Wednesday, January 26, 2011

സമൂഹമേ മാപ്പ്...


 "എടീ വേഗം ഒരുങ്ങു, സ്കൂളില്‍ എത്തണം, നാളെ അഡ്മിഷന്റെ  അവസാന തീയതി ആണ്" 
'ഈ ഡ്രസ്സ്‌ മതിയോ'? കെട്ട്യോളുടെ ചോദ്യം. 
"മോശമാക്കേണ്ട നല്ല ഡ്രസ്സ്‌ ഇട്ടോ"
തിരക്കിട്ട് സ്കൂളില്‍ എത്തി. മോളെ അഡ്മിഷന് വേണ്ടി ഫോം എല്ലാം പൂരിപ്പിച്ചു കൊടുത്തു. 
"വരേണ്ട തീയതി അറിയിക്കാം" എല്ലാം വായിച്ചു നോക്കിയ പ്രിന്‍സിപ്പലിന്റെ കമന്റ്.
ഹാവൂ സമാധാനമായി. എല്ലാരും പറഞ്ഞു പേടിപ്പിച്ച പോലെ ഇന്റര്‍വ്യൂ ഒന്നും ഇല്ല. 
ഒരു പാട് പുസ്തകങ്ങള്‍ ഒക്കെ നോക്കി വായിച്ചു മോളെ പഠിപ്പിച്ചാ വരുന്നത്. 
കുറച്ചു ദിവസത്തിന് ശേഷം വിളി. നാളെ ഇന്റര്‍വ്യൂ . 
മോളെയും ഒരുക്കി ഇറക്കിഞാനും എന്റെ 'നല്ല പാതിയുംസ്കൂളിലേക്ക് വെച്ച് പിടിപ്പിച്ചു. 
"ഇരിക്കൂ"
"വേണ്ട ടീച്ചര്‍, ഞങ്ങള്‍ ഇവിടെ നിന്നോളാംഇന്റര്‍വ്യൂ   അവളോടല്ലേ".
"അല്ല നിങ്ങള്‍ ഇരുവരും ഇരിക്കൂ. ഇന്റര്‍വ്യൂ നിങ്ങള്‍ക്കാണ്." 
ങേ. ഞാനൊന്ന് ഞെട്ടി. ഇതെന്താ പാട്. പഠിക്കാന്‍ പോകുന്നത് എന്റെ  മോള്‍! 
ഇന്റര്‍വ്യൂ  ഞങ്ങള്‍ക്കോ?
ചോദ്യ ശരങ്ങള്‍ തുടങ്ങി... 
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളകേട്ടിട്ട് കൂടി ഇല്ലാത്ത പൊതു വിജ്ഞാന ചോദ്യങ്ങള്‍?
ഇംഗ്ലീഷ് ഭാഷയിലെ ഗ്രാമറിന്റെ പ്രാധാന്യം......
സംസാര ഭാഷയും എഴുത്ത് ഭാഷയും തമ്മിലുള്ള വ്യത്യാസം. 
എട്ടാം ക്ലാസു പോലും വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കള്‍  കിടന്നു വിയര്‍ത്തു കുളിച്ചു. 
ഇടയ്ക്കു മോളോടും ചോദിച്ചുകടിച്ചാല്‍ പൊട്ടാത്ത ചില "ഇംഗ്ലീഷ് ചോദ്യങ്ങള്‍".
 മലയാള വാക്കുകള്‍ തന്നെ മുഴുവനും പഠിച്ചു വരുന്ന ആ കുഞ്ഞിനോടും  ?!!!!!!!!!

വയസു കുറെ ആയെങ്കിലുംഅന്നാദ്യമായി സ്കൂളില്‍ ഇംഗ്ലീഷ് പഠിപ്പിച്ച മാഷെഇടയ്ക്കു വെറുതെ എങ്കിലും പത്രം വായിക്കാന്‍ പറയാറുള്ള ഉപ്പയെഅങ്ങിനെ എല്ലാരെയും ഓര്‍ത്തു. 
കോട്ടുംടൈയും കെട്ടി പത്രാസിനു മോളെ സ്കൂളില്‍ ചേര്‍ക്കാന്‍ പോയ ഞങ്ങള്‍ തിരിച്ചു വന്നത് പ്രിന്‍സിപ്പലിന്റെ  അവഞ്ജയോടെ ഉള്ള ചിരിയും കണ്ടു കൊണ്ട്.

തിരിച്ചു വീട്ടിലെത്തി കസേരയില്‍ ഇരുന്നു ആലോചിക്കാന്‍ തുടങ്ങി. 
തെറ്റ് ആരുടെ അടുത്താണ്?
 ഒടുവില്‍ ഉത്തരവും കിട്ടി. ശരിയാ എന്റടുത്തു തന്നെ.

ചെറിയ കുട്ടിയല്ലേബാല്യം നഷ്ട്ടപെടരുത് എന്ന് കരുതിവീട്ടിലും പറമ്പിലും ഓടിച്ചാടി കളിക്കാന്‍ വിട്ടു.
തുമ്പിയുടെയുംപൂമ്പാറ്റയുടെയും പുറകെ ഓടി നടന്നു കഥ പറയാന്‍ വിട്ടു. 
കണ്ണ് പൊത്തി  കളിച്ചും കല്ല്‌ കളിച്ചുംകോട്ടി "ഗോലി" കളിച്ചും, ഓലപമ്പരവും, ഓല പന്തും ഉണ്ടാക്കി,  പാറി പറന്നു നടക്കാന്‍ വിട്ടു.
ഇത്തിരി നല്ല, മലയാളം കുഞ്ഞി കവിതകളും, കുഞ്ഞി കഥകളും പറഞ്ഞു കൂട്ടുകാരോടൊപ്പം ആടി പാടുവാനായി,   നടന്നു പോകാവുന്ന ദൂരമുള്ള വീടിനടുത്തെ "ബാലവാടിയില്‍" വിട്ടു. 
പകരം ഒരുപാട് ദൂരെ, വണ്ടിയില്‍ യാത്ര ചെയ്തു, കഴുത്തിനിറുകുന്ന  ടൈയും കെട്ടി, എടുത്താല്‍ പൊങ്ങാത്ത പുസ്തകങ്ങളുമായി ഇംഗ്ലീഷ് മീഡിയങ്ങളിലേക്ക് വിട്ടില്ല.

