Wednesday, July 21, 2010

ഓട്ടോഗ്രാഫ്

കോളേജ് പഠന കാലം. ക്ലാസില്‍ കയറുന്നതിനെക്കാള്‍ 'പുറംലോകത്താ'യിരുന്നു താല്പര്യം.
പഠിക്കേണ്ട വിഷയം അറബി ആയിരുന്നെങ്കിലും മനസിലെന്നും മലയാളമായിരുന്നു. അക്ഷരങ്ങളും വാക്കുകളും എന്നും എനിക്ക് ഇഷ്ടമായിരുന്നു.
ഓട്ടോഗ്രാഫ് ചോദിച്ചു പ്രീഡിഗ്രി കുട്ടികള്‍ വന്നാല്‍ മനസില്‍ തോന്നിയത് എഴുതികൊടുക്കുകയായിരുന്നു പതിവ്. നല്ല വാക്കുകള്‍ കിട്ടുന്ന കാരണം പലരും വാചകങ്ങള്‍ അന്വേഷിച്ച്, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ തേടി വരുമായിരുന്നു.
യാദൃശ്ചികമായി പ്രിയ സുഹുര്‍ത്ത് ജമാലിന്റെ പുസ്തകതാളുകള്‍ക്കിടയില്‍ കണ്ട കുറച്ചു വാക്കുകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു
പൊതുവേ മറ്റൊരാളുടെ വാക്കുകള്‍ കടമെടുക്കുന്നത് എനിക്കിഷ്ടമായിരുന്നില്ല..
പക്ഷേ ഇതേന്നെ വല്ലാതെ ആകര്‍ഷിച്ചു. അവനറിയാതെ ഞാനത് അടിച്ചു മാറ്റി.

കോളേജില്‍ പ്രീ ഡിഗ്രീ സയന്‍സ് ഗ്രൂപ്പില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി. പണക്കാരി. ഡ്രൈവര്‍ കാറില്‍ കോളേങ്ങില്‍ കൊണ്ടാക്കും . വൈകീട്ട് അങ്ങിനെ തന്നെ തിരിച്ചു പോക്കും. അതിന്റെ അഹങ്കാരവും പത്രാസും അവള്‍ക്കുണ്ടായിരുന്നു താനും. പലരും ശ്രമിച്ചിട്ടും 'വളയാത്ത' കുട്ടി.
'ലോലിസത്തില്‍' ഗവേഷണം നടത്തി കൊണ്ടിരുന്ന ഞാന്‍ ഒരിക്കല്‍ ഈ പെണ്‍കുട്ടിയെ വെറുതെ ഒരു രസം, എന്തായാലും വീഴില്ല, എന്നാല്‍ പിന്നെ കമ്പനി എങ്കിലും ആക്കാം എന്ന് കരുതി ചെന്നു പരിചയപ്പെട്ടു.
പേരൊന്നും പറഞ്ഞില്ല. ജാട കാരണം അവള്‍ക്കു എന്റെ നേരെ നോക്കാന്‍ തന്നെ മടി.
ഏതായാലും കുറച്ചു ദിവസങ്ങള്‍ക്കകം, എന്റെ വാചകമടിയില്‍ വീണ് ഞങ്ങള്‍ സുഹൂര്‍ത്തുക്കളായി.
ഒരിക്കല്‍ സംസാരത്തിനിടയില്‍ അവളുടെ നോട്ട് ബുക്ക് വാങ്ങി അവളുടെ മുമ്പില്‍ വെച്ച് തന്നെ അതിലൊരു പേജില്‍ വെറുതെ ഞാനെഴുതി.
ജമാലില്‍ നിന്നും കട്ടെടുത്ത ആ വരികള്‍. എനിക്കൊരുപാട് ഇഷ്ട്ടപ്പെട്ട , പല പ്രാവശ്യം ഞാന്‍ വായിച്ചു പഠിച്ച ആ വരികള്‍.

