Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Sunday, January 7, 2024

മരുഭൂമിയിലെ ഖബർ

 അൽ ഐനിൽ നിന്നും ദീർഘ ദൂരം വണ്ടിയോടിച്ച്‌ റൂമിലെത്തിയതേ ഉള്ളൂ....

ക്ഷീണം കാരണം ഉറങ്ങിപ്പോവുമെന്ന് കരുതി കുളിച്ച്‌ പെട്ടെന്ന് കയറിക്കിടന്നു...
എന്തോ ഉറങാൻ കിടന്നിട്ടും കൺ മുമ്പിൽ നിന്നും ആ മനുഷ്യൻ ഇറങ്ങിപ്പോവുന്നില്ല..
സ്വന്തം പ്രിയതമയുടെ ഖബറിനു മുകളിൽ കിടന്നു രണ്ട്‌ കൈ കൊണ്ടും മണ്ണു വാരി മൂടുന്ന മനുഷ്യൻ.. പ്രായവും പ്രാരാബ്ധങ്ങളും കൊണ്ട്‌ ക്ഷീണിച്ച്‌, നിർവ്വികാര മുഖത്തോടെ ഇരിക്കുന്ന ഒരു പാവം മനുഷ്യൻ..
വെള്ളത്തൊപ്പിയും തൂവെള്ള നിറത്തിലുള്ള ജുബ്ബയും പൈജാമയും ധരിച്ച, വെളുത്തതും എന്നാൽ ഭംഗിയായി ഒതുക്കി വെച്ച താടിയുള്ള നാടൻ മനുഷ്യൻ.
ആയ കാലത്ത്‌ കല്യാണം കഴിച്ച്‌ തമിഴ്‌ നാട്ടിൽ നിന്നും ബോംബെയിലേക്ക്‌ കുടിയേറിപ്പാർത്തതാണു. നാടും വീടും, നാട്ടുകാരുമായുള്ള ബന്ധമൊക്കെ അറ്റു പോയി.. മക്കളെ കരക്കെത്തിക്കാനുള്ള തിരക്കിൽ എല്ലാം മറന്നുവെന്ന് പറയാം. റിക്ഷ വലിച്ചും ചുമടെടുത്തും മക്കളെ പോറ്റാനായി അദ്ധ്വാനിച്ചു.
കിട്ടുന്നത്‌ അരിഷ്ടിച്ച്‌ ഭർത്താവിന്റ്‌ ഇഷ്ടപ്രകാരം ഭാര്യയും മിച്ചം പിടിച്ച്‌ ജീവിച്ചു.
ഒരു പാടു കഷ്ടപ്പെട്ടാണു മകനെ പഠിപ്പിച്ച്‌ ഗൾഫിൽ ജോലിക്കയച്ചത്‌..
ഭാര്യയുടെ ഏറെക്കാലത്തെ ആഗ്രഹ സഫലീകരണത്തിനായി രണ്ട്‌ മക്കളെയും, ഭാര്യയെയും കൊണ്ട്‌, ദുബൈക്ക്‌ ഫ്ലൈറ്റ്‌ കയറി. മക്കളൊന്നിച്ച്‌ ഉംറ ചെയ്യണമെന്ന് പ്രിയതമയുടെ ആഗ്രഹത്തിനു മുമ്പിൽ പിന്നെ തന്റെ വയ്യായ്കയും അവളുടെ വിട്ടു മാറാത്ത ശ്വാസം മുട്ടുമൊന്നും വകവെച്ചില്ല.
ദുബൈ നിന്നും ഒന്നിച്ച്‌‌ നേരെ സൗദിയിലേക്ക്‌.. മക്കയും മദീനയുമെല്ലാം സന്ദർശ്ശിച്ച്‌ ഉംറയും നിർവ്വഹിച്ച്‌ നേരെ നാട്ടിൽ പോവാം. ഇതായിരുന്നു ഉദ്ദേശം..
എല്ലാം തകിടം മറിച്ചത്‌ പെട്ടെന്നായിരുന്നു. ഭാര്യക്ക്‌ തലകറക്കം തോന്നി നേരെ ആശുപത്രിയിൽ കൊണ്ട്‌ പോയതായിരുന്നു. ആ കിടത്തം പിന്നെ എഴുന്നേറ്റില്ല..
അവിടെ വെച്ച്‌ തന്നെ അവർ ലോകം വിട്ടു പോയി..
എന്നാൽ മരണം അതിനേക്കാളെറെ നൂലാമാലകളാണുണ്ടാക്കിയത്‌..
തുച്ഛമായ വരുമാനത്തിൽ ദുബൈയിൽ ജീവിക്കുന്ന മകനു ഉമ്മയുടെ മയ്യിത്തും കൊണ്ട്‌ നാട്ടിൽ പോവുന്നതും, സഹോദരൻ, സഹോദരി, ഉപ്പ ഇവരുടെയൊക്കെ യാത്രാ ചിലവുമെല്ലാം താങ്ങാവുന്നതിൽ അപ്പുറമായിരുന്നു. അതിലുപരി മുംബൈയിൽ വാടക വീട്ടിൽ ജീവിക്കുന്ന അവർക്ക്‌ നാട്ടിൽ മയ്യിത്തെവിടെ മറമാടും എന്ന കാര്യത്തിൽ ഒരു ഊഹവുമുണ്ടായിരിന്നില്ല. കാലങ്ങളായി നാടുമായി ബന്ധമില്ലാത്തതിനാൽ അവിടെക്ക്‌ കൊണ്ട്‌ പോവാൻ പറ്റില്ല.. ഇവിടെയാണെങ്കിൽ മഹല്ലുമായീ ബന്ധമൊട്ടില്ല താനും.
ഒടുവിൽ നിവർത്തിയില്ലാതെ ഇവിടെ തന്നെ മറമാടാൻ തീരുമാനിക്കുകയായിരുന്നു. പക്ഷെ നിയമത്തിന്റെ നൂലാമാലകൾ അവിടെയും തടസ്സമായി. വിസിറ്റ്‌ വിസയിൽ വന്നവരുടെ മയ്യിത്ത്‌ ഇവിടെ അടക്കാൻ നിയമമില്ല പോലും.
പലരെയും സമീപിച്ചു. സംഘടനകൾ, വ്യക്തികൾ. ഒരു പാടു ഓടി നടന്നു. ഒടുവിൽ 4 ദിവസത്തിനു ശേഷം അധികാരികൾ കനിഞ്ഞു.
അതും ഐ സി എഫ്‌ ഭാരവാഹികളുടെ നിരന്തര ഇടപെടലിനു ശേഷം, അൽ ഐനിൽ അടക്കാൻ അനുമതിയായി.
ഉപ്പയോട്‌ ചോദിച്ചോ എന്നാരാഞ്ഞപ്പോൾ ഒന്നും മിണ്ടാതെ തലയാട്ടി എന്ന് മാത്രം പറഞ്ഞു.
തന്റെ ആയുസിൽ ഇനി ഗൾഫിലേക്ക്‌ വരാൻ കഴിയില്ലെന്നുറപ്പായിട്ടും സാഹചര്യങ്ങൾ അനുവദിക്കാതിരുന്നതിനാൽ ആ മനുഷ്യൻ സമ്മതിച്ചതായിരിക്കണം.
അല്ലെങ്കിൽ ഒരിക്കലും തന്റെ പട്ടിണിയിലും, സന്തോഷത്തിലും, കഷ്ടപ്പാടിലും കൂടെ നിന്നവളെ വിട്ടു പോവാൻ ആ മനസു സമ്മതിക്കില്ലായിരുന്നു.
മോർച്ചറിയിൽ നിന്നും ആംബുലൻസ്‌ വന്ന് നിർത്തിയപ്പോൾ ഓടിയടുത്ത അദ്ദേഹത്തെ ഈജിപ്ഷ്യൻ സെക്യൂരിറ്റി തടഞ്ഞു. കാണാൻ സെക്യൂരിറ്റിയെ ബോദ്ധ്യപ്പെടുത്തേണ്ടി വന്നു.
കഴിഞ്ഞ കാലമിത്രയും തന്നെ കരുതലോടെ നോക്കിയിരുന്നവളെ, താൻ പൊന്നു പോലെ കൊണ്ട്‌ നടന്നിരുന്നവളോടുള്ള സ്നേഹം മുഴുവൻ ഞങ്ങൾക്കവിടെ കാണാമായിരുന്നു.
വിറയാർന്ന ചുണ്ടുകളാൽ ദിക്റുകൾ ഉരുവിട്ട്കൊണ്ട്‌, പ്രിയതമയുടെ ഖബറിനു മുകളിലേക്ക്‌‌ മണ്ണു വാരി കൂട്ടുന്ന ആ മനുഷ്യൻ കണ്ണീർ വീഴാതെ‌ പിടിച്ചു നിൽക്കുന്നത്‌‌ ഞങ്ങളെ എല്ലാവരെയും അത്ഭുതപ്പെടുത്തി.
തന്റെ കണ്ണുനീർ കൊണ്ട്‌ അവളുടെ ഖബറിടം നനയരുതെന്ന വാശിയോ, തന്റെ സങ്കടം പിരിയുന്ന ഘട്ടത്തിൽ അവളറിയരുതെന്ന ചിന്തയോ എന്താണു ആളുടെ മനസിനെ ഭരിക്കുന്നതെന്ന് അറിയാൻ പറ്റുന്നുണ്ടായിരുന്നില്ല.
എല്ലാവരും പോയിട്ടും ഖബറിനരികിൽ ചമ്രം പടിഞ്ഞിരിക്കുന്ന ആൾക്കപ്പോൾ വെള്ള വസ്ത്രം ധരിച്ച തന്റെ ദേഹമാസകലം പറ്റിയ ചെളിയോ, മണ്ണോ ഒന്നും ഓർമ്മയുണ്ടായിരുന്നില്ല.
ഖബറിനരികിൽ നിന്നും ഉപ്പയെ എഴുന്നേൽപ്പിക്കാൻ വന്ന മകനോട്‌, നിങ്ങളിപ്പോ അങ്ങോട്ട്‌ പോവേണ്ട, കുറച്ച്‌ കഴിഞ്ഞ്‌ സാവധാനം പോയാൽ മതിയെന്ന് ശട്ടം കെട്ടിയിട്ടാണു ഞാൻ അവിടം വിട്ടത്‌.
അതെ, ഇത്രയേയുള്ളൂ നാമെല്ലാം.
ഇന്ന് നമ്മുടെ കൂടെ ഉണ്ടായിരുന്നവർ നാളെ എവിടെ ആയിരിക്കുമെന്ന് ഒരുറപ്പുമില്ലാത്ത വെറും മാനുഷിക ജന്മങ്ങൾ.
അത്‌ മാത്രമാണു നമ്മളെല്ലാം.

Friday, August 25, 2023

"അന്ത്രു മൊല്ലാക്ക"

വണ്ടിയുടെ മുമ്പിലൂടെ റോഡ് ക്രോസ് ചെയ്യാൻ ഓടിയ ആളെ രക്ഷിക്കാൻ സഡൻ ബ്രെക്കിട്ടു.

