താമസം ദേരയില്‍ നിന്നും ബര്‍ ദുബായിലേക്ക് മാറിയതോടെ, എന്നും രാത്രി അബ്രയില്‍ ഇരിക്കുക ഒരു പതിവാക്കിയിരിക്കുകയാണ് ഞാന്‍. വ്യത്യസ്ഥ നാട്ടുകാര്‍, നിറക്കാര്‍, ഭാഷ, വസ്ത്രം അങ്ങിനെ ഓരോരുത്തരും അബ്രയില്‍ വന്നിറങ്ങുന്നതും, കയറി പോകുന്നതും നോക്കി ഇരിക്കാന്‍ രസമാണ്. അബ്രയുടെ തൊട്ടടുത്ത് തന്നെയാണ് റൂം.
ഒറ്റയ്ക്കുള്ള താമസം, അതും ദുബൈ പോലുള്ള ഈ മഹാ നഗരത്തില്‍ ശരിക്കും ഭീകരമാണെന്ന് അറിഞ്ഞു തുടങ്ങിയിരിക്കുന്നു ഞാനിപ്പോള്‍. ഈ ഒറ്റപ്പെടലിന് ഒരു മാറ്റത്തിനായി എവിടെങ്കിലും ഷെയറിങ് റൂമിലേക്ക് പോവാമെന്ന് വെച്ചാല്‍ അവിടുത്തെ സൌകര്യങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ ആത്മഹത്യാ പരമാവും എന്നതിനാല്‍, തല്‍കാലം ഒറ്റക്ക് തന്നെ താമസം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. കൂട്ടിനു ആരെങ്കിലും ഒക്കെ വേണം എന്ന് പലപ്പോഴും തോന്നുന്നത് ഇങ്ങിനെയുള്ള സമയങ്ങളിലാണ്. പക്ഷേ, ജോലി ഒക്കെ കഴിഞ്ഞു വൈകുന്നേരങ്ങളിലെ ഒറ്റപ്പെടല്‍, അതില്‍ നിന്നൊരു മാറ്റത്തിനായി കുറെ നടന്നു നോക്കും. പിന്നീടാണ് അബ്രായിലെ ഇരുത്തം അതിനോരാശ്വാസമാകും എന്ന് തോന്നിയത്.
ചിന്തിക്കാനും, പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനും ഒരുപാട് സമയം കിട്ടും. അങ്ങിനെ പിറന്നതാണീ പോസ്റ്റ്. പഴയ കാലമായതിനാല്‍ ഓരോന്നിന്‍റെയും യഥാര്‍ഥ പേരുകള്‍ ഒന്നും ഓര്‍ത്തെഴുതാന്‍ കഴിഞ്ഞിട്ടില്ല, ഒരുപാട് വൈകി ഈ പോസ്റ്റിനായി. ഇതിനി സവിനയം നിങ്ങളിലേക്ക് സമര്‍പ്പിക്കട്ടെ.
ഞാന്‍ മുമ്പു എന്റെ "ആദരാഞ്ജലികള്‍" എന്ന പോസ്റ്റില്‍ കുറച്ചു പറഞ്ഞിട്ടുള്ളതാണ് എന്റെ ബാല്യകാലത്തെ കുറിച്ച്. മഴക്കാലമാവുമ്പോള്‍ പനയോല കൊണ്ട് മേഞ്ഞ വീട്, മേല്‍കൂര നിറയെ ഓട്ട വീണ് വെള്ളം മുഴുവന്‍ അകത്തായിരിക്കും.
പൊതുവേ മഴക്കാലം തുടങ്ങുന്നതിന് തൊട്ടു മുമ്പേയാണ് വീട് മേയുക. ആദ്യ മഴ വന്നാല്‍ പിന്നെ എത്രയും പെട്ടെന്ന് വീട് മേയാനുള്ള തിരക്കാവും എല്ലായിടത്തും. മഴ വന്നു കഴിഞ്ഞാല്‍ പിന്നെ പുര മേയാനുപയോഗിക്കുന്ന പനയോലക്കും തെങ്ങോലക്കും വലിയ വിലയും കൊടുക്കേണ്ടി വരും. അതിനാല്‍ തന്നെ മഴ തുടങ്ങുന്നതീന് തൊട്ടു മുമ്പു മേയാറാണു പതിവ്. നേരത്തെ വീട്ടില്‍ ശേഖരിച്ചു വെച്ച കുരുമുളകും, കശുവണ്ടിയും എല്ലാം വിറ്റു ഓല മേടിക്കാനുള്ള തുക, ഉപ്പ ഒപ്പിച്ചിട്ടുണ്ടാവും.
മനസിലിന്നും തങ്ങി നില്‍ക്കുന്നതും ഞങ്ങള്‍ കുട്ടികള്‍ക്ക് ഏറ്റവും സന്തോഷം പകരുന്നതുമായ ദിവസങളായിരുന്നു ഇത്.
പ്രധാനമായും സന്തോഷത്തിന്റെ കാരണം, രണ്ട് ദിവസങ്ങളിലും സ്കൂളില്‍ പൊവേണ്ട,
(ചിലപ്പോള്‍ ഞങ്ങളെ സങ്കടപ്പെടുത്തി കൊണ്ട് ഞായറാഴ്ചയും ആവാറുണ്ടായിരുന്നു)
പിന്നെ നല്ല ഇറച്ചി കറിയും "മഞ്ഞ ചോറും" കിട്ടും, അതും വയറു നിറയെ. സാധാരണ ഇത് കിട്ടണമെങ്കില്‍ പള്ളിയില്‍ നേര്‍ച്ചയോ അല്ലെങ്കില്‍ പെരുന്നാളോ ഒക്കെ ആവണം. അതിനാല്‍ തന്നെ പെരുന്നാളിന് തുല്യമാണ് ഞങ്ങള്‍ക്കീ പുരകെട്ട് ദിവസം.
പുരകെട്ടു നിശ്ചയിച്ചാല്‍ ആദ്യം കുടുംബക്കാരെയും അയല്‍വാസികളെയും ക്ഷണിക്കുക എന്നൊരു ചടങ്ങുണ്ട്. തലേന്ന് തന്നെ അവര്‍ പലഹാരങ്ങളൊക്കെയായി വരും. ഒരു കല്യാണം പോലെ തന്നെ, ഇനി നമ്മളെങ്ങാനും ചെന്നു വിളിച്ചില്ലെങ്കിലോ അതും പരാതി ആയി, പിന്നെ നമ്മോടു മിണ്ടില്ല അവരുടെ പുരകെട്ടിന് നമ്മോടു പറയില്ല,
എന്റെ ഉമ്മയ്ക്ക് നാല് ആങ്ങളമാര്‍ ഉണ്ട്. ഉമ്മ അവിടെ ചെന്നു പുരകെട്ടിന്റെ കാര്യം പറഞ്ഞാലുടന്‍
അവരിങ്ങു പോരും. കാരണം ഞങ്ങളുടെ വീട്ടിലേക്ക് വരാന്‍ അവര്‍ക്കൊക്കെ അത്ര ഇഷ്ടവുമായിരുന്നു. അവരെല്ലാവരും കൂടി ഒത്തു കൂടിയാല്‍ തന്നെ രസമാ. രാത്രി ചിരട്ടയില്‍ ബലൂണ്‍ കെട്ടി തബലയും, പപ്പായ മരത്തിന്‍റെ തണ്ട് ദ്വാരമുണ്ടാക്കി ഓടക്കുഴല്‍ ആക്കി പാട്ട് കച്ചേരിയും ഒക്കെ ആയി ബഹു ജോറാണ്.
അവരിങ്ങു പോരും. കാരണം ഞങ്ങളുടെ വീട്ടിലേക്ക് വരാന്‍ അവര്‍ക്കൊക്കെ അത്ര ഇഷ്ടവുമായിരുന്നു. അവരെല്ലാവരും കൂടി ഒത്തു കൂടിയാല്‍ തന്നെ രസമാ. രാത്രി ചിരട്ടയില്‍ ബലൂണ്‍ കെട്ടി തബലയും, പപ്പായ മരത്തിന്‍റെ തണ്ട് ദ്വാരമുണ്ടാക്കി ഓടക്കുഴല്‍ ആക്കി പാട്ട് കച്ചേരിയും ഒക്കെ ആയി ബഹു ജോറാണ്.
തലേന്ന് രാവിലെ ഉപ്പയും, അമ്മാവന്‍മാരും കൂടി പുരപ്പുറത്ത് കയറി മുഴുവന്‍ ഓലയും അറുത്തു താഴെയിടും . ഞങ്ങള്‍ കുട്ടികളുടെ ജോലി അവയില്‍ നിന്നും നല്ലതും ചീത്തയും തിരഞ്ഞെടുത്ത് അടുക്കി വെക്കുക. സാമാന്യം നല്ല ഓലകള്‍ അടുത്ത ദിവസം മേയുമ്പോള്‍ "അടിയോല" ആയി ഉപയോഗിക്കാം.ചീത്ത ഓലകള്‍ അടുപ്പില്‍ കത്തിക്കാനും ഉപയോഗിക്കും. ഉച്ച വരെ ഈ ജോലി തുടരും.
ഉപ്പയും അമ്മാവന്‍മാരും ഉച്ച ഭക്ഷണം, (മിക്കവാറും കഞിയും ചക്ക പുഴുക്കും ആയിരിക്കും) കഴിച്ചു നേരെ ഓല കൊണ്ട് വരാന്‍ പുറപ്പെടുകയായി. നേരത്തെ തന്നെ പനയോലയും തെങ്ങോലയും ഒക്കെ വില പറഞ്ഞു ഉറപ്പിച്ചു വെച്ചിട്ടുണ്ടാവും.
അവര്‍ പോയാലുടന്‍ ഞങ്ങള്‍ പുരപ്പുറത്ത് കയറി കഴുക്കോലും പട്ടികയും എല്ലാം കുറ്റിച്ചൂല്‍ കൊണ്ട് തൂത്ത്, വൃത്തിയാക്കണം. എന്നിട്ട് ചിതലുള്ളതും, ഉണ്ടാവാന്‍ സാധ്യത ഉള്ള എല്ലാ ഭാഗത്തും ചിതല്‍പൊടി ഇടണം. ഈ സമയം കൊണ്ട് വീടിന്റെ അകവും പുറവും ഉമ്മയും അടുത്തുള്ള വീട്ടിലെ സ്ത്രീകളും എല്ലാരും കൂടി അടിച്ചു വൃത്തിയാക്കി വെച്ചിട്ടുണ്ടാവും.
പിന്നെ ഓലയും കൊണ്ട് വണ്ടി വരുന്നതും കാതിരിപ്പാണു. കുറച്ചു ദൂരെ നിന്നാണ് മേയാനുള്ള ഓല കൊണ്ട് വരിക. ലോറി വരുന്നതും കാത്ത് ഞങ്ങള്‍ റോഡിലിരിക്കും.
വെറുതെ ഇരിക്കുകയല്ല കേട്ടോ, കൊത്തന്‍ കല്ല് കളിക്കും , ഒറ്റക്കാലില്‍ തുള്ളി തൊട്ടു
കളിക്കും, കുട്ടിയും കോലും കളിക്കും അങ്ങിനെ തോന്നുന്ന എല്ലാ കളിയും.
ഞങ്ങളുടെ വീട് റോഡില്‍ നിന്നും ഇത്തിരി ഉയര്‍ന്ന പ്രദേശത്താണ്. താഴെ വരെ മാത്രമേ വാഹനം വരികയുള്ളൂ. അതിനാല്‍ തന്നെ ലോറിയില്‍ കൊണ്ടിറക്കുന്ന ഓല കുറേശെയായി തലയിലേറ്റിയും വലിച്ചും വീട് വരെ എത്തിക്കാന്‍ വേണ്ടിയുള്ള ഇരിപ്പാണു ഞങ്ങളുടേത്.
ലോറിയില്‍ കൊണ്ട് വന്ന ഓല മുഴുവന്‍ വീടിനടുത്ത് എത്തിക്കുംബോഴേക്കും നേരം ഇരുണ്ട് തുടങ്ങിയിട്ടുണ്ടാവും
.
