Saturday, September 19, 2015

ഇവന്‍ എന്‍റെ മോന്‍ തന്നെ

"എന്‍റെ ഇക്കാ.. ഈ ചെക്കനെ കൊണ്ട് ഞാന്‍ തോറ്റു. ഇന്നത്തെ അവന്‍റെ പരിപാടി എന്തെന്നറിഞ്ഞോ? ബാത്ത് റൂമിന്‍റെ ഡോര്‍ കമ്പി കൊണ്ട് തുരന്നു ഒരു ഓട്ട ഉണ്ടാക്കിയിരിക്കുന്നു.
 ചോദിച്ചപ്പോള്‍ പറയുകയാ അവനു ഉള്ളിലാരാ ഉള്ളതെന്ന് കാണാനാണ് പോലും. നിങ്ങടെയല്ലേ മോന്‍, അവന്‍ അതിലപ്പുറോം ചെയ്യും."

"ഏയ്‌, നീ അങ്ങിനെ പറയരുത്, ഞാനാ ടൈപ്പ് ഒന്നുമല്ലായിരുന്നു"
(മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്ലല്ലോ എന്നാണു പറയാന്‍ വന്നതെങ്കിലും, തുടര്‍ഫലം ഭയന്ന് പുറത്തേക്കു വന്ന വാക്കുകള്‍ മയപ്പെടുത്തി)

"നിങ്ങളൊന്നു ദേഷ്യപ്പെട്ടെ, എന്നാലെങ്കിലും ഇത്തിരി പേടി ഉണ്ടാവട്ടെ."

അവന്‍റെ വികൃതി കേട്ടു പൊറുതി മുട്ടിയ ഞാന്‍ അവനെ നന്നായൊന്നു ഉപദേശിക്കാന്‍ തീരുമാനിച്ചു, മനസ്സിനെ കനപ്പെടുത്തി, എന്നാല്‍ ഫോണ്‍ ഫാദിക്ക് കൊടുക്ക്‌ എന്ന് പറഞ്ഞു.

"ഇപ്പച്ചിയേ...."

ദാ കിടക്കുന്നു. നീട്ടിയുള്ള ആ വിളിയില്‍ അവന്‍റെ സമസ്താപരാധങ്ങളും പൊറുത്ത്, അവനോടു ദേഷ്യപ്പെടാന്‍ ചിന്തിച്ചതില്‍ ആ കാല്‍ക്കല്‍ സാഷ്ടാംഗം വീണു ഞാന്‍.
മനസ്സില്‍ തോന്നിയ ഇത്തിരി അനിഷ്ടം പോലും മഞ്ഞു മല പോലെ ആ വിളിയില്‍ അലിഞ്ഞു ഇല്ലാതാവുന്നത് ഞാനറിഞ്ഞു.

"എന്താടാ മുത്തെ...ഇന്നെന്തായിരുന്നെടാ പരിപാടി?"

"അതില്ലേ, ആ ബാത്ത് റൂമില്‍ കേറിയാല്‍ പുറത്തേക്കു കാണൂല. അയിനു ഓട്ട ണ്ടാക്കീതാ."

ആഹാ ന്‍റെ കുട്ടി പുറത്തേക്കു കാണാന്‍ ഒരോട്ട ണ്ടാക്കിയതിനാ അതിനെ ഓള്‍ കുറ്റം പറഞ്ഞെ.

"പേടിക്കെണ്ട ട്ടോ, പ്പചി മ്മച്ചിനെ നന്നായി ചീത്ത പറയാം ട്ടോ."

"ഓ.. അപ്പോഴേക്കും ഉപ്പച്ചീം മോനും ഒന്നായി. ഞാന്‍ പോണേ.. ങ്ങളോട് പരാതി പറഞ്ഞ ഞാനാ പൊട്ടത്തി."

അതും പറഞ്ഞു വെട്ടി തിരിഞ്ഞുള്ള ആ നടത്തം എനിക്ക് ഊഹിക്കാവുന്നതെ ഉള്ളൂ.