Tuesday, May 18, 2010

"പെന്‍ ഫ്രെണ്ട്സ് "

പത്തു പതിനാറു വര്ഷം മുമ്പ് കോഴിക്കോട് ഒരു മാസികയില്‍ ജോലി ചെയ്യുന്ന കാലം.
ഡിഗ്രി കഴിഞ്ഞു റിസള്‍ട്ട്‌ പോലും വരുന്നതിനു മുമ്പ് ജോലിക്ക് കയറിയതിനാല്‍ കോളേജിലെ ഹാങ്ങ്‌ ഓവര്‍ വിട്ടു മാറിയിട്ടുണ്ടായിരുന്നില്ല.
മനസിലെപ്പോഴും പാറിപ്പറന്നു നടക്കുന്ന തരുണീ മണികളും പിന്നെ.. പിന്നെ..... ഒരുപാട് മറക്കാന്‍ കഴിയാത്ത ഓര്‍മകളും.......
ഇഷ്ടമുണ്ടായിരുന്നില്ല ഇത്ര പെട്ടെന്ന് ജോലി.... പക്ഷെ അതത്യാവശ്യവുമായിരുന്നു.
മാസികയില്‍ ജോലി ആയിരുന്നതിനാല്‍ എഴുത്തുകളുടെ ലോകത്തായിരുന്നു. (തെറ്റിദ്ധരിക്കണ്ട. എഴുത്തുകാരനല്ല.. സര്‍കുലേഷന്‍ വിഭാഗം ആയിരുന്നു)
മാസികക്ക് വരുന്ന എല്ലാ കത്തുകളും ആദ്യം എന്റെ കയ്യിലായിരുന്നു എത്തിയിരുന്നത്.... "സോര്‍ട്ട്" ചെയ്തു ഓരോ വിഭാഗത്തിനും കൊടുക്കേണ്ട ജോലിയും എനിക്കായിരുന്നു..
അങ്ങിനെയാണ് യാതുര്‍ശ്ചികമായി ആ കത്ത് കണ്ണില്‍ പെട്ടത്....
വിലാസം : എഡിറ്റര്‍ എന്നാണെങ്കിലും, കൂടെ "പെന്‍ ഫ്രണ്ട്സ് ഇഷ്ട്ടപ്പെടുന്ന ആര്‍ക്കും" എന്ന് കൂടെ എഴുതിയിരുന്നു.... ഞാനാ കത്ത് മാറ്റി വെച്ചു.
എല്ലാ ചപ്പും ചവറുമൊന്നും ഇങ്ങോട്ട് കയറ്റി വിടരുതെന്ന് പ്രത്യേക നിര്‍ദേശം ഉള്ളത് കാരണം എല്ലാ കത്തുകളും ചെക്ക്‌ ചെയ്തിട്ടേ എഡിറ്റര്‍ക്ക് വിടൂ .
(നല്ലതല്ലെന്ന് എഴുത്തിന്‍റെ ഒരു കുന്തവുമറിയാത്ത എനിക്കെങ്ങിനെ അറിയാം എന്ന് അന്വേഷിച്ചപ്പോള്‍ അത് തന്നെയാ അതിന്‍റെ യോഗ്യത എന്ന് പറഞ്ഞു എഡിറ്റര്‍. അതായത് ഒന്നുമറിയാത്ത നിനക്ക് പോലും നല്ലതല്ല എന്ന് തോന്നിയാല്‍ പിന്നെ അത് പ്രസിദ്ധീകരിക്കാന്‍ പോയിട്ട് വായിച്ചു സമയം വരെ കളയാന്‍ പറ്റുമോ എന്ന് മറു ചോദ്യം വന്നു. അത് ശരിയെന്നു എനിക്കും തോന്നി. ഞാന്‍ കുറച്ചൊക്കെ വായിക്കാറുണ്ട് എന്നറിയുന്ന എഡിറ്റര്‍ എനിക്ക് തന്ന ആദ്യ ബാല പാഠം അതായിരുന്നെന്നു നന്നായി ഞാനിപ്പോള്‍ മനസിലാക്കുന്നു. പക്ഷെ അദ്ദേഹം അറിയുന്നുണ്ടോ ഞാനിപ്പോഴും അതെ സ്റ്റേജില്‍ തന്നെയാണെന്ന്? )
തിരക്കൊഴിഞ്ഞപ്പോള്‍ കത്ത് തുറന്നു..
'പ്രിയമുള്ള എഡിറ്റര്‍. കത്തെഴുത്ത് കൂട്ടായ്മ ഇഷ്ടപെടുന്ന ഒരാളാണ് ഞാന്‍.
അതിനാല്‍ എഴുത്ത് സുഹുരതുക്കളെ ആവശ്യമുണ്ടെന്നു കാണിച്ചു എന്റെ വിലാസം കൊടുക്കണം.
എന്ന് രാജി .. .. (വിലാസം)
മറക്കാതെ പറയേണ്ട ഒരു കാര്യമുണ്ട്.. പെണ്ണാണ്‌ കേട്ടോ.... ഞാനത് വായിച്ചു കോള്‍മയിര്‍ കൊണ്ടു.
ഹാവൂ രക്ഷപെട്ടു ....... ഈ കത്തെങ്ങാനും എഡിറ്റര്‍ടെ മേശപ്പുറത്തു എത്തിയിരുന്നെങ്കില്‍ എനിക്ക് കേള്‍കേണ്ടി വരുന്ന ചീത്ത ഓര്‍ത്തു സമാധാനിച്ചു ഞാന്‍.
മറ്റുള്ളവരെ കൊണ്ടു തന്നെ സ്ഥലമില്ല. പിന്നെയാ കത്തെഴുത്ത് കൂട്ടായ്മ..
ഏതായാലും പെണ്ണല്ലേ... കോളേജ് കഴിഞ്ഞ ഹാങ്ങ്‌ ഓവര്‍..... ഞാന്‍ നേരത്തെ പറഞ്ഞില്ലേ....

