ പടച്ചോനെ.... കടം വാങ്ങിയ ഈ പൈസ തന്നെ വേണമായിരുന്നോ?
ഇത് കഥയല്ല .. സ്വന്തം അനുഭവം.... അറിയാതവര്‍കായി... പ്രൈവറ്റ് ടാക്സി വളരെ ശ്രദ്ധിച്ചു കയറുക.....
( ഗുണ പാഠം... : ഞാനിപ്പോള്‍ പബ്ലിക്‌ ടാക്സിയിലല്ലാതെ യാത്ര ചെയ്യാറില്ല )

Tuesday, May 4, 2010

"ഞങ്ങടെ കുട്ട്യേടത്തി"

നീ എന്താ ആലോചിക്കുന്നത്..... കൂടെയുള്ള സുഹുര്‍ത്ത് ചോദിച്ചു...
ഞാന്‍ പറഞ്ഞു "എന്നാലും കുട്ടിയേടത്തി"........
"അത് സാരമില്ലെടാ പോട്ടെ... നീ അറിഞ്ഞു കൊണ്ടല്ലോ"...
മനസില്‍ എന്തോ വല്ലാത്തൊരു വിഷമം..... കൂടുകാരോട് യാത്ര പറഞ്ഞു ബസ്‌ സ്റ്റാന്റ്ലേക്ക്  തിരിച്ചു.
ബസ്‌ കയറി യാത്ര പുറപ്പെട്ടു എന്റെ ഗ്രാമത്തിലേക്ക്.
മനസ്സില്‍ എന്തൊക്കെയോ ചിന്തകള്‍ കടന്നു വരികയായി.

കോഴിക്കോട് നിന്ന് ജോലി കഴിഞ്ഞു വീട്ടിലെത്താന്‍  രാത്രി ഒരു പാടാവും....
വൈകിട്ട് അഞ്ചു മണിക്ക് കഴിയുന്ന ജോലിയാ. പക്ഷെ ഓഫീസില്‍ നിന്ന് കഥ പറഞ്ഞിരുന്നു പുറത്തിറങ്ങുമ്പോഴേക്കും തന്നെയാവും ആറു മണി. പുറത്തിറങ്ങി ഒന്ന് കറങ്ങും... കൂട്ടുകാര്‍ക്കൊപ്പം നഗരത്തിലെ ഏറ്റവും നല്ല ഒരു സിനിമ. ചിലപ്പോള്‍ ബീച്ചില്‍ പോയിരിക്കും.....

ഇതെല്ലം കഴിയുമ്പോഴേക്കും രാത്രി പത്തു മണി. പിന്നെ എന്റെ ഗ്രാമത്തിലേക്ക് ബസില്‍ ഒരു മണിക്കൂര്‍ യാത്ര........ ബസ്‌ കാത്തുള്ള തിരക്കും...... ഭാഗ്യമുണ്ടെങ്കില്‍ കിട്ടുന്ന സീറ്റും.. എല്ലാം കൂടെ എത്തിപ്പിടിച്ച്‌ അങ്ങെത്തുമ്പോഴേക്കും   പന്ത്രണ്ടു മണി....... വെറുതെയല്ല നാട്ടുകാര്‍ എന്നെ 'മയില്‍ വാഹനം' ബസ്‌ എന്ന് പറയുന്നത്.

(കോഴിക്കോട് നിന്നും പാലക്കാട്ടെ ഒരു ഗ്രാമത്തിലേക്കുള്ള ബസ്‌ ആണ് മയില്‍ വാഹനം... ആ ബസ്‌ അവിടുത്തെ നാട്ടുകാര്‍  ഇത് വരെ കണ്ടിട്ടില്ലെന്നാ ശ്രുതി...... വൈകിട്ട് നാല് മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെട്ടു നാടും നഗരവും താണ്ടി അവിടെയെത്തുമ്പോള്‍ രാത്രി ഒരു മണി.. പുലര്‍ച്ചെ നാല് മണിക്ക് അത് പുറപ്പെട്ടു പോരും. ബസ്‌ വരുമ്പോഴും പോകുമ്പോഴും നാട്ടുകാര്‍  നല്ല ഉറക്കത്തിലായിരിക്കും. പിന്നെങ്ങിനെയാ അവരിത് കാണുക)