"നക്ഷത്രങ്ങളെ എനിക്കിഷ്ടമാണ്.
തണുപ്പുള്ള രാത്രികളില്‍, എന്റെ കൊച്ചു കുടിലിന്റെ തിണ്ണയില്‍ പാല്‍ പുഞ്ചിരി തൂകുന്ന പൂര്‍ണ്ണ ചന്ദ്രനെയും നോക്കി ഞാന്‍ കിടക്കാറുണ്ട്.
പലപ്പോഴും എന്നെ ആകര്‍ഷിച്ചിരുന്നത്, അതിന് ചുറ്റും മുത്തുകള്‍ വാരി വിതറിയ പോലെ തിളങ്ങിക്കൊണ്ടിരിക്കുന്ന നക്ഷത്രങ്ങളായിരുന്നു.
ലഭിക്കില്ല എന്നും, അതെന്റെ കൈപിടിയില്‍ ഒതുങ്ങില്ല എന്നും അറിയാവുന്ന മനസ് തന്നെയാണ് അതിനെ അറിയാതെ ആഗ്രഹിച്ചു പോവാറ്. .
അത് പോലെ മാനത്ത് മിണി തിളങ്ങുന്ന നക്ഷത്രങ്ങളില്‍ ഒന്നായി നീയും………"

എഴുതി തിരിച്ചു കൊടുക്കുമ്പോള്‍ ഒരു കാര്യം കൂടെ ഞാന്‍ പറഞ്ഞു.
"ഇപ്പോള്‍ തുറന്നു വായിക്കരുത്. രാത്രി അത്താഴമൊക്കെ കഴിച്ചു, എല്ലാ പണിയും കഴിയും സ്വസ്ഥമായി ഇരുന്നു വായിക്കുക"
അങ്ങിനെ ഒന്നും പറയാന്‍ തോന്നിയതല്ല. വെറുതെ പറഞ്ഞതാ. അതും പറഞ്ഞു ഞാനവിടെ നിന്നും നീങ്ങി. പതിവ് 'കലാ പരിപാടികളില്‍' മുഴുകി.
അതോടെ അത് മറന്ന് പോവുകയും ചെയ്തു. അല്ലെങ്കിലും കോളേജിലെ മുഴുവന്‍ പെണ്‍കുട്ടികളുടെയും 'കാര്യങ്ങള്‍' ശ്രദ്ധിക്കേണ്ട എനിക്ക് ഇതിനു മാത്രം എവിടെ നേരം.
പിറ്റേന്നു പതിവിലും വൈകിയാണ് കോളേങ്ങില്‍ എത്തിയത്.
ക്ലാസില്‍ കയറുന്ന പതിവില്ലാത്തത് കൊണ്ട്, ക്ലാസിന്റെ മുമ്പില്‍ നിന്ന് എല്ലാവരെയും ഒന്ന് എത്തി നോക്കി.
"എടാ.. നിന്നെ തിരക്കി ആ സയന്‍സ് ഗ്രൂപ്പിലെ കുട്ടി വന്നിരുന്നു. രണ്ട് പ്രാവശ്യം. എന്താ കാര്യം? അതും വീണോ?" കൂട്ടുകാരന്‍ അസീസ്.
"എയ്... അതങ്ങിനെ ഒന്നും വീഴുന്ന ടൈപ് അല്ല മോനേ"
എനിക്കും ആശ്ചര്യമായി. ഒന്ന് കത്തി വെക്കണമെങ്കില്‍ ഞാനങ്ങോട്ട് പോകണം.അല്ലാതെ അവളിങ്ങോട്ട് വരാറേ ഇല്ല.
എനിക്ക് പിന്നെ എല്ലാ ജാടയും കണക്കായത് കാരണം ഇതൊന്നും പ്രശ്നവുമായിരുന്നില്ല.
തലേന്നത്തെ ആ എഴുത്തിന്റെ കാര്യം എന്തോ എന്റെ ഓര്‍മയില്‍ വന്നതുമില്ല.