കളിക്കേണ്ട ഒഴിവു സമയത്ത് പോലും  ട്യുഷനെന്നും പറഞ്ഞു വീട്ടിലിരുത്തി പഠിപ്പിച്ചില്ല.
എല്ലാരെയും പോലെ, വീട്ടിലെ പട്ടിയുടെയും, പൂച്ചയുടെയും പേരുകള്‍, "പപ്പ, ഡാഡി" എന്നും, 
പെറ്റമ്മയെ "ഈജിപ്ഷ്യന്‍ ശവത്തിന്റെ" പേര് (മമ്മി) എന്ന് വിളിക്കാന്‍ പഠിപ്പിച്ചില്ല. 
നാലാള്‍ കേള്‍ക്കെ ഡാഡി, മമ്മി എന്നിങ്ങനെ ഞങ്ങളെ വിളിക്കുന്നതാണ് അഭിമാനം എന്ന് പറഞ്ഞു പഠിപ്പിച്ചില്ല.
പകരം സ്നേഹത്തോടെ, ഉപ്പ, ഉമ്മ, അച്ഛന്‍, അമ്മ... എന്നിങ്ങനെ വിളിക്കാന്‍ പഠിപ്പിച്ചു.

വീടിനു പുറത്തിറങ്ങിയാല്‍, വെയില്‍ കൊണ്ട് കറുത്ത് പോകുമെന്നും, ദേഹത്ത് പൊടി ആകുമെന്നും പറഞ്ഞു വീടിനകത്ത് കുത്തി ഇരുത്തിയില്ല, പകരം തൊടിയിലേക്ക്‌ ഇറക്കി വിട്ടു.
മഴ പെയ്തപ്പോള്‍ മഴ നനയാതെ വീടിനുള്ളില്‍ അടച്ചിരുത്തി വാതിലുകള്‍ കൊട്ടിയടച്ചില്ല, കുട്ടികളല്ലേ, മഴ ആസ്വദിക്കട്ടെ എന്ന് കരുതി മഴ കൊള്ളാന്‍ അനുവദിച്ചു. 

ഇങ്ങിനെ തെറ്റുകള്‍ ഒരുപാട് ചെയ്തു കൂട്ടി. 
മാപ്പ് സമൂഹമേ, മാപ്പ്..........
ഞാനും ചേരയെ തിന്നുന്ന നാട്ടിലെത്തിയപ്പോള്‍  നടുക്കണ്ടം തന്നെ തിന്നണമായിരുന്നു. 


(ഈയിടെ മോളുടെ അഡ്മിഷന്‍ വേണ്ടി സ്കൂളില്‍ അന്വേഷിക്കാന്‍ പോയപ്പോള്‍, അവിടെ കണ്ട ഒരു കാഴ്ചയാണ് എന്നെ ഈ കുറിപ്പില്‍ എത്തിച്ചത് ഇതൊരു കഥയാണോ എന്ന് ചോദിച്ചാല്‍  കഥ അല്ല. ലേഖനമാണോ അതുമല്ല.  എന്റെ ചിന്തകളെ സന്നിവേശിപ്പിച്ചു എഴുതിയ ഒരു ഗദ്യം)

47 comments:

  1. ആ കുട്ടി രക്ഷപെട്ടു..!!

    പ്രിന്‍സിപാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ഒന്നും അല്ലല്ലോ അങ്ങേരുടെ മുഖം ചുളിഞ്ഞപ്പോ അയ്യേന്ന് തോന്നാന്‍......
    കോട്ടിട്ടാ വല്യ അളാവോ? ടൈ കെട്ടിയാ മാന്യനാവോ??

    >> എട്ടാം ക്ലാസ് കഷ്ടിച്ച് പാസാവാന്‍ പാട് പെട്ട ഞാനും, സ്കൂളില്‍ തന്നെ പോയിട്ടില്ലാത്ത കെട്ടിയോളും,<<<
    ഇത്രേം നുണ വേണ്ടായിരുന്നു... :)

    ReplyDelete
  2. ഇത്ര പെട്ടെന്ന് കമന്റോ.... ഹാഷിമേ നന്ദി.

    പിന്നെ ഞാനല്ല ആ "ഞാന്‍" ഹും. നല്ല ഒന്നാന്തരം സര്‍ക്കാര്‍ കോളേജില്‍ ബിരുദം പഠിച്ചവനാ ഞാന്‍.
    സമൂഹം നേരിടുന്ന പാവം മാതാ പിതാക്കളെ "ഞാന്‍" പ്രധിനിധീകരിച്ചു എന്നെ ഉള്ളൂ..

    ReplyDelete
  3. കളിച്ചുനടക്കരുത്... തുമ്പിയെ പിടിക്കരുത്.. ചാറ്റൽ മഴ നനയരുത്.. ഇംഗ്ലീഷ് പഠിച്ച് ‘വല്യ’ ആളാവണം. അങ്ങിനെയേ വല്യ ആളാവാൻ പറ്റൂ!

    ReplyDelete
  4. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുവാൻ ബഹുമിടുക്കരാണല്ലോ നമ്മൾ..

    ഇവിടെ ഈ സായിപ്പിന്റെ നാട്ടിൽ പോലുമില്ല പത്ത് വയസ്സുവരെ പിള്ളാരെക്കൊണ്ട് നിർബ്ബന്ധിപ്പിച്ചുള്ള ഒരു പഠിപ്പിക്കലുകളും കേട്ടൊ സുൾഫി.

    ReplyDelete
  5. മഴ നനഞ്ഞാല്‍ പനി വരും, മണ്ണില്‍ കളിച്ചാല്‍ ചെളിയാകും, ഇംഗ്ലീഷ് മീഡിയങ്ങളിലേക്ക് വിടാഞാല്‍ കാര്യം മൊത്തം കുഴയും അപ്പൊ പിന്നെ എങ്ങനെ

    ReplyDelete
  6. മകളുടെ ശൈശവത്തെ സ്വതന്ത്രമാക്കിയ സുല്ഫിയ്ക്ക് സലാം...

    ReplyDelete
  7. കുട്ടികളെ അങ്ങനെ സ്വതന്ത്രമായി വീടുകതന്നെ വേണം സുൾഫി, നമ്മുടെ സ്കൂളുകാർക്കെല്ലാം എന്തോ മനോരോഗമാണ്! നന്നായീട്ടോ!

    ReplyDelete
  8. നന്നായിട്ടുണ്ട്. ഇന്നത്തെ കുട്ടികള്‍ക്ക് അന്യമായി കൊണ്ടിരിക്കുന്ന ആ പഴയ നല്ല കാലത്തെ ഓര്‍മിപ്പിച്ചതിനു നന്ദി.

    ReplyDelete
  9. പാമരന്റെ കുഞ്ഞു പാമാരനായും പണ്ഡിതന്റെ കുഞ്ഞ പണ്ടിതാനായും തന്നെ വാഴ ണം അതാണ ലോക നിഴ്മം (????????????????)