ഇനി ഞാന്‍ നാടെത്തി  ബസ്‌ ഇറങ്ങിയാലോ? പതിവ് ടീം ഉണ്ടാവും ബസ്‌ സ്റ്റോപ്പില്‍ ........

പകലത്തെ ജോലിയൊക്കെ കഴിഞ്ഞു (എല്ലാവരും പല തരക്കാര്‍, ചുമടെടുപ്പുകാര്‍, കൂലിപ്പണി. ടാക്സി ഡ്രൈവര്‍. മണല്‍ വാരുന്നവര്‍) രണ്ടെണ്ണം 'വീശി' ഇരിക്കുകയാവും. ചിലര്‍ തൊട്ടടുത്ത രാമേട്ടന്റെ തട്ടു കടയില്‍ നിന്നും കട്ടന്‍ ചായയും "ആണ്‍ പ്ലയ്ടും' (പാവങ്ങളല്ലേ അങ്ങിനെ പറയാനേ അറിയൂ, നിങ്ങള്‍ ക്ഷമിച്ചു കള, കൂടാതെ രാമേട്ടന്റെ കാര്‍ഡ്‌ ബോര്‍ഡ് കഷ്ണതിലെഴുതിയ ബോര്‍ഡും, ഇന്നത്തെ സ്പെഷ്യല്‍ : കട്ടന്‍ ചായ & 'ആണ്‍ പ്ലേറ്റ്'.... സ്പെഷ്യല്‍ ഒരിക്കലും മാറാറില്ല.. ) കഴിക്കുന്നുണ്ടാവും.....

"എന്താ മോനെ ഇന്നത്തെ വിശേഷം" രാമേട്ടന്‍ തുടങ്ങി കഴിഞ്ഞു.....
സംസാരിക്കുന്നതിനിടയില്‍ തന്നെ എനിക്കുള്ള മുട്ട എടുത്തു പൊട്ടിച്ചു പൊരിക്കാന്‍ തുടങ്ങിയിട്ടുണ്ടാവും..

ഒരു കട്ടന്‍ ചായയും അതും എന്നും എനിക്കുള്ളതാ....... പൈസ ചോദിക്കുകയുമില്ല.... കിട്ടുമ്പോള്‍ അങ്ങ് കൊടുക്കും. അത് വാങ്ങി വെക്കും...

"നീ എന്റെ കൂടുകാരന്റെ മോനാ... നിനക്കിവിടെ എന്തും കഴിക്കാം"...... എന്ന് പറയുകയല്ലാതെ ഒരിക്കല്‍ പോലും പൈസ വാങ്ങാതിരുന്നിട്ടില്ല... പക്ഷെ ഞാന്‍ കൊടുക്കുന്നത് എണ്ണി നോക്കാറില്ല എന്ന് മാത്രം. നോക്കാതെ നേരെ കീശയിലിടും. (പക്ഷെ മറ്റാരോടും കണക്കു പറഞ്ഞു വാങ്ങും..... കൊടുത്തില്ലേല്‍ വീട്ടില്‍ കെട്ടിക്കാനായ രണ്ടു പെണ്മക്കളുടെ "കഥന കഥ" സഹിക്കേണ്ടി വരും... അതാ രാമേട്ടന്‍........

