Friday, April 30, 2010

"ബേബി ചിക്ക്"

കമ്പനിയുടെ വാര്‍ഷിക ടൂറിനു അപേക്ഷ ക്ഷണിച്ചപ്പോള്‍ philipines , "മനില" എന്ന് എഴുതി കൊടുത്തു ഞാന്‍......
(നമ്മള്‍ അപേക്ഷിക്കുന്ന സ്ഥലത്തേക്ക് റിട്ടേണ്‍ ടിക്കെടും നാല് ദിവസം താമസിക്കാന്‍ ഹോട്ടലില്‍ റൂമും കിട്ടും)
എന്റെ കൂടെ ജോലി ചെയ്യുന്ന ഫിലിപിന പെണ്ണിന്റെ അവളുടെ നാടിനെ കുറിച്ചുള്ള വിവരണത്തില്‍ (കൂടെ ഇത്തിരി "മറ്റെന്തോ" ഉദ്ദേശവും ഇല്ലേ എന്നൊരു സംശയം എനിക്ക് തന്നെ ഇല്ലാതില്ല) മയങ്ങി അങ്ങിനെ ചെയ്തതാണ് ഞാന്‍. പക്ഷെ യാത്ര മനോഹരമായ അനുഭവം തന്നെ ആയിരുന്നു.
അങ്ങിനെ ഞാനും മനിലക്ക് വിമാനം കയറി.
അതിലൊരു സായാഹ്നത്തില്‍ മനിലയിലെ ലോകത്തെ വലിയ "മാളുകളില്‍" ഒന്നായ "മാള്‍ ഓഫ് ഏഷ്യ" കാണാന്‍ പോയി.
നീണ്ടു പരന്നു കിടക്കുന്ന മാളിന്റെ ഒരു വശം മനോഹരമായ സമുദ്രവും ......
അവിടിരുന്നു സൂര്യാസ്തമയം കാണാനായി ഞങ്ങള്‍ കാത്തിരുന്നു.....
(കൂട്ടിനു ഒറ്റ ഇന്ത്യക്കാരും ഇല്ലായിരുന്നു എല്ലാവരും ഫിലിപ്പിനികള്‍ മാത്രം)
കടല്‍ തീരത്ത് കൂടെ നടക്കുമ്പോള്‍ നമ്മുടെ നാടിലെ കടല വില്പ്പനക്കാരെ പോലെ ഒരുവള്‍  സൈകിളിന്മേല്‍  പുഴുങ്ങിയ കോഴിമുട്ട കൊണ്ട് നടന്നു വില്‍ക്കുന്നതെന്റെ ശ്രദ്ധയില്‍ പെട്ടു....... കാര്യമായി കഴിക്കാനൊന്നും പറ്റാത്തതിനാല്‍ (എല്ലാ ദിവസവും ഫാസ്റ്റ് ഫുഡ്‌ കഴിച്ചു മടുത്തിരുന്നു. കാരണം കഴിക്കാന്‍ പറ്റിയ മറ്റൊന്നും കിട്ടിയിരുന്നില്ല) ഞാന്‍ വില്പനക്കാരിയെ  വിളിച്ചു....
എന്റെ കൂടെയുള്ളവര്‍ക്കും വേണം .... എന്നാല്‍ പിന്നെ ആയിക്കളയാം എന്ന് ഞാനും കരുതി.......
അടുത്ത വന്ന അവളോട്‌ ഞാന്‍ ചോദിച്ചു "Is this boiled egg?"
അവള്‍ പറഞ്ഞു "നോ സര്‍, ദിസ്‌ "ബേബി ചിക്ക്",
എനിക്ക് മനസിലായില്ല , ഞാന്‍ ഒന്നുകൂടെ ചോദിച്ചു.. അവള്‍ അപ്പോഴും അതെ മറുപടി പറഞ്ഞു.
