Showing posts with label എന്‍റെ ചിന്തകള്‍. Show all posts
Showing posts with label എന്‍റെ ചിന്തകള്‍. Show all posts

Thursday, March 3, 2011

അകലുന്ന ബന്ധങ്ങള്‍


"ഉപ്പച്ചീ.. അത് നോക്കിക്കേഅമ്പിളി മാമന്‍.
മോളുടെ വിളി കേട്ടാണ് ഞാനും അത് കണ്ടത്.
ദൂരെ സൂര്യന്‍ അസ്തമിക്കുന്നത് നോക്കിയാണ് അവള്‍ പറഞ്ഞത്. 
വെറുതെ കടല്‍ തീരത്ത് ഭാര്യയേയും മോളെയും കൂട്ടി നടക്കാനിറങ്ങിയതാ. 
അവളെ കളിക്കാന്‍ വിട്ടു ഇത്തിരി മാറി ഇരുന്നു ഞാന്‍. 
"ഉം എന്താ ഇത്ര ആലോചനപുതിയ ബ്ലോഗിനുള്ള വകയായിരിക്കും.
അല്ലേല്‍ ഒന്നുമില്ലനിങ്ങളോട് മിണ്ടിയാല്‍ അത് ബ്ലോഗാക്കുംഞാനും മോളെ അടുത്തേക്ക് പോവുകയാ" എന്റെ പ്രാണ പ്രേയസി. 
"ഉപ്പച്ചീ.. വാ നമുക്ക് ഓടിക്കളിക്കാംഇവിടെ നല്ല രസമുണ്ട്"
തല്‍ക്കാലം ചിന്തകള്‍ക്കും മറ്റുള്ള എല്ലാ പരിപാടികള്‍ക്കും വിട പറഞ്ഞു ഞാനും അവളുടെ കൂടെ കൂടി.
ഓടാനും വെള്ളത്തിനടുത്തേക്ക്‌  ചാടി ഇറങ്ങാനുംതിരകളെ നോക്കി നില്‍ക്കാനും.
ഇടയ്ക്കു തിരമാലകള്‍ ആര്‍ത്തലച്ചു വരുമ്പോള്‍ പേരെഴുതി കളിക്കാനും.
അത് മായുമ്പോള്‍ സങ്കടത്തോടെഅയ്യോ അത് പോയല്ലോ എന്ന് പറയാനും. 
വാശിയോടെ പിന്നെയും പേരെഴുതാനും.. അങ്ങിനെ ഞാനും എന്റെ കെട്ടിയോളും അവളുടെ കൂടെ മറ്റു രണ്ടു കുഞ്ഞുങ്ങളായി മാറുകയായിരുന്നു. 
എത്ര സന്തോഷമാണ് ആ മുഖത്ത് ആ സമയത്ത് കണ്ടതെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ.
കുറച്ചപ്പുറത്ത് ഞങ്ങളുടെ ഈ കളികളെല്ലാം നോക്കി ഒരു കുടുംബം ഇരിക്കുന്നത് കണ്ടു. ഇടയ്ക്കു അവര്‍ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. 
ഒരു പക്ഷെ കളിയാക്കി ചിരിക്കുകയാവാം. ഇവരെന്താ ഈ കുട്ടികളെ പോലെ എന്ന്. 
കുഞ്ഞുങ്ങളെ അനങ്ങാന്‍ വിടാതെഇവര്‍ പിന്നെ എന്തിനാ ഇവിടെ വന്നതെന്നു ഞാന്‍ ചിന്തിക്കാതിരുന്നില്ല.
ഒടുവില്‍ സൂര്യാസ്തമയം കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍,  എന്റെ മൌനം കണ്ടു,  "ഉം നിങ്ങള്‍ക്ക് ആലോചിക്കാന്‍ വകുപ്പായി അല്ലെ" എന്നായി സഹധര്‍മിണി. 
                           
ശരിക്കും നമ്മള്‍ക്കെന്താ സംഭവിച്ചത്. കുടുംബ ബന്ധങ്ങളും സ്നേഹവും എല്ലാം എവിടെ പോയിമലയാളി ഇന്ന് തിരക്കുകളുടെ ലോകത്തായി മാറിയിരിക്കുന്നു.
കുടുംബങ്ങള്‍ ചെറു കുടുംബങ്ങളായി മാറി ഫ്ലാറ്റുകള്‍ക്ക് അകത്തേക്ക് ഒതുങ്ങിയിരിക്കുന്നു. അടുത്ത വീട്ടിലുള്ളവര്‍ ആരെന്നു പോലും അറിയാത്ത വിധം നാം മാറിയിരിക്കുന്നു.

പണ്ടൊക്കെ രാത്രികളില്‍ വീട്ടിലെ സ്ത്രീകള്‍ ഭക്ഷണം കഴിക്കാന്‍ കുടുംബ നാഥന്‍ വരാന്‍ കാത്തിരിക്കുമായിരുന്നു. എല്ലാരും ഒരുമിച്ചു ഭക്ഷണം കഴിക്കും. 
ഇന്നോ? വരുന്നവര്‍ ഓരോരുത്തരും അവരവരുടെ ലോകത്ത് തിരക്കിലായിരിക്കും.