പറഞ്ഞു വന്ന കാര്യം മറന്നു..... ഞാന്‍ അന്നത്തെ പട്ടണത്തിലെ കാര്യമെല്ലാം പൊടിപ്പും തൊങ്ങലും വെച്ച് പറയും...... മോഹന്‍ലാല്‍ ഷൂട്ടിങ്ങിന്  വന്നതും. പിന്നെ പാര്‍ട്ടിക്കാരുടെ    പ്രതിഷേധ പ്രകടനത്തിന് അടി ഉണ്ടായതും..... അന്നത്തെ പുതിയ സിനിമ വിശേഷവും........ എല്ലാവരും എന്റെ ചുറ്റും കൂടും.....

"അല്ല ഇന്നലെ നമ്മുടെ മന്ത്രി വന്നിരുന്നെന്നു കേട്ടു". ചന്ദ്രേട്ടന്‍...
മൂപ്പരാ ഇത്തിരി ലോക വിവരവും ഇടയ്ക്കിടെ പട്ടണത്തിലൊക്കെ  പോകുന്ന ആളും.. കൂടെ മുടിഞ്ഞ പാര്‍ട്ടി സ്നേഹവും.....(ഏതു പാര്‍ട്ടിയെന്നു പറയണ്ടല്ലോ.......)

ഇന്നെന്താ രാജൂ........  ഒരുഷാറില്ലാതെ...... ഓട്ടമില്ലായിരുന്നോ?

'അതല്ല അവന്റെ "കുട്ട്യേടത്തിക്ക് സുഖമില്ല..... അതാ'.......... അത് കേട്ടു എല്ലാവരും കൂടെ ചിരിച്ചു........

ഇനിയാണ് നമ്മുടെ കഥാ നായികയുടെ വരവ്...... കുട്ടിയേടത്തി......... ഞങ്ങളുടെ എല്ലാം രോമാഞ്ചം.......

പുള്ളിക്കാരിയുടെ കണവന്‍ കുറെ വര്‍ഷങ്ങള്‍ മുമ്പേ തൂങ്ങി ചത്തു. (എന്റെ ചെറുപ്പം മുതലേ ഞാന്‍ കാണുന്ന കുട്യേടത്തി ഇങ്ങനെയാ)

കുട്ടിയേടത്തി അന്നേ ആളത്ര ശരിയല്ല... കുട്ട്യേടത്തിയുടെ അടുത്ത് "സംബന്ധം" കൂടാനാരോ വന്നത് കണവന്‍ കണ്ടുവെന്നും, അവര്‍ തമ്മില്‍ കയ്യാങ്കളി ആയെന്നും.. ഒടുവില്‍ അവന്‍ തല്ലിക്കൊന്നു തൂക്കിയിട്ടെന്നുമോക്കെയാ പിന്നാമ്പുറ വര്‍ത്താനം...... അതെന്തായാലും നന്നായി..... അല്ലെങ്കില്‍ ഞങ്ങള്‍ നാട്ടുകാര്‍ക്ക് കുട്ടിയേടത്തിയെ  ഇങ്ങിനെ കിട്ടുമോ?


കുറെ വര്‍ഷമായി കുട്ടിയേടത്തി ഒറ്റക്കൊരു ചെറിയ കുടിലില്‍ താമസമാ.... പകല്‍ മുഴുവന്‍ ജോലിക്ക് പോകും. എന്ത് പണിയും ചെയ്യും. നാട്ടിലെ എല്ലാവരും ജോലിക്ക് വിളിക്കും....

കൂലിപ്പണി, വാര്‍ക്കപണി .... കൈക്കോട്ടു പണി. ആയിടെ ഞങ്ങളുടെ നാട്ടില്‍ റോഡ്‌ പണി തുടങ്ങിയപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ നിന്നും അവരോടോപ്പമുണ്ടായിരുന്നു ഏക വ്യക്തിയായിരുന്നു കുട്ടിയേടത്തി .....

അതാണ്‌ കുട്ടിയെടത്തിയുടെ മിടുക്കും. എവിടെയും കയറി മുട്ടും... ഒരു മടിയുമില്ലാതെ.

