Showing posts with label ഓര്‍മ്മക്കുറിപ്പുകള്‍‍. Show all posts
Showing posts with label ഓര്‍മ്മക്കുറിപ്പുകള്‍‍. Show all posts

Wednesday, November 10, 2010

"പുരകെട്ടു കല്യാണം"

താമസം ദേരയില്‍ നിന്നും ബര്‍ ദുബായിലേക്ക് മാറിയതോടെ, എന്നും രാത്രി അബ്രയില്‍ ഇരിക്കുക ഒരു പതിവാക്കിയിരിക്കുകയാണ് ഞാന്‍. വ്യത്യസ്ഥ നാട്ടുകാര്‍, നിറക്കാര്‍, ഭാഷ, വസ്ത്രം അങ്ങിനെ ഓരോരുത്തരും അബ്രയില്‍ വന്നിറങ്ങുന്നതും, കയറി പോകുന്നതും നോക്കി ഇരിക്കാന്‍ രസമാണ്. അബ്രയുടെ തൊട്ടടുത്ത് തന്നെയാണ് റൂം.
ഒറ്റയ്ക്കുള്ള താമസം, അതും ദുബൈ പോലുള്ള ഈ മഹാ നഗരത്തില്‍ ശരിക്കും ഭീകരമാണെന്ന് അറിഞ്ഞു തുടങ്ങിയിരിക്കുന്നു ഞാനിപ്പോള്‍. ഈ ഒറ്റപ്പെടലിന് ഒരു മാറ്റത്തിനായി എവിടെങ്കിലും ഷെയറിങ് റൂമിലേക്ക് പോവാമെന്ന് വെച്ചാല്‍ അവിടുത്തെ സൌകര്യങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ ആത്മഹത്യാ പരമാവും എന്നതിനാല്‍, തല്‍കാലം ഒറ്റക്ക് തന്നെ താമസം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. കൂട്ടിനു ആരെങ്കിലും ഒക്കെ വേണം എന്ന് പലപ്പോഴും തോന്നുന്നത് ഇങ്ങിനെയുള്ള സമയങ്ങളിലാണ്. പക്ഷേ, ജോലി ഒക്കെ കഴിഞ്ഞു വൈകുന്നേരങ്ങളിലെ ഒറ്റപ്പെടല്‍, അതില്‍ നിന്നൊരു മാറ്റത്തിനായി കുറെ നടന്നു നോക്കും. പിന്നീടാണ് അബ്രായിലെ ഇരുത്തം അതിനോരാശ്വാസമാകും എന്ന് തോന്നിയത്
ചിന്തിക്കാനും, പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനും ഒരുപാട് സമയം കിട്ടും. അങ്ങിനെ പിറന്നതാണീ പോസ്റ്റ്. പഴയ കാലമായതിനാല്‍ ഓരോന്നിന്‍റെയും യഥാര്‍ഥ പേരുകള്‍ ഒന്നും ഓര്‍ത്തെഴുതാന്‍ കഴിഞ്ഞിട്ടില്ല, ഒരുപാട് വൈകി ഈ പോസ്റ്റിനായി. ഇതിനി സവിനയം നിങ്ങളിലേക്ക് സമര്‍പ്പിക്കട്ടെ.  

ഞാന്‍ മുമ്പു എന്റെ "ആദരാഞ്ജലികള്‍" എന്ന പോസ്റ്റില്‍  കുറച്ചു പറഞ്ഞിട്ടുള്ളതാണ് എന്റെ ബാല്യകാലത്തെ കുറിച്ച്. മഴക്കാലമാവുമ്പോള്‍ പനയോല കൊണ്ട് മേഞ്ഞ വീട്, മേല്‍കൂര നിറയെ ഓട്ട വീണ് വെള്ളം മുഴുവന്‍ അകത്തായിരിക്കും.


പൊതുവേ മഴക്കാലം തുടങ്ങുന്നതിന് തൊട്ടു മുമ്പേയാണ് വീട് മേയുക. ആദ്യ മഴ വന്നാല്‍ പിന്നെ എത്രയും പെട്ടെന്ന് വീട് മേയാനുള്ള തിരക്കാവും എല്ലായിടത്തും. മഴ വന്നു കഴിഞ്ഞാല്‍ പിന്നെ പുര മേയാനുപയോഗിക്കുന്ന പനയോലക്കും തെങ്ങോലക്കും വലിയ വിലയും കൊടുക്കേണ്ടി വരും. അതിനാല്‍ തന്നെ മഴ തുടങ്ങുന്നതീന് തൊട്ടു മുമ്പു മേയാറാണു  പതിവ്. നേരത്തെ വീട്ടില്‍ ശേഖരിച്ചു വെച്ച കുരുമുളകും, കശുവണ്ടിയും എല്ലാം വിറ്റു ഓല മേടിക്കാനുള്ള തുക, ഉപ്പ ഒപ്പിച്ചിട്ടുണ്ടാവും.

മനസിലിന്നും തങ്ങി നില്‍ക്കുന്നതും ഞങ്ങള്‍ കുട്ടികള്‍ക്ക് ഏറ്റവും സന്തോഷം പകരുന്നതുമായ ദിവസങളായിരുന്നു ഇത്.
പ്രധാനമായും സന്തോഷത്തിന്റെ കാരണം, രണ്ട് ദിവസങ്ങളിലും സ്കൂളില്‍   പൊവേണ്ട, 
(ചിലപ്പോള്‍ ഞങ്ങളെ സങ്കടപ്പെടുത്തി കൊണ്ട് ഞായറാഴ്ചയും ആവാറുണ്ടായിരുന്നു) 
പിന്നെ നല്ല  ഇറച്ചി കറിയും "മഞ്ഞ ചോറും" കിട്ടും, അതും വയറു നിറയെ. സാധാരണ ഇത് കിട്ടണമെങ്കില്‍ പള്ളിയില്‍ നേര്‍ച്ചയോ അല്ലെങ്കില്‍ പെരുന്നാളോ ഒക്കെ ആവണം. അതിനാല്‍ തന്നെ പെരുന്നാളിന് തുല്യമാണ് ഞങ്ങള്‍ക്കീ പുരകെട്ട് ദിവസം.
                                                                                                                                       
പുരകെട്ടു നിശ്ചയിച്ചാല്‍ ആദ്യം കുടുംബക്കാരെയും  അയല്‍വാസികളെയും ക്ഷണിക്കുക എന്നൊരു ചടങ്ങുണ്ട്. തലേന്ന് തന്നെ അവര്‍ പലഹാരങ്ങളൊക്കെയായി വരും. ഒരു കല്യാണം പോലെ തന്നെ, ഇനി നമ്മളെങ്ങാനും ചെന്നു വിളിച്ചില്ലെങ്കിലോ അതും പരാതി ആയി, പിന്നെ നമ്മോടു മിണ്ടില്ല അവരുടെ പുരകെട്ടിന് നമ്മോടു പറയില്ല, 

എന്റെ ഉമ്മയ്ക്ക് നാല് ആങ്ങളമാര്‍  ഉണ്ട്.  ഉമ്മ അവിടെ ചെന്നു പുരകെട്ടിന്റെ കാര്യം പറഞ്ഞാലുടന്‍
അവരിങ്ങു പോരും. കാരണം ഞങ്ങളുടെ വീട്ടിലേക്ക് വരാന്‍ അവര്‍ക്കൊക്കെ അത്ര ഇഷ്ടവുമായിരുന്നു. അവരെല്ലാവരും കൂടി ഒത്തു കൂടിയാല്‍ തന്നെ  രസമാ.  രാത്രി ചിരട്ടയില്‍ ബലൂണ്‍ കെട്ടി തബലയും, പപ്പായ മരത്തിന്‍റെ തണ്ട് ദ്വാരമുണ്ടാക്കി ഓടക്കുഴല്‍  ആക്കി പാട്ട് കച്ചേരിയും ഒക്കെ ആയി ബഹു ജോറാണ്. 

തലേന്ന് രാവിലെ ഉപ്പയും, അമ്മാവന്‍മാരും  കൂടി പുരപ്പുറത്ത് കയറി മുഴുവന്‍ ഓലയും അറുത്തു താഴെയിടും . ഞങ്ങള്‍ കുട്ടികളുടെ ജോലി അവയില്‍ നിന്നും നല്ലതും ചീത്തയും തിരഞ്ഞെടുത്ത് അടുക്കി വെക്കുക. സാമാന്യം നല്ല ഓലകള്‍ അടുത്ത ദിവസം മേയുമ്പോള്‍ "അടിയോല" ആയി ഉപയോഗിക്കാം.ചീത്ത ഓലകള്‍ അടുപ്പില്‍ കത്തിക്കാനും ഉപയോഗിക്കും. ഉച്ച വരെ ഈ ജോലി തുടരും.
ഉപ്പയും അമ്മാവന്‍മാരും ഉച്ച ഭക്ഷണം, (മിക്കവാറും കഞിയും ചക്ക പുഴുക്കും ആയിരിക്കും) കഴിച്ചു നേരെ ഓല കൊണ്ട് വരാന്‍ പുറപ്പെടുകയായി. നേരത്തെ തന്നെ പനയോലയും തെങ്ങോലയും ഒക്കെ വില പറഞ്ഞു ഉറപ്പിച്ചു വെച്ചിട്ടുണ്ടാവും.

അവര്‍ പോയാലുടന്‍ ഞങ്ങള്‍ പുരപ്പുറത്ത് കയറി കഴുക്കോലും പട്ടികയും എല്ലാം കുറ്റിച്ചൂല്‍ കൊണ്ട് തൂത്ത്, വൃത്തിയാക്കണം. എന്നിട്ട് ചിതലുള്ളതും, ഉണ്ടാവാന്‍ സാധ്യത ഉള്ള എല്ലാ ഭാഗത്തും ചിതല്‍പൊടി ഇടണം. ഈ സമയം കൊണ്ട്  വീടിന്റെ അകവും പുറവും ഉമ്മയും അടുത്തുള്ള വീട്ടിലെ സ്ത്രീകളും എല്ലാരും കൂടി അടിച്ചു വൃത്തിയാക്കി വെച്ചിട്ടുണ്ടാവും.

പിന്നെ ഓലയും കൊണ്ട് വണ്ടി വരുന്നതും കാതിരിപ്പാണു. കുറച്ചു ദൂരെ നിന്നാണ് മേയാനുള്ള  ഓല കൊണ്ട് വരിക. ലോറി വരുന്നതും കാത്ത് ഞങ്ങള്‍ റോഡിലിരിക്കും.
വെറുതെ ഇരിക്കുകയല്ല കേട്ടോ, കൊത്തന്‍ കല്ല് കളിക്കും , ഒറ്റക്കാലില്‍ തുള്ളി തൊട്ടു
കളിക്കും, കുട്ടിയും കോലും കളിക്കും അങ്ങിനെ തോന്നുന്ന എല്ലാ കളിയും.

ഞങ്ങളുടെ വീട് റോഡില്‍ നിന്നും ഇത്തിരി ഉയര്‍ന്ന പ്രദേശത്താണ്. താഴെ വരെ മാത്രമേ വാഹനം വരികയുള്ളൂ. അതിനാല്‍ തന്നെ ലോറിയില്‍ കൊണ്ടിറക്കുന്ന ഓല കുറേശെയായി തലയിലേറ്റിയും വലിച്ചും വീട് വരെ എത്തിക്കാന്‍ വേണ്ടിയുള്ള ഇരിപ്പാണു ഞങ്ങളുടേത്.

ലോറിയില്‍ കൊണ്ട് വന്ന  ഓല മുഴുവന്‍  വീടിനടുത്ത് എത്തിക്കുംബോഴേക്കും നേരം ഇരുണ്ട്  തുടങ്ങിയിട്ടുണ്ടാവും
.
അടുത്ത ജോലി "കെട്ടുകയര്‍" ഉണ്ടാക്കുകയാണ്. വൈകീട്ട് തന്നെ ആരെങ്കിലും മുതിര്‍ന്നവര്‍ തെങ്ങുകളില്‍ കയറി ഉണങ്ങിയ "കൊതുംബ് " വെട്ടി വെച്ചിട്ടുണ്ടാകും. അത് ചെറിയ കെട്ടുകളാക്കി അടുത്തുള്ള തോട്ടിലൊ പുഴയിലൊ വെള്ളത്തില്‍ താഴ്ത്തി വെക്കണം. പൊതിരാന്‍  വേണ്ടി ആണിത്. വെള്ളത്തില്‍ താഴ്ത്തി വെച്ച് പൊങ്ങി പോവാതിരിക്കാന്‍ ഭാരമുള്ള കല്ലും പെറുക്കി വെച്ച്,  തിരിച്ചു വീട്ടിലേക്ക്.

ഇനിയാണ് എന്‍റെ ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തങ്ങള്‍ തുടങ്ങുന്നത്. വീട്ടില്‍ അമ്മാവന്‍മാരും അടുത്ത വീടുകളിലെ ആളുകളും കുട്ടികളും എല്ലാവരും ഉണ്ടാവും.
രാത്രി വീടിനുള്ളില്‍ നിന്ന് മുകളിലേക്ക് നോക്കിയാല്‍, മേല്‍കൂരയുടെ 'അസ്ഥികൂടം' (കഴുക്കോലും, പട്ടികയും) കാണാം. പിന്നെ  ആകാശവും നക്ഷത്രങ്ങളെയും നോക്കി കിടക്കാം. എന്തു രസമാണെണോ. രാത്രി ഒരു രണ്ട് മണി ആവും വരെ ഉറങ്ങാതെ എല്ലാരോടും വര്‍ത്തമാനം പറഞ്ഞു, നക്ഷത്രങ്ങളെ എണ്ണി കളിച്ചും ഒക്കെ സമയം പോക്കും. അപ്പോഴേക്കും മറ്റുള്ളവര്‍ക്ക് ഉറക്കം വന്നിട്ടുണ്ടാവും.