വായിൽ വന്ന തെറിയുമായി ഗ്ലാസ് താഴ്ത്തി തല പുറത്തേക്കിട്ട് നോക്കുമ്പോഴാണ് ആളെ മനസിലായത്.
അന്ത്രു മൊല്ലാക്ക ആയിരുന്നു. ആകെ മുഷിഞ്ഞ വസ്ത്രങ്ങളും ജട പിടിച്ച മുടിയുമായി അങ്ങാടിയിലൂടെ ഖുർആനും ഓതി നടക്കുന്ന അന്ത്രു മൊല്ലാക്ക.
ഒരു അന്തിപ്പാതിരക്ക് അങ്ങാടിയിലെ പള്ളിയിൽ കയറി വന്നയാൾ. സ്വന്തമായി ഊരും കുടുംബവും ഒന്നുമില്ലാത്ത ആൾ പള്ളിയുടെ പരിപാലനം സ്വയം ഏറ്റെടുക്കുകയായിരുന്നു. സാവധാനം പള്ളിയിലെ ബാങ്ക് വിളിയും, പരിസര ശുചീകരണമൊക്കെയായി പള്ളിയുടെ ഭാഗമായി മാറി. ചുരത്തില് പുതിയ പള്ളി വന്നപ്പോൾ ആളെ വേണമെന്നറിഞ്ഞ്‌ അവിടെക്ക്‌ മാറി.
എപ്പോഴും ആളെ കാണുമ്പോൾ മനസിലൊരു നൊമ്പരം ഞാനറിയാതെ ഉരുണ്ടു കൂടും. കാരണം, അറിഞ്ഞുകൊണ്ടല്ലെങ്കിലും പുള്ളിയുടെ ഇപ്പോഴത്തെ അവസ്ഥക്ക് ഞാനും ഒരു കാരണമാണല്ലോ!.
കോഴിക്കോട് ഒരു പത്ര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കാലം,
ജോലി കഴിഞ്ഞു ബീച്ചിലും മിഠായി തെരുവിലുമൊക്കെ കറങ്ങി, പിന്നെ ഇത്തിരി നേരം മാനാഞ്ചിറ ലൈബ്രറിയിലെ വായനയും ഒക്കെ കഴിഞ്ഞു പാതിരാത്രിയെ നാട്ടിലേക്ക് വണ്ടി പിടിക്കൂ. വയനാട് ഭാഗത്തേക്കുള്ള അവസാനത്തെ വണ്ടി രാത്രി 11.30 നുള്ള മൈസൂർ ബസാണ്. അത് കഴിഞ്ഞു പുലർച്ചെ 4 മണിക്കെ ഉള്ളൂ. അതിനാൽ തന്നെ, കോഴിക്കോട് നിന്നെടുക്കുമ്പോൾ നല്ല തിരക്കുണ്ടാവുമെങ്കിലും അര മണിക്കൂർ കഴിയുമ്പോഴേക്കും സീറ്റുകൾ കാലിയായി തുടങ്ങും. പിന്നെ അടിവാരം എത്തും വരെ ചെറിയൊരു ഉറക്കം കിട്ടും. അങ്ങിനെയാ പതിവ്.
പക്ഷേ അന്ന്..
ചെറുതായി മഴയും തണുപ്പും കാരണം ബസിന്റെ സൈഡ് ഷട്ടർ ഉയർത്തിയിരുന്നു. വൈകി സീറ്റ് കിട്ടിയ ഞാൻ പെട്ടെന്നുറങ്ങിപ്പോയി. പുറത്തേക്ക് നോക്കാൻ പറ്റിയതുമില്ല. അടിവാരം എത്തിയതറിഞ്ഞില്ല.
ബസ് ചുരം കയറി, ഒന്നാം വളവ് കഴിഞ്ഞപ്പോഴാണ് ഞാൻ ഞെട്ടി ഉണർന്നത്.
ഓടിച്ചെന്ന് കണ്ടക്ടറോട് കാര്യം പറഞ്ഞു. പുറത്തേക്ക് നോക്കുമ്പോൾ കൂറ്റാ കൂരിരുട്ട്. പിന്നെ ചെറിയ മഴയും. രണ്ടാം വളവിൽ വെളിച്ചവും ആളുകമൊക്കെ ഉണ്ടാവും. അവിടെ ഇറങ്ങാം. അതാണ് സേഫ് എന്നു പറഞ്ഞു. ആലോചിച്ചപ്പോൾ അത് ശരിയാണെന്ന് തോന്നി.
ബസിറങ്ങിയ എന്നെ നല്ല മഴയാണ് വരാവേറ്റത്. അവിടെയാണെങ്കിൽ ബസ് സ്റ്റോപ്പുമില്ല. മഴ കാരണം ഉള്ള ചെറിയൊരു പെട്ടിക്കടക്കാരൻ പൂട്ടിപ്പോവുകയും ചെയ്തു. ഇനി ആശ്രയം റോഡിൽ നിന്നും താഴെ ഇറങ്ങി നിൽക്കുന്ന ചെറിയ പള്ളിയാണ്. ഓടി പള്ളിയിൽ കയറി, പാതിര ആയതിനാൽ പുറത്തുള്ള ഒരു ചെറിയ വെളിച്ചം മാത്രമേ ഉള്ളൂ. എന്തായാലും അകത്ത് കയറി ഇരുന്നു. ഇനി എങ്ങിനെ തിരിച്ചു താഴെ അങ്ങാടിയിലേക്ക് പോവുമെന്ന് ആലോചിച്ചിട്ട് ഒരു വഴിയും കാണുന്നില്ല. പൊതുവേ 2 മണി കഴിഞ്ഞാൽ പിന്നെ കൈ കാണിക്കുന്ന വണ്ടിയൊന്നും ഡ്രൈവർമാർ നിർത്തില്ല. തിരിച്ചു നടക്കാനാണെങ്കിൽ രണ്ടു കിലോമീറ്റർ വെളിച്ചമില്ലാത്ത റോഡും, ചുറ്റും കാടും. ഒടുവിൽ നേരം പുലരും വരെ പള്ളിയിൽ കിടക്കാം എന്നു കരുതി. അടഞ്ഞു കിടക്കുന്ന വാതിലിനോട് ചേർന്ന് അവിടുന്നു കിട്ടിയ പായ എടുത്ത് വിരിച്ചു. കിടന്നു.
മഴയുടെ ശക്തി കൂടി കൂടി വന്നു. ഇടിയും മിന്നലും. എപ്പോഴോ ഞാൻ അറിയാതെ ഉറങ്ങിപ്പോയി.
സമയം എത്ര ആയെന്നറിയില്ല.
"ന്റെ പടച്ചോനേ".. എന്ന അലർച്ചയും ഒരു ചവിട്ടും കൊണ്ടാണ് ഞാൻ ഞെട്ടി ഉണർന്നത്.
കൂരിരുട്ടിൽ ആരോ എന്റെ ദേഹത്ത് ചവിട്ടി മറിഞ്ഞ് വീണു. അവിടുന്ന് എണീറ്റോടുന്ന ശബ്ദമാണ് ഞാൻ കേട്ടത്. പിന്നെ ഉറക്കെ ഖുർആനും ഓതിക്കൊണ്ട് ആൾ പുറത്തേക്കും അവിടുന്ന് റോഡിലേക്കും ഇറങ്ങിയോടിയതും കണ്ടു,
പെട്ടെന്നായത് കൊണ്ട് എനിക്കൊന്നും മനസിലായില്ല. ആകെ പേടിച്ച ഞാനും ഇറങ്ങി ഓടി. ആ ഓട്ടം നിന്നത് അടിവാരം ടൗണിലായിരുന്നു.
പിറ്റേന്ന് കേട്ട കഥകൾ പലതായിരുന്നു.
ഇന്നലെ രാത്രി ചുരത്തിലെ പള്ളീൽ മൊല്ലാക്ക ജിന്നിനെ ചവിട്ടി പോലും.
ചവിട്ടിയ ജിന്ന് മൂപ്പരെ കാല് പിടിച്ചു വലിച്ചു താഴെ ഇട്ടു പോലും.
അവിടുന്ന് എണീറ്റ് ഓടിയ മൊല്ലാക്കയെ പടച്ചോൻ കാത്തതാണെന്ന്.
ജിന്നിനെ കണ്ട ഒരാളും പിന്നെ മിണ്ടിയിട്ടില്ലെന്ന്. മൊല്ലാക്കയെയും കൊണ്ട് പള്ളീലെ ഉസ്താദ് തങ്ങളുടടുത്തേക്ക് ഉറുക്ക് കെട്ടാൻ പോയിട്ടുണ്ടന്ന്. സ്വബോധം നഷ്ടപ്പെട്ട മൊല്ലാക്ക ഫുൾടൈം ഖുർആൻ മാത്രമാണ് ഓതുന്നതെന്ന്. എന്തായാലും കണ്ടത് ഏതോ മുന്തിയ നല്ല ജിന്നിനെ ആയത് കൊണ്ടാ ജീവൻ രക്ഷപ്പെട്ടത് പോലും.
ഒരുപാട് തങ്ങന്മാരും ഉസ്താദുമാരും ചികിൽസിച്ചിട്ടും മൂപ്പരുടെ പേടിച്ച മനസ് തിരിച്ചെത്തിയില്ല. പിന്നെ എല്ലാരും ആളെ വിട്ടു. നോക്കാൻ കുടുംബമില്ലാത്തതിനാൽ പെരുവഴിയിലുമായി.
നാട്ടിൽ മൊത്തം കഥകൾ പരന്നത് കൊണ്ട് സംഭവിച്ചതെന്തെന്നു ആരോടും പറയാനും പറ്റിയില്ല. അതിനുള്ള ധൈര്യം വന്നില്ല എന്നതാണ് സത്യം.

Saturday, February 11, 2017

"പാറ്റ ശല്യം"

കമ്പനി താമസ സ്ഥലത്തു നിന്നു പാറ്റ ശല്യത്തിനു എച്ചാർ ഡിപ്പാർട്‌മെന്റിലെക്ക്‌ പരിഹാരത്തിനായി മെയിലയച്ചു കാത്തിരിക്കുകയായിരുന്നു അവൻ.
മറുപടി ഇപ്രകാരമായിരുന്നു.
"താങ്കളുടെ മെയിൽ പരിഗണിച്ച്‌ റൂമിലുള്ള മുഴുവൻ പാറ്റകൾക്കും അടുത്ത 15 നു ഓഫീസിലെത്താൻ സർക്കുലറയച്ചിട്ടുണ്ട്‌. 
പാറ്റകൾ യഥേഷ്ടം വിഹരിക്കുന്നതിലൂടെ നിങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളെ കുറിച്ച്‌ ബോധവൽക്കരണ ക്ലാസ്‌ കൊടുക്കാൻ പ്രമുഖ പാറ്റ വിധഗ്ധൻ പാറ്റേശ്വരൻ പങ്കേടുക്കും. 

ഓരോരുത്തർക്കും സ്വയം രാജി വെച്ചൊഴിയാൻ രണ്ടാഴ്ചത്തെ സമയവും നൽകും. അതിനും തയാറാവാത്തവരെ ടെർമ്മിനേറ്റ്‌ ചെയ്യാനും തീരുമാനമായ വിവരം താങ്കളെ അറിയിക്കുന്നതിൽ ഞങ്ങൾക്ക്‌ സന്തോഷമുണ്ട്‌. 

എന്നിട്ടു റൂം വിട്ടൊഴിയാത്തവരെ തുരത്താനായി 'പെസ്റ്റ്‌ കണ്ട്രോൾ സേനയെ' സർവ്വായുധ സജ്ജരായി നിൽക്കാനും ഉത്തരവിറക്കിയിട്ടുണ്ട്‌. 

എന്ന്

HR Dept.

Saturday, September 19, 2015

ഇവന്‍ എന്‍റെ മോന്‍ തന്നെ

"എന്‍റെ ഇക്കാ.. ഈ ചെക്കനെ കൊണ്ട് ഞാന്‍ തോറ്റു. ഇന്നത്തെ അവന്‍റെ പരിപാടി എന്തെന്നറിഞ്ഞോ? ബാത്ത് റൂമിന്‍റെ ഡോര്‍ കമ്പി കൊണ്ട് തുരന്നു ഒരു ഓട്ട ഉണ്ടാക്കിയിരിക്കുന്നു.
 ചോദിച്ചപ്പോള്‍ പറയുകയാ അവനു ഉള്ളിലാരാ ഉള്ളതെന്ന് കാണാനാണ് പോലും. നിങ്ങടെയല്ലേ മോന്‍, അവന്‍ അതിലപ്പുറോം ചെയ്യും."

"ഏയ്‌, നീ അങ്ങിനെ പറയരുത്, ഞാനാ ടൈപ്പ് ഒന്നുമല്ലായിരുന്നു"
(മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്ലല്ലോ എന്നാണു പറയാന്‍ വന്നതെങ്കിലും, തുടര്‍ഫലം ഭയന്ന് പുറത്തേക്കു വന്ന വാക്കുകള്‍ മയപ്പെടുത്തി)

"നിങ്ങളൊന്നു ദേഷ്യപ്പെട്ടെ, എന്നാലെങ്കിലും ഇത്തിരി പേടി ഉണ്ടാവട്ടെ."

അവന്‍റെ വികൃതി കേട്ടു പൊറുതി മുട്ടിയ ഞാന്‍ അവനെ നന്നായൊന്നു ഉപദേശിക്കാന്‍ തീരുമാനിച്ചു, മനസ്സിനെ കനപ്പെടുത്തി, എന്നാല്‍ ഫോണ്‍ ഫാദിക്ക് കൊടുക്ക്‌ എന്ന് പറഞ്ഞു.

"ഇപ്പച്ചിയേ...."

ദാ കിടക്കുന്നു. നീട്ടിയുള്ള ആ വിളിയില്‍ അവന്‍റെ സമസ്താപരാധങ്ങളും പൊറുത്ത്, അവനോടു ദേഷ്യപ്പെടാന്‍ ചിന്തിച്ചതില്‍ ആ കാല്‍ക്കല്‍ സാഷ്ടാംഗം വീണു ഞാന്‍.
മനസ്സില്‍ തോന്നിയ ഇത്തിരി അനിഷ്ടം പോലും മഞ്ഞു മല പോലെ ആ വിളിയില്‍ അലിഞ്ഞു ഇല്ലാതാവുന്നത് ഞാനറിഞ്ഞു.

"എന്താടാ മുത്തെ...ഇന്നെന്തായിരുന്നെടാ പരിപാടി?"

"അതില്ലേ, ആ ബാത്ത് റൂമില്‍ കേറിയാല്‍ പുറത്തേക്കു കാണൂല. അയിനു ഓട്ട ണ്ടാക്കീതാ."

