Sunday, January 21, 2024

മൂട്ട

 "ഉപ്പച്ചീ.. ഇതാ കിടക്കയിലൊരു മൂട്ട"

"അതെവിടുന്നാ?!"
ചോദ്യമിത്തിരി ശബ്ദം കൂടിപ്പോയി..
മറുപടി കെട്ട്യോളുടെ വകയായിരുന്നു.
"തിരിച്ചും മറിച്ചും ഞാൻ മൂട്ടയോടു ചോദിച്ചു നോക്കി, വായ തുറന്ന് കമാന്നൊരക്‌ഷരം മിണ്ടുന്നില്ല.
പിന്നെ ഞാനെങ്ങിനെ അറിയും അതെവിടുന്നാന്ന്..."
പുല്ല്, മിണ്ടാതിരുന്നാൽ മതിയായിരുന്നു.

Sunday, January 7, 2024

മരുഭൂമിയിലെ ഖബർ

 അൽ ഐനിൽ നിന്നും ദീർഘ ദൂരം വണ്ടിയോടിച്ച്‌ റൂമിലെത്തിയതേ ഉള്ളൂ....

ക്ഷീണം കാരണം ഉറങ്ങിപ്പോവുമെന്ന് കരുതി കുളിച്ച്‌ പെട്ടെന്ന് കയറിക്കിടന്നു...
എന്തോ ഉറങാൻ കിടന്നിട്ടും കൺ മുമ്പിൽ നിന്നും ആ മനുഷ്യൻ ഇറങ്ങിപ്പോവുന്നില്ല..
സ്വന്തം പ്രിയതമയുടെ ഖബറിനു മുകളിൽ കിടന്നു രണ്ട്‌ കൈ കൊണ്ടും മണ്ണു വാരി മൂടുന്ന മനുഷ്യൻ.. പ്രായവും പ്രാരാബ്ധങ്ങളും കൊണ്ട്‌ ക്ഷീണിച്ച്‌, നിർവ്വികാര മുഖത്തോടെ ഇരിക്കുന്ന ഒരു പാവം മനുഷ്യൻ..
വെള്ളത്തൊപ്പിയും തൂവെള്ള നിറത്തിലുള്ള ജുബ്ബയും പൈജാമയും ധരിച്ച, വെളുത്തതും എന്നാൽ ഭംഗിയായി ഒതുക്കി വെച്ച താടിയുള്ള നാടൻ മനുഷ്യൻ.
ആയ കാലത്ത്‌ കല്യാണം കഴിച്ച്‌ തമിഴ്‌ നാട്ടിൽ നിന്നും ബോംബെയിലേക്ക്‌ കുടിയേറിപ്പാർത്തതാണു. നാടും വീടും, നാട്ടുകാരുമായുള്ള ബന്ധമൊക്കെ അറ്റു പോയി.. മക്കളെ കരക്കെത്തിക്കാനുള്ള തിരക്കിൽ എല്ലാം മറന്നുവെന്ന് പറയാം. റിക്ഷ വലിച്ചും ചുമടെടുത്തും മക്കളെ പോറ്റാനായി അദ്ധ്വാനിച്ചു.
കിട്ടുന്നത്‌ അരിഷ്ടിച്ച്‌ ഭർത്താവിന്റ്‌ ഇഷ്ടപ്രകാരം ഭാര്യയും മിച്ചം പിടിച്ച്‌ ജീവിച്ചു.
ഒരു പാടു കഷ്ടപ്പെട്ടാണു മകനെ പഠിപ്പിച്ച്‌ ഗൾഫിൽ ജോലിക്കയച്ചത്‌..
