Monday, October 17, 2011

"മരുന്നടി"


“മരുന്നടി; ചിന്നന്‍ മുയല്‍  പോലിസ്‌ കസ്റ്റഡിയില്‍ ”

പത്ര വാര്‍ത്ത കണ്ടു സൂക്ഷിച്ചു നോക്കി.

ങേ. പണ്ട് ഓട്ട പന്തയത്തില്‍ ആമയോട് തോറ്റ മുയലാശാന്‍റെ കൊച്ചു മോനല്ലേ.

എന്ത് പറ്റിയാവോ? പഴയ പരിചയക്കാരെ ഒക്കെ വിളിച്ചു നോക്കി.
ആര്‍ക്കും ഒരു വിവരവുമില്ല.  
മരിക്കും വരെ ആശാന്‍റെ ഒരാഗ്രഹമായിരുന്നു ആമച്ചാരെ  എന്നെങ്കിലും തോല്പിക്കണമെന്ന്.  അതിനായി വിദേശ കോച്ചിനെ വരെ വെച്ച് ട്രെയിനിംഗ് നടത്തിയതായിരുന്നു.

പക്ഷെ വിധി “എന്‍ഡോ സള്‍ഫാ”ന്റെ രൂപത്തിലാ വന്നത്. കാരറ്റ്‌ തിന്നാന്‍  തോട്ടത്തില്‍ കയറിയതാ. ഏതോ കശ്മലന്‍ “സള്‍ഫാന്‍” തളിച്ചു പോയതെന്നറിയാതെ കാരറ്റ്‌ തിന്നു. 
അന്നേക്ക് 15 ദിനം പൂര്‍ത്തിയാക്കാന്‍ ആശാനു കഴിഞ്ഞില്ല.
നഷ്ടപരിഹാരം തരാം എന്ന് പറഞ്ഞു  സര്‍ക്കാര്‍ പ്രധിനിധികള്‍ പല തവണ വന്നെന്നു കേട്ടു. റിപ്പോര്‍ട്ടും തയാറാക്കി കേന്ദ്രത്തിലേക്ക് പോയ അവര്‍ക്ക് പിന്നെന്തു പറ്റിയെന്നു ആര്‍ക്കുമറിയില്ല?

പത്ര വാര്‍ത്തയുടെ പിറകെ അന്വേഷിച്ചിറങ്ങി ഞാന്‍. ഒരു വിവരവും കിട്ടിയില്ല.

ഒടുവില്‍ നമ്മുടെ പഴയ "പൂച്ചപ്പോലീസി"നെ കണ്ടു കാര്യം പറഞ്ഞു.
“പാവം ചിന്നന്‍ മുയല്‍. ശുദ്ധനാ... ചെറുപ്പത്തിന്‍റെ തിളപ്പ് ഇത്തിരി കൂടിയെന്നെ ഉള്ളൂ. അറിയാതെ ചെന്ന് അബദ്ധത്തില്‍ പെട്ടതായിരിക്കും, നിങ്ങള്‍ക്കെ നിഷ്പക്ഷമായി അന്വേഷിച്ചു കണ്ടെത്താന്‍ പറ്റൂ  , വിദേശ രാജ്യമാണ് നമുക്കൊന്നും ചെയ്യാനില്ല എങ്കിലും യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്നറിയാന്‍ വേണ്ടിയെങ്കിലും..”

പക്ഷെ പ്രായം കുറെ ആയത് കാരണം "മൂപ്പരിപ്പോള്‍" അന്വേഷണം നടത്താന്‍ പോവാറില്ലത്രേ. 

ഒടുവില്‍ സ്വന്തം നിലക്ക് തന്നെ അന്വേഷിച്ചിറങ്ങേണ്ടി വന്നു
********************************** 
മുത്തച്ഛന്റെ അന്ത്യാഭിലാഷം നിറവേറ്റാനായി ചിന്നന്‍ മുയല്‍, അദേഹത്തിന്റെ ശവകുടീരത്തില്‍ മൂന്നു പിടി മണ്ണും  വാരിയിട്ടു വിദേശത്തേക്ക് യാത്രയായി.
വിദേശ മണ്ണില്‍ വെച്ച് ആമ വര്‍ഗത്തെ മുഴുവന്‍ തറ പറ്റിക്കാം എന്ന് കരുതിയാവണം, ഒളിമ്പിക്‌ വേദി ആയ ബീജിങ്ങിലേക്ക് ആയിരുന്നു പോയത്.

ഒളിമ്പിക്‌ മല്‍സരം നടക്കുന്ന വേദിക്ക്  പുറത്തു കക്ഷി പത്ര സമ്മേളനം വിളിച്ചു കൂട്ടി.
"പ്രിയ നാട്ടുകാരെ, ഞാന്‍ സി. എച്ച്. ഇന്നന്‍ മുയല്‍"

“താങ്കളുടെ പേര് ചിന്നന്‍ എന്നാണല്ലോ കേരളത്തില്‍ നിന്നും കിട്ടിയ അറിവ്”, ഒരു മലയാളി പത്രക്കാരന്‍.