തീന്‍ മേശയിലെ ആ ഇരുത്തത്തിനു  പ്രത്യേകത ഉണ്ടായിരുന്നു. മക്കളും അച്ഛനമ്മമാരും തമ്മിലുള്ള പ്രത്യേക ബന്ധം.
കുട്ടികള്‍ക്ക് ചോറ് വിളമ്പി കൊടുത്തുഅവരെ ഊട്ടിച്ചു,  അവര്‍ കഴിക്കുമ്പോള്‍ അത് വെറുമൊരു ഇരുപ്പായിരുന്നില്ല. മാതാ പിതാക്കളും കുട്ടികളും, സഹോദരങ്ങള്‍ തമ്മിലും ഉള്ള  ബന്ധത്തിന്റെ മറ്റൊരു ഊട്ടി ഉറപ്പിക്കല്‍  കൂടെ ആയിരുന്നത്.
കുഞ്ഞിനെ മാറോടടക്കി  പിടിച്ചു എടുക്കുന്ന എത്ര അമ്മമാരുണ്ടിപ്പോള്‍?
കുഞ്ഞുങ്ങളുടെ സ്ഥാനം, അമ്മമാരുടെ ഒക്കത്ത്  നിന്നും, തള്ളി കൊണ്ട് നടക്കുന്ന കൈ വണ്ടികള്‍ ഏറ്റെടുത്തിരിക്കുന്നു.  അവരെ എടുത്താല്‍ ഇട്ട വസ്ത്രങ്ങള്‍ ചുളിവു വരില്ലേ, സമൂഹം കണ്ടാല്‍ മോശമല്ലേ. 
കാലം മാറി തുടങ്ങിയിരിക്കുന്നു. കുഞ്ഞുങ്ങളെ വേലക്കാരികളുംആയമാരും കൊണ്ട് നടക്കുന്ന  കാലമായിരിക്കുന്നു.
മാറോടടക്കി പിടിച്ചുമുലയൂട്ടി വളര്‍ത്തിയ കുഞ്ഞുങ്ങളുടെ സ്നേഹംഒരിക്കലും ആയമാരാലുംവേലക്കാരികളാലും  നോക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക്‌, മാതാപിതാക്കളോട് ഉണ്ടാവുന്നില്ല  എന്ന് ശാസ്ത്രീയമായ അപഗ്രഥനങ്ങള്‍ തെളിയിച്ചിരിക്കുന്നു. 
പിന്നെ, അച്ഛനമ്മമാരെ വൃദ്ധ സദനങ്ങളില്‍ കൊണ്ടിടുന്നതിനു നമ്മള്‍ എന്തിനു അവരെ പഴിക്കണം. ഒരിക്കലും വൈകാരികമായ ഒരു ബന്ധം ഈ കുട്ടികള്‍ക്ക് അച്ഛനമ്മമാരോട് ഉണ്ടാവുന്നില്ല.

നമ്മളില്‍ എത്ര പേര്‍ കുട്ടികളെ കെട്ടി പിടിച്ചു ആശ്വസിപ്പിക്കാറുണ്ട് ? 
എന്തിനു നേരില്‍ കാണുമ്പോള്‍ കൈ കൊടുക്കാറുണ്ടോകൈ കൂട്ടി പിടിക്കുന്നതില്‍ പോലും വ്യക്തമായ സ്നേഹ ബന്ധങ്ങളുടെ ചലനങ്ങളുണ്ടെന്നാണ് ശാസ്ത്രീയ ചിന്ത.
ഒരു ചെറിയ ഉദാഹരണം പറയാം. ഗള്‍ഫില്‍ നിന്ന് നാട്ടില്‍ പോവുമ്പോള്‍ എയര്‍പോര്‍ട്ടില്‍ നമ്മെ കാത്തു നില്‍ക്കുന്ന മാതാപിതാക്കള്‍. കൂടെ നമ്മുടെ ബന്ധുക്കളോ കൂട്ടുകാരോ ഒക്കെ ഉണ്ടാവുംസ്വീകരിക്കാനായി. പുറത്തിറങ്ങുന്ന നാംആര്‍ക്കാണ് കൈ കൊടുക്കാറുള്ളത്?
കൂട്ടുകാര്‍ക്ക് കൊടുക്കുംചില ബന്ധുക്കള്‍ക്കും കൊടുക്കുമായിരിക്കും. ആരെങ്കിലും എപ്പോഴെങ്കിലും അച്ഛനമ്മമാര്‍ക്ക് കൈ കൊടുത്തിട്ടുണ്ടോഅവരെ കെട്ടി പിടിച്ചു സന്തോഷംഅല്ലെങ്കില്‍ സങ്കടം പങ്കിട്ടിട്ടുണ്ടോ?  ഉണ്ടാവില്ല.
നമുക്കൊക്കെ മടിയാണ്ഒരു പക്ഷെ ആരെങ്കിലും കണ്ടാല്‍ മോശമല്ലേ എന്നാ ചിന്ത ആയിരിക്കാം.  പക്ഷെ അവര്‍ അതിനായി കൊതിക്കുന്നുണ്ട് എന്ന വിവരം നമുക്കാര്‍ക്കെങ്കിലും  അറിയുമോ?
ഒരു സ്നേഹസാന്ത്വനംഅതൊരു കൈ പിടിത്തമാവാംകെട്ടി പിടുത്തമാവാംചിലപ്പോഴൊക്കെ നമ്മളും അറിയാതെ കൊതിച്ചു പോയിട്ടില്ലേ.