അടുത്ത ജോലി "കെട്ടുകയര്‍" ഉണ്ടാക്കുകയാണ്. വൈകീട്ട് തന്നെ ആരെങ്കിലും മുതിര്‍ന്നവര്‍ തെങ്ങുകളില്‍ കയറി ഉണങ്ങിയ "കൊതുംബ് " വെട്ടി വെച്ചിട്ടുണ്ടാകും. അത് ചെറിയ കെട്ടുകളാക്കി അടുത്തുള്ള തോട്ടിലൊ പുഴയിലൊ വെള്ളത്തില്‍ താഴ്ത്തി വെക്കണം. പൊതിരാന്‍ വേണ്ടി ആണിത്. വെള്ളത്തില്‍ താഴ്ത്തി വെച്ച് പൊങ്ങി പോവാതിരിക്കാന്‍ ഭാരമുള്ള കല്ലും പെറുക്കി വെച്ച്, തിരിച്ചു വീട്ടിലേക്ക്.
ഇനിയാണ് എന്‍റെ ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തങ്ങള്‍ തുടങ്ങുന്നത്. വീട്ടില്‍ അമ്മാവന്‍മാരും അടുത്ത വീടുകളിലെ ആളുകളും കുട്ടികളും എല്ലാവരും ഉണ്ടാവും.
രാത്രി വീടിനുള്ളില്‍ നിന്ന് മുകളിലേക്ക് നോക്കിയാല്‍, മേല്‍കൂരയുടെ 'അസ്ഥികൂടം' (കഴുക്കോലും, പട്ടികയും) കാണാം. പിന്നെ ആകാശവും നക്ഷത്രങ്ങളെയും നോക്കി കിടക്കാം. എന്തു രസമാണെണോ. രാത്രി ഒരു രണ്ട് മണി ആവും വരെ ഉറങ്ങാതെ എല്ലാരോടും വര്‍ത്തമാനം പറഞ്ഞു, നക്ഷത്രങ്ങളെ എണ്ണി കളിച്ചും ഒക്കെ സമയം പോക്കും. അപ്പോഴേക്കും മറ്റുള്ളവര്‍ക്ക് ഉറക്കം വന്നിട്ടുണ്ടാവും.
പാതിരാത്രി ആയാല്‍ വെള്ളത്തില്‍ താഴ്ത്തി വെച്ച കൊതുംബ് എല്ലാ ഭാഗവും ഒരു പോലെ പൊതിരാന്‍ തിരിച്ചു കിടത്തണം. മിക്കവാറും ആ ജോലി ഞാന്‍ ഏറ്റെടുക്കും. ഞാനാ പണി കഴിഞ്ഞു തിരിച്ചു വരുംബോഴേക്കും എല്ലാരും ഉറങ്ങിയിട്ടുണ്ടാവും.
എന്നാലും ഉപ്പയും ഉമ്മയും ഉറങ്ങാതെ എന്തെങ്കിലുമൊക്കെ അടിച്ചു വാരാനും, എടുത്തു വെക്കാനുമൊക്കെ ആയി ഇരിക്കിന്നുണ്ടാവും.
ആരുമറിയാതെ ഞാന്‍ നേരെ പോയി കൂട്ടി വെച്ച പനയോലകള്‍ക്ക് ഉള്ളിലേക്ക് ഊഴ്ന്നിറങ്ങും. പനയോല മെത്തയില്‍ പനയോല പുതപ്പും പുതച്ചു സുഖമായി കിടന്നുറങ്ങും. ഇളം ചൂടുള്ള കാലാവസ്ഥയാവും ഈ ഓലകള്‍ക്കിടയില്‍. ഇന്നേ വരെ ആ ഒരു സുഖത്തോടെ എ സിയില്‍ പോലും എനിക്കുറങ്ങാന്‍ പറ്റിയിട്ടുണ്ടോ എന്ന് സംശയമാണ്.
പ്രഭാത നമസ്കാരത്തിനുള്ള ബാങ്ക് കൊടുക്കുംബോഴേക്കും എല്ലാരും എഴുന്നേല്‍ക്കും. എന്റെ അടുത്ത ദിവസത്തെ ജോലി തുടങ്ങുകയായി (വീട്ടിലെ മൂത്ത കുട്ടിയായതിനാലുള്ള ഓരോരോ പ്രയാസങ്ങളെ.....)
ഞങ്ങളുടെ പുര കെട്ടുകാരന്‍ "മൂത്തോറന്‍",
പുലര്‍ച്ചെ തന്നെ കക്ഷിയുടെ വീട്ടിലെത്തി കയ്യോടെ കൂട്ടി കൊണ്ട് വന്നില്ലെങ്കില്‍ ഒരു കുഴപ്പം ഉണ്ട്. ഒന്നല്ല പല കുഴപ്പങ്ങളുണ്ട്.
ഉണര്‍ന്നയുടന്‍ ഇത്തിരി "നാടന്‍" അകത്താക്കുന്ന ഒരു ശീലമുണ്ട് പുള്ളിക്കാരന്. ആരുമില്ലെങ്കില്‍ അത് 'ഇത്തിരി' എന്നത് 'ഒത്തിരി' എന്നാവും. പിന്നെ കക്ഷിയെ നയാ പൈസക്ക് പറ്റില്ല. ഉടുത്തിരിക്കുന്ന മുണ്ടൊക്കെ വലിച്ചു വാരി തലയില്‍ കെട്ടി പിന്നെ പാട്ടും തെറി വിളിയുമൊക്കെ ആയി ആ ദിവസം നാശമാക്കും.
അതിനായി ഈ 'കലാപരിപാടി' തുടങ്ങുന്നതിന് മുമ്പു 'പച്ചയോടെ' ആളെ പിടിച്ചു കൊണ്ട് വരിക എന്നതാണ് എന്റെ ഡ്യൂട്ടി.
മൂത്തോറന്റെ ഒഴിവ് നോക്കിയിട്ടാണ് പുര കെട്ടു തീരുമാനിക്കുക തന്നെ. പണി ഉണ്ടെങ്കില്‍ രാവിലെ മുതല്‍ ഉച്ച വരെ ആളെ 'പച്ച'യോടെ കാണാം. അതിനാല്‍ തന്നെ പുര കെട്ടാനുള്ളവര്‍ ഈ സമയത്ത് വന്നു ഉറപ്പിച്ചിട്ടു പോകും.
മൂത്തോറന്റെ ചെറിയ കുടിലിന് മുമ്പിലെത്തിയാല്‍ അവിടെ വെളിച്ചമൊന്നുമുണ്ടാവില്ല.
"മൂത്തോറാ" .......
പ്രായത്തിന് മൂത്തവരും ചെറിയവരും എല്ലാം കക്ഷിയെ പേര് ചൊല്ലിയാണ് വിളിക്കുക
എന്റെ വിളി കേട്ടായിരിക്കും അവരും ഉണരുന്നത്.
"ഏയ് എണീക്കീ.."
മൂത്തോറന്റെ കെട്ട്യോള്‍ കുലുക്കി വിളിച്ചുണര്‍ത്തുന്ന ശബ്ദം പുറത്തേക്ക് കേള്‍ക്കാം.
വാരി ചുറ്റിയ കൈലിയും, ഉറക്കച്ചവടുമായി മുറ്റത്തെക്കിറങ്ങി വരും മൂത്തോറന്.
"ആരാത്, സൂപ്പി മാപ്ലയോ? (എന്നെ അങ്ങിനെയാ വിളിക്കുക)
ഒരു രണ്ട് മിനിറ്റ് നില്‍ക്ക്, ഇപ്പോള്‍ വരാം"
"മാണ്ടട്ടോ മെന്‍സാ.... ഇനിയും മോന്താന്‍ പോണ്‍ടാ. ഓന്‍ ങളെ കാത്ത് നില്‍കാ. വേഗം മുഖം കഴുകി കൂടെ ചെല്ലീന്ന്"
ഇതാണ് ഏറ്റവും പരീക്ഷണം പിടിച്ച സമയം.
മൂത്തോറനു ഒരു ഗ്ലാസ്സ് "മറ്റവന്‍" വേണം. അതിന് ശേഷം മതി പല്ല് തേപ്പു പോലും.
പുരപ്പുറത്തു കയറാനുള്ളതല്ലേ. അവിടുന്നു വല്ലതും സംഭവിച്ചാല്‍.!
പക്ഷേ പുരപ്പുറത്ത് കയറി ഇരിപ്പുറക്കണമെങ്കില്‍ രണ്ട് ഗ്ലാസ്സ് മറ്റവനങ്ങു ചെല്ലണം എന്നാണ് മൂത്തോറന്റെ ഭാഷ്യം. ഇല്ലെങ്കില്‍ ആകെ വിറയല്‍ വരുമത്രേ. വെറുതെ പറയുകയാ.
ഉച്ച ഭക്ഷണത്തിന് മുമ്പു നല്ല സോയമ്പന്‍ പനങ്കള്ള് എത്തിച്ചു തരാം എന്നൊക്കെ പറഞ്ഞു നയത്തില്‍ ആളെ കൂട്ടി കൊണ്ട് പോകും.
വീട്ടിലേക്ക് അര മണിക്കൂര്‍ നടക്കാനുണ്ട്. ചൂട്ടും കത്തിച്ചു, കഥയും പറഞ്ഞു ഞങ്ങളിരുവരും നടക്കും. വീടെത്തുമ്പോഴേക്കും നേരം വെളുത്തിട്ടുണ്ടായിരിക്കും
വീട്ടിലെത്തിയാല്‍ ആദ്യം മൂത്തോറന് നല്ല കടുപ്പത്തിലൊരു ചായ വേണം. മൂത്തോറന്റെ ശീലങ്ങള്‍ നാട്ടിലൊരോരുത്തര്‍ക്കും അറിയാം. കാരണം മിക്ക വീടുകളുടെയും പുര മേയുന്നത് മൂത്തോറന്‍ തന്നെയാണല്ലോ.
ഞങ്ങളെത്തുമ്പോഴേക്കും ഉപ്പ വെള്ളത്തില്‍ കുതിര്‍ത്തു വെച്ച കൊതുംബ് എടുത്തു കൊണ്ട് വന്നിട്ടുണ്ടാവും.
പലകയിലൊ, കവുങ്ങിന്റെ കഷ്ണത്തിലോ വെള്ളാരം കല്ലിന്‍റെ പൊടി തട്ടി
മൂതോരന്‍ തന്റെ ചെറിയ കത്തി മൂര്‍ച്ചയാക്കും. ഈ പൊടി ഞങ്ങള്‍ നേരത്തെ കല്ലുകള്‍ തമ്മില്‍ കൂട്ടി ഉരസി തയാറാക്കി പൊതിഞ്ഞു വെച്ചിട്ടുണ്ടാവും.
പിന്നെ കൊതുമ്പു ചെറിയ "ആരുകളാക്കി" (കെട്ടു കയര്‍) മാറ്റും. ഈ ആരുകളാണ് ഓല മേയുമ്പോള്‍ വീടിന്റെ പട്ടികയില്‍ വെച്ച് കെട്ടുവാന്‍ ഉപയോഗിക്കുന്നത്.
അതിനായി ഒരു വലിയ സൂചിയും (മുഴക്കോല്‍) കയ്യില്‍ ഉണ്ടാവും. സൂചിയില്‍ ഇത് കോര്‍ത്ത് വീടിന്റെ മുകളില്‍ കയറി ഓരോ ഓലയും കൂട്ടി കെട്ടുന്നത് അസൂയയോടെ നോക്കി നിന്നിട്ടുണ്ട്.
ചിലപ്പോഴൊക്കെ തോന്നും മൂത്തോറന്‍ ആയാല്‍ മതിയായിരുന്നെന്നു. കാരണം എന്നും ഇറച്ചി കറിയും മഞ്ഞ ചോറും തിന്നാം. പിന്നെ ഇഷ്ടം പോലെ പൈസ കിട്ടും.
പുര കെട്ടിന് ആരും കണക്ക് പറയില്ല. മൂത്തോറന്‍ ചോദിക്കുകയുമില്ല. എല്ലാരും നന്നായി കൊടുക്കും. ആരെങ്കിലും ചോദിച്ചാല്‍ "അതിപ്പോം മാപ്പിള എത്ര തരുന്നോ അത് മതി"
കിട്ടുന്ന പൈസെ എത്ര എന്ന് നോക്കാറുമില്ല. നേരെ വാങ്ങി മടിക്കുത്തില്‍ ചുരുട്ടി വെക്കും.