ഞാനെഴുതി..
പ്രിയപ്പെട്ട രാജീ ..........
.......................
അങ്ങിനെ അതിനു മറുകുറി വരും.... പിന്നെ ഞാനെഴുതും...
മൂന്നു നാല് കത്തുകളിലൂടെ തന്നെ ഒരു സംഗതി എനിക്ക് മനസിലായി....
രാജി പെണ്ണല്ല എന്നും, മുഴുവന്‍ പേര്‍ രാജീവ്‌ എന്നാണെന്നും....
കാരണം ഞാനൊരു മാസികയിലാ ജോലി എന്ന് പറഞ്ഞപ്പോള്‍ പത്രത്തിലൊക്കെ വരുമെന്ന് പേടിച്ചു കക്ഷി സത്യം പറഞ്ഞു......
ഏതായാലും മറ നീങ്ങി ഞങ്ങള്‍ നല്ല കൂട്ടുകാര്‍ ആയി. തൃശൂര്‍ ആയിരുന്നു കക്ഷിയുടെ വീട്.. എഴുത്തുകളിലൂടെ ഞാനറിഞ്ഞു അദ്ദേഹത്തിന്റെ സുഹുര്തുക്കളെയും എല്ലാവരെയും...
"പക്ഷെ വീട്ടുകാരെ കുറിച്ച് മാത്രം പറഞ്ഞില്ല" പിന്നെ സൌഹൃതത്തിനിടയില്‍ എന്ത് വീട്ടുകാര്‍. അതൊട്ട്‌ ചോദിച്ചതുമില്ല..
അങ്ങിനെ ഒരിക്കല്‍ രാജീവും കൂട്ടുകാരും എന്റെ ഓഫീസില്‍ വന്നു.. വന്നപ്പോള്‍ നല്ല ഒരു പേന കൊണ്ടു വന്നിരുന്നു എനിക്ക് സമ്മാനമായി തരാന്‍....
(ഞാനൊന്നും കൊടുത്തിരുന്നില്ല)
ഉച്ച കഴിഞ്ഞു ലീവ് എടുത്തു പട്ടണത്തില്‍ കറങ്ങി നടന്നു ഞങ്ങള്‍. ഭക്ഷണം കഴിച്ചു വെടി തമാശകള്‍ പൊട്ടിച്ചും നഗരം മുഴുവന്‍ കറങ്ങി നടന്നു ഞങ്ങള്‍ .
രാത്രി ബീച്ചില്‍ പോയി ഇരുന്നു..... ആകപ്പാടെ നല്ല ഒരു രസം.....
ആള്‍ വളരെ മാന്യനായിരുന്നു. നാട്ടില്‍ രാത്രി തട്ട് കട നടത്തുന്നെന്നും പറഞ്ഞു... ഇത്ര നല്ല സുഹുര്ത്തിനെ കിട്ടിയതില്‍ അഭിമാനിച്ചു ഞാന്‍. ആദ്യമായി പെന്‍ ഫ്രണ്ട് കണ്ടു പിടിച്ച ആള്‍ക്ക് മനസ്സില്‍ ഒരായിരം നന്ദി നേര്‍ന്നു ഞാന്‍.
രാത്രി ഒരു പാട് താമസിച്ചതിനാല്‍, പട്ടണത്തില്‍ നിന്നും എന്റെ വീട്ടിലേക്കു ഒരുപാട് ദൂരം ഉള്ളതിനാലും ഞാന്‍ ഹോട്ടലില്‍ റൂം എടുത്തു. പിറ്റേന്ന് രാവിലെ രാജീവും കൂട്ടുകാരും തിരിച്ചു പോയി.
എനിക്കും ആകെ ഒരു ഉഷാര്‍ തോന്നി... ഞാന്‍ തീരുമാനിച്ചു ഇനിയും വേണം ഒരു പാട് പെന്‍ ഫ്രെണ്ട്സ്.
കുറച്ചു ദിവസത്തിന് ശേഷം വൈകിട്ട് ആറു മണിക്ക് എന്റെ ഓഫീസിലേക്ക് രാജീവിന്റെ ഫോണ്‍.
ഞാനും അത്ബുധപ്പെട്ടു.. കാര്യം ആദ്യമായിട്ടായിരുന്നു അവന്‍ ഫോണ്‍ ചെയ്തിരുന്നത്.
അവന്റെ ഒന്ന് രണ്ടു സ്ത്രീ സുഹുര്‍തുക്കള്‍ (അവരും പെന്‍ ഫ്രെണ്ട്സ് തന്നെ എന്നവന്‍ പറഞ്ഞു) കണ്ണൂരില്‍ നിന്ന് തിരുവനതപുരതെക്കുള്ള ട്രെയിന്‍ യാത്രക്കിടയില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടെന്നും ട്രെയിന്‍ എന്തോ കാരണത്താല്‍ എട്ടു മണിക്കൂര്‍ വൈകിയേ പോകുകയുള്ളൂ എന്നും പറഞ്ഞു. അവര്‍ക്ക് വേണ്ട സഹായം ചെയ്തു കൊടുക്കണം. ഞാനേറ്റു.

(പെണ്ണുങ്ങളല്ലേ എന്നിലെ ഉറങ്ങിക്കിടന്ന സൗഹൃദം സട കുടഞ്ഞെഴുന്നേറ്റു. ഹി ഹി)

അവര്‍ മൂന്നു പേരുണ്ടായിരുന്നു. ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ പോയി. ഫറോകില്‍ പാളം എന്തോ തകരാര്‍ കാരണം ട്രെയിന്‍ പിടിച്ചിട്ടതായിരുന്നു അവിടെ. പുലര്‍ച്ചെ അഞ്ചു മണിയാകും ശരിയാകാന്‍.
രാവിലെയെ പുറപ്പെടൂ.... (നമ്മുടെ റെയില്‍വേ അല്ലെ. രാവിലെ തന്നെ ഒത്തു കിട്ടിയാല്‍ ഭാഗ്യം)

ഞാന്‍ പോയി അവന്‍ പറഞ്ഞ അടയാളം വെച്ചു ബോഗി നമ്പറും നോക്കി അവരെ കണ്ടെത്തി..... ഞാനാകെ സന്തോഷം കൊണ്ടു തുള്ളി ചാടി.. (സത്യം പറയുമ്പോള്‍ നിങ്ങള്‍ മൂക്കത്ത് വിരല്‍ വെക്കരുതുട്ടോ)

മൂന്നു പെണ്‍ കുട്ടികള്‍. തിരുവനന്തപുരം യുനിവേര്‍സിടി കാമ്പസില്‍ പഠിക്കുന്നത്. കണ്ണൂരില്‍ പ്രൊഫസറുടെ മകളുടെ കല്യാണം കഴിഞ്ഞു തിരിച്ചു പോകുകയാണ്. അതിനിടക്കാണീ സംഭവം.

റെയില്‍വേ സ്റ്റേനിലെ ക്ലോക്ക് റൂമില്‍ അവരുടെ ബാഗുകള്‍ സൂക്ഷിക്കാന്‍ കൊടുത്തു പുറത്തിറങ്ങി
.
അങ്ങിനെ അന്ന് രാത്രി ഞാനവര്‍ക്ക് രക്ഷാധികാരിയായി. അവരുടെ കൂടെ ടൌണ്‍ നടന്നു കാണിച്ചു കൊടുത്തു. നല്ലൊരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു. ബീചിലൂടെ ഒന്ന് നടന്നു.....
(പാതിരാത്രിക്ക്‌ മൂന്നു പെണ്ണുങ്ങളെയും കൊണ്ടു ചുറ്റുന്ന ഈ ശ്രീ കൃഷ്നാരാ എന്ന് പലരും നോക്കുന്നത് കണ്ടപ്പോള്‍ മനസ്സില്‍ ഇത്തിരി പേടി തോന്നിയെങ്കിലും, ധൈര്യം ഭാവിച്ചു സിറ്റി കുറെ ഭാഗങ്ങള്‍ കാണിച്ചു കൊടുത്തു)
മാനാഞ്ചിറ കുളം, മൈതാനം... പിന്നെ കടലോരം..... അങ്ങിനെ എല്ലായിടത്തും....
ഒരു സിനിമ കാണാന്‍ പോയാലോ എന്ന് ഒരുവള്‍ ചോദിക്കുകയും ചെയ്തു. പക്ഷെ ഞാന്‍ നേരത്തെ പറഞ്ഞ കാര്യം, മൂന്നു പെണ്ണുങ്ങളെയും കൊണ്ടൊരുവാന്‍...... ആ പേടി കാരണം ഞാന്‍ അതിനെ ശക്തി യുക്തം എതിര്‍ത്തു. രാത്രി ഇവിടെ വിശ്വസിച്ചു പെണ്ണുങ്ങള്‍ക്ക്‌ സിനിമ കാണാന്‍ പറ്റില്ലെന്നും സെക്കന്റ്‌ ഷോക്ക് വരുന്നവന്മാര്‍ തെമ്മാടികള്‍ ആണ് എന്നൊക്കെ പറഞ്ഞതോടെ അവര്‍ ആ ആഗ്രഹം ഉപേക്ഷിച്ചു..... ഭാഗ്യം.

എനിക്കും കുറേശെ പേടി തോന്നി തുടങ്ങിയിരുന്നു. അത്യാവശ്യം തരികിട കയ്യിലുണ്ടെങ്കിലും സ്ത്രീ വിഷയങ്ങളില്‍ ഇത്തിരി പുറകോട്ടുള്ള ഞാന്‍, എന്‍റെ മാന്യത....
ആരെങ്കിലും അറിയുന്നവര്‍ രാത്രി പെണ്‍ കുട്ടികളുടെ കൂടെ.... അയ്യോ ഓര്‍ക്കാനും വയ്യ..... "മധുരിച്ചിട്ട് (എന്തെന്ന് ഞാന്‍ പറയണോ)ഇറക്കാനും വയ്യ, കൈച്ചിട്ടു തുപ്പാനും വയ്യ" എന്ന സ്ഥിതി.

ഒടുവില്‍ രണ്ടു മണിക്ക് റെയില്‍വേ സ്റ്റേഷനില്‍ എത്തി.. നടന്നു നടന്നു ക്ഷീണിച്ചിരുന്നു. പ്ലാറ്റ് ഫോം ടിക്കറ്റ്‌ എടുത്തു ഞാനും കയറി.