“അതെ. എന്റെ പേര് അങ്ങിനെ തന്നെ ആയിരുന്നു. പരമ്പരാഗതമായി ഞങ്ങളുടെ വര്‍ഗം ഇട്ടു കൊണ്ടിരിക്കുന്ന പേരുകളാണ് 'ചിന്നന്‍', 'കണ്ടന്‍', 'മോട്ടു' എന്നിങ്ങനെയൊക്കെ. 
അതില്‍ നിന്നും ഉള്ള രക്ഷപെടലിന്റെ ഒരു മാര്‍ഗമായാണ് ചിന്നന്‍  എന്നത് മാറ്റി സി. എച്ച്. ഇന്നന്‍  എന്നാക്കി മാറ്റിയത്.  കേരളത്തില്‍ നിന്നും ഇവിടെ വന്നത്, ഒരു സ്വപ്നസാക്ഷാല്‍ക്കാരത്തിനാണ്. പണ്ട്‌ ഓട്ട  പന്തയത്തില്‍ എന്‍റെ മുത്തച്ഛന്‍ ഒരു പേട്ട ആമയോട് തോറ്റിരുന്നു. ഓട്ട മല്‍സരത്തില്‍ ഞങ്ങളെ വെല്ലാന്‍ ആരുമില്ലെന്നിരിക്കെ, പഞ്ചാര വാക്കുകള്‍ പറഞ്ഞു മയക്കി ആമ എന്‍റെ മുത്തച്ഛനെ പറ്റിച്ചു. ഞങ്ങള്‍ മുയല്‍ വര്‍ഗം കാലങ്ങളായി അനുഭവിക്കുന്ന ആ അപമാനത്തില്‍ നിന്നും ഞങ്ങള്‍ക്ക് രക്ഷപെട്ടെ പറ്റൂ. ഇന്നേക്ക് അഞ്ചാം നാള്‍ ഈ നാട്ടിലെ ധൈര്യശാലികളായ, ആമ വര്‍ഗത്തില്‍ പിറന്ന ആണുങ്ങളായ ആരെങ്കിലുമുണ്ടെങ്കില്‍, ഒളിമ്പിക്‌ ട്രാകില്‍ വെച്ച് ഒളിമ്പിക്‌ മല്‍സരത്തിനു മുമ്പ് എന്നോട് പോരിടാനുണ്ടോ? കിഴങ്ങന്മാരായ എന്‍റെ നാട്ടുകാരുടെ മാത്രമല്ല, ലോകത്തിന്‍റെ മുഴുവന്‍ സാനിധ്യത്തില്‍ ഞാനിതാ വെല്ലു വിളിക്കുന്നു”

വെല്ലു വിളി കേട്ട ആമ വര്‍ഗം ഞെട്ടി. മുയലിനോട് മത്സരത്തിനോ? യഥാര്‍ത്ഥത്തില്‍ പുതിയ തലമുറയില്‍ പെട്ട അവര്‍ക്കൊന്നും ഇതിനെ കുറിച്ച് കേട്ട് കേള്‍വി പോലുമില്ലായിരുന്നു. 

ഉടന്‍ ആമ വര്‍ഗത്തിന്‍റെ ചൈന ഹെഡ് ക്വാര്‍ടേഴ്സില്‍ നിന്നും ഫാക്സ് സന്ദേശം പാഞ്ഞു  കേരള വിങ്ങിലെക്ക്. 
അര മണിക്കൂറിനകം പണ്ടത്തെ മത്സരത്തിന്‍റെ വിശദമായ  വീഡിയോ ക്ളിപ്പോടെ മെയില്‍ സന്ദേശം വന്നു.

സാധാരണ ഗതിയില്‍ മുയല്‍ വര്‍ഗത്തെ തോല്പിക്കാന്‍ ഒരു രക്ഷയുമില്ല. ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിലുള്ള ആമത്തലവന്മാര്‍ അന്ന് രാത്രിയോടെ തന്നെ ബീജിങ്ങില്‍ ഒത്തു കൂടി. അവര്‍ തല പുകഞ്ഞാലോചന തുടങ്ങി. അഞ്ചു ദിവസത്തിനുള്ളില്‍ മറുപടി കൊടുത്തെ തീരൂ.
നേരായ മാര്‍ഗത്തിലൂടെയുള്ള ഒരു വഴിയും നടപ്പില്ല. 

ഒടുവില്‍ വ്യക്തമായ തീരുമാനത്തിലെത്തി. ഏതു വിധേനയെങ്കിലും ചിന്നനെ കൊണ്ടു ഉത്തേജക മരുന്ന് കഴിപ്പിക്കുക. മല്‍സരത്തില്‍ ജയിച്ചാലും ഒടുവില്‍ പരിശോധനയിലൂടെ അയോഗ്യനാക്കാമല്ലോ.