ആഹാ ന്‍റെ കുട്ടി പുറത്തേക്കു കാണാന്‍ ഒരോട്ട ണ്ടാക്കിയതിനാ അതിനെ ഓള്‍ കുറ്റം പറഞ്ഞെ.

"പേടിക്കെണ്ട ട്ടോ, പ്പചി മ്മച്ചിനെ നന്നായി ചീത്ത പറയാം ട്ടോ."

"ഓ.. അപ്പോഴേക്കും ഉപ്പച്ചീം മോനും ഒന്നായി. ഞാന്‍ പോണേ.. ങ്ങളോട് പരാതി പറഞ്ഞ ഞാനാ പൊട്ടത്തി."

അതും പറഞ്ഞു വെട്ടി തിരിഞ്ഞുള്ള ആ നടത്തം എനിക്ക് ഊഹിക്കാവുന്നതെ ഉള്ളൂ.

Monday, October 17, 2011

"മരുന്നടി"


“മരുന്നടി; ചിന്നന്‍ മുയല്‍  പോലിസ്‌ കസ്റ്റഡിയില്‍ ”

പത്ര വാര്‍ത്ത കണ്ടു സൂക്ഷിച്ചു നോക്കി.

ങേ. പണ്ട് ഓട്ട പന്തയത്തില്‍ ആമയോട് തോറ്റ മുയലാശാന്‍റെ കൊച്ചു മോനല്ലേ.

എന്ത് പറ്റിയാവോ? പഴയ പരിചയക്കാരെ ഒക്കെ വിളിച്ചു നോക്കി.
ആര്‍ക്കും ഒരു വിവരവുമില്ല.  
മരിക്കും വരെ ആശാന്‍റെ ഒരാഗ്രഹമായിരുന്നു ആമച്ചാരെ  എന്നെങ്കിലും തോല്പിക്കണമെന്ന്.  അതിനായി വിദേശ കോച്ചിനെ വരെ വെച്ച് ട്രെയിനിംഗ് നടത്തിയതായിരുന്നു.

പക്ഷെ വിധി “എന്‍ഡോ സള്‍ഫാ”ന്റെ രൂപത്തിലാ വന്നത്. കാരറ്റ്‌ തിന്നാന്‍  തോട്ടത്തില്‍ കയറിയതാ. ഏതോ കശ്മലന്‍ “സള്‍ഫാന്‍” തളിച്ചു പോയതെന്നറിയാതെ കാരറ്റ്‌ തിന്നു. 
അന്നേക്ക് 15 ദിനം പൂര്‍ത്തിയാക്കാന്‍ ആശാനു കഴിഞ്ഞില്ല.
നഷ്ടപരിഹാരം തരാം എന്ന് പറഞ്ഞു  സര്‍ക്കാര്‍ പ്രധിനിധികള്‍ പല തവണ വന്നെന്നു കേട്ടു. റിപ്പോര്‍ട്ടും തയാറാക്കി കേന്ദ്രത്തിലേക്ക് പോയ അവര്‍ക്ക് പിന്നെന്തു പറ്റിയെന്നു ആര്‍ക്കുമറിയില്ല?

പത്ര വാര്‍ത്തയുടെ പിറകെ അന്വേഷിച്ചിറങ്ങി ഞാന്‍. ഒരു വിവരവും കിട്ടിയില്ല.

ഒടുവില്‍ നമ്മുടെ പഴയ "പൂച്ചപ്പോലീസി"നെ കണ്ടു കാര്യം പറഞ്ഞു.
“പാവം ചിന്നന്‍ മുയല്‍. ശുദ്ധനാ... ചെറുപ്പത്തിന്‍റെ തിളപ്പ് ഇത്തിരി കൂടിയെന്നെ ഉള്ളൂ. അറിയാതെ ചെന്ന് അബദ്ധത്തില്‍ പെട്ടതായിരിക്കും, നിങ്ങള്‍ക്കെ നിഷ്പക്ഷമായി അന്വേഷിച്ചു കണ്ടെത്താന്‍ പറ്റൂ  , വിദേശ രാജ്യമാണ് നമുക്കൊന്നും ചെയ്യാനില്ല എങ്കിലും യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്നറിയാന്‍ വേണ്ടിയെങ്കിലും..”

പക്ഷെ പ്രായം കുറെ ആയത് കാരണം "മൂപ്പരിപ്പോള്‍" അന്വേഷണം നടത്താന്‍ പോവാറില്ലത്രേ. 

ഒടുവില്‍ സ്വന്തം നിലക്ക് തന്നെ അന്വേഷിച്ചിറങ്ങേണ്ടി വന്നു
********************************** 
മുത്തച്ഛന്റെ അന്ത്യാഭിലാഷം നിറവേറ്റാനായി ചിന്നന്‍ മുയല്‍, അദേഹത്തിന്റെ ശവകുടീരത്തില്‍ മൂന്നു പിടി മണ്ണും  വാരിയിട്ടു വിദേശത്തേക്ക് യാത്രയായി.
വിദേശ മണ്ണില്‍ വെച്ച് ആമ വര്‍ഗത്തെ മുഴുവന്‍ തറ പറ്റിക്കാം എന്ന് കരുതിയാവണം, ഒളിമ്പിക്‌ വേദി ആയ ബീജിങ്ങിലേക്ക് ആയിരുന്നു പോയത്.

ഒളിമ്പിക്‌ മല്‍സരം നടക്കുന്ന വേദിക്ക്  പുറത്തു കക്ഷി പത്ര സമ്മേളനം വിളിച്ചു കൂട്ടി.
"പ്രിയ നാട്ടുകാരെ, ഞാന്‍ സി. എച്ച്. ഇന്നന്‍ മുയല്‍"

“താങ്കളുടെ പേര് ചിന്നന്‍ എന്നാണല്ലോ കേരളത്തില്‍ നിന്നും കിട്ടിയ അറിവ്”, ഒരു മലയാളി പത്രക്കാരന്‍.

“അതെ. എന്റെ പേര് അങ്ങിനെ തന്നെ ആയിരുന്നു. പരമ്പരാഗതമായി ഞങ്ങളുടെ വര്‍ഗം ഇട്ടു കൊണ്ടിരിക്കുന്ന പേരുകളാണ് 'ചിന്നന്‍', 'കണ്ടന്‍', 'മോട്ടു' എന്നിങ്ങനെയൊക്കെ. 
അതില്‍ നിന്നും ഉള്ള രക്ഷപെടലിന്റെ ഒരു മാര്‍ഗമായാണ് ചിന്നന്‍  എന്നത് മാറ്റി സി. എച്ച്. ഇന്നന്‍  എന്നാക്കി മാറ്റിയത്.  കേരളത്തില്‍ നിന്നും ഇവിടെ വന്നത്, ഒരു സ്വപ്നസാക്ഷാല്‍ക്കാരത്തിനാണ്. പണ്ട്‌ ഓട്ട  പന്തയത്തില്‍ എന്‍റെ മുത്തച്ഛന്‍ ഒരു പേട്ട ആമയോട് തോറ്റിരുന്നു. ഓട്ട മല്‍സരത്തില്‍ ഞങ്ങളെ വെല്ലാന്‍ ആരുമില്ലെന്നിരിക്കെ, പഞ്ചാര വാക്കുകള്‍ പറഞ്ഞു മയക്കി ആമ എന്‍റെ മുത്തച്ഛനെ പറ്റിച്ചു. ഞങ്ങള്‍ മുയല്‍ വര്‍ഗം കാലങ്ങളായി അനുഭവിക്കുന്ന ആ അപമാനത്തില്‍ നിന്നും ഞങ്ങള്‍ക്ക് രക്ഷപെട്ടെ പറ്റൂ. ഇന്നേക്ക് അഞ്ചാം നാള്‍ ഈ നാട്ടിലെ ധൈര്യശാലികളായ, ആമ വര്‍ഗത്തില്‍ പിറന്ന ആണുങ്ങളായ ആരെങ്കിലുമുണ്ടെങ്കില്‍, ഒളിമ്പിക്‌ ട്രാകില്‍ വെച്ച് ഒളിമ്പിക്‌ മല്‍സരത്തിനു മുമ്പ് എന്നോട് പോരിടാനുണ്ടോ? കിഴങ്ങന്മാരായ എന്‍റെ നാട്ടുകാരുടെ മാത്രമല്ല, ലോകത്തിന്‍റെ മുഴുവന്‍ സാനിധ്യത്തില്‍ ഞാനിതാ വെല്ലു വിളിക്കുന്നു”

വെല്ലു വിളി കേട്ട ആമ വര്‍ഗം ഞെട്ടി. മുയലിനോട് മത്സരത്തിനോ? യഥാര്‍ത്ഥത്തില്‍ പുതിയ തലമുറയില്‍ പെട്ട അവര്‍ക്കൊന്നും ഇതിനെ കുറിച്ച് കേട്ട് കേള്‍വി പോലുമില്ലായിരുന്നു. 

ഉടന്‍ ആമ വര്‍ഗത്തിന്‍റെ ചൈന ഹെഡ് ക്വാര്‍ടേഴ്സില്‍ നിന്നും ഫാക്സ് സന്ദേശം പാഞ്ഞു  കേരള വിങ്ങിലെക്ക്. 
അര മണിക്കൂറിനകം പണ്ടത്തെ മത്സരത്തിന്‍റെ വിശദമായ  വീഡിയോ ക്ളിപ്പോടെ മെയില്‍ സന്ദേശം വന്നു.

സാധാരണ ഗതിയില്‍ മുയല്‍ വര്‍ഗത്തെ തോല്പിക്കാന്‍ ഒരു രക്ഷയുമില്ല. ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിലുള്ള ആമത്തലവന്മാര്‍ അന്ന് രാത്രിയോടെ തന്നെ ബീജിങ്ങില്‍ ഒത്തു കൂടി. അവര്‍ തല പുകഞ്ഞാലോചന തുടങ്ങി. അഞ്ചു ദിവസത്തിനുള്ളില്‍ മറുപടി കൊടുത്തെ തീരൂ.
നേരായ മാര്‍ഗത്തിലൂടെയുള്ള ഒരു വഴിയും നടപ്പില്ല. 

ഒടുവില്‍ വ്യക്തമായ തീരുമാനത്തിലെത്തി. ഏതു വിധേനയെങ്കിലും ചിന്നനെ കൊണ്ടു ഉത്തേജക മരുന്ന് കഴിപ്പിക്കുക. മല്‍സരത്തില്‍ ജയിച്ചാലും ഒടുവില്‍ പരിശോധനയിലൂടെ അയോഗ്യനാക്കാമല്ലോ.

പദ്ധതി നടപ്പാക്കുവാനായി കേരളത്തില്‍ നിന്നുമുള്ള പ്രധിനിധിയെ ഏല്‍പിച്ചു. അവര്‍ക്കാണല്ലോ മുമ്പും തോല്‍പിച്ചുള്ള പരിചയം. 

പ്ലാന്‍ തയാറാക്കപ്പെട്ടു.  മുയല്‍ വര്‍ഗത്തിന്‍റെ വീക്നെസ് ആയ കാരറ്റിലൂടെ തന്നെ പദ്ധതി നടത്താന്‍ തീരുമാനിച്ചു. മുന്‍  വിശ്വ സുന്ദരി  “തങ്കി മുയലിനെ” വന്‍ സംഖ്യ കൊടുത്തു വാടകക്കെടുത്തു.

"സുന്ദരി" ഹോട്ടലില്‍ എത്തി. 

 “Hai Innan. I am thanki. Really I am proud of you” നമ്മുടെ മുയല്‍ വര്‍ഗം കാലങ്ങളായി അനുഭവിക്കുന്ന  "പഴയ അപമാനത്തില്‍" നിന്നും കര കയറ്റുവാന്‍ താങ്കള്‍ ഇറങ്ങി പുറപ്പെട്ടതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്”. ഇന്നനെ കെട്ടി പിടിച്ചു തങ്കി പറഞ്ഞു.

“ഇതെന്‍റെ പ്രത്യേക സമ്മാനം. ശുദ്ധ ജൈവ വളത്തില്‍ വിളയിച്ച പൊന്നിന്‍ ക്യാരറ്റ്‌”

അന്ന് രാത്രി ഇന്നന്റെ മുറിയില്‍ തങ്ങിയ “തങ്കി” തന്‍റെ ‘ഗിഫ്റ്റ്’  കഴിപ്പിച്ച ശേഷമാണ് അവിടം വിട്ടതെന്നു ഹോട്ടലില്‍ നടത്തിയ അന്വേഷണം വ്യക്തമാക്കുന്നു.