ക്ലോക്ക് റൂമില്‍ പോയി സാധങ്ങള്‍ തിരിച്ചു വാങ്ങിയപ്പോള്‍ ആണ് ശ്രദ്ധിച്ചത് ഒരുത്തിയുടെ കയ്യിലുള്ള പേഴ്സ് കാണാനില്ല. (ആകെ പണം ഉണ്ടായിരുന്നതവളുടെ കയ്യിലായിരുന്നു പോലും, അവളായിരുന്നു യാത്ര ചിലവുകള്‍ നിയന്ത്രിച്ചിരുന്നത്. )
ഒരുപാട് കറങ്ങിയതല്ലേ. ഇടക്കെപ്പോഴോ ഒരിക്കല്‍ അവള്‍ പേഴ്സ് എന്റടുത്ത്‌ തന്നിരുന്നു. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു കൈ കഴുകാന്‍ പോയപ്പോള്‍ ആണെന്നാണ്‌ എന്‍റെ ഓര്‍മ.
പക്ഷെ ഞാനത് ഉടനെ തിരിച്ചു കൊടുക്കുകയും ചെയ്തു. പക്ഷെ അവള്‍ പറഞ്ഞത് തന്നില്ലെന്നാണ്. പക്ഷെ എനിക്ക് നല്ല ഓര്‍മയുണ്ട്.. തിരിച്ചു കൊടുത്തത്. ഞാനത് പറഞ്ഞിട്ടും അവര്‍ സമ്മതിച്ചില്ല.
"നീ എവിടെയോ വെച്ചു മറന്നു കാണും" മൂവരും ഒരുമിച്ചു പറഞ്ഞു.
ഏതായാലും അഞ്ഞൂറ് രൂപയുണ്ടായിരുന്നു അതില്‍ . യാത്രയിലെ ഭക്ഷണത്തിനും പിന്നെ സ്റ്റേഷനില്‍ നിന്നും താമസ സ്ഥലത്തേക്കുള്ള യാത്രക്കുമായിരുന്നു ആ തുക ...

അവര്‍ കരയാന്‍ തുടങ്ങി.... ഞാന്‍ ഒരു വിധത്തിലവരെ പറഞ്ഞു സമാധാനിപ്പിച്ചു. അത്രയും നേരം ഉണ്ടായിരുന്ന എല്ലാ സന്തോഷവും എങ്ങോ പോയൊളിച്ചു.

ഞാനെന്‍റെ കീശ തപ്പി.. അതില്‍ ആകെ ഉണ്ടായിരുന്നത് 15 രൂപ. ഇവര്‍ക്ക് ഭക്ഷണവും ഓട്ടോ കൂലിയും എല്ലാം കൊടുത്തു വന്നപ്പോഴേക്കും അതെ ബാലന്‍സ് ഉണ്ടായിരുന്നുള്ളൂ.

ആദ്യമായി "പെന്‍ ഫ്രെണ്ട്സ്" (അല്ല പെണ്‍ ഫ്രെണ്ട്സ്) കണ്ടു പിടിച്ചവരെ ശപിച്ചു. ആദ്യമായി വന്ന കത്തും എല്ലാം എന്‍റെ മനസിലൂടെ ഓടി വന്നു. ഏതു നേരത്താ എനിക്കീ കത്തെഴുതാന്‍ തോന്നിയത്. രാജീവിനോട്‌ സൗഹൃദം തോന്നിയത്.

അവരെ സ്റ്റേഷനില്‍ ഇരുത്തി ഞാന്‍ പുറത്തിറങ്ങി.

എന്ത് ചെയ്യും ഈ പാതിരാത്രിക്ക്‌ ആരെ പോയി വിളിക്കാനാ. എവിടുന്നു കിട്ടും ഇത്തിരി പണം. തീവണ്ടിയാണെങ്കില്‍ കൃത്യം അഞ്ചു മണിക്ക് സ്റ്റേഷന്‍ വിടുമെന്ന് വിവരവും കിട്ടി.

ഞാന്‍ സമയം നോക്കി...... അപ്പോഴാ എനിക്ക് എന്‍റെ വാച്ചിന്റെ കാര്യം ഓര്‍മ വന്നത്.. എന്‍റെ "കാരണവര്‍" ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച പുതു പുത്തന്‍ വാച്ച് ആണ് കൈയിലിരിക്കുന്നത്. "വെസ്ടാര്‍"
മിനിമം 2500 രൂപ വില വരുമെന്ന് പറഞ്ഞതെനിക്കൊര്‍മ വന്നു. അതാര്‍കെങ്കിലും വില്‍ക്കുക തന്നെ.
റെയില്‍വേ സ്റ്റേഷനില്‍ പലരോടും പറഞ്ഞു .. എനിക്കൊരു 500 രൂപ കിട്ടിയാല്‍ മതി.

"വല്ലവരുടെയും കട്ട് കൊണ്ടു വന്നതല്ലേന്നാര് കണ്ടു" ഒരാളുടെ അഭിപ്രായം.
"എവിടുന്നു അടിച്ചു മാറ്റിയെടെയ് " വേറൊരുത്തന്‍. അവിടെയും രക്ഷയില്ല ആരും വാങ്ങുന്നില്ല.
അവരെയും പറഞ്ഞിട്ട് കാര്യമില്ല. പാതിരാത്രിക്ക്‌ ഒരുവന്‍ വന്നു ചോദിച്ചാല്‍ സ്വാഭാവികമായും സംശയിക്കാവുന്നതെ ഉള്ളൂ.

ഒടുവില്‍ ക്ലോക്ക് റൂമില്‍ പോയി ഞാന്‍ അവിടെയിരിക്കുന്ന വയസായ ആളോട് കാര്യം പറഞ്ഞു. ഇവരുടെ സാധനം എടുക്കാനും കൊടുക്കാനും ഒക്കെ പോയി അദ്ദേഹത്തിനെന്നെ കണ്ടു പരിജയമുണ്ടല്ലോ.
എനിക്കൊരു അഞ്ഞൂറ് രൂപ വേണം. പകരം ഈ വാച്ച് പണയമായി വെച്ചോളൂ. നാളെ ഞാന്‍ വന്നു തിരിച്ചു തരാം....
പക്ഷെ അയാളുടെ കയ്യില്‍ അത്ര തുകയില്ലായിരുന്നു. (ഇനി ഉണ്ടെങ്കില്‍ തന്നെ തരുമായിരുന്നെന്നും എനിക്ക് തോന്നുന്നില്ല) 150 രൂപ തന്നു. അതുമായി ഞാനവരുടെ അടുത്ത് ചെന്നു..

വാച്ച് വില്കാന്‍ പോയ കഥയോ, പണയം വെച്ചതോ ഒന്നും അവരോടു പറഞ്ഞില്ല. ഈ തുക കയ്യില്‍ കൊടുത്തു.. അവരത് വാങ്ങി... ഒന്നും മിണ്ടാതെ ഇരുന്നു.
പക്ഷെ മൂവരുടെയും മുഖം കടന്നല് കുത്തിയത് പോലെ, ഞാനെന്തോ വലിയ തെറ്റ് ചെയ്തത് പോലെ തോന്നി.

പുലര്‍ച്ചെ അഞ്ചു മണിയോടെ അവര്‍ തിരിച്ചു പോയി.
എന്നോട് ഒരക്ഷരം മിണ്ടാതെ. അതിലോന്നുമെനിക്ക് സങ്കടമുണ്ടായിരുന്നില്ല പോകുമ്പോള്‍ പോവുകയാണെന്ന് ഒരു വാക്ക് പോലും മിണ്ടാതെ.

ഒരു പക്ഷെ ഞാനതെടുത്ത് മാറ്റി വെച്ചെന്നോ, അതോ എന്റടുത്ത് നിന്നാണ് പോയതെന്നോ കരുതിയിരിക്കും അവര്‍.... ഇന്നുമെന്‍റെ മനസ്സില്‍ മായാതെ ഉണ്ടവര്‍.......
എവിടെക്കോ പോയ എന്‍റെ അപ്രതീക്ഷിത അതിഥികള്‍.