    ReplyDelete
  10. ആഹാ.. അപ്പോള്‍ പണികിട്ടിയല്ലേ ? നിനക്ക് അങ്ങനെ തന്നെ വേണം...:)

    ReplyDelete
  11. നമ്മള്‍ ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ കുട്ടികളുടെ പഠന കാര്യത്തില്‍ അനാവശ്യ ആകുലതകള്‍ കൊണ്ട് നടക്കുന്നവരാനെന്ന സത്യം മറക്കുന്നില്ല. പക്ഷെ ഈ ശ്രദ്ധ / നിര്‍ബന്ധബുദ്ധി ആഗോള തലത്തില്‍ തൊഴിലാളി കമ്പോളത്തില്‍ നമുക്കുള്ള സ്വാധീനം സഹായകമായിട്ടുണ്ട്. എന്നിരുന്നാലും മണ്ണിന്റെ മണമുള്ള ധാര്‍മിക മൂല്യങ്ങള്‍ മാതാ - പിതാക്കളില്‍ നിന്നും സമൂഹത്തില്‍ നിന്നും പഠിക്കുവാന്‍ അവരെ നാം അനുവദിച്ചില്ലെങ്കില്‍ പുതിയ തലമുറ മൂല്യ ശോഷണം സംഭവിച്ച; എന്ടോസള്‍ഫാന്‍ ഇരകളെ പ്പോലെ സമൂഹത്തിന്റെ ബാക്കിപത്രം ആവും എന്നതില്‍ സംശയമില്ല

    ReplyDelete
  12. കൊള്ളാം നന്നായിട്ടുണ്ട് ....

    ReplyDelete
  13. ഹും... വലിയ തെറ്റായിപ്പോയി ചെയ്തത്..!

    ReplyDelete
  14. തെറ്റ് തന്നെ... നാളെ മക്കള്‍ വളര്‍ന്ന് ജോലിക്ക് പോകുംബോള്‍ ഇംഗ്ലീഷ് പച്ചവെള്ളം പോലെ സംസരിക്കുന്നവരോട് അസൂയ പൂണ്ട് അവര്‍ പറയും
    'കണ്ട്രികളായ അഛനും അമ്മയും എന്നെ ഇംഗ്ലീഷ് മീഡിയത്തില്‍ വിട്ട് പഠിപ്പിച്ചില്ല' എന്ന്...

    ReplyDelete
  15. സുള്‍ഫീ കഥ പറയുമ്പോള്‍ കഥ പറയണം ..കാര്യം പറയുമ്പോള്‍ കാര്യവും ( there is a proverb in English :"work while you work and play while you play")
    ഞാന്‍ എന്റെ ഭാര്യ എന്റെ കുട്ടി എന്നൊക്കെ പറഞ്ഞു ഒരു കാര്യം പറയുമ്പോള്‍ വായനക്കാര്‍ അത് അനുഭവമാണെന്ന് ധരിക്കും..ഇത് മറ്റുള്ളവരെ ബോധവല്‍ക്കരിക്കാന്‍ വേണ്ടി മാത്രം ആണെങ്കില്‍ അത് ലേഖനത്തില്‍ സൂചിപ്പിക്കണം.."എട്ടാം ക്ലാസ് കഷ്ടിച്ചു ..."തുടങ്ങിയ പ്രയോഗങ്ങള്‍ ഉദാ : ഇനി സുള്‍ഫിയുടെ മക്കള്‍ (ഉണ്ടെങ്കില്‍ ) എവിടെയാണ് പഠിക്കുന്നത് ? അഥവാ ഏതു മീഡിയത്തില്‍ പഠിപ്പിക്കാനാണ് തീരുമാനം ?
    എല്ലാ പഠന പദ്ധതിക്കും ഗുണവും ദോഷവും ഉണ്ട്..ഈ ലേഖനത്തിലെ മാതാ പിതാക്കള്‍ എന്ത് ലക്ഷ്യത്തോടെയാണ് മലയാളം സ്കൂളുകളെ വിട്ടു കുട്ടിയെ ഇന്ഗ്ലിഷ് മീഡിയ സ്കൂളില്‍ ആക്കാന്‍ ധൃതി കൂട്ടിയത് ?
    "പിന്നെ ഞാനല്ല ആ "ഞാന്‍" ഹും. നല്ല ഒന്നാന്തരം സര്‍ക്കാര്‍ കോളേജില്‍ ബിരുദം പഠിച്ചവനാ ഞാന്‍.
    സമൂഹം നേരിടുന്ന പാവം മാതാ പിതാക്കളെ "ഞാന്‍" പ്രധിനിധീകരിച്ചു എന്നെ ഉള്ളൂ.." കൂതറ യ്ക്ക് കൊടുത്ത മറുപടി യാണിത്‌ .അപ്പോള്‍ അതാണ്‌ കാര്യം ..ദുരഭിമാനം ..സര്‍ക്കാര്‍ കോളേജില്‍ പഠിച്ചവരും എട്ടാം ക്ലാസ് കഷ്ടിച്ച് പസായവരും സ്കൂളില്‍ ഒട്ടും പോകാത്ത അമ്മ മാരും കൂടി മക്കളെ ഇന്ഗ്ലിഷ് മീഡിയത്തില്‍ പഠിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങുന്നു !! നിങ്ങളും ആ വഴിക്ക് ചിന്തിച്ചത് കൊണ്ടാണ് അന്വേഷണവുമായി ആ ഇന്ഗ്ലിഷ് മീഡിയം സ്കൂളില്‍ പോയത് !!

    മക്കള്‍ ക്ക് രണ്ടക്ഷരം പറഞ്ഞു കൊടുക്കാന്‍ രക്ഷിതാക്കള്‍ക്ക് ത്രാണി ഉണ്ടോ എന്ന് സ്കൂള്‍ അധികൃതര്‍ പരിശോധിച്ചാല്‍ അതില്‍ എന്ത് തെറ്റാണു ഉള്ളത് ?
    പിന്നെ മമ്മി ഡാഡി വിളിയൊക്കെ പൊങ്ങച്ചമായി കൊണ്ട് നടക്ക്കുന്നവര്‍ പഴയ തു പോലെ ഇല്ലെന്നു തോന്നുന്നു..