ജൈവ വളത്തില്‍ വിളയിച്ചെടുത്ത പ്രത്യേക കാരറ്റ്‌ ആണെന്നും പറഞ്ഞു കൊടുത്തത്, ഗുസ്തിയില്‍ പങ്കെടുക്കുന്ന മുയലുകള്‍ക്കായി പ്രത്യേക രാസ വളങ്ങളില്‍ വിളയിച്ച കാരറ്റ്‌ ആയിരുന്നു എന്ന് പാവം ചിന്നന്‍ മുയല്‍ അറിഞ്ഞിരുന്നില്ല. കൂടെ സ്വന്തം വര്‍ഗക്കാരി ചതിക്കുമെന്ന് കരുതിയുമില്ല.

തുടര്‍ന്ന് നടന്ന സംഭവങ്ങള്‍ നാം പത്രത്തിലൂടെ വായിച്ചല്ലോ.

മല്‍സരത്തിനു മുമ്പുള്ള കായിക ക്ഷമത പരിശോധനയില്‍ ചിന്നന്നന്‍ ഉത്തേജക മരുന്ന് കഴിച്ചതായി കണ്ടെത്തുകയും, മല്‍സരത്തില്‍ നിന്നും അയോഗ്യനാക്കി പ്രഖ്യാപിക്കുകയും ചെയ്തു. കൂടെ വഞ്ചനാ കുറ്റത്തിന് പോലീസ് പിടിയിലും.

പാവം ചിന്നന്‍ ചൈനയിലെ ജയിലഴിയിലകപ്പെട്ടപ്പോള്‍ ആമ വര്‍ഗ്ഗത്തിന്റെ ബീജിങ്ങിലെ ഓഫീസില്‍ തങ്കി മുയലിനായുള്ള സ്പെഷ്യല്‍ പാര്‍ട്ടി നടക്കുകയായിരുന്നു. 


***************************


തുടര്‍ സംഭവ വികാസങ്ങള്‍ താഴെ: 
പ്രവാസഭൂമി പത്രത്തിലെ ഫ്ലാഷ് ന്യൂസ്‌ :തങ്കിയെ ഹോട്ടൽ മുറിയിൽ വെച്ച് ചിന്നൻ പീഡിപ്പിച്ചതായി സൂചന. ഹോട്ടലിന്റെ ചില്ലുകൾ മുയലുകളുടെ യുവജന വിഭാഗം കല്ലെറിഞ്ഞുതകർത്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കാഞ്ചി വലിച്ച പിള്ളപോലീസിന്റെ തലയിൽ ആമത്തോട് പോലെ എന്തോ കണ്ടതായി ദൃക്‌സാക്ഷികൾ..


നാട്ടു വര്‍ത്തമാനം : സംഭവത്തില്‍ പ്രധിഷേധിച്ചു ഇന്ന് കേരള ബന്ദ്.

Wednesday, July 21, 2010

ഓട്ടോഗ്രാഫ്

കോളേജ് പഠന കാലം. ക്ലാസില്‍ കയറുന്നതിനെക്കാള്‍ 'പുറംലോകത്താ'യിരുന്നു താല്പര്യം.
പഠിക്കേണ്ട വിഷയം അറബി ആയിരുന്നെങ്കിലും മനസിലെന്നും മലയാളമായിരുന്നു. അക്ഷരങ്ങളും വാക്കുകളും എന്നും എനിക്ക് ഇഷ്ടമായിരുന്നു.
ഓട്ടോഗ്രാഫ് ചോദിച്ചു പ്രീഡിഗ്രി കുട്ടികള്‍ വന്നാല്‍ മനസില്‍ തോന്നിയത് എഴുതികൊടുക്കുകയായിരുന്നു പതിവ്. നല്ല വാക്കുകള്‍ കിട്ടുന്ന കാരണം പലരും വാചകങ്ങള്‍ അന്വേഷിച്ച്, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ തേടി വരുമായിരുന്നു.
യാദൃശ്ചികമായി പ്രിയ സുഹുര്‍ത്ത് ജമാലിന്റെ പുസ്തകതാളുകള്‍ക്കിടയില്‍ കണ്ട കുറച്ചു വാക്കുകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു
പൊതുവേ മറ്റൊരാളുടെ വാക്കുകള്‍ കടമെടുക്കുന്നത് എനിക്കിഷ്ടമായിരുന്നില്ല..
പക്ഷേ ഇതേന്നെ വല്ലാതെ ആകര്‍ഷിച്ചു. അവനറിയാതെ ഞാനത് അടിച്ചു മാറ്റി.

കോളേജില്‍ പ്രീ ഡിഗ്രീ സയന്‍സ് ഗ്രൂപ്പില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി. പണക്കാരി. ഡ്രൈവര്‍ കാറില്‍ കോളേങ്ങില്‍ കൊണ്ടാക്കും . വൈകീട്ട് അങ്ങിനെ തന്നെ തിരിച്ചു പോക്കും. അതിന്റെ അഹങ്കാരവും പത്രാസും അവള്‍ക്കുണ്ടായിരുന്നു താനും. പലരും ശ്രമിച്ചിട്ടും 'വളയാത്ത' കുട്ടി.
'ലോലിസത്തില്‍' ഗവേഷണം നടത്തി കൊണ്ടിരുന്ന ഞാന്‍ ഒരിക്കല്‍ ഈ പെണ്‍കുട്ടിയെ വെറുതെ ഒരു രസം, എന്തായാലും വീഴില്ല, എന്നാല്‍ പിന്നെ കമ്പനി എങ്കിലും ആക്കാം എന്ന് കരുതി ചെന്നു പരിചയപ്പെട്ടു.
പേരൊന്നും പറഞ്ഞില്ല. ജാട കാരണം അവള്‍ക്കു എന്റെ നേരെ നോക്കാന്‍ തന്നെ മടി.
ഏതായാലും കുറച്ചു ദിവസങ്ങള്‍ക്കകം, എന്റെ വാചകമടിയില്‍ വീണ് ഞങ്ങള്‍ സുഹൂര്‍ത്തുക്കളായി.
ഒരിക്കല്‍ സംസാരത്തിനിടയില്‍ അവളുടെ നോട്ട് ബുക്ക് വാങ്ങി അവളുടെ മുമ്പില്‍ വെച്ച് തന്നെ അതിലൊരു പേജില്‍ വെറുതെ ഞാനെഴുതി.
ജമാലില്‍ നിന്നും കട്ടെടുത്ത ആ വരികള്‍. എനിക്കൊരുപാട് ഇഷ്ട്ടപ്പെട്ട , പല പ്രാവശ്യം ഞാന്‍ വായിച്ചു പഠിച്ച ആ വരികള്‍.

"നക്ഷത്രങ്ങളെ എനിക്കിഷ്ടമാണ്.
തണുപ്പുള്ള രാത്രികളില്‍, എന്റെ കൊച്ചു കുടിലിന്റെ തിണ്ണയില്‍ പാല്‍ പുഞ്ചിരി തൂകുന്ന പൂര്‍ണ്ണ ചന്ദ്രനെയും നോക്കി ഞാന്‍ കിടക്കാറുണ്ട്.
പലപ്പോഴും എന്നെ ആകര്‍ഷിച്ചിരുന്നത്, അതിന് ചുറ്റും മുത്തുകള്‍ വാരി വിതറിയ പോലെ തിളങ്ങിക്കൊണ്ടിരിക്കുന്ന നക്ഷത്രങ്ങളായിരുന്നു.
ലഭിക്കില്ല എന്നും, അതെന്റെ കൈപിടിയില്‍ ഒതുങ്ങില്ല എന്നും അറിയാവുന്ന മനസ് തന്നെയാണ് അതിനെ അറിയാതെ ആഗ്രഹിച്ചു പോവാറ്. .
അത് പോലെ മാനത്ത് മിണി തിളങ്ങുന്ന നക്ഷത്രങ്ങളില്‍ ഒന്നായി നീയും………"

എഴുതി തിരിച്ചു കൊടുക്കുമ്പോള്‍ ഒരു കാര്യം കൂടെ ഞാന്‍ പറഞ്ഞു.
"ഇപ്പോള്‍ തുറന്നു വായിക്കരുത്. രാത്രി അത്താഴമൊക്കെ കഴിച്ചു, എല്ലാ പണിയും കഴിയും സ്വസ്ഥമായി ഇരുന്നു വായിക്കുക"
അങ്ങിനെ ഒന്നും പറയാന്‍ തോന്നിയതല്ല. വെറുതെ പറഞ്ഞതാ. അതും പറഞ്ഞു ഞാനവിടെ നിന്നും നീങ്ങി. പതിവ് 'കലാ പരിപാടികളില്‍' മുഴുകി.
അതോടെ അത് മറന്ന് പോവുകയും ചെയ്തു. അല്ലെങ്കിലും കോളേജിലെ മുഴുവന്‍ പെണ്‍കുട്ടികളുടെയും 'കാര്യങ്ങള്‍' ശ്രദ്ധിക്കേണ്ട എനിക്ക് ഇതിനു മാത്രം എവിടെ നേരം.
പിറ്റേന്നു പതിവിലും വൈകിയാണ് കോളേങ്ങില്‍ എത്തിയത്.
ക്ലാസില്‍ കയറുന്ന പതിവില്ലാത്തത് കൊണ്ട്, ക്ലാസിന്റെ മുമ്പില്‍ നിന്ന് എല്ലാവരെയും ഒന്ന് എത്തി നോക്കി.
"എടാ.. നിന്നെ തിരക്കി ആ സയന്‍സ് ഗ്രൂപ്പിലെ കുട്ടി വന്നിരുന്നു. രണ്ട് പ്രാവശ്യം. എന്താ കാര്യം? അതും വീണോ?" കൂട്ടുകാരന്‍ അസീസ്.
"എയ്... അതങ്ങിനെ ഒന്നും വീഴുന്ന ടൈപ് അല്ല മോനേ"
എനിക്കും ആശ്ചര്യമായി. ഒന്ന് കത്തി വെക്കണമെങ്കില്‍ ഞാനങ്ങോട്ട് പോകണം.അല്ലാതെ അവളിങ്ങോട്ട് വരാറേ ഇല്ല.
എനിക്ക് പിന്നെ എല്ലാ ജാടയും കണക്കായത് കാരണം ഇതൊന്നും പ്രശ്നവുമായിരുന്നില്ല.
തലേന്നത്തെ ആ എഴുത്തിന്റെ കാര്യം എന്തോ എന്റെ ഓര്‍മയില്‍ വന്നതുമില്ല.
ദൂരെ നിന്നെ എന്നെ കണ്ടതും അവള്‍ അവിടെ തന്നെ നില്‍ക്കാന്‍ ആംഗ്യം കാണിച്ചു. വരാന്തയില്‍ ഒരു അവളെയും കാത്തു ഞാന്‍ നിന്നു. അവള്‍ കൂട്ടുകാരികളുടെ അടുത്തു നിന്നും എന്റ ടുത്തേക്ക് വന്നു.
അടുത്തെത്തിയതും ഒറ്റ ചോദ്യം.
"ആര് പറഞ്ഞു കൈപിടിയിലൊതുങ്ങില്ല എന്ന്?"
ചോദ്യം കേട്ട് ഞാനൊന്നു ഞെട്ടി. പിന്നെ ഞാന്‍ നോക്കിയത് പെട്ടെന്ന് അവള്‍ പറഞ്ഞ " കൈപിടിയിലൊതുങ്ങില്ല" എന്ന ഇടത്തേക്കായിരുന്നു. അത് ഇത്തിരി കാര്യമായിരുന്നു താനും.
"എന്ത്?" അറിയാതെ എന്നില്‍ നിന്നും വന്നത് ഈ ചോദ്യമായിരുന്നു.
"അതല്ല, ഇന്നലത്തെ എഴുത്തിന്റെ കാര്യമാ ഞാന്‍ പറഞ്ഞത്"
എന്റെ നോട്ടം മനസിലാക്കിയ അവള്‍ പെട്ടെന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഹോ രക്ഷപ്പെട്ടു. ഞാനാകേ തെറ്റി ധരിച്ചു" ഞാനൊന്ന് ആശ്വസിച്ചു.
അപ്പോഴാ എനിക്കും കാര്യം മനസിലായത്.
"അത്രയ്ക്ക് ഇളിക്കേണ്ട ട്ടോ" എന്നെ കൊഞ്ജനം കുത്തി കാണിച്ചു അവള്‍.
ദൈവമേ. ഇവള്‍ക്കിതെന്തു പറ്റി. ഇങ്ങനെയൊന്നും സംസാരിക്കാത്തതാണല്ലോ ഇവള്‍.
"അത്രയ്ക്ക് ഇഷ്ട്ടാണോ എന്നെ?" അടുത്ത ചോദ്യം.
കുടുങ്ങിയോ? വെറുതെ ഒന്ന് 'വീശി' നോക്കിയതാ. ഏറ്റെന്നാ തോന്നുന്നത്.
പക്ഷേ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവളുടെ സംസാരവും രീതിയും സംഗതി അവളുടെ അസ്ഥിക്ക് പിടിക്കുന്ന നിലയിലേക്കാ പോവുന്നതെന്ന് മനസിലായ ഞാന്‍ മെല്ലെ അവളില്‍ നിന്നും വലിഞ്ഞു തുടങ്ങി.
കാരണം അതോടെ അവള്‍ എനിക്ക് ചുറ്റും മതിലുകള്‍ തീര്‍ക്കാന്‍ തുടങ്ങി അവള്‍. എവിടെയും പോവാന്‍ പാടില്ല, ആരെയും നോക്കാന്‍ പാടില്ല.
തമാശക്കുള്ള സൌഹൃദങ്ങളില്‍ നിന്നും സീരിയസായ ഒരു അവസ്ഥയിലേക്ക് നീങ്ങുന്നതിനോട് എനിക്കൊട്ടും താല്‍പര്യമില്ലായിരുന്നു. ഞാന്‍ മെല്ലെ വലിഞ്ഞു തുടങ്ങി.