പാതിരാത്രി ആയാല്‍ വെള്ളത്തില്‍ താഴ്ത്തി വെച്ച കൊതുംബ്  എല്ലാ ഭാഗവും ഒരു പോലെ പൊതിരാന്‍  തിരിച്ചു കിടത്തണം. മിക്കവാറും ആ ജോലി ഞാന്‍ ഏറ്റെടുക്കും. ഞാനാ പണി കഴിഞ്ഞു തിരിച്ചു വരുംബോഴേക്കും  എല്ലാരും ഉറങ്ങിയിട്ടുണ്ടാവും.

എന്നാലും ഉപ്പയും ഉമ്മയും ഉറങ്ങാതെ എന്തെങ്കിലുമൊക്കെ അടിച്ചു വാരാനും, എടുത്തു വെക്കാനുമൊക്കെ ആയി ഇരിക്കിന്നുണ്ടാവും.

ആരുമറിയാതെ ഞാന്‍ നേരെ പോയി കൂട്ടി വെച്ച പനയോലകള്‍ക്ക് ഉള്ളിലേക്ക് ഊഴ്ന്നിറങ്ങും. പനയോല മെത്തയില്‍ പനയോല പുതപ്പും പുതച്ചു സുഖമായി കിടന്നുറങ്ങും. ഇളം ചൂടുള്ള കാലാവസ്ഥയാവും ഈ ഓലകള്‍ക്കിടയില്‍. ഇന്നേ വരെ ആ ഒരു സുഖത്തോടെ എ സിയില്‍ പോലും എനിക്കുറങ്ങാന്‍ പറ്റിയിട്ടുണ്ടോ എന്ന് സംശയമാണ്.

പ്രഭാത നമസ്കാരത്തിനുള്ള ബാങ്ക് കൊടുക്കുംബോഴേക്കും എല്ലാരും എഴുന്നേല്‍ക്കും. എന്റെ അടുത്ത ദിവസത്തെ ജോലി തുടങ്ങുകയായി (വീട്ടിലെ മൂത്ത കുട്ടിയായതിനാലുള്ള ഓരോരോ പ്രയാസങ്ങളെ.....)

ഞങ്ങളുടെ പുര കെട്ടുകാരന്‍  "മൂത്തോറന്‍",
പുലര്‍ച്ചെ തന്നെ കക്ഷിയുടെ വീട്ടിലെത്തി കയ്യോടെ കൂട്ടി കൊണ്ട് വന്നില്ലെങ്കില്‍ ഒരു കുഴപ്പം ഉണ്ട്. ഒന്നല്ല പല കുഴപ്പങ്ങളുണ്ട്.
ഉണര്‍ന്നയുടന്‍ ഇത്തിരി "നാടന്‍" അകത്താക്കുന്ന ഒരു ശീലമുണ്ട് പുള്ളിക്കാരന്. ആരുമില്ലെങ്കില്‍ അത് 'ഇത്തിരി' എന്നത് 'ഒത്തിരി' എന്നാവും. പിന്നെ കക്ഷിയെ നയാ പൈസക്ക് പറ്റില്ല.  ഉടുത്തിരിക്കുന്ന മുണ്ടൊക്കെ വലിച്ചു വാരി തലയില്‍ കെട്ടി പിന്നെ പാട്ടും തെറി വിളിയുമൊക്കെ ആയി ആ ദിവസം നാശമാക്കും.

അതിനായി ഈ 'കലാപരിപാടി' തുടങ്ങുന്നതിന് മുമ്പു 'പച്ചയോടെ' ആളെ പിടിച്ചു കൊണ്ട് വരിക എന്നതാണ് എന്റെ ഡ്യൂട്ടി.

മൂത്തോറന്റെ ഒഴിവ് നോക്കിയിട്ടാണ് പുര കെട്ടു തീരുമാനിക്കുക തന്നെ. പണി ഉണ്ടെങ്കില്‍ രാവിലെ മുതല്‍ ഉച്ച വരെ ആളെ 'പച്ച'യോടെ കാണാം. അതിനാല്‍ തന്നെ പുര കെട്ടാനുള്ളവര്‍ ഈ സമയത്ത് വന്നു ഉറപ്പിച്ചിട്ടു പോകും.

മൂത്തോറന്റെ  ചെറിയ കുടിലിന് മുമ്പിലെത്തിയാല്‍ അവിടെ വെളിച്ചമൊന്നുമുണ്ടാവില്ല. 
"മൂത്തോറാ" .......
പ്രായത്തിന് മൂത്തവരും ചെറിയവരും എല്ലാം കക്ഷിയെ പേര് ചൊല്ലിയാണ് വിളിക്കുക
എന്റെ വിളി കേട്ടായിരിക്കും അവരും ഉണരുന്നത്.
"ഏയ് എണീക്കീ.."
മൂത്തോറന്റെ കെട്ട്യോള്‍ കുലുക്കി വിളിച്ചുണര്‍ത്തുന്ന ശബ്ദം പുറത്തേക്ക് കേള്‍ക്കാം. 
വാരി ചുറ്റിയ  കൈലിയും, ഉറക്കച്ചവടുമായി മുറ്റത്തെക്കിറങ്ങി വരും മൂത്തോറന്.
"ആരാത്, സൂപ്പി മാപ്ലയോ? (എന്നെ അങ്ങിനെയാ വിളിക്കുക)
ഒരു രണ്ട് മിനിറ്റ് നില്‍ക്ക്, ഇപ്പോള്‍ വരാം"
"മാണ്ടട്ടോ മെന്‍സാ.... ഇനിയും മോന്താന്‍  പോണ്‍ടാ. ഓന്‍ ങളെ കാത്ത് നില്‍കാ. വേഗം  മുഖം കഴുകി കൂടെ ചെല്ലീന്ന്"
ഇതാണ് ഏറ്റവും പരീക്ഷണം പിടിച്ച സമയം.
മൂത്തോറനു  ഒരു ഗ്ലാസ്സ് "മറ്റവന്‍" വേണം. അതിന് ശേഷം മതി പല്ല് തേപ്പു പോലും.
പുരപ്പുറത്തു കയറാനുള്ളതല്ലേ. അവിടുന്നു വല്ലതും സംഭവിച്ചാല്‍.!
പക്ഷേ പുരപ്പുറത്ത് കയറി ഇരിപ്പുറക്കണമെങ്കില്‍ രണ്ട് ഗ്ലാസ്സ് മറ്റവനങ്ങു ചെല്ലണം  എന്നാണ് മൂത്തോറന്റെ ഭാഷ്യം. ഇല്ലെങ്കില്‍ ആകെ വിറയല്‍ വരുമത്രേ. വെറുതെ പറയുകയാ.
ഉച്ച ഭക്ഷണത്തിന് മുമ്പു നല്ല സോയമ്പന്‍ പനങ്കള്ള് എത്തിച്ചു തരാം എന്നൊക്കെ പറഞ്ഞു നയത്തില്‍ ആളെ കൂട്ടി കൊണ്ട് പോകും.
വീട്ടിലേക്ക് അര മണിക്കൂര്‍ നടക്കാനുണ്ട്. ചൂട്ടും കത്തിച്ചു,  കഥയും പറഞ്ഞു ഞങ്ങളിരുവരും നടക്കും. വീടെത്തുമ്പോഴേക്കും നേരം വെളുത്തിട്ടുണ്ടായിരിക്കും

വീട്ടിലെത്തിയാല്‍ ആദ്യം മൂത്തോറന് നല്ല കടുപ്പത്തിലൊരു ചായ വേണം. മൂത്തോറന്റെ ശീലങ്ങള്‍ നാട്ടിലൊരോരുത്തര്‍ക്കും അറിയാം. കാരണം മിക്ക വീടുകളുടെയും പുര മേയുന്നത് മൂത്തോറന്‍ തന്നെയാണല്ലോ.

ഞങ്ങളെത്തുമ്പോഴേക്കും ഉപ്പ വെള്ളത്തില്‍ കുതിര്‍ത്തു വെച്ച കൊതുംബ് എടുത്തു കൊണ്ട് വന്നിട്ടുണ്ടാവും. 
പലകയിലൊ, കവുങ്ങിന്റെ കഷ്ണത്തിലോ വെള്ളാരം കല്ലിന്‍റെ പൊടി തട്ടി
മൂതോരന്‍ തന്റെ ചെറിയ കത്തി മൂര്‍ച്ചയാക്കും. ഈ പൊടി ഞങ്ങള്‍ നേരത്തെ കല്ലുകള്‍ തമ്മില്‍ കൂട്ടി ഉരസി തയാറാക്കി പൊതിഞ്ഞു വെച്ചിട്ടുണ്ടാവും.
പിന്നെ കൊതുമ്പു ചെറിയ "ആരുകളാക്കി" (കെട്ടു കയര്‍) മാറ്റും. ഈ ആരുകളാണ് ഓല മേയുമ്പോള്‍ വീടിന്റെ പട്ടികയില്‍ വെച്ച് കെട്ടുവാന്‍ ഉപയോഗിക്കുന്നത്.
അതിനായി ഒരു വലിയ സൂചിയും (മുഴക്കോല്‍) കയ്യില്‍ ഉണ്ടാവും. സൂചിയില്‍ ഇത് കോര്‍ത്ത് വീടിന്റെ മുകളില്‍ കയറി ഓരോ ഓലയും കൂട്ടി കെട്ടുന്നത് അസൂയയോടെ നോക്കി നിന്നിട്ടുണ്ട്.

ചിലപ്പോഴൊക്കെ തോന്നും മൂത്തോറന്‍ ആയാല്‍ മതിയായിരുന്നെന്നു. കാരണം എന്നും ഇറച്ചി കറിയും മഞ്ഞ ചോറും തിന്നാം. പിന്നെ ഇഷ്ടം പോലെ പൈസ കിട്ടും.
പുര കെട്ടിന് ആരും കണക്ക് പറയില്ല. മൂത്തോറന്‍   ചോദിക്കുകയുമില്ല. എല്ലാരും നന്നായി  കൊടുക്കും. ആരെങ്കിലും ചോദിച്ചാല്‍ "അതിപ്പോം മാപ്പിള എത്ര തരുന്നോ  അത് മതി"
കിട്ടുന്ന പൈസെ എത്ര എന്ന്  നോക്കാറുമില്ല. നേരെ വാങ്ങി മടിക്കുത്തില്‍ ചുരുട്ടി വെക്കും.

കട്ടന്‍ ചായയും കുടിച്ചു, കെട്ടാനുള്ള കൊതുമ്പു ഈര്‍ന്ന്  ഓരോ ചെറിയ കെട്ടുകളാക്കി മാറ്റും
അതുമായി ആദ്യം വീടിന്റെ ഇറ (താഴ് ഭാഗം) തെങ്ങോല കൊണ്ട് മേഞ്ഞു തുടങ്ങും. സ്റ്റൂളില്‍  കയറി നിന്ന് കൊണ്ടാണിത്. മിക്കവാറും ഓരോ ഓല മേയുമ്പോഴും സ്റ്റൂളിന്‍റെ സ്ഥാനം മാറ്റണം, അതാവും എന്റെ  ജോലി. അല്ലെങ്കില്‍ ഓല ഓരോ ഭാഗത്ത് അടുക്കി വെച്ചിട്ടുണ്ടാവും അത് തീരുന്നതിനനുസരിച്ച് എത്തിച്ചു കൊടുക്കുക. വീട് ചുറ്റും മൂന്ന് നാലു  വരി തെങ്ങോല മേഞ്ഞു കഴിയുമ്പോഴേക്കും പത്ത് മണി ആയിട്ടുണ്ടാവും. തല്‍ക്കാലം പുര കെട്ടിന്‍റെ ആദ്യ 'സെമസ്റ്റര്‍' കഴിഞ്ഞു. ഇനി ചായയുടെ സമയം.  

ഉമ്മയും പരിവാരങ്ങളും  കപ്പയും മത്തിക്കറിയും തയാറാക്കി വെച്ചിട്ടുണ്ടാവും. അല്ലെങ്കില്‍ പുട്ടും
കടലക്കറിയും. എല്ലാവരും കൂടെ അത് കഴിച്ചു കുറച്ചു വിശ്രമിക്കും. ഉപ്പയും മൂത്തോറനും  ഓരോ ബീഡി വലിക്കാന്‍ ഉള്ള സമയം ഉണ്ട്.

ആ സമയത്തിനുള്ളില്‍ തയാറാക്കി വെച്ച കെട്ടുകയറില്‍  വെള്ളം ഒഴിച്ച് അതിനെ ഉണങ്ങാതെ നോക്കണം, ഉണങ്ങിയാല്‍ കെട്ടുമ്പോള്‍ പൊട്ടി പോവും. കെട്ടി കഴിഞ്ഞാല്‍ പിന്നെ ഉണങ്ങുന്നത് കൊണ്ട് കുഴപ്പമില്ല, ഉറപ്പ് കൂടുകയെ ഉള്ളൂ. തലേന്ന് എടുത്തു വെച്ച  പഴയ ഓലകളില്‍ നല്ലതും,  പുതിയ ഓലയും കൂടെ മിക്സ് ആക്കി വീടിന്റെ ഓരോ ഭാഗത്തായി കൊണ്ടിടണം. മേയാന്‍ എടുത്തു കൊടുക്കാന്‍ എളുപ്പത്തിന് വേണ്ടിയാണിത്.

ബീഡി വലി കഴിഞ്ഞാല്‍ മൂത്തോറന്‍  നേരെ പുരപ്പുറത്തേക്ക്  കയറുകയായി.
എടുത്തു കൊടുക്കുന്ന ഓലകള്‍ നന്നായി അടുക്കി വെച്ച് കെട്ടുന്നത് പലപ്പോഴും കൌതുകത്തോടെ നോക്കി നില്ക്കും. ആദ്യമാദ്യം മൂത്തോറന്റെ കയ്യിലേക്ക് ഓല എടുത്തു കൊടുക്കും. മേയുന്നതിനനുസരിച്ച് വീടിന്റെ മുകള്‍  ഭാഗത്തേക്ക് നീങ്ങി കൊണ്ടിരിക്കും.. കയ്യെത്താതാവുമ്പോള്‍  ഓല എറിഞ്ഞു കൊടുക്കും. ഇതിനിടയില്‍  മൂത്തോറന് കഞ്ഞി വെള്ളം, പച്ച വെള്ളം ഇങ്ങനെ വേണ്ടതൊക്കെ വീടിനുള്ളിലൂടെ പുരപ്പുറത്തേക്ക് എത്തിച്ചു കൊടുക്കേണ്ട ചുമതല എനിക്കാണു.

