Friday, August 25, 2023

"അന്ത്രു മൊല്ലാക്ക"

വണ്ടിയുടെ മുമ്പിലൂടെ റോഡ് ക്രോസ് ചെയ്യാൻ ഓടിയ ആളെ രക്ഷിക്കാൻ സഡൻ ബ്രെക്കിട്ടു.

വായിൽ വന്ന തെറിയുമായി ഗ്ലാസ് താഴ്ത്തി തല പുറത്തേക്കിട്ട് നോക്കുമ്പോഴാണ് ആളെ മനസിലായത്.
അന്ത്രു മൊല്ലാക്ക ആയിരുന്നു. ആകെ മുഷിഞ്ഞ വസ്ത്രങ്ങളും ജട പിടിച്ച മുടിയുമായി അങ്ങാടിയിലൂടെ ഖുർആനും ഓതി നടക്കുന്ന അന്ത്രു മൊല്ലാക്ക.
ഒരു അന്തിപ്പാതിരക്ക് അങ്ങാടിയിലെ പള്ളിയിൽ കയറി വന്നയാൾ. സ്വന്തമായി ഊരും കുടുംബവും ഒന്നുമില്ലാത്ത ആൾ പള്ളിയുടെ പരിപാലനം സ്വയം ഏറ്റെടുക്കുകയായിരുന്നു. സാവധാനം പള്ളിയിലെ ബാങ്ക് വിളിയും, പരിസര ശുചീകരണമൊക്കെയായി പള്ളിയുടെ ഭാഗമായി മാറി. ചുരത്തില് പുതിയ പള്ളി വന്നപ്പോൾ ആളെ വേണമെന്നറിഞ്ഞ്‌ അവിടെക്ക്‌ മാറി.
എപ്പോഴും ആളെ കാണുമ്പോൾ മനസിലൊരു നൊമ്പരം ഞാനറിയാതെ ഉരുണ്ടു കൂടും. കാരണം, അറിഞ്ഞുകൊണ്ടല്ലെങ്കിലും പുള്ളിയുടെ ഇപ്പോഴത്തെ അവസ്ഥക്ക് ഞാനും ഒരു കാരണമാണല്ലോ!.
കോഴിക്കോട് ഒരു പത്ര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കാലം,
ജോലി കഴിഞ്ഞു ബീച്ചിലും മിഠായി തെരുവിലുമൊക്കെ കറങ്ങി, പിന്നെ ഇത്തിരി നേരം മാനാഞ്ചിറ ലൈബ്രറിയിലെ വായനയും ഒക്കെ കഴിഞ്ഞു പാതിരാത്രിയെ നാട്ടിലേക്ക് വണ്ടി പിടിക്കൂ. വയനാട് ഭാഗത്തേക്കുള്ള അവസാനത്തെ വണ്ടി രാത്രി 11.30 നുള്ള മൈസൂർ ബസാണ്. അത് കഴിഞ്ഞു പുലർച്ചെ 4 മണിക്കെ ഉള്ളൂ. അതിനാൽ തന്നെ, കോഴിക്കോട് നിന്നെടുക്കുമ്പോൾ നല്ല തിരക്കുണ്ടാവുമെങ്കിലും അര മണിക്കൂർ കഴിയുമ്പോഴേക്കും സീറ്റുകൾ കാലിയായി തുടങ്ങും. പിന്നെ അടിവാരം എത്തും വരെ ചെറിയൊരു ഉറക്കം കിട്ടും. അങ്ങിനെയാ പതിവ്.
പക്ഷേ അന്ന്..
ചെറുതായി മഴയും തണുപ്പും കാരണം ബസിന്റെ സൈഡ് ഷട്ടർ ഉയർത്തിയിരുന്നു. വൈകി സീറ്റ് കിട്ടിയ ഞാൻ പെട്ടെന്നുറങ്ങിപ്പോയി. പുറത്തേക്ക് നോക്കാൻ പറ്റിയതുമില്ല. അടിവാരം എത്തിയതറിഞ്ഞില്ല.
ബസ് ചുരം കയറി, ഒന്നാം വളവ് കഴിഞ്ഞപ്പോഴാണ് ഞാൻ ഞെട്ടി ഉണർന്നത്.
ഓടിച്ചെന്ന് കണ്ടക്ടറോട് കാര്യം പറഞ്ഞു. പുറത്തേക്ക് നോക്കുമ്പോൾ കൂറ്റാ കൂരിരുട്ട്. പിന്നെ ചെറിയ മഴയും. രണ്ടാം വളവിൽ വെളിച്ചവും ആളുകമൊക്കെ ഉണ്ടാവും. അവിടെ ഇറങ്ങാം. അതാണ് സേഫ് എന്നു പറഞ്ഞു. ആലോചിച്ചപ്പോൾ അത് ശരിയാണെന്ന് തോന്നി.