പിന്നെ ഈ വാചകം പല പെണ്‍കുട്ടികളുടെയും നോട്ടുകളിലും, പുസ്തകങ്ങളിലും 'പരീക്ഷിച്ചു വിജയിപ്പിച്ച്' പോന്നു ഞാന്‍

ഒടുവില്‍ മറ്റാരുടെയോ പുസ്തകത്തില്‍ ഞാന്‍ തന്നെ എഴുതിയ ഇതേ വാക്കുകള്‍ കണ്ട അവളെന്‍റെ മുമ്പില്‍ പൊട്ടി തെറിച്ചു.
"എന്നെ പറ്റിക്കുകയായിരുന്നല്ലേ"
ഒന്നും മിണ്ടാതെ ഇരുന്നു ഞാന്‍.

ദിവസേന അവളില്‍ നിന്നും ഒഴിഞ്ഞു മാറി നടന്നു. അവളും അങ്ങിനെ തന്നെ ആയി എന്ന് തോന്നി. പിന്നെ കാണാറില്ല. അവളും മറന്ന് എന്ന് കരുതി.
അത് വെറുതെ ആയിരുന്നെന്നു പിന്നെ മനസിലായി.

അവസാന പരീക്ഷ കഴിഞ്ഞു പോകുമ്പോള്‍, വെറുതെ ക്യാമ്പസിലെ മരത്തിനു ചുവട്ടില്‍ കൂട്ടുകാരോടൊത്ത് കത്തി വെച്ചിരുന്ന എന്റെ അടുത്തേക്ക് അവള്‍ വന്നു.
"അളിയാ അതാ വരുന്നു നിന്റെ പഴയ......."

"ഒരു രണ്ടു മിനിട്ട് തരുമോ? പ്ലീസ്."
ആ അപേക്ഷ എനിക്ക് നിരസിക്കാന്‍ സാധിക്കുമായിരുന്നില്ല.
അടുത്ത മരച്ചുവട്ടിലേക്ക് നീങ്ങി ഞങ്ങള്‍.
കയ്യിലിരുന്ന ഓട്ടോ ഗ്രാഫ് നീട്ടി മെല്ലെ അവള്‍ പറഞ്ഞു.
"ആ വാക്കുകള്‍ ഈ ഓട്ടോഗ്രാഫില്‍ ഒന്നെഴുതി തരുമോ?
എന്നെന്നും എനിക്ക് വായിക്കാലോ? ഇനി നമ്മള്‍ തമ്മില്‍ കാണില്ല. ഡിഗ്രീക്ക് ഞാനീ കോളേജില്‍ വരില്ല,
ഡാഡിയുടെ കൂടെ ഡെല്‍ഹിക്ക് പോകുന്നു. എന്നാലും എന്റെ മനസില്‍ സൂക്ഷിക്കാന്‍, എന്നെന്നും കണ്ടു കൊണ്ടിരിക്കാന്‍ എന്നിക്കീ വാക്കുകള്‍ എങ്കിലും ഉണ്ടാവുമല്ലോ"

ഒന്നും എഴുതി കൊടുക്കാനാവാതെ തരിച്ചിരുന്നു ഞാന്‍.
കുറച്ചു കാത്തിരുന്നിട്ടും ഒന്നും എഴുതാത്തത് കണ്ട്, നിറകണ്ണുകളോടെ ആ ഓട്ടോഗ്രാഫും വാങ്ങി അവള്‍ നടന്നകന്നു.
ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ.

പിന്നെ തോന്നി. ശെ. ചുരുങ്ങിയത് ആ ഓട്ടോ ഗ്രാഫേങ്കിലും എഴുതി കൊടുക്കാമായിരുന്നു. കുറച്ചു കഴിഞ്ഞു ഓടി അവളുടെ അടുത്തേക്ക് ചെന്നെങ്കിലും അവള്‍ കാറില്‍ കയറി യാത്ര ആയിരുന്നു.\
മനസിലിന്നും നൊമ്പരമായി അവളുണ്ട്. ആ വാക്കുകളുണ്ട്.

ഇത്ര ശക്തി ഉണ്ടായിരുണോ ആ വാക്കുകള്‍ക്കു. ജമാലെ നന്ദി. അല്ല സോറി.
അതൊരു പാവം പെണ്‍കുട്ടിയുടെ മനസിനെ മുറിപ്പെടുത്തി. അവളെന്നോട് പൊറുക്കുമായിരിക്കും അല്ലേ. ചില വാക്കുകളങ്ങിനെയാ. മനസിന്റെ ഉള്ളറകളിലേക്ക് അരിച്ചിറങ്ങും. ഒടുവില്‍ വിട്ടു പിരിയാന്‍ പറ്റാതെ ശരീരമാസകലം പടരും.

(ഈ കഥ എഴുതാന്‍ പ്രചോദനം ആയ, ആ 'വാക്കുകള്‍' എനിക്ക് നല്‍കിയ, എന്റെ പ്രിയ സുഹുര്‍ത്ത് ജമാലിന് സമര്‍പ്പിക്കുന്നു.ഇനി എന്റെ പ്രിയ വായനക്കാരോട്, മുത്തുമാല പോലെ ഇതിന്റെ പുറകെയും കൂടല്ലേ എന്റെ ഇഷ്ടന്മാരെ)

Thursday, June 10, 2010

മുത്തുമാല

"എന്താ നോക്കുന്നത് അവിടെ പുതിയ ആളുകളാ ഇപ്പോള്‍ താമസിക്കുന്നത്"
അത്ര സുഖകരമല്ലാത്ത ഉമ്മയുടെ വിളിയാ എന്നെ ഓര്‍മയില്‍ നിന്നും ഉണര്‍ത്തിയത്
ഈ ഉമ്മാക്ക് അവരോടുള്ള ദേഷ്യം ഇപ്പോഴും മാറിയിട്ടില്ലേ.

"വേഗം ആ തേങ്ങയൊക്കെ പെറുക്കി കൂട്ട്, വെയില്‍ ചൂടായാല്‍ പിന്നെ ചാത്തന് തെങ്ങേല്‍ കയറാന്‍ പറ്റില്ല"

ഈ ഉമ്മയുടെ ഒരു കാര്യം. ആകെ രണ്ടു മാസം ലീവ് ആണുള്ളത്. ഒന്നടിച്ചു പൊളിച്ചു കഴിയാമെന്നു കരുതിയതാ. അതിനിടക്കാ തേങ്ങ പെറുക്കല്‍.

"ചാത്താ . ഇളന്നി (ഇളനീര്‍) ഉണ്ടെങ്കില്‍ ഒരു മൂന്നു നാലെണ്ണം തള്ളിയിട്ടോ. ജ്യൂസ്‌ അടിക്കാമല്ലോ"
അതും പറഞ്ഞു ഞാന്‍ എന്റെ പണിയില്‍ മുഴുകി.

"എല്ലാം കൂടെ കൊണ്ടങ്ങു പോരെ. ഞാന്‍ പോകുവാ,
ചാത്തോ, തേങ്ങയും കൊണ്ട് നേരെയങ്ങ് പോരെ. നല്ല താള് കറിയും ചോറും ഉണ്ടാക്കുന്നുണ്ട് ഞാന്‍" ഉമ്മയുടെ വക.

സമാധാനമായി, ഇനി ഒരു രണ്ടു ഇളന്നി ഒക്കെ വെട്ടി കുടിച്ചു സാവധാനം പോയാല്‍ മതിയല്ലോ.
ചാത്തനും അതിനാ കാത്തു നില്‍കുന്നതെന്നറിയാം. അവന് ഇളനീരും നാടന്‍ "വാറ്റും" കൂടെ മിക്സ്‌ ചെയ്തു ഒന്ന് കുടിച്ചാലേ തെങ്ങിന്മേല്‍ കയറിയ ക്ഷീണം മാറ്റാനൊക്കൂ.
ഞാന്‍ വീണ്ടും മനോരാജ്യത്തില്‍ മുഴുകാന്‍ തുടങ്ങി.

എവിടെ നിന്നായിരുന്നു പ്രശ്നങ്ങളുടെ തുടക്കം? അതെ ഓര്‍ക്കുന്നു ഞാന്‍ ആ കറുത്ത ദിനം. എന്റെ ജീവിതവും സ്വപ്നങ്ങളും എറിഞ്ഞുടച്ച ആ ദിനം.

********************************************

ഉമ്മയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്. ആദ്യം നോക്കിയത് ക്ലോക്കിലാ. സമയം ഏഴു മണി.
ഇല്ല എഴുന്നെല്കാന്‍ നേരം വൈകിയതിനല്ല. പിന്നെന്തിനാണാവോ?
ആരോടോ പറഞ്ഞു കരയുകയാ.
"ന്റെ മോന് എന്ത് കൂടോത്രമാ ആ പഹച്ചി കൊടുത്തത് പടച്ചോനെ? ഓന്റെ പൈസ മുഴുവന്‍ ഓള്‍ ങ്ങനെ വാങ്ങീട്ടുണ്ടാവും.
ഓരോരുത്തര് പറയുന്നത് കേട്ടപ്പോള്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല. ഇതിപ്പോള്‍ സത്യായല്ലോ പടച്ചോനെ. ഒരു അരി വാങ്ങാന്‍ പൈസ ചോദിച്ചാല്‍ അവന്റെ അടുത്തുണ്ടാവൂല .
മീന്‍ വാങ്ങി വരാന്‍ പറഞ്ഞാല്‍, എന്തിനു ഇത്തിരി പൂള (കപ്പ) വാങ്ങാന്‍ പറഞ്ഞാല്‍ പോലും ഓന്റെ കീശ കാലി. പ്പളല്ലേ മനസിലായത്. എല്ലാം ആ പണ്ടാര കുരിപ്പ് പെണ്ണ് വാങ്ങി തീര്‍ക്കുകയല്ലേ. ന്റെ പടച്ചോനെ. ഇന്ന് ബാപ്പ വിളിക്കുമ്പോള്‍ ഇതൊക്കെ പറഞ്ഞു കൊടുക്കുന്നുണ്ട് ഞാന്‍. ഇനി ഞാനെങ്ങിനെ ആള്‍ക്കാരെ മുഖത്ത് നോക്കും.
ഉമ്മയുടെ കരച്ചിലില്‍ നിന്ന് തന്നെ സംഗതി സീരിയസ് ആണെന്നെനിക്കു ബോധ്യമായി. കൂടാതെ, റോഡ്‌ സൈഡ് ആയതു കൊണ്ട് നാട്ടുകാര്‍ കൂടുന്നുമുണ്ട്.
"എന്താ ഉമ്മാ പ്രശ്നം?" ഞാന്‍ ആദ്യം ഇടപെട്ടു. "നിങ്ങള്‍ അകത്തു കേറുമ്മാ . എന്താണെങ്കിലും പുറത്തു നിന്ന് കരയണ്ട ഉള്ളില്‍ കേറി വാ"
"പോടാ ഹമുക്കെ. എന്നിട്ട് വേണം നിനക്ക്. ഉം. ന്നെക്കൊണ്ടോന്നും പറയിക്കണ്ട" ഉമ്മ ദേഷ്യത്തിലാ.
എന്റെ ചെറുപ്പത്തില്‍ മാത്രമേ ഇത്ര ദേഷ്യത്തില്‍ ഉമ്മയെ കണ്ടിട്ടുള്ളൂ.
സംഗതി പുലിവാലാണല്ലോ പടച്ചോനെ. എന്ത് പണ്ടാരമാ പ്രശ്നം.
"നിങ്ങള്‍ എല്ലാരും പോയ്കോ . ഇത് ഞാന്‍ ചോതിച്ചോളാം". ഞാന്‍ പ്രശ്ന പരിഹാരതിനിറങ്ങി.
"അല്ല എന്താ പ്രശ്നമെന്ന് ഞങ്ങള്‍ക്കും അറിയണമല്ലോ?" നാട്ടുകാരില്‍ ചിലര്‍.
ആഹാ. നീയൊക്കെ പ്രശ്നം അറിഞ്ഞാലേ പോവൂ? എന്റുമ്മ, എന്റെ വീട്. ഇത് ഞാന്‍ തീര്‍ത്തോളാം. മക്കള് വിട്ടോ" എന്റെ ക്ഷമ നശിച്ചു തുടങ്ങി.
"അതല്ല ഇത് ഞങ്ങള്‍ നാട്ടുകാരെ കൂടി ബാധിക്കുന്ന വിഷയമാ. നിന്റുമ്മ ഏതോ ഒരു പെണ്ണിന്റെ കാര്യവും പറഞ്ഞു അതാ ഞങ്ങള്‍കറിയേണ്ടത്"
അപ്പോള്‍ അത് ശരി. അതാണ്‌ കാര്യം. പെണ്‍വിഷയമല്ലേ എന്തോരാകാംക്ഷ.
(അല്ലെങ്കിലും നാടുകാരിങ്ങനെയാ. പെണ്‍ വിഷയമെന്ന് കേട്ടാല്‍ വിളക്കത്ത് ഈയംപാറ്റ കണക്കെ ഓടി ക്കൂടും) ഇവരെല്ലാം കൂടെ ഈ നാട് നന്നാക്കിയേ അടങ്ങു.