ഏകദേശം മൂന്ന് മണിയോട് കൂടെ എല്ലാം മേഞ്ഞു കഴിയും. അത് വരെ ഞങ്ങളെല്ലാരും വിശപ്പ് സഹിച്ച്, മൂത്തോറന്‍ പുരപ്പുറത്ത് നിന്ന്  താഴെ ഇറങ്ങും വരെ കാത്ത് നില്ക്കും.
വീട് മുഴുവന്‍ മേയാതെ മൂത്തോറന്‍ ഉച്ച ഭക്ഷണത്തിനിറങ്ങില്ല.
അതോടെ വെളിച്ചം നിറഞ്ഞു നിന്നിരുന്ന വീടിനകത്ത് ഇരുട്ടാവും.  എന്നാലും പച്ച പുതച്ചു നില്‍ക്കുന്ന വീട് പുറത്ത് നിന്ന് നോക്കി ആസ്വദിക്കും.

ഇനി ഭക്ഷണത്തിന്റെ സമയമാണ്. അതിനിടയില്‍ ഞാന്‍  മുങ്ങും.
കാരണം മൂത്തോറന്  ഞാന്‍ രാവിലെ കൊടുത്ത വാക്കുണ്ടല്ലോ.
മൂത്തോറന്‍  പലരോടും എന്നെ അന്വേഷിച്ച് തുടങ്ങും.
"സുല്‍പ്പി മാപ്ല ഏട്യെ  പോയി"
"എന്താ മൂത്തോറാ, അവനവിടെങ്ങാനും ഉണ്ടാവും" ഉപ്പ.
"ഒന്നൂല്യ ഇബ്ടെ ഏടെയും കണ്ടില്ല ന്നിട്ടു ചോയ്ച്ചതാ"
ഉപ്പയോട് അവന് പറയാന്‍ പേടിയാണ്.

ഒടുവില്‍ എന്നെ കാണാതെ ഗത്യന്തരമില്ലാതെ മൂത്തോറന്‍ ചോറു തിന്നാനിരിക്കും.

"ഉം നിന്നെ ഓന്‍ രാവിലെ കള്ള് വാങ്ങി തരാം എന്ന് പറഞ്ഞു പറ്റിച്ചിട്ടുണ്ടാവും അല്ലേ"

അവന്‍റെ തിരിഞ്ഞും മറിഞ്ഞുമ് ഉള്ള കളി കണ്ടു ഉപ്പ ചോദിക്കും.
(ഈ വിദ്യ പറഞ്ഞു അവനെ കൂട്ടികൊണ്ട് വരാന്‍ പറഞ്ഞു തന്നത് ഉപ്പ തന്നെ ആണല്ലോ)
"അയ്യേ.. നീ അല്ലാതെ ചെറിയ കുട്ടികള്‍ പറയുന്നത് വിശ്വസിക്ക്വോ?"
എല്ലാവരും കൂടെ പൊട്ടിച്ചിരിക്കും.
"അല്ലാ,  നിച്ചു അറിയാ, ഓന്‍ ബേറുതെ പര്‍ഞ്ഞതാന്നു".
ഒടുവില്‍ മൂത്തോറനും കൂടെ ചിരിക്കും.
"സുല്‍ഫീ.., ഇനി ഇങ്ങ് പോര്" ഉപ്പ.

അതോടെ ഒളിച്ചു നിന്നിരുന്ന ഞാന്‍ കാര്‍മേഘം മാറിയ മാനം പോലെ സന്തോഷത്തോടെ ഭക്ഷണത്തിനായി വന്നിരിക്കും. വീടിന്റെ കോലായില്‍ ആണുങ്ങളെല്ലാരും ഇരിക്കും.

മൂത്തോറന്‍ ആദിവാസി ആയിരുന്നു. പൊതുവേ അവര്‍ക്ക് വേറെ പാത്രത്തിലും അവരെ വേറെ ഒരു ഭാഗത്ത് ഇരുത്തി ഒക്കെയാണ് അന്ന് എല്ലാവരും ഭക്ഷണം കൊടുക്കുക.
എന്നാലും ഞങ്ങളെ വീട്ടില്‍ ഞങ്ങളോടൊപ്പമിരുന്നാണ് മൂത്തോറന്‍  ചോറു തിന്നിരുന്നത്.
ഒരു പക്ഷേ ചിലപ്പോള്‍ അതെന്‍റെ വീട്ടില്‍ മാത്രമായിരുന്നു എന്ന് തോന്നുന്നു.
അതെപ്പോഴും എല്ലാരോടും അവന്‍ പറയാറുമുണ്ടായിരുന്നു.
"ഉസ്മാന്‍ മാപ്പിളന്‍റെ (എന്‍റെ ഉപ്പ) പൊരേല്‍ എനിക്ക് ഓരെ കൂടാ ചോറു തരിക"

മറ്റുള്ള വീടുകളില്‍ പോയാല്‍ അവനോട് മാറി ഇരിക്കാന്‍ പറയുന്നതിന് മുമ്പു അവന്‍ പറയും "എനിക്കുള്ളത്  മാറ്റി വെച്ചെക്കൂ. ഞാനാ  മൂലയിലിരുന്ന് തിന്നോളാം"
പക്ഷേ എന്റെ ഉപ്പ എപ്പോഴും പറയും.
"ഞാന്‍ രാവും പകലും കാടും മലകളും താണ്ടി പണിയെടുക്കുന്നത് ഈ ആദിവാസികളോടൊപ്പമാണ്. അവരുടെ കൂടെയാണ് ഊണും ഉറക്കവുമെല്ലാം, പിന്നെ മൂത്തോറനെ കൂടെ ഇരുത്തിയാല്‍ എന്താ?"
(ഉപ്പയുടെ ജോലി എന്തെന്ന് എന്റെ ആദരാഞ്ജലികള്‍ എന്ന പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്)

ഞങ്ങള്‍ക്കെല്ലാവര്‍ക്കും അന്ന് മഞ്ഞ ചോറും ഇറച്ചിക്കറിയും ഇഷ്ടം പോലെ ഉമ്മ വിളമ്പും. വയറു നിറയെ കഴിക്കും.
ഉമ്മ പറയും, "തിന്നോ,  ഇഷ്ടം പോലെയുണ്ട്,  ഇന്ന് കുറെ പണി എടുത്തതല്ലേ"
ഇത് കേള്‍കുമ്പോള്‍  മനസില്‍ "പടച്ചോനെ, എന്നും പുരകെട്ടു ഉണ്ടാവാണെ"  എന്ന് പ്രാര്‍ഥിക്കും.

ഭക്ഷണം കഴിഞ്ഞാല്‍ പിന്നെ എല്ലാരും  ഇത്തിരി കിടക്കാന്‍ പോകും. ഒരു അര മണിക്കൂര്‍. ഓല വിരിച്ച് കിടക്കും. (ആ ദിവസം മിക്കവാറും എല്ലാ ആവശ്യങ്ങള്‍ക്കും ഓലയാണ് ഉപയോഗിക്കുക)
ഇനി അടുത്തത് "ഇറ അരിയുക" എന്ന പരിപാടി ആണ്. വീടിന്റെ  ഇറയത്ത് തൂങ്ങി കിടക്കുന്ന ഓലകള്‍ ഒരേ ലെവലില്‍ അരിഞ്ഞു വൃത്തിയാക്കും..
ശേഷം  ഓലയുടെ മുകളിലും അടിയിലും "വരിച്ചില്‍ കോലു"ണ്ടാക്കി അവ തമ്മില്‍ കൂട്ടി കെട്ടും.  അമ്മാവന്‍മാര്‍  അപ്പോഴേക്കും അടുത്തുള്ള തെങ്ങിന്‍മേല്‍ കയറി കുറച്ചു  പച്ച  ഓല വെട്ടി കൊണ്ട് വരും. അത് വീടിന്റെ മുകള്‍ ഭാഗം മുതല്‍ താഴെ വരെ വിരിച്ച്  മുകളറ്റം  കൂട്ടി കെട്ടും.  കാറ്റടിക്കുമ്പോള്‍ മേഞ്ഞ ഓല പറന്ന് പോവാതിരിക്കാന്‍ ഭാരമായി വെക്കുന്നതാണ്.
ഇതോടെ മൂത്തോറന്റെ ജോലി കഴിഞ്ഞു. കൂലിയും വാങ്ങി ആള്‍  വേഗം സ്ഥലം വീടും.

'എവിടെക്കാ തിരക്കിട്ട്?'  എന്ന് ചോദിച്ചാല്‍ 'അരി സാമാനം  വാങ്ങാന്‍ റേഷന്‍ കടേല്‍ പോണം', എന്നും പറഞ്ഞു ഓടും. നേരെ കള്ള് കുടിക്കാനാണ് പോകുന്നത് എന്ന് എല്ലാര്‍ക്കും അറിയാം.

വെയില്‍ ഒന്ന് താഴുന്ന വരെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും  പിന്നെ വിശ്രമമാണ്.
മുറ്റം അടിച്ചു വൃത്തിയാക്കണംബാക്കി വന്ന ഓലകള്‍ അടുക്കി പെറുക്കി വെക്കണം (ഈ ഓലകള്‍ ആണ് കക്കൂസും വിറക് പുരയും മേയാന്‍  ഉപയോഗിക്കുക)
ഒടുവില്‍  തലേന്ന് പുറത്തെടുത്ത് വെച്ച വീട്ടു സാധനങ്ങള്‍ മൊത്തം എടുത്തു ഉള്ളില്‍ വെക്കണം.

എല്ലാം കഴിഞ്ഞു സമാധാനത്തോടെ കിടന്നുറങ്ങാം എന്ന് കരുതുന്നോ. ഇല്ല.
ഇനി രാത്രിയില്‍ പ്രത്യേക 'പ്രകടനം' ഉണ്ട്.
ആദ്യത്തെ കുറച്ചു ദിവസം "ഓലെരുമ" എന്ന ഓമനപ്പേരില്‍ ഞങ്ങളുടെ നാട്ടില്‍  അറിയപ്പെടുന്ന, കുഞ്ഞു പ്രാണി വീട് നിറയെ ഉണ്ടാവും. പുതിയ ഓല ആയതിനാല്‍ വന്നു കൂടുന്നതാണ്.
ഇത് പോവാനായി ഞങ്ങള്‍ കുട്ടികള്‍ എല്ലാരും കൂടെ രാത്രി  ചിരട്ടയും മുട്ടി ചൂട്ടുമായി വീടിന്‍ ചുറ്റും ഏഴ് വട്ടം "ഒലെരുമയും മക്കളും പോ പോ. " എന്ന മുദ്രാവാക്യവുമായി ചുറ്റും.
(ആരുടെ വിശ്വാസമായിരുന്നോ, അതോ വെറുതെ ഞങ്ങളെ കളിപ്പിക്കാന്‍  കാരണവന്‍മാര്‍ ചെയ്യിച്ചതാണോ എന്നോ, എന്തിനായിരുന്നെന്നു ഇപ്പോഴും എനിക്കറിയില്ല. വലുതായപ്പോള്‍ ഒരിക്കല്‍ ഞാനത് ഉമ്മയോട് ചോദിച്ചു, നീ ഇപ്പോഴും അതൊക്കെ ഓര്‍ക്കുന്നുണ്ടോ എന്ന് ചോദിച്ചു ഒന്ന് ചിരിച്ചു അത്ര മാത്രം)
ഒന്ന് രണ്ട് ദിവസം കൊണ്ട് ഓലയുടെ പുതു മണം പോവുന്നതോടെ പ്രാണികള്‍ താനെ പോകും. ചുമര് നിറയെ പറ്റിപ്പിടിച്ച് പറക്കുന്ന ഈ പ്രാണി കാരണം, സ്വസ്ഥതയോടെ ഭക്ഷണം കഴിക്കാനോ ഒന്നിനും പറ്റില്ല. ചിലപ്പോള്‍ ഭക്ഷണത്തിലേക്ക് വന്നു വീഴും.  എന്നാല്‍ ഞങ്ങളുടെ  ഈ "പ്രകടനം" പേടിച്ചാണ് അത് വീട് വിട്ടു പോവുന്നതെന്നാണ് അന്ന് ഞങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.

അതോടെ സംഭവ ബഹുലമായ രണ്ട് ദിവസം കഴിയും. ഞങ്ങള്‍ പതിവ് പോലെ രണ്ട് ദിവസം ആഘോഷിച്ചത്തിന്റെ സന്തോഷത്തില്‍, പിറ്റേന്നു സ്കൂളില്‍ പോകണമല്ലോ എന്ന സങ്കടത്തോടെ ഉറങ്ങാന്‍ കിടക്കും.

എങ്കിലും പുരകെട്ട്  അടുക്കുന്തോറും ആ ദിവസത്തിനായുള്ള കാത്തിരിപ്പ് വല്ലാത്തൊരു അനുഭവമായിരുന്നു.