    ReplyDelete
  16. നന്നായിട്ടുണ്ട് , ആശംസകള്‍

    ReplyDelete
  17. അലി ഭായ്, നല്ല അഭിപ്രായത്തിനു നന്ദി. ഞാന്‍ ഉദേശിച്ചത്‌ ഇത്രയേ ഉള്ളൂ. ഈ വ്യവസ്ഥിധി ഒന്ന് മാറണം.
    മുരളിയേട്ടാ : സന്തോഷായി. ഇടയ്ക്കിടെ ഇങ്ങോട്ട് തിരിഞ്ഞു നോക്കുന്നുണ്ടല്ലോ. അത് മതി.
    സാബി : അത് തന്നെയാ കുഴപ്പം. പിന്നെന്തു ചെയ്യും.
    വസന്തെച്ചീ : ഞാന്‍ കരുതി എന്നെ മറന്നു കാണുമെന്നു. വന്നല്ലോ. ഞാനെന്റെ മോളെ അങ്ങിനെ തന്നെയാ വളര്‍ത്തിയത്‌. സ്വതന്ത്രമായി.
    ശ്രീ മാഷെ : ഈ അഭിപ്രായം വിലപ്പെട്ടതാണ്‌ എനിക്കെന്നും.
    അംജിത് : ആദ്യ വരവല്ലേ ഇവിടേയ്ക്ക്. ഇനിയും വരിക. അനുഗ്രഹിക്കുക.
    അയ്യോ പാവം : അതാ പറഞ്ഞത്, ചേരയെ തിന്നുന്ന നാട്ടില്‍ എത്തിയാല്‍ നടുക്കണ്ടം തിന്നണമെന്ന്.
    ജിഷാദ് : ഹയ്യട. എന്തൊരു സന്തോഷം? പണി നിനക്കും വരും. അതിനി ഓട്ടോ പിടിച്ചിട്ടാണെങ്കിലും. സൂക്ഷിച്ചോ. ഹി ഹി.
    സമീര്‍ : അത് മറന്നു കൊണ്ടല്ല ഞാന്‍ പറയുന്നത്. ആഗോള തലത്തില്‍ നമ്മുടെ കുട്ടികള്‍ ഇംഗ്ലീഷിലും മറ്റും അധപതിച്ചു പോവാതെ നോക്കേണ്ടത് തന്നെയാ.
    അതിനു ഇത്ര ചെറുപ്പത്തിലെ, അവരെ കഷ്ട്ടപെടുതാണോ?
    നൌഷു & ഇസ്മയില്‍ : നന്ദി.
    ആളൂസ്‌ : അതെയതെ . തെറ്റ് തന്നെ.
    losing hero . : സമീറിന് കൊടുത്ത മറുപടി തന്നെയാ ഇവിടെയും പറയാനുള്ളത്.
    രമേശ്‌ ഭായ് : ചില വാക്കുകള്‍ തെറ്റിധാരണക്ക് വകയായിട്ടുണ്ടെന്നതിനാല്‍ അവസാനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. തെറ്റ് ചൂണ്ടി കാണിച്ചു തന്നതിന് നന്ദി.
    എന്റെ മോള്‍ ഇത് വരെ മലയാളം മീഡിയം നര്സരിയില്‍ ആണ് പഠിച്ചത്. ഇവിടെ ദുബൈയില്‍ അതില്ലാതതിനാല്‍ തുടര്‍ന്ന് ഇംഗ്ലീഷ് മേടിയത്തില്‍ പഠിപ്പിക്കേണ്ടി വരുന്നു. (വേറെ മാര്‍ഗമില്ല) പിന്നെ എനിക്ക് ദുരഭിമാനം ഒന്നുമില്ല കേട്ടോ. കാര്യങ്ങള്‍ തുറന്നു പറയുന്നതില്‍ സന്തോഷമേ ഉള്ളൂ. പിന്നെ കൂതറക്ക് ഉള്ള മറുപടി അതൊരു തമാശ എന്ന നിലക്ക് എഴുതിയതാണ്. മക്കള്‍ക്ക്‌ പറഞ്ഞു കൊടുക്കാന്‍ രക്ഷിതാക്കള്‍ക്ക് ത്രാണി ഉണ്ടോ എന്ന് നോക്കുന്നതില്‍ തെറ്റൊന്നുമില്ല, ഇവിടെ വിഷയം അതല്ല, ഇത്ര ചെറുപ്പത്തിലെ കുട്ടികളെ വലിച്ചിഴക്കണോ? പിന്നെ വിദ്യാഭ്യാസമില്ലാത്ത രക്ഷിതാക്കള്‍ എന്ത് ചെയ്യും? അവരുടെ മക്കള്‍ക്കും പഠിക്കേണ്ടേ?
    തെറ്റുകള്‍ ചൂണ്ടി കാണിച്ചതിന് നന്ദി. വിമര്‍ശനങ്ങള്‍ അതാണ്‌ എനിക്കേറ്റവും ഇഷ്ടം. സ്വാഗതം ചെയ്യുന്നു. ഈ വിഷയം ഒരു ചര്‍ച്ചയാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

    ReplyDelete
  18. oho ineterview time aayi varunnu alle

    avasarochitham

    ReplyDelete
  19. രമേശേട്ടന്‍ പറഞ്ഞതു തന്നെ എനിക്കും പറയാനുള്ളത്... വായിച്ചാല്‍ അനുഭവം പകര്‍ത്തിയത് പോലെ തോന്നുന്ന ഒന്ന് എന്നാല്‍ അനുഭവം അല്ല താനും.... കഥയാണോ എന്നു ചോദിച്ചാല്‍ അതുമല്ല..... ഒരു ലേഖനം എഴുതുകയായിരുന്നു ഉദ്ദേശമെങ്കില്‍ എട്ടാം ക്ലാസു പോലും വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കള്‍ എന്നെഴുതുന്നതായിരുന്നു നല്ലത്.... ഇത് ഇനിയാണെങ്കിലും മാറ്റാന്‍ അവസരമുണ്ട്..... മാറ്റണം എന്ന് എന്റെ അപേക്ഷ....

    ReplyDelete
  20. ഇവിടെ കേരളത്തിൽ സർക്കാർ സ്ക്കൂളുകളിലും ഒന്നാം തരം മുതൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നുണ്ട്. ഇപ്പോൾ വിദ്യാഭ്യാസമുള്ള രക്ഷിതാക്കൾ പലരും തൊട്ടടുത്ത സർക്കാർ പാഠശാലയിലാണ് കുട്ടികളെ ചേർക്കുന്നത്.
    എന്റെ കൊച്ചുമകളെ ഒരു പ്രൈവറ്റ് സ്ഥപനത്തിൽ എൽ.കെ.ജി യിൽ ചേർക്കാൻ പോയി. വലിയ ഫീസ്, പുസ്തകം എല്ലാം അറിഞ്ഞതിന്റെ കൂടെ ഒന്നു കൂടി അറിഞ്ഞു. എൽ.കെ.ജി യിൽ പഠിപ്പിക്കുന്നത്, ഇംഗ്ലീഷും മലയാളവും ശരിക്ക് അറിയാത്ത എന്റെ പഴയ ശിഷ്യ. അതോടെ തിരിച്ചു വന്ന് വീട്ടിലിരുത്തി എൽ.കെ.ജി. പഠിപ്പിക്കാൻ തുടങ്ങി.
    ഇത്തരം സ്ഥാപനങ്ങളിൽ സംശയം ചോദിക്കാൻ പലരും ട്യൂഷൻ ടീച്ചറെയും കൂട്ടി ആയിരിക്കും സ്ക്കൂളിൽ വരുന്നത്.
    ചിന്തകൾ നന്നായിരിക്കുന്നു.