ഒടുവില്‍ ഞാന്‍ ചോദിച്ചു .. Is it boiled ?
(പുഴുങ്ങിയ മുട്ട അല്ലെ എന്നാണു ഞാന്‍ ഉദേശിച്ചത്‌. അതിനു ഇങ്ങിനെ തന്നെ അല്ലെ ചോതിക്കുക. ന്റമ്മോ എന്നെ കൊണ്ട് ഞാന്‍ തന്നെ തോറ്റു. എന്റെ ഒരു ഇംഗ്ലീഷ്......)
 എന്തോ അവള്‍ക് ഞാന്‍ പറഞ്ഞത് മനസിലായോ ഇല്ലേ എന്നറിയില്ല അവള്‍ പറഞ്ഞു
 "എസ് സര്‍" ...
ഒരു മുട്ടയല്ലേ ഇനി ഈ നാട്ടില്‍ അതിനു ഈ പേരായിരിക്കും എന്ന് കരുതി. ..........
വില്പ്പനകാരി ആദ്യം പാത്രം തുറന്നു ചൂടുള്ള വെള്ളത്തില്‍ നിന്ന് ഒരു മുട്ട എടുത്തു തന്നു.. ഇളം ചൂടുള്ള മുട്ട ...
കൂടെ ഒരു കവറില്‍ ഇത്തിരി മുളകുപൊടി ചേര്‍ത്ത വെള്ളവും... പിന്നെ ഇത്തിരി ഉപ്പും കൂടെ ഒരു കറുത്ത മസാല മിക്സ് ആകിയ ഒരു പൊടിയും തന്നു.
എനിക്കാണ് ആദ്യം തന്നതെങ്കിലും ഞാന്‍ എന്റെ കൂടെയുള്ള എല്ലാവര്‍ക്കും കൊടുത്തു. അവസാനമേ ഞാന്‍ വാങ്ങിയുള്ളൂ......
അവര്‍ ഓരോരുത്തരും ഒരൂ ഭാഗത്ത്‌ സീറ്റ്‌ കിട്ടിയ സ്ഥലത്ത് പോയിരുന്നു........
ഞാന്‍  കുറച്ചു ദൂരെ ഒരു "ഇണക്കുരുവികള്‍" ഇരിക്കുന്നുണ്ടായിരുന്നു. അവിടെ പോയിരുന്നു. "നെയ്യപ്പം തിന്നാല്‍ കാര്യം രണ്ടു എന്നാ ചൊല്ല്" പോലെ ഉദ്ദേശം രണ്ടായിരുന്നു....
ഫ്രീ ആയി ഒരു 'സീനും' കാണാം സാവധാനം മുട്ടയും തിന്നാം...
പെട്ടെന്നായിരുന്നു ഒരു ദുര്‍ഗന്ധം മൂക്കിലേക്കടിച്ചു കയറിയത്.
'കെട്ട മുട്ട'യുടെ മണം.
(ഇതിനു മുമ്പ് ഞാനീ ദുര്‍ഗന്ധം അനുഭവിച്ചത് വീട്ടില്‍ എന്റുമ്മ കോഴി മുട്ട വിരിയിക്കാന്‍ വെച്ചിട്ട് കുറച്ചു ദിവസം കഴിഞ്ഞിട്ട് മുട്ട പോട്ടിപ്പോകുമ്പോള്‍ ആയിരുന്നു)
ഞാന്‍ ചുറ്റും നൂക്കി . എന്റെ സുഹൃത്തുക്കളൊക്കെ മുട്ടയുടെ മുകളില്‍ ഒരു ചെറിയ ദ്വാരം ഉണ്ടാക്കി അതിലേക്കു അവര്‍ മുളക് പൊടിയും ഉപ്പും മസാലയും എല്ലാം ഇട്ടു മിക്സ് ചെയ്തു തിന്നുന്നുണ്ടായിരുന്നു.