Tuesday, September 28, 2010

നാട കുത്തും, നാടന്‍ അടിയും

"എന്താ പുതിയ പോസ്റ്റ്‌ ഒന്നുമില്ലേ?" 
"ഉം.  തുടക്കത്തിന്റെ ആവേശമായിരുന്നല്ലേ, ഞങ്ങളും ഇങ്ങനെ തന്നെ ആയിരുന്നു"
എന്‍റെ  മെയിലിലേക്ക് എഴുത്തുകളുടെ പ്രവാഹം.
ഇതാണ് കുറച്ചു ദിവസം ഒന്ന് വിട്ടു നിന്നാല്‍ ഉള്ള പ്രശ്നം.
ഒരു പ്രശസ്ത നടന്‍ ഷൂട്ടിങ്ങിനിടയില്‍  കിട്ടിയ ഇടവേളയില്‍ നാട്ടിലൂടെ ഒന്നിറങ്ങി നടന്നപ്പോള്‍  ആരോ ചോദിച്ചു പോലും.  'ഇപ്പോള്‍ പടമൊന്നും ഇല്ലേ'?
ഇത് കേട്ട് ദേഷ്യം കയറിയ അദ്ദേഹം അഭിനയമേ നിര്‍ത്തിയെന്ന്!! 
ഗള്‍ഫുകാരന്‍ നാട്ടിലെത്തിയാല്‍ അവനും കേട്ട് തുടങ്ങുകയായി. 'എന്നാ മടക്കം'? ഗള്‍ഫില്‍ നിന്ന് വരുന്ന വഴിയായിരുന്നു  ആള്‍. അടുത്ത വിമാനത്തിനു തന്നെ തിരികെ പറഞ്ഞാലോ എന്നാലോചിച്ചു ആശാന്‍.
ഇനിയിപ്പോള്‍ ഞാനൊന്നും പറയണ്ടല്ലോ അല്ലേ.
എന്നാല്‍ പിന്നെ അങ്ങ് എഴുതാമെന്ന് കരുതി. ഒരുപാട് ആലോചിച്ചു. എന്തെഴുതും?  എല്ലാം ടൈറ്റില്‍ എഴുതി. ബാകി പിന്നെ എഴുതാം എന്ന് കരുതി.
എന്‍റെ  പഴയ എഴുത്തുകളില്‍ നിന്ന് ഒരു മാറ്റം ആവണ്ടെ? അതും ആലോചിച്ചു. 
"ഇയാളൊരു പാവം ആണല്ലേ?" ചിലരുടെ സംശയം. ആഹാ. എന്നെ അങ്ങിനെ പാവമാക്കണ്ട ആരും.
ആദ്യമേ ഒരു ചിന്ന ആമുഖം. 
ചൈനീസ് ആയോധന കലയില്‍ (കുങ്ഫു )  ബ്ലാക്ക് ബെല്‍റ്റ്  ധാരിയാണ് ഞാന്‍. പ്രവാസി ആകുന്നതു വരെ പരിശീലകനും ആയിരുന്നു.
'കളി എന്നോടും വേണ്ട മോനെ ദിനേശാ'.. അടിച്ചു മലര്‍ത്തി  ശരിയാക്കി കളയും എന്ന് പറയണമെന്നൊക്കെ ഉണ്ട്. പക്ഷേ എന്തു ചെയ്യാം ഇപ്പോഴത്തെ ശരീരം അതിനനുവദിക്കുന്നില്ല. ഞാന്‍ പരിശീലിപ്പിച്ച കുട്ടികള്‍ എന്നെ ഇപ്പോള്‍ കണ്ടാല്‍  എന്നെ ഓടിച്ചിട്ടടിക്കും എന്നതാ ഇപ്പോഴത്തെ അവസ്ഥ. ഗള്‍ഫ് തന്ന സമ്മാനം.. അത് പോട്ടെ.

ഒരു ദിവസം രാത്രിയിലെ "ക്ലാസ്സും" കഴിഞ്ഞു  പോകുന്നു. പതിവ് പോലെ സ്വന്തം വീട്ടിലേക്കല്ല അന്നത്തെ യാത്ര. കുറച്ചകലെയുള്ള ഉമ്മയുടെ വീട്ടിലെക്കാണ്. ഇടക്കിടെ അവിടെ പോയി താമസിക്കാറുണ്ട്. എന്‍റെ  വലിയുപ്പയ്ക്കും വലിയുമ്മയ്ക്കും എന്നെ ഇടക്കിടെ കണ്ടില്ലെങ്കില്‍ പിന്നെ വല്ലാത്തൊരു സങ്കടമാണ്. ഇന്നും അങ്ങിനെ തന്നെ ആണു കേട്ടോ.
ബസിറങ്ങി മൂന്നു കിലോ മീറ്ററോളം നടക്കാനുണ്ട്. കുട്ടികളുടെ  കൂടെ പ്രാക്ടീസ് ചെയ്തതിനാല്‍  ആകെ ക്ഷീണിതനായിരുന്നു. കയ്യില്‍ ഒരു ബാഗ്‌ മാത്രം. പോകുന്ന വഴിയില്‍  ഹൈസ്കൂളിനു അടുത്ത് കുറച്ചു ഭാഗം തെരുവ് വിളക്കുകള്‍ ഇല്ല. ചെറിയ ഒരു നിലാവുള്ളതിനാല്‍ ആളെ മനസിലാവില്ല. എന്നാല്‍ കാണുകയും ചെയ്യാം. 
"ഹലോ എവിടെക്കാ തിരക്കിട്ട്?" മൂന്നു നാല് പേര്‍ സ്കൂളിന്‍റെ   മതില്‍ കെട്ടിലിരിക്കുന്നു. 
ഞാന്‍ ശബ്ദം കേട്ട് തിരഞ്ഞു നോക്കി. എന്നോടായിരിക്കില്ല എന്ന് കരുതി നടക്കാന്‍ തുടങ്ങിയതായിരുന്നു.
"എന്താ വിളിച്ചാല്‍ ചെവി കേട്ടൂടെ %$&#@! മോനെ"
പടച്ചോനെ ഇവര്‍ എന്തിനുള്ള പുറപ്പാടാ?
"എന്താ?" എന്‍റെ  പതിഞ്ഞ ശബ്ദത്തിലുള്ള ചോദ്യം കേട്ട്, കൂട്ടത്തിലോരുവന്‍  അടുത്ത് വന്നു.
"എവിടെക്കാ?, ഞങ്ങളൊക്കെ ഇവിടുള്ളത്‌ കണ്ടില്ലേ? എന്താ ഈ ബാഗില്‍?"
ചോദ്യവും ബാഗില്‍ പിടുത്തവും ഒന്നിച്ചായിരുന്നു. ഒരൊറ്റ വലിക്കു ബാഗിന്റെ മുകള്‍ വശം കീറി. അതില്‍ നിന്നും എന്‍റെ  ഒരു 'നെഞ്ജക്ക്'* പുറത്തേക്കു വീണു. 
"ആഹാ, ഇതെന്താ സാധനം? ബാഗിങ്ങു തന്നെ മോനെ. എന്താ അതിലുള്ളതെന്നു നോക്കട്ടെ". അവന്‍  ചാടി അതെടുത്തു.
"അതിങ്ങു താ. ഞാന്‍ വീട്ടില്‍ പോകട്ടെ"
"അതെങ്ങനെയാ, ഞങ്ങള്‍ ചെക്ക്  ചെയ്തിട്ടൊക്കെ വീട്ടില്‍ പോയാല്‍ മതി". മതിലേലുള്ള ആജാനുബാഹുവായ രണ്ടാമത്തെ  ആളും എഴുന്നേറ്റു. ഞാന്‍ ബാഗു പിടിച്ചു വലിച്ചതും പുറകില്‍ നിന്നോരടി കിട്ടി. മറ്റൊന്നും നോക്കിയില്ല. തിരിച്ചടിച്ചതും ,  ആദ്യത്തെയാള്‍ താഴെ നിന്നും കിട്ടിയ 'നെഞ്ജക്ക്' എടുത്തു എനിക്ക് നേരെ വീശി.
അത് തിരിച്ചു ചെന്നു അവന്‍റെ  തലയില്‍ തന്നെ കൊണ്ടു.
വേദന കൊണ്ട് പുളഞ്ഞ് നെഞ്ജക്ക് താഴേക്കിട്ടു 
അവന്‍  നിലത്ത് വീണു.  നെറ്റിയില്‍ കയ്യമര്‍ത്തി പിടിച്ചു ആള്‍  അവിടെ കിടന്നു . കൈകളിലൂടെ രക്തം പുറത്തേക്ക് വന്നു തുടങ്ങിയിരുന്നു.
"എടാ. ഇവനെന്നെ അടിച്ചു"
ആള്‍  കരുതിയത് ഞാന്‍ അടിച്ചതെന്നാ. ബാകിയുള്ളവര്‍ എന്നെ വളഞ്ഞു. 
"നെഞ്ചക്കും" കയ്യിലെടുത്ത് തിരിഞ്ഞ എന്‍റെ  ഷര്‍ട്ടില്‍  കയറി പിടിച്ചു അടുത്തയാള്‍.
'ആഹാ. നീ അവനെ അടിക്കും അല്ലേ'
പിന്നെ ഒന്നും നോക്കിയില്ല. കയ്യിലുള്ള ആയുധം തലങ്ങും വിലങ്ങും പ്രയോഗിച്ചു.
(ക്ഷമിക്കുക സ്വയ രക്ഷക്ക് ഈ  ആയുധം പോലും ഉപയോഗിക്കരുതെന്നാണ് ഞങ്ങളെ പഠിപ്പിച്ച മാഷ്‌ പറഞ്ഞത്, കാരണം അത്ര മാരകമായിരിക്കും അതിന്റെ പ്രതിഫലനം. പക്ഷെ അവിടെ എല്ലാം മറന്നു പോയിരുന്നു)
അതാ കിടക്കുന്നു മൂന്ന് പേര്‍. കയ്യും കാലും ഒക്കെ പിടിച്ചു.
നെഞ്ചക്ക് ദേഹത്ത് കൊണ്ടാല്‍ ഒന്നുകില്‍ അവിടം മുറിയും അല്ലെങ്കില്‍ പൊട്ടും അതായിരുന്നു അവിടെ സംഭവിച്ചത്. ഉപയോഗിക്കാന്‍ അറിയാത്തവര്‍ ഉപയോഗിച്ചാല്‍ അടിക്കുന്ന ആള്‍ക്ക്  തന്നെ തിരിച്ചു കൊള്ളും, അതും അടിച്ചതിനെക്കല്‍ ശക്തിയായി, ഞാവനെ അടിച്ചെന്ന് കരുതി ആണ് മറ്റുള്ളവര്‍ എന്‍റെ പുറകെ വന്നത്.അവരെ അത് പറഞ്ഞു മനസിലാക്കാനുള സ്തിഥി ഒന്നും ആയിരുന്നില്ല അവിടെ.
പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല, വീണ് കിടക്കുന്ന അവരെ ശ്രദ്ധിക്കാതെ
വേഗം സ്ഥലം വിട്ടു. വിവരങ്ങളെല്ലാം വീട്ടില്‍  ചെന്നു അമ്മാവനോട് പറഞ്ഞു.
നീ ഇന്ന് പുറത്തിറങ്ങേണ്ട. ഞാന്‍ പോയി നോക്കിയിട്ടു വരാം.
പിറ്റേന്നു രാവിലെ അമ്മാവന്‍ അങ്ങാടിയില്‍ പോയി അന്വേഷിച്ചു . അപ്പോഴാണറിഞ്ഞത്, "ഏതോ ഒരുത്തന്‍ ഇവരെ  ശരിയാക്കി സ്ഥലം വിട്ടു, മൂന്ന് പേര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആണെന്ന്. പക്ഷെ ആരാണ് കക്ഷി എന്നവര്‍ക്ക് പിടുത്തം കിട്ടിയില്ല.
അവിടെ എന്നും അടിയും പ്രശ്നങ്ങളും ആയിരുന്നു പോലും, പിടിച്ചു പറി, തല്ല് അങ്ങിനെ എല്ലാം. രാത്രി ആയാല്‍ ആ വഴി  അധികം ആളുകള്‍ നടക്കാറില്ല  പോലും. എന്റെ കഷ്ട കാലത്തിന് ഞാന്‍ അവരുടെ ഇടയിലാ പെട്ടത്. ഏതായാലും അതിന് ശേഷം അവരുടെ ഉപദ്രവം നിന്നു. ആരുമറിയാതെ എന്നെ കൊണ്ട് നാട്ടുകാര്‍ക്ക് കിട്ടിയ ഒരു ഗുണം.
ഇന്നും ആരാണ് അവരെ അടിച്ചതെന്ന് അവര്‍ക്കറിയില്ല, എനിക്കും എന്‍റെ  അമ്മാവനും, ഇപ്പോള്‍ ഇതാ നിങ്ങള്‍ക്കും മാത്രം.
(ഇനി ഇപ്പോള്‍ അവരിതറിഞ്ഞു വരുമെന്ന പേടിയൊന്നും ഇല്ല കേട്ടോ)


ഓഫ് ടോക്ക് : നെഞ്ജക് എന്തെന്ന് മനസിലാവതവര്‍ക്കായി അതിന്റെ ചിത്രം കൂടെ കൊടുത്തിട്ടുണ്ട്
 --------------------------------------

കോഴിക്കോട് നഗരം. രാത്രി 10 മണി.
വൈകുന്നേരം ജോലി കഴിഞ്ഞു പതിവ് കറക്കവും ഒക്കെ കഴിഞ്ഞു റോഡരികിലൂടെ കെ. എസ്. ആര്‍. ടി. സി. സ്റ്റാന്റ്  ലകഷ്യമാക്കി നടക്കുകയാണ്.
"ആര്‍ക്കും കുത്താം, എവിടെയും കുത്താം, ഒന്ന് വെച്ചാല്‍ പത്ത്, പത്ത് വെച്ചാല്‍ നൂറ്"
റോഡരികില്‍ കണ്ട ആള്‍ കൂട്ടത്തിന് നടുവില്‍ നിന്നാണാ ശബ്ദം
ഞാന്‍ മെല്ലെ അതിലേക്ക് പാളി നോക്കി. ഒരാള്‍ ഒരു നാട പിടിച്ചു ഇരിക്കുന്നു അതിനെ ചുറ്റി ഒരു ദ്വാരം ചൂണ്ടി കാട്ടി ആളുകള്‍ പൈസ  വെക്കുന്നു..
ചിലര്‍ക്ക് കിട്ടുന്നു, ചിലര്‍ക്ക്  കിട്ടാതെ പൈസ പോകുന്നു
ഇത്, നാട കുത്തുകാര്‍.
അവര്‍ ഒരു നാട പല മടങ്ങായി ചുരുട്ടും. ഇടയില്‍ കാണുന്ന ദ്വാരത്തില്‍ (അതായത് നാടയുടെ മധ്യത്തില്‍) പേന കൊണ്ട് കുത്തണം.
അതിന് ശേഷം ചുരുട്ടിയ നാട വലിക്കുമ്പോള്‍ അത് പേനയില്‍ കുടുങ്ങണം ഇല്ലെങ്കില് വെച്ച പൈസ പോകും.
ശരിക്കും നടുവില്‍ കുടുങ്ങിയാല്‍ വെച്ച പൈസയുടെ ഇരട്ടി കിട്ടുകയും ചെയ്യും
സൂക്ഷ്മതയോടെ കണ്ണിമ  തെറ്റാതെ ശ്രധിച്ചപ്പോള്‍ സംഗതി  പിടുത്തം കിട്ടി. അവര്‍ കൈ കൊണ്ട് ചിലപ്പോള്‍ മറച്ചു പിടിക്കുന്നതാണ് അതിന്റെ മദ്ധ്യ ഭാഗം.