കട്ടന്‍ ചായയും കുടിച്ചു, കെട്ടാനുള്ള കൊതുമ്പു ഈര്‍ന്ന് ഓരോ ചെറിയ കെട്ടുകളാക്കി മാറ്റും
അതുമായി ആദ്യം വീടിന്റെ ഇറ (താഴ് ഭാഗം) തെങ്ങോല കൊണ്ട് മേഞ്ഞു തുടങ്ങും. സ്റ്റൂളില്‍ കയറി നിന്ന് കൊണ്ടാണിത്. മിക്കവാറും ഓരോ ഓല മേയുമ്പോഴും സ്റ്റൂളിന്‍റെ സ്ഥാനം മാറ്റണം, അതാവും എന്റെ ജോലി. അല്ലെങ്കില്‍ ഓല ഓരോ ഭാഗത്ത് അടുക്കി വെച്ചിട്ടുണ്ടാവും അത് തീരുന്നതിനനുസരിച്ച് എത്തിച്ചു കൊടുക്കുക. വീട് ചുറ്റും മൂന്ന് നാലു വരി തെങ്ങോല മേഞ്ഞു കഴിയുമ്പോഴേക്കും പത്ത് മണി ആയിട്ടുണ്ടാവും. തല്‍ക്കാലം പുര കെട്ടിന്‍റെ ആദ്യ 'സെമസ്റ്റര്‍' കഴിഞ്ഞു. ഇനി ചായയുടെ സമയം.
ഉമ്മയും പരിവാരങ്ങളും കപ്പയും മത്തിക്കറിയും തയാറാക്കി വെച്ചിട്ടുണ്ടാവും. അല്ലെങ്കില്‍ പുട്ടും
കടലക്കറിയും. എല്ലാവരും കൂടെ അത് കഴിച്ചു കുറച്ചു വിശ്രമിക്കും. ഉപ്പയും മൂത്തോറനും ഓരോ ബീഡി വലിക്കാന്‍ ഉള്ള സമയം ഉണ്ട്.
കടലക്കറിയും. എല്ലാവരും കൂടെ അത് കഴിച്ചു കുറച്ചു വിശ്രമിക്കും. ഉപ്പയും മൂത്തോറനും ഓരോ ബീഡി വലിക്കാന്‍ ഉള്ള സമയം ഉണ്ട്.
ആ സമയത്തിനുള്ളില്‍ തയാറാക്കി വെച്ച കെട്ടുകയറില്‍ വെള്ളം ഒഴിച്ച് അതിനെ ഉണങ്ങാതെ നോക്കണം, ഉണങ്ങിയാല്‍ കെട്ടുമ്പോള്‍ പൊട്ടി പോവും. കെട്ടി കഴിഞ്ഞാല്‍ പിന്നെ ഉണങ്ങുന്നത് കൊണ്ട് കുഴപ്പമില്ല, ഉറപ്പ് കൂടുകയെ ഉള്ളൂ. തലേന്ന് എടുത്തു വെച്ച പഴയ ഓലകളില്‍ നല്ലതും, പുതിയ ഓലയും കൂടെ മിക്സ് ആക്കി വീടിന്റെ ഓരോ ഭാഗത്തായി കൊണ്ടിടണം. മേയാന്‍ എടുത്തു കൊടുക്കാന്‍ എളുപ്പത്തിന് വേണ്ടിയാണിത്.
ബീഡി വലി കഴിഞ്ഞാല്‍ മൂത്തോറന്‍ നേരെ പുരപ്പുറത്തേക്ക് കയറുകയായി.
എടുത്തു കൊടുക്കുന്ന ഓലകള്‍ നന്നായി അടുക്കി വെച്ച് കെട്ടുന്നത് പലപ്പോഴും കൌതുകത്തോടെ നോക്കി നില്ക്കും. ആദ്യമാദ്യം മൂത്തോറന്റെ കയ്യിലേക്ക് ഓല എടുത്തു കൊടുക്കും. മേയുന്നതിനനുസരിച്ച് വീടിന്റെ മുകള്‍ ഭാഗത്തേക്ക് നീങ്ങി കൊണ്ടിരിക്കും.. കയ്യെത്താതാവുമ്പോള്‍ ഓല എറിഞ്ഞു കൊടുക്കും. ഇതിനിടയില്‍ മൂത്തോറന് കഞ്ഞി വെള്ളം, പച്ച വെള്ളം ഇങ്ങനെ വേണ്ടതൊക്കെ വീടിനുള്ളിലൂടെ പുരപ്പുറത്തേക്ക് എത്തിച്ചു കൊടുക്കേണ്ട ചുമതല എനിക്കാണു.
ഏകദേശം മൂന്ന് മണിയോട് കൂടെ എല്ലാം മേഞ്ഞു കഴിയും. അത് വരെ ഞങ്ങളെല്ലാരും വിശപ്പ് സഹിച്ച്, മൂത്തോറന്‍ പുരപ്പുറത്ത് നിന്ന് താഴെ ഇറങ്ങും വരെ കാത്ത് നില്ക്കും.
വീട് മുഴുവന്‍ മേയാതെ മൂത്തോറന്‍ ഉച്ച ഭക്ഷണത്തിനിറങ്ങില്ല.
അതോടെ വെളിച്ചം നിറഞ്ഞു നിന്നിരുന്ന വീടിനകത്ത് ഇരുട്ടാവും. എന്നാലും പച്ച പുതച്ചു നില്‍ക്കുന്ന വീട് പുറത്ത് നിന്ന് നോക്കി ആസ്വദിക്കും.
ഇനി ഭക്ഷണത്തിന്റെ സമയമാണ്. അതിനിടയില്‍ ഞാന്‍ മുങ്ങും.
കാരണം മൂത്തോറന് ഞാന്‍ രാവിലെ കൊടുത്ത വാക്കുണ്ടല്ലോ.
മൂത്തോറന്‍ പലരോടും എന്നെ അന്വേഷിച്ച് തുടങ്ങും.
"സുല്‍പ്പി മാപ്ല ഏട്യെ പോയി"
"എന്താ മൂത്തോറാ, അവനവിടെങ്ങാനും ഉണ്ടാവും" ഉപ്പ.
"ഒന്നൂല്യ ഇബ്ടെ ഏടെയും കണ്ടില്ല ന്നിട്ടു ചോയ്ച്ചതാ"
ഉപ്പയോട് അവന് പറയാന്‍ പേടിയാണ്.
ഒടുവില്‍ എന്നെ കാണാതെ ഗത്യന്തരമില്ലാതെ മൂത്തോറന്‍ ചോറു തിന്നാനിരിക്കും.
"ഉം നിന്നെ ഓന്‍ രാവിലെ കള്ള് വാങ്ങി തരാം എന്ന് പറഞ്ഞു പറ്റിച്ചിട്ടുണ്ടാവും അല്ലേ"
അവന്‍റെ തിരിഞ്ഞും മറിഞ്ഞുമ് ഉള്ള കളി കണ്ടു ഉപ്പ ചോദിക്കും.
(ഈ വിദ്യ പറഞ്ഞു അവനെ കൂട്ടികൊണ്ട് വരാന്‍ പറഞ്ഞു തന്നത് ഉപ്പ തന്നെ ആണല്ലോ)
"അയ്യേ.. നീ അല്ലാതെ ചെറിയ കുട്ടികള്‍ പറയുന്നത് വിശ്വസിക്ക്വോ?"
എല്ലാവരും കൂടെ പൊട്ടിച്ചിരിക്കും.
"അല്ലാ, നിച്ചു അറിയാ, ഓന്‍ ബേറുതെ പര്‍ഞ്ഞതാന്നു".
ഒടുവില്‍ മൂത്തോറനും കൂടെ ചിരിക്കും.
"സുല്‍ഫീ.., ഇനി ഇങ്ങ് പോര്" ഉപ്പ.
അതോടെ ഒളിച്ചു നിന്നിരുന്ന ഞാന്‍ കാര്‍മേഘം മാറിയ മാനം പോലെ സന്തോഷത്തോടെ ഭക്ഷണത്തിനായി വന്നിരിക്കും. വീടിന്റെ കോലായില്‍ ആണുങ്ങളെല്ലാരും ഇരിക്കും.
മൂത്തോറന്‍ ആദിവാസി ആയിരുന്നു. പൊതുവേ അവര്‍ക്ക് വേറെ പാത്രത്തിലും അവരെ വേറെ ഒരു ഭാഗത്ത് ഇരുത്തി ഒക്കെയാണ് അന്ന് എല്ലാവരും ഭക്ഷണം കൊടുക്കുക.
എന്നാലും ഞങ്ങളെ വീട്ടില്‍ ഞങ്ങളോടൊപ്പമിരുന്നാണ് മൂത്തോറന്‍ ചോറു തിന്നിരുന്നത്.
ഒരു പക്ഷേ ചിലപ്പോള്‍ അതെന്‍റെ വീട്ടില്‍ മാത്രമായിരുന്നു എന്ന് തോന്നുന്നു.
അതെപ്പോഴും എല്ലാരോടും അവന്‍ പറയാറുമുണ്ടായിരുന്നു.
"ഉസ്മാന്‍ മാപ്പിളന്‍റെ (എന്‍റെ ഉപ്പ) പൊരേല്‍ എനിക്ക് ഓരെ കൂടാ ചോറു തരിക"
മറ്റുള്ള വീടുകളില്‍ പോയാല്‍ അവനോട് മാറി ഇരിക്കാന്‍ പറയുന്നതിന് മുമ്പു അവന്‍ പറയും "എനിക്കുള്ളത് മാറ്റി വെച്ചെക്കൂ. ഞാനാ മൂലയിലിരുന്ന് തിന്നോളാം"
പക്ഷേ എന്റെ ഉപ്പ എപ്പോഴും പറയും.
"ഞാന്‍ രാവും പകലും കാടും മലകളും താണ്ടി പണിയെടുക്കുന്നത് ഈ ആദിവാസികളോടൊപ്പമാണ്. അവരുടെ കൂടെയാണ് ഊണും ഉറക്കവുമെല്ലാം, പിന്നെ മൂത്തോറനെ കൂടെ ഇരുത്തിയാല്‍ എന്താ?"
(ഉപ്പയുടെ ജോലി എന്തെന്ന് എന്റെ ആദരാഞ്ജലികള്‍ എന്ന പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്)
(ഉപ്പയുടെ ജോലി എന്തെന്ന് എന്റെ ആദരാഞ്ജലികള്‍ എന്ന പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്)
ഞങ്ങള്‍ക്കെല്ലാവര്‍ക്കും അന്ന് മഞ്ഞ ചോറും ഇറച്ചിക്കറിയും ഇഷ്ടം പോലെ ഉമ്മ വിളമ്പും. വയറു നിറയെ കഴിക്കും.
ഉമ്മ പറയും, "തിന്നോ, ഇഷ്ടം പോലെയുണ്ട്, ഇന്ന് കുറെ പണി എടുത്തതല്ലേ"
ഇത് കേള്‍കുമ്പോള്‍ മനസില്‍ "പടച്ചോനെ, എന്നും പുരകെട്ടു ഉണ്ടാവാണെ" എന്ന് പ്രാര്‍ഥിക്കും.
ഭക്ഷണം കഴിഞ്ഞാല്‍ പിന്നെ എല്ലാരും ഇത്തിരി കിടക്കാന്‍ പോകും. ഒരു അര മണിക്കൂര്‍. ഓല വിരിച്ച് കിടക്കും. (ആ ദിവസം മിക്കവാറും എല്ലാ ആവശ്യങ്ങള്‍ക്കും ഓലയാണ് ഉപയോഗിക്കുക)
ഇനി അടുത്തത് "ഇറ അരിയുക" എന്ന പരിപാടി ആണ്. വീടിന്റെ ഇറയത്ത് തൂങ്ങി കിടക്കുന്ന ഓലകള്‍ ഒരേ ലെവലില്‍ അരിഞ്ഞു വൃത്തിയാക്കും..