പദ്ധതി നടപ്പാക്കുവാനായി കേരളത്തില്‍ നിന്നുമുള്ള പ്രധിനിധിയെ ഏല്‍പിച്ചു. അവര്‍ക്കാണല്ലോ മുമ്പും തോല്‍പിച്ചുള്ള പരിചയം. 

പ്ലാന്‍ തയാറാക്കപ്പെട്ടു.  മുയല്‍ വര്‍ഗത്തിന്‍റെ വീക്നെസ് ആയ കാരറ്റിലൂടെ തന്നെ പദ്ധതി നടത്താന്‍ തീരുമാനിച്ചു. മുന്‍  വിശ്വ സുന്ദരി  “തങ്കി മുയലിനെ” വന്‍ സംഖ്യ കൊടുത്തു വാടകക്കെടുത്തു.

"സുന്ദരി" ഹോട്ടലില്‍ എത്തി. 

 “Hai Innan. I am thanki. Really I am proud of you” നമ്മുടെ മുയല്‍ വര്‍ഗം കാലങ്ങളായി അനുഭവിക്കുന്ന  "പഴയ അപമാനത്തില്‍" നിന്നും കര കയറ്റുവാന്‍ താങ്കള്‍ ഇറങ്ങി പുറപ്പെട്ടതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്”. ഇന്നനെ കെട്ടി പിടിച്ചു തങ്കി പറഞ്ഞു.

“ഇതെന്‍റെ പ്രത്യേക സമ്മാനം. ശുദ്ധ ജൈവ വളത്തില്‍ വിളയിച്ച പൊന്നിന്‍ ക്യാരറ്റ്‌”

അന്ന് രാത്രി ഇന്നന്റെ മുറിയില്‍ തങ്ങിയ “തങ്കി” തന്‍റെ ‘ഗിഫ്റ്റ്’  കഴിപ്പിച്ച ശേഷമാണ് അവിടം വിട്ടതെന്നു ഹോട്ടലില്‍ നടത്തിയ അന്വേഷണം വ്യക്തമാക്കുന്നു.

ജൈവ വളത്തില്‍ വിളയിച്ചെടുത്ത പ്രത്യേക കാരറ്റ്‌ ആണെന്നും പറഞ്ഞു കൊടുത്തത്, ഗുസ്തിയില്‍ പങ്കെടുക്കുന്ന മുയലുകള്‍ക്കായി പ്രത്യേക രാസ വളങ്ങളില്‍ വിളയിച്ച കാരറ്റ്‌ ആയിരുന്നു എന്ന് പാവം ചിന്നന്‍ മുയല്‍ അറിഞ്ഞിരുന്നില്ല. കൂടെ സ്വന്തം വര്‍ഗക്കാരി ചതിക്കുമെന്ന് കരുതിയുമില്ല.

തുടര്‍ന്ന് നടന്ന സംഭവങ്ങള്‍ നാം പത്രത്തിലൂടെ വായിച്ചല്ലോ.

മല്‍സരത്തിനു മുമ്പുള്ള കായിക ക്ഷമത പരിശോധനയില്‍ ചിന്നന്നന്‍ ഉത്തേജക മരുന്ന് കഴിച്ചതായി കണ്ടെത്തുകയും, മല്‍സരത്തില്‍ നിന്നും അയോഗ്യനാക്കി പ്രഖ്യാപിക്കുകയും ചെയ്തു. കൂടെ വഞ്ചനാ കുറ്റത്തിന് പോലീസ് പിടിയിലും.

പാവം ചിന്നന്‍ ചൈനയിലെ ജയിലഴിയിലകപ്പെട്ടപ്പോള്‍ ആമ വര്‍ഗ്ഗത്തിന്റെ ബീജിങ്ങിലെ ഓഫീസില്‍ തങ്കി മുയലിനായുള്ള സ്പെഷ്യല്‍ പാര്‍ട്ടി നടക്കുകയായിരുന്നു. 


***************************


തുടര്‍ സംഭവ വികാസങ്ങള്‍ താഴെ: 
പ്രവാസഭൂമി പത്രത്തിലെ ഫ്ലാഷ് ന്യൂസ്‌ :തങ്കിയെ ഹോട്ടൽ മുറിയിൽ വെച്ച് ചിന്നൻ പീഡിപ്പിച്ചതായി സൂചന. ഹോട്ടലിന്റെ ചില്ലുകൾ മുയലുകളുടെ യുവജന വിഭാഗം കല്ലെറിഞ്ഞുതകർത്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കാഞ്ചി വലിച്ച പിള്ളപോലീസിന്റെ തലയിൽ ആമത്തോട് പോലെ എന്തോ കണ്ടതായി ദൃക്‌സാക്ഷികൾ..


നാട്ടു വര്‍ത്തമാനം : സംഭവത്തില്‍ പ്രധിഷേധിച്ചു ഇന്ന് കേരള ബന്ദ്.