ആളുകള്‍ക്ക്  മനസിലായെന്ന് തോന്നിയാല്‍ അതിന്റെ സ്ഥാനം സൂത്രത്തില്‍ അവര്‍ മാറ്റും. ഒരുപാട് പേര്‍ പൈസ വെച്ച് കളിക്കുന്നു. ചിലര്‍ക്ക് കിട്ടുന്നു. (അതവരുടെ കൂടെ ഉള്ളവര്‍ തന്നെയാണെന്ന് പിന്നെയാ മനസിലായത്)
ഇവര്‍ക്ക് ശേഷം വെക്കാന്‍ പോകുന്നവരോട് ഇവര്‍ പറയും. അവിടെ കുത്ത്, ഇവിടെ കുത്ത്, ആദ്യ രണ്ടെണ്ണം കിട്ടും. പിന്നെ പറഞ്ഞു തരുന്നവര്‍ കേട്ട് കുത്തിയാലോ, ഒക്കെ തെറ്റായിരിക്കും. ഇതാണവരുടെ ട്രാപ്. 
ഇനി ഒരുത്തനെങ്ങാനും അടുപ്പിച്ച് കിട്ടിയാലോ ഇവര്‍ കൂടെ ഉള്ള ഒരാള്‍ പുറത്ത് നിന്നും പോലിസ് എന്ന് വിളിച്ചു പറയും, ഇത് കേട്ട് എല്ലാരും ഓടും. നാട കുത്തുന്നവന്‍  പെട്ടെന്ന് അവിടെയുള്ള പൈസയും നാടയും എല്ലാം വലിച്ചു വാരി ഓടി പോകും. 
പാവം, ആദ്യ രണ്ട് പ്രാവശ്യം കിട്ടിയവന്‍ ആവേശം കൊണ്ട് തന്റെ  കയ്യിലുള്ള തുക മുഴുവന്‍ വെച്ചിട്ടായിരിക്കും കളിക്കുന്നത്. ഇവര്‍ എടുത്തോടുന്നതോടെ എല്ലാം നഷ്ട്ടപ്പെട്ടു ഇളിഭ്യനായി
ഇരിക്കേണ്ടി വരും. ഇതാണ് നടക്കുന്നതവിടെ. 
പല പ്രാവശ്യം കണ്ട എനിക്കിത് മനസിലായിരുന്നു. അങ്ങിനെയാ ഞാനിന്ന് കളിക്കാന്‍ തന്നെ തീരുമാനിച്ചത്. ഉടക്കാന്‍ കരുതി തന്നെയാ പോയത്. 
രണ്ട് പ്രാവശ്യം എനിക്ക് പൈസ കിട്ടി. മൂന്നാം പ്രാവശ്യം 500 വെച്ചു ഞാന്‍. അതായത് കിട്ടിയാല്‍ ആയിരം. അഞ്ഞൂറ് കളത്തില്‍ കണ്ടതും, പുറകിലുള്ള അവന്‍റെ  ഗ്യാങ്ങിലെ ആള്‍ പോലിസ്  എന്ന് വിളിച്ചു കൂവി. 
കളിക്കുന്നയാള്‍  പെട്ടെന്ന് എല്ലാം വാരി വലിച്ചു എഴുന്നേറ്റു, വിട്ടില്ല ഞാന്‍ ഞാന്‍ എന്‍റെ പൈസ  മുമ്പില്‍ വിരിച്ച തുണിയില്‍
നിന്നും പെട്ടെന്നെടുത്തു പോക്കറ്റിലിട്ടു. മുന്നിലുള്ള കക്ഷി  എന്‍റെ  പോക്കറ്റിലേക്ക് അതെടുക്കാന്‍ കയ്യിട്ടു. ഞാന്‍ വിട്ടു കൊടുത്തില്ല. ഇരുന്നു കൊണ്ട് തന്നെ ഒരു ചവിട്ട് കൊടുത്തു. ഞാന്‍ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റപ്പോഴേക്കും  മുമ്പിലുള്ളവന്‍ പുറകോട്ട് മലര്‍ന്നടിച്ചു വീണിരുന്നു.
(അതെങ്ങിനെ എന്ന് ചോതിക്കരുത്, അതൊക്കെ രഹസ്യമാ..)
അപ്പോഴേക്കും അവന്‍റെ  ഗ്യാങ് എന്നെ വളഞ്ഞിരുന്നു. പിന്നെ തലങ്ങും വിലങ്ങും അടി  ആയിരുന്നു. ഒടുവില്‍ രക്ഷയില്ല എന്ന് കണ്ട അവര്‍ ഓടി. (ആര്, അവരോ ഞാനോ?)   
ചുറ്റിനും ആരെയും കാണാഞ്ഞപ്പോള്‍  ഞാനും മെല്ലെ ഒന്നും സംഭവിക്കാത്ത പോലെ  നടന്നു നീങ്ങി. നാട്ടുകാര്‍ ദൂരെ ഇതെല്ലാം കണ്ടു നോക്കി നില്‍ക്കുകയായിരുന്നു. 
അല്ലെങ്കിലും നമ്മുടെ നാട്ടുകാര്‍ എന്നു കാഴ്ചക്കാര്‍ മാത്രമല്ലേ. റിസ്ക് ഉള്ള ഒന്നിലും കയറി ഇടപെടില്ലലോ. എന്തു ചെയ്യാം എനിക്കാണെങ്കില്‍ അതൊരു ശീലവുമായി പോയി. അത് കൊണ്ട് ഒരുപാട് പൊല്ലാപ്പും ഉണ്ടായിട്ടുമുണ്ട്. അത് വേറെ കാര്യം.
പിന്നൊരിക്കല്‍ ഇതേ ടീം  മറ്റൊരിടത്ത് തങ്ങളുടെ  പതിവ് പരിപാടിയും ആയി തുടരുന്നത് കണ്ടു അവിടെ ചെന്നിരുന്നു ഞാന്‍. എന്നെ കണ്ടതും  പുറകില്‍ നിന്നോരാള്‍ വന്നു ചെവിയില്‍ മെല്ലെ പറഞ്ഞു. "ജീവിച്ചു പോട്ടെ സാര്‍, വെറുതെ വിടണം"
ഞാണൊന്നും മിണ്ടിയില്ല. മെല്ലെ എഴുന്നേറ്റു നടന്നു.  
അപ്പോള്‍ അവിടെ ഒരുപാട് പേര്‍ കാത്തിരിക്കുന്നുണ്ടായിരുന്നു അവരുടെ മുമ്പില്‍ പറ്റിക്കപ്പെടാന്‍    തയാറായി.
പെട്ടെന്ന് പണമുണ്ടാക്കാനുള്ള കൊതി  അല്ലേ ചെന്നു ചാടട്ടെ. എന്നിട്ട് അനുഭവിക്കട്ടെ എന്നാലേ മനസിലാവൂ  എന്ന് എനിക്കും തോന്നി.
ഇത് പറഞ്ഞത് എനിക്കിവിടെ വല്യ ആളായി പൊങ്ങച്ചം പറയാനോന്നുമല്ല. ഇനിയെങ്കിലും ഇത്തരം നാടകുത്തുകാരുടെയും, പറ്റിക്കലുകാരുടെയും വാകുകളില്‍ കുടുങ്ങി പെട്ട് പോവാതിരിക്കാന്‍  ആര്‍ക്കെങ്കിലും  ഇതൊരു പാഠമാവുമെങ്കില്‍ ഞാന്‍ കൃതാര്‍ഥനായി.

Thursday, June 24, 2010

സ്വിമ്മിംഗ് പൂള്‍

ഒരു ഫ്ലാഷ് ബാക്ക്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്.
രംഗം ഒന്ന് : ഞങ്ങളുടെ റൂം.
"എനിക്കിനി ഇവിടെയും നില്‍ക്കാന്‍ പറ്റൂലല്ലോ..."
കൂട്ടുകാരന്റെ ഓടിയുള്ള വരവും കരച്ചിലും കേട്ടാണ് തിരിഞ്ഞു നോക്കിയത്.
നെറ്റിലും, ചാറ്റിങ്ങിലും ശ്രദ്ധിച്ചിരുന്ന ഞാന്‍ മെല്ലെ കമ്പ്യുടറിന്റെ മുമ്പില്‍ നിന്ന് മാറി പുറകോട്ടു നോക്കി.
ഓടി വന്നു കമഴ്ന്നു കിടന്നു കരയുകയാണ് കക്ഷി.
"എന്താടാ പ്രശ്നം?"
"ആകെ പ്രശനമാണ്, എനിക്കിനി ഇവിടെയും ജീവിക്കാന്‍ പറ്റുകേല"
"എന്താ സൈദെ പ്രശ്നം, നീ അത് പറ"
ആള്‍ വിസിറ്റില്‍ ദുബൈയില്‍ എത്തിയിട്ട് ഒരാഴ്ച ആയതേ ഉളളൂ. സൈദ്‌, എന്റെ അടുത്ത കൂട്ടുകാരനാണ്.
നാട്ടില്‍ തന്നെ അടിപിടിയും പ്രശ്നങ്ങളുമായിട്ടാ ഇങ്ങോട്ട് കയറ്റിയത്. ഒരു അടിപിടി കേസില്‍ നിന്നും അവിടെ നിന്നും ഇങ്ങോട്ട് മുങ്ങിയതാ ആള്‍.
ഇനി ഇവിടെ വന്നും തുടങ്ങിയോ?
ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ കാര്യം പറഞ്ഞു.
ഞാനിപ്പോള്‍ ടി. വി. യില്‍ കണ്ടു എന്റെ ഫോട്ടോ. നാട്ടില്‍ നിന്നും പോലീസുകാര്‍ എത്തി ഇവിടെയും ന്യൂസ്‌ കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നു.
ആള്‍ പേടിച്ചു വിറക്കാന്‍ തുടങ്ങി.
"ഇല്ലെടാ, നീ ഏതു ചാനലില്‍ ആണ് കണ്ടത്?"
ഉടന്‍ തന്നെ റൂമിലുള്ള എല്ലാ അറബി ചാനലുകളും മാറി മാറി ഇട്ടു നോക്കി ഞാന്‍.
"അതൊന്നും അറിയില്ല, ആ ടി. വി. കടക്കു മുമ്പിലൂടെ നടക്കുമ്പോഴാ കണ്ടത്. ഇനിയിപ്പോള്‍ നമ്മളെന്താ ചെയ്യുക".
ങേ. സംഗതി പുലിവാലായോ. ഈ കുരിശിനെ കൊണ്ട് ഞാന്‍ പെട്ടോ?
ഞാന്‍ കൂട്ടുകാരെ പലരെയും വിളിച്ചു. ആരും അങ്ങിനെ ഒരു ന്യൂസ്‌ കണ്ടതായി ഓര്‍ക്കുന്നില്ല. ഏതു ചാനല്‍ ആണ് ഭഗവാനെ?
'ഏതായാലും വാ. നമ്മള്‍ക്ക് കടക്കാരോട് തന്നെ ചോതിക്കാം, തൊട്ടു മുമ്പ് അവര്‍ ഏതു ചാനല്‍ ആയിരുന്നു ഇട്ടതെന്ന്'
'ഞാനില്ല, ഇനി പോലീസുകാര്‍ കണ്ടാല്‍ എന്നെ അവരങ്ങ് കൊണ്ട് പോകും'. ആള്‍ കിടന്നിടത്ത് നിന്നും അനങ്ങുന്നില്ല.
'ഇല്ലെടോ, നീ പേടിക്കേണ്ട, ദുബായ് പോലീസിലെ മുദീറിന്റെ (മാനേജര്‍, ചീഫ്) മകന്‍ എന്റെ കൂട്ടുകാരന്‍ ആണ്'. പുതിയ ആളല്ലേ, ഞാനങ്ങു കാച്ചി.
'എന്നാല്‍ നീ ഇപ്പോള്‍ തന്നെ വിളിച്ചു വല്ലതും ചെയ്യാന്‍ പറ്റുമോന്നു നോക്ക്. ചില്ലറ വല്ലതും കൊടുത്തു ഒതുക്കാമോന്നു'.
ആഹാ, ഇവനാള് കൊള്ളാമല്ലോ. വന്നതിന്റെ ആറാം ദിവസം കൈക്കൂലി കൊടുക്കാന്‍ ഉപദേശിക്കുന്നോ? അതും ദുബായ് പോലീസ് ചീഫിന്. അവന്റെ പൈസ ഒന്നുമല്ല അതും എന്റേത് തന്നെ. എങ്ങിനെ കക്ഷി? നീയൊക്കെ എന്റെ കൂട്ടുകാരനായി തന്നെ വരണം. ഞാന്‍ മനസ്സില്‍ ഓര്‍ത്തു.
'നമ്മള്‍ക്ക് ശരിയാക്കാം, ആദ്യം ഏതു ചാനലിലാ വന്നതെന്ന് നോക്കാം. നീ വാ, കണ്ട സ്ഥലം പറ'
അവനതു വിശ്വസിച്ചു എന്ന് തോന്നി, മെല്ലെ എഴുന്നേറ്റു പുറകെ വന്നു.
കുറച്ചു നടന്നപ്പോള്‍ ഒരു ഇലക്ട്രോണിക്സ് കടയുടെ മുമ്പില്‍ എത്തി. ഇതാ കട.
ഞങ്ങള്‍ കയറിയതും വീണ്ടും അവിടെ നിരത്തി വെച്ചിരിക്കുന്ന എല്ലാ ടി. വി. യിലും കാണിച്ചു, ഇപ്രാവശ്യം അവനെ മാത്രമല്ല. കൂടെ ഞാനുമുണ്ടായിരുന്നു.
'ഓടിക്കോ മോനെ. ഇപ്പോള്‍ ഞാന്‍ മാത്രമല്ല. നീയും ഉണ്ട് കൂടെ, നോക്ക്'
ടി. വി. യിലേക്ക് നോക്കിയ ഞാന്‍ തലയില്‍ കൈ വെച്ച് അവിടെ ഇരുന്നു പോയി.
എന്തെന്നോ? കടയുടെ മുമ്പില്‍ ഫിറ്റ്‌ ചെയ്ത കാമറയിലൂടെ, അവിടെ പോകുന്ന എല്ലാവരെയും ടിവിയില്‍ ഡിസ്പ്ലേ ചെയ്യുന്നുണ്ടായിരുന്നു.
ഇതാ സംഭവം. ചിരിച്ചു ചിരിച്ചു മണ്ണ് കപ്പിയ ഞാന്‍ ഒടുവില്‍ വിശദീകരിച്ചു കൊടുക്കേണ്ടി വന്നു.
ഇടി വെട്ടിയവനെ പോലെ ഇരുന്ന അവനെ. അതോ ചമ്മിയതോ, ഒന്ന് കാണേണ്ടതായിരുന്നു അപ്പോള്‍.
(അടുത്ത ദിവസം ദുബായ് ഏഷ്യാനെറ്റ്‌ റേഡിയോയില്‍ ഈ സംഭവം വിവരിച്ചിരുന്നു ഞങ്ങള്‍ കൂട്ടുകാര്‍)