ശേഷം ഓലയുടെ മുകളിലും അടിയിലും "വരിച്ചില്‍ കോലു"ണ്ടാക്കി അവ തമ്മില്‍ കൂട്ടി കെട്ടും. അമ്മാവന്‍മാര്‍ അപ്പോഴേക്കും അടുത്തുള്ള തെങ്ങിന്‍മേല്‍ കയറി കുറച്ചു പച്ച ഓല വെട്ടി കൊണ്ട് വരും. അത് വീടിന്റെ മുകള്‍ ഭാഗം മുതല്‍ താഴെ വരെ വിരിച്ച് മുകളറ്റം കൂട്ടി കെട്ടും. കാറ്റടിക്കുമ്പോള്‍ മേഞ്ഞ ഓല പറന്ന് പോവാതിരിക്കാന്‍ ഭാരമായി വെക്കുന്നതാണ്.
ഇതോടെ മൂത്തോറന്റെ ജോലി കഴിഞ്ഞു. കൂലിയും വാങ്ങി ആള്‍ വേഗം സ്ഥലം വീടും.
'എവിടെക്കാ തിരക്കിട്ട്?' എന്ന് ചോദിച്ചാല്‍ 'അരി സാമാനം വാങ്ങാന്‍ റേഷന്‍ കടേല്‍ പോണം', എന്നും പറഞ്ഞു ഓടും. നേരെ കള്ള് കുടിക്കാനാണ് പോകുന്നത് എന്ന് എല്ലാര്‍ക്കും അറിയാം.
വെയില്‍ ഒന്ന് താഴുന്ന വരെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും പിന്നെ വിശ്രമമാണ്.
മുറ്റം അടിച്ചു വൃത്തിയാക്കണം, ബാക്കി വന്ന ഓലകള്‍ അടുക്കി പെറുക്കി വെക്കണം (ഈ ഓലകള്‍ ആണ് കക്കൂസും വിറക് പുരയും മേയാന്‍ ഉപയോഗിക്കുക)
ഒടുവില്‍ തലേന്ന് പുറത്തെടുത്ത് വെച്ച വീട്ടു സാധനങ്ങള്‍ മൊത്തം എടുത്തു ഉള്ളില്‍ വെക്കണം.
എല്ലാം കഴിഞ്ഞു സമാധാനത്തോടെ കിടന്നുറങ്ങാം എന്ന് കരുതുന്നോ. ഇല്ല.
ഇനി രാത്രിയില്‍ പ്രത്യേക 'പ്രകടനം' ഉണ്ട്.
ആദ്യത്തെ കുറച്ചു ദിവസം "ഓലെരുമ" എന്ന ഓമനപ്പേരില്‍ ഞങ്ങളുടെ നാട്ടില്‍ അറിയപ്പെടുന്ന, കുഞ്ഞു പ്രാണി വീട് നിറയെ ഉണ്ടാവും. പുതിയ ഓല ആയതിനാല്‍ വന്നു കൂടുന്നതാണ്.
ഇത് പോവാനായി ഞങ്ങള്‍ കുട്ടികള്‍ എല്ലാരും കൂടെ രാത്രി ചിരട്ടയും മുട്ടി ചൂട്ടുമായി വീടിന്‍ ചുറ്റും ഏഴ് വട്ടം "ഒലെരുമയും മക്കളും പോ പോ. " എന്ന മുദ്രാവാക്യവുമായി ചുറ്റും.
(ആരുടെ വിശ്വാസമായിരുന്നോ, അതോ വെറുതെ ഞങ്ങളെ കളിപ്പിക്കാന്‍ കാരണവന്‍മാര്‍ ചെയ്യിച്ചതാണോ എന്നോ, എന്തിനായിരുന്നെന്നു ഇപ്പോഴും എനിക്കറിയില്ല. വലുതായപ്പോള്‍ ഒരിക്കല്‍ ഞാനത് ഉമ്മയോട് ചോദിച്ചു, നീ ഇപ്പോഴും അതൊക്കെ ഓര്‍ക്കുന്നുണ്ടോ എന്ന് ചോദിച്ചു ഒന്ന് ചിരിച്ചു അത്ര മാത്രം)
ഒന്ന് രണ്ട് ദിവസം കൊണ്ട് ഓലയുടെ പുതു മണം പോവുന്നതോടെ പ്രാണികള്‍ താനെ പോകും. ചുമര് നിറയെ പറ്റിപ്പിടിച്ച് പറക്കുന്ന ഈ പ്രാണി കാരണം, സ്വസ്ഥതയോടെ ഭക്ഷണം കഴിക്കാനോ ഒന്നിനും പറ്റില്ല. ചിലപ്പോള്‍ ഭക്ഷണത്തിലേക്ക് വന്നു വീഴും. എന്നാല്‍ ഞങ്ങളുടെ ഈ "പ്രകടനം" പേടിച്ചാണ് അത് വീട് വിട്ടു പോവുന്നതെന്നാണ് അന്ന് ഞങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.
അതോടെ സംഭവ ബഹുലമായ രണ്ട് ദിവസം കഴിയും. ഞങ്ങള്‍ പതിവ് പോലെ രണ്ട് ദിവസം ആഘോഷിച്ചത്തിന്റെ സന്തോഷത്തില്‍, പിറ്റേന്നു സ്കൂളില്‍ പോകണമല്ലോ എന്ന സങ്കടത്തോടെ ഉറങ്ങാന്‍ കിടക്കും.
എങ്കിലും പുരകെട്ട് അടുക്കുന്തോറും ആ ദിവസത്തിനായുള്ള കാത്തിരിപ്പ് വല്ലാത്തൊരു അനുഭവമായിരുന്നു.
പുരകെട്ടു കല്യാണം എന്നു കേട്ടപ്പോള്‍ ആദ്യം അതിശയിച്ചു പോയീട്ടോ...
ReplyDeleteഈ പുരകെട്ടു അടുത്തുനിന്നും കണ്ടറിഞ്ഞിട്ടുണ്ട്, ഞങ്ങളുടെ നാട്ടില്‍ തെങ്ങോലയാണ് പുരമേയാന്‍ ഉപയോഗിക്കുന്നത്.അന്നൊക്കെ അതുപോലെ ഒരു ഓലപ്പുരയായിരുന്നു നമ്മുടെതെങ്കില്‍ നമുക്കും പുര മേയാമായിരുന്നു എന്നു സങ്കടപ്പെട്ടിരുന്നു.... അടുത്ത വീടുകളില്‍ പുരമേയുന്ന ദിവസം അവര്‍ക്കുള്ള ഭക്ഷണം വീട്ടില്‍ ഉണ്ടാക്കുന്നതും അവര്‍ വന്നു കൊണ്ടു പോകുന്നതും മുറ്റത്തിരുന്നു കഴിക്കുന്നതുമൊക്കെ ഒന്നുകൂടി ഓര്‍മിപ്പിച്ചു സുള്‍ഫിയുടെ ഈ പോസ്റ്റ്....
നന്നായി എഴുതി സുള്‍ഫീ..ആശംസകള്‍!
ഹായ് കുഞ്ഞൂസ്, ഒരു പാട് കാലമായല്ലോ ഈ വഴിക്കൊക്കെ കണ്ടിട്ട്.
ReplyDeleteഒരുപാട് അക്ഷരത തെറ്റുകളോടെ ഇന്നലെ പോസ്റ്റ് ചെയ്തതാണിത്, എഡിറ്റ് ചെയ്തു വരുന്നതിനിടയില്‍ സിസ്റ്റം കമ്പ്ലൈന്റ് ആയി.
പിന്നെ നാളെയാവട്ടെ എന്ന് കരുതി ഇന്നേക്ക് മാറ്റി വെച്ചതായിരുന്നു. അതിനിടക്ക് വന്നു വായിച്ചു കളയുമെന്ന് കരുതിയില്ല.
ഏതായാലും ആദ്യ കമന്റിനുള്ള എന്റെ നന്ദി അറിയിക്കട്ടെ.
"പുരകെട്ടു കല്യാണം" എന്നൊരു കാര്യം ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. വായിച്ചു കഴിഞ്ഞപ്പോള്‍ സുള്‍ഫിയുടെ കൂടെ പുരമേയാന്‍ ഞാനും ഉണ്ടായിരുന്നുവെന്ന് തോന്നി. ബാല്യത്തേക്കാള്‍ സുന്ദരമായൊരു കാലമില്ലെന്ന് പലപ്പോഴും തോന്നാറുണ്ട്. നല്ല രസമായിട്ടെഴുതി.
ReplyDeleteലളിതവും ഹൃദ്യവുമായ പോസ്റ്റ്. അഭിനന്ദങ്ങള്‍ സുള്‍ഫി.
പുരകെട്ടു കല്ല്യാണം കഴിഞ്ഞാല്‍ വെക്കുന്ന പായസം കിട്ടീല്ലാട്ടോ... ഗ്ര്‍ഹാതുരത്വം തുളുമ്പുന്ന ഓര്‍മകള്‍... നന്മകള്‍ നേരുന്നു...
ReplyDeleteസുള്‍ഫീ....എനിക്കൊന്നും പറയാന്‍ പറ്റുന്നില്ല...അത്രയധികം ഹൃദയസ്പൃക്കായി എഴുതിയിരിക്കുന്നു....(ഒരു കുറ്റവും കണ്ടു പിടിക്കാന്‍ പറ്റുന്നില്ല :-))
ReplyDeleteബാല്യകാലങ്ങളിലെ കഷ്ടപ്പാടുകളൊന്നും മറ്റുള്ളവരറിയരുതെന്നു ചിന്തിക്കുന്ന ഈ കാലത്ത്, അതൊക്കെ തുറന്നെഴുതുന്ന സുള്‍ഫിയോടു എനിക്ക് ഭയങ്കര ബഹുമാനം തോന്നുന്നു...
എനിക്കൊരു അഭ്യര്‍ത്ഥന ഉണ്ട്...ഇത് മാതൃഭൂമി ബ്ലോഗനക്ക് അയച്ചു കൊടുക്കൂ...തീര്‍ച്ചയായും പ്രസിദ്ധീകരിക്കും...
email: mblogana@gmail.com
സൂപ്പി മാപ്ലേ..എനിക്കിത് പുതിയ് അറിവായിരുന്നു..എത്ര നന്നായാണ് സുല്‍ഫിക്ക വിശദമായി എഴുതിയിരിക്കുന്നത്..കഴിഞ്ഞ ഞായറാഴ്ച അബ്രയില്‍ വന്നപ്പോള്‍ ഒരാള്‍ കൂനിക്കൂടിയിരുന്നു എഴുതുന്നത് കണ്ടിരുന്നു..ആരാണെന്ന് ഇപ്പോഴല്ലേ മനസ്സിലായത്!
ReplyDeleteനല്ല ഒരു ഓര്‍മ....വളരെ സ്പര്‍ശനീയം ആണ് ഓരോന്നും എഴുതിയിരിക്കുന്നത്
ReplyDeleteഎനിക്കും ഉണ്ട് വീടിന്റെ പഴയ അടുക്കള ഓല മേയുന്ന ദിവസത്തെ സംഭവങ്ങള്‍...
ഇന്ന് അതെല്ലാം ഓര്‍മ മാത്രം ആണ്....
ഒരു സുവര്‍ണ്ണകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ സുഹൃത്തേ നന്ദി. എല്ലാം പരിചയമുള്ള രംഗങ്ങള്‍ തന്നേ.നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധമായിരുന്നു അന്ന്. ഇന്നു പക്ഷേ നാടും നമ്മളും എത്ര മാറി. എല്ലാവരും അവരവര്‍ ചുറ്റും നിര്‍മ്മിച്ച മതില്‍കെട്ടിനുള്ളില്‍ ഒതുങ്ങിയിരിക്കുന്നു. നല്ല ഒരു വായന സമ്മാനിച്ച തിന് വീണ്ടും നന്ദി. ധാരാളം എഴുതുക.
ReplyDelete"കൂട്ടിനു ആരെങ്കിലും ഒക്കെ വേണം എന്ന് പലപ്പോഴും തോന്നുന്നത് ഇങ്ങിനെയുള്ള സമയങ്ങളിലാണ്"
ReplyDeleteപ്രശ്നാവോ സുള്‍ഫീ...ഭാര്യയോടു വേഗം തിരിച്ചു വരാന്‍ പറ...