ഇന്നവര്‍ എവിടെയെന്നോ എങ്ങിനെയെന്നോ അറിയില്ല. അവരെങ്ങാനും ഇത് വായിക്കുന്നുണ്ടെങ്കില്‍ എന്‍റെ നിരപരാധിത്വം അവരറിയട്ടെ.

ചെറു കുറിപ്പ് : ഒരു പക്ഷെ പുതിയ തലമുറയ്കു ഈ പെന്‍ ഫ്രണ്ട് എന്ന സംഭവം പിടി കിട്ടിയിട്ടുണ്ടാവില്ല. ഇന്നത്തെ പോലെ, ഇന്റര്‍നെറ്റും മെയിലും ഒന്നും അന്നത്ര പ്രചാരതിലില്ലായിരുന്നല്ലോ.
പകരം ഇത്തരം എഴുത്ത് കൂട്ടയ്മകളുണ്ടായിരുന്നു അന്ന്. പത്രങ്ങളിലെല്ലാം പരസ്യങ്ങള്‍ ഉണ്ടാകുമായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും അറിയാത്തവര്‍ തമ്മില്‍ കത്തെഴുതി സൗഹൃദം ഉണ്ടാക്കുന്ന പരിപാടി ആയിരുന്നു ഇത്.

46 comments:

 1. :)
  ഈ പെണ്ണുങ്ങല്‍ക്ക് ഫ്രെന്‍ഡിനെ ഉണ്ടാക്കാന്‍ ഒരു പണിയും ഇല്ലാ അല്ലേ..?, പണിയില്ലാത്ത കുറേ ഫ്രേന്‍ഡ്മാരും ഉണ്ടല്ലേ..??

  ReplyDelete
 2. ഈ കൂതറ അല്ലേലും അങ്ങിനാ. എവിടെയം ചാടിക്കേറി അങ്ങിടപെടും...........
  നന്ദി ആദ്യ കമെന്റിനു..

  ReplyDelete
 3. വ്യത്യസ്തമായ ഒരു അനുഭവം...

  ReplyDelete
 4. പിറ്റേന്നെങ്കിലും ആ രാജീവിനെ വിളിച്ച് വിവരം പറയരുതായിരുന്നോ?
  അതോ ഇനി എവിടേലും മറന്നു വച്ചതു തന്നാണോ?

  തെറ്റിദ്ധരിക്കപ്പെടാന്‍ അധികസമയമൊന്നും വേണ്ട. അപരിചിതരോട് അതിരു വിട്ടങ്ങ് സൌഹൃദം സ്ഥാപിക്കുകയുമരുത്. ഇപ്പോള്‍ ഈ പാഠങ്ങളൊക്കെ സുള്‍ഫി പഠിച്ചു കാണും അല്ലേ?

  ReplyDelete
 5. പേരിട്ടപ്പോൾ വന്ന ഒരു ശ്രദ്ധയില്ലായ്മകൊണ്ട് പെൺകുട്ടിയ്ടേതുപോലുള്ള പേരുള്ള ഒരു ചങ്ങാതിയെനിക്കുണ്ടായിരുന്നു. അവനാണെങ്കിൽ തൂലികാ സൌഹൃദത്തിന്റെ ഉസ്താദ്. ഒരു വയനാടുകാരനുമായി മുടിഞ്ഞ തൂലികാ പ്രേമം. കളറ്, സൈസ്, ഷേപ്പ്, തൂലികാ കാമുകന് അറിയേണ്ടാത്തതൊന്നുമില്ല. ഞങ്ങൾ സുഹൃത്തുക്കളെല്ലാം കൂടി ‘അവളെ’ക്കൊണ്ട് കത്തെഴുതിച്ച് അവനെ കുറെനാൾ വടിയാക്കികൊണ്ടുനടന്നതോർത്തുപോയി.

  സുൽഫി.
  നന്നായിട്ടുണ്ട്...
  അഭിനന്ദനങ്ങൾ!

  ReplyDelete
 6. ഭാഗ്യം ചെയ്തവനാ ഞാന്‍ അലിഭായിയെ പോലുള്ളവര്‍ എന്‍റെ ബ്ലോഗിലെക്കെത്തി നോക്കിയല്ലോ. സമാധാനം. ഞാനുമൊരു വയനാടുകാരനാ. അടിവാരതാനെന്നു മാത്രം.
  നന്ദി. വന്നതിനും, അതിലുപരി ഒരു കമെന്റ് ഇട്ടതിലും.
  ഗീത ടീച്ചറെ.. ഇതിന്റെ ബാകി പത്രം ഒരുപാടുണ്ട്. അത് മറ്റൊരു ബ്ലോഗിനുള്ള വകുപ്പുണ്ട്‌. പക്ഷെ പറയാം. അവര്‍ പിന്നെ രാജീവിനെയും വിളിച്ചില്ല പോലും. ഒരു എഴുത്തെഴുതി. ഇങ്ങനെയുള്ള ആളെയാണോ ഞങ്ങള്‍ക്ക് കൂട്ട് വിട്ടതെന്ന് ചോദിച്ചു. കൂടെ കൊണ്ടു നടന്നപ്പോള്‍ അവര്‍ പറഞ്ഞ വാക്കുകളെനിക്കിപ്പോഴും ഓര്‍മയുണ്ട്. ഇങ്ങനെ ഒരാളെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യം. (അത് ഞാന്‍ വരവ് വെച്ചു. അതിത്തിരി പൊക്കി പറഞ്ഞതാണെന്ന് എനിക്കറിയാം. ഈ കോളേജ് ജീവിതം കഴിഞ്ഞ നമ്മളോടാ) നീ ഇല്ലായിരുന്നെങ്കില്‍ ആകെ ബുദ്ധിമുട്ടിയേനെ. ടെന്‍ഷന്‍ അടിച്ചു കഴിയേണ്ട സമയം ഇങ്ങനെ ടെന്‍ഷന്‍ ഫ്രീ ആക്കി തന്നതിന് ഞങ്ങള്‍ മറക്കൂല എന്നൊക്കെ. എന്‍റെ വിലാസവും നമ്പറുമൊക്കെ വാങ്ങിയിരുന്നു അവര്‍ . പെണ്‍കുട്ടികളല്ലേ ചോതിക്കുന്നതിലുള്ള അനൌചിത്യം കാരണം ഞാന്‍ അവരോടു വിലാസമോ നമ്പരോ ചോദിച്ചതുമില്ല. (അതുണ്ടായിരുന്നെങ്കില്‍ ഞാന്‍ അവരെ കണ്ടെത്തി ബോധ്യപപെടുതുമായിരുന്നു)
  കൃഷ്ണ കുമാര്‍ നന്ദി, വന്നതിനും, കണ്ടതിനും.

  ReplyDelete
 7. സുഹൃത്തെ, തൂലികാസൌഹൃദത്തെക്കുറിച്ച് ആദ്യമാണ് ബ്ലോഗില്‍ വായിക്കുന്നത്. പെന്‍‌ഫ്രണ്ട്സ്ഷിപ്പ് എന്റെ ആദ്യകാല ഹോബി ആയിരുന്നു. ഒരുപാട് സുഹൃത്തുക്കള്‍ , നിത്യേന കത്തുകള്‍ . തൂലികസുഹൃത്തുക്കള്‍ക്കായി അന്ന് കുറെ പ്രസിദ്ധീകരണങ്ങളും ഉണ്ടായിരുന്നു. തൂലികാസുഹൃത്തുക്കളെ ആവശ്യമുണ്ടെന്ന് കാണിച്ച് ഞാന്‍ മലയാള മനോരമയില്‍ പരസ്യവും കൊടുത്തിരുന്നു. അന്ന് അങ്ങനെയൊരു പരസ്യപംക്തി ആ പത്രത്തില്‍ ഉണ്ടായിരുന്നു. നൂറ് കണക്കിന് മറുപടികളാണ് എനിക്ക് വന്നുകൊണ്ടിരുന്നത്. രാത്രി മറുപടി എഴുതാനിരുന്നു നേരം പുലര്‍ന്ന് പോയ ദിവസങ്ങളുണ്ട്. ഇപ്പോള്‍ അതൊക്കെ ഓര്‍ക്കുമ്പോള്‍ കൌതുകം തോന്നുന്നു. തൂലികാസൌഹൃദം ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അനുഭവങ്ങളും അറിവുകളും നല്‍കിയിരുന്നു.