കുറേശെ ഇരുട്ട് വന്നു തുടങ്ങിയതിനാല്‍ എനിക്ക് അവരുടെ മുട്ടയിലേക്ക് ശ്രദ്ധിക്കാന്‍ പറ്റിയില്ല. ആ ദുര്‍ഗന്ധം പുറത്തു നിന്ന് ആയിരിക്കുമെന്ന്  കരുതി ഞാന്‍ അവര്‍ ചെയ്തത് പോലെ മുട്ടയുടെ മുകളില്‍ ഒരു ദ്വാരമിട്ട്...... മുകള്‍ ഭാഗം പൊട്ടിച്ചതും നേരത്തെ പറഞ്ഞ ആ ഗന്ധം മൂക്കിലേക്കടിച്ചു കയറി.........
ഞാനൊന്നു കൂടെ ശ്രദ്ധിച്ചു നോക്കി... ... എന്തായിത്? ദ്വാരത്തിലൂടെ നോക്കിയപ്പോള്‍  കണ്ടത് വിരിഞ്ഞു വരുന്ന കോഴിക്കുഞ്ഞിന്റെ  കൊക്കും ഉറച്ചു വരുന്ന തലയും കണ്ണുകളും......
ശേ..... അറിയാതെ എന്നില്‍ നിന്ന് ഉച്ചത്തില്‍ ശബ്ദം  പുറത്തേക്കു വന്നു., കൂടെ ഞാനാ കോഴിമുട്ട താഴെ ഇടുകയും ചെയ്തു. 
(മലയാളത്തിലാണ് പറഞ്ഞത്. അല്ലെങ്കിലും അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുമ്പോള്‍ നാം പ്രതികരിക്കുക മാതൃ ഭാഷയില്‍ ആയിരിക്കുമെന്ന്  ഒരു മനശാസ്ത്രഞ്ജന്‍  പറഞ്ഞത് ഇവിടെ സ്മരിക്കുന്നു)
എന്റെ കൂടെയുള്ളവര്‍ ഓടി വന്നു. എന്ത് പറ്റി സുല്‍ഫീ എന്ന് ചോദിച്ചു.
ഞാന്‍ പറഞ്ഞു ആ പെണ്ണെന്നെ പറ്റിച്ചു.... അവള്‍ തന്നത് പുഴുങ്ങിയ മുട്ട അല്ല....... അതിനുള്ളില്‍ "സ്മാള്‍ ബേബി ചിക്കന്‍" ആയിരുന്നെന്നു......
അറിയാതെയാണെങ്കിലും ഞാന്‍ അവരോടു പറഞ്ഞതും ആ സ്ത്രീ പറഞ്ഞ അതെ വാക്കായിരുന്നു. ബേബി ചിക്ക്..... പെട്ടെന്ന് എനിക്ക് കാര്യം മനസിലായി... അവരെല്ലാം പൊട്ടിച്ചിരിച്ചു. ........ അവര്‍ പറഞ്ഞു... ഇത് boiled മുട്ട അല്ല. ഇതാണ് ബേബി ചിക്ക്......
(ഈ നാട്ടില്‍ ഈ ദുഷ്ട്ടന്മാര്‍ ഇതിനെ തിന്നുമെന്ന് എനിക്കുണ്ടോ അറിയൂ.
അന്ന് പകല്‍ തിന്ന കെ എഫ് സീ , ബര്‍ഗേര്‍ എല്ലാം പുറത്തേക്കു വന്നു....
എന്റെ ഭഗവാനെ................
പിന്നെ പോരുന്ന വരെ ഫാസ്റ്റ് ഫുഡ്‌ അല്ലാതെ മറ്റൊന്നും ഞാന്‍ കഴിച്ചിരുന്നില്ല..........