സുല്‍ഫിയുടെ പുരക്കെട്ടു കല്യാണത്തിന് ഞാനും കൂടി ട്ടോ. ഇപ്പോഴല്ല. അന്ന്.
ReplyDeleteകാരണം അത്ര മനോഹരമായാണ് ആ പഴയ കാലത്തെ വരികളാക്കിയത്.
അബ്രയിലെ ആ ഇരുത്തം എന്നെ അസൂയപ്പെടുതുന്നു. ബോട്ടുകളും പ്രാവുകളും കായലും എല്ലാം ചേര്‍ന്നൊരു വൈകുന്നേരം.
നല്ല പോസ്റ്റുകളൊക്കെ ഇങ്ങു വരും.
ആശംസകള്‍
സുല്‍ഫി മാപ്ലേ.....
ReplyDeleteപുരകെട്ടു ജോര്‍ പരിപാടി തന്നെ. എന്റെ വീടും ഇത്തരത്തില്‍ തന്നെ ആയിരുന്നു (പക്ഷെ പനയോലയല്ല തെങ്ങോലയായിരുന്നു)മാത്രമല്ല ഇത്ര ഉത്സവ പ്രതീതി ഉണ്ടായിരുന്നുമില്ല.മിക്കവാറും രാവിലെ കപ്പ പിട്ട് ആയിരിക്കും ഉണ്ടാകുക.ഇന്നും അതിന്റെ രുചിയും മണവും തങ്ങി നില്‍ക്കുന്നു!
ലളിതസുന്ദരമായ അവതരണം.ഒറ്റ ഇരിപ്പിനു വായിച്ചു പോകാവുന്ന ശൈലി. ഇന്നത്തെ കുട്ടികള്‍ക്ക് ഇതൊരു പുതിയ അനുഭവം ആയിരിക്കും.
ആശംസകള്‍
പുരകെട്ടുകല്യാണം ആദ്യമായി കേള്‍ക്കുകയാണ്. വളരെ ഭംഗിയായി ഉള്ളില്‍ തട്ടുന്നവിധം എഴുതിയിരിക്കുന്നു.
ReplyDeleteബാല്യകാലത്തെക്കാള്‍ ഒരു നല്ലകാലമില്ല.
അഭിനന്ദനങ്ങള്‍ സുല്‍ഫി.
ഞങ്ങളുടെ അവിടെ പുരകെട്ട് കല്യാണം എന്നൊന്നും പറയില്ലെന്കിലും അന്ന് ഒരു ഉത്സവം തന്നെ ആണ്. പായസമാണ് ഞങ്ങള്‍ക്ക് മെയിന്‍ വിഭവം ആയിരുന്നത്. തെങ്ങോല ആണ് ഉപയോഗിക്കുന്നത് എങ്കിലും അതിനുള്ള ഓലകളൊക്കെ നേരത്തെ തന്നെ തയ്യാറാക്കി വെച്ചിരിക്കും. പിന്നെ കൊതുമ്പ് ഞങ്ങള്‍ തന്നെ മൂന്നുനാല് ദിവസം മുന്‍പ് വെള്ളത്തിലിട്ട് കുതിര്ത്തി കീറി വെക്കും. കിണറ്റില്‍ നിന്ന് വെള്ളം തേവി ഒഴിക്കുന്ന ഭാഗത്ത് അത് ഉണങ്ഗാതിരിക്കാന്‍ കുതിരാന്‍ വെക്കും. പുര കെട്ടുന്ന അന്നാണ് എടുക്കുക. പിന്നെ അടിയോല എന്ന് പറയുന്നത് പുതിയ ഓലയുടെ മുകളില്‍ വെച്ച് കേട്ടാനല്ലേ ഉപയോഗിക്കുന്നത്.മറ്റെല്ലാ വിവരങ്ങളും പോസ്റ്റില്‍ പറഞ്ഞത് പോലെ എങ്കിലും അവസാനത്തെ പ്രാണി പ്രയോഗം മാത്രം ഇല്ല.
ReplyDeleteപഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
ആശംസകള്‍.
ഞങ്ങള്‍ കുട്ടികള്‍ എല്ലാരും കൂടെ രാത്രി ചിരട്ടയും മുട്ടി ചൂട്ടുമായി വീടിന്‍ ചുറ്റും ഏഴ് വട്ടം "ഒലെരുമയും മക്കളും പോ പോ. " എന്ന മുദ്രാവാക്യവുമായി ചുറ്റും
ReplyDeleteചിരട്ടയും മുട്ടി സുല്ഫിക്കാന്റെ ആ ഓട്ടം ഓര്‍ത്തപ്പോള്‍ ഇരുന്നു ചിരിച്ചു പോയി.
മഴ ചോര്ന്നോലിക്കുന്നൊരു മണ്‍ കുടിലില്‍ മഴത്തുള്ളിയുടെ താളവും
പേമാരിയുടെ ഈണവും കേട്ടുറങ്ങിയ ബാല്യം,
ഒരു നാള്‍ ഉമ്മയും മക്കളും ഭയന്നതു തന്നെ സംഭവിച്ചു
വലിയൊരു മരം തല തല്ലി വീണു. "ന്റെ ബദ്രീങ്ങളെ "
ഉമ്മ നിലവിളിച്ചു. പിന്നെ ഒരു മുറിയിലിരുന്നു നേരം വെളുപ്പിച്ചു ഞങ്ങള്‍.
ഓര്‍മകളുടെ ഇന്നലെകളിലേക്ക് ഞങ്ങളെ മേയാന്‍ വിട്ട സ്നേഹിതാ
"മലര്‍ മെത്ത വിരിച്ചു ഞാന്‍ ഉറങ്ങാന്‍ കിടന്നാലും
മറക്കില്ല പടച്ചോനെ നിന്റെ പുണ്യം
മഴ മേഘമായെന്നില്‍ പെയ്ത സത്യം "
സുല്‍ഫി....
ReplyDeleteചെറുവാടി പറഞ്ഞ പോലെ ഞാനും ഉണ്ടായിരുന്നു അന്ന്...
അത്ര മനോഹരമായ അവതരണമായിരുന്നു.. പുരകെട്ട് കല്യാണം ഞങ്ങളുടെ നാട്ടിലും ഉണ്ട്..പക്ഷെ ഇതു പോലെയില്ലന്നു മാത്രം.പിന്നെ തെങ്ങോലയാണുപയോഗിക്കുന്നത്...മൂത്തോറാന്‍ പോലൊരു കഥാപാത്രം എന്റെ വീടിനരികിലുണ്ട്.."ദിനേശന്‍.."(പിന്നീടെപ്പോഴെങ്കിലും അദ്ദേഹത്തെ ഒരു പോസ്റ്റിന്റെ രൂപത്തില്‍ പരിചയപ്പെടുത്താമെന്നു കരുതുന്നു....വേറോന്നും പറയാനില്ല...ബാല്യകാലത്തിന്റെ നല്ലൊരു ഓര്‍മ്മയിലേക്കു എന്നെ കൂട്ടി കൊണ്ടു പോയ പ്രിയ കൂട്ടുകാരനു ഒരായിരം നന്ദി...ഒപ്പം ആശംസകളും
ഓര്‍മകളുടെ ഓലപുരകള്‍ ഇനിയും നശിച്ചിട്ടില്ല അല്ലെ? ഹൃദ്യമായി എഴുതി. വീട്ടില്‍ ഇന്നും തൊഴുത്ത് ഓലകൊണ്ടാണ്. അത് കൊണ്ട് തന്നെ അത് മേയുന്നത് ഇത് പോലെ ഒരു ചിന്ന സംഭവമാണ്...
ReplyDeleteഇതോടൊപ്പം ഞങ്ങളുടെ നാട്ടിലെ മറ്റൊരു കാര്യം കൂടി ഓര്‍ക്കട്ടെ.ഞങ്ങള്‍ ഓലപുര മേയുന്നതിനു നാള് നോക്കും. ചില നാളുകളില്‍ പുരകെട്ടിയാല്‍ ആ വര്ഷം അഗ്നിബാധക്ക് ചാന്‍സ് ഉണ്ട് എന്നാണു അവിടത്തെ വിശ്വാസം. ഇതിനെ പന്തം നോക്കുക എന്ന് പറയും. ഇനി നിര്‍വൃതി ഇല്ലാതെ അഗ്നിബാധയുള്ള നാളില്‍ ഓല മേയ്യേണ്ടി വന്നാല്‍ അവസാനം ഒരു ചെറിയ ചൂട്ടെടുത്ത് പുരയില്‍ മേഞ്ഞ ഒരു ഓല കത്തിക്കും.
വീട്ടിനു ചുറ്റും ഈ 'പന്തശാസ്ത്ര'ത്തില്‍ നിപുണനായി മിസ്റ്റര്‍ മേനോന്‍ (എനിക്ക് ഡി എന്‍ എ തന്ന ആള്‍ ) മാത്രമേ ഉള്ളു എന്നത് കൊണ്ട് ഇന്നും നാട്ടില്‍ എവിടെ ഓലപുരകള്‍ (മിക്കവാറും വിറകുപുരയോ തോഴുത്തോ) കെട്ടുന്നതിനു മുന്പ് വീട്ടില്‍ ഒരു സ്പെഷ്യല്‍ കണ്സല്ട്ടിംഗ്(ഫീസില്ല) നടക്കാറുണ്ട് ....
എന്തായാലും കുറെ ഓര്‍മ്മകള്‍ മനസിലേക്ക് തികട്ടി വന്നു. നന്ദി അതോടൊപ്പം അഭിനന്ദനങ്ങളും
എന്റമ്മോ ഇതൊക്കെ വെറും പുളുവാ ... ഇതെല്ലാം ഞങ്ങളുടെ നാട്ടിലും ഉണ്ട് പുരകെട്ട് പക്ഷെ കല്യാണവും മോതിരം കൈമാറലൊന്നുമില്ല .. പുരകെട്ടുന്നതിൻ പനയോല അല്ല തെങ്ങോലയാ ഉപയോഗിക്കുന്നത്. അതും ആദ്യമെ മെടഞ്ഞ് ശരിയാക്കി അട്ടിയായി ഇട്ടിട്ടുണ്ടാകും അതിനു ഓലപ്പുറം എന്നും പറയുന്നത് കേട്ടിട്ടുണ്ട്. എനിക്കോർമ്മയുണ്ട് എന്റെ വീടിന്റെ മുൻ വശത്തെ പറമ്പിൽ അങ്ങിനെയൊരു ഓലപ്പുറം. നല്ല രസമാ പൊളിച്ചിട്ട വീട്ടിന്നുള്ളിൽ ആകാശം നോക്കി കിടക്കാൻ.. ചന്ദ്രന്റെ നിലാവെളിച്ചം ആസ്വദിച്ചങ്ങിനെ കിടക്കാൻ ഒരു പ്രത്യേക രസാ.. പിറ്റെ ദിവസം കപ്പക്കറിയും(കപ്പയും കടലയും ഇട്ട് ഇളക്കിയത് അതിലേക്ക് ഒരു തേങ്ങാ ..കഷണങ്ങളാക്കി എണ്ണയിൽ വറുത്ത് ഇടും) പുട്ടും. എന്തൊരു ടേസ്റ്റ്... എന്റമ്മോ ഇവിടെ വന്നത് അഭിപ്രായം പറയാനല്ലെ .. പുരകെട്ടാൻ തുടങ്ങിയിട്ടേ ഉള്ളൂ അതുകൊണ്ട് ആ വിവരണം ഞാൻ ഇവിടെ നിർത്തട്ടെ .......ഏതായാലും ശരിക്കും പഴയ കുറെ ഓർമ്മകളിലേക്ക് കൊണ്ടെത്തിച്ചു.. വായിക്കാൻ സുഖമുള്ള പോസ്റ്റ് ... വളരെ നന്നായിരിക്കുന്നു...അഭിനന്ദനങ്ങൾ..
ReplyDeleteശരിക്കും ഹ്രദയസ്പർശിയായ ഒരു പോസ്റ്റ്.
ReplyDeleteബാല്യകാലസ്മരണകളിലേക്ക് എനിക്കും ഒരു തിരിച്ച് യാത്ര ,
വാഹ്,.വണ്ടർ ഫുൾ,
കീപ്പിറ്റപ്പ്,
വായാടി : നേരത്തെ തന്നെ വന്നു ഹാജര്‍ വെച്ചത്തില്‍ സന്തോഷം കൂടെ ഈ നല്ല വാക്കുകള്‍ക്കു നന്ദി.