  ആശംസകളോടെ,

  ReplyDelete
 8. ങും.., അപ്പോൾ തൂലികാസൌഹ്രദത്തിന്റെ അസ്കിത നിങ്ങൾക്കും ഉണ്ടായിരുന്നല്ലേ..,ഞാനും കുറേ കാലം അതിന്റെ പുറകെ നടന്നതാ..ഏതായാലും നല്ല ഒരു അനുഭവം.,അവതരണശൈലി ഗംഭീരം..,അഭിനന്ദനങ്ങൾ,
  അതിരിക്കട്ടെ സത്യത്തിൽ ആ പേഴ്സ് എവിടേപ്പോയി..

  ReplyDelete
 9. ഈ പെന്‍ ഫ്രണ്ട് എന്ന് പറഞ്ഞ ഇതാ അല്ലെ?

  പണ്ടു എന്‍റെ ഒരു ഫ്രണ്ട് "സാലി" ( അവന്‍ ആണായിരുന്നു) ഒരു പാവത്തിനെ പറ്റിച്ചു കുറച്ച് പൈസ വാങ്ങിയത് ഇപ്പൊ ഓര്‍മ്മ വരുന്നു ( എല്ലാ പാവങ്ങളും അങ്ങനാ പെണ്ണെന്നു കേട്ടാ ഒന്നുടെ പാവം ആകും) അയ്യോ സുല്‍ഫി അങ്ങനല്ല കേട്ടോ

  ReplyDelete
 10. പ്രിയ സുല്‍ഫി,

  ബ്ലോഗും കുറിപ്പുകളും തുടക്കം മുതലേ ശ്രദ്ദിക്കുന്നു, എങ്കിലും ഒന്ന് 'കമന്റടിക്കാന്‍' തോന്നിയത് ഇപ്പോഴാണ്‌.

  പെന്‍ ഫ്രണ്ട് അനുഭവം അവതരണത്തിലെ ലാളിത്യവും പുതുമയും കൊണ്ട് ശ്രദ്ടിക്കപ്പെടും. ഓഫീസും മാസികയും ഒക്കെ തിരിയുന്നവര്‍ക്ക് തിരിയും കേട്ടോ! 'ഉത്തമ പുരുഷനെ' ഇത്രമാത്രം മാതൃകാ യോഗ്യനാക്കെണ്ടിയിരുന്നില്ല, കാരണം ആ കഥാപാത്രം അതര്‍ഹിക്കുന്നില്ല, അത് തന്നെ...!! വീഴ്ചകള്‍ക്ക് 100% സാധ്യതയുള്ള രംഗങ്ങളില്‍ എന്ത് മാത്രം കരുതലോടെയാണ് നീ പേന മുരുകെക്കിപ്പിടിചിരിക്കുന്നത്!

  കാലിയായ പോക്കറ്റുമായി തിരോന്തരം തരുniകളുമായി നഗരത്തിലലഞ്ഞപ്പോഴും കോഴിക്കോട്ടുകാരുടെ ആദിത്യ മര്യാദ കയവിടാതിരുന്ന നിനക്ക് നല്ല നമസ്കാരം!

  മന്ഗ്ലിഷില്‍ ടൈപ്പ് ചെയ്തടുകൊണ്ടാണോ പലയിടത്തും അക്ഷര ശുദ്ടി നഷ്ടപ്പെട്ടുകാണുന്നു. ശ്രദ്ടിക്കുമല്ലോ. ഇനിയും അനുഭവങ്ങളില്‍ മായം ചേര്‍ക്കാത്ത കുറിപ്പുകലെഴുതുക.

  ഭാവുകങ്ങള്‍,


  ...Kalpakanchery.

  ReplyDelete
 11. പണ്ടത്തെ ഒരു പ്രധാന ഹോബിയായിരുന്നു പെന്‍ഫ്രണ്ട്‌,
  വീണ്ടും അതൊന്നു ഓര്‍ത്തുപോയി...നന്നായി എഴുതി .

  ReplyDelete
 12. പ്രിയമുള്ളവരേ.... അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്ക്കും നന്ദി.
  തൂലിക സൗഹൃദം......എല്ലാവരെയും ഓര്‍മകളിലേക്ക് നടത്തിച്ചു എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു..
  അന്ന് തൂലിക സൗഹൃദം ആയിരുന്നു ഏക മാര്‍ഗം സുഹുര്തുക്കളെ സമ്പാദിക്കാന്‍. (ഇന്നത്തെ പോലെ ചാറ്റിങ്ങും , ചീറ്റിങ്ങും പിന്നെ ടെയ്ടിംഗ് ഒന്നും അന്നില്ലല്ലോ)
  സുകുവേട്ട. നന്ദി. വന്നതിനും കണ്ടതിനും കമെന്റിനും.
  കംബരെ...... ഉം... അനുഭവങ്ങള്‍ ഉണ്ടല്ലേ...... കൊച്ചു കള്ളന്‍ എന്നിട്ട് ആരോടും പറയാതെ ഇരിക്കുവാ.....
  പിന്നെ എനിക്കിപ്പോഴും അറിയില്ല ആ പേഴ്സ് എവിടെ എന്ന്. എനിക്കുറപ്പാ അതവരുടെ കയ്യില്‍ നിന്നും നഷ്ട്ടപ്പെട്ടതെന്നു. എന്റെ മനസ്സില്‍ തെളിഞ്ഞു വരുന്നുണ്ട് ഭക്ഷണം കഴിച്ചു കൈ കഴുകി തിരിച്ചു വന്നപ്പോള്‍ ഞാന്‍ തിരികെ കൊടുത്തത്. എന്നെ ഇപ്പോഴും കുഴക്കുന്ന ഒരു ചോദ്യമാ അത്, "സത്യത്തില്‍ ആ പേഴ്സ് എവിടെ പോയി?"
  നന്ദി വന്നതിനും കണ്ടതിനും. ഇനിയും പ്രതീക്ഷിക്കുന്നു.
  ഒഴാക്കാ... ഞാന്‍ വീട്ടില്‍ വന്നതിന്റെ ദേഷ്യം ഇങ്ങനെയാണോ തീര്‍ക്കുന്നത്.. ഇല്ല ഇനി ഞാന്‍ ഇയാടെ കെട്യോളോട് ഒരു കുറ്റവും പറഞ്ഞു കൊടുക്കില്ല. എന്താ പോരെ....
  നന്ദി ഇവിടെ കണ്ടതിനു.
  ഉനൈസേ.... നിനക്കുള്ളത് ഞാന്‍ വേറെ വെച്ചിട്ടുണ്ട്..... ഒറ്റയ്ക്ക് തരാം ട്ടോ.
  നന്ദി അഭിപ്രായത്തിനു. (ഇവിടെ ഞാന്‍ മാന്യനാ. പിന്നെ ഈ രഹസ്യങ്ങളൊക്കെ മറ്റുള്ളവര്‍ കേള്‍ക്കെ പറയുന്നത് മോശല്ലേ. ഹി ഹി )
  അക്ഷര പിശക് ശരിക്കും മന്ഗ്ലിഷില്‍ ടൈപ്പ് ചെയ്യുന്ന പ്രശ്നം തന്നെയാ. ചില വാക്കുകളൊന്നും ഉദ്ദേശിച്ച അക്ഷരം വരുന്നേ ഉള്ളൂ. പരിഹാരം തേടിക്കൊണ്ടിരിക്കുന്നു. സൂചിപ്പിച്ചതിനു നന്ദി.
  പിന്നെ നമ്മുടെ ആദിത്യ മര്യാദ അത് കൈവിട്ടുള്ള കളിയുണ്ടോ... പട്ടിണി ആണെങ്കിലും അഭിമാനം വിട്ടു കളിക്കരുതല്ലോ... (അതൊക്കെയല്ലേ നിങ്ങളൊക്കെ കൂടി പഠിപ്പിച്ചത്)
  പച്ചയായ അനുഭവങ്ങള്‍ എന്നെക്കൊണ്ട് എഴുതിക്കണോ. വേണ്ട അല്ലെ.