കാണാനത്ര ചന്തമൊന്നുമില്ല. ഇരു നിറം.... പക്ഷെ . എന്തോ ഒരു പ്രത്യേകത കുട്ടിയെടതിക്ക് ഉണ്ടായിരുന്നെന്ന് നാട്ടിലെ ചെറുപ്പക്കാര്‍ മുഴുവന്‍ പറയും.....

ഒരു കുഴപ്പമുണ്ടായിരുന്നു കുട്ടിയെടതിക്ക്....... രാത്രിയായാല്‍ വേലുവിന്റെ (ഞങ്ങളുടെ നാട്ടിലെ പ്രസിദ്ധനായ ചെത്തുകാരനും വാറ്റുകാരനും) വീട്ടില്‍ പോയി രണ്ടു ഗ്ലാസ്‌ നാടന്‍ അകത്താക്കും...

അത് വേലു കൊടുക്കുകയും ചെയ്യും.... കാരണം ..... കെട്ടിയോള്‍ ചത്തു പോയ അവനറിയാം കുട്ടിയെടത്തിയുടെ ' വീക്നെസ് '.

ഇനിയിപ്പോള്‍ നിങ്ങള്‍ക്കും സംശയമായല്ലേ........ ഇവിടെയാണ്‌ ഞങ്ങളുടെ കുട്ട്യേടത്തിയെ ചെറുപ്പക്കാരുടെ രോമാഞ്ചമാക്കുന്നത്.......
 രാത്രിയായാല്‍...... രണ്ടെണ്ണം വിട്ടാല്‍..... കുട്ടിയെടതിക്ക് പിന്നെ ബോധാമുണ്ടാവില്ല..... (എന്ന് കരുതി പറ്റെ ഓര്‍മയുണ്ടാവില്ലെന്നല്ല.)
കുട്ടിയെടതിക്ക് പിന്നെ അന്തിക്കൂട്ടിനോരാളെ വേണം....... തികച്ചും ഫ്രീ സര്‍വീസ്. ആരെങ്കിലുമോന്നായാല്‍ മതി....
 നാട്ടിലെ ചെറുപ്പക്കാര്‍ മുഴുവന്‍ രാത്രിയാവാന്‍ പ്രാര്‍ഥിക്കാന്‍ തുടങ്ങി...........
അന്യ ദേശങ്ങളില്‍ നിന്ന് വരെ ചെറുപ്പക്കാര്‍ വൈകുന്നേരങ്ങളില്‍ ഞങ്ങളുടെ നാട്ടില്‍ തമ്പടിച്ചു തുടങ്ങി..
 ഒടുവില്‍ വീട്ടില്‍ തിരക്കും, ചില രാത്രികളില്‍ കുട്ടിയെടത്തിയുടെ വീട്ടില്‍ അടി വരെ നടക്കാന്‍ തുടങ്ങിയപ്പോള്‍.....ഞങ്ങള്‍ നാട്ടിലെ ചെറുപ്പക്കാര്‍ സങ്കടിച്ചു.....
'കുട്ടിയേടത്തി ഞങ്ങളുടെ സ്വത്താ.... അന്യ ദേശക്കാര്‍ക്കിനി അതിലിടപെടാണോ വരാനോ അവകാശമില്ല'.....
ഞങ്ങള്‍ കമ്മിറ്റിയുണ്ടാക്കി. ഓരോരുത്തര്‍ക്കായി ഊഴം വരെ നിശ്ചയിച്ചു. പുതിയ ചെറുപ്പക്കാര്‍ക്ക് "തുടങ്ങാനുള്ള" അവസരം കൊടുത്തു.
അങ്ങിനെ അങ്ങിനെ......... കുട്ടിയേടത്തി.... ഞങ്ങളുടെ രോമഞ്ചമായി വിലസുന്നു.