    ReplyDelete
  21. അച്ഛന്‍ മുണ്ട് ഉടുത് വന്നതുകൊണ്ട് എന്ട്രന്‍സ് കോച്ചിംഗ് ക്ലാസില്‍ അഡ്മിഷന്‍ കിട്ടാതെ പോയ ഒരു സുഹൃത്ത്‌ ഉണ്ടായിരുന്നു എനിക്ക്. അച്ഛനെ പാന്റ് ഉടുപ്പിക്കാതെ തന്നെ അവന്‍ ഡോക്ടറായി. വിദ്യാഭ്യാസ സ്ഥാപങ്ങളുടെ നിലവാരം കോട്ടിലും ടെയിലും പറയുന്ന ഇന്ഗ്ലിഷിലും ആണ് എന്ന് തെറ്റിദ്ധരിക്കുന്ന നാം ഉള്‍പെടുന്ന രക്ഷിതാക്കളും ഈ ഒരു വ്യവസ്ഥക്ക് വളം വെച്ച് കൊടുക്കുന്നു. മകനെയോ മകളെയോ വല്ല സ്കൂളിനും ഏല്പിച്ചു കൊടുത്തു സ്വീകരണ മുറിയിലിരുന്നു പൊങ്ങച്ചം പറയാനാണ് നമുക്കിഷ്ടം. പകരം അവരെ ഒരു സാധാരണ സ്കൂളില്‍ വിട്ടു എന്നും അച്ഛനോ അമ്മയോ ഒന്നോ രണ്ടോ മണിക്കൂര്‍ അവര്‍ക്കൊപ്പം അവര്‍ പഠിക്കുന്നതും നോക്കി ഇരുന്നാല്‍ മതി. അവരും ഡോക്ടര്‍മാരും എന്ജിനിയര്മാരും കളക്ടര്‍മാരും ആവും. നാലാം ക്ലാസ് വരെ പഠിച്ച ഒരച്ഛനും പത്താം ക്ലാസ് അവരെ പഠിച്ച ഒരമ്മയും ഇത് പോലെ പക്വത എത്തുന്നത് വരെ ( എട്ടാം ക്ലാസ് വരെ എന്ന് പറയാം) കൂട്ടിരുന്നു എന്‍ജിനിയര്‍ ആയ ഒരു ഉണ്ണിക്കുട്ടന്റെ സാക്ഷ്യപത്രം ആണ് ഇത് എന്ന് പറയാം. അതും ഒന്ന് മുതല്‍ എങ്ങിനിയരിംഗ് കോളേജ് വരെ സാധാരണ ഗവന്മേന്റ്റ് ഫീസ്‌ കൊടുത്തു പഠിച്ചു തന്നെ :)

    ReplyDelete
  22. മലയാളം പഠിക്കണം.പഠിപ്പിക്കണം.
    എന്നാല്‍ ഇന്നത്തെ കാലത്ത്‌ ഇംഗ്ലീഷ് അറിയാതെ ഒരു കാര്യവും നടക്കില്ല.ഇംഗ്ലീഷ് നന്നായി അറിയാത്തതിന്റെ ബുദ്ധിമുട്ടുകള്‍ ഒരുപാട് അനുഭവിച്ചവളാണ് ഞാന്‍,ഇപ്പോഴും അനുഭവിക്കുന്നു.
    അതുകൊണ്ട് തന്നെ കുട്ടികളെ ഉയര്‍ന്ന നിലയില്‍ പഠിപ്പിക്കുന്നു.മലയാളം വായന നന്നായി പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു.
    നല്ല പുസ്തകങ്ങള്‍ വാങ്ങി നല്ല വായന ഒരുക്കികൊടുക്കുന്നു.
    മലയാളത്തെ തീരെ വേണ്ടെന്നു വെക്കുന്ന പ്രവണതയാണ് ഇല്ലാതാക്കേണ്ടത്.അതാകട്ടെ ഇംഗ്ലീഷിനെ തള്ളിപ്പറഞ്ഞുകൊണ്ട് ഉണ്ടാക്കേണ്ട ഒന്നല്ല താനും.
    ഇത് സുല്‍ഫിയുടെ പോസ്റ്റിനുള്ള എന്‍റെ അഭിപ്രായമല്ല കേട്ടോ,വായിച്ചപ്പോള്‍ എഴുതാന്‍ തോന്നിയത്‌ എഴുതി.

    ReplyDelete
  23. മോള്‍ ദുബായില്‍ സ്കൂളില്‍
    ചെര്ന്നപ്പഴെ തുടങ്ങി അവന്റെ പോസ്റ്റ്‌
    ഇനി നിനക്ക് പോസ്റ്റിന്റെ ചാകരയായിരിക്കും
    നീ ഇതുവരെ കണ്ട ദുബായ് അല്ല യധാര്ത്ത ദുബായ്
    അത് കാണാന്‍ ലൈസേന്സുന്ടാവനം
    സെന്സിടീവാവണം
    അറ്റ്‌ ലീസ്റ്റ്
    പോസിടീവെങ്കിലും

    ReplyDelete
  24. വല്ലതും പറയാന്‍ തോന്നുന്നുണ്ട്...എന്നാലത് വേഗമാക്കാം അല്ലേ? ആദ്യം വായിച്ചുതുടങ്ങിയപ്പോള്‍ അനുഭവം എന്ന നിലയിലാണ് കണ്ടത്. പിന്നെ രൂപം ഭാവം ഒക്കെ മാറി ഒരു ലേഖനം എന്ന നിലയിലായി. അത് ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടാക്കി. ആ മാതൃകാ മാതാപിതാക്കള്‍ ചെയ്തതുപോലെയെല്ലാം സുള്‍ഫിയും കുഞ്ഞുങ്ങളെ അനുവദിക്കുമെങ്കില്‍ ഈ എഴുത്തിനു ജീവനുണ്ടാകും. അല്ലെങ്കില്‍ വെറും ജീവനറ്റ അക്ഷരങ്ങളായിത്തന്നെ അവശേഷിക്കയും ചെയ്യും. നല്ല ചിന്തയാണ് പ്രവൃത്തിപഥത്തിലേയ്ക്ക് കൊണ്ടുവരുമെങ്കില്‍.