  സിദ്ധിക്ക് ഇക്കാ. . നന്ദി. വന്നതിനും കണ്ടതിനും...... അത് വഴി വരാം ഞാന്‍. ആദ്യായിട്ട കാണുന്നത്.
  ഇനിയും ഈ വഴികളിലൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

  ReplyDelete
 13. നല്ല അവതരണ ശൈലി....

  ReplyDelete
 14. എനിക്കും ഉണ്ടായിരുന്നു കുറെ പെന്‍ ഫ്രന്‍ഡ്സ്.. ആദ്യം യുറീക്കയില്‍ കണ്ട ഒരു കത്തിന് ഞാന്‍ മറുപടി അയച്ചു, അതിന് ആ കുട്ടിയുടെ ചേച്ചി ആണ് മറുപടി അയച്ചത്.. ഞങ്ങള്‍ നല്ല കൂട്ടായി.. അപ്പോ ആ കാര്യം പറഞ്ഞ് യുറീക്കക്ക് ഒരു നന്ദി എഴുതി.. അതു കണ്ട് പലരും എനിക്കെഴുതി... 36പേര്‍ ഉണ്ടായിരുന്നു ആദ്യം.. അതില്‍ കുറെ കള്ളനാണയങ്ങളെ ഒഴിവാക്കി ഒടുക്കം 6-7 പേര്‍ ഉണ്ടായിരുന്നു..ഒരാളെ മാത്രമേ നേരിട്ട് കണ്ടിട്ടുള്ളൂ.. അതും അച്ഛന്റെ സംഘടനയില്‍ വര്‍ക്ക് ചെയ്യുന്നയാളായതുകൊണ്ടു മാത്രം.. എന്തോ ആരേയും കാണണം എന്ന് തോന്നിയിട്ടില്ല.. തൂലികാസൌഹൃദം കാണാത്ത സൌഹൃദം ആണല്ലൊ.. കണ്ട് അതിന്റെ മാറ്റ് കുറക്കാന്‍ തോന്നിയില്ല....

  എന്റെ സ്വകാര്യ വസ്തുക്കള്‍ വച്ചിരുന്ന ഒരു അലുമിനിയം പെട്ടി ഉണ്ടായിരുന്നു, പണ്ട് എല്‍ പി സ്കൂളില്‍ കൊണ്ടുപോയിരുന്നത്.. അതില്‍ വച്ചിരുന്ന ഡയറിയിലായിരുന്നു അഡ്രസ് മുഴുവന്‍... തൂലിക അല്ലാത്ത ഫ്രന്‍ഡ്സിന്റേം....

  ആ പെട്ടി പോയി.. കള്ളന്‍ കൊണ്ടുപോയെന്ന് പറയുന്നു... എന്തോ.........എനിക്ക് വിശ്വാസം പോര...

  എനിവേ. എന്റെ തൂലികാസൌഹൃദം അവിടെ ഫുള്‍സ്റ്റോപ്..

  ReplyDelete
 15. ആദ്യം തന്നെ എന്‍റെ ബ്ലോഗ്‌ ലെ കമന്റ്‌ നു നന്ദി .ഇവിടെ വന്നു വായിച്ചപോള്‍ അതൊക്കെ തന്നെ ഇവിടെയും ...ഇതൊക്കെ നമ്മളും ഓരോന്ന് പഠിക്കുന്നതും ആണ് ...അന്ന് തമാശ ആയി കളഞ്ഞത് ഇന്ന് പലരും വായിക്കുമ്പോളും ഒരു സന്തോഷം ...അതുപോലെ അനുഭവം ഉള്ളവരെ ഈ ലോകത്തില്‍ ഉള്ളു എന്ന സമാധാനവും .....ആശംസകള്‍ ..ഇത് വഴി വരാം

  ReplyDelete
 16. എന്റെ ചില കൂട്ടുകാര്‍ക്കൊക്കെ പെണ്‍പെന്‍ഫ്രണ്ടസ് (അവരങ്ങിനെയാണ്‌ വിശ്വസിച്ചിരുന്നത്, ആവോ ആര്‍ക്കറിയാം അല്ലേ?) ഉണ്ടായിരുന്നു. അതു കണ്ടിട്ട് എനിക്കും അതിയായ ആഗ്രഹമുണ്ടായി. പക്ഷേ വീട്ടില്‍ പറഞ്ഞപ്പോള്‍ അച്ഛനുമമ്മയും സമ്മതിച്ചില്ല. അതിനവരോട് അന്നെനിക്ക് നീരസവും തോന്നിയിരുന്നു. പക്ഷേ ഇന്ന് ഈ പോസ്റ്റ് വായിച്ചപ്പോള്‍ മനസ്സിലെവിടെയോ ഒളിഞ്ഞുകിടന്നിരുന്ന നഷ്ടബോധം ഇല്ലാതായതുപോലെ...
  നല്ല പോസ്റ്റ്.

  ReplyDelete
 17. ഈ പെന്‍ ഫ്രണ്ട്സിനെ കുറിച്ച് ആദ്യായിട്ടാ കേള്‍ക്കണേ..
  ഏതായാലും..അനുഭവം നന്നായി എഴുതി
  ഇനിയും പോരട്ടെ..നല്ല നല്ല അനുഭവങ്ങള്‍
  ആശംസകള്‍!

  ReplyDelete
 18. This comment has been removed by the author.

  ReplyDelete
 19. നല്ലോണം ഇഷ്ടപ്പെട്ടു. ഈ കഥ അല്ല കേട്ടോ ..
  കണ്ടറിയാത്തോന്‍ കൊണ്ടറിയും എന്നത് വളരെ ശരിയാ. പക്ഷെ ഇപ്പഴും ആ 'ഒലിപ്പീര്'പോയിട്ടില്ലെന്നു വരികള്‍ക്കിടയില്‍ നിന്ന് മനസ്സിലാവുന്നു.
  (പെന്‍ ഫ്രണ്ട് പിന്‍ ഫ്രണ്ട് എന്നാ പുതുചൊല്ല്)

  ReplyDelete
 20. പെണ്‍(പെന്‍) ഫ്രെണ്ട്സ് കൊള്ളാമല്ലോ :)

  ReplyDelete
 21. നല്ല അവതരണം.... പെന്‍ഫ്രെണ്ട്സും കാലയവനികയില്‍ മറഞ്ഞ ഈ കാലഘട്ടത്തില്‍ പഴയ ഓര്‍മ്മകള്‍ ഒന്നു പൊടിതട്ടാനായി!

  ReplyDelete
 22. പെണ്‍പിള്ളേരല്ലേ ചിലപ്പോ പണി തന്നതാവും. എഴുത്ത് വളരെ നന്നാണ് കേട്ടൊ.