നാം പഴമയിലേക്കു പോയെ തീരൂ. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നമ്മെ പഴഞ്ചന്‍ എന്ന് വിളിച്ചാല്‍ അവരെ തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഞാനീ പറഞ്ഞത് വെറുമൊരു ചെറിയ സംഭവം. ഓര്‍ക്കാനും പറയാനും ഒരുപാട്. ഇനി നിങ്ങള്‍ തന്നെ ചിന്തിക്കുക.
ആദ്യം നാം നമ്മുടെ കുഞ്ഞുങ്ങളില്‍ നിന്നെങ്കിലും തുടങ്ങുക. നഷ്ട്ടപെടുന്ന സ്നേഹ ബന്ധങ്ങളെകൂട്ടി   ഉറപ്പിക്കുക. അവര്‍ അത് കണ്ടു പടിക്കട്ടെ.  നാം നഷ്ട്ടപ്പെടുത്തിയ നമ്മുടെ മാതാപിതാക്കളുടെ സ്നേഹം, അടുത്ത തലമുറ എങ്കിലും അനുഭവിക്കട്ടെ.

Wednesday, January 26, 2011

സമൂഹമേ മാപ്പ്...


 "എടീ വേഗം ഒരുങ്ങു, സ്കൂളില്‍ എത്തണം, നാളെ അഡ്മിഷന്റെ  അവസാന തീയതി ആണ്" 
'ഈ ഡ്രസ്സ്‌ മതിയോ'? കെട്ട്യോളുടെ ചോദ്യം. 
"മോശമാക്കേണ്ട നല്ല ഡ്രസ്സ്‌ ഇട്ടോ"
തിരക്കിട്ട് സ്കൂളില്‍ എത്തി. മോളെ അഡ്മിഷന് വേണ്ടി ഫോം എല്ലാം പൂരിപ്പിച്ചു കൊടുത്തു. 
"വരേണ്ട തീയതി അറിയിക്കാം" എല്ലാം വായിച്ചു നോക്കിയ പ്രിന്‍സിപ്പലിന്റെ കമന്റ്.
ഹാവൂ സമാധാനമായി. എല്ലാരും പറഞ്ഞു പേടിപ്പിച്ച പോലെ ഇന്റര്‍വ്യൂ ഒന്നും ഇല്ല. 
ഒരു പാട് പുസ്തകങ്ങള്‍ ഒക്കെ നോക്കി വായിച്ചു മോളെ പഠിപ്പിച്ചാ വരുന്നത്. 
കുറച്ചു ദിവസത്തിന് ശേഷം വിളി. നാളെ ഇന്റര്‍വ്യൂ . 
മോളെയും ഒരുക്കി ഇറക്കിഞാനും എന്റെ 'നല്ല പാതിയുംസ്കൂളിലേക്ക് വെച്ച് പിടിപ്പിച്ചു. 
"ഇരിക്കൂ"
"വേണ്ട ടീച്ചര്‍, ഞങ്ങള്‍ ഇവിടെ നിന്നോളാംഇന്റര്‍വ്യൂ   അവളോടല്ലേ".
"അല്ല നിങ്ങള്‍ ഇരുവരും ഇരിക്കൂ. ഇന്റര്‍വ്യൂ നിങ്ങള്‍ക്കാണ്." 
ങേ. ഞാനൊന്ന് ഞെട്ടി. ഇതെന്താ പാട്. പഠിക്കാന്‍ പോകുന്നത് എന്റെ  മോള്‍! 
ഇന്റര്‍വ്യൂ  ഞങ്ങള്‍ക്കോ?
ചോദ്യ ശരങ്ങള്‍ തുടങ്ങി... 
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളകേട്ടിട്ട് കൂടി ഇല്ലാത്ത പൊതു വിജ്ഞാന ചോദ്യങ്ങള്‍?
ഇംഗ്ലീഷ് ഭാഷയിലെ ഗ്രാമറിന്റെ പ്രാധാന്യം......
സംസാര ഭാഷയും എഴുത്ത് ഭാഷയും തമ്മിലുള്ള വ്യത്യാസം. 
എട്ടാം ക്ലാസു പോലും വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കള്‍  കിടന്നു വിയര്‍ത്തു കുളിച്ചു. 
ഇടയ്ക്കു മോളോടും ചോദിച്ചുകടിച്ചാല്‍ പൊട്ടാത്ത ചില "ഇംഗ്ലീഷ് ചോദ്യങ്ങള്‍".
 മലയാള വാക്കുകള്‍ തന്നെ മുഴുവനും പഠിച്ചു വരുന്ന ആ കുഞ്ഞിനോടും  ?!!!!!!!!!

വയസു കുറെ ആയെങ്കിലുംഅന്നാദ്യമായി സ്കൂളില്‍ ഇംഗ്ലീഷ് പഠിപ്പിച്ച മാഷെഇടയ്ക്കു വെറുതെ എങ്കിലും പത്രം വായിക്കാന്‍ പറയാറുള്ള ഉപ്പയെഅങ്ങിനെ എല്ലാരെയും ഓര്‍ത്തു. 
കോട്ടുംടൈയും കെട്ടി പത്രാസിനു മോളെ സ്കൂളില്‍ ചേര്‍ക്കാന്‍ പോയ ഞങ്ങള്‍ തിരിച്ചു വന്നത് പ്രിന്‍സിപ്പലിന്റെ  അവഞ്ജയോടെ ഉള്ള ചിരിയും കണ്ടു കൊണ്ട്.