"എന്താ ഉമ്മാ ഞങ്ങളോട് പറ"
അപ്പോഴാണ്‌ ഉമ്മ ഒരു കത്തെടുത്തു കൊടുത്തത്.
"ങ്ങള് ഇത് വായിച്ചു നോക്കി എനിക്ക് ഈ മുറ്റത്ത്‌ നിന്ന് കിട്ടിയതാ"
ങേ. ഇതെവിടുന്നു പ്രത്യക്ഷപെട്ടു. ഞാനും വിചാരിച്ചു.

"എന്റെ പ്രിയ സുവിന്"
'സു' വോ. ഞാനൊന്ന് ചിരിച്ചു. ഇതെന്താണിപ്പോള്‍?!
"എന്നെ ഇന്നലെ ഒരുപാട് കാത്തിരുന്നല്ലേ. എന്ത് ചെയ്യാനാ ഇക്കാ. വരാന്‍ പറ്റിയില്ല, എന്നോട് ദേഷ്യമാ അല്ലെ . സാരമില്ലാട്ടോ. ഇക്ക ദേഷ്യപ്പെടുന്നത് കാണാനും എനിക്കിഷ്ടമാ"
ഇതെന്താ ഇപ്പോം. കേടുകൊണ്ടിരുന്ന ഒരാള്‍.
എന്നാല്‍ പെട്ടെന്നാണ് എനിക്ക് സംഗതി ബോധ്യപ്പെട്ടു തുടങ്ങിയത്.
പടച്ചോനെ ഇതവള്‍ ഇന്നലെ തന്ന കത്താണല്ലോ. ഇതെങ്ങിനെ ഉമ്മയുടെ കയ്യില്‍ വന്നു. ഇന്നത്തോടെ എല്ലാം കഴിഞ്ഞു. ഞാന്‍ മെല്ലെ രംഗത്ത് നിന്നും വീടിനുള്ളിലേക്ക് വലിഞ്ഞു. ഇനി കയറി ഇടപെടാനും പറ്റില്ല. നാട്ടില്‍ അത്യാവശ്യത്തിനു നല്ല ഒരു പേരുണ്ടായിരുന്നു. അത് ഇതോടെ ടിം. ന്റെ പടച്ചോനെ.

"ങ്ങള് ബാക്കി കൂടെ വായിക്കീന്നു" അവിടെയാ പ്രശ്നങ്ങളുടെ തുടക്കം.

"ഇക്ക ഇന്നലെ വാങ്ങിച്ചു തന്ന മാല ഇല്ലേ. എനിക്കൊരുപാടിഷിടപ്പെട്ടു കേട്ടോ. ഇനി ഞാന്‍ അതെന്നും എന്റെ കഴുത്തിലിടും. അത് കഴുത്തേല്‍ അങ്ങിനെ കിടന്നാല്‍ എന്റിക്ക എന്റടുത്തു ഉള്ളപോലെയാ എനിക്കെപ്പോഴും. എന്ത് തോന്നി ഇങ്ങനെയൊന്നു വാങ്ങി തരാന്‍? എന്നെ അത്രക്കിഷ്ടാണോ? പൊതി തരുമ്പോള്‍ പോലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല അതിനുള്ളില്‍ ഒരു മാലയാണെന്ന്"

"ങ്ങള് നോക്കി. ന്റെ മോന്റെ പണി. ഇവിടെ മര്യാദക്ക് ഒരു സാദനം വാങ്ങി തരാന്‍ പറഞ്ഞാല്‍ അവന്‍ വാങ്ങി തരൂല. ഓള്‍ക്ക് സ്വര്‍ണത്തിന്റെ മാല വാങ്ങി കൊടുക്കാന്‍ അവനു പൈസയുണ്ട്., ഇപ്പഹയനോക്കെ ഞാന്‍ തന്നെ ആണല്ലോ പടച്ചോനെ പെറ്റത്" ഉമ്മ കലി തുള്ളി തുടങ്ങി.

"ഇനി ഇങ്ങള് ആ കത്തിങ്ങ് തരി. ഇതിനു എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം" ഉമ്മ
.
"ആരാ ഈ കക്ഷി?" നാടുകാര്‍ ആകാംക്ഷ പൂരിതരായി. അവര്‍ക്ക് പുതിയ കഥയുണ്ടാകാന്‍ വകയുണ്ടായില്ലേ.

"ആ പണ്ടാര പഹച്ചി. ആമിന. അനങ്ങിയാല്‍ അവനവിടാ. ഞാനാദ്യം കരുതിയത്‌ ടി വി കാണാന്‍ പോവുകാന്നാ. പിന്നെ രാവിലെ ഒരുമിച്ചു ആണ് പോക്ക് എന്ന് ആരോ പറഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചു ഞങ്ങള്‍ അടുതുള്ളവരല്ലേ.. ആള്‍ക്കാര്‍ വെറുതെ പറയുകയായിരിക്കുംന്നു"

സംഗതി നാട്ടുകാര്‍ ഏറ്റെടുക്കാന്‍ പിന്നെ അധികം സമയം വേണ്ടി വന്നില്ല
.
"എടാ നീ അകത്തോളിക്കാതെ ഇങ്ങു പുറത്തു വാ. നീ അവള്‍ക്കു മാല വാങ്ങി കൊടുത്തിട്ടുണ്ടോ? നിങ്ങള്‍ തമ്മില്‍ എന്താ?"

വിചാരണ തുടങ്ങി. ഞാനൊന്നും മിണ്ടിയില്ല. മിണ്ടാനുള്ള ധൈര്യമൊന്നും എനിക്കുണ്ടായിരുന്നില്ല.

എന്റെ എല്ലാ സ്വപ്നങ്ങളും തകര്‍ന്നു തുടങ്ങുകയായിരുന്നു.
പ്രശ്നം വഷളായി. ഉമ്മ നേരിട്ട് അവളുടെ വീട്ടില്‍ പോയി. ഒച്ചപാടും ബഹളവും.

"അവന്‍ വാങ്ങി തന്ന സ്വര്‍ണ മാല തിരിച്ചു തരണം, ഇനി എന്റെ മോനെ മേലാല്‍ കണ്ടു പോകരുത്"

" അങ്ങിനെ ഒരു മാല അവന്‍ വാങ്ങി തന്നിട്ടില്ല" ആമിന വാശി പിടിച്ചു.

"പിന്നെ ഈ കത്ത് ആരെഴുതിയതാ. നീ അല്ലെടീ?". ഉമ്മ ഉറഞ്ഞു തുള്ളുകയായിരുന്നു.
.
അതോടെ രണ്ടു കുടുംബങ്ങള്‍ അകലുകയായിരുന്നു. എത്ര സന്തോഷമായിരുന്നു . ഒന്ന് നീട്ടി വിളിച്ചാല്‍ ഓടിയെത്താവുന്ന അകലത്തിലുള്ള വീട്. ഒരു വയലിന് അപ്പുറവും ഇപ്പുറവും.
എന്ത് വിശേഷങ്ങളിലും അവര്‍ ഒന്നായിരുന്നു. നാട്ടിലെ പേരെടുത്ത രണ്ടു കുടുംബങ്ങള്‍.

കാരണവന്മാര്‍ ഇടപെട്ടു. ആകെ നാറി വഷളായി. ഉമ്മ എല്ലാത്തിനും മുകളില്‍ ഭദ്ര കാളിയായി ഉറഞ്ഞു തുള്ളി.

ആ പഹച്ചി അവളാ ഇതൊക്കെ കാരണം. നല്ലോണം നടന്നിരുന്ന ന്റെ കുണ്ടനെ കയ്യും കാലും കാട്ടി മയക്കീട്ടിപ്പോം. ഓള്‍ എന്തോ കൈ വിഷം കൊടുത്തിട്ടുണ്ട്‌ ഓന്. അല്ലാതെ ന്റെ മോന്‍ അങ്ങിനെയൊന്നും ചെയ്യൂല"
(ഇപ്പോഴും ഞാനോര്‍ക്കുന്നു. എന്തിനായിരുന്നു ഉമ്മ അത്ര എതിര്‍ത്തത്? ഇന്നും ഒരു സമസ്യ പോലെ എനിക്ക് മനസിലാകാത്ത ഒരു വിഷയമാ ഇത്)

ഇതും കൂടെ കേട്ടതോടെ അവളുടെ കുടുംബവും ഇളകി.
ആദ്യം നിങ്ങള്‍ നിങ്ങളെ മോനെ നന്നാക്കാന്‍ നോക്കി തള്ളെ" (ഇത്തേ... എന്ന് വിളിച്ചവര്‍ ശൈലി മാറ്റി)
"ഇനി നിങ്ങളെ മോനെങ്ങാന്‍ ഈ ചുറ്റുപാട് വന്നാല്‍ അവന്റെ കാല്‍ ഞങ്ങള്‍ തല്ലിയൊടിക്കും".

അവളുടെ കോളേജ് പഠനം മുടങ്ങി. പല തവണ അവളെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അവളെ പുറത്തെങ്ങും വിടാതെ റൂമില്‍ അടച്ചിരിക്കുകയാണെന്ന് കേട്ടു.

രാത്രി പുറത്തിറങ്ങി അവളുടെ വീടിനു ചുറ്റും കറങ്ങി നടന്നു ഞാന്‍. പക്ഷെ ഒരു രക്ഷയുമുണ്ടായില്ല. പിന്നീട് കേട്ടു. അവളെ ദൂരെ എവിടെയോ ബന്ധുക്കളുടെ വീടിലേക്ക്‌ അയച്ചു എന്ന്. എനിക്കറിയാവുന്ന അവളുടെ കുടുംബങ്ങളിലോക്കെ ഞാന്‍ പലരെയും വിട്ടു അന്വേഷിപ്പിച്ചു. അവിടെങ്ങും അവളുണ്ടായിരുന്നില്ല.

എന്റെ വീട്ടിലും കാര്യങ്ങള്‍ ജോറായി നടക്കുകയായിരുന്നു.
ഇവനെ ഇങ്ങിനെ ഇവിടെ വിട്ടാല്‍ ശരിയാവില്ല. നിങ്ങള്‍ അവനൊരു വിസ ശരിയാക്ക്. ഉമ്മയുടെ എമര്‍ജന്‍സി സന്ദേശം ഉപ്പാക്ക്.
ഒടുവില്‍ എല്ലാ ദുഃഖ ഭാരങ്ങളും പേറി, നിരാശാ കാമുകനായി ഞാന്‍ കടല്‍ കടത്തപ്പെട്ടു.

പിന്നീട് പല തവണ കൂട്ടുകാര്‍ വഴി അന്വേഷിച്ചെങ്കിലും ഒന്നും അറിയാന്‍ കഴിഞ്ഞില്ല അവളെ പറ്റി.
അത്രക്കും ശക്തമായ പ്രതിരോധം ആയിരുന്നു അവര്‍ എനിക്കെതിരെ അവള്‍ക്കു ചുറ്റും തീര്‍ത്തത്. പാവം എന്നെ ഒന്ന് ബന്ധപ്പെടാന്‍ കൂടി അവള്‍ക്കു പറ്റിക്കാണില്ല.
പിന്നീടറിഞ്ഞു അവര്‍ വീടും പറമ്പും വിറ്റു ഞങ്ങളുടെ അടുത്തു നിന്നും മാറിയെന്നും. അവളുടെ കല്യാണം കഴിഞ്ഞെന്നുമൊക്കെ.

" അതേയ്. ഇങ്ങിനെ ഇരുന്നാല്‍ മതിയോ? ബാകി ഉള്ള തേങ്ങ കൂടെ പെറുക്കി കൂട്ട്"
ഈ ചാത്തനെപ്പോഴാ തെങ്ങിന്മേല്‍ നിന്ന് താഴെ ഇറങ്ങിയത്‌? ഓര്‍മയില്‍ നിന്നും തിരികെ വന്നു.