ReplyDeleteനന്ദിനിക്കുട്ടീസ് : പായസം തയാറായി വരുന്നു. ഉടന്‍ പാര്‍സല്‍ ആയി അയച്ചു തരാം.
ചാണ്ടീസ് : ഉം. പൊക്കി ഉയരത്തില്‍ നിന്നും താഴെ തള്ളിയിടാനല്ലേ. മനസിലായി മോനെ.
പിന്നെ കൂടിനു ആളെ വേണ്ട കാര്യം. എന്തിനാ നല്ല " മട്ടനും ചിക്കനും ബിരിയാണി", കിട്ടുമ്പോള്‍ കൂട്ടിനു വേറെ വേണോ നാട്ടില്‍ നിന്നും "വെജ്." വരുതിക്കണോ?
പടച്ചോനെ, ഈ വരി എന്‍റെ കെട്ടിയോള്‍ വായിക്കാതിരിക്കണേ, വായിച്ചാലും മനസിലാവാതിരിക്കാന്‍ രൂപക്കൂടിനു മുമ്പില്‍ അര മെഴുകുതിരി കത്തിക്കാമേ, (ബാക്കി അര എനിക്ക് പവര്‍ കട്ടിനു ഉപയോഗിക്കാനാണ്)
പക്ഷെ ഞാനാ "ടൈപ്പ് അല്ല ട്ടോ" ഇന്നലെ മുതല്‍ ഞാന്‍ നന്നായ വിവരം അറിഞ്ഞില്ലായിരുന്നോ?ഹി ഹി.
ജസ്മികുട്ടീ : നന്നായി. അല്ലേലും "കൂനി കൂടി" എഴുതുമ്പോള്‍ അടുത്ത് വരാതിരുന്നത് നന്നായി. ഞായറാഴ്ച വന്നിരുന്നു അല്ലെ. ഭാഗ്യം. ഇനി ഞായറാഴ്ചകളില്‍ ഞാന്‍ വല്ല ഉഗാണ്ടയിലും പോയി ഇരുന്നു കൊള്ളാം.
ഒറ്റയാന്‍ : ആദ്യമായാ ഈ വഴി എന്ന് തോന്നുന്നു. ഇത്തരം ഓര്‍മകളെ പോടീ തട്ടി എടുക്കാനല്ലേ ബ്ലോഗ്. എഴുതെന്നെ. വായിക്കാന്‍ ഞങ്ങള്‍ റെടി.
കാര്‍ന്നോര്‍ : ഈ അനുഗ്രഹം എന്നും ഉണ്ടായാല്‍ മതി. ആ ധൈര്യത്തില്‍ ഞങ്ങള്‍ പിടിച്ചു നിന്നോളാം. നന്ദി അഭിപ്രായത്തിനു.
ചെറുവാടി : കല്യാണത്തിന് കൂടീട്ടു ചായ കുടിക്കാതെ പോകുന്നോ? ഒഴിവു കിട്ടുമ്പോള്‍ ഇങ്ങു പോരൂ. അബ്രയില്‍ കൂട്ടിനിരിക്കാന്‍ ഞാനുണ്ട്.
ഇസ്മയില്‍ തണല്‍ : പുതിയ കുട്ടികള്ക് ഇതിനെ കുറിച്ച് ഒരു വിവരണം അത്രയേ ഞാനും ഉദ്ദേശിച്ചുള്ളൂ. അവരും അറിയട്ടെന്നെ ഇങ്ങിനെ ഒക്കെ ഉണ്ടായിരുന്നെന്ന്. വരവില്‍ സന്തോഷം.
തെചിക്കോടന്‍ : സത്യം. ബാല്യ കാലം സുവര്‍ണ കാലം എന്നല്ലേ.
പട്ടേപാടം റാംജി : പഴയ ആളുകള്‍ക്കൊക്കെ മനസ്സില്‍ ഉണ്ടാവും ഇത്.
റഷീദ് പുന്നശ്ശേരി : നിന്നെ ഞാന്‍ ചിരിപ്പിച്ചു തരാം.
പക്ഷെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ഈ പോസ്റ്റിനെ നിന്റെ സുന്ദരമായ കവിത കൊണ്ട് ധന്യമാക്കി. നന്ദി ആ നല്ല വരികള്‍ക്ക്.
റിയാസ് : നിന്റെ സ്നേഹം കൂടെ പിന്തുണ അത് മാത്രം മതി എനിക്ക്. സന്തോഷായി.
മിനെഷ് : പന്ത പ്രയോഗം എനിക്ക് പുതിയ അറിവാണ്. അപ്പോള്‍ ഇയാളും ഒരു "കുട്ടി പന്ത ശാസ്ത്രി" ആയിരിക്കുമല്ലോ.
ഉമ്മു അമ്മാര്‍ : പുളു അടിച്ചു പുളുവടിച്ചു ഞാനീ പരുവത്തിലായി.
എല്ലാരും പറയുന്നു പുര കെട്ടാന്‍ തെന്ഗോലയാ ഉപയോഗിക്കുന്നതെന്ന്. എന്നാല്‍ ഞങ്ങളുടെ നാട്ടില്‍ പുര കെട്ടിന് താഴ് ഭാഗം തെങ്ങോലയും, മുകളില്‍ പനയോലയും ആണുപയോഗിക്കുന്നത്.
ഹും അഭിപ്രായം പറയാന്‍ വന്നിട്ട് കപ്പ പുഴുക്കിന്‍റെ കാര്യം പറഞ്ഞു മനുഷ്യന്‍റെ വായില്‍ വെള്ളമൂറിക്കുന്നോ. കൊതി കൂടും പറഞ്ഞേക്കാം. ഏതായാലും ഇതിനു പരിഹാരമായി കുറച്ചു ഉണ്ടാക്കി കൊടുത്തയക്കൂ കേട്ടോ.
പുരകെട്ട് കല്യാണം എന്ന പേരില്ലെങ്കിലും ഞങ്ങൾക്കും ഉണ്ടായിരുന്നു ഇങ്ങനെയൊരു ഉത്സവം. എത്രയോ വർഷങ്ങൾ സുൽഫിയെപോലെ ഞാനും ആസ്വദിച്ചു. ഞങ്ങളുടെ മുത്തോറൻ അന്തോണിമൂപ്പൻ ആയിരുന്നു. പനയോലക്ക് പകരം വൈക്കോൽ.. പ്രാണിശല്യം ഉണ്ടായിട്ടില്ലാത്തതുകൊണ്ട് ചിരട്ടമുട്ടി പാട്ടുപാടേണ്ടിവന്നിട്ടില്ലെന്ന വ്യത്യാസം മാത്രം.
ReplyDeleteകുട്ടിക്കാലത്തെ ജാഡകളില്ലാത്ത ലോകത്തിലേക്ക്
ഓർമ്മകളെ കൂട്ടികൊണ്ടുപോയ ഈ പോസ്റ്റിനു നന്ദി.
ആശംസകൾ!
സുൽഫിമാപ്ലേ....പനയോലയുടെ മണമുള്ള പോസ്റ്റിനു് ആശംസകൾ.
ReplyDeleteവളരെ വളരെ ഹൃദ്യമായിരുന്നു, ഈ പുരകെട്ട് കല്യാണം. ആഹ്ലാദത്തോടെ വായിച്ചു.
ReplyDeleteഎനിയ്ക്ക് അനുഭവമൊന്നും ഇല്ല.
പിന്നെ ആ ഓലെരുമയെ പരിചയമുണ്ട്, അദ്ദേഹത്തിനെ ഞങ്ങൾ കോട്ടെരുമ എന്നാ വിളിച്ചിരുന്നത്.
കൊള്ളാം സുല്‍ഫീ........
ReplyDeleteപുരകെട്ട് കല്യാണം എന്ന ഒരു ആഘോഷം ഞങ്ങള്‍ക്കില്ല . പുരമേയുന്ന അന്ന് ഞങ്ങള്‍ കുട്ടികള്‍ക്ക് സന്തോഷം തന്നെയാണ്.. വീടിനു പുറത്ത് ഭക്ഷണം ഉണ്ടാക്കും ..അന്ന് ചക്കരവെള്ളം സ്പെഷല്‍ ആണ് ( തേങ്ങയും ഷര്‍ക്കരയും എല്ലാം ചേര്‍ത്ത് ഉണ്ടാക്കുന്നത് .. അത് പായസമമല്ല ) ഉച്ചക്ക് ചോറിന്‍റെ കൂടെ അതുണ്ടാവും . പിന്നെ ഞങ്ങളുടെ പുര ഒരു ദിവസം കൊണ്ട് തന്നെ മേഞ്ഞു തീരും സുബ്ഹിക്ക് എഴുന്നേറ്റ് ചട്ടിയും കലവും .. പെട്ടിയും പായയും .. പുസ്തകങ്ങളും എല്ലാം പുറത്ത് മരച്ചുവട്ടിലേക്ക് മാറ്റും അത് ഞങ്ങള്‍ക്കുള്ള പണിയാണ് കുട്ടികള്‍ക്ക്.
ReplyDeleteമൂത്തോറനു പകരം ഞങ്ങള്‍ക്ക് കരിക്കയാണ് .. നേരത്തെ തന്നെ കരിക്കയും , നീലിയും എത്തിയിട്ടുണ്ടാവും പനയോലയുടെ തണ്ട് കീറി കയര്‍ ഉണ്ടാക്കും കരിക്ക . നീലി അപ്പോഴെക്കും പഴയ ഓലയില്‍ നിന്നും നല്ലത് തിരയും ഞങ്ങളും കൂടും .. വൈകുന്നേരം ആവുമ്പോള്‍ പുരക്കുള്ളില്‍ നല്ല ഇരുട്ടാവും. ( ആ ഇരിട്ട് കാണാന്‍ ഒരു സുഖമാണ് )
കരിവേലക്ക് കരി വാരി തേച്ച പോലെ ശരീരം മുഴുവന്‍ കരിയായിരിക്കും എല്ലാവരുടെയും .
പിന്നെ പെങ്ങന്മാരുടെ ജോലി തുടങ്ങുകയായി .. ഞങ്ങളെ സോപ്പിട്ട് കുളിപ്പിക്കണം .
ഒരു വര്‍ഷം കരിക്കക്ക് സുഖമില്ലാതായി അന്ന് നീലാണ്ടനാണ് വന്നത് നീലാണ്ടന്‍ ഉച്ചക്ക് ചോറ് കഴിക്കാന്‍ നിര്‍ത്തിയപ്പോള്‍ ഇപ്പോ വരാമെന്നു പറഞ്ഞ് പോയി പിന്നെ വന്നത് നാല് കാലിലാണ്... പുരപ്പുറത്ത് കയറി അലകില്‍ ഇരിക്കുമ്പോള്‍ അവന്‍ ആടാന്‍ തുടങ്ങി . ഉപ്പക്കും ഉമ്മാക്കും എല്ലാം പേടിയായി .. ഓല എറിഞ്ഞു കൊടുത്താല്‍ പിടിക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ അവന്‍ ശരിക്കും പാമ്പായിമാറിയിരുന്നു.
എന്നിട്ട് അവനെ പിടിച്ചു താഴെ ഇറക്കി ആ വര്‍ഷം പകുതി മേഞ്ഞ പുരയില്‍ ഞങ്ങള്‍ ഉറങ്ങി. പിറ്റേന്ന് നീലാണ്ടന്‍ രാവിലെ വന്നു ബാക്കി തീര്‍ത്തും ഉപ്പാനോട് കുറെ തെറ്റും മാപ്പും പറഞ്ഞു..
പിണക്കി വിടാന്‍ പറ്റില്ല എന്തെങ്കിലും പണിക്ക് വിളിച്ചാല്‍ ഓടി വരുന്നവര്‍ അല്ലെ.
കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ ഞാന്‍ കരിക്കയെ കണ്ടു. പാവം കണ്ണു കാണാതായിരിക്കുന്നു. വീട്ടില്‍ വന്നു .. ഉമ്മക്കൂട്ടീ എന്നു വിളിക്കും ഉമ്മാനെ .. ഉമ്മ ചോറ് എല്ലാം കൊടുക്കും ഞാന്‍ കുറച്ച് കാശ് കൊടുത്തു കരിക്കക്ക്..