ദൂരെ നിന്നെ എന്നെ കണ്ടതും അവള്‍ അവിടെ തന്നെ നില്‍ക്കാന്‍ ആംഗ്യം കാണിച്ചു. വരാന്തയില്‍ ഒരു അവളെയും കാത്തു ഞാന്‍ നിന്നു. അവള്‍ കൂട്ടുകാരികളുടെ അടുത്തു നിന്നും എന്റ ടുത്തേക്ക് വന്നു.
അടുത്തെത്തിയതും ഒറ്റ ചോദ്യം.
"ആര് പറഞ്ഞു കൈപിടിയിലൊതുങ്ങില്ല എന്ന്?"
ചോദ്യം കേട്ട് ഞാനൊന്നു ഞെട്ടി. പിന്നെ ഞാന്‍ നോക്കിയത് പെട്ടെന്ന് അവള്‍ പറഞ്ഞ " കൈപിടിയിലൊതുങ്ങില്ല" എന്ന ഇടത്തേക്കായിരുന്നു. അത് ഇത്തിരി കാര്യമായിരുന്നു താനും.
"എന്ത്?" അറിയാതെ എന്നില്‍ നിന്നും വന്നത് ഈ ചോദ്യമായിരുന്നു.
"അതല്ല, ഇന്നലത്തെ എഴുത്തിന്റെ കാര്യമാ ഞാന്‍ പറഞ്ഞത്"
എന്റെ നോട്ടം മനസിലാക്കിയ അവള്‍ പെട്ടെന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഹോ രക്ഷപ്പെട്ടു. ഞാനാകേ തെറ്റി ധരിച്ചു" ഞാനൊന്ന് ആശ്വസിച്ചു.
അപ്പോഴാ എനിക്കും കാര്യം മനസിലായത്.
"അത്രയ്ക്ക് ഇളിക്കേണ്ട ട്ടോ" എന്നെ കൊഞ്ജനം കുത്തി കാണിച്ചു അവള്‍.
ദൈവമേ. ഇവള്‍ക്കിതെന്തു പറ്റി. ഇങ്ങനെയൊന്നും സംസാരിക്കാത്തതാണല്ലോ ഇവള്‍.
"അത്രയ്ക്ക് ഇഷ്ട്ടാണോ എന്നെ?" അടുത്ത ചോദ്യം.
കുടുങ്ങിയോ? വെറുതെ ഒന്ന് 'വീശി' നോക്കിയതാ. ഏറ്റെന്നാ തോന്നുന്നത്.
പക്ഷേ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവളുടെ സംസാരവും രീതിയും സംഗതി അവളുടെ അസ്ഥിക്ക് പിടിക്കുന്ന നിലയിലേക്കാ പോവുന്നതെന്ന് മനസിലായ ഞാന്‍ മെല്ലെ അവളില്‍ നിന്നും വലിഞ്ഞു തുടങ്ങി.
കാരണം അതോടെ അവള്‍ എനിക്ക് ചുറ്റും മതിലുകള്‍ തീര്‍ക്കാന്‍ തുടങ്ങി അവള്‍. എവിടെയും പോവാന്‍ പാടില്ല, ആരെയും നോക്കാന്‍ പാടില്ല.
തമാശക്കുള്ള സൌഹൃദങ്ങളില്‍ നിന്നും സീരിയസായ ഒരു അവസ്ഥയിലേക്ക് നീങ്ങുന്നതിനോട് എനിക്കൊട്ടും താല്‍പര്യമില്ലായിരുന്നു. ഞാന്‍ മെല്ലെ വലിഞ്ഞു തുടങ്ങി.