************************************

ഇന്നും എന്റെ മനസ് നീറുന്നു അന്ന് ഞാനവള്‍ക്ക് ചന്തയില്‍ നിന്നും വാങ്ങി കൊടുത്ത "രണ്ടു രൂപയുടെ മുത്ത്‌ മാല" കാരണം ഉണ്ടായ പുകിലോര്‍ത്തു.

എങ്കിലും എന്റെ ആമിനാ. നിനക്ക് അവരോടു തുറന്നു പറയാമായിരുന്നു അത് മുത്ത്‌ മാലയാണെന്ന് സ്വര്‍ണമാല അല്ലായിരുന്നെന്നും. എന്തെ നീ ഒന്നും മിണ്ടാതിരുന്നു.
നീ കരുതുന്നുണ്ടാവും ഞാനെന്തേ പറയാതിരുന്നതെന്നല്ലേ. പറഞ്ഞിരുന്നു ഞാന്‍ ഒരുപാട് തവണ. പക്ഷെ എന്റെ വാക്കുകള്‍ ആരും ചെവി കൊണ്ടില്ല.

എങ്കിലും എന്റെ ആമിനാ. 'എത്ര ദൂരത്താണ് ഇക്കയെങ്കിലും ഞാനെന്നും ഇക്കയോടൊപ്പം ഉണ്ടാവുമെന്ന്' നീ എഴുതിയ വാക്കുകള്‍ ഇന്നും ഞാനെന്‍ മനസ്സില്‍ സൂക്ഷിക്കുന്നു.
എന്തെ നീ എന്നില്‍ നിന്ന് ഇത്ര വേഗം അകന്നത്. ഇന്നും എനിക്കറിയില്ല നീ എവിടെ എന്നും എന്ത് ചെയ്യുന്നെന്നും. ഇനിയെങ്കിലും പ്രതീക്ഷിക്കാമോ നമ്മള്‍ക്കാ പഴയ കാലം.

"ഉപ്പാ. എനിക്കാ പാവ വേണം"
കാറില്‍ നിന്നും ഇറങ്ങിയ ഉടനെ മോള്‍ കടയില്‍ തൂക്കിയിട്ട പാവ ചൂണ്ടി പറഞ്ഞു.
"കുറച്ചു നേരമായി ഞാന്‍ കാണുന്നു. ശ്രദ്ധ വണ്ടി ഓടിക്കുന്നതിലോന്നും അല്ലായിരുന്നല്ലേ" എന്റെ പ്രിയ ഭാര്യ.
"ഞാനെന്തോ പഴയ കാര്യം ഓര്‍ത്തങ്ങിനെ"......
"തല്‍കാലം എന്റിക്ക പുതിയ കാര്യം ഓര്‍ത്തു നടക്ക്. മോള്‍ക്ക്‌ ആ പാവയെ വാങ്ങി കൊട്. ഇല്ലെങ്കില്‍ അവള്‍ സമാധാനം തരില്ല"

ആമിനാ ഇപ്പോള്‍ ഒരുപാട് വൈകി പോയില്ലേ നമ്മള്‍? എന്റെ മനസ്സില്‍ ഇന്നും നീ ഉണ്ട്. മായാത്ത ഓര്‍മയായി. എന്റെ യീ ഓര്‍മ്മകള്‍ നിനക്കായി സമര്‍പ്പിക്കുന്നു.

(ഇത് വെറുമൊരു കഥയാണ് കേട്ടോ. ഓര്‍മ കുറിപ്പ് പോലെ എഴുതി എന്നേയുള്ളൂ.)

Tuesday, May 4, 2010

"ഞങ്ങടെ കുട്ട്യേടത്തി"

നീ എന്താ ആലോചിക്കുന്നത്..... കൂടെയുള്ള സുഹുര്‍ത്ത് ചോദിച്ചു...
ഞാന്‍ പറഞ്ഞു "എന്നാലും കുട്ടിയേടത്തി"........
"അത് സാരമില്ലെടാ പോട്ടെ... നീ അറിഞ്ഞു കൊണ്ടല്ലോ"...
മനസില്‍ എന്തോ വല്ലാത്തൊരു വിഷമം..... കൂടുകാരോട് യാത്ര പറഞ്ഞു ബസ്‌ സ്റ്റാന്റ്ലേക്ക്  തിരിച്ചു.
ബസ്‌ കയറി യാത്ര പുറപ്പെട്ടു എന്റെ ഗ്രാമത്തിലേക്ക്.
മനസ്സില്‍ എന്തൊക്കെയോ ചിന്തകള്‍ കടന്നു വരികയായി.

കോഴിക്കോട് നിന്ന് ജോലി കഴിഞ്ഞു വീട്ടിലെത്താന്‍  രാത്രി ഒരു പാടാവും....
വൈകിട്ട് അഞ്ചു മണിക്ക് കഴിയുന്ന ജോലിയാ. പക്ഷെ ഓഫീസില്‍ നിന്ന് കഥ പറഞ്ഞിരുന്നു പുറത്തിറങ്ങുമ്പോഴേക്കും തന്നെയാവും ആറു മണി. പുറത്തിറങ്ങി ഒന്ന് കറങ്ങും... കൂട്ടുകാര്‍ക്കൊപ്പം നഗരത്തിലെ ഏറ്റവും നല്ല ഒരു സിനിമ. ചിലപ്പോള്‍ ബീച്ചില്‍ പോയിരിക്കും.....

ഇതെല്ലം കഴിയുമ്പോഴേക്കും രാത്രി പത്തു മണി. പിന്നെ എന്റെ ഗ്രാമത്തിലേക്ക് ബസില്‍ ഒരു മണിക്കൂര്‍ യാത്ര........ ബസ്‌ കാത്തുള്ള തിരക്കും...... ഭാഗ്യമുണ്ടെങ്കില്‍ കിട്ടുന്ന സീറ്റും.. എല്ലാം കൂടെ എത്തിപ്പിടിച്ച്‌ അങ്ങെത്തുമ്പോഴേക്കും   പന്ത്രണ്ടു മണി....... വെറുതെയല്ല നാട്ടുകാര്‍ എന്നെ 'മയില്‍ വാഹനം' ബസ്‌ എന്ന് പറയുന്നത്.

(കോഴിക്കോട് നിന്നും പാലക്കാട്ടെ ഒരു ഗ്രാമത്തിലേക്കുള്ള ബസ്‌ ആണ് മയില്‍ വാഹനം... ആ ബസ്‌ അവിടുത്തെ നാട്ടുകാര്‍  ഇത് വരെ കണ്ടിട്ടില്ലെന്നാ ശ്രുതി...... വൈകിട്ട് നാല് മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെട്ടു നാടും നഗരവും താണ്ടി അവിടെയെത്തുമ്പോള്‍ രാത്രി ഒരു മണി.. പുലര്‍ച്ചെ നാല് മണിക്ക് അത് പുറപ്പെട്ടു പോരും. ബസ്‌ വരുമ്പോഴും പോകുമ്പോഴും നാട്ടുകാര്‍  നല്ല ഉറക്കത്തിലായിരിക്കും. പിന്നെങ്ങിനെയാ അവരിത് കാണുക)

ഇനി ഞാന്‍ നാടെത്തി  ബസ്‌ ഇറങ്ങിയാലോ? പതിവ് ടീം ഉണ്ടാവും ബസ്‌ സ്റ്റോപ്പില്‍ ........

പകലത്തെ ജോലിയൊക്കെ കഴിഞ്ഞു (എല്ലാവരും പല തരക്കാര്‍, ചുമടെടുപ്പുകാര്‍, കൂലിപ്പണി. ടാക്സി ഡ്രൈവര്‍. മണല്‍ വാരുന്നവര്‍) രണ്ടെണ്ണം 'വീശി' ഇരിക്കുകയാവും. ചിലര്‍ തൊട്ടടുത്ത രാമേട്ടന്റെ തട്ടു കടയില്‍ നിന്നും കട്ടന്‍ ചായയും "ആണ്‍ പ്ലയ്ടും' (പാവങ്ങളല്ലേ അങ്ങിനെ പറയാനേ അറിയൂ, നിങ്ങള്‍ ക്ഷമിച്ചു കള, കൂടാതെ രാമേട്ടന്റെ കാര്‍ഡ്‌ ബോര്‍ഡ് കഷ്ണതിലെഴുതിയ ബോര്‍ഡും, ഇന്നത്തെ സ്പെഷ്യല്‍ : കട്ടന്‍ ചായ & 'ആണ്‍ പ്ലേറ്റ്'.... സ്പെഷ്യല്‍ ഒരിക്കലും മാറാറില്ല.. ) കഴിക്കുന്നുണ്ടാവും.....

"എന്താ മോനെ ഇന്നത്തെ വിശേഷം" രാമേട്ടന്‍ തുടങ്ങി കഴിഞ്ഞു.....
സംസാരിക്കുന്നതിനിടയില്‍ തന്നെ എനിക്കുള്ള മുട്ട എടുത്തു പൊട്ടിച്ചു പൊരിക്കാന്‍ തുടങ്ങിയിട്ടുണ്ടാവും..

ഒരു കട്ടന്‍ ചായയും അതും എന്നും എനിക്കുള്ളതാ....... പൈസ ചോദിക്കുകയുമില്ല.... കിട്ടുമ്പോള്‍ അങ്ങ് കൊടുക്കും. അത് വാങ്ങി വെക്കും...

"നീ എന്റെ കൂടുകാരന്റെ മോനാ... നിനക്കിവിടെ എന്തും കഴിക്കാം"...... എന്ന് പറയുകയല്ലാതെ ഒരിക്കല്‍ പോലും പൈസ വാങ്ങാതിരുന്നിട്ടില്ല... പക്ഷെ ഞാന്‍ കൊടുക്കുന്നത് എണ്ണി നോക്കാറില്ല എന്ന് മാത്രം. നോക്കാതെ നേരെ കീശയിലിടും. (പക്ഷെ മറ്റാരോടും കണക്കു പറഞ്ഞു വാങ്ങും..... കൊടുത്തില്ലേല്‍ വീട്ടില്‍ കെട്ടിക്കാനായ രണ്ടു പെണ്മക്കളുടെ "കഥന കഥ" സഹിക്കേണ്ടി വരും... അതാ രാമേട്ടന്‍........

പറഞ്ഞു വന്ന കാര്യം മറന്നു..... ഞാന്‍ അന്നത്തെ പട്ടണത്തിലെ കാര്യമെല്ലാം പൊടിപ്പും തൊങ്ങലും വെച്ച് പറയും...... മോഹന്‍ലാല്‍ ഷൂട്ടിങ്ങിന്  വന്നതും. പിന്നെ പാര്‍ട്ടിക്കാരുടെ    പ്രതിഷേധ പ്രകടനത്തിന് അടി ഉണ്ടായതും..... അന്നത്തെ പുതിയ സിനിമ വിശേഷവും........ എല്ലാവരും എന്റെ ചുറ്റും കൂടും.....

"അല്ല ഇന്നലെ നമ്മുടെ മന്ത്രി വന്നിരുന്നെന്നു കേട്ടു". ചന്ദ്രേട്ടന്‍...
മൂപ്പരാ ഇത്തിരി ലോക വിവരവും ഇടയ്ക്കിടെ പട്ടണത്തിലൊക്കെ  പോകുന്ന ആളും.. കൂടെ മുടിഞ്ഞ പാര്‍ട്ടി സ്നേഹവും.....(ഏതു പാര്‍ട്ടിയെന്നു പറയണ്ടല്ലോ.......)

ഇന്നെന്താ രാജൂ........  ഒരുഷാറില്ലാതെ...... ഓട്ടമില്ലായിരുന്നോ?

'അതല്ല അവന്റെ "കുട്ട്യേടത്തിക്ക് സുഖമില്ല..... അതാ'.......... അത് കേട്ടു എല്ലാവരും കൂടെ ചിരിച്ചു........

ഇനിയാണ് നമ്മുടെ കഥാ നായികയുടെ വരവ്...... കുട്ടിയേടത്തി......... ഞങ്ങളുടെ എല്ലാം രോമാഞ്ചം.......

പുള്ളിക്കാരിയുടെ കണവന്‍ കുറെ വര്‍ഷങ്ങള്‍ മുമ്പേ തൂങ്ങി ചത്തു. (എന്റെ ചെറുപ്പം മുതലേ ഞാന്‍ കാണുന്ന കുട്യേടത്തി ഇങ്ങനെയാ)

കുട്ടിയേടത്തി അന്നേ ആളത്ര ശരിയല്ല... കുട്ട്യേടത്തിയുടെ അടുത്ത് "സംബന്ധം" കൂടാനാരോ വന്നത് കണവന്‍ കണ്ടുവെന്നും, അവര്‍ തമ്മില്‍ കയ്യാങ്കളി ആയെന്നും.. ഒടുവില്‍ അവന്‍ തല്ലിക്കൊന്നു തൂക്കിയിട്ടെന്നുമോക്കെയാ പിന്നാമ്പുറ വര്‍ത്താനം...... അതെന്തായാലും നന്നായി..... അല്ലെങ്കില്‍ ഞങ്ങള്‍ നാട്ടുകാര്‍ക്ക് കുട്ടിയേടത്തിയെ  ഇങ്ങിനെ കിട്ടുമോ?