ഇതെല്ലാമറിഞ്ഞിട്ടും കുട്ടിയേടത്തി ചിരിച്ചു.... പകല്‍ ജോലിക്കിടയില്‍ ആരെങ്കിലും അതിനെപറ്റി വല്ലതും ചോദിച്ചാല്‍ കുട്ടിയേടത്തി ഒന്ന് ചിരിക്കും .. അത്ര മാത്രം....

ആയിടക്കാണ് കുട്ടിയെടതിക്ക് എയിഡ്സ് ആണെന്നാരോ പറഞ്ഞു പരത്തിയത് (സ്ഥിരമായി  പറ്റുകാരനാവാനുള്ള ഏതോ ഒരുത്തന്‍റെ കുബുധിയാനെന്നു ആദ്യം എല്ലാവര്‍ക്കും തോന്നി)

എന്നാല്‍ ഞങ്ങളുടെ "രാത്രി കൂട്ടത്തില്‍" ചന്ദ്രേട്ടന്റെ അഭിപ്രായമിതായിരുന്നു. ...
'നിങ്ങള്‍ കുറെ പേര്‍ സ്ഥിരമായി കയറി നിരങ്ങുന്നതല്ലേ... ആര്‍കൊക്കെ എന്തൊക്കെ അസുഖമുള്ളവരാനെന്നാര് കണ്ടു?'
ഞങ്ങള്‍ക്കും ആ പറഞ്ഞത് ശരിയായിരിക്കും എന്ന് തോന്നി...... കുട്ടിയേടതിയുടെ അടുത്ത് പോവാനുള്ള ആവേശത്തില്‍ വേറൊന്നും ചിന്തിച്ചില്ല ആരും.
 പിന്നെ പിന്നെ കുട്ടിയേടതിയുടെ അന്തിക്കൂട്ടിന്റെ തിരക്ക് കുറഞ്ഞു വന്നു.. അതുകൊണ്ടാവണം കുട്ടിയേടത്തി തന്റെ പതിവ് "കുടി" എണ്ണം കൂട്ടി.. രണ്ടില്‍ നിന്നും മൂന്നും നാലും ആയി.

ചിലപ്പോള്‍ കുടി കൂടി വഴിവക്കില്‍ കിടക്കുക പതിവായി തുടങ്ങി......... എന്നിട്ടും കുട്ടിയേടതിയുടെ "സ്വഭാവം" മാറിയില്ല.... ചിലരൊക്കെ രാത്രിയുടെ മറവിലും വഴിവക്കില്‍ വെച്ചിട്ടാണെങ്കിലും കൂടെ ചെല്ലും. വരുന്നത് വരട്ടെ എന്ന് കരുതി. അല്ലെങ്കിലും ചക്കര കുടത്തില്‍ കയ്യിട്ടവന്‍ പിന്നെ വെറുതെ കയ്യെങ്കിലും ഇടയ്ക്കു നക്കി നോക്കുമല്ലോ.

അതിനിടയിലാണ് കുട്ടിയേടത്തി പറ്റെ സുഖമില്ലാതെ കിടപ്പിലാനെന്നറിഞ്ഞത്‌..
ആരും തിരിഞ്ഞു നോക്കാതായി. ഞങ്ങള്‍ എല്ലാവരും കൂടെ പിരിവെടുത്തു കുട്ടിയെടതിയെ ആശുപത്രിയില്‍ കൊണ്ടു പോയി..... (ഒന്നുമില്ലെങ്കിലും ഞങ്ങളുടെയൊക്കെ ഗുരുവല്ലേ)
കുറച്ചു ദിവസം കൊണ്ടു ക്ഷീണമൊക്കെ മാറി. തിരിച്ചു വന്നു. ഇനി മേലാല്‍ കുടിക്കരുതെന്നു പറഞ്ഞു. ഇനി മേലാല്‍ കുട്ടിയെടതിക്ക് കള്ള് കൊടുക്കില്ലെന്ന് വേലുവില്‍ നിന്ന് ഉറപ്പു വാങ്ങി.