തിരിച്ചു വീട്ടിലെത്തി കസേരയില്‍ ഇരുന്നു ആലോചിക്കാന്‍ തുടങ്ങി. 
തെറ്റ് ആരുടെ അടുത്താണ്?
 ഒടുവില്‍ ഉത്തരവും കിട്ടി. ശരിയാ എന്റടുത്തു തന്നെ.

ചെറിയ കുട്ടിയല്ലേബാല്യം നഷ്ട്ടപെടരുത് എന്ന് കരുതിവീട്ടിലും പറമ്പിലും ഓടിച്ചാടി കളിക്കാന്‍ വിട്ടു.
തുമ്പിയുടെയുംപൂമ്പാറ്റയുടെയും പുറകെ ഓടി നടന്നു കഥ പറയാന്‍ വിട്ടു. 
കണ്ണ് പൊത്തി  കളിച്ചും കല്ല്‌ കളിച്ചുംകോട്ടി "ഗോലി" കളിച്ചും, ഓലപമ്പരവും, ഓല പന്തും ഉണ്ടാക്കി,  പാറി പറന്നു നടക്കാന്‍ വിട്ടു.
ഇത്തിരി നല്ല, മലയാളം കുഞ്ഞി കവിതകളും, കുഞ്ഞി കഥകളും പറഞ്ഞു കൂട്ടുകാരോടൊപ്പം ആടി പാടുവാനായി,   നടന്നു പോകാവുന്ന ദൂരമുള്ള വീടിനടുത്തെ "ബാലവാടിയില്‍" വിട്ടു. 
പകരം ഒരുപാട് ദൂരെ, വണ്ടിയില്‍ യാത്ര ചെയ്തു, കഴുത്തിനിറുകുന്ന  ടൈയും കെട്ടി, എടുത്താല്‍ പൊങ്ങാത്ത പുസ്തകങ്ങളുമായി ഇംഗ്ലീഷ് മീഡിയങ്ങളിലേക്ക് വിട്ടില്ല.

കളിക്കേണ്ട ഒഴിവു സമയത്ത് പോലും  ട്യുഷനെന്നും പറഞ്ഞു വീട്ടിലിരുത്തി പഠിപ്പിച്ചില്ല.
എല്ലാരെയും പോലെ, വീട്ടിലെ പട്ടിയുടെയും, പൂച്ചയുടെയും പേരുകള്‍, "പപ്പ, ഡാഡി" എന്നും, 
പെറ്റമ്മയെ "ഈജിപ്ഷ്യന്‍ ശവത്തിന്റെ" പേര് (മമ്മി) എന്ന് വിളിക്കാന്‍ പഠിപ്പിച്ചില്ല. 
നാലാള്‍ കേള്‍ക്കെ ഡാഡി, മമ്മി എന്നിങ്ങനെ ഞങ്ങളെ വിളിക്കുന്നതാണ് അഭിമാനം എന്ന് പറഞ്ഞു പഠിപ്പിച്ചില്ല.
പകരം സ്നേഹത്തോടെ, ഉപ്പ, ഉമ്മ, അച്ഛന്‍, അമ്മ... എന്നിങ്ങനെ വിളിക്കാന്‍ പഠിപ്പിച്ചു.

വീടിനു പുറത്തിറങ്ങിയാല്‍, വെയില്‍ കൊണ്ട് കറുത്ത് പോകുമെന്നും, ദേഹത്ത് പൊടി ആകുമെന്നും പറഞ്ഞു വീടിനകത്ത് കുത്തി ഇരുത്തിയില്ല, പകരം തൊടിയിലേക്ക്‌ ഇറക്കി വിട്ടു.
മഴ പെയ്തപ്പോള്‍ മഴ നനയാതെ വീടിനുള്ളില്‍ അടച്ചിരുത്തി വാതിലുകള്‍ കൊട്ടിയടച്ചില്ല, കുട്ടികളല്ലേ, മഴ ആസ്വദിക്കട്ടെ എന്ന് കരുതി മഴ കൊള്ളാന്‍ അനുവദിച്ചു. 

ഇങ്ങിനെ തെറ്റുകള്‍ ഒരുപാട് ചെയ്തു കൂട്ടി. 
മാപ്പ് സമൂഹമേ, മാപ്പ്..........
ഞാനും ചേരയെ തിന്നുന്ന നാട്ടിലെത്തിയപ്പോള്‍  നടുക്കണ്ടം തന്നെ തിന്നണമായിരുന്നു. 