കുറെ വര്‍ഷമായി കുട്ടിയേടത്തി ഒറ്റക്കൊരു ചെറിയ കുടിലില്‍ താമസമാ.... പകല്‍ മുഴുവന്‍ ജോലിക്ക് പോകും. എന്ത് പണിയും ചെയ്യും. നാട്ടിലെ എല്ലാവരും ജോലിക്ക് വിളിക്കും....

കൂലിപ്പണി, വാര്‍ക്കപണി .... കൈക്കോട്ടു പണി. ആയിടെ ഞങ്ങളുടെ നാട്ടില്‍ റോഡ്‌ പണി തുടങ്ങിയപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ നിന്നും അവരോടോപ്പമുണ്ടായിരുന്നു ഏക വ്യക്തിയായിരുന്നു കുട്ടിയേടത്തി .....

അതാണ്‌ കുട്ടിയെടത്തിയുടെ മിടുക്കും. എവിടെയും കയറി മുട്ടും... ഒരു മടിയുമില്ലാതെ.

കാണാനത്ര ചന്തമൊന്നുമില്ല. ഇരു നിറം.... പക്ഷെ . എന്തോ ഒരു പ്രത്യേകത കുട്ടിയെടതിക്ക് ഉണ്ടായിരുന്നെന്ന് നാട്ടിലെ ചെറുപ്പക്കാര്‍ മുഴുവന്‍ പറയും.....

ഒരു കുഴപ്പമുണ്ടായിരുന്നു കുട്ടിയെടതിക്ക്....... രാത്രിയായാല്‍ വേലുവിന്റെ (ഞങ്ങളുടെ നാട്ടിലെ പ്രസിദ്ധനായ ചെത്തുകാരനും വാറ്റുകാരനും) വീട്ടില്‍ പോയി രണ്ടു ഗ്ലാസ്‌ നാടന്‍ അകത്താക്കും...

അത് വേലു കൊടുക്കുകയും ചെയ്യും.... കാരണം ..... കെട്ടിയോള്‍ ചത്തു പോയ അവനറിയാം കുട്ടിയെടത്തിയുടെ ' വീക്നെസ് '.

ഇനിയിപ്പോള്‍ നിങ്ങള്‍ക്കും സംശയമായല്ലേ........ ഇവിടെയാണ്‌ ഞങ്ങളുടെ കുട്ട്യേടത്തിയെ ചെറുപ്പക്കാരുടെ രോമാഞ്ചമാക്കുന്നത്.......
 രാത്രിയായാല്‍...... രണ്ടെണ്ണം വിട്ടാല്‍..... കുട്ടിയെടതിക്ക് പിന്നെ ബോധാമുണ്ടാവില്ല..... (എന്ന് കരുതി പറ്റെ ഓര്‍മയുണ്ടാവില്ലെന്നല്ല.)
കുട്ടിയെടതിക്ക് പിന്നെ അന്തിക്കൂട്ടിനോരാളെ വേണം....... തികച്ചും ഫ്രീ സര്‍വീസ്. ആരെങ്കിലുമോന്നായാല്‍ മതി....
 നാട്ടിലെ ചെറുപ്പക്കാര്‍ മുഴുവന്‍ രാത്രിയാവാന്‍ പ്രാര്‍ഥിക്കാന്‍ തുടങ്ങി...........
അന്യ ദേശങ്ങളില്‍ നിന്ന് വരെ ചെറുപ്പക്കാര്‍ വൈകുന്നേരങ്ങളില്‍ ഞങ്ങളുടെ നാട്ടില്‍ തമ്പടിച്ചു തുടങ്ങി..
 ഒടുവില്‍ വീട്ടില്‍ തിരക്കും, ചില രാത്രികളില്‍ കുട്ടിയെടത്തിയുടെ വീട്ടില്‍ അടി വരെ നടക്കാന്‍ തുടങ്ങിയപ്പോള്‍.....ഞങ്ങള്‍ നാട്ടിലെ ചെറുപ്പക്കാര്‍ സങ്കടിച്ചു.....
'കുട്ടിയേടത്തി ഞങ്ങളുടെ സ്വത്താ.... അന്യ ദേശക്കാര്‍ക്കിനി അതിലിടപെടാണോ വരാനോ അവകാശമില്ല'.....
ഞങ്ങള്‍ കമ്മിറ്റിയുണ്ടാക്കി. ഓരോരുത്തര്‍ക്കായി ഊഴം വരെ നിശ്ചയിച്ചു. പുതിയ ചെറുപ്പക്കാര്‍ക്ക് "തുടങ്ങാനുള്ള" അവസരം കൊടുത്തു.
അങ്ങിനെ അങ്ങിനെ......... കുട്ടിയേടത്തി.... ഞങ്ങളുടെ രോമഞ്ചമായി വിലസുന്നു.

ഇതെല്ലാമറിഞ്ഞിട്ടും കുട്ടിയേടത്തി ചിരിച്ചു.... പകല്‍ ജോലിക്കിടയില്‍ ആരെങ്കിലും അതിനെപറ്റി വല്ലതും ചോദിച്ചാല്‍ കുട്ടിയേടത്തി ഒന്ന് ചിരിക്കും .. അത്ര മാത്രം....

ആയിടക്കാണ് കുട്ടിയെടതിക്ക് എയിഡ്സ് ആണെന്നാരോ പറഞ്ഞു പരത്തിയത് (സ്ഥിരമായി  പറ്റുകാരനാവാനുള്ള ഏതോ ഒരുത്തന്‍റെ കുബുധിയാനെന്നു ആദ്യം എല്ലാവര്‍ക്കും തോന്നി)

എന്നാല്‍ ഞങ്ങളുടെ "രാത്രി കൂട്ടത്തില്‍" ചന്ദ്രേട്ടന്റെ അഭിപ്രായമിതായിരുന്നു. ...
'നിങ്ങള്‍ കുറെ പേര്‍ സ്ഥിരമായി കയറി നിരങ്ങുന്നതല്ലേ... ആര്‍കൊക്കെ എന്തൊക്കെ അസുഖമുള്ളവരാനെന്നാര് കണ്ടു?'
ഞങ്ങള്‍ക്കും ആ പറഞ്ഞത് ശരിയായിരിക്കും എന്ന് തോന്നി...... കുട്ടിയേടതിയുടെ അടുത്ത് പോവാനുള്ള ആവേശത്തില്‍ വേറൊന്നും ചിന്തിച്ചില്ല ആരും.
 പിന്നെ പിന്നെ കുട്ടിയേടതിയുടെ അന്തിക്കൂട്ടിന്റെ തിരക്ക് കുറഞ്ഞു വന്നു.. അതുകൊണ്ടാവണം കുട്ടിയേടത്തി തന്റെ പതിവ് "കുടി" എണ്ണം കൂട്ടി.. രണ്ടില്‍ നിന്നും മൂന്നും നാലും ആയി.

ചിലപ്പോള്‍ കുടി കൂടി വഴിവക്കില്‍ കിടക്കുക പതിവായി തുടങ്ങി......... എന്നിട്ടും കുട്ടിയേടതിയുടെ "സ്വഭാവം" മാറിയില്ല.... ചിലരൊക്കെ രാത്രിയുടെ മറവിലും വഴിവക്കില്‍ വെച്ചിട്ടാണെങ്കിലും കൂടെ ചെല്ലും. വരുന്നത് വരട്ടെ എന്ന് കരുതി. അല്ലെങ്കിലും ചക്കര കുടത്തില്‍ കയ്യിട്ടവന്‍ പിന്നെ വെറുതെ കയ്യെങ്കിലും ഇടയ്ക്കു നക്കി നോക്കുമല്ലോ.

അതിനിടയിലാണ് കുട്ടിയേടത്തി പറ്റെ സുഖമില്ലാതെ കിടപ്പിലാനെന്നറിഞ്ഞത്‌..
ആരും തിരിഞ്ഞു നോക്കാതായി. ഞങ്ങള്‍ എല്ലാവരും കൂടെ പിരിവെടുത്തു കുട്ടിയെടതിയെ ആശുപത്രിയില്‍ കൊണ്ടു പോയി..... (ഒന്നുമില്ലെങ്കിലും ഞങ്ങളുടെയൊക്കെ ഗുരുവല്ലേ)
കുറച്ചു ദിവസം കൊണ്ടു ക്ഷീണമൊക്കെ മാറി. തിരിച്ചു വന്നു. ഇനി മേലാല്‍ കുടിക്കരുതെന്നു പറഞ്ഞു. ഇനി മേലാല്‍ കുട്ടിയെടതിക്ക് കള്ള് കൊടുക്കില്ലെന്ന് വേലുവില്‍ നിന്ന് ഉറപ്പു വാങ്ങി.

കുട്ടിയേടത്തി തിരിച്ചെത്തിയെന്നു കേട്ട് പലരും രാത്രിയില്‍ കുട്ടിയേടതിയുടെ അടുത്ത് പുറത്തു നിന്നും കള്ളുമായി ചെല്ലാന്‍ തുടങ്ങി..... കിട്ടാതിരുന്നത് കിട്ടാന്‍ തുടങ്ങിയപ്പോള്‍ കുട്ടിയേടത്തി പഴേ ആളായി മാറി... അതോടെ ഞങ്ങള്‍ എല്ലാവരും അങ്ങോട്ട്‌ തിരിഞ്ഞു നോക്കാതായി .

ഇന്നലെ രാത്രി ജോലി കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ ഒരു പാട് വൈകിയിരുന്നു. ഏകദേശം രണ്ടു മണി ആയിക്കാണും. അങ്ങാടിയില്‍ പതിവ് ടീം ഉണ്ട്. തിരക്കുണ്ടെന്നു  പറഞ്ഞു ഞാന്‍ വീടിലേക്ക്‌ നടന്നു.
പോകുന്ന വഴിയിലാണ് കുട്ടിയേടതിയുടെ വീട്... വീട്ടു വഴിയില്‍ കുട്ടിയേടത്തി വീണു കിടക്കുന്നു..

എന്നെ കണ്ടതും പറഞ്ഞു. "മോനെ ഇത്തിരി വെള്ളം താ". വളരെ പതിഞ്ഞ ശബ്ദം.

കുട്ടിയേടത്തി "വെള്ളം" എന്നാണു കള്ളിന് പറയുക ... കേള്‍ക്കേണ്ട താമസം കുറെ ദിവസമായി പറയണം എന്ന് കരുതിയത്‌ മൊത്തമങ്ങു കൊടുത്തു. (ആശുപത്രിയില്‍ കൊടുത്ത ബില്ലിന്റെ ഭൂരിഭാഗവും എന്റെതായിരുന്നതിനാലുള്ള സങ്കടവും ഉണ്ടായിരുന്നു അതില്‍)
ഇനി മേലാല്‍ ഒറ്റ തുള്ളി "വെള്ളം" നിങ്ങള്‍ക്ക് തരില്ല. എത്ര പ്രാവശ്യം പറഞ്ഞതാ ഇനി കുടിക്കരുതെന്നു.. ഇല്ല തരില്ല ഞാന്‍. ഞാന്‍ നേരെ വീടിലേക്ക്‌ വിട്ടു.

നേരം വെളുത്തു. ജോലിക്ക് പോകാന്‍ ബസ്‌ സ്റൊപിലേക്ക് നടക്കുമ്പോള്‍ കുട്ടിയേടതിയുടെ വീടിന്റെ മുമ്പില്‍ ആള്‍ കൂട്ടം.. ഞാന്‍ ചെന്ന് നോക്കി. ഇന്നലെ രാത്രി ഞാന്‍ കണ്ട അതെ സ്ഥലത്ത് കുട്ടിയേടത്തി മരിച്ചു കിടക്കുന്നു. എന്റെ മനസ്സിനുള്ളില്‍ ഒരായിരം അഗ്നി പര്‍വതം പൊട്ടി.

വേഗം ഞാന്‍ റോഡിലേക്ക് നടന്നു.

മാപ്പ് കുട്ടിയേടത്തീ....... അവസാനമായി ചോദിച്ച ഒരു തുള്ളി വെള്ളം തരാന്‍ എനിക്ക് പറ്റിയില്ലല്ലോ.... എന്നോട് ക്ഷമിക്കില്ലേ.....

മനസ്സില്‍ വല്ലാതെ ഒരു വേദനയായി കുട്ടിയേടത്തി നില്കുന്നു.....
 ഇപ്പോഴും എന്നോട് ചോദിക്കുന്നു ......
"മോനെ ഇത്തിരി വെള്ളം താ" .......