    ReplyDelete
  25. എന്തായാലും ഞാന്‍ എന്റെ മോളെ നാട്ടില്‍ ചേര്‍ത്താന്‍ തീരുമാനിച്ചു...വൃത്തികെട്ടവര്‍, മറക്കാന്‍ ശ്രമിക്കുന്നത് വീണ്ടും വീണ്ടും ഒര്മിപ്പിക്കുകയാണോ?

    ReplyDelete
  26. മാതൃഭാഷ അറിയാ‍തെ വരുന്നത് ഒരു കുറവാണ്..
    നിര്‍ബന്ധമായും കുട്ടികളെ പഠിപ്പിച്ചിരിക്കണം..
    പക്ഷേ ഇന്നത്തെ വിവരസാങ്കേതികവിദ്യയുടെ
    കാലഘട്ടത്തില്‍ ‘English' ഭാഷയില്‍
    വൈദഗ്ദ്ധ്യം നേടേണ്ടത് അത്യാവശ്യം തന്നെയാണ്..
    മാതാപിതാക്കള്‍ ശ്രദ്ധിച്ചാല്‍ രണ്ടും ഒരു പോലെ
    കൈകാര്യം ചെയ്യാം.ഇഗ്ലീഷ് മീഡിയം സ്കൂളുകളാണ്
    പഠന നിലവാരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്
    എന്നതൊരു സത്യം തന്നെയാണ്.

    ReplyDelete
  27. ഭാഷയാണ് സംസ്കാരം. ഓരോ നാടിനും അതിന്റേതായ ജീവിത രീതിയുണ്ട്. പാശ്ചാത്യരെപ്പോലെ ആവാന്‍ നം ശ്രമിക്കുന്നത് നമ്മുടെ അപകര്‍ഷതാബോധം. സ്വന്തം അച്ച്ഛന്‍ എത്ര വിരൂപനെങ്കിലും അദ്ദേഹം അച്ഛന്‍ തന്നെയാണ്.തനിക്കു ജന്മം നല്‍കിയ ആളാണെന്ന തിരിച്ചറിവ് ഇല്ലാത്തവര്‍ക്ക് അച്ഛനെ ചൂണ്ടിക്കാണിച്ചു കൊടുക്കാന്‍ പ്രയാസമുണ്ടാകും. മലയാളിക്ക് എങ്ങനെയും പണക്കാരനാവണം.അതിന് അവന്‍ ഭാഷ അഭ്യസിക്കുന്നു. മെഡിക്കല്‍ ബിരുദം എടുക്കുന്നു. വിദേശത്തു പോകുന്നു. മലയാളം ‘റഞ്ജിനീ മലയാള’മായി പറയുന്നതാണ് പുതിയ ട്രെന്‍ഡ്. നിശ്ചയമായും ഈ പോക്കുകൊണ്ട് നമ്മള്‍ കുറെ പണം ഉണ്ടാക്കും. പക്ഷെ, സ്നേഹിക്കാന്‍ അറിയാത്ത, പാരസ്പര്യമില്ലാത്ത ഒരു തലമുറയായിരിക്കും നാളത്തെ നമ്മുടെ കുഞ്ഞുങ്ങള്‍.

    ReplyDelete
  28. മൈ ഡ്രീംസ് : അതേ. ടൈം ആയി വരുന്നു. നന്ദി.
    നീര്‍വിളാകന്‍ : നീരുവിന്‍റെ അഭിപ്രായം മാനിക്കുന്നു. നിങ്ങള്‍ക്കുണ്ടായ കണ്‍ഫ്യൂഷന്‍ മാറ്റാന്‍ എഡിറ്റ് ചെയ്തു ഷെറി ആക്കിയിട്ടുണ്ട്. പറഞ്ഞ പോലെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇത്തരം വിലയേറിയ അഭിപ്രായങ്ങള്‍ ആണ് എനിക്കെന്നും പ്രചോദനം. തുടര്‍ന്നും പ്രതീക്ഷിച്ചോട്ടെ.
    മിനി : ടീച്ചര്‍ ഈ വഴി വന്നതില്‍ സന്തോഷം. നന്ദി.
    മിനേഷ് : വിശദമായ അഭിപ്രായത്തിനും വായനക്കും നന്ദി.
    എക്സ് പ്രവാസിനി : അങ്ങിനെ മനസില്‍ തോന്നുന്നത് എഴുതാന്‍ വേണ്ടി തന്നെയാണ് ഞാനീ പോസ്റ്റ് എഴുതിയതും. ഇതിനെ കുറിച്ചുള്ള ഓരോരുത്തരുടെയും ചിന്തകള്‍ പുറത്ത് വരട്ടെ.
    റഷീദ് : ഞാന്‍ കണ്ട ദുബൈ.. പട്ടിണിപ്പാവങ്ങളുടെയും, കോണ്‍ട്രാക്റ്റ് ലേബര്‍മാരുടെയും ദുബൈ. പകലന്തിയോളം കഷ്ട്ടപ്പെട്ടു, ഒടുവില്‍ ക്യാമ്പില്‍ പോയി വീഴുന്ന പാവപ്പെട്ടവന്‍റെ ദുബൈ. തുച്ഛമായ മാസ ശമ്പളത്തില്‍ നിന്നും, അരിശ്ട്ടിച്ചു പൈസ അയക്കുവാന്‍ പോലും കടക്കാര്‍ സമ്മതിക്കാത്ത ദരിദ്രരുടെ ദുബൈ. കുടിക്കാന്‍ വെള്ളമൊ, കഴിക്കാന്‍ ഭക്ഷണമോ കിട്ടാതെ, എന്തിന് മര്യാദക്ക് മലമൂത്ര വിസര്‍ജനം ചെയ്യാന്‍ പോലും സൌകര്യമില്ലാതെ ക്യാമ്പുകളില്‍ കശ്ട്ടപ്പെടുന്ന് പാവങ്ങളുടെ ദുബൈ. ഇനിയും കേള്‍ക്കണോ ദുബൈയുടെ വീര കഥകള്‍????????????????
    അജിത് ഭായി : അനുഭവത്തില്‍ നിന്നും ഉടലെടുത്ത കുഞ്ഞ് വരികള്‍ ആണിവിടെ. എന്‍റെ മോളേ ഈ പറഞ്ഞ പോലെ തന്നെയാ ഞാന്‍ വളര്‍ത്തിയത് എന്ന് അഭിമാനത്തോടെ എനിക്ക് പറയാന്‍ പറ്റും. അതില്‍ നിന്നും തന്നെയാ ഈ ബ്ലോഗ് ഉടലെടുത്തതും. കൂടെ ആദ്യത്തെ കുറച്ചു വരികള്‍, വായനക്കാരിലേക്ക് ഇറങ്ങി ചെല്ലാന്‍ ഞാന്‍ കണ്ട വഴിയും.
    മുനീര്‍ : തീര്‍ച്ചയായും. അത് തന്നെയാണ് വേണ്ടതും. പക്ഷേ അതിനായി നിര്‍ബന്ധം പിടിക്കരുതെന്ന് മാത്രം.
    ബാലുവെട്ടാ : ഇത്രയും നല്ല ഒരു അഭിപ്രായത്തിന് ഞാനെന്‍താ പറയേണ്ടത്. സന്തോഷായി. കൂടെ നന്ദിയും.