(ഈയിടെ മോളുടെ അഡ്മിഷന്‍ വേണ്ടി സ്കൂളില്‍ അന്വേഷിക്കാന്‍ പോയപ്പോള്‍, അവിടെ കണ്ട ഒരു കാഴ്ചയാണ് എന്നെ ഈ കുറിപ്പില്‍ എത്തിച്ചത് ഇതൊരു കഥയാണോ എന്ന് ചോദിച്ചാല്‍  കഥ അല്ല. ലേഖനമാണോ അതുമല്ല.  എന്റെ ചിന്തകളെ സന്നിവേശിപ്പിച്ചു എഴുതിയ ഒരു ഗദ്യം)

Sunday, January 16, 2011

ജന്മദിനാശംസകള്‍

ലുലു മോള്‍ക്ക്‌ ഒരായിരം ജന്മദിനാശംസകള്‍...
സ്നേഹത്തോടെ, ഉപ്പച്ചിയും ഉമ്മച്ചിയും, പിന്നെ ലുലുവിനെ  ഇഷ്ടപ്പെടുന്ന ഒരുപാട് പേരും..........
പാര്ടിയോ,  കേക്ക്  മുറിയോ, കയ്യടികളോ  ഒന്നുമില്ലാതെ, എന്റെ കൊച്ചു കുടുംബത്തോടൊപ്പം, നിശബ്ദമായി കൂടാന്‍ തീരുമാനിച്ചു മോളുടെ ഈ ജന്മ ദിനം.
അവളോട കൂടെയുള്ള അവളുടെ ആദ്യ ജന്മ ദിനമാണ് എനിക്കിത്.
നേരത്തെ അവളുടെ കുസ്രതി തരങ്ങള്‍ ഒരു  ഫോട്ടോ പോസ്റ്റ്‌ ഇട്ടിരുന്നതിനാല്‍, അവളെ അറിയുന്ന നിങ്ങളും അറിഞ്ഞോട്ടെ  എന്ന്  കരുതി. അത്ര മാത്രം.
മാന്ദ്യങ്ങളും, സാമ്പത്തിക അരക്ഷിതാവസ്ഥയും നില നില്‍ക്കുന്ന ഈ സമയത്ത് ഇത്തരം അനുകരണ പരിപാടികള്‍ക്കെന്തു പ്രസക്തി?
ചിലര്‍ പിശുക്കന്‍ എന്ന് പറഞ്ഞേക്കാം, പക്ഷെ, ചരട് കെട്ടിയ പട്ടത്തെ പോലെ,  ആരൊക്കെയോ നിയന്ത്രിക്കുന്ന, എന്റെ ജീവിതത്തില്‍, മറ്റൊന്നിനും ഞാനിപ്പോള്‍ പ്രാധാന്യം കല്‍പ്പിക്കാറില്ല.
എന്റെ പട്ടത്തിന്റെ താഴെ അറ്റത്ത്‌ പിടിക്കുന്നവന്‍ ആരാണോ, അവന്റെ താളത്തിനൊത്ത് തുള്ളുന്നു ഞാനിപ്പോള്‍, ഒന്നിനെ കുറിച്ചും ആലോചിക്കാതെ, ആകാശത്ത്  പാറി പറക്കുന്നു.
സ്വന്തമായി ചിന്തിക്കാന്‍ പോലും അവകാശമില്ലാതെ............. ഇടയ്ക്കിടെ ചരടിന്റെ ഉടമ മാറുന്നു എന്ന് മാത്രം.
പിന്നെ, ലോക ബാങ്കില്‍ നിന്നും കടമെടുത്ത ഇന്ത്യയെ പോലെ, ഒന്നിനും സ്വയം അഭിപ്രായം പറയാതെ, കഴിഞ്ഞു കൂടുന്നു.
കാരണം എന്റെ അഭിപ്രായ സ്വാതന്ത്ര്യം പോലും ഞാന്‍ അവര്‍ക്കായി പണയം വെച്ച് കഴിഞ്ഞു.
സോമലിയയെ പോലെയുള്ള ദരിദ്ര രാഷ്ട്രങ്ങള്‍, ബജറ്റില്‍ നിയന്ത്രണം വരുത്തുമ്പോള്‍ നാമൊരിക്കലും അവരെ പിശുക്കന്മാര്‍ എന്ന് വിളിക്കാറില്ല, കാരണം, പിശുക്കാന്‍ അവരുടെ അടുത്ത വല്ലതും വേണ്ടേ. ഇല്ലാത്തവന്‍ എവിടുന്നു എടുക്കാന്‍.........

മോളുടെ ജന്മ ദിനം അല്ലെ, കുറെ കാലമായി എന്റെ ബ്ലോഗ്‌ കാട് പിടിച്ചു കിടക്കുന്നു. ഒന്ന് പൊടി തട്ടി  എടുക്കാം. എന്ന് കരുതി ഒരു പോസ്റ്റ്‌ ഇട്ടു എന്നെ ഉള്ളൂ. പറഞ്ഞു കാട് കയറിയതില്‍ ക്ഷമിക്കുക.



Sunday, May 16, 2010

ഇതോ ആധുനിക സാഹിത്യം?