Tuesday, April 27, 2010

ഒരു എയര്‍പോര്‍ട്ട് അബദ്ധം

ജോലിയുടെ ആവശ്യാര്‍ത്ഥം എനിക്കൊരിക്കല്‍ ഹോങ്ങ്കൊങ്ങില്‍ പോകേണ്ടി വന്നു.
ദുബൈയില്‍ നിന്ന് തുടര്‍ച്ചയായ 8 മണിക്കൂറുള്ള വിമാന യാത്ര അതൊരു തരം മടുപ്പിക്കുന്നതായിരുന്നു. (ഇവിടെ നിന്ന് നാട്ടിലെത്താനുള്ള മൂന്നര മണിക്കൂര്‍ യാത്ര തന്നെ അസഹനീയം)
സിനിമ കണ്ടും ഉറങ്ങിയും സമയം തീര്‍ത്തു. വിമാനത്തിലെ ബാത് റൂം ശരിക്കുപയോഗിക്കാന്‍ കഴിയുമായിരുന്നില്ല. (മുഴുവന്‍ സമയവും തിരക്കയിരുന്നവിടെ)
അതിനാല്‍ തന്നെ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഉടനെ തന്നെ ഒരോട്ടമായിരുന്നു ബാത്ത് റൂമിലേക്ക്‌. തിരക്കിട്ട് ഓടികയറിയതിനാല്‍   മറ്റൊന്നും ശ്രദ്ധിച്ചിരുന്നില്ല.
"സംഗതി" കഴിഞ്ഞ ശേഷം ആണ് വെള്ളത്തിന്റെ ടാപ്പ്‌ ശ്രദ്ധിച്ചത്.
എന്റമ്മോ......... എങ്ങും പൈപ്പ് ഇല്ല. ടാപും ഇല്ല. പകരം പേപ്പര്‍ മാത്രം.
എന്ത് ചെയ്യുമെന്നറിയാതെ ആകെ വിഷമിച്ചു............
സകല ചൈനക്കാരെയും മനസ്സില്‍ ശപിച്ചു കൊണ്ട് ഞാനും ഉപയോഗിച്ച് ആ പേപ്പര്‍ തന്നെ.... (അന്നാദ്യമയിട്ടു ഇത് പരിശീലിക്കാതെ ഇരുന്നതില്‍ എന്നോട് തന്നെ വെറുപ്പ്‌ തോന്നി, കൂടെ നമ്മുടെ കാരണവന്മാരോടും)
തല്ക്കാലം പുറത്തിറങ്ങി........ അടുത്ത ബാത്‌റൂമില്‍ കയറി നോക്കി...... അടുത്തതിലും...... അങ്ങിനെ എയര്‍പോര്‍ട്ടില്‍ ഉള്ള എല്ലാ ബാത് റൂമും  കയറി ഇറങ്ങി...
ഒരിടത്തും കണ്ടില്ല പൈപ്പ്.
എനിക്കാണെങ്കില്‍ ആകെ നടന്നിട്ടും ശരിയാവുന്നില്ല. ഒടുവില്‍ എനിക്കൊരു ഐഡിയ തോന്നി.

ഞാനൊരു വെള്ളം വാങ്ങി. (22 Hongkong Dollar) അതുമായി ബാത്‌റൂമില്‍ കയറി കഴുകിയാല്‍ മതിയല്ലോ...
കുപ്പിയുമായി ബാത്‌റൂമില്‍ കയറാന്‍ പോയ  എന്നെ വാതിലിനടുത്ത് നിന്ന ക്ലീനിങ്ങ്കാരന്‍ തടഞ്ഞു.

കുപ്പി ഇവിടെ വെച്ച് പൊയ്കോളൂ. തിരിച്ചു വരുമ്പോള്‍ എടുക്കാം. .............
നോക്കണേ കഷ്ടകാലം ....... ഒടുവില്‍ അങ്ങിനെ തന്നെ താമസിക്കുന്ന ഹോട്ടലില്‍ എത്തി......... hong kong Airport വളരെ സുന്ദരമായ എയര്‍പോര്‍ട്ട് ആണ്.
ഒരു വശം മലയും മറ്റൊരു വശം കടലും..... പക്ഷെ എന്ത് ചെയ്യാം എന്റെ എല്ലാ ആസ്വാദന ശേഷിയും ഈ സംഭവം നശിപ്പിച്ചു കളഞ്ഞു.
ഗൃഹ പാഠം : അതിനു ശേഷം ബാത്രൂമില്‍ കയറുമ്പോള്‍ ഇതൊക്കെ നോക്കിയിട്ടേ കയറാറുള്ളൂ   .