കരിക്കയെ കണ്ടപ്പോള്‍ അന്ന് പഴയ പുരകെട്ട് എല്ലാം ഓര്‍മയില്‍ വന്നിരുന്നു.. ഇന്ന് സുല്‍ഫിയുടെ പോസ്റ്റ് വായിച്ചപ്പോള്‍ വീണ്ടും ആ കാലത്തിലേക്ക് ഞാന്‍ മടങ്ങി പോയി..
സന്തോഷത്തേടെ വായിച്ചെങ്കിലും ഇടക്ക് എന്‍റെ കണ്ണൊന്നു നനഞ്ഞു കാരണം അന്നത്തെ കഷ്ടപ്പാടുകള്‍ കൂടി ഞാന്‍ മുന്നില്‍ കണ്ടും . പുരകെട്ടി മേയാനുള്ള കാശിനു ഉപ്പ നെട്ടോട്ടം ഓടുന്നത് എന്‍റെ മനസ്സില്‍ ഇപ്പോഴും ഉണ്ട് .. 500.. ഓ 600 ഓ രൂപ മതി പക്ഷെ അത് അന്ന് വലിയ ഒരു സംഖ്യ തന്നെ ആയിരുന്നു.
കഷ്ടപ്പാടുകള്‍ ആണെങ്കിലും പഴയകാലം ഓര്‍ക്കുമ്പോള്‍ ഒരു സുഖം തന്നെയാ.... സുഖമുള്ള നോവ്
കുറെ കാലമായി കാണാനില്ല എന്ന് കരുതി വീണ്ടും വന്നു കമന്റ് ഇട്ടു, മെയില്‍ അയച്ചു, എന്നിട്ടും കേളന്‍ കുലുങ്ങിയില്ല.
ReplyDeleteഇപ്പൊ ഈ പോസ്റ്റു വായിച്ചപ്പോഴല്ലേ വീട് shifting ഒക്കെ ആയിരുന്നു എന്ന് അറിയുന്നത്.
സുല്‍ഫി മാപ്ലാ തിരിച്ചെത്തിയല്ലോ, അത് മതി.വളരെ സന്തോഷം.
ഇങ്ങനെ ഒരു ഗംഭീര പോസ്റ്റുമായി എത്തിയത് അതിലേറെ സന്തോഷം ഉണ്ടാക്കുന്നു.
ഈ സംഭവം കുട്ടിക്കാലത്ത് ഒരുപാട് കണ്ടിട്ടുള്ളത് കൊണ്ട് കറക്റ്റ് ആയി മനസ്സിലായി.
ഒരു സംഭവം പോലും വിടാതെ കൃത്യമായി പറഞ്ഞിരിക്കുന്നു. പഴയകാല നല്ല ഓര്മ ആയതിനാല്‍ ആവാം ഇത്രയും ഹൃദ്യമായി എഴുതിയത്.
സുല്ഫിക്കാ, ഈ ഓര്‍മ്മക്കുറിപ്പ് കലക്കി. വളരെ നന്നായി, ആശംസകള്‍.
കമ്പര്‍ : കുറെ കാലത്തിനു ശേഷമാണെങ്കിലും വന്നതില്‍ നന്ദി.
ReplyDeleteഅലി ഭായ് : ഇഷ്ടായെന്നറിഞ്ഞതില്‍ സന്തോഷം.
ഹനീഫ : ആശംസകള്‍ ഏറ്റു വാങ്ങിയിരിക്കുന്നു.
എച്മു ക്കുട്ടീ : അങ്ങിനെ ഓരോന്ന് പോരട്ടെ. ഓരോ നാട്ടിലും ഓരോ പേരുകളിലാണ് അറിയപ്പെടുന്നത്. അതൊക്കെ അറിയാനും കൂടെയാണീ പോസ്റ്റ്.
NPT : എന്നെ മറന്നെന്നു കരുതി. സന്തോഷായി.
ഹംസ : പോസ്റ്റിനെ വെല്ലുന്ന കമന്റുമായി എത്തിയല്ലോ. എന്റെ ഹബീബിന്റെ കമന്റ് കിട്ടിയാല്‍ പിന്നെ എനിക്കെന്തു വേണം.
ഹാപ്പി ബാച്ച്ലെര്സ് : അതാണ് ഞാന്‍. കുലുങ്ങനമെങ്കില്‍ ഇത്തിരി സമയമെടുക്കും. ആശംസകള്‍ക് നന്ദി.
പുരകെട്ട് ഓരോ ഓല (വാക്ക്) വെക്കുമ്പോഴും ഞാൻ ആസ്വദിച്ചു. ആദിവാസിയെ ഒപ്പമിരുത്തിയ ഉപ്പയുടെ മോന് എന്റെ സ്നേഹം. മലബാർ ഗ്രാമങ്ങളു ടെ തുടിപ്പ് കൃത്യമായി അറിയുന്നു സുൾഫിയുടെ പോസ്റ്റിൽ, വേണ്ടത്ര മലയാളത്തിൽ അതു ഉണ്ടായിട്ടില്ല. വള്ളുവനാടൻ, മധ്യകേരള ജീവിതങ്ങളോളം പരിചിതമല്ല അതിനാൽ മലപ്പുറം/ മലബാറ് മലയാളത്തിന്റെ മറ്റുഭാഗങ്ങളിൽ. ആ ഡയലക്റ്റും ഗ്രാമജീവിതവും ഇനിയും വരട്ടേ സുൾഫിയിൽ നിന്ന്!
ReplyDeleteഎല്ലാ ദിവസവും മട്ടനും ചിക്കനും കഴിച്ചാ ടേയ്സ്റ്റ് കിട്ടില്ല...വല്ലപ്പോഴും കഞ്ഞീം ചമ്മന്തീം കൂട്ടണം :-)
ReplyDeletei enjoyed with sulfi's purakettu kalyanam.....
ReplyDeleteactually I returned to my boyhood days....he depicts a real sketch of it....congratulations.....
കുറെ എഴുതിയല്ലോ എന്നാ ആദ്യം കരുതുയത്. വായിക്കാന്‍ വന്നപ്പോ നല്ല അവതരണം. ഇഷ്ട്ടായി കേട്ടോ. സുള്‍ഫി മാപ്പ്ല. നല്ല പേര്.
ReplyDeleteഞാന്‍ നേന, സിദ്ധീഖ് തൊഴിയൂരിന്‍റെ മോള്‍, ഉപ്പ തന്ന ലിങ്കാണ് ഇക്കാടെ , ഞാന്‍ ഒരു ബ്ലോഗ് തുടങ്ങി ചിപ്പി , ഒന്ന് വായിച്ചു നോക്കി അഭിപ്രായം പറയണേ...ഇക്കാടെ പുരക്കെട്ടു കഴിഞ്ഞല്ലോ അല്ലെ? മനസ്സിലാവുന്നില്ല ,മറ്റു കഥകള്‍ വായിക്കട്ടെ ,എന്നിട്ട് അഭിപ്രായം എഴുതാം .
ReplyDeleteഹൃദയസ്പര്‍ശിയായ എഴുത്ത്..ബാല്യകാല സ്മൃതികള്‍ മന്‍സ്സില്‍ എന്നും ഒരു നൊമ്പരമായി നിലനില്‍ക്കും..മറ്റുള്ളവരുമായി
ReplyDeleteപങ്കുവെക്കുമ്പോഴാണ് ആ കാലത്തിലേക്ക് വീണ്ടും എത്തിപ്പെടാനും സംതൃപ്തനാകാനും കഴിയുന്നത്..അഭിനന്ദനങ്ങള്‍..
ശ്രീമാഷേ : കുറെ ആയല്ലോ ഈ വഴിക്ക് വന്നിട്ട്. ഞാന്‍ അവിടെ എത്തിയില്ലെങ്കിലും ഇവിടെ വന്നല്ലോ സമാധാനമായി.
ReplyDeleteചാണ്ടീ : ഞാന്‍ തോറ്റു. അത് പോരെ.
ഷാജഹാന്‍ : നന്ദി മോനെ. ഇങ്ങോട്ടുള്ള വരവിനും അഭിപ്രായത്തിനും.
കൊലുസ് : ഉം. ഇനി ആ പേരിന്‍റെ മുകളില്‍ തൂങ്ങിക്കോ. എന്തായാലും മുഴുവനും വായിച്ചുവല്ലോ. സമാധാനം.
നേന : മോളുടെ ബ്ലോഗില്‍ ഞാന്‍ വന്നു ട്ടോ. കമന്റും ഇട്ടിടുണ്ട്.
മുനീര്‍ : ആദ്യായിട്ടാണല്ലോ ഇവിടെ. സന്തോഷം. ഇനിയും ഇതിലെ ഒക്കെ വരുമെന്ന് കരുതുന്നു.
ഞാന്‍ വിചാരിച്ചു ശരിക്കും കല്യാണത്തെക്കുറിച്ചാണ് പറയാന്‍ പോവുന്നേന്ന്..
ReplyDeleteഎന്തൊക്കെ അനുഭവങ്ങള്‍ ആണ്? മനസ്സു തുറന്ന ഈ എഴുത്തിനു അഭിനന്ദനം. സുള്‍ഫി എത്ര സത്യസന്ധമായിട്ടാണ് എഴുതുന്നത്? ആ നല്ല മനസ്സിന്റെ അടയാളം എഴുത്തില്‍ എനിക്ക് കാണാം.
പിന്നെ ഈ അബ്ര എന്താണ്?
വളരെ നന്നായി
ReplyDeleteഎല്ലായിടത്തും എന്ന പോലെ ഇവിടെയും ദിവാരേട്ടന്‍ താമസിച്ച് തന്നെ എത്തിയിരിക്കുന്നു. നാട്ടില്‍ പുര മേയല്‍ ഇത്ര ആഘോഷമായിട്ടാണോ നടത്താറ്? എന്തായാലും സംഭവം നേരില്‍ കണ്ട പോലെ തോന്നി. മനോഹരമായി എഴുതിയിരിക്കുന്നു.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteപറയാനുണ്ട്..വാക്കുകളിലൊതുങ്ങാത്തതെന്തൊ
ReplyDeleteഅതെങ്ങനെ ഞാന്‍ പറയും....
എങ്കിലും മനസ്സിലെവിടെയൊ ചെന്നുനില്‍ക്കുന്ന വാക്കുകള്‍.
വഷളന്‍ : സന്തോഷായി, കുറെ കഴിഞ്ഞെങ്കിലും എത്തിയല്ലോ. പിന്നെ അബ്ര എന്നത്, ദുബായ് നഗരത്തെ രണ്ടായി തിരിക്കുന്ന കടലിടുക്ക്. ദുബൈയുടെ ഏറ്റവും സുന്ദരമായ ഭാഗം ആനിവിടം. അതിനിടയില്‍ നടത്തുന്ന ബോട്ട് സര്‍വീസ്. അതാണ് അബ്ര. (ക്ഷമികണം, മനസിലാവുന്ന രീതിയില്‍ പറയാന്‍ വിട്ടു പോയി)
ReplyDeleteഫൈസല്‍ : നന്ദി
ദിവാരേട്ടാ : ഈ വരവില്‍ ഞാന്‍ സന്തോഷവാനായി ട്ടോ.
പാര്‍വതി : പിന്നെന്തേ മടി. മനസിലുടക്കി നില്‍ക്കുന്ന വാക്കുകളെ പുറത്തേക് സ്വതന്ത്രമാക്കി വിടൂ. സുന്ദരമായ വരികളായിരിക്കും അവ. കാത്തിരിക്കാം ഞങ്ങള്‍ ഇവിടെ.
പുരകെട്ടുന്നതോടൊപ്പം സാമൂഹ്യമായ ഗുണ ഗണങ്ങളും കേട്ടിമേഞ്ഞ ഗ്രാമീണമായ ഒരു കാലമുണ്ടായിരുന്നു നമുക്ക്!