സങ്കടം കൊണ്ടെഴുതി പോകുന്നതാ.... നാം ഇത്തിരി മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... ബുദ്ധി ജീവികള്‍ എന്നാ പേരിലുള്ള കുറെ 'പെക്കൊലങ്ങളെ' അടിച്ചു തളിച്ച് പിണ്ഡം വെക്കെണ്ടിയിരിക്കുന്നു. കുറ്റിത്താടിയും, പാറിപ്പറന്ന മുടിയും, കുളിക്കാതെ, പോടീ പിടിച്ച വസ്ത്രങ്ങളും , ദിനേശ് ബീഡിയുമായി ഇപ്പോഴുമുണ്ട് നമുക്കിടയില്‍ ഇവര്‍. (സുന്ദരന്മാരായ ഒരുപാട് എഴുത്തുകാരെ മറന്നതല്ല, അവര്‍ ക്ഷമിക്കണം) അവര്‍ കരുതുന്നത് അതാണ്‌ സാഹിത്യമെന്നാ...
സാഹിത്യം അത് ചില പ്രത്യേക സമൂഹത്തിനു മാത്രമാണെന്നാ ഇക്കൂട്ടരുടെ ധാരണ. അവര്‍ പടച്ചു വിടുന്ന കടിച്ചാല്‍ പൊട്ടാത്ത വാക്യ പ്രയോഗങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങാന്‍ കുറെ 'കിഴങ്ങന്മാരും'.

നമ്മളെന്തേ ഇതൊന്നും തിരിച്ചറിയപ്പെടാതെ പോകുന്നത്.... സാഹിത്യം അത് എല്ലാവരിലേക്കും ഇറങ്ങി ചൊല്ലുതായിരിക്കണം... ലളിത സുന്ദരവും സരസവുമായ അവതരണം അത് കൂടുതല്‍ തലങ്ങളില്‍ വായനക്കാരെ ആകര്‍ഷിക്കും.. സാധാരണക്കാരെ സാഹിത്യത്തിലേക്ക് അടുപ്പിക്കും. അതിനു പകരം, ഈ 'ബു. ജീ.' എന്ന വര്‍ഗ്ഗം കാണിക്കുന്ന ചെയ്തികളുടെ പിറകെ പോകാതെ...

ജനങ്ങള്‍... എന്തിനു നാം സാധാരണക്കാര്‍ എങ്കിലും അതിനെതിരെ പ്രതികരിച്ചേ തീരൂ......... നമുക്കും കൂടെ അവകാശപ്പെട്ടതാണീ അവര്‍ മാത്രമൊതുക്കി വെക്കുന്നത്.....
ജന മനസുകളിലെക്കിറങ്ങി ചെല്ലുന്നതാവട്ടെ കൃതികള്‍. അതിനു പറ്റിയ പോംവഴി അവരെ അവഗണിക്കുക എന്നത് മാത്രമാ...

'ശ്രീനിവാസന്റെ ഏതോ ഒരു സിനിമയില്‍ പാര്‍ടി തോറ്റതിന്റെ വിശദീകരണമായി പറയുന്ന വാചകങ്ങള്‍ "ബൂര്‍ഷ്വകളും പാമരങ്ങളും തമ്മിലുള്ള മത്സരത്തില്‍, ഇടിവ് വന്ന മൂല്യച്ചുദിയില്‍, ചിന്തകള്‍ നഷ്ടപ്പെട്ടു പോയ ജനങളുടെ വികാര പ്രകടനമാണ് ഈ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്'.... (ജനങ്ങള്‍ വോട്ടു ചെയ്തില്ല, അതിനാല്‍ തോറ്റെന്നു പറഞ്ഞാല്‍ കാര്യം തീര്‍ന്നില്ലേ) ആര്‍കെങ്കിലും വല്ലതും മനസിലായോ. ഇതായിരിക്കരുത് സാഹിത്യം.. "അഴീക്കോടിന്‍റെ വാചക കസര്‍ത്തുകള്‍ മിമിക്രിക്കാര്‍ ഉപയോഗിക്കാന്‍ തുടങ്ങിയതെന്തേ, ആലോചിച്ചിട്ടുണ്ടോ? .... ഇതേ 'മൂല്യ ചുതി' തന്നെ പ്രശ്നം....

പണ്ട് നമ്മുടെ നാട്ടില്‍ വേദം കേള്‍കാന്‍ പോലും അവകാശമില്ലാതിരുന്ന ഒരു വിഭാഗമുണ്ടായിരുന്നു. പൂജയും, വേദങ്ങളും, ആരാധനയുമെല്ലാം തങ്ങളുടെ മാത്രമാണെന്ന ഗര്‍വായിരുന്നു അതിനു പിന്നില്‍.
പിന്നെ പിന്നെ കാലം മാറി.
ആ പഴയ കാല അവസ്ഥയില്‍ നിന്ന് നമ്മുടെ പുരോഗമന സാഹിത്യകാരന്മാര്‍ മാറേണ്ടിയിരിക്കുന്നു. നിങ്ങളുടെ എഴുത്തുകള്‍ സമൂഹത്തിലെ നാനാ വിധ ആളുകള്‍ക്ക് വേണ്ടിയാകട്ടെ. ...