    ReplyDelete
  29. അലക്സാണ്ടറുടെ കുതിരയുടെ പേരെന്തായിരുന്നു എന്നെങ്ങാനും ഇന്റര്‍വ്യൂവില്‍ ചോദിച്ചായിരുന്നോ സുല്‍ഫിക്കാ...

    എന്തിനാ ഇത്രയും കഷ്ടപ്പെട്ട് അത്തരം സ്കൂളുകളില്‍ കൊണ്ടുചെന്നാക്കാന്‍ പോകുന്നത്. നമ്മുടെ സര്‍ക്കാര്‍ സ്കൂളുകളോടുള്ള പുശ്ഛം മൂലമല്ലേ "എട്ടാം ക്ലാസ്സു പാസ്സാകാത്ത ആ മാതാപിതാക്കള്‍" ഇരുന്നുവിയര്‍ക്കേണ്ടിവന്നത്.

    ReplyDelete
  30. നിലത്തെഴുത്തും കുമ്പിള്‍ കഞ്ഞിയുമൊക്കെ മലകേറിപ്പോയി.
    തപ്പാല്‍ പെട്ടിയില്‍ കിളികള്‍ കൂടുകൂട്ടി.
    കാളവണ്ടിയും പെട്രോമാക്സും മ്യൂസിയത്തില്‍ ചേക്കേറി.
    അടുത്ത തലമുറയ്ക്ക് വിദ്യാലയം അന്യമാകും!
    പകരം, വീട്ടിലിരുന്നു വീഡിയോ കൊണ്ഫ്രെന്‍സ്‌ പഠനം നടത്തും!
    കാലം പിന്നേം മാറും. അത് നമ്മുടെ ചിന്തക്കതീതമാവും......

    ReplyDelete
  31. നന്നായിട്ടുണ്ട് , ആശംസകള്‍

    ReplyDelete
  32. കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് വിദ്യാഭ്യാസ രീതിയില്‍ കാതലായ മാറ്റങ്ങള്‍ വന്നു. നാം ഉള്‍ക്കൊണ്ടേ മതിയാവൂ. മാതൃഭാഷ മറക്കാതെയും വികലാമാക്കാതെയുമിരുന്നാല്‍ മതി.

    ReplyDelete
  33. ശ്രീക്കുട്ടന്‍ : എന്ത് ചെയ്യാനാ വേറെ മാര്‍ഗമില്ലല്ലോ ശ്രീക്കുട്ടാ..
    ഇസ്മയില്‍ : നല്ല വരികള്‍. നന്ദി ഈ വാക്കുകള്‍ക്കു.
    നന്മണ്ടന്‍ : നന്ദി.
    അക്ബര്‍ : എനിക്കേറ്റവും ഇഷ്ടായ അഭിപ്രായം ഇതാണ്. മാതൃഭാഷ മറക്കാതെ നാം പുതിയതിനെ ഉള്‍ക്കൊള്ളുക.
    ഈ വരവിനു ഞാന്‍ എങ്ങിനെ നന്ദി പറയണം എന്നറിയില്ല. സന്തോഷായി.

    ReplyDelete
  34. നല്ല വരികളും ചിന്തയും..

    ReplyDelete
  35. കാലത്തിനനുസരിച്ച് നമ്മളും മാറുന്നു. മാതൃഭാഷയോടൊപ്പം മറ്റുള്ളവയും ഉള്‍കൊള്ളാന്‍ നാം തയ്യാറാകണം.

    ReplyDelete
  36. മലയാളിത്തം നഷ്ടപ്പെടാതെ ഇംഗ്ലീഷ് എത്ര വേണേലും ആവാം

    ReplyDelete
  37. മാറിയ കാലത്തെ ഒരു പൊതു പ്രവണതയുടെ ഇരയാണ് താങ്കള്‍.
    അല്‍പം അതിശയോക്തികള്‍ ഉണ്ടെങ്കിലും നമ്മുടെ പുതിയ വിദ്യാഭ്യാസ ലോകത്തിന്‍റെ പുതിയ ഭാവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു, ഇത്.

    ReplyDelete
  38. നല്ല വിഷയം തിരഞ്ഞെടുത്തു മനോഹരമാക്കി....രസകരമായിട്ടുണ്ട്...ആശംസകള്‍....

    ReplyDelete
  39. ചിന്തയനീയമായ പോസ്റ്റ്..
    ആശംസകൾ.

    ReplyDelete
  40. പൃഥ്വിരാജിന്റെ ഒരു തമിഴ് സിനിമയിലെ രംഗം ഓര്‍മ്മ വന്നു, സിനിമയുടെ പേര് മറന്നു.

    അവസാനഭാഗം ഭംഗിയായിട്ട്ണ്ട്.

    ReplyDelete
  41. ആ interview questions കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു ;)

    ReplyDelete
  42. ഫെമിന : വായനക്ക് നന്ദി.
    തെച്ചിക്കോടന്‍ : സത്യം. തീര്‍ച്ചയായും. പക്ഷെ നമ്മെ മറന്നു കൊണ്ടാവരുത് എന്ന് മാത്രം.
    hafeez : ഈ അഭിപ്രായം തന്നെയാ എനിക്കും.
    rafeeq : ഭായി. അതിശയോക്തി ഇല്ലാത്ത വല്ലതും ആരെങ്കിലും സ്വീകരിക്കുമോ ഇത്. മാറുന്ന വിദ്യാഭ്യാസത്തെ മനസിലാവുന്ന ഭാഷയിലേക്ക് മാറ്റി അത്രമാത്രമേ ഇവിടെ ഞാന്‍ ചെയ്തുള്ളൂ.
    മഞ്ഞു തുള്ളി : നന്ദി.
    കമ്പര്‍ : കുറെ ആയല്ലോ ഈ വഴിക്കൊക്കെ.
    നിശാ സുരഭി : ഇതെനിക്ക് മനസിലായില്ല. ഏതാ സിനിമ. വല്ല പുതിയ പോസ്റ്റിനും വക കിട്ടിയാലോ? വായനക്ക് നന്ദി. ഇനിയും ഈ വഴിയൊക്കെ വരുമല്ലോ.
    സാബു : എന്നിട്ട് വേണം അത് ചോര്‍ത്തി എന്നും പറഞ്ഞു എന്റെ പുറകെ പോലിസ് വരാന്‍ അല്ലെ. "വേല" കയ്യിലിരിക്കട്ടെ മോനെ.
    വന്നതിനും അഭിപ്രായത്തിനും നന്ദി കേട്ടോ.