  ReplyDelete
 23. നൌഷു : നന്ദി.
  മൈലാഞ്ചി : നന്ദി വീണ്ടും വന്നതിനും പിന്നെ ഓര്‍മ്മകള്‍ പങ്കു വെച്ചതിനും.
  സിയാ : നാമൊക്കെ എന്ത് ചിന്തിക്കുന്നോ, എഴുതുന്നോ.. അതെല്ലാം നമ്മുടെ ജീവിതാനുഭാവതിലെ ഏതെങ്കിലും ഒരു ചെറിയ കണിക എങ്കിലും കിടക്കുന്നുണ്ടാവും.
  ശാസ്ത്രം പറഞ്ഞില്ലേ ഇവിടെ ഒന്നും പുതുതായി ഉണ്ടാവില്ലെന്ന്. എല്ലാം ഒരവസ്ഥയില്‍ നിന്ന് മറ്റൊരു അവസ്ഥയിലേക്ക് മാറുന്നു എന്നെ ഉള്ളൂ. ആരെന്തു എഴുതിയാലും അതില്‍ എവിടെയെങ്കിലും ഇത്തിരി ആത്മാംശാമോ അതോ അനുഭവമോ ഉണ്ടായിരിക്കും ഉറപ്പു. ഏതായാലും വന്നതിനും കണ്ടതിനും നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു.
  വായാടി : അതേതായാലും നന്നായി. സത്യത്തില്‍ പെന്‍ ഫ്രണ്ട് കൊണ്ട് പലരും ഉദ്ദേശിക്കുന്നത് ഈ പെണ്‍ ഫ്രെണ്ട്സ് ആയിരുന്നു എന്നത് സത്യമാ. അന്നത്തെ കാലത്ത് വേറെ മാര്‍ഗമില്ലല്ലോ.
  (എന്നാല്‍ ഞാന്‍ അങ്ങിനെയല്ലട്ടോ.... ഞാന്‍ "ശുദ്ദനും, മാന്യനും, സത്സ്വഭാവിയും.. അതിലുപരി.... ഉം ഉം ഉം ... ഉണ്ണിയെ കണ്ടാലറിയാം അല്ലെ ഊരിലെ പഞ്ഞം)
  നന്ദി പിന്നെയും വന്നതിനു. ശരിക്കും നഷ്ടബോധം തോന്നി അല്ലെ. വേണ്ടാ.... ഞാനാരോടും പറയില്ല. ഹി ഹി ഹി.
  സിനു : കേട്ടല്ലോ ഒരുപാട് പേരുടെ അനുഭവങ്ങള്‍. കമെന്റ്സ് കണ്ടല്ലോ അല്ലെ.
  ഇസ്മയില്‍ : പുതു ചൊല്ല് നന്നായി. പിന്നെ ഒലിപ്പീരു... അതല്ലേ നമ്മെയൊക്കെ ജീവിതത്തിന്റെ മുന്നോട്ടു നയിക്കുന്ന പ്രത്യാശ തന്നെ. ആദ്യായിട്ടല്ലെ ഇവിടെ. നന്ദി.
  ബോബന്‍ : തല്‍ക്കാലം മോളിയോടിക്കാര്യം പറയല്ലേ. കാരണം മോളിക്കൊരു അപ്ലിക്കേഷന്‍ കൊടുത്തു നില്ക്കുകയാ. എന്‍റെ ബാക്ക് ഗ്രൌണ്ട് അറിഞ്ഞാല്‍ അപേക്ഷ തള്ളിയാലോ?
  അനില്‍ : നന്ദി. വന്നിരുന്നു ഞാനവിടെ. അഭിപ്രായം കുറിക്കുകയും ചെയ്തു. ഇനിയും കാണാം എന്ന് കരുതുന്നു.
  കുമാരന്‍ : അച്ചടി മഷി പുരണ്ട അനുഗ്രഹീത കലാകാരാ. അഭ്ഹിനണ്ടാനഗല്‍ ആദ്യമായി. പിന്നെ കടപ്പാട് വന്നനുഗ്രഹിച്ചതിനു.
  പിന്നെ എനിക്ക് പുതിയ ഒരു വിവരം തന്നതിന്. കാരണം ഈ കമെന്റ് കണ്ടപ്പഴാ ഓര്‍ത്തത്‌. കോളേജില്‍ പഠിക്കുന്ന കുട്ടികളല്ലേ. എനിക്കൊരു പണി തന്നതാവനുള്ള സാധ്യതയും ഇല്ലാതില്ല.
  എനിക്ക് പോലും ഇത് വരെ തോന്നിയിട്ടില്ലയിരുന്നു ഇത്. ഏതായാലും നന്ദി. സാധ്യത തള്ളിക്കളയാന്‍ പറ്റില്ല.

  ReplyDelete
 24. ഹായ് സുല്‍ഫി...നന്നായിട്ടുണ്ട് അവതരണം....

  ReplyDelete
 25. നന്നായിരിക്കുന്നു..ലളിതം, മനോഹരം..സുള്‍ഫിയെപ്പോലെ തന്നെ..

  ReplyDelete
 26. സുള്‍ഫി.... നന്ദി, സന്ദര്‍ശനത്തിനും അഭിപ്രായത്തിനും...

  ReplyDelete
 27. ലവളുമാര്‍ 'കള്ളാ കള്ളാ' എന്ന് പരോക്ഷമായി വിളിച്ചപ്പോള്‍ ദാ ഈ അശരീരി മുഴങ്ങിയതായി ഓര്‍ക്കുന്നോ സുള്‍ഫിക്കാ?

  'അവനവന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍
  ഗുലുമാല്‍ ഗുലുമാല്‍...'

  'പെന്‍ ഫ്രണ്ട്' എന്ന് എവിടെയോ കേട്ട പരിചയം ഉണ്ട്.നമ്മടെ കാലമായപ്പൊഴേക്കും ഇന്‍റര്‍ നെറ്റ് കയ്യടക്കിയിരുന്നു ഈ മേഖല.കലര്‍പ്പില്ലാത്ത എഴുത്ത്.ആശംസകള്‍..

  ReplyDelete
 28. സുള്‍ഫിക്കര്‍, നല്ല അനുഭവം. നന്നായി പറയുകയും ചെയ്തു. താങ്കളുടെ പ്രതികരണത്തിനും ഒരു പാട് നന്ദി.{my email id balupuduppadi@gmail.com)

  ReplyDelete
 29. കൊള്ളാമല്ലോ സംഗതി.
  സുള്‍ഫിയെക്കണ്ടാല്‍ അറിയാം സൂക്കേടിന്റെ കാര്യം.
  പെണ്‍ ഫ്രണ്ട്സിന്‍റെ പുറകെ ഒളിപ്പിച്ചു നടന്നതിനു ഇത് തന്നെ വേണം(കുറച്ചസൂയയുണ്ടേ!). പൈസ പോയാലെന്താ, വായിനോക്കിയതിന്‍റെ ഫീസായി കരുതിയാല്‍ മതി.

  ReplyDelete
 30. വേലീലിരിക്കുന്ന പാമ്പിനെ എടുത്ത് എങാണ്ടൊക്കെ വെച്ച പോലെ അല്ലെ..? നന്നായി നിനക്കങ്ങനെ വേണം പെണ്ണന്ന് കേള്‍ക്കുമ്പോഴെക്കും ആക്രാന്തമല്ലെ..! ഹ ഹ ഹ… നല്ല പറ്റാ പറ്റിയത് അല്ലെ… എന്നാലും അവളുമാര് ശരിയല്ല ഇത്രയൊക്കെ ഉപകാരം ചെയത നിന്നോട് എന്തിന്‍റെ പെരിലാണെലും അവര്‍ അങ്ങനെ മിണ്ടാതെ പോവരുതായിരുന്നു.! ഇനി അവര്‍ ഈ പോസ്റ്റെങ്ങാന്‍ വായിച്ച് നിനക്ക് മൈല്‍ അയച്ചാല്‍ ഒട്ടും താമസിയാതെ തന്നെ മറുപടി കൊടുക്കണം. ചിലപ്പോള്‍ നിന്നോട് അവര്‍ക്ക് പ്രേമം തോനിയാലോ..ഹ ഹ ഹ..!

  ReplyDelete
 31. NPT : നന്ദി
  പൊട്ടിച്ചിരി : നന്ദി. അതിനിടക്ക് സുല്ഫിയെപ്പോലെ എന്ന് പറഞ്ഞു ഒന്ന് 'പതപ്പിച്ചു' അല്ലെ. എനിക്കങ്ങു സുഖിച്ചു ട്ടോ.
  അനില്‍ : വന്നതിനും കണ്ടതിനും നന്ദി.
  ജിപ്പൂസ് : അശരീരി മാത്രമല്ല മുഴങ്ങിയത്, സ്വശരീരിയും. ഹി ഹി ഹി.
  ബാലുവേട്ടാ : നന്ദി.
  വഷളന്‍ : അതെന്താ എല്ലാവരും അങ്ങിനെ പറയുന്നത്? എനിക്കിത്തിരി സൂക്കേടുണ്ടെന്നു ( കടപ്പാട് : രേവതി, ചിത്രം : കിലുക്കം)
  കൊച്ചു കള്ളന്‍. അതിനിടക്ക് അതൊക്കെ മനസിലാക്കി എടുതല്ലേ.
  ഹംസക്കാ : ഇതാ പിന്നെയും. ഉം. ഞാനും കാത്തിരിക്കുന്നു അവര്‍ക്കെന്നോടെ പ്രേമം തോന്നാന്‍. ഹ ഹ ഹ.
  കുറച്ചു ദിവസമായല്ലോ കണ്ടിട്ട് എന്ന് കരുതിയിരിക്കുകയായിരുന്നു ഞാന്‍. വന്നതിനു നന്ദി.