ബസിറങ്ങിയ എന്നെ നല്ല മഴയാണ് വരാവേറ്റത്. അവിടെയാണെങ്കിൽ ബസ് സ്റ്റോപ്പുമില്ല. മഴ കാരണം ഉള്ള ചെറിയൊരു പെട്ടിക്കടക്കാരൻ പൂട്ടിപ്പോവുകയും ചെയ്തു. ഇനി ആശ്രയം റോഡിൽ നിന്നും താഴെ ഇറങ്ങി നിൽക്കുന്ന ചെറിയ പള്ളിയാണ്. ഓടി പള്ളിയിൽ കയറി, പാതിര ആയതിനാൽ പുറത്തുള്ള ഒരു ചെറിയ വെളിച്ചം മാത്രമേ ഉള്ളൂ. എന്തായാലും അകത്ത് കയറി ഇരുന്നു. ഇനി എങ്ങിനെ തിരിച്ചു താഴെ അങ്ങാടിയിലേക്ക് പോവുമെന്ന് ആലോചിച്ചിട്ട് ഒരു വഴിയും കാണുന്നില്ല. പൊതുവേ 2 മണി കഴിഞ്ഞാൽ പിന്നെ കൈ കാണിക്കുന്ന വണ്ടിയൊന്നും ഡ്രൈവർമാർ നിർത്തില്ല. തിരിച്ചു നടക്കാനാണെങ്കിൽ രണ്ടു കിലോമീറ്റർ വെളിച്ചമില്ലാത്ത റോഡും, ചുറ്റും കാടും. ഒടുവിൽ നേരം പുലരും വരെ പള്ളിയിൽ കിടക്കാം എന്നു കരുതി. അടഞ്ഞു കിടക്കുന്ന വാതിലിനോട് ചേർന്ന് അവിടുന്നു കിട്ടിയ പായ എടുത്ത് വിരിച്ചു. കിടന്നു.
മഴയുടെ ശക്തി കൂടി കൂടി വന്നു. ഇടിയും മിന്നലും. എപ്പോഴോ ഞാൻ അറിയാതെ ഉറങ്ങിപ്പോയി.
സമയം എത്ര ആയെന്നറിയില്ല.
"ന്റെ പടച്ചോനേ".. എന്ന അലർച്ചയും ഒരു ചവിട്ടും കൊണ്ടാണ് ഞാൻ ഞെട്ടി ഉണർന്നത്.
കൂരിരുട്ടിൽ ആരോ എന്റെ ദേഹത്ത് ചവിട്ടി മറിഞ്ഞ് വീണു. അവിടുന്ന് എണീറ്റോടുന്ന ശബ്ദമാണ് ഞാൻ കേട്ടത്. പിന്നെ ഉറക്കെ ഖുർആനും ഓതിക്കൊണ്ട് ആൾ പുറത്തേക്കും അവിടുന്ന് റോഡിലേക്കും ഇറങ്ങിയോടിയതും കണ്ടു,
പെട്ടെന്നായത് കൊണ്ട് എനിക്കൊന്നും മനസിലായില്ല. ആകെ പേടിച്ച ഞാനും ഇറങ്ങി ഓടി. ആ ഓട്ടം നിന്നത് അടിവാരം ടൗണിലായിരുന്നു.
പിറ്റേന്ന് കേട്ട കഥകൾ പലതായിരുന്നു.
ഇന്നലെ രാത്രി ചുരത്തിലെ പള്ളീൽ മൊല്ലാക്ക ജിന്നിനെ ചവിട്ടി പോലും.
ചവിട്ടിയ ജിന്ന് മൂപ്പരെ കാല് പിടിച്ചു വലിച്ചു താഴെ ഇട്ടു പോലും.
അവിടുന്ന് എണീറ്റ് ഓടിയ മൊല്ലാക്കയെ പടച്ചോൻ കാത്തതാണെന്ന്.
ജിന്നിനെ കണ്ട ഒരാളും പിന്നെ മിണ്ടിയിട്ടില്ലെന്ന്. മൊല്ലാക്കയെയും കൊണ്ട് പള്ളീലെ ഉസ്താദ് തങ്ങളുടടുത്തേക്ക് ഉറുക്ക് കെട്ടാൻ പോയിട്ടുണ്ടന്ന്. സ്വബോധം നഷ്ടപ്പെട്ട മൊല്ലാക്ക ഫുൾടൈം ഖുർആൻ മാത്രമാണ് ഓതുന്നതെന്ന്. എന്തായാലും കണ്ടത് ഏതോ മുന്തിയ നല്ല ജിന്നിനെ ആയത് കൊണ്ടാ ജീവൻ രക്ഷപ്പെട്ടത് പോലും.
ഒരുപാട് തങ്ങന്മാരും ഉസ്താദുമാരും ചികിൽസിച്ചിട്ടും മൂപ്പരുടെ പേടിച്ച മനസ് തിരിച്ചെത്തിയില്ല. പിന്നെ എല്ലാരും ആളെ വിട്ടു. നോക്കാൻ കുടുംബമില്ലാത്തതിനാൽ പെരുവഴിയിലുമായി.
നാട്ടിൽ മൊത്തം കഥകൾ പരന്നത് കൊണ്ട് സംഭവിച്ചതെന്തെന്നു ആരോടും പറയാനും പറ്റിയില്ല. അതിനുള്ള ധൈര്യം വന്നില്ല എന്നതാണ് സത്യം.

No comments:

Post a Comment

വല്ലതും പറയാന്‍ തോന്നുന്നുണ്ടോ... എന്നാലത് വേഗമാവട്ടെ. ഇവിടെ...
I am waiting for your comments