    ReplyDelete
  43. ബാല്യത്തിന്റെ സുഗന്ധം നഷ്ട്ടപെട്ടുപോയ ഇന്നിന്റെ തലമുറ...

    ആശയം വളരെ നന്നായി....

    ReplyDelete
  44. നല്ല വിഷയം..കേൾക്കുന്നവരെല്ലാം ശരിയൊ തെറ്റൊ എന്ന് ഒരു നിമിഷം ചിന്തിച്ചു പോകും.ഓരോർത്തർക്കും അവരുടേതായ ശരികളും തെറ്റുകളുമുണ്ട്..താൻ പറഞ്ഞ വിഷയത്തെ കുറിച്ച് ചിന്തിപ്പിക്കുക എന്ന ധർമ്മം വിജയിച്ചു എന്ന് തന്നെ പറയാം..ആശംസകൾ..

    ReplyDelete
  45. വളരെയധികം ചിന്തിക്കേണ്ട കാര്യങ്ങള്‍.ഇസ്മയില്‍ പറഞ്ഞ കാര്യങ്ങളാണ് ഇന്നത്തെ സ്ഥിതി.എക്സ്-പ്രവാസിനി പറഞ്ഞ പോലെ ഇംഗ്ലീഷും വേണം മലയാളവും വേണം താനും. മിനി ടീച്ചര്‍ പറഞ്ഞതിലും കാര്യമുണ്ട്. നമുക്ക് ഒരു ആവറേജ് നിലവാരത്തില്‍ പോകാം. പക്ഷെ അതിനാണ് പ്രയാസം. ഇന്നത്തെ സര്‍ക്കാര്‍ സ്കൂളുകള്‍ അവയുടെ നിലവാരം ഒന്നുയര്‍ത്തിയാല്‍ ഒട്ടൊക്കെ രക്ഷയുണ്ടായിരുന്നു.ഈ പോസ്റ്റ് കഥയോ ലേഖനമോ എന്നതല്ല ഇവിടുത്തെ പ്രശ്നം .വിഷയമാണ് മുഖ്യം.ഈയിടെ “ഹരിത വിദ്യാലയം” എന്ന പേരില്‍ സ്കൂളുകളുടെ ഒരു റിയാലിറ്റി ഷോ (സംശയിക്കേണ്ട,അങ്ങിനെയും ഒരു റിയാലിറ്റി ഷോ!) ടീവിയില്‍ കണ്ടു. അതു പോലെയുള്ള സ്കൂളുകള്‍ ആയാലും മതിയായിരുന്നു(കുറെയൊക്കെ അഭിനയമാവാം!).സുല്‍ഫി അഭിനന്ദനങ്ങള്‍!.ഞാനീ വഴിക്കു വരാതിരുന്നത് വളരെ മോശമായി എന്നിപ്പോള്‍ തോന്നുന്നു.

    ReplyDelete
  46. ഷമീര്‍ : നന്ദി ഈ വരവിന്.
    അനശ്വര : ചിന്തിപ്പിക്കുക എന്നതിലുപരി അത് ചിന്തിച്ച് പ്രവര്‍തിക്കേണ്ട സമയമായില്ലെ എന്ന സംശയത്തില്‍ നിന്നും ഉടലെടുത്തതാണ് ഈ പോസ്റ്റ്. വരവിനും അഭിപ്രായത്തിനും നന്ദി.
    കുട്ടിക്കാ : ഒന്നും വേണ്ട ഇടക്കൊക്കെ ഒന്ന് ഈ വഴി വന്നു നോക്കിയാല്‍ മതി. കുട്ടിക്കയുടെ ഒരു കമാന്‍റ് കിട്ടിയാല്‍ തന്നെ സമാധാനമാകും. മോശമായി പോയി എന്നൊന്നും കരുതേണ്ട. സമയക്കുറവ് എല്ലാര്‍ക്കും ഉണ്ടാവും. സാധാരണം.
    ഹരിത വിദ്യാലയം റിയാലിറ്റി ഷോ ആദ്യമായാണ് കേള്‍ക്കുന്നത്.
    നന്ദി ഈ വിശദമായ അഭിപ്രായത്തിന്.

    ReplyDelete
  47. ഹരിത വിദ്യാലയം റിയാലിറ്റി ഷോ ദൂരദര്‍ശന്റെ മലയാളം ചാനലില്‍ വന്നിരുന്നു. അതിന്റെ ഫൈനല്‍ കഴിഞ്ഞു. കോട്ടയ്ക്കല്‍ രാജാസ് ഹയര്‍ സെക്കന്ററി സ്ക്കൂളിനു രണ്ടാം സ്ഥാനം കിട്ടി. പണ്ട് ഞാന്‍ പഠിച്ച സ്ക്കൂളാണ് ഇപ്പോള്‍ ഗവ: ഹയര്‍ സെക്കന്ററിയായത്.വിക്റ്റേഴ്സ് ചാനലില്‍ ഇപ്പോള്‍ അതിന്റെ പുന: സം പ്രേഷണം നടക്കുന്നുണ്ട്.എനിക്കിവിടെ കേബിള്‍ ടീവിയല്ല, ഞാന്‍ തന്നെ ഡിഷ് വെച്ച് പല വിധ ചാനലുകള്‍ എടുക്കുകയാണ്. ഈ വിക്റ്റേഴ്സ് ചാനല്‍ കിട്ടാന്‍ കുറച്ചു കഷ്ടപ്പെട്ടു(പരീ‍ക്ഷണങ്ങള്‍ ഒക്കെ എന്റെ വകയാണ്).അതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പറ്റിയ ധാരാളം നല്ല പരിപാടികളുണ്ട്.

    ReplyDelete

വല്ലതും പറയാന്‍ തോന്നുന്നുണ്ടോ... എന്നാലത് വേഗമാവട്ടെ. ഇവിടെ...
I am waiting for your comments