ReplyDeleteസ്നേഹവും സൌഹാര്‍ദ്ദവും മതകീയമായ സാഹോദര്യവും പുഷ്പ്പിച്ചു നിന്ന കാലം. പഴമയുടെ ഓര്‍മകള്‍ പങ്കു വയ്ക്കുമ്പോള്‍ സുല്‍ഫി സൂചിപ്പിച്ചു വച്ച, കീഴ്ജാതിക്കാരനും ആദിവാസിയും അന്യ മതസ്ഥനുമായ "മൂത്തോറോ''നെ
അടുത്തിരുത്തി അന്നമൂട്ടിച്ച സ്വന്തം പിതാവിന്‍റെ മാനുഷിക ഹൃദയം വായനക്കാരനില്‍ വല്ലാത്ത സന്തോഷമുണ്ടാക്കുന്നതാണ്.
സുല്ഫീ, ee purakettu kalyaanatthinu ola vaangaan poyappol muthal theerunathu വരെ ഞാന്‍ ഉണ്ടായിരുന്നു .അന്ന് തന്നെ ഫോളോ cheythu kamantum ezhuthi ..ipol frand listtil ente mukham undu ,kamant kaanunnilla ..ezhuthiyennaanu orma ..പോട്ടെ..aashamsakal
ReplyDeleteഹൃദ്യമായ പോസ്റ്റ്,സുല്‍ഫി മാപ്ലേ!മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഈ ശൈലിയുണ്ടല്ലോ, അതിനഭിനന്ദനങ്ങള്‍.....
ReplyDeleteഎന്‍റെ പോസ്റ്റില്‍ വന്നു സുല്‍ഫി പറഞ്ഞ കമന്റ് വായിക്കുമ്പോള്‍ അറിയാം ,എത്ര സത്യസന്ധമായിട്ടാണ് എഴുതുന്നത്?ഈ പോസ്റ്റ് വായിച്ചപ്പോളും ,അത് തന്നെ ഇവിടെ പറയുന്നു .മനസ്സില്‍ തട്ടിയ പോസ്റ്റ് ..പുരകെട്ട് കല്യാണം ആദ്യമായി കേള്‍ക്കുന്നു ..
ReplyDelete''പുരകെട്ടു നിശ്ചയിച്ചാല്‍ ആദ്യം കുടുംബക്കാരെയും അയല്‍വാസികളെയും ക്ഷണിക്കുക എന്നൊരു ചടങ്ങുണ്ട്. തലേന്ന് തന്നെ അവര്‍ പലഹാരങ്ങളൊക്കെയായി വരും. ഒരു കല്യാണം പോലെ തന്നെ, ഇനി നമ്മളെങ്ങാനും ചെന്നു വിളിച്ചില്ലെങ്കിലോ അതും പരാതി ആയി, പിന്നെ നമ്മോടു മിണ്ടില്ല അവരുടെ പുരകെട്ടിന് നമ്മോടു പറയില്ല, ''
ഇവിടെ ബ്ലോഗ്
ചങ്ങാതിമാര്‍ അതുപോലെ അല്ലാട്ടോ .വിളിച്ചാലും ,വിളിച്ചില്ല എങ്കിലും എന്നും ചങ്ങാതിമാര്‍ ആയിരിക്കും ..ആയിരിക്കണം ..
കഴിഞ്ഞ കാലത്തിലേക്ക് ഒരു തിരിച്ചു പോക്ക്
ReplyDeleteപലതും ഒര്മയിലെത്തിച്ചു , അഭിനന്ദനങ്ങള്‍
ഓര്‍മകളുടെ മഞ്ഞു പെയ്യുന്നു
ReplyDeleteഗതകാലം സ്പന്ദിക്കുന്നു
ബാല്യത്തിന്‍റെ കുളിര്‍കാലം
കോച്ചുന്നു...
നന്നായി
ശ്ശി നീളം കൂടിയതൊഴിച്ചാല്‍!
നല്ല ഓര്‍മ്മകള്‍.ഞാനിപ്പളാ കാണുന്നത്.better late than never.എന്നല്ലേ.ഇനിയും വരാം.ആശംസകള്‍.എന്താ പുതിയ പോസ്റ്റ് ഇടാത്തത്?
ReplyDeleteഞാനിത് കുറെ മുമ്പ് വായിച്ചതാണല്ലോ..
ReplyDeleteഅഭിപ്രായവും പറഞ്ഞൂന്നാണ് ഓര്‍മ്മ,,പക്ഷെ കാണുന്നില്ലല്ലോ..സുല്‍ഫിയെ ഒരിടത്തും കാണാത്തത്കൊണ്ട് വന്നു നോക്കിയതാണ്,അപ്പോഴാണ് ഞാന്‍ കമന്‍റിട്ടിട്ടില്ലാ എന്നറിയുന്നത്..
ഞാന്‍ സാമാന്യം വലിയൊരു കമന്‍റ് ഇതിനെഴുതിയത് ഓര്‍ക്കുന്നുണ്ട്..
പക്ഷെ അതെവിടെ,,പബ്ലിഷ് ആകാതെ മുങ്ങിയോ..
മധുരിക്കും ഓര്‍മ്മകള്‍, ഇപ്പോള്‍ സ്ഥിതി ഒക്കെ മാറിയില്ലേ, EVERYTHING CHANGED
ReplyDeleteവായിക്കാന്‍ കുറേ സമയമെടുക്കും എന്ന് കരുതി ഞാന്‍ 2 ദിവസായി വായിക്കാണ്ടിരുന്നത് അബദ്ദമായിപ്പോയല്ലോ എന്റെ സൂപ്പി മാപ്പളേ...
ReplyDeleteകൊഴിക്കോടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ചീറിക്ക്ണ്...
സുല്ഫിക്കാ..... വായിച്ചു..... അനുഭവിച്ചു......
ReplyDeleteകണ്ണു നനഞ്ഞു..... ഭംഗിവാക്കല്ല.
പോയകാലത്തെ നമ്മുടെ അനുഭവങ്ങള്‍!
ഇന്ന് നമുക്ക് അതൊന്നും ഓര്‍ക്കാന്‍ സമയമില്ല. എല്ലാവരും 'പരിഷ്കാരികളായില്ലെ' ....
അന്നെല്ലാമെ നാട്ടിലും വീട്ടിലും നിറഞ്ഞുതുളുമ്പിയിരുന്ന സ്നേഹവും പാരസ്പര്യവും ഇന്നെവിടെ കിട്ടാന്‍?
ഇക്കയിതെല്ലാം ഓര്‍ത്തുവെക്കുന്നുണ്ടല്ലൊ....
നന്നായി എഴുതി...... എത്തിപ്പെടാന്‍ വൈകി... വീണ്ടും വരാം..............
എല്ലാ നന്മകളും നേരുന്നു
rafiq നടുവട്ടം. : ഒരു പാട് വൈകി എങ്കിലും, സന്തോഷം തോന്നി ഈ വരവില്‍. കൂടെ എന്റെ ഈ മറുപടി വൈകിയതില്‍ എല്ലാവരോടും ക്ഷമാപണം നടത്തുന്നു താനും
ReplyDeleteരമേശ് ഭായി : എന്ത് സംഭവിച്ചു എന്നറിയില്ല , സാരമില്ല, ഇപ്പോള്‍ കമന്റ് വന്നല്ലോ. എനിക്കും സന്തോഷായി.
കൃഷ്ണ കുമാര്‍ : ഈ വഴി വന്നതില്‍ എന്റെ പ്രത്യേക നന്ദി അറിയിക്കുന്നു.
സിയാ : " ചങ്ങാതിമാര്‍ അതുപോലെ അല്ലാട്ടോ .വിളിച്ചാലും ,വിളിച്ചില്ല എങ്കിലും എന്നും ചങ്ങാതിമാര്‍ ആയിരിക്കും ..ആയിരിക്കണം .." ഈ വരികള്‍ക്ക് എന്നും അതിന്റേതായ വില കല്‍പ്പിക്കുന്നു ഞാന്‍. കൂടെ എന്നും സിയയുടെ നല്ല കൂട്ടുകാരില്‍ ഒന്നായി ഞാന്‍ ഉണ്ടാവുമെന്ന് ഉറപ്പും തരുന്നു.
ismayil : നന്ദി.
മനാഫ് : നീളം ഒരുപാട് കുറച്ചു. ഇനിയും കുറച്ചാല്‍ പറയേണ്ടത് പറയാതെ പോകേണ്ടി വരുമോ എന്നാ സംശയം കാരണം ഇങ്ങിനെ ഒതുക്കി.
മുല്ല : നന്ദി, ഒടുവില്‍ ഇവിടെ എത്തി അല്ലെ. കഴിഞ്ഞ കുറെ ദിവസങ്ങളായി തിരക്കില്‍ ആയിരുന്നു. ഇനി സജീവമായി ഉണ്ടാവും. ഉടന്‍ പ്രതീക്ഷിക്കാം പുതിയ പോസ്റ്റ്.
പ്രവാസിനി : ആഹാ, ഇതിപ്പോള്‍ രണ്ടാമത്തെ പരാതിയാ. കമന്റ് മുങ്ങിയെന്ന്. എന്റെ ബ്ലോഗനാര്‍ കാവിലമ്മേ, ഈ കമന്റുകള്‍ മുക്കുന്ന സ്വഭാവത്തില്‍ നിന്നും ഗൂഗിള്‍ അമ്മച്ചിയെ കര കയറ്റി തരണേ.
അനീസ : ഓര്‍മ്മകള്‍ അതെന്നും മധുരിക്കുന്നതാവനം. എന്നാലെ അതിനെ ഓര്‍ക്കാന്‍ ഇഷ്ടാവൂ. തീര്‍ച്ചയായും, എല്ലാം മാറി. മാറിയല്ലേ തീരൂ.
Losing hero : ജ്ജ് കൊയിക്കൊട്ടുകരനാ ... ഉം. ആയ്ക്കോട്ടെ.
മുഹമ്മദ് കുഞ്ഞി : സന്തോഷം. ഈ വഴിയുള്ള വരവിനു. കാണാം.
വൈകിയാണ് വായിച്ചത്. പോസ്റ്റ് നന്നായിട്ടുണ്ട്. പഴമയുടെ നന്മകളും, നഷ്ടങ്ങളും വേദനയായി നിഴലിക്കുന്നു.. വീണ്ടും വരാം..:)
ReplyDeleteആശംസകള്‍ porichoottaaaa
ReplyDeleteവായിക്കാൻ സുഖമുള്ള പോസ്റ്റ് ... വളരെ നന്നായിരിക്കുന്നു...അഭിനന്ദനങ്ങൾ..!!!!
ReplyDeleteസൂപ്പി മാപ്ലേ.. നന്നായിരിക്കുന്നു.. എന്റെ ചെറുപ്പകാലത്തേക്ക് കൂട്ടികൊണ്ട് പോയ നിങ്ങളുടെ എഴുത്തിന് ഒരുപാട് നന്ദി..
ReplyDeleteഞങ്ങളുടെ ആ ഭാഗങ്ങളില്‍ തെങ്ങോലകളാണ് പുരമേയാന്‍ ഉപയോഗിക്കാറുള്ളത്. അന്നത്തെ പ്രധാനവിഭവം എന്നത് ശര്‍ക്കരയും, മൈസൂര്‍ പഴവും, തേങ്ങചിരകിയതും, ചെറിയ ഉള്ളിയും കൂടിയുള്ള വെള്ളമാണ്. പുരമേയല്‍ കഴിഞ്ഞാലുള്ള ഒരു സുഭിക്ഷമായ സദ്യയും. അതുപോലെ ഓല പുരപ്പുറത്ത് കെട്ടാന്‍ ഉപയോഗിക്കുന്നത് പച്ചഓല വെട്ടി തീ കത്തിച്ചു അതില്‍ വാട്ടി എടുക്കും എന്നിട്ട് വളരെ ഭംഗിയായി ഓരോ ഇതളുകളും മുറിചെടുക്കും. അത് കാണാനും നല്ല ഭംഗിയാ.. ഇനിയും പറഞ്ഞാല്‍ എന്റെ കമന്റും ഒരു ബ്ലോഗ് പോസ്റ്റ് ആയി മാറും..
:) നിറുത്തട്ടെ.......
ഇപ്പോള്‍ ഒന്നുകൂടി വായിച്ചു. വായിച്ചു കഴിഞ്ഞപ്പോള്‍ നല്ല സുഖം.
ReplyDelete