Saturday, April 24, 2010

"മൈ ഉമ്മാസ് ഫ്രൈഡ് റൈസ്"

വൈകിട്ട് സ്കൂള്‍ വിട്ടു വീടിലെക്കൊരോട്ടമാ..........

ഉമ്മാ........ ചോറ് .. ചോറ് .......

പുസ്തകം കോലായിലെ (പൂമുഖതിനു അങ്ങിനെ പറയും ഞങ്ങളുടെ നാട്ടില്‍) മേശയിലേക്ക്‌ വലിച്ചെറിഞ്ഞു ഓടി പോയി അടുക്കളയില്‍ പലക ഇട്ടിരിക്കും.

പാത്രം എടുത്തു കാത്തിരിക്കുമ്പോഴായിരിക്കും  ഉമ്മയുടെ വക......... പോയി കുളിച്ചു വാടാ........

പാവം വീടിലെ പണികള്‍ ഒതുക്കുന്നതിനിടയില്‍ ഞങ്ങള്‍ക്ക് (എനിക്കും, പെങ്ങള്‍കും പിന്നേ അനിയനും) വൈകിട്ടത്തേയ്ക്ക് ഒന്നും ഉണ്ടാക്കാന്‍ സമയം കിട്ടിയിട്ടുണ്ടാവില്ല.

അതിനുള്ള സമയം അഡ്ജസ്റ്റ് ചെയ്യാനാ ഈ കുളിക്കാന്‍ വിടുന്നതെന്ന് ഞങ്ങളുണ്ടോ മനസ്സിലാക്കുന്നു ?

മിക്കവാറും ദിവസം വീട്ടില്‍ ഉമ്മ ഒറ്റയ്ക്കേ ഉച്ചക്കുണ്ടാവൂ. അതിനാല്‍ ചോറ് വെച്ചിട്ടുണ്ടാവും. ഉമ്മ വല്ല ചമ്മന്തിയും ഉണ്ടാക്കി കഴിക്കുകയാവും പതിവ്.

കറി ഒക്കെ ഉണ്ടാക്കാനെവിടെ നേരം.......?

പിന്നേ നല്ല പശുവിന്‍ നെയ്യില്‍ കുറച്ചു ചെറിയുള്ളിയും  പച്ചമുളകും പിന്നെ തക്കാളിയും എല്ലാം കൂടെ ചേര്‍ത്ത് വറുത്തു അതില്‍ ചോറ് ഇട്ടു നന്നായി ഇളക്കി തരും......

നല്ല ഒന്നാന്തരം "ഫ്രൈഡ് റൈസ്" (ഇന്നാണാ പേര് വന്നത്, ഹും! നമ്മളിതൊക്കെ പണ്ടേ കഴിക്കുന്നതാ മാഷെ) റെഡി.

ലോകത്തിന്റെ പല രാജ്യങ്ങളില്‍ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിലും അന്ന് കിട്ടിയ ആ രുചിയില്‍ എനിക്കെവിടെ നിന്നും പിന്നീട് ഭക്ഷണം കിട്ടിയിട്ടില്ല.

ഇപ്പോഴും തിരക്കിട്ട പ്രവാസ ജീവിതത്തിനിടയില നാട്ടില്‍ പോകുമ്പോള്‍ ഇടയ്ക്കു ഉമ്മയോട് പറഞ്ഞു 'തൂമിച്ച ചോര്‍' (എന്റെ നാട്ടില്‍ അങ്ങിനെയാ പറയാറ്) ഉണ്ടാക്കിച്ചു കഴിക്കാറുണ്ട്...........


എന്തിനെന്നോ,  എന്നുമെന്നും എന്‍റെ വായില്‍ മായാതെ ഉമ്മയുടെ ഭക്ഷണത്തിന്റെ രുചി നിലനില്കാനും പിന്നെ ഭക്ഷണം എന്തെന്നറിയാനും ......