രംഗം രണ്ടു :
വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇതേ കക്ഷി.
സ്വന്തമായി ബിസിനസ്‌ ഒക്കെ ആയി. പച്ച പിടിച്ചു തുടങ്ങി.
സ്വന്തമായി കാര്‍ വാങ്ങി. പിന്നെ അവന്റെ ചിരകാല അഭിലാഷമായ കൂളിംഗ് ഗ്ലാസും. ഡ്രൈവ് ചെയ്യുമ്പോള്‍ ഇടാനാണ് കേട്ടോ (അവന്‍ പറഞ്ഞ അറിവ്)
പക്ഷെ ഒരു കുഴപ്പം, സമയം കിട്ടിയാല്‍ ഗ്ലാസ്‌ എടുത്തു മുഖത്ത് വെച്ച് കളയും ആശാന്‍.
ഇവനെന്താ കൂളിംഗ് ഗ്ലാസില്‍ ആരോ കൂടോത്രം ചെയ്തിട്ടുണ്ടോ എന്ന് പറയാറുണ്ട്‌ ഞങ്ങള്‍.
ഏതായാലും, വ്യാഴാഴ്ചയിലെ വൈകുന്നേരങ്ങളില്‍ റൂമില്‍ മുഴുവന്‍ തിരക്കാണ്. അല്ലെങ്കില്‍ തന്നെ മൂന്നു പേര്‍ കഷ്ട്ടിച്ചു കിടക്കാവുന്നിടത് അഞ്ചു പേരാ കിടക്കുന്നത്.
വ്യാഴാഴ്ച ആയാല്‍ രാത്രി മറ്റു കൂട്ടുകാര്‍ കൂടെ എത്തും. പിന്നെ ആകെ ബഹളമാ. രാത്രി പത്തു മണിയോടെ എല്ലാവരും എത്തും റൂമില്‍, ഏകദേശം 10 പെരോളമുണ്ടാവും.
ഒരുമിച്ചു നടക്കാനിറങ്ങും. കാണുന്ന എവിടെയും കയറും. എന്തും കഴിക്കും. അങ്ങിനെ അടിച്ചു പൊളിച്ചു പാതിരാ വരെ കറങ്ങി, തിരിച്ചു റൂമില്‍ വന്നു 'കടപ്പുറത്ത് മത്തി ഉണങ്ങാനിട്ട പോലെ' തലങ്ങും വിലങ്ങും കിടക്കും.
അത് പോലെ ഒരു ദിവസം. പതിവ് നടത്തത്തിനിടയില്‍ , 'തറവാട് ബാര്‍' എന്ന് കണ്ടപ്പോള്‍ ഒരുവന് ആഗ്രഹം. കയറി നോക്കിയാലോ? ഒന്നുമില്ലെങ്കിലും നല്ല കപ്പയും മത്തിയും കിട്ടും. കൂടെ മിനുങ്ങണം എന്നുള്ളവര്‍ക്ക് അതുമാവാം. ഞങ്ങള്‍ ചിലര്‍ മടിച്ചു നിന്നെങ്കിലും ഭൂരിപക്ഷത്തിന്റെ മൃഗീയ അഭിപ്രായത്തിനു മുമ്പില്‍ പിന്നെ മറ്റൊന്നും പറയാനില്ലായിരുന്നു.
കയറിയപ്പോള്‍ തന്നെ കണ്ടു, അരണ്ട വെളിച്ചത്തില്‍, തുറസ്സായ സ്ഥലം. ഇടയ്ക്കു കൃത്രിമമായി പുല്‍മേടും, മരങ്ങളും. ഒരു സ്വിമ്മിംഗ് പൂള്‍. അതിനു ചുറ്റും കസേര സജ്ജീകരിച്ചിരിക്കുന്നു. കൊള്ളാം.
നമ്മുടെ കക്ഷി, കയറുന്നതിനു മുമ്പേ അങ്ങേരുടെ 'സ്ഥിരം ഗ്ലാസ്സ്‌' ഫിറ്റ്‌ ചെയ്തിരുന്നു. ഞങ്ങള്‍ എല്ലാവരും മെല്ലെ നടന്നു ഒരു ഒഴിഞ്ഞ സ്ഥലത്ത് ഇരുന്നു.
കക്ഷി ഒന്ന് മൂത്രം ഒഴിച്ച് വരാം എന്ന് പറഞ്ഞു എഴുന്നേറ്റു ബാത്രൂമിന്റെ ഭാഗത്തേക്ക് നടന്നു.
നേര്‍ത്ത വെളിച്ചമായതിനാലും, ഗ്ലാസ്സ്‌ വെച്ചതിനാലും, പിന്നെ തറയും 'പൂളും' ഒരേ ലെവല്‍ ആയതിനാലും, കക്ഷിക്ക് സംഗതി മനസിലായില്ല. നേരെ നടന്നത് പൂളിലെക്കായിരുന്നു.
പിന്നെ ഞങ്ങള്‍ കണ്ടത്, ഓടിക്കൂടുന്ന ആളുകളും സെക്യുരിറ്റി ഗാര്‍ഡും കൂടെ കൈ പിടിച്ചു കയറ്റുന്നതാണ്.
ചിരിക്കണോ അതോ വേറെന്താ വേണ്ടതെന്നറിയാതെ തരിച്ചിരുന്ന ഞങ്ങളുടെ അടുക്കലേക്കു, ആകെ വെള്ളത്തില്‍ കുളിച്ചു കയറി വന്ന അവനെ കണ്ടപ്പോള്‍ എനിക്കോര്‍മ വന്നത്, പണ്ട് ടി. വി. ഷോപിന്റെ മുമ്പില്‍ അവന്‍ ഇരുന്ന ആ ഭാവമായിരുന്നു.

(പ്രിയ സുഹുര്‍തെ, ഈ രക്തത്തില്‍ എനിക്ക് പങ്കില്ല)

Saturday, May 29, 2010

ആദരാഞ്ജലികള്‍

ഇന്നലെ ആകെ അസ്വസ്ഥമായിരുന്നു മനസ്സ്.
പതിവിലും വിപരീതമായി എന്‍റെ ഫോണ്‍ കുറെ നേരം ബെല്‍ അടിക്കുന്നത് കണ്ടപ്പോള്‍ എടുത്തു നോക്കി.
ഹംസ.. പതിവ് മിസ്സ്‌ കാള്‍ അടി വീരനാ...... അല്ലെങ്കിലും ചിലരെ കണ്ടാല്‍ തന്നെ തോന്നും മിസ്സ്‌ കാള്‍ അടിക്കാനായി ജനിച്ചതാണോ എന്ന്.
ഇതെന്തു മറിമായം. ഇവന് ലോട്ടറി വല്ലതും അടിച്ചോ? അല്ലെങ്കില്‍ ഒരു മുപ്പതു 'ഫില്‍‌സ്നു വേണ്ടി ജീവ ത്യാഗം ചെയ്യുന്നവനാ.
അങ്ങിനെ നീട്ടി അടിച്ചാല്‍ തന്നെ അത് കട്ട്‌ ചെയ്തു വിളിക്കാനാ ഉത്തരവ്. ഇനി അഥവാ എടുത്തു പോയാലോ തെറി ഉറപ്പാ. തെറി പ്രതീക്ഷിച്ചു കൊണ്ട് ഫോണ്‍ എടുത്തു.
"നമ്മുടെ പി. സി. ക്ക" മരിച്ചു"
ഫോണിലൂടെ വന്ന വാര്‍ത്ത കേട്ടതും ഞാനൊരു നിമിഷം നിശബ്ദനായി. പ്രതീക്ഷിച്ചിരുന്നു എങ്കിലും മനസിനിഷ്ടമില്ലായിരുന്നു ഇത് കേള്‍ക്കാന്‍.
"ഇന്ന് രാവിലെ ആയിരുന്നു". മറ്റൊന്നും പറയാതെ ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു.

പാവം മനുഷ്യന്‍. പ്രതാപ കാലത്ത് ഐശ്വര്യത്തോടെ ജീവിച്ചു ഒടുക്കം ഇങ്ങിനെ.....

വെറുതെ ഞാനദ്ദേഹത്തെ കുറിച്ചൊന്നു ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു നോക്കി. എന്‍റെ ചെറുപ്പ കാലം മുഴുവന്‍ അദ്ദേഹത്തെ ചുറ്റി പറ്റിയുള്ളതായിരുന്നു എന്ന് പറഞ്ഞാല്‍ ഒരു പക്ഷെ അതൊരു വെറും വാക്കാവില്ല.

എന്‍റെ ചെറുപ്പ കാലം. ഉപ്പ രാവിലെ കാട്ടിലേക്ക് പണിയന്മാരെയും (ആദിവാസികള്‍ക്ക് ഞങ്ങളുടെ നാട്ടില്‍ പറയുന്ന മറ്റൊരു പേര്) കൂട്ടി കാട്ടിലേക്ക് പോകും. ചിലപ്പോള്‍ ഒന്നും രണ്ടും ആഴ്ച കഴിഞ്ഞാണ് വരിക. ചൂരല്‍, കാട്ടില്‍ നിന്ന് വെട്ടിക്കൊണ്ടു വന്നു അത് കൊണ്ട് "കുട്ട" ഉണ്ടാക്കി അത് പട്ടണത്തില്‍ കൊണ്ട് പോയി വിറ്റാണ് ജീവിതം കഴിയുന്നത്‌. ഒരു പ്രാവശ്യം കാട്ടിലേക്ക് കയറിയാല്‍, ഉപ്പയും മൂന്നു നാല് പേരും ഉണ്ടാവും, അരിയും സാധനങ്ങളും പാത്രങ്ങളും എല്ലാം കൊണ്ടാണ് പോക്ക്. കയറിയാല്‍ പിന്നെ കാടടച്ചു തിരച്ചിലാണ്. (കാട്ടില്‍ നിന്ന് ചൂരല്‍ വെട്ടാന്‍ സ്ഥലം ഫോറെസ്റ്റ്‌ റേഞ്ച് ഓഫീസറുടെ അടുത്ത് നിന്നും നേരത്തെ "അനുമതി" വാങ്ങിയിട്ടുണ്ടാവും ചൂരല്‍ വെട്ടാനും തിരയാനും എല്ലാം) പിന്നെ തിരിച്ചു വരുവോളം ഞങ്ങള്‍ക്കും പേടിയാണ്. വന്യ മൃഗങ്ങളുള്ള കാടാണ്. പടച്ചോനെ വല്ലതും പറ്റിയാല്‍?!

ഞങ്ങളുടെ നാട്ടിലെ ഏക പലചരക്ക് കട അന്ന് പി. സി ക്കയുടെതാണ്. ഞങ്ങള്‍ക്കവിടെ "പറ്റു" ഏല്‍പ്പിച്ചതായിരുന്നു ഉപ്പ. പലചരക്ക് സാധനങ്ങള്‍ എന്ത് വേണമെങ്കിലും വാങ്ങിക്കാം.
പൊതുവേ എല്ലാവരോടും കര്‍ക്കശക്കാരനായിരുന്നു എങ്കിലും ഒരുപാട് പാവങ്ങള്‍ അദ്ദേഹത്തെ കൊണ്ട് കഴിഞ്ഞു പോയിരുന്നു എന്നതാണ് സത്യം.
എല്ലാവരും കൂലി പണിക്കാര്‍. എല്ലാവര്ക്കും അദ്ദേഹം ആശ്രയമായിരുന്നു എന്നതാണ് സത്യം. വൈകിട്ട് കടയില്‍ പോയാല്‍ നല്ല തിരക്കായിരിക്കും. അതിനാല്‍ തന്നെ പറ്റു ബുക്കില്‍ സാധനങ്ങളുടെ ലിസ്റ്റ് എഴുതി കൊണ്ട് പോയി ഉച്ചക്ക് കൊടുക്കും. തിരക്കൊഴിഞ്ഞു അദ്ദേഹം എടുത്തു വെച്ചിരിക്കും. ഞങ്ങള്‍ രാത്രി പോയി എടുത്തു കൊണ്ട് വരും.