എന്‍റെ ഒരു സുഹുര്‍ത്തിന്റെ വാക്കുകള്‍ (ഇത്തിരി തമാശയാണേ) , ലേഖനമെഴുതി വാരികയ്ക്ക് അയച്ചു കൊടുത്തു കാത്തിരിക്കുകയായിരുന്നു. പോയതിനെക്കാള്‍ വേഗത്തില്‍ തിരിച്ചെത്തി. സാഹിത്യ ഗുണമില്ല പോലും... ആശാനൊരു ചിന്ത..... കത്രികയെടുത്ത് എഴുതിയ കടലാസിന്റെ രണ്ട് വശവും (വലതു വശവും ഇടതു വശവും) വെട്ടി മാറ്റി ഫോടോസ്ടാറ്റ് എടുത്തു അയച്ചു കൊടുത്തു ആശാന്‍. പിറ്റേ ലക്കം അതാ വരുന്നു വാരികയില്‍ കവിത. കൂടെ നിരൂപണവും. ഇത്രയും ആശയ സമ്പുഷ്ടവും നൈസര്‍ഗികവുമായ കവിത ഈ അടുത്ത കാലത്തൊന്നും ഇറങ്ങിയില്ല പോലും. എഴുത്ത് കാരന്‍റെ ഭാവന ചിന്തകള്‍ക്കുമതീതമാണ് പോലും. പ്രത്യേക അഭിനന്ദനങ്ങള്‍. എങ്ങിനെയുണ്ട്..

ഇനി മറ്റൊരു തരക്കാര്‍.... ആധുനിക ചിത്രകാരന്മാര്‍. നമ്മുടെ പൂര്‍വികരായ ചിത്രകാരന്മാര്‍ വരച്ച ജീവസുറ്റ ചിത്രങ്ങളെ സ്മരിക്കാതിരിക്കാന്‍ വയ്യ.. ഓരോ ചിത്രങ്ങളും ഓരോ ആശയങ്ങളായിരുന്നു. ആര്‍ക്കും എളുപ്പത്തില്‍ മനസിലാക്കാവുന്ന, നമ്മോടു നേരിട്ട് സംവതിക്കുന്ന ചിത്രങ്ങള്‍. ഇന്നോ, കുറെ കുത്തിവരകള്‍, അതിനു ഉദാത്തമായ അഭിപ്രായങ്ങളും നിരൂപണങ്ങളും... നാം ഇതെല്ലാം മനസിലാക്കി തുടങ്ങേണ്ടിയിരിക്കുന്നു..

അടിക്കുറിപ്പ് : പ്രിയ സാഹിത്യകാരന്മാരെ. നിങ്ങളെയീ വാക് നോവിച്ചെങ്കില്‍ ക്ഷമിക്കുക.. പക്ഷെ നിങ്ങള്‍കുള്ള ഒരു തിരിച്ചറിവാകട്ടെ ഇത്.

Thursday, May 13, 2010

എന്‍റെ ചില നുറുങ്ങു ചിന്തകള്‍.....

എന്റെ പ്രിയ കൂട്ടുകാരാ...
ഉപചാര വാക്കുകളില്‍ ഒതുക്കാന്‍ തുടങ്ങിയിരിക്കുന്നു മലയാളികള്‍ സ്നേഹാന്വേഷണങ്ങള്‍ .........
ഒരു ഹായ്....... അല്ലെങ്കില്‍ 'ഹൌ ആര്‍ യു'? ......... എന്ത് പറ്റി നാം മലയാളികള്‍ക്ക്? ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് എത്തുന്ന സ്നേഹ വാക്കുകളാവട്ടെ നമ്മുടെ വാക്കുകള്‍.......
എന്തുണ്ട് സുഹുര്‍തെ നിന്‍റെ വിശേഷങ്ങള്‍? ............. അതെ വാക്കുകള്‍ തന്നെയാണ് 'ഹൌ ആര്‍ യു' എന്നും........ പക്ഷെ ഇംഗ്ലീഷ് ആകുമ്പോള്‍ അത് വെറുമൊരു ഉപചാരം ആയിപ്പോകുന്നു.. സ്വന്തം ഭാഷയില്‍ സംവദിക്കൂ.......... അതും വശ്യ സുന്ദരമായ നമ്മുടെ സ്വന്ത ഭാഷ ഉപയോഗിച്ച്.........

ഒരു പുഞ്ചിരി......... അത് നമ്മള്‍ക്ക് ഒന്നും നഷ്ട്ടപ്പെടുതുന്നില്ല. പക്ഷെ നേടിതരുന്നതോ വലിയ ഒരു സൌഹൃദ ലോകം. സംസാരിക്കുമ്പോള്‍ ചിരിക്കുന്ന മുഖത്തോടെ, സന്തോഷത്തോടെ സംസാരിച്ചു നോക്കൂ......... കേള്‍ക്കുന്നയാള്‍ക്ക് എന്തിഷ്ടമാകുമെന്നോ? കൂടാതെ അയാള്‍ പിന്നെ നിങ്ങളെ മറക്കുകയുമില്ല. അതിലുപരി ഇനിയും നിങ്ങളോട് സംസാരിക്കാന്‍ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്യും..........

തിരക്കുകള്‍ക്കിടയില്‍ വീര്‍പ്പു മുട്ടുന്ന പുതിയ സാംസ്കാരിക ലോകത്തിനു..... ഇതൊക്കെ നോക്കാന്‍ എവിടെ നേരം അല്ലെ........
സാരമില്ല...... എന്നാലും എപ്പോഴെങ്കിലും കണ്ടു മുട്ടുമ്പോള്‍ ഒരു പുഞ്ചിരി...... കൂടെ ഇത്തിരി നല്ല വാക്കുകള്‍ അത് മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ സമയം ഇല്ലെങ്കിലും ഞാനെങ്കിലും പ്രതീക്ഷിച്ചോട്ടെ ...............