കുട്ടിയേടത്തി തിരിച്ചെത്തിയെന്നു കേട്ട് പലരും രാത്രിയില്‍ കുട്ടിയേടതിയുടെ അടുത്ത് പുറത്തു നിന്നും കള്ളുമായി ചെല്ലാന്‍ തുടങ്ങി..... കിട്ടാതിരുന്നത് കിട്ടാന്‍ തുടങ്ങിയപ്പോള്‍ കുട്ടിയേടത്തി പഴേ ആളായി മാറി... അതോടെ ഞങ്ങള്‍ എല്ലാവരും അങ്ങോട്ട്‌ തിരിഞ്ഞു നോക്കാതായി .

ഇന്നലെ രാത്രി ജോലി കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ ഒരു പാട് വൈകിയിരുന്നു. ഏകദേശം രണ്ടു മണി ആയിക്കാണും. അങ്ങാടിയില്‍ പതിവ് ടീം ഉണ്ട്. തിരക്കുണ്ടെന്നു  പറഞ്ഞു ഞാന്‍ വീടിലേക്ക്‌ നടന്നു.
പോകുന്ന വഴിയിലാണ് കുട്ടിയേടതിയുടെ വീട്... വീട്ടു വഴിയില്‍ കുട്ടിയേടത്തി വീണു കിടക്കുന്നു..

എന്നെ കണ്ടതും പറഞ്ഞു. "മോനെ ഇത്തിരി വെള്ളം താ". വളരെ പതിഞ്ഞ ശബ്ദം.

കുട്ടിയേടത്തി "വെള്ളം" എന്നാണു കള്ളിന് പറയുക ... കേള്‍ക്കേണ്ട താമസം കുറെ ദിവസമായി പറയണം എന്ന് കരുതിയത്‌ മൊത്തമങ്ങു കൊടുത്തു. (ആശുപത്രിയില്‍ കൊടുത്ത ബില്ലിന്റെ ഭൂരിഭാഗവും എന്റെതായിരുന്നതിനാലുള്ള സങ്കടവും ഉണ്ടായിരുന്നു അതില്‍)
ഇനി മേലാല്‍ ഒറ്റ തുള്ളി "വെള്ളം" നിങ്ങള്‍ക്ക് തരില്ല. എത്ര പ്രാവശ്യം പറഞ്ഞതാ ഇനി കുടിക്കരുതെന്നു.. ഇല്ല തരില്ല ഞാന്‍. ഞാന്‍ നേരെ വീടിലേക്ക്‌ വിട്ടു.

നേരം വെളുത്തു. ജോലിക്ക് പോകാന്‍ ബസ്‌ സ്റൊപിലേക്ക് നടക്കുമ്പോള്‍ കുട്ടിയേടതിയുടെ വീടിന്റെ മുമ്പില്‍ ആള്‍ കൂട്ടം.. ഞാന്‍ ചെന്ന് നോക്കി. ഇന്നലെ രാത്രി ഞാന്‍ കണ്ട അതെ സ്ഥലത്ത് കുട്ടിയേടത്തി മരിച്ചു കിടക്കുന്നു. എന്റെ മനസ്സിനുള്ളില്‍ ഒരായിരം അഗ്നി പര്‍വതം പൊട്ടി.

വേഗം ഞാന്‍ റോഡിലേക്ക് നടന്നു.

മാപ്പ് കുട്ടിയേടത്തീ....... അവസാനമായി ചോദിച്ച ഒരു തുള്ളി വെള്ളം തരാന്‍ എനിക്ക് പറ്റിയില്ലല്ലോ.... എന്നോട് ക്ഷമിക്കില്ലേ.....

മനസ്സില്‍ വല്ലാതെ ഒരു വേദനയായി കുട്ടിയേടത്തി നില്കുന്നു.....
 ഇപ്പോഴും എന്നോട് ചോദിക്കുന്നു ......
"മോനെ ഇത്തിരി വെള്ളം താ" .......