"വാപ്പ വന്നെടോ?" എപ്പോള്‍ കണ്ടാലും ആദ്യം ചോദിക്കുന്ന ചോദ്യം ഇതായിരിക്കും. ആ മുഴക്കമുള്ള ശബ്ദം ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നു.
"പേടിക്കേണ്ട കേട്ടോ. ഇങ്ങു വരും, ആരൊക്കെയാ 'കണ്ടനും' 'മാണി'യുമൊക്കെ ഇല്ലേ കൂടെ". ഇത് കേള്‍കുമ്പോള്‍ തന്നെ പകുതി ആശ്വാസമാകുമായിരുന്നു. കൂടെ അദ്ദേഹത്തിന്റെ വക ഒരു മിഠായിയും കിട്ടും (ഇത് കണക്കില്‍ എഴുതില്ല കേട്ടോ) അതിനാല്‍ തന്നെയാവും ചെറുപ്പം മുതലേ എനിക്ക് അദേഹത്തെ വലിയ ഇഷ്ടമായിരുന്നു. അദേഹത്തിന് എന്നെയും.

ചില സമയങ്ങളില്‍ ഉപ്പ കാട്ടില്‍ നിന്ന് വെറും കയ്യോടെ മടങ്ങി വരും. പോയ ഭാഗങ്ങളില്‍ ചൂരല്‍ ഉണ്ടാവില്ല. കയ്യില്‍ കരുതിയിരുന്ന ഭക്ഷണവും തീര്‍ന്നിട്ടുണ്ടാവും. പിന്നെന്തു ചെയ്യും? തിരിച്ചു വരിക തന്നെ. വെറും കയ്യോടെ വരുമ്പോഴും ഞങ്ങള്‍ക്ക് പലചരക്ക് സാധനങ്ങള്‍ മുടങ്ങാതെ അദ്ദേഹത്തിന്റെ കടയില്‍ നിന്ന് കിട്ടുമായിരുന്നു.

ഞങ്ങളുടെ നാട്ടില്‍ പത്രം വരുന്ന ഏക സ്ഥലവും ഇദ്ദേഹത്തിന്‍റെ കടയായിരുന്നു. മലയാള മനോരമ ആയിരുന്നു അവിടെ വരിക. പലപ്പോഴും ക്യു നിന്ന് വായിച്ചിട്ടുണ്ട് ഞാന്‍ പത്രം.
വൈകുന്നേരമായാല്‍ കടയുടെ മുമ്പില്‍ ഉള്ള രണ്ടു ബഞ്ചിലും പിന്നെ "ഉപ്പു പെട്ടി"യിലും (ഇന്ന് എവിടെയും കാണ്മാനില്ല ഈ പെട്ടി. പണ്ട് എല്ലാ പലചരക്ക് കടയിലും ഉപ്പു ഇട്ടു വെക്കാന്‍ ഒരു പെട്ടി ഉണ്ടാവുമായിരുന്നു. ഉപ്പു അളന്നു കൊടുക്കുന്നതും "സേര്‍" അളവിലായിരുന്നു.) നിറയെ ആളുണ്ടാവും. കൂലിപ്പണി കഴിഞ്ഞു വരുന്ന എല്ലാവരും ഒത്തു കൂടും. പിന്നെ ഒരു രസമാ. കളിയും ചിരിയും ബഹളവും.
ഒരു കൂട്ടര്‍ ഉപ്പും പെട്ടിയില്‍ കള്ളി വരച്ചു കല്ല്‌ വെട്ടിക്കളിക്കും. (അങ്ങിനെ ഒരു കളി ഉണ്ടായിരുന്നു. ഇന്നും ചിലയിടങ്ങളില്‍ കാണുന്നുണ്ട്) ജയിക്കുന്നയാള്‍ക്ക് തോല്‍ക്കുന്നയാല്‍ കടയില്‍ നിന്നും പഴം വാങ്ങി കൊടുക്കും. ഈരണ്ടു പേര്‍ വീതം കളിക്കും. രാത്രിയാവുംബോഴെക്കും കടയിലെ പഴത്തിന്‍റെ പകുതി തീരും. വൈദ്യുതി ഉള്ള അപൂര്‍വ്വം കടകളിലോന്നായിരുന്നു ഇത്.

ഞങ്ങള്‍ കുട്ടികള്‍ വെറുതെ പോയി ഈ കളികളും നോക്കിയിരിക്കും ഒരാള്‍ തന്നെ കൂടുതല്‍ ജയിച്ചാല്‍ ചിലപ്പോള്‍ അവര്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് പഴം തരുമായിരുന്നു. ഒരു പഴത്തിനു പതിനഞ്ചു പൈസ വിലയാ അന്ന്. വെറുതെ കിട്ടുന്ന പഴം ഞങ്ങള്‍ക്കെന്താ പുളിക്കുമോ?
ഉപ്പ വന്നാല്‍ പിന്നെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവാദമില്ല. അല്ലാത്തപ്പോള്‍ പി. സി. ക്കയുടെ കടയില്‍ പോയിരിക്കാന്‍ മാത്രമേ അനുവാദം ഉണ്ടായിരുന്നുള്ളൂ.

ഒരിക്കല്‍ ഉപ്പയെ കാട്ടില്‍ നിന്ന് ഒറ്റയാന്‍ ഓടിച്ചു. രക്ഷപെടാന്‍ ഒരു പാറക്കെട്ടിന്റെ മുകളില്‍ നിന്ന് എടുത്തു ചാടി. കൂടെയുള്ളവര്‍ ഭക്ഷണം ഉണ്ടാക്കുകയായിരുന്നു. രാത്രി ആയപ്പോള്‍ ഉപ്പ ഒന്ന് "വെളിക്കിരിക്കാന്‍" കുറച്ചു ദൂരെ മാറി പോയതാ. ആനയില്‍ നിന്ന് രക്ഷപെട്ടെങ്കിലും. കഷ്ടകാലം ഉപ്പയുടെ കൂടെയുണ്ടായിരുന്നു. ഒരു കയ്യിന്റെ എല്ല് പൊട്ടി.
അന്ന് രാത്രി മുഴുവന്‍ കാട്ടില്‍ വേദന സഹിച്ചു കിടന്നു. പിറ്റേന്ന് രാവിലെ തിരിച്ചു കൂടെയുള്ളവരോടൊപ്പം വീട്ടിലെത്തി. പിന്നീടത്‌ മാറാന്‍ കുറെ കാലമെടുത്തു. ജോലിക്ക് പോകാന്‍ പറ്റാതെ ഉപ്പ വീട്ടില്‍ കിടന്നു. അന്നെല്ലാം മുടങ്ങാതെ യാതൊരു മുഷിപ്പും പറയാതെ ഞങ്ങള്‍ക്കുള്ള എല്ലാ സാധനങ്ങളും കടയില്‍ നിന്ന് കിട്ടുമായിരുന്നു.
(ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നുണ്ട് അതെല്ലാം. ആ നല്ല മനുഷ്യനാ ഇന്നലെ പൊലിഞ്ഞത്.)

മഴക്കാലം എല്ലാവരെയും പോലെ ഞങ്ങള്‍ക്കും പട്ടിണിയുടേത് ആയിരുന്നു. മണ്ണിന്റെ കട്ട കൊണ്ടുണ്ടാക്കിയ ഓല മേഞ്ഞ വീട്. വെയിലു കൊണ്ട് നുരുമ്പി പോയിട്ടുണ്ടാവും മിക്കതും. മഴക്കാലം വന്നാല്‍ പ്രശ്നങ്ങള്‍ പലതാണ്. ഉപ്പാക്ക് കാട്ടില്‍ പോവാന്‍ പറ്റില്ല. കാട് നിറയെ അട്ടകളായിരിക്കും. എന്നാലും ചില സമയത്ത് അതൊന്നും വക വെക്കാതെ പോവുമായിരുന്നു. "നമ്മള്‍ക്ക് പി. സി. ക്കായിയുടെ കടയില്‍ നിന്നും കടം കിട്ടും. പാവം പണിയന്മാര്‍ എന്ത് ചെയ്യും? അവര്‍ക്കും വേണ്ടേ വല്ലതും തിന്നാന്‍?" . അവര്‍ വന്നു സങ്കടം പരയുംബോഴായിരുന്നു ഇങ്ങിനെ ഇറങ്ങി തിരിക്കുക. ഉപ്പും പിന്നെ മറ്റെന്തൊക്കെയോ കൂട്ടി "കിഴി"യുണ്ടാക്കി അതുമായി കാട്ടിലേക്ക് പോകും. അട്ടയുടെ കടിയില്‍ നിന്നും രക്ഷപെടാന്‍ വേണ്ടി അത് ഇടയ്ക്കിടെ കാലില്‍ തേക്കും.

വീട്ടിലെ നുരുംബിയിരിക്കുന്ന ഓലകളിലേക്ക് ശക്തിയില്‍ മഴത്തുള്ളികള്‍ വീഴുമ്പോള്‍ പലയിടത്തും ഓട്ടകള്‍ വീഴും. അത് വഴി വെള്ളം താഴേക്കു വീഴും. മഴ പെയ്താല്‍ പിന്നെ അതായി ജോലി. അടുക്കളയിലുള്ള സകല പാത്രങ്ങളും വെള്ളം ഇറ്റുന്ന ഓരോ ഓട്ടയ്ക്ക് താഴെയും വെക്കും. ചിലപ്പോള്‍ പാത്രങ്ങള്‍ തികയാതെ കരി കൊണ്ട് മെഴുകിയ നിലത്തു മുഴുവന്‍ വെള്ളം ആവാറുണ്ട്.
"പടച്ചോനെ എന്നാണു നമ്മുടെ ഈ കഷ്ട്ടപ്പാട് ഒക്കെ ഒന്നി മാറി ഒരു ഓടിട്ട വീട്ടില്‍ കഴിയാന്‍ പറ്റുക" പലപ്പോഴും ഉമ്മ കരഞ്ഞു കൊണ്ട് ഉപ്പയോട്‌ സങ്കടം പറയുന്നത് ഞാന്‍ കേട്ടിട്ടുന്ന്ട്.
(ഇന്ന് ഓല വീടിനു പകരം വാര്‍പ്പിട്ട, കരി മെഴുകിയതിനു പകരം മാര്‍ബിള്‍ പാകിയ എല്ലാ സൌകര്യത്തോടും കൂടിയ വീട്ടില്‍ കഴിയുമ്പോള്‍, (അതിനു ഭാഗ്യം തന്ന ദൈവത്തിനു സ്തുതി) ഞാനീ വാക്ക് പലപ്പോഴും ഉമ്മയോട് പറയാറുണ്ട്‌)

പറമ്പില്‍ കാശു മാവിന്‍ തൈ ഉണ്ടായിരുന്നു, പിന്നെ കുറച്ചു കുരുമുളക് വള്ളികളും, കവുങ്ങിന്‍ തൈകളും. കുരുമുളക് പറിച്ചു ഉണക്കി ചാക്കില്‍ ആക്കി വെക്കും. രണ്ടു കാര്യങ്ങളാ അതിലുള്ളത്. നല്ല വില വരുമ്പോള്‍ വില്‍ക്കാം. ഇനി വില കൂടിയില്ലെങ്കില്‍ മഴക്കാലത്ത് വീടിന്റെ ഓല മേയാന്‍ ഇത് വിറ്റു കിട്ടുന്ന തുക ഉപയോഗിക്കാം. അത് പോലെ തന്നെ കശുവണ്ടിയും.

അത്യാവശ്യം എന്‍റെ അല്ലറ ചില്ലറ തരികിട ചിലവുകള്‍ക്ക് (അന്നേ ഈ സ്വഭാവമുണ്ടായിരുന്നു. ഉം..) ഒപ്പിക്കുന്നത് ഇത്തരം വേലകളിലൂടെയായിരുന്നു. ബാല്യ കാലത്തെ ഓരോ വിവരമില്ലായ്മകളെ...
ഉപ്പ കാട്ടില്‍ പോകുന്ന സമയങ്ങളില്‍ മാത്രമേ ഇത്തരം കള്ളത്തരങ്ങള്‍ നടക്കുമായിരുന്നുള്ളൂ. വീട്ടില്‍ കോഴികള്‍ ഉണ്ടായിരുന്നു. ഇടയ്ക്കിടെ രാവിലെ കോഴിമുട്ട കാണാതാവും.
മിക്കവാറും കോഴി രാവിലെ കൂട്ടില്‍ മുട്ടയിട്ടു എഴുന്നേറ്റു പോകും. എനിക്ക് മിഠായി, ഐസ്, പെന്‍സില്‍ (ആവശ്യത്തിനുള്ളത് വീട്ടില്‍ നിന്ന് കിട്ടും, ദിവസവും കളഞ്ഞു പോകും. പിന്നെ ചോദിച്ചാല്‍ അടി കിട്ടും) എന്നിത്യാതി സാധനങ്ങള്‍ അത്യാവശ്യമുള്ള ദിവസങ്ങളില്‍ കോഴി, മുട്ട എവിടെയാ ഇട്ടതെന്ന് ഉമ്മ തിരഞ്ഞു നടക്കുന്നത് കാണാം.
ഞാന്‍ പറയും ഉമ്മാ ചിലപ്പോള്‍ പറമ്പില്‍ എവിടെയെങ്കിലും ഇട്ടിട്ടുണ്ടാവും. പാവം കോഴി.. അത് അതിന്റെ "കൃത്യം" ഭംഗിയായി നിര്‍വഹിച്ചു പോയിട്ടിണ്ടാവും. അതിനു കോഴിയെ ചീത്ത പറയും ഉമ്മ.
അല്ലെങ്കിലും ഈ കോഴികള്‍ക്കൊന്നും ഒരു ഉത്തരവാദിത്വവും ഇല്ലെന്നെ. ഞാനും കൂടെ കൂടും.
അന്ന് രാവിലെ തന്നെ പി. സി ക്കയുടെ കടയില്‍ കൊണ്ട് പോയി വിറ്റു പൈസ വാങ്ങി കീശയിലിട്ടിടുണ്ടാവും ഞാന്‍.
"അത്യാവശ്യമായി കുറച്ചു പൈസ വേണം അതിനാല്‍ ഉമ്മ പറഞ്ഞതാ വില്‍ക്കാന്‍". പാവം. ഉപ്പ വീട്ടില്‍ ഇല്ലാത്തതല്ലേ. പോരാത്തതിനു എന്നെ നല്ല വിശ്വാസവും. വാങ്ങി വെച്ച് പൈസ തരും.
അത് പോലെ തന്നെ കുരുമുളകും, കശുവണ്ടിയും, അടക്കയും (ഇതിനൊന്നും വീട്ടില്‍ കണക്കു വെക്കാതിരുന്നതിനാല്‍ രക്ഷപെട്ടു) എല്ലാം അദ്ദേഹത്തിന്റെ കടയിലേക്ക് പൊയ്ക്കൊണ്ടിരുന്നു.