നിങ്ങള്‍ ശ്രധിച്ചുട്ടുണ്ടോന്നറിയില്ല .. പാശ്ചാത്യന്മാര്‍ ഒരു ചെറിയ കാര്യം നാം ചെയ്‌താല്‍ പോലും നന്ദി എന്ന് തിരിച്ചു പറയും...... എന്തെങ്കിലും ആവശ്യപ്പെടുമ്പോള്‍ എക്സ്ക്യുസ് കൊണ്ടേ തുടങ്ങൂ....
നമുക്കും ചെയ്തുകൂടെ ഇതൊക്കെ. അവരുടെ മാത്രം കുത്തകയാണോ ഇതെല്ലാം...... നമ്മള്‍ മലയാളികള്‍ ഇതൊക്കെ പറയുന്നതില്‍ പിശുക്കന്മാരാണെന്നു തോന്നുന്നു.... (നാമിപ്പോള്‍ കുറേശെയായി പഠിച്ചു തുടങ്ങിയിട്ടുണ്ട്...... ദൈവത്തിനു നന്ദി)
അത് പോലെ തെറ്റ് ചെയ്‌താല്‍ (അത് നമ്മുടെ തെറ്റല്ലെങ്കില്‍ പോലും)"ക്ഷമിക്കണം" എന്ന് പറഞ്ഞു നോക്കൂ. കേള്‍ക്കുന്നവന്‍ എത്ര ചൂടനാനെങ്കിലും അതൊക്കെ പമ്പ കടക്കും. ഇനി അയാളുടെ തെറ്റാണെങ്കിലും നിങ്ങളുടെ ക്ഷമാപണം കേട്ടാല്‍ മനസ്സില്‍ ചെറിയ ഒരു കുറ്റ ബോധമെങ്കിലും തോന്നും. (പുറത്തു കാണിച്ചില്ലെങ്കിലും)

ഈയിടെ കഴിഞ്ഞല്ലോ ലോക മാതൃ ദിനം...... ആരെങ്കിലും ഓര്‍ത്തോ എന്തെങ്കിലും ?
ഓര്‍ക്കുക നമ്മെ നാമാക്കിയ, ഇന്നത്തെ നാമാക്കിയ.. നമ്മുടെ സ്വന്തം അമ്മയെ.....
ഒന്നുമില്ലായ്മയില്‍ നിന്നും കൂട്ടിപ്പിടിച്ച കൈകളുമായി ഈ ലോകത്തേക്ക് പിറന്നു വീണ നമ്മെ .......
കരയാന്‍ മാത്രമറിയാവുന്ന ...... സ്വന്തമായിട്ടും ഒന്നും ചെയ്യാനറിയാത്ത ........ എന്തിനു... അമ്മയുടെ മുലപ്പാല്‍ പോലും അമ്മ വായില്‍ വെച്ച് തന്നാലെ നമുക്ക് കുടിക്കാന്‍ കഴിയുമായിരുന്നുള്ളൂ ..... (ഹാ കഷ്ടം.... ഇത്രയും ബാലഹീനനാണോ നാം
മനുഷ്യര്‍, മറ്റു ജീവികള്‍ പ്രസവിച്ച ഉടനെ ആരും പറയാതെ തന്നെ അവര്‍ അമ്മയുടെ
അടുത്ത് പോയി പാല്‍ കുടിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? എന്നിട്ടും നടക്കുന്നു ലോകത്തിലെ ഉദാത്തന്മാര്‍ എന്നും പറഞ്ഞു....)
നല്‍കുക അവര്‍ക്കായി ഒരിത്തിരി നല്ല വാക്കെങ്കിലും..........
പരിചരിക്കുക, എപ്പോഴുമില്ലെങ്കിലും ഇടക്കെങ്കിലും ... ഒന്നുമില്ലെങ്കില്‍ അവരുടെ വാര്‍ധക്യ കാലത്തെങ്കിലും ......
കാരണം അവര്‍ ഇത്തിരി സ്നേഹം, സാന്ത്വനം എല്ലാം കൊതിക്കുന്ന സമയമാണ് അത്. പണ്ട് ചെറുപ്പത്തില്‍ നാം കൊതിച്ചത് പോലെ....... അതായിരിക്കട്ടെ നമ്മുടെ അവര്‍ക്കായുള്ള സമ്മാനം.

ക്ഷമിക്കണം..... എന്റെ ചില ചിന്തകളുടെ ഒരു കൂട്ടമാണിത്..... നിങ്ങോട് പറയണം എന്ന് തോന്നി.... പറഞ്ഞു... ചിലത് സ്ഥാനതാവം... ചിലത് അസ്ഥാനതാവാം. ക്ഷമിക്കുക....... നിങ്ങളെ അലോസരപ്പെടുതിയെങ്കില്‍ .... എനിക്കെന്‍റെ വീര്‍പുമുട്ടല്‍ മാറി.. എനിക്കത് മതി.......

ഇത് നിങ്ങള്‍ക്കൊരു പുതിയ ചിന്തക്ക് ...... അല്ലെങ്കില്‍ പുതിയ തുടക്കത്തിനു നിമിത്തമായെങ്കില്‍ ......... ഞാന്‍ ധന്യവാനായി....