ഭാര്യയുടെ ഏറെക്കാലത്തെ ആഗ്രഹ സഫലീകരണത്തിനായി രണ്ട്‌ മക്കളെയും, ഭാര്യയെയും കൊണ്ട്‌, ദുബൈക്ക്‌ ഫ്ലൈറ്റ്‌ കയറി. മക്കളൊന്നിച്ച്‌ ഉംറ ചെയ്യണമെന്ന് പ്രിയതമയുടെ ആഗ്രഹത്തിനു മുമ്പിൽ പിന്നെ തന്റെ വയ്യായ്കയും അവളുടെ വിട്ടു മാറാത്ത ശ്വാസം മുട്ടുമൊന്നും വകവെച്ചില്ല.
ദുബൈ നിന്നും ഒന്നിച്ച്‌‌ നേരെ സൗദിയിലേക്ക്‌.. മക്കയും മദീനയുമെല്ലാം സന്ദർശ്ശിച്ച്‌ ഉംറയും നിർവ്വഹിച്ച്‌ നേരെ നാട്ടിൽ പോവാം. ഇതായിരുന്നു ഉദ്ദേശം..
എല്ലാം തകിടം മറിച്ചത്‌ പെട്ടെന്നായിരുന്നു. ഭാര്യക്ക്‌ തലകറക്കം തോന്നി നേരെ ആശുപത്രിയിൽ കൊണ്ട്‌ പോയതായിരുന്നു. ആ കിടത്തം പിന്നെ എഴുന്നേറ്റില്ല..
അവിടെ വെച്ച്‌ തന്നെ അവർ ലോകം വിട്ടു പോയി..
എന്നാൽ മരണം അതിനേക്കാളെറെ നൂലാമാലകളാണുണ്ടാക്കിയത്‌..
തുച്ഛമായ വരുമാനത്തിൽ ദുബൈയിൽ ജീവിക്കുന്ന മകനു ഉമ്മയുടെ മയ്യിത്തും കൊണ്ട്‌ നാട്ടിൽ പോവുന്നതും, സഹോദരൻ, സഹോദരി, ഉപ്പ ഇവരുടെയൊക്കെ യാത്രാ ചിലവുമെല്ലാം താങ്ങാവുന്നതിൽ അപ്പുറമായിരുന്നു. അതിലുപരി മുംബൈയിൽ വാടക വീട്ടിൽ ജീവിക്കുന്ന അവർക്ക്‌ നാട്ടിൽ മയ്യിത്തെവിടെ മറമാടും എന്ന കാര്യത്തിൽ ഒരു ഊഹവുമുണ്ടായിരിന്നില്ല. കാലങ്ങളായി നാടുമായി ബന്ധമില്ലാത്തതിനാൽ അവിടെക്ക്‌ കൊണ്ട്‌ പോവാൻ പറ്റില്ല.. ഇവിടെയാണെങ്കിൽ മഹല്ലുമായീ ബന്ധമൊട്ടില്ല താനും.
ഒടുവിൽ നിവർത്തിയില്ലാതെ ഇവിടെ തന്നെ മറമാടാൻ തീരുമാനിക്കുകയായിരുന്നു. പക്ഷെ നിയമത്തിന്റെ നൂലാമാലകൾ അവിടെയും തടസ്സമായി. വിസിറ്റ്‌ വിസയിൽ വന്നവരുടെ മയ്യിത്ത്‌ ഇവിടെ അടക്കാൻ നിയമമില്ല പോലും.
പലരെയും സമീപിച്ചു. സംഘടനകൾ, വ്യക്തികൾ. ഒരു പാടു ഓടി നടന്നു. ഒടുവിൽ 4 ദിവസത്തിനു ശേഷം അധികാരികൾ കനിഞ്ഞു.
അതും ഐ സി എഫ്‌ ഭാരവാഹികളുടെ നിരന്തര ഇടപെടലിനു ശേഷം, അൽ ഐനിൽ അടക്കാൻ അനുമതിയായി.
ഉപ്പയോട്‌ ചോദിച്ചോ എന്നാരാഞ്ഞപ്പോൾ ഒന്നും മിണ്ടാതെ തലയാട്ടി എന്ന് മാത്രം പറഞ്ഞു.