പക്ഷെ ഒരിക്കല്‍ ഉപ്പ കാട്ടില്‍ നിന്ന് തിരിച്ചു വന്നപ്പോള്‍ എന്തോ കാര്യം പറഞ്ഞ കൂട്ടത്തില്‍ ഞാന്‍ കശുവണ്ടി വിറ്റ കാര്യം അദ്ദേഹം ഉപ്പയോട്‌ പറഞ്ഞു. ഒന്നും മിണ്ടാതെ വീട്ടില്‍ വന്നു. അന്ന് പിന്നെ എന്‍റെ വീട്ടിലുള്ള എല്ലാ ചീരക്കൊമ്പുകള്‍ക്കും , പിന്നെ രണ്ടു 'കണ്ണിചൂരല്‍' വടികള്‍ക്കും വിശ്രമം ഇല്ലാത്ത ജോലി ആയിരുന്നു. എന്‍റെ ദേഹത്ത് ഓരോന്നും പൊട്ടും വരെ പ്രയോഗിച്ചു. ഒരു പാട് തവണ. ദേഹമാസകലം ചുവന്ന അടയാളം വന്നു. ചിലയിടത്ത് പൊട്ടി. കഷ്ട്ടപ്പെട്ടു വളര്‍ത്തുന്ന മോന്‍ "കള്ളന്‍" ആകുന്നതു എന്‍റെ ഉപ്പാക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. (അതോടെ ജീവിതത്തില്‍ ആ പരിപാടി നിര്‍ത്തി. ഭാഗ്യം. ഇല്ലെങ്കില്‍ ഇപ്പോള്‍.......???
പക്ഷെ ഒരു പാട് അടിച്ചപ്പോള്‍ പാവം ഉപ്പാക്ക് തന്നെ സങ്കടം തോന്നിക്കാണും. വൈകിട്ട് തൈലമുപയോഗിച്ചു ദേഹമാസകലം തടവി എന്നെ കുളിപ്പിച്ച് തന്നു.
അന്ന് രാത്രി പി. സി. ക്കായി വീട്ടില്‍ വന്നു. എന്നെ കണ്ടതും ഉപ്പയോട്‌ ചോദിച്ചു. "നിങ്ങള്‍ എന്ത് പണിയാ ചെയ്തത്. കുട്ടികള്‍ വിവരമില്ലായ്മ കാണിച്ചാല്‍ ഇങ്ങനെ അവരെ തല്ലുകയാണോ വേണ്ടത്? പറഞ്ഞു മനസിലാക്കെണ്ടതിനു പകരം ഇങ്ങിനെ, നിനക്കെന്താ വിവരം കൂടിപ്പോയോ"? ഉപ്പയോട്‌ ദേഷ്യം പിടിച്ചു അദ്ദേഹം.
(എനിക്കായി ഉയര്‍ന്ന ആദ്യ ശബ്ദം! എന്‍റെ ഉമ്മ പോലും ഈ കാര്യത്തിനു എനിക്ക് വക്കാലത്ത് പിടിക്കാന്‍ വന്നിരുന്നില്ല) അത് കേട്ടതോടെ എനിക്ക് സങ്കടം വന്നു. ഞാന്‍ പൊട്ടിക്കരഞ്ഞു പോയി. പക്ഷെ എന്നെ ചേര്‍ത്ത് പിടിച്ചു അദേഹം കൊണ്ട് വന്ന മിഠായി തിന്നു. അന്നാദ്യമായി ഞാനാ മിഠായി വാങ്ങിയില്ല. പക്ഷെ അദ്ദേഹം അതെന്റെ വായില്‍ വെച്ച് തന്നു. ഇനി ഇങ്ങിനെ ഒന്നും ചെയ്യരുതെന്ന ഉപദേശവും തന്നു. ഞാന്‍ ഇല്ലെന്നു തലയാട്ടി.
**************************************************
എനിക്ക് ഓര്‍മയുള്ള കാലം മുതല്‍ കുറച്ചു കാലം മുമ്പ് വരെ അദ്ദേഹം വളരെ അന്തസ്സോടെ ആയിരുന്നു ജീവിച്ചിരുന്നത്. പ്രതാപതോടെയും. വളരെ വൃത്തിയായി ഡ്രസ്സ്‌ ചെയ്തു, പൌഡര്‍ ഒക്കെ ഇട്ടു. (ഒരു പക്ഷെ അന്നൊക്കെ പൌഡര്‍ ഇടുന്ന ഞങ്ങളുടെ നാട്ടിലെ അപൂര്‍വ്വം വ്യക്തികളില്‍ ഒരാളായിരിക്കാം അദ്ദേഹം. വെള്ള വസ്ത്രം ധരിച്ചേ ഇപ്പോഴും അദ്ദേഹത്തെ കണ്ടിട്ടുള്ളൂ.. ഒരു പാട് കാലം പള്ളി കമ്മറ്റി പ്രസിഡന്റ്‌ ആയിരുന്നു അദ്ദേഹം.
കാലം കുറെ കഴിഞ്ഞു. ഞങ്ങള്‍ അവിടെ നിന്നും സ്ഥലം മാറി. ഉപ്പ ഗള്‍ഫില്‍ പോയി. ഞാനും പ്രവാസിയായി. ഇടയ്ക്കു നാട്ടിലെത്തുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോകുമായിരുന്നു. എന്നെ ഇരുത്തി ഒരുപാട് കഥകള്‍ പറയും. പഴയതും പുതിയതും എല്ലാം. പിന്നെ പ്രവാസവും എന്‍റെ തിരക്കുകളും എന്നെയും ഇത്തിരി അദ്ദേഹത്തില്‍ നിന്നും പുറകോട്ടു വലിച്ചോ എന്നെനിക്കിപോള്‍ സംശയം തോന്നുന്നു.

അതിനിടയില്‍ നാട് മാറി. നാട്ടില്‍ ഒരുപാട് കടകളും മറ്റും വന്നു. ആധുനിക സൌകര്യത്തോടു കൂടെയുള്ളത്. അതോടെ അദേഹത്തിന്റെ പഴയ കട എല്ലാവരും മറന്നു. പല ദിവസങ്ങളിലും ഒരു രൂപയ്ക്ക് പോലും കച്ചവടം നടക്കാത്ത അവസ്ഥയായി. ഒടുവില്‍ കടം വന്നു കയറി ആകെ ബുദ്ധിമുട്ടായി.

പലപ്പോഴും മനസ്സില്‍ തോന്നിയിട്ടുണ്ട്. അദ്ദേഹം പണ്ട് കടം കൊടുത്തിരുന്ന ആളുകളെങ്കിലും അദ്ദേഹത്തിന്‍റെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയിരുന്നെങ്കില്‍ രക്ഷപെട്ടു പോയേനെ എന്ന്.
പണ്ടു കടത്തിന് വേണ്ടി കടയില്‍ കാത്തിരുന്നവര്‍ ഇന്ന് പണവും പത്രാസുമായപ്പോള്‍ അദ്ദേഹത്തെ ഒഴിവാക്കി സൂപ്പര്‍ മാര്‍ക്കറ്റ്‌കളിലേക്ക് തിരിഞ്ഞു. (കാലം വരുത്തിയ വിന... കഷ്ട്ടം.. ഇങ്ങിനെയും വേണോ വികസനം) എന്‍റെ ഒരു സുഹുര്തിനോട് ഇതേ പറ്റി ഒരിക്കല്‍ നാട്ടില്‍ വെച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത് "അവിടെ സാധനങ്ങള്‍ വളരെ കുറവാ. പിന്നെ എങ്ങിനെയാ പോവുക" എന്ന്.

കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ഉമ്മ പറഞ്ഞു, പി. സി. ക്കായി പറ്റെ ബുദ്ധിമുട്ടിലാണ് നീ ഒന്ന് പോയി കാണണം. പിറ്റേന്ന് രാവിലെ പോയി അദ്ദേഹത്തെ പോയി കണ്ടു.
ഒരു വാടക വീട്ടില്‍, കട്ടിലില്‍ കിടക്കുന്നു. എഴുന്നേറ്റു നടക്കാന്‍ പരസഹായം വേണം. സ്വന്തമായി മലമൂത്ര വിസര്‍ജനം പോലും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ഒരു പാട് വിഷമം തോന്നി.
ചെന്നപ്പോള്‍ ഒന്നും മിണ്ടാതെ ഇരിക്കുന്നു. കണ്ണുകള്‍ നിറഞ്ഞു എന്നെ കണ്ടപ്പോള്‍. എന്‍റെ കണ്ണുകളിലും നനവ്‌ പടര്‍ന്നോ എന്നെനിക് തോന്നി. എന്നെ കണ്ടപ്പോള്‍ കൈ പിടിച്ചു എഴുന്നെല്കണമെന്നു ആങ്ങ്യം കാണിച്ചു. ഞാന്‍ പിടിച്ചു മെല്ലെ എഴുന്നെല്പിച്ചപ്പോള്‍ വീടിന്റെ വരാന്തയില്‍ ഇരിക്കണമെന്ന് പറഞ്ഞു. ഞാന്‍ അവിടെ പിടിച്ചിരുത്തി. അദ്ദേഹം എന്‍റെ കൈ വിടാതെ എന്‍റെ കണ്ണുകളില്‍ മാത്രം നോക്കി ഇരുന്നു. ഒന്നും മിണ്ടിയില്ല. ഞാനും. എന്‍റെ മനസ്സും കണ്ണും നിറഞ്ഞു പോയിരുന്നു അദ്ദേഹത്തിന്റെ അവസ്ഥ കണ്ടിട്ട്. കുറെ സമയം അവിടിരുന്നു ഞാന്‍. ഞാനെന്‍റെ വിശേഷങ്ങളൊക്കെ പറഞ്ഞു. അദ്ദേഹം കുറച്ചു സന്തോഷവാനായി കണ്ടു. ഒടുവില്‍ പോരുമ്പോള്‍ കുറച്ചു രൂപ കയ്യില്‍ പിടിപ്പിച്ചു ഞാന്‍. (എന്‍റെ അഹങ്കാരത്തിന്റെ ഗര്‍വു. ഞാനും മറ്റുള്ളവരെ പോലെ ആയിപ്പോയില്ലേ എന്നെനിക്കു തോന്നിപ്പോയി. കാരണം അദ്ദേഹത്തിന് വേണ്ടിയിരുന്നത് ഇത്തിരി സാമീപ്യമായിരുന്നിരിക്കണം) പക്ഷെ അദ്ദേഹം അത് വാങ്ങാന്‍ കൂട്ടാക്കിയില്ല. ഞാനത് കൊടുത്തപ്പോള്‍ വാങ്ങാതെ എന്‍റെ കൈ പിടിച്ചു പൊട്ടി പൊട്ടി കരഞ്ഞു അദ്ദേഹം. ഉറക്കെ ശബ്ദമുണ്ടാക്കി കൊണ്ട്. കൊച്ചു കുഞ്ഞുങ്ങളെ പോലെ. (കൂടെ ഞാനും കരഞ്ഞു പോയി) ഒരു പക്ഷെ തന്റെ ഇന്നത്തെ ദുരവസ്ഥ ഓര്‍ത്തു കരഞ്ഞതാവം അദ്ദേഹം . (ഒരു കാലത്ത് ഒരു നാടിനെ മുഴുവന്‍ ഊട്ടിയിരുന്ന ആള്‍. എന്‍റെ മനസിലൂടെ പഴയ ഒരുപാട് കാര്യങ്ങള്‍ മിന്നി മറഞ്ഞു)

പോരുമ്പോള്‍ ഞാന്‍ പോകട്ടെ എന്ന് ചോദിച്ചിട്ടും ഒന്നും മിണ്ടാതെ എന്‍റെ കൈ പിടിച്ചിരുന്നു അദ്ദേഹം. എന്‍റെ കൈ വിട്ടിരുന്നില്ല. ഒടുവില്‍ എനിക്ക് മനമില്ലാ മനസോടെ പോരേണ്ടി വന്നു. അതായിരുന്നു അവസാന കാഴ്ച. ഒരു പക്ഷെ അദ്ദേഹത്തിനറിയാമായിരുന്നോ ഇനി കാണില്ലെന്ന്. അതിനാലായിരുന്നോ കൈ വിടാതെ എന്നോട് ഇനിയും ഇരിക്കാന്‍ ആങ്ങ്യം കാണിച്ചത്?

അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുമ്പില്‍ ഒരായിരം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കൂടെ ആത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

(ഇതെന്‍റെ വെറുമൊരു ഓര്‍മ്മക്കുറിപ്പ് മാത്രമല്ല.
എന്റെ സങ്കടം നിങ്ങളുമായി പങ്കു വെക്കുകയാണ്. പറഞ്ഞു കഴിഞ്ഞപ്പോള്‍ ഒരു സമാധാനം.
അല്ലെങ്കിലും അങ്ങിനെ അല്ലെ. ആരോടെങ്കിലും നമ്മുടെ വിഷമങ്ങള്‍ പറയുമ്പോള്‍ ഒരു ആശ്വാസമാണ് മനസ്സിന്.
ഇത്രയും എങ്കിലും അദ്ദേഹത്തിന് വേണ്ടി ചെയ്തില്ലെങ്കില്‍ ഞാനെന്റെ മനസ്സിനോട് ചെയ്യുന്ന ക്രൂരത ആവും അതെന്നു തോന്നി.
കൂടെ എന്റെ ബാല്യ കാലത്തേക്കുള്ള ഒരു ഓട്ടവും. അദ്ദേഹത്തിന്റെ മഗ്ഫിറതിനായി (ആത്മാവിന്റെ ശാന്തിക്കായി പ്രാര്‍ഥിക്കുന്നു) നിങ്ങളും പ്രാര്‍ഥിക്കുക.)