  ReplyDelete
 32. ഞാനും വായിച്ചു പണ്ടത്തെ കാലത്ത് കഷ്ട്ടപ്പെട്ട് ഒരു ഫ്രണ്ടിനെ ഒപ്പിച്ചാലും പോരാ ഇങ്ങനേയും ചില കുരുകുണ്ടല്ലെ അവർ പറയാതെ പോയത് ഒട്ടും ശരിയായില്ല.. പുതിയ വല്ല കത്തും അയച്ചോ അവർ .. വരാനുള്ളതു വഴിയിൽ തങ്ങില്ല...ആശംസകൾ

  ReplyDelete
 33. സുല്‍ഫി,
  സംഭവം കൊള്ളാലോ.. പഴയ ആശയം നമുക്കൊന്ന് പൊടിതട്ടി എടുത്താലോ??

  ReplyDelete
 34. ഉമ്മു : വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് മാത്രമല്ല, ഓട്ടോറിക്ഷ പിടിച്ചിട്ടു ആണെങ്കിലും വരുമെന്ന് മനസിലായി.
  രാഹുല്‍ : ഒരിക്കല്‍ ചൂട് വെള്ളത്തില്‍ ചാടിയ പൂച്ച പിന്നെയും ........ അത് വേണോ?
  നന്ദി രണ്ടാള്‍ക്കും വന്നതിനും. കണ്ടതിനും.

  ReplyDelete
 35. പണ്ട് പത്രത്തിലൊക്കെ കണ്ട ഓർമ്മയുണ്ട് പെൻഫ്രെണ്ട്സിനെ ആവശ്യമുണ്ടെന്നുള്ള പരസ്യങ്ങൾ. അതോടെ പെൻഫ്രെണ്ട്ഷിപ്പ് വേണ്ടാന്ന് വച്ചൊ?.
  ബ്ലോഗിലെ വരവിനും അഭിപ്രായത്തിനും നന്ദിയുണ്ട്ട്ടൊ.

  ReplyDelete
 36. നല്ല അവതരണം
  500 പോയാലും പട്ടണത്തിൽ ഒരു കാതൽ മന്നനായില്ലേ
  പണ്ടത്തെ ഒരു തൂലികാമിത്രത്തിന്റെ ആശാനായിരുന്നു ഞാൻ കേട്ടൊ

  ReplyDelete
 37. അങ്ങനെ വടികൊടുക്കാണ്ടെ തന്നെ അടി മേടിച്ചുവല്ലെ...

  ReplyDelete
 38. ആദ്യകാലങ്ങളില്‍ എനിക്കും ധാരാളം പെന്‍(പണ്‍ അല്ല) ഫ്രന്റ്സ് ഉണ്ടായിരുന്നു.അന്നൊന്നും ഇന്നത്തെ പോലെ മെയിലും ചാറ്റും ഉണ്ടായിരുന്നില്ലല്ലോ? പത്രങ്ങളിലും പ്രത്യേക മാസികകളിലും ധാരാളം പരസ്യങ്ങള്‍ വരുമായിരുന്നു.ധാരാളം നല്ല സുഹൃത്തുക്കളെ അങ്ങനെ കിട്ടിയിട്ടുണ്ട്.അതില്‍ ഒരാളെ നേരില്‍ കാണാനും അവസരമുണ്ടായി.അത് പഴയ സഹ:മുഖ്യമന്ത്രി അവുക്കാദര്‍ കുട്ടി നഹയുടെ മരുമകന്‍ പി.കെ.മുഹമ്മദായിരുന്നു(അദ്ദേഹം പിന്നീട് മരണപ്പെട്ടതായി വൈകിയറിഞ്ഞു)

  ReplyDelete
 39. എല്ലാവരോടും വൈകിയുള്ള മറുപടിക്ക് ക്ഷമിക്കണേ. നിങ്ങളെ പോലെ ഞാനും പഴയ പോസ്റ്റില്‍ നോക്കാന്‍ ഇത്തിരി വൈകിപ്പോകുന്നു.

  കുഞ്ഞാമിന : ഫ്രെണ്ട്ഷിപ് വേണ്ടെന്നു വെക്കാന്‍ പറ്റുമോ> പുതിയ ചെല്ലക്കിളികളുടെ വരവിനായി കാതോര്‍ത്തിരുന്നു.

  ബിലാത്തീ : ഒരു മീനങ്ങു പോയാലെന്താ പൂച്ചേടെ സ്വഭാവം മനസിലായല്ലോ അല്ലെ.

  പി ഡി : വടി കൊടുക്കണ്ടേ അടി മേടിച്ചു എന്ന് മാത്രമല്ല കയ്യിലുള്ള വാച്ചും പോയി. അത് പിന്നീടു പറയാം. (ഒരു പോസ്റ്റിനുള്ള മരുന്ന് ഇപ്പോഴും കയ്യിലുള്ളത് നല്ലതല്ലേ)

  ഇക്കാ : ഒരു പാട് നല്ല കൂട്ടുകെട്ടുകള്‍ ഉണ്ടായിട്ടുണ്ട് ഈ പെന്‍ ഫ്രെണ്ട്സിലൂടെ. പക്ഷെ ചിലര്‍ പെണ്‍ ഫ്രെണ്ട്സിനെ കണ്ടെത്താനുള്ള മാര്‍ഗമായി ദുരുപയോഗം ചെയ്തു എന്ന് മാത്രം.

  ReplyDelete
 40. ..
  എനിക്കും കുറേശെ പേടി തോന്നി തുടങ്ങിയിരുന്നു. അത്യാവശ്യം തരികിട കയ്യിലുണ്ടെങ്കിലും സ്ത്രീ വിഷയങ്ങളില്‍ ഇത്തിരി പുറകോട്ടുള്ള ഞാന്‍, എന്‍റെ മാന്യത....

  ഉവ്വ്, നുമ്മ വിശ്വസിച്ച്.. ഹിഹിഹി
  അല്ലാ എന്നിട്ട് 2500 ന്റെ വാച്ച് തിരിച്ചെടുത്ത്വൊ???
  ..

  ReplyDelete
 41. നന്നായിരിക്കുന്നു..എനിക്കുമുണ്ടായിരുന്നു ഇതുപോലൊരു പെന്‍ ഫ്രണ്ട്ഷിപ്പ്..
  അതിനെ കുറിച്ചു ഇന്‍ഷാ അള്ളാ..സമയവും സന്ദര്‍ഭവും ഒത്തു വരികയാണെങ്കില്‍ ഞാന്‍ പോസ്റ്റാം..
  ആശംസകള്‍...

  ReplyDelete
 42. പോസ്റ്റ് നന്നായി

  ReplyDelete
 43. രവി : ഒരുപാട് വൈകി ഉള്ള നന്ദി സ്വീകരിക്കുമോ ആവോ?
  റിയാസ് : ഇനി അത് പോസ്റ്റാന്‍ ഏതെങ്കിലും "തങ്ങളെ" കണ്ടു സമയവും കാലവും ഒക്കെ നിശ്ചയിക്കണോ? അങ്ങ് പോസ്റ്റ് ഇഷ്ടാ.
  ഫെനില്‍ : നന്ദി.
  ജൂവൈരിയ : മുടങ്ങാതെയുള്ള വരവിന് നന്ദി
  ശ്രീ : കുറെ കാലം ആയല്ലോ ഈ വഴി വന്നിട്ട്.
  നന്ദിയുണ്ട് .

  ReplyDelete
 44. സുല്‍ഫി നന്നായിട്ടുണ്ട് ...അല്ല ആ വാച്ച് തിരിച്ചെടുത്തോ?

  ReplyDelete

വല്ലതും പറയാന്‍ തോന്നുന്നുണ്ടോ... എന്നാലത് വേഗമാവട്ടെ. ഇവിടെ...
I am waiting for your comments