തന്റെ ആയുസിൽ ഇനി ഗൾഫിലേക്ക്‌ വരാൻ കഴിയില്ലെന്നുറപ്പായിട്ടും സാഹചര്യങ്ങൾ അനുവദിക്കാതിരുന്നതിനാൽ ആ മനുഷ്യൻ സമ്മതിച്ചതായിരിക്കണം.
അല്ലെങ്കിൽ ഒരിക്കലും തന്റെ പട്ടിണിയിലും, സന്തോഷത്തിലും, കഷ്ടപ്പാടിലും കൂടെ നിന്നവളെ വിട്ടു പോവാൻ ആ മനസു സമ്മതിക്കില്ലായിരുന്നു.
മോർച്ചറിയിൽ നിന്നും ആംബുലൻസ്‌ വന്ന് നിർത്തിയപ്പോൾ ഓടിയടുത്ത അദ്ദേഹത്തെ ഈജിപ്ഷ്യൻ സെക്യൂരിറ്റി തടഞ്ഞു. കാണാൻ സെക്യൂരിറ്റിയെ ബോദ്ധ്യപ്പെടുത്തേണ്ടി വന്നു.
കഴിഞ്ഞ കാലമിത്രയും തന്നെ കരുതലോടെ നോക്കിയിരുന്നവളെ, താൻ പൊന്നു പോലെ കൊണ്ട്‌ നടന്നിരുന്നവളോടുള്ള സ്നേഹം മുഴുവൻ ഞങ്ങൾക്കവിടെ കാണാമായിരുന്നു.
വിറയാർന്ന ചുണ്ടുകളാൽ ദിക്റുകൾ ഉരുവിട്ട്കൊണ്ട്‌, പ്രിയതമയുടെ ഖബറിനു മുകളിലേക്ക്‌‌ മണ്ണു വാരി കൂട്ടുന്ന ആ മനുഷ്യൻ കണ്ണീർ വീഴാതെ‌ പിടിച്ചു നിൽക്കുന്നത്‌‌ ഞങ്ങളെ എല്ലാവരെയും അത്ഭുതപ്പെടുത്തി.
തന്റെ കണ്ണുനീർ കൊണ്ട്‌ അവളുടെ ഖബറിടം നനയരുതെന്ന വാശിയോ, തന്റെ സങ്കടം പിരിയുന്ന ഘട്ടത്തിൽ അവളറിയരുതെന്ന ചിന്തയോ എന്താണു ആളുടെ മനസിനെ ഭരിക്കുന്നതെന്ന് അറിയാൻ പറ്റുന്നുണ്ടായിരുന്നില്ല.
എല്ലാവരും പോയിട്ടും ഖബറിനരികിൽ ചമ്രം പടിഞ്ഞിരിക്കുന്ന ആൾക്കപ്പോൾ വെള്ള വസ്ത്രം ധരിച്ച തന്റെ ദേഹമാസകലം പറ്റിയ ചെളിയോ, മണ്ണോ ഒന്നും ഓർമ്മയുണ്ടായിരുന്നില്ല.
ഖബറിനരികിൽ നിന്നും ഉപ്പയെ എഴുന്നേൽപ്പിക്കാൻ വന്ന മകനോട്‌, നിങ്ങളിപ്പോ അങ്ങോട്ട്‌ പോവേണ്ട, കുറച്ച്‌ കഴിഞ്ഞ്‌ സാവധാനം പോയാൽ മതിയെന്ന് ശട്ടം കെട്ടിയിട്ടാണു ഞാൻ അവിടം വിട്ടത്‌.
അതെ, ഇത്രയേയുള്ളൂ നാമെല്ലാം.
ഇന്ന് നമ്മുടെ കൂടെ ഉണ്ടായിരുന്നവർ നാളെ എവിടെ ആയിരിക്കുമെന്ന് ഒരുറപ്പുമില്ലാത്ത വെറും മാനുഷിക ജന്മങ്ങൾ.
അത്‌ മാത്രമാണു നമ്മളെല്ലാം.