പിന്നെ ഈ വാചകം പല പെണ്‍കുട്ടികളുടെയും നോട്ടുകളിലും, പുസ്തകങ്ങളിലും 'പരീക്ഷിച്ചു വിജയിപ്പിച്ച്' പോന്നു ഞാന്‍

ഒടുവില്‍ മറ്റാരുടെയോ പുസ്തകത്തില്‍ ഞാന്‍ തന്നെ എഴുതിയ ഇതേ വാക്കുകള്‍ കണ്ട അവളെന്‍റെ മുമ്പില്‍ പൊട്ടി തെറിച്ചു.
"എന്നെ പറ്റിക്കുകയായിരുന്നല്ലേ"
ഒന്നും മിണ്ടാതെ ഇരുന്നു ഞാന്‍.

ദിവസേന അവളില്‍ നിന്നും ഒഴിഞ്ഞു മാറി നടന്നു. അവളും അങ്ങിനെ തന്നെ ആയി എന്ന് തോന്നി. പിന്നെ കാണാറില്ല. അവളും മറന്ന് എന്ന് കരുതി.
അത് വെറുതെ ആയിരുന്നെന്നു പിന്നെ മനസിലായി.

അവസാന പരീക്ഷ കഴിഞ്ഞു പോകുമ്പോള്‍, വെറുതെ ക്യാമ്പസിലെ മരത്തിനു ചുവട്ടില്‍ കൂട്ടുകാരോടൊത്ത് കത്തി വെച്ചിരുന്ന എന്റെ അടുത്തേക്ക് അവള്‍ വന്നു.
"അളിയാ അതാ വരുന്നു നിന്റെ പഴയ......."

"ഒരു രണ്ടു മിനിട്ട് തരുമോ? പ്ലീസ്."
ആ അപേക്ഷ എനിക്ക് നിരസിക്കാന്‍ സാധിക്കുമായിരുന്നില്ല.
അടുത്ത മരച്ചുവട്ടിലേക്ക് നീങ്ങി ഞങ്ങള്‍.
കയ്യിലിരുന്ന ഓട്ടോ ഗ്രാഫ് നീട്ടി മെല്ലെ അവള്‍ പറഞ്ഞു.
"ആ വാക്കുകള്‍ ഈ ഓട്ടോഗ്രാഫില്‍ ഒന്നെഴുതി തരുമോ?
എന്നെന്നും എനിക്ക് വായിക്കാലോ? ഇനി നമ്മള്‍ തമ്മില്‍ കാണില്ല. ഡിഗ്രീക്ക് ഞാനീ കോളേജില്‍ വരില്ല,
ഡാഡിയുടെ കൂടെ ഡെല്‍ഹിക്ക് പോകുന്നു. എന്നാലും എന്റെ മനസില്‍ സൂക്ഷിക്കാന്‍, എന്നെന്നും കണ്ടു കൊണ്ടിരിക്കാന്‍ എന്നിക്കീ വാക്കുകള്‍ എങ്കിലും ഉണ്ടാവുമല്ലോ"

ഒന്നും എഴുതി കൊടുക്കാനാവാതെ തരിച്ചിരുന്നു ഞാന്‍.
കുറച്ചു കാത്തിരുന്നിട്ടും ഒന്നും എഴുതാത്തത് കണ്ട്, നിറകണ്ണുകളോടെ ആ ഓട്ടോഗ്രാഫും വാങ്ങി അവള്‍ നടന്നകന്നു.
ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ.

പിന്നെ തോന്നി. ശെ. ചുരുങ്ങിയത് ആ ഓട്ടോ ഗ്രാഫേങ്കിലും എഴുതി കൊടുക്കാമായിരുന്നു. കുറച്ചു കഴിഞ്ഞു ഓടി അവളുടെ അടുത്തേക്ക് ചെന്നെങ്കിലും അവള്‍ കാറില്‍ കയറി യാത്ര ആയിരുന്നു.\
മനസിലിന്നും നൊമ്പരമായി അവളുണ്ട്. ആ വാക്കുകളുണ്ട്.

ഇത്ര ശക്തി ഉണ്ടായിരുണോ ആ വാക്കുകള്‍ക്കു. ജമാലെ നന്ദി. അല്ല സോറി.
അതൊരു പാവം പെണ്‍കുട്ടിയുടെ മനസിനെ മുറിപ്പെടുത്തി. അവളെന്നോട് പൊറുക്കുമായിരിക്കും അല്ലേ. ചില വാക്കുകളങ്ങിനെയാ. മനസിന്റെ ഉള്ളറകളിലേക്ക് അരിച്ചിറങ്ങും. ഒടുവില്‍ വിട്ടു പിരിയാന്‍ പറ്റാതെ ശരീരമാസകലം പടരും.

(ഈ കഥ എഴുതാന്‍ പ്രചോദനം ആയ, ആ 'വാക്കുകള്‍' എനിക്ക് നല്‍കിയ, എന്റെ പ്രിയ സുഹുര്‍ത്ത് ജമാലിന് സമര്‍പ്പിക്കുന്നു.ഇനി എന്റെ പ്രിയ വായനക്കാരോട്, മുത്തുമാല പോലെ ഇതിന്റെ പുറകെയും കൂടല്ലേ എന്റെ ഇഷ